Sunday, March 11, 2018

മാല :മുഹ് യദ്ധീൻ മാല

✍🏻 Dr, ഫൈസല്‍ അഹ്സനി രണ്ടത്താണി
••••••••••••••••••••••••••••••

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
ഏറെ ആഘോഷിക്കപ്പെട്ട സാഹിത്യ രചനയാണ് മുഹ്‌യിദ്ദീന്‍ മാല. കേരള മുസ്‌ലിംകളുടെ വിശ്വാസപരവും അനുഷ്ഠാനപരവും ആത്മീയവും സാംസ്‌കാരികവുമായ ജീവിതവുമായി അത് ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. ഔലിയാക്കള്‍ എന്ന പുണ്യാത്മക്കളും അവരുടെ ജീവിതത്തില്‍ കാണപ്പെടുന്ന അത്ഭുത സിദ്ധികളും ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ അപദാനങ്ങള്‍ വാഴ്ത്തലും അവരെകൊണ്ട് ഇടതേടലും അവരുടെ ബറകത് ആഗ്രഹിക്കുന്നതുമൊക്കെ മുസ്‌ലിംകളുടെ അനുഷ്ഠാനപരമായ ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഈ ബന്ധങ്ങള്‍ ഭൗതികമായ ആവശ്യനിര്‍വഹണങ്ങള്‍ക്കപ്പുറം ഔലിയാക്കളുടെ ആത്മീയ ജീവിതവുമായി താദാത്മ്യപ്പെടാനുളള മാധ്യമമാവുമ്പോള്‍ അധ്യാത്മികമായ ഒരു തലം അതിനു കൈവരുന്നു. ഒരു സമുദായത്തിന്റെ വിശ്വാസവും അനുഷ്ഠാനവും ആത്മീയതയുമൊക്കെയാണ് അവരുടെ സാംസ്‌കാരിക ഈടുവെപ്പുകള്‍ പണിയുന്നത്. ഈ അര്‍ത്ഥത്തില്‍ നാനൂറ് കൊല്ലത്തിലേറെ പഴക്കമുളള മുഹ്‌യിദ്ദീന്‍ മാലക്ക് കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ചെറുതല്ലാത്ത ഇടമുണ്ട്. അമേരിക്കയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ കീലീ സൂട്ടന്‍ കേരളീയ ഇസ്‌ലാമിക ജീവിതത്തില്‍ ഈ കൃതിയുടെ സാംസ്‌കാരിക പ്രാധാന്യം മനസ്സിലാക്കി അതു പൂര്‍ണ്ണമായും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇതിനുവേണ്ടി മാത്രം അഞ്ചു വര്‍ഷം മലയാളവും രണ്ടു വര്‍ഷം അറബിയും അവര്‍ പഠിച്ചുവത്രെ!

ഏറ്റവും പ്രധാനമായ കാര്യം, കര്‍മ്മശാസ്ത്ര വിശാരദനും, വിശുത്ര ഖാളിയും കവിയും വൈയാകരണനും,മഹാ പണ്ഡിതനും മുദരിസുമൊക്കെയായിരുന്ന ഖാളി മുഹമ്മദ് ആണ് ഇതിന്റെ രചയിതാവ് എന്നുളളതാണ്.ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട സാഹിത്യം കൂടിയാണ് മുഹ്‌യിദ്ദീന്‍ മാല. മാലയുടെ സര്‍ഗാത്മക സവിശേഷതകളെയോ സാഹിത്യമൂല്യത്തെയോ ഭാഷാ സൗന്ദര്യത്തെയോ ചമല്‍ക്കാരങ്ങളെയോ ഒന്നും ആരും വിമര്‍ശിച്ചതായി അറിവില്ല. അത്തരം ആസ്വാദനങ്ങള്‍ക്ക് ഇടം കൊടുക്കാത്ത വിധം അക്രമണോത്സുകമായ ഭര്‍ത്സനമാണ് മത നവീകരണവാദികള്‍ മാലക്കെതിരെ തൊടുത്തുവിട്ടത്.

ബഹുദൈവ വിശ്വാസപരമായ പരാമര്‍ശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നതായിരുന്നു അതില്‍ ഏറ്റവും വലിയ ആരോപണം. ധാരാളം മതഗ്രന്ഥങ്ങള്‍ എഴുതുകയും ഒട്ടേറെ പ്രശ്‌നങ്ങളില്‍ മതപരമായ തീര്‍പ്പുകല്‍പ്പിക്കുകയും മുസ്‌ലിം ലോകം ഏറെ ആദരിക്കുകയും ചെയ്തിരുന്ന ഒരു പണ്ഡിതവരേണ്യന് ഇസ്‌ലാമിന്റെ ആണിക്കല്ലായ തൗഹീദിനെക്കുറിച്ച് ഒരു പിടിപാടുമില്ല എന്നും ഒരുവേള അദ്ദേഹം ബഹുദൈവ വിശ്വാസിയായിപ്പോയിരിക്കുന്നു എന്നുമൊക്കെ പറയുന്നതിന്റെ ഗൗരവം അവര്‍ ശ്രദ്ധിക്കാതെ പോയി. അഞ്ഞൂറ് കൊല്ലത്തെ കേരളീയ മുസ്‌ലിം മുഖ്യധാര മുച്ചൂടും ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരമാണ് നിലനിര്‍ത്തിയത് എന്ന് വരുത്തിത്തീര്‍ക്കുമ്പോഴും അവര്‍ക്ക് തെല്ലും അതിശയോക്തിയോ അസഹ്യതയോ അനുഭവപ്പെട്ടില്ല. എല്ലാ ഭാഷകളിലും വിശിഷ്യ കവിതകളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ആലങ്കാരിക പ്രയോഗങ്ങളില്‍ പിടിച്ചുകയറിയാണ് ഈ കാഫിറാക്കല്‍ യജ്ഞം കൊടുമ്പിരി കൊണ്ടത് എന്നത് മറ്റൊരു വസ്തുത. ശവത്തിന് ജീവന്‍ നല്‍കി, കോഴീടെ മുളളിനെ കൂകിപ്പാറിച്ചു, മനസ്സകത്തുളളത് അറിയുന്നു, മുരീദന്മാരുടെ വിളികേട്ട് അവരെ സഹായിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണത്രെ ബഹുദൈവ വിശ്വാസം വെളിപ്പെടുത്തുന്നത്.

