Saturday, September 22, 2018

തൗഹീദ് മുജാഹിദിന്റെ ഗതി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മുജാഹിദ് തൗഹീദ്: ഏച്ചുകെട്ടിയത് മുഴച്ചിരിക്കും● ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി 0 COMMENTS
thouheed of mujahud
ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് തൗഹീദ് അഥവാ ദൈവിക ഏകത്വം. സത്ത(ദാത്ത്)യിലും വിശേഷണങ്ങളിലും (സ്വിഫത്ത്) പ്രവർത്തനങ്ങളിലും (അഫ്ആൽ) അല്ലാഹു ഏകനാണെന്ന ദൃഢബോധമെന്ന് ഇതിനെ സാമാന്യമായി വിശദീകരിക്കാം. എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഏറ്റവും കാതലായ കാര്യം ഇതായിരുന്നു. ഖുർആൻ പറഞ്ഞു: ദൃഢമായി അറിഞ്ഞുൾകൊള്ളുക – അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല (മുഹമ്മദ് 11).

പ്രവാചകർ(സ്വ)യുടെ ദഅ്‌വത്തോടെ പൂർത്തിയായ ഇസ്‌ലാമിൽ പിൽകാലത്ത് വ്യത്യസ്ത വിഭാഗങ്ങൾ രൂപംകൊള്ളുമെന്ന് അവിടുന്ന് നമ്മെ ഉണർത്തിയിട്ടുണ്ട്. ഈ പ്രവചനം സമ്പൂർണമായും പുലർന്നതിനു കാലം സാക്ഷി. ഖവാരിജ്, ശീഅത്ത്, മുഅ്തസില പോലുള്ള നിരവധി കക്ഷികൾ പിന്നീടുണ്ടായി. ഇവരുടെ ആദർശങ്ങൾ നേർക്കുനേരായും വെട്ടിയും തിരുത്തിയും പാകപ്പെടുത്തി എടുത്തും അവതരിപ്പിക്കുന്ന ഉപവിഭാഗങ്ങളുമുണ്ടായി. പരിശുദ്ധ ഇസ്‌ലാമിനെ സ്വബുദ്ധിയെന്ന പരിമിത പ്രദേശത്ത് തളച്ചിടാൻ ശ്രമിച്ചതായിരുന്നു സർവ വിഘടന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന പ്രശ്‌നം. അങ്ങനെ എന്തും ദുർവ്യാഖ്യാനിക്കാൻ അവർ ധൃഷ്ടരായി. തങ്ങൾ സൃഷ്ടിച്ച വിതണ്ഡവാദങ്ങളുടെ ഓരം ചേരാത്ത പ്രമാണ വൈവിധ്യങ്ങൾ മുഴുക്കെയും നിഷേധിച്ചു തള്ളേണ്ടിയും വന്നു. ലോകം ആദരിക്കുന്ന, വിശുദ്ധ ഖുർആനിനുശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള സ്വഹീഹുൽ ബുഖാരിപോലും അവഗണിക്കാനും ദുർബലപ്പെടുത്താനും ഇവർ നിർബന്ധിതരായത് കേരളത്തിൽ നാം കണ്ടതാണല്ലോ. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആസ്ഥാന ബുദ്ധിജീവികളിലൊരാൾ സ്വഹീഹുൽ ബുഖാരി വലിച്ചെറിയാനുള്ള ആവേശത്തള്ളിച്ചയിൽ ഇമാം ബുഖാരിയല്ല, മൂപ്പരുടെ വാപ്പ പറഞ്ഞാലും ഞങ്ങൾ സ്വീകരിക്കില്ലെന്ന് നിർലജ്ജ്യം പ്രഖ്യാപിച്ചത് ദീനീ സ്‌നേഹികളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. മതക്കച്ചവടത്തിനു കോപ്പുകൂട്ടുന്നതിനിടയിൽ പ്രമാണ നിഷേധങ്ങളിലെ പരമാബദ്ധങ്ങൾ തിരിച്ചറിയാൻ ഇവർക്കൊന്നുമായതുമില്ല.



