അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
പൂര്‍വിക പണ്ഡിതന്മാരുടെ സമീപനം
മുസ്‌ലിംകളിലെ നവീനവാദികളോടുള്ള സമീപനത്തെക്കുറിച്ച് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 1992ല്‍ എഴുതിയ പഠനത്തിന്റെ രണ്ടാം ഭാഗം.

ഇമാം നവവി(റ) പറയുന്നു: ”ബിദ്അത്തുകാരെയും ഫാസിഖുകളെയും വെറുക്കണമെന്നും അവരുമായി ശാശ്വതമായി നിസ്സഹകരിച്ചു നില്‍ക്കല്‍ അനുവദനീയമാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞിട്ടുള്ളത് ഭൗതിക കാര്യങ്ങളിലും സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയുമാണ്. എന്നാല്‍ ബിദ്അത്തുകാരോടും അവരെപ്പോലുള്ളവരോടും എപ്പോഴും അകന്നുനില്‍ക്കേണ്ടതാണ്”(ശറഹു മുസ്‌ലിം: 2/152).
വിഖ്യാതമായ തുഹ്ഫഃയില്‍ ഇബ്‌നുഹജര്‍ ഹയ്തമി(റ)പറയുന്നു: ”ഭാര്യയില്‍നിന്നു വഴക്കിന്റെ അടയാളം പ്രത്യക്ഷപ്പെട്ടാല്‍ അവളെ അകറ്റി നിറുത്താതെ അവള്‍ക്ക് ഉപദേശം നല്‍കണം. പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ഉപദേശിക്കുകയും കിടപ്പറയില്‍ മാത്രം അവളെ വെടിയുകയും ചെയ്യണം, സംസാരിക്കാതിരിക്കരുത്. മൂന്നു ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഫാസിഖ്, മുബ്തദിഅ് പോലുള്ളവരാണെങ്കില്‍ അവരെ ശാശ്വതമായി അകറ്റിനിറുത്താവുന്നതാണ്”(തുഹ്ഫഃ: 7/55). അല്ലാമാ റംലി തന്റെ നിഹായഃയിലും(6/390) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം.
സ്വഭാവദൂഷ്യവും അപമര്യാദയും കാണിക്കുന്ന ഭാര്യമാരോടുവരെ ശാശ്വതമായി വിട്ടുനില്‍ക്കാതെ സംസാരിച്ചും ഉപദേശിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നു ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. അതേസമയം ബിദ്അത്തുകാരോടു ശാശ്വതമായി അകന്നു നില്‍ക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരുണ്ട്. അവരെക്കുറിച്ചു ഗൗരപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.
അല്ലാമാ ഇബ്‌നുഹജരില്‍ഹയ്തമി(റ) ഫുളയ്‌ലുബ്‌നു ഇയാള്(റ)വിനെ ഉദ്ധരിച്ചു പറയുന്നു: ”സുഫ്‌യാനുബ്‌നു ഉയയ്‌ന(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഒരു മുബ്തദിഇന്റെ ജനാസയെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ ക്രോധത്തിലായിരിക്കും. റസൂല്‍÷ മുബ്തദിഇനെ ശപിച്ചുകൊണ്ടു പറയുകയുണ്ടായി. ഒരു നൂതന(ബിദ്അത്ത്) പ്രവൃത്തി ആരെങ്കിലും നടപ്പിലാക്കുകയോ മുബ്തദിഇന് അഭയം നല്‍കുകയോ ചെയ്താല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയും മുഴുവന്‍ ശാപം അവനിലുണ്ടാകും. അവന്റെ ഫര്‍ളും സുന്നത്തുമായ ഒരു ഇബാദത്തും സ്വീകാര്യവുമല്ല”(അസ്സവാഇഖുല്‍മുഹ്‌രിഖഃ- പേജ്: 149).
ഇബ്‌നുഹജരില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു: ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227). ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം: ”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം”(ശറഹു മുസ്‌ലിം: 2/5) ബിദ്അത്തുകൊണ്ട് കാഫിറാവാത്ത മുബ്തദിഇനെ തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ(റ) മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്‌ലിം: 4/253). ഇതു ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശറഹുല്‍മുഹദ്ദബില്‍ ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.
മുബ്തദിഇനെ തുടര്‍ന്നുനിസ്‌കരിക്കല്‍ നിരോധിക്കപ്പെട്ടതാണ്. അവനെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കുന്നതാണു പുണ്യമെന്നു തുഹ്ഫഃ(2/253). ബിദ്അത്തുകാരനെ തുടര്‍ന്നു നിസ്‌കരിക്കല്‍ ശക്തമായ കറാഹത്താണ്. കാരണം അവന്റെ പിഴച്ച വിശ്വാസം അവനെ വിട്ടുപിരിയുന്നില്ല (തുഹ്ഫ: 2/294, മുഗ്‌നി: 1/254). എന്നാല്‍ കറാഹത്താണ് എന്നു പറയുന്നതു സാധാരണക്കാരെ സംബന്ധിച്ചാണ്. ഖാളി, ഖത്വീബ്, മുദര്‍രിസ്, ഇമാം, നേതാവ് തുടങ്ങി അനുസരിക്കപ്പെടുന്നവര്‍ക്ക് ഇതു ഹറാമായിത്തീരും.
