Friday, April 27, 2018

യാസീനിന്റെ മഹത്ത്വം

യാസീനിന്റെ മഹത്ത്വം
● 0 COMMENTS
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ രക്ഷാകവചമാണ്. അതിലെ ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും പ്രത്യേക ഫലങ്ങളുണ്ട്. അവ പതിവായി ഓതുന്നതിന് ധാരാളം ശ്രേഷ്ഠതകള്‍ പണ്ഡിതര്‍ പഠിപ്പിച്ചതു കാണാം. സൂറതു യാസീന്‍ അതില്‍ പ്രധാനം. യാസീന്റെ മഹത്ത്വങ്ങള്‍ നിരവധിയാണ്. അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ട് ഒരാള്‍ യാസീന്‍ ഓതിയാല്‍ ദോഷം പൊറുക്കപ്പെടുമെന്ന് നബി(സ്വ) പറഞ്ഞു. ഇശാമഗ്രിബിനിടയിലെ സമയം സിനിമസീരിയലുകള്‍ കണ്ട് പാഴാക്കുന്നത് കുറ്റകരമാവുന്നതിനു പുറമെ തീരാ നഷ്ടവുമാണ്. യാസീന്‍, തബാറക, വാഖിഅ തുടങ്ങിയ സൂറതുകള്‍ വിശ്വാസികള്‍ പതിവാക്കിയാല്‍ ലഭിക്കുന്ന നന്മകള്‍ അനവധി. എല്ലാ രാത്രികളിലും യാസീന്‍ ഓതുന്നയാള്‍ മരണപ്പെട്ടാല്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞതായി ഇമാം ത്വബ്റാനി “മുഅ്ജമുല്‍ ഔസതി’ല്‍ ഉദ്ധരിക്കുന്നുണ്ട്.

ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരാള്‍ പ്രഭാതത്തില്‍ യാസീന്‍ ഓതിയാല്‍ അന്നു വൈകുന്നേരം വരെ അവന്റെ കാര്യങ്ങള്‍ എളുപ്പമാകും. പ്രദോഷത്തില്‍ ഓതിയാല്‍ പിറ്റേന്നു പ്രഭാതം വരെയുള്ള പ്രശ്നങ്ങള്‍ പരിഹൃതമാകും (സുനനുദ്ദാരിമി 10/315).

അലി(റ) പറയുന്നു: “തിരുനബി(സ്വ) എന്നോടരുളി: അലീ, താങ്കള്‍ യാസീന്‍ ഓതുക. കാരണം അതില്‍ പത്ത് ബറകത്തുകളുണ്ട്. 1. വിശന്നവന് വിശപ്പടങ്ങും, 2. ദാഹിച്ചവന് ദാഹം തീരും, 3. നഗ്നന് വസ്ത്രം ലഭിക്കും, 4. അവിവാഹിതന് ഇണയെ ലഭിക്കും, 5. ഭയന്നവന്‍ നിര്‍ഭയനാവും, 6. ജയില്‍വാസി മോചിതനാവും, 7. യാത്രക്കാരന് സഹായം ലഭിക്കും, 8. നഷ്ടപ്പെട്ടത് തിരിച്ചുലഭിക്കും, 9. രോഗിക്ക് ശമനമുണ്ടാകും, 10. മയ്യിത്തിന്റെ സമീപം ഓതിയാല്‍ പരലോക പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടും’ (ബിഗ്യതുല്‍ ഹാരിസ 1/151,152, തഫ്സീറുന്നസഫി 3/187).

അതിരാവിലെ യാസീന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാകും (സുനനുദ്ദാരിമി 10/314). ഉബയ്യിബ്നു കഅ്ബ്(റ) ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുവിനും ഹൃദയമുണ്ട്, ഖുര്‍ആനിന്റെ ഹൃദയം യാസീനാണ്. അല്ലാഹുവിന്റെ പൊരുത്തം തേടി ഒരാള്‍ അതോതിയാല്‍ ദോഷം പൊറുക്കപ്പെടും. ഖുര്‍ആന്‍ പന്ത്രണ്ട് തവണ ഖതം തീര്‍ത്ത പ്രതിഫലം അവന് ലഭിക്കുന്നതുമാണ്.’

