✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼
*സകരിയ സ്വലാഹി: മുജാഹിദ് അടിത്തറ ചോദ്യം ചെയ്ത നേതാവ്*
സുന്നികള്‍ ബഹുദൈവവിശ്വാസികള്‍ ആണെന്ന മുജാഹിദ് ആരോപണത്തിന്റെ സൈദ്ധാന്തികമായ അടിത്തറ ചോദ്യംചെയ്ത വ്യക്തിയായിരുന്നു ഇന്നലെ വാഹനാപകടത്തില്‍ മരണപ്പെട്ട കെ.കെ സകരിയ സ്വലാഹി. മരണത്തോടെ ഈ ലോകത്ത് മനുഷ്യന് എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്നാണ് മുജാഹിദ് വിശ്വാസം. സാധാരണക്കാരന്‍, അസാധാരണക്കാരന്‍ എന്ന വ്യത്യാസമൊന്നും ഇതിലില്ല.
മരണാനന്തരം മനുഷ്യന് പുതിയൊരു ജീവിതമുണ്ടെന്നും മഹാത്മാക്കള്‍ താന്‍ വിടപറഞ്ഞ ഭൗതിക ജീവിതത്തെ കുറിച്ച് ചിന്തിക്കുമെന്നും ചില കാര്യങ്ങളില്‍ ഇടപെടുമെന്നും അഹ്‌ലുസുന്ന വിശ്വസിക്കുന്നു. അന്താക്കിയ ഗ്രാമവാസികളിലെ ഇസ്‌ലാമിക പ്രബോധകനായ ഹബീബുന്നജ്ജാര്‍ കൊലചെയ്യപ്പെട്ട സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നു; അദ്ദേഹത്തോട് പറയപ്പെട്ടു: സ്വര്‍ഗത്തില്‍ പ്രവേശിക്കുക, അദ്ദേഹം പറഞ്ഞു: എന്റെ നാഥന്‍ പാപങ്ങള്‍ പൊറുത്തുതരികയും എന്നെ ആദരണീയരില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കാര്യം എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (യാസീന്‍ 26)ഹബീബുന്നജ്ജാര്‍ വധിക്കപ്പെട്ട ഉടനെ ചിന്തിക്കുന്നത് തന്റെ നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും ആണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഭൗതിക കാര്യങ്ങളില്‍ ഇടപെട്ട നിരവധി സംഭവങ്ങള്‍ സച്ചരിതരായ മുന്‍ഗാമികളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മറഞ്ഞ വഴിക്ക് ഇടപെടാനും ഉപകാരം ചെയ്യാനും അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന തികച്ചും അബദ്ധ പൂര്‍ണമായ സിദ്ധാന്തം സുന്നികളെ അവിശ്വാസികളാക്കാന്‍ മുജാഹിദ് ആവിഷ്‌കരിച്ചു. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന വചനത്തിന് അവര്‍ ഇപ്രകാരം കെട്ടിച്ചമച്ച ഒരു അര്‍ഥ കല്‍പന നല്‍കി. ‘മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവര്‍ 'അല്ലാഹു മാത്രം’. മുജാഹിദ് സ്ഥാപനങ്ങളില്‍ മാത്രം പഠിച്ചു വളര്‍ന്ന സകരിയ സ്വലാഹി കൂടുതല്‍ പഠിച്ചപ്പോള്‍ ഇത് ചോദ്യം ചെയ്തു. ‘മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ എന്ന വാദം പൊട്ടപ്പോയത്തമാണ്’ എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. ജിന്നുകള്‍ മറഞ്ഞ വഴിക്ക് ഇടപെടും, പിശാചുക്കള്‍ മറഞ്ഞ വഴിക്ക് ഇടപെടും, മലക്കുകള്‍ മറഞ്ഞ വഴിക്ക് ഇടപെടും. ‘വിജനമായ സ്ഥലത്ത്‌വച്ച് നിസ്സഹായനായ ഒരാള്‍ അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കൂ എന്ന് വിളിച്ച് 'സഹായം തേടിയാല്‍ അത് ശിര്‍ക്കാണെന്ന് പറഞ്ഞു നരകത്തില്‍ പോകാന്‍ ഞാന്‍ ഇല്ല. അത് ശിര്‍ക്കല്ല, പ്രാര്‍ഥനയല്ല”
സകരിയ സ്വലാഹിയുടെ വസ്തുതാപരമായ ഈ വെളിപ്പെടുത്തല്‍ മുജാഹിദ് പ്രസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. മുജാഹിദ് പിളര്‍പ്പിലെ ആശയപരമായ അടിത്തറ ഇതായിരുന്നു. രണ്ട് മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നായെങ്കിലും ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകാതെ ഇന്നും ഏറ്റുമുട്ടല്‍ തുടരുന്നു. സുന്നികളെ ബഹുദൈവ വിശ്വാസികളാക്കാനുള്ള ഈ സിദ്ധാന്തം ചോദ്യം ചെയ്ത സകരിയ സ്വലാഹിയെ സംഘടനയില്‍നിന്ന്പുറത്താക്കിയെങ്കിലും അദ്ദേഹം ഉയര്‍ത്തിയ ചോദ്യം ഉത്തരം കിട്ടാതെ മുജാഹിദുകള്‍ക്ക് മുന്നില്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു.
വിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും സ്വഹാബികളുടെ കാലഘട്ടത്തില്‍ സംഘടിതമായി നടത്തി വന്ന തറാവീഹ് നിസ്‌കാരം 14 നൂറ്റാണ്ട് കാലമായി ഇന്നും നിലനിന്നുപോരുന്നു.
അന്നും ഇന്നും തറാവീഹിലെ റക്അത്തുകളുടെ എണ്ണം 20 തന്നെ. ഇത് അനാചാരമാണെന്ന മുജാഹിദ് വാദത്തെ സ്വലാഹി പച്ചയായി ചോദ്യം ചെയ്തു. തറാവീഹ് 20 റക്അത്ത് നിസ്‌കരിക്കല്‍ ബിദ്അത്താണെന്ന വാദം തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു എന്നും ഈ വിഷയത്തില്‍ താന്‍ നേരത്തെ എഴുതിയ പുസ്തകവും പ്രസംഗിച്ച സിഡികളും പിന്‍വലിക്കുന്നു എന്നും പരസ്യമായി പ്രഖ്യാപിക്കാന്‍ സക്കരിയ സ്വലാഹിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് ബീജവാപം നല്‍കാന്‍ കാരണക്കാരായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദ എന്നിവര്‍ ബ്രിട്ടീഷുകാരുടെ ചാരന്മാര്‍ ആയിരുന്നു എന്ന സത്യം വെട്ടിത്തുറന്നു പറയാന്‍ ആദ്യം ആര്‍ജവം കാണിച്ചത് സ്വലാഹിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ‘അല്‍ഇസ്‌ലാഹ്’ മാസികയായിരുന്നു. പിന്നീട് ഈ സത്യം ഔദ്യോഗിക വിഭാഗം മുജാഹിദുകള്‍ അവരുടെ ‘വിചിന്തനം’ വാരികയിലും എഴുതി. സകരിയ സ്വലാഹിയുടെ നിര്യാണം മുജാഹിദ് പ്രസ്ഥാനത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന് വേഗത കുറക്കുമോ എന്ന് ന്യായമായും സംശയിക്കുന്നു.
*SIM-DA'WA-CENTRE. TIRURANGADl*
✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼✍🏼
No comments:
Post a Comment