എന്തായിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം? മലബാർ സമരത്തിൽ പങ്കെടുക്കാതെ പർദയിട്ട് കൊടുങ്ങല്ലൂരിലെ സമ്പന്ന ഗൃഹങ്ങളിലേക്ക് ഒളിച്ചോടിയ ഏതാനും മൗലവിമാർ, അവിടെവെച്ച് ഒരു പുതിയ ഇസ്‌ലാമിനെ പരിചയപ്പെടുന്നു. മതയുക്തിവാദികളിൽ പ്രസിദ്ധനായ ഈജിപ്തുകാരൻ റശീദ് രിളയുടെ വാചാേടാപങ്ങളായിരുന്നു അത്. നേരത്തെ സൂചിപ്പിച്ചതുപോലെ, തന്റെ ബുദ്ധിയിൽ തെളിയുന്നത് മാത്രമാണ് മതമെന്ന കിറുക്കൻ ആദർശത്തിന്റെ വക്താവായിരുന്നു ഈ മനുഷ്യൻ. അങ്ങനെ മുമ്പൊരു നേതാവും പണ്ഡിതനും പരിചയപ്പെടാത്ത ഒരു വികൃതമതത്തെ അയാൾ ഊഹിച്ചുണ്ടാക്കി. അതിന്റെ അളവുകോലിലൂടെ മുസ്‌ലിം ലോകത്തെ വീക്ഷിച്ചപ്പോൾ അവരെല്ലാം തൗഹീദിൽ നിന്ന് പുറത്തുകടന്ന തനി ശിർക്കുകാരാണെന്ന് റശീദുരിളക്ക് തോന്നി. മതവിരുദ്ധരിൽ പ്രധാനികളായ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു പോലുള്ളവരും ഇതേ ആദർശമാണ് വെച്ചുപുലർത്തിയത്. ഈ അസുഖം കലശലായ രീതിയിൽ ഒളിച്ചോട്ടക്കാരെയും ബാധിച്ചു. പുതിയ മതത്തിൽ സായൂജ്യം തേടി അവർ സുഖജീവിതം നയിച്ചു. അനുയായികൾ വിശദീകരിക്കുന്നതിങ്ങനെ:

‘ഈജിപ്തിലെ നവോത്ഥാന സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, റശീദ് റിദ തുടങ്ങിയവരുടെ ചിന്തകൾ കേരളത്തിലെ നവോത്ഥാന നായകരെ ശക്തമായി സ്വാധീനിച്ചിരുന്നു. ആധുനിക മുസ്‌ലിം നവജാഗരണത്തിന്റെ സ്രോതസ്സായ സലഫീ ചിന്താധാരയുടെ വിധാതാവായി മുജാഹിദ് സാരഥികൾ ജമാലുദ്ദീൻ അഫ്ഗാനിയെ പരിചയപ്പെടുത്തുന്നു’ (അത്തൗഹീദ്, ജൂൺ, ജൂലൈ 2009 പേജ് 15).



ഇവരുടെ പൊതുവായ ഒരു കുഴപ്പം തങ്ങൾക്ക് പറ്റാത്ത പ്രമാണങ്ങളെ അവഗണിക്കുന്നതായിരുന്നു. അങ്ങനെയാണ് ജിന്ന്, ശൈത്വാൻ, സിഹ്‌റ്, കണ്ണേറ്, ബറകത്ത് പോലുള്ള കാര്യങ്ങളിലെല്ലാം പൊതു മുസ്‌ലിം ധാരയോട് ഇവർ സംഘട്ടനത്തിലേർപ്പെട്ടത്. ഒളിച്ചോട്ട കാലത്ത് റശീദ് രിളയുടെ അൽമനാർ വായിച്ച് പുതിയ മതം നിർമിച്ചതാകയാൽ കേരള മുജാഹിദുകൾ കാലങ്ങളോളം ജിന്ന് ബാധ, സിഹ്‌റ് ഏൽക്കൽ, കണ്ണേറ് കൊണ്ട് പ്രയാസങ്ങളുണ്ടാകൽ തുടങ്ങിയവയെല്ലാം നിഷേധിച്ചുവന്നു. വെറും നിഷേധമല്ല; ഇത്യാദി വല്ലതും സംഭവിക്കുമെന്ന് കരുതിയാൽ അവർ മുശ്‌രിക്കാവുമെന്നുതന്നെ മുജാഹിദുകൾ തീരുമാനിച്ചു. അതും അബൂ ജഹ്‌ലിനെക്കാൾ കടുകട്ടി മുശ്‌രിക്ക്!