മരണവീട്ടില്‍ യാസീന്‍ ഓതുന്ന പതിവുണ്ട് മുസ്‌ലിംകള്‍ക്ക്. മരണമാസന്നമായവരുടെ സമീപത്തും ഇതോതണം. എങ്കില്‍ പ്രസ്തുത സൂറതിന്റെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് പത്തുവീതം മലക്കുകള്‍ ഇറങ്ങിവരികയും അവര്‍ അയാള്‍ക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും. അയാളുടെ ജനാസ കുളിപ്പിക്കലിനും അനുബന്ധ ചടങ്ങുകള്‍ക്കും ആ മലക്കുകള്‍ പങ്കെടുക്കുന്നതുമാണ്. നിസ്കാരവും മറമാടല്‍ ചടങ്ങും പൂര്‍ത്തീകരിച്ചല്ലാതെ അവര്‍ മടങ്ങുകയില്ല. മരണവേളയിലുള്ളവരുടെ അടുക്കല്‍ വെച്ച് യാസീന്‍ ഓതിയാല്‍ സ്വര്‍ഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന രിള്വാന്‍(അ) സ്വര്‍ഗപാനീയം അവനെ കുടിപ്പിക്കും. ദാഹം ശമിച്ചവനായി അസ്റാഈല്‍(അ) അവന്റെ ആത്മാവ് പിടിക്കും. ഖബ്റിലും പുനര്‍ജന്മ സമയത്തും അവന്‍ ദാഹം തീര്‍ന്നവനാകും (മുസ്നദുശ്ശിഹാബുല്‍ ഖളാഈ 4/91).

മരണാസന്നരുടെ സമീപം നിങ്ങള്‍ യാസീന്‍ ഓതുവീന്‍ (അബൂദാവൂദ്, ഇബ്നുമാജ, അഹ്മദ്) എന്ന ഹദീസ് പ്രസിദ്ധമാണ്. ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ മരണം സംഭവിച്ചവരുടെ സമീപം സൂറതു യാസീന്‍ ഓതല്‍ സുന്നത്താണ്. മരിച്ചയാള്‍ക്ക് ഖുര്‍ആന്‍ ശ്രവിക്കാനും ഖുര്‍ആനിന്റെ ബറകത് കരസ്ഥമാക്കാനും സാധിക്കും. ആത്മാവിന്റെ തിരിച്ചറിവ് അവശേഷിക്കുന്നതിനാല്‍ അവന്‍ ജീവിച്ചിരിക്കുന്നവനെ പോലെ തന്നെയാണ്. മരിച്ചയാള്‍ക്കു നേരില്‍ സലാം പറയുന്നുണ്ടല്ലോ. സലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നപോലെ ഖുര്‍ആന്‍ പാരായണവും അവര്‍ അറിയുന്നു. സിയാറത് ചെയ്യുന്നവരും സംസ്കരണ ചടങ്ങില്‍ പങ്കെടുക്കുന്നവരും ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാസീന്‍ ഓതുന്നതിനാല്‍ ദാഹം ശമിക്കുമെന്ന് നബിവചനവുമുണ്ട്. പ്രസ്തുത സൂറതില്‍ പരലോകത്തിന്റെ അവസ്ഥയും നരകശിക്ഷയും വിവരിക്കുന്നതിനാല്‍ തന്നെ അതു തെരഞ്ഞെടുക്കുന്നത് യുക്തിഭദ്രവുമത്രെ (തുഹ്ഫ 3/93).

ഇത്രയും മഹത്ത്വങ്ങളുള്ള യാസീന്‍ സൂറത്തും ഫാതിഹയും മരണവീട്ടിലും മറ്റും ഓതാന്‍ തുടങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചിലര്‍ വിഘടിച്ചുപോകുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? പിശാചിനെ വേണ്ടവിധം പ്രസാദിപ്പിക്കുകയാണിവര്‍.



അബ്ദുറഹ്മാന്‍ സഖാഫി അമ്പലക്കണ്ടി

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...