ഒരു വിശ്വാസിയെ എങ്ങനെ അവിശ്വാസിയായി ചിത്രീകരിക്കാം എന്നല്ല അവരെ എങ്ങനെ വിശ്വാസിയായി പരിചയപ്പെടുത്താം എന്നതാണ് ഇസ്‌ലാമിലെ സ്വഭാവ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്‌ലിമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഏറെ മാരകമായ തെറ്റാണ്. അവരെ കാഫിറായി ചിത്രീകരിക്കുന്നത് ഇസ്‌ലാമില്‍ നിന്നുതന്നെ ഭ്രഷ്ടനാകാന്‍ നിമിത്തമാവുമെന്നാണ് തിരുവചനങ്ങള്‍ പഠിപ്പിക്കുന്നത്. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ അവരെ അവിശ്വാസിയായി വിധി പറയുന്നതും തുടര്‍ന്ന് തലവെട്ടുന്നതും കഴുത്തറുക്കുന്നതും ചുട്ടുകൊല്ലുന്നതുമൊക്കെയാണ് പുതിയ കാലത്തെ ഭീകരവാര്‍ത്തകള്‍. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത മതമാണത്. മുഹ്‌യിദ്ദീന്‍ മാലയെ ക്ഷുദ്രകൃതിയായി ചിത്രീകരിച്ച് അത് ചുട്ടെരിക്കാന്‍ പ്രചാരണം നടത്തുന്ന മതേതര ഇന്ത്യയിലെ ആദര്‍ശ ഭീകരതയും മഖ്ബറകള്‍ കാഫിര്‍ കേന്ദ്രങ്ങളായി ചിത്രീകരിച്ച് അവ മണ്ണുമാന്തിക്കിരയാക്കി മുസ്‌ലിംകളെ വെടിവെച്ചു കൊല്ലുന്ന ഇസില്‍ ഭീകരതയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രം.

മുഹ്‌യിദ്ദീന്‍ മാലയില്‍ വിമര്‍ശകര്‍ ബഹുദൈവത്വം ആരോപിക്കുന്ന ചില വരികള്‍ പരിശോധിക്കുക.
കുഫീയകത്തുളള വസ്തുവിനെ ഫോലെ
കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ഖല്‍ബകം എന്നോവര്‍

നിങ്ങളുടെ ഹൃദയങ്ങളില്‍ ഒളിച്ചുവെച്ചിരിക്കുന്ന കാര്യങ്ങള്‍ കുപ്പിക്കകത്തുളള വസ്തുവിനെ പോലെ എനിക്ക് വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് ഗുരു മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി തന്റെ പ്രേക്ഷകരോട് പറഞ്ഞതായാണ് ഈ വരികളില്‍ പറയുന്നത്. അങ്ങനെ പറയുന്നത് ദൈവീകമായ കഴിവുകള്‍ അവകാശപ്പെടലാണെന്നും അങ്ങനെ വിശ്വസിക്കുന്നവര്‍ കടുത്ത മുശ്‌രികുകളായി പോകുമെന്നുമാണ് മാലയുടെ വിരോധികള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

മനസ്സിലുളളത് അറിയുക എന്നത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണോ?(സൃഷ്ടികള്‍ക്കാര്‍ക്കും അല്ലാഹു അതിന് അവസരം നല്‍കാറില്ലേ?) അഥവാ അങ്ങനെ മറ്റാര്‍ക്കെങ്കിലും സംഭവിച്ചാല്‍ അയാള്‍ ദൈവത്തിന്റെ പദവിയിലേക്ക് ഉയരുമോ? പ്രമാണങ്ങളും അനുഭവ യാഥാര്‍ത്ഥ്യങ്ങളും വിശേഷ ബുദ്ധിയും ഇല്ലാ എന്നാണ് പറയുന്നത്. തിരുനബി തന്നെ പറഞ്ഞതായി ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഉണ്ടല്ലോ, നിങ്ങളുടെ റുകൂഉം സുജൂദും ഭയഭക്തിയും എനിക്ക് അവ്യക്തമല്ല. ഭയഭക്തി ഹൃദയത്തിലാണുളളതെന്ന് എല്ലാവര്‍ക്കുമറിയാം. ഹൃദയത്തിലേക്