റശീദു രിള കണ്ടുപിടിച്ച തൗഹീദ് അനുസരിച്ച് തൊട്ടതും കണ്ടതുമൊക്കെയും ശിർക്കാക്കുന്ന ഒരു പ്രവണതയാണ് മുജാഹിദ് പ്രസ്ഥാനം അനുവർത്തിച്ചത്. എന്തുകൊണ്ടെന്നാൽ, മനുഷ്യ കഴിവിൽ പെടാത്ത ഏതു സഹായവും ഉപദ്രവവും അല്ലാഹു അല്ലാത്തവരിൽനിന്ന് ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതാണ് ഇവർ പഠിപ്പിച്ച ശിർക്ക്. അതോടൊപ്പം മറഞ്ഞവഴിയിലൂടെ ഏതെങ്കിലും സഹായവും ഉപദ്രവവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതും. സിഹ്‌റിലും കണ്ണേറിലുമൊക്കെ ഈ പ്രശ്‌നമുണ്ട്. മറഞ്ഞ രീതിയിലാണല്ലോ അവയുടെ പ്രതിഫലനം. അതുകൊണ്ട് അവയൊക്കെയും ബഹുദൈവാരാധനയാണെന്ന് ഇവർക്ക് പഠിപ്പിക്കേണ്ടി വന്നു. മതപ്രമാണങ്ങളായിരുന്നില്ല ഇതിന്റെയൊന്നും തെളിവുകൾ; പ്രത്യുത റശീദ് റിളയുടെയും മറ്റും പകൽകിനാവുകളായിരുന്നു. ശാസ്ത്രീയമായി സമർത്ഥിക്കാനാകുന്നിടത്തുമാത്രമാണ് ഇവർക്ക് മതം പ്രമാണമായുള്ളൂ. അവർതന്നെ എഴുതി:



‘റശീദ് റിദായുടെ ആശയദാർശങ്ങൾ പരിശോധിച്ചാൽ മനുഷ്യബുദ്ധിക്കും ചിന്തക്കും അത് ഉന്നതമായ സ്ഥാനം നൽകുന്നുവെന്ന് കാണാം. മനുഷ്യൻ തന്റെ ചിന്തയും ബുദ്ധിയും ഉപയോഗിച്ചുകണ്ടെത്തിയ വസ്തുതകൾ ഖണ്ഡിത രേഖകളായി അദ്ദേഹം വിലയിരുത്തി. ബുദ്ധിക്കും ചിന്തക്കും വിരുദ്ധമായ പരാമർശങ്ങളുള്ള ആഹാദായ ഹദീസുകൾ അദ്ദേഹം തിരസ്‌കരിച്ചു.’ (അത്തൗഹീദ്)