ഇമാം ബര്‍മാവിയെ ഉദ്ധരിച്ചു ബുജയ്‌രിമി പറയുന്നു: നന്മയും ഗുണവുമുള്ള ആളുകള്‍ ഫാസിഖിനെയോ മുബ്തദിഇനെയോ അതുപോലെയുള്ളവരെയോ തുടര്‍ന്നുനിസ്‌കരിക്കല്‍ ഹറാമാണ്. അവരുടെ നടപടി, ഫാസിഖുകളും മുബ്തദിഉകളും നല്ലവരാണെന്നു മറ്റുള്ളവര്‍ ധരിക്കാന്‍ കാരണമായിത്തീരുകയും അതിലേക്കു പ്രേരിപ്പിക്കപ്പെടുകയും ചെയ്യും (ശര്‍വാനി: 2/294). ശയ്ഖ് അബ്ദുല്‍ഖാഹിര്‍ ശാഫിഈ(റ) പറയുന്നു: മുഅ്തസിലി, ഖവാരിജി, റാഫിളി മുതലായ ബിദ്അത്തുകാരുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ പിന്നില്‍നിന്നു നിസ്‌കരിക്കുകയോ അവര്‍ അറുത്തതു ഭക്ഷിക്കുകയോ സുന്നിയായ പുരുഷന്‍ ബിദ്അത്തുകാരിയായ സ്ത്രീയെ വിവാഹം ചെയ്യാനോ പാടില്ല (അല്‍ഫര്‍ഖ്- പേജ്: 141).
ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നുഹജര്‍ ഹയ്തമി(റ) ഗൗസുല്‍അഅഌ ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ഉദ്ധരിക്കുന്നു: ”ബിദ്അത്തുകാര്‍ വര്‍ധിക്കാന്‍ ഇടയാക്കരുത്. അവരോടു സ്‌നേഹം കാണിക്കുകയോ സലാം പറയുകയോ അരുത്. ആരെങ്കിലും ബിദ്അത്തുകാര്‍ക്കു സലാം പറഞ്ഞാല്‍ അവരെ പ്രിയം വെച്ചവനാകും എന്ന് ഇമാം അഹ്മദ്(റ) പറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍, നബി(സ)÷ പറഞ്ഞിട്ടുണ്ട്; നിങ്ങള്‍ സലാം വര്‍ധിപ്പിക്കുക, എങ്കില്‍ നിങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടാകും. അവരോടൊപ്പം(മുബ്തദിഉകള്‍) ഇരിക്കരുത്. അവരോട് അടുക്കുകയും ചെയ്യരുത്. ആഘോഷങ്ങളിലും സന്തോഷവേളകളിലും അവരെ ആശംസിക്കരുത്. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ ജനാസ നിസ്‌കരിക്കരുത്. അവരെ പറയപ്പെട്ടാല്‍ തറഹ്ഹും (അനുഗ്രഹം തേടല്‍) അരുത്. അല്ലാഹുവിന്റെ കാര്യത്തില്‍ അവരുമായി വേര്‍പ്പെട്ടു നില്‍ക്കുകയും ശത്രുത കാണിക്കുകയും അതുവഴി അല്ലാഹുവിന്റെ പക്കല്‍നിന്നു വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുകയും വേണം. ഒരു ബിദ്അത്തുകാരനെ അല്ലാഹുവിന്റെ കാരണത്താല്‍ ക്രോധപൂര്‍വം നോക്കിയാല്‍ അവന്റെ ഹൃദയത്തില്‍ വിശ്വാസവും സമാധാനവും അല്ലാഹു നിറച്ചുകൊടുക്കും. ബിദ്അത്തുകാരനെ ആട്ടിയാല്‍ ഭയങ്കര പ്രളയദിനത്തില്‍ അല്ലാഹു അവനെ നിര്‍ഭയനാക്കും. ബിദ്അത്തുകാരനെ നിസ്സാരമാക്കുന്നവനെ സ്വര്‍ഗത്തില്‍ നൂറു പദവി ഉയര്‍ത്തും. അവനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ റസൂല്‍ (സ)യുടെ മേല്‍ അല്ലാഹു അവതരിപ്പിച്ചതിനെ നിസ്സാരപ്പെടുത്തിയവനായിത്തീരും.” ഒരു ബിദ്അത്തുകാരന്റെ യാതൊരു അമലും അവന്‍ ആ ബിദ്അത്ത് ഉപേക്ഷിക്കുന്നതു വരെ അല്ലാഹു സ്വീകരിക്കുകയില്ലെന്നു റസൂല്‍÷ പറഞ്ഞതായി ഇബ്‌നുഅബ്ബാസ്(റ) വഴി അബൂമുഗീറ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഫുളയ്‌ലുബ്‌നു ഇയാള്(റ) പറയുന്നു: ”ബിദ്അത്തുകാരനെ ഒരാള്‍ സ്‌നേഹിച്ചാല്‍ അല്ലാഹു അവന്റെ അമലുകള്‍ നിഷ്ഫലമാക്കുകയും ഈമാനികപ്രഭയും ചൈതന്യവും അവന്റെ ഹൃദയത്തില്‍നിന്ന് അണച്ചുകളയുകയും ചെയ്യും. ബിദ്അത്തുകാരനോടു ക്രോധിക്കുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുമെന്നു ഞാന്‍ ആശിക്കുന്നു. അവന്റെ അമലുകള്‍ എത്ര കുറഞ്ഞാലും ശരി. ഒരു മുബ്തദിഇനെ വഴിയില്‍ കണ്ടാല്‍ മറ്റൊരു വഴിയില്‍ കൂടി നീ സഞ്ചരിക്കണം” (അസ്സവാഇഖുല്‍മുഹ്‌രിഖ- പേ: 149). ഇത്രയും വിവരിച്ചതില്‍നിന്നു മുബ്തദിഉകളുമായി നിസ്സഹകരിക്കണമെന്നു വിശുദ്ധ ഖുര്‍ആനും ഹദീസുകളും പൂര്‍വീക പണ്ഡിതന്മാരും വ്യക്തമാക്കിയതായി ഗ്രഹിച്ചുവല്ലോ. ബിദ്അത്തുകാരനെയും ഫാസിഖിനെയും നിരാകരിക്കണമെന്നു പറയുമ്പോള്‍, ഇതര മതസ്ഥരെ സന്ദര്‍ശിക്കുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അനുവദനീയമാണോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ബിദ്അത്തുകാരോടു നിസ്സഹകരിക്കണമെന്നു പറയുന്നതു തങ്ങളുടെ വിശ്വാസത്തോടു വെറുപ്പുണ്ടാക്കി അവരെയും മറ്റുള്ളവരെയും ബിദ്അത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നല്ല മനുഷ്യര്‍ ബിദ്അത്തുകാരുമായി സഹകരിക്കുമ്പോള്‍ അവരുടെ പിഴച്ച വിശ്വാസം നല്ലതാണെന്നു സാധാരണക്കാര്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. അവരെ വിട്ടുനിന്നാല്‍ ബിദ്അത്തുകാര്‍ പിഴച്ച വിശ്വാസത്തില്‍നിന്നു വിരമിക്കാനും മറ്റുള്ളവര്‍ അവരിലേക്ക് ആകര്‍ഷിക്കാതിരിക്കാനും സഹായിക്കുകയും ചെയ്യും. എന്നാല്‍ അമുസ്‌ലിംകളുമായി ഭൗതികമായ ഇടപെടല്‍ വഴി അവരുടെ മതം ശരിയാണെന്ന് ആരും തെറ്റിധരിക്കുകയില്ല.
ഇതര മതസ്ഥരുമായി അകന്നു നില്‍ക്കുന്നതുകൊണ്ടു സ്വന്തം മതത്തില്‍നിന്ന് അവര്‍ പിന്മാറുകയില്ല. അതുകൊണ്ടാണ് അമുസ്‌ലിംകളോടു സംസാരത്തിലും മറ്റും അകന്നു നില്‍ക്കാന്‍ ശര്‍അ് കല്‍പ്പിക്കാതിരിക്കുന്നതെന്ന് ഇമാം ത്വബ്‌രിയെ ഉദ്ധരിച്ച് അല്ലാമാ ഇബ്‌നുഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരി(10/497)യില്‍ പറയുന്നത്. നിസ്സഹകരണം വഴി മുബ്തദിഉകളെ കാഫിറായി കരുതുന്നുവെന്ന ധാരണയും അമുസ്‌ലിംകളെക്കാള്‍ കടുത്തവരാണോ അവര്‍ എന്ന ചോദ്യവും അസ്ഥാനത്താണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.