അതിനിടെ നേതാക്കൾക്ക് ഗൾഫ് ബന്ധമുണ്ടായി. ദഅ്‌വയുടെ പേരുപറഞ്ഞ് പണമൊഴുക്കുകയുണ്ടായി. അവിടെയുള്ള പണ്ഡിതരെയും വിശ്വാസങ്ങളെയും പരിചയപ്പെടുകയും ചെയ്തു. അതൊരു വലിയ പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. റശീദ് റിളയിൽനിന്ന് ആവാഹിച്ച യുക്തിവാദ ഇസ്‌ലാമിൽ ശിർക്കായ ഒട്ടുമിക്ക കാര്യങ്ങളും ഗൾഫ് തൗഹീദിൽ അനുവദനീയമാണ്; പലതും പുണ്യം കർമം തന്നെയാണ്. അവർ തൗഹീദിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയ നിരവധി ആശയങ്ങൾ കടുകട്ടി ശിർക്കുമാണ്. ഇവ അതുവരെ പ്രചരിപ്പിച്ചതനുസരിച്ച് തൊട്ടു നോക്കാൻപോലുമാകാത്ത അപരാധങ്ങളായിരിക്കെതന്നെ ഗൾഫ് പണവും പള്ളികളും സമ്മേളനങ്ങളിലെ അറബി സാന്നിധ്യവുമൊക്കെ നിലനിർത്താൻ ഇതൊക്കെ വേണംതാനും! കേരള മുജാഹിദുകൾക്ക് ഗൾഫിലെ തൗഹീദും ശിർക്കും തള്ളാനും എന്നാൽ കൊള്ളാനും കഴിയാത്ത ആത്മവഞ്ചനയുടെ കാലമായിരുന്നു പിന്നീട്. പഠനം പുരോഗമിക്കുന്നതനുസരിച്ച് ജിന്ന് കേറലും അടിച്ചിറക്കൽ ചികിത്സയും അതിനൊക്കെയുള്ള വ്യവസ്ഥാപിത സംവിധാനങ്ങളും സ്ഥാപനങ്ങളും കേരള മുജാഹിദുകൾ വ്യാപകമായാരംഭിച്ചു. കണ്ണേറു ബാധകൊണ്ട് രോഗമുണ്ടാവുമെന്നുമാത്രമല്ല; അതിനുള്ള ഔഷധത്തിന്റെ പേറ്റന്റു നേടാനും ഈ നവോത്ഥാനക്കാർക്കായി. കണ്ണേറിന് അത് നടത്തിയവന്റെ അടിവസ്ത്രം കഴുകി വെള്ളം കുടിക്കലായിരുന്നു ഇവർ ഗവേഷണം ചെയ്തുകണ്ടെത്തിയ പരിഹാരം! പാരമ്പര്യയുക്തിവാദവിഭാഗവും ആധുനിക ഗൾഫുവാദി വിഭാഗവും തമ്മിൽ രഹസ്യ ഉരസലുകൾ പിന്നീട് പരസ്യമായ വെല്ലുവിളികളിലേക്കും കയ്യേറ്റങ്ങളിലേക്കും പള്ളിപിടിക്കലിലേക്കുമൊക്കെയെത്തിച്ചേരാൻ ഈ സംഘർഷം കാരണമായി. അങ്ങനെയാണ് 2002-ൽ രണ്ടു വിഭാഗമായി ബിദ്അത്തുകൾ നെടുകെ പിളർന്നത്. ഒന്ന് ഗൾഫ് പക്ഷവാദികളായ ഔദ്യോഗിക മൗലവി വിഭാഗം, രണ്ട്, പഴയ യുക്തിവാദികളായ മടവൂർ വിഭാഗം.



വിഭാഗീയതയുടെ ആദ്യകാലത്ത് ജിന്ന്, ശൈത്വാൻ, സിഹ്‌റ് പോലുള്ളവയിൽ അലസ സമീപനം വെച്ചുപുലർത്തുകയാണ് മൗലവിമാർ ചെയ്തത്. ഗൾഫുപണ്ഡിതർ ചെയ്യുന്ന ജിന്ന് അടിച്ചിറക്കലും മന്ത്രിക്കലും ഈ സാഹചര്യത്തിൽ അവർ അംഗീകരിച്ചു. മടവൂരുകാർ നവയാഥാസ്ഥിതികർ എന്ന് മൗലവി വിഭാഗത്തെ ആക്ഷേപിച്ചതുപോലും ഈ കാരണത്താലായിരുന്നു. എന്നാൽ ജിന്നും ശൈത്വാനും കയറലും ഇറക്കലുമൊക്കെ മാത്രമായി നവോത്ഥാനം കാടുപിടിച്ചപ്പോൾ, പിന്നെയും പിന്നെയും സ്വതന്ത്ര ഇജ്തിഹാദ് ചുഴലിക്കാറ്റായപ്പോൾ ജിന്നും ശൈത്വാനുമൊക്കെയായി ഈ വിഭാഗത്തിലെ പ്രധാന ചർച്ച. വാഹനമോടിച്ചാൽ ജിന്നിനു പരിക്കേൽക്കുന്നതും ചൂടുവെള്ളം ജിന്നുകളെ ഓടിച്ചുവിടാതെ ഒഴിവാക്കിയാൽ അവർക്ക് പൊള്ളലേൽക്കുന്നതുമൊക്കെ എത്രക്ലാസുകളിലും പ്രസംഗങ്ങളിലുമാണ് മുഖ്യചർച്ചയായി അവതരിപ്പിക്കപ്പെട്ടത്. ജിന്നുകളോട് സഹായം തേടുന്നത് തെറ്റല്ലെന്ന സിദ്ധാന്തവുമുണ്ടായി. അതുവരെയും ശിർക്ക് – തൗഹീദിന്റെ പ്രധാന മാനദണ്ഡമായി ഇവർ പഠിപ്പിച്ചിരുന്ന മനുഷ്യ കഴിവ് സൃഷ്ടികളുടെ കഴിവ് എന്നവിധം വലിച്ചുനീട്ടുകയുണ്ടായി. അങ്ങനെവരുമ്പോൾ, ജിന്നുകളുടെ കഴിവിൽപെട്ടകാര്യങ്ങൾ അവരോട് ചോദിക്കാമെന്ന് കണ്ടുപിടിക്കുകയും അതുവരെ ശിർക്കായ ഇസ്തിഗാസയുടെ അർധഭാഗം തൗഹീദാവുകയും ചെയ്തു! ഇത് മടവൂർവിഭാഗം വേണ്ടവിധം ഉപയോഗപ്പെടുത്തിയപ്പോൾ മൗലവിഗ്രൂപ്പിൽ നിൽക്കക്കള്ളിയില്ലാതെ പിന്നെയും പൊട്ടിത്തെറിയുണ്ടായി. ഇതിന്റെ ഫലമായി 2007-ൽ യുവസിംഹങ്ങളുടെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പ് രംഗത്തുവന്നു.