കേരള മുസ്‌ലിംകളില്‍ നജ്ദിയില്‍ തൗഹീദ് പ്രചരിപ്പിക്കാന്‍ പിഴച്ചവാദങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ വിശ്വാസം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. ബിദ്അത്ത് വാദം തലപൊക്കിയപ്പോള്‍ മുസ്‌ലിംകളെ വിശ്വാസപരമായി പിഴപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമസ്തയും അതിന്റെ പണ്ഡിതന്മാരും രംഗത്തിറങ്ങി. മുബ്തദിഉകളുടെ പിഴച്ചവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ അപ്പപ്പോള്‍ സമസ്ത ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി. ഈ പിഴച്ച വാദങ്ങളില്‍ കൂടുതല്‍ ആളുകള്‍ അകപ്പെടാതിരിക്കുന്നതിനുവേണ്ടി മേല്‍ പ്രസ്താവിച്ചതുപോലെ അവരോട് ഏതു രീതിയിലാണു വര്‍ത്തിക്കേണ്ടതെന്നും സമസ്ത ജനങ്ങളെ ഉണര്‍ത്തുകയുണ്ടായി.
ഹദീസുകളിലും പൂര്‍വിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതു കൊണ്ടു തന്നെ ഏതേതു കാര്യത്തിലും മഹാന്മാരുടെ പാത പിന്തുടര്‍ന്നു വരുന്ന സമസ്ത ബിദ്അത്തുകാരെക്കുറിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ സലക്ഷ്യവും അവിതര്‍ക്കിതവുമായിരുന്നു. എന്നാല്‍ ഭൗതിക കാര്യലാഭം ലക്ഷ്യം വെച്ചു സമസ്തയുടെ പേരില്‍ തന്നെ ചിലര്‍ ഇത്തരം തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയും അതിന്റെ സ്ഥാപകമെമ്പര്‍മാരും മുബ്തദിഉകളുമായി സഹകരിക്കരുതെന്നും അവരുമായി വിട്ടു നില്‍ക്കണമെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതിനു ചരിത്രം സാക്ഷിയാണ്.
”ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസനടപടികള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ സുന്ദരമായ വിശ്വാസനടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസനടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്കു കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.” 1930ല്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂമില്‍വെച്ചു ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ പാസ്സാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണിത്. കാപ്പില്‍ വെള്ളേങ്ങര മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം നടന്നത്. സമസ്തയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ പത്രാധിപരായ അല്‍ബയാന്‍ അറബി-മലയാള മാസികയില്‍ (പുസ്തകം: 1, ലക്കം: 5) പ്രസ്തുത പ്രമേയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ പര്‍ദയില്ലാതെ പുറത്തിറങ്ങുന്നതിനെതിരായും ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കാനുദ്ദേശിച്ച ശാരദാ ആക്ടിനെതിരായുമുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചതും ആ സമ്മേളനത്തിലായിരുന്നു.
മേല്‍പ്പറഞ്ഞ തീരുമാനത്തിന്റെ വിശദീകരണമാണു ഫറോക്കില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ ആറാം വാര്‍ഷികത്തില്‍ പാസ്സാക്കിയ എട്ടാം പ്രമേയം. 17-ാം സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചതുമാണ്. ആ പ്രമേയത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നു: ”കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ ഉലമാഇനാല്‍ മതാനുസാരങ്ങളാണെന്നു സ്ഥിരെപ്പട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്വീബ് സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.” സുന്നികള്‍ ആചരിച്ചു വരുന്ന ആറു കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് അഹ്മദ്‌കോയ ശാലിയാത്തിയും അനുവാദകര്‍ തെന്നിന്ത്യന്‍ മുഫ്തി ശയ്ഖ് ആദം ഹസ്‌റതും റശീദുദ്ദീന്‍ മൂസാ മൗലവിയുമായിരുന്നു. സുന്നികളുടെ പ്രസ്തുത ആചാരനടപടികള്‍ മതവിരുദ്ധമാണെന്നോ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അത്തരക്കാരെ തുടര്‍ന്നു നിസ്‌കരിക്കരുതെന്നും പറഞ്ഞത് അടിവരയിടേണ്ടതാണ്. നിസ്സഹകരണത്തിന്റെ ഇനങ്ങളില്‍ പ്രധാനമായതാണു തുടര്‍ന്നു നിസ്‌കരിക്കാതിരിക്കല്‍ എന്ന് ആര്‍ക്കാണറിയാത്തത്? തുടര്‍ന്നു നിസ്‌കരിക്കാന്‍ ഇടവരുമെന്നതിനാല്‍ ബിദ്അത്തിന്റെ ആളുകളെ ഖത്വീബും മുദര്‍രിസുമായി നിശ്ചയിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണു പ്രമേയത്തില്‍. നിസ്സഹകരണത്തിന്റെ മറ്റു വശങ്ങള്‍ ‘അവരുമായി വിട്ടു നില്‍ക്കണം’ എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. (തുടരും)
© #SirajDaily | Read more @ http://www.sirajlive.com/2018/01/03/305578.html
No comments:
Post a Comment