ഇതൊക്കെയും ഏതെങ്കിലും ശാഖാപരമായ കർമപ്രശ്‌നങ്ങളിലുള്ള ഭിന്നതയായിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. തൗഹീദിന്റെയും ശിർക്കിന്റെയും കാര്യത്തിലുള്ള തികച്ചും മൗലികമായ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. ഓരോ ഗ്രൂപ്പിന്റെയും വിശ്വാസപ്രകാരം മറ്റുഗ്രൂപ്പുകൾ കൊടിയ മുശ്‌രിക്കുകളും കാഫിറുകളുമാകുന്ന വൻ ദുരന്തം. യുവതുർക്കികളായ ജിന്നൂരികൾ വിസ്ഡം മുജാഹിദും സക്കരിയാക്കളുമായി വീണ്ടും ചിതറി. അൽ ഇസ്വ്‌ലാഹുമായി സക്കരിയ സ്വലാഹിയുടെ ഗ്രൂപ്പ് പോയപ്പോൾ നേർപഥം പുറത്തിറക്കാൻ വിസ്ഡം ജിന്നുകാർ നിർബന്ധിതരായി. കേരള മുസ്‌ലിംകളെ മൊത്തം മാമോദീസ മുക്കാൻ കൊട്ടും കുരവയുമായി വന്നവർ പൂരം കഴിഞ്ഞ പറമ്പുപോലെ! അവരുടെ തൗഹീദ് ശരിക്കുമൊരു പാമ്പും കോണിയും കളി!! അബ്ദുറഹ്മാൻ ഇരിവേറ്റി, സുബൈർ ചുങ്കത്തറ പോലുള്ളവരുടെ ഉപഗ്രൂപ്പുകളും വിശ്വാസങ്ങളും മാറ്റിവെച്ച് ചിന്തിച്ചാൽ തന്നെ സ്വന്തം അസ്ഥാനവും പ്രസിദ്ധീകരണങ്ങളും ക്യാമ്പയിനുകളുമുള്ള നാല് ഗ്രൂപ്പുകൾ നവോത്ഥാന ഭീകരന്മാർക്കിടയിൽ പ്രവർത്തിച്ചുതുടങ്ങി. പിന്നെ തെരുവുകൾ കീഴടക്കിയുള്ള എഴുന്നള്ളെത്തുകളായിരുന്നു. എറണാകുളത്തും തിരിച്ചടിച്ച് വയനാട്ടിലും സംസ്ഥാന സമ്മേളനങ്ങൾ നടന്നു. കോഴിക്കോട് അഴിഞ്ഞിലം സമ്മേളനത്തിൽ ജിന്നൂരികളെ അടിച്ചൊതുക്കി. കേരളത്തിലുടനീളം മുജാഹിദുകളായി രണ്ടാളുകളുള്ളിടത്തെല്ലാം തർക്കങ്ങളും സ്ഥാപനം പിടിച്ചുപറിയും അരങ്ങേറി. രണ്ട് പ്രധാന ഗ്രൂപ്പുകൾ (കെ.എൻ.എം, മടവൂർ) പ്രതീക്ഷിക്കാത്ത ഒരന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടുവരുന്നതാണ് പിന്നീട് നാം കണ്ടത്. അഥവാ, കെ.എൻ.എം. വിഭാഗത്തിന്റെ നല്ലൊരു ശതമാനം അണികളും പ്രഭാഷകരും എഴുത്തുകാരുമൊക്കെ ജിന്നു വിഭാഗത്തിലെത്തിയതായിരുന്നു അത്. പിടിച്ചു നിൽക്കാൻ പഴുതുതേടിക്കൊണ്ടിരിക്കുന്ന രണ്ടു ടീമിനും ഇടിത്തീയായി ആഗോള ഭീകരസംഘടനകളിലേക്ക് ആടുമേക്കാനും യുദ്ധം ചെയ്യാനുമൊക്കെയായി അനുയായികൾ ഹിജ്‌റ പോയ വിവാദവുമുണ്ടായി. ഇസ്‌ലാമിന്റെ പേരിലുള്ള എല്ലാ ഭീകരന്മാരും സലഫി ആദർശധാരയിലുള്ളവരാണെന്ന് ലോകം മനസ്സിലാക്കുകയും കേരള മുജാഹിദുകൾ തികച്ചും പ്രതിരോധത്തിലാവുകയും ചെയ്ത സന്ദർഭമായിരുന്നു ഇത്. അതോടൊപ്പം, അവിശുദ്ധ ജന്മം മുതൽ വഹാബിസത്തെ സംരക്ഷിച്ചുനിർത്തിയ മുസ്‌ലിം ലീഗിനു പലകാരണങ്ങളാൽ വളർച്ച മുരടിക്കുകയുണ്ടായി. മുജാഹിദുകൾ ഐക്യത്തിലാവേണ്ടത് ലീഗിന്റെ വലിയ ആവശ്യവുമാവുന്നതങ്ങനെയാണ്. കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. ബഷീർ, പോലുള്ളവർ മുജാഹിദ് ഐക്യത്തിനായി ഊണും ഉരക്കവും ഒഴിച്ച് ഓടിനടന്നു. സൂചിപ്പിച്ചതും അല്ലാത്തതുമായ പലകാരണങ്ങളാൽ 2016 ഡിസംബറിൽ വിരുദ്ധ ശിർക്കുകളും തൗഹീദുകളും വ്യത്യസ്ത ദൈവവിശ്വാസവും നിഷേധവും ഈജിപ്ത് ധാരയും സലഫി രീതിയും മുൻപിൽ നോക്കാതെ ഐക്യപ്പെട്ടു.



ആർക്കോ വേണ്ടി ഉള്ളറിയാതെ ഒരു കൃത്രിമ സംബന്ധമായിരുന്നു ഇത്. വൃഷ്ണവീക്കംകൊണ്ട് പൊറുതിമുട്ടിയ യുവാവിന്റെയും തടിച്ചുവീർത്ത മന്തുരോഗമുള്ള യുവതിയുടെയും കല്യാണ നിശ്ചയത്തിൽ ബ്രോക്കർപറഞ്ഞ പഴയ പ്രയോഗമുണ്ടല്ലോ – മന്ത് കൊണ്ട് അങ്ങോട്ടും പാനികൊണ്ട് ഇങ്ങോട്ടും ഒന്നും പറയണ്ട; സംഗതി നടത്താം – അപ്രകാരമൊരു ഐക്യ നാടകം. ശിർക്ക്, തൗഹീദ്, മന്ത്രം, ആത്മീയ ചികിത്സ, സിഹ്‌റ്, കണ്ണേറ്, തബർറുക്, ജിന്ന് കയറൽ, ഇറക്കൽ ഒന്നും ചർച്ച ചെയ്യേണ്ടതില്ല. ഐക്യത്തിനുവേണ്ടി മാത്രം ഐക്യമാവാം. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നതിൽ ആർക്കാണ് തർക്കം? ഐക്യമുജാഹിദിൽ പുനിർഭിന്നത ഇപ്പോൾ കേട്ടുതുടങ്ങിയിരിക്കുന്നു. അവർ ഇനിയും ഭിന്നിക്കാം; ഐക്യപ്പെടാം. അല്ലെങ്കിൽ ഏതായാലും ഐക്യപ്പെരുന്നാൾ കഴിച്ച സ്ഥിതിക്ക് ഇനി ഭിന്നിക്കുന്നതിലെ മാനഹാനി ഓർത്ത് എല്ലാം സഹിച്ച് വീണും ഉരുണ്ടും മനസ്സാക്ഷിക്കുത്തോടെ മുന്നോട്ടുപോകാം. പുറത്താക്കിയ ഉമർ സുല്ലമിയെയും മറ്റും തിരിച്ചെടുക്കുകയുമാകാം.

അതുമല്ലെങ്കിൽ അവരവരുടെ ആദർശത്തിൽ ആത്മാർത്ഥതയുള്ളവർ ഭൗതിക ഛേദങ്ങൾ അവഗണിച്ച് മറ്റൊരു ഗ്രൂപ്പായി പ്രവർത്തിക്കാം. പരമാവധിയുള്ള സാധ്യത പറഞ്ഞാൽ മൗലവി, മടവൂർ ഗ്രൂപ്പുകൾക്കൊപ്പം ഐക്യജീവിതത്തിന് ജിന്ന് വിഭാഗവും സഹകരിച്ചേക്കാം. അറബിക്കടലിലൂടെ എത്രമാലിന്യങ്ങൾ ഒഴുകിപ്പോകുന്നുവെന്നതിനപ്പുറം ഇസ്‌ലാമിനെയോ കേരള മുസ്‌ലിംകളെയോ ഈ നിഴൽ കുത്തുകൾ ഒരുശതമാനം പോലും ബാധിക്കുകയേയില്ല. മുസ്‌ലിംകൾക്ക് അവരുടെ ലോകം; മുജാഹിദുകൾക്ക് മറ്റൊരു ലോകം. അത്രതന്നെ! അതുകൊണ്ടുതന്നെ വഹാബിപ്രസ്ഥാനത്തിൽ ആഭ്യന്തര കുത്തിത്തിരിപ്പുകൾക്ക് പ്രാധാന്യം നൽകാതെ, അവർ വെച്ചുപുലർത്തുന്ന പൂർവാപര ഭിന്നങ്ങളായ ആദർശങ്ങളുടെ കൂട്ടിച്ചേർപ്പിന്റെ സാധ്യതകൾ എത്രത്തോളമെന്ന് ഹ്രസ്വമായി വിലയിരുത്താം.

(തുടരും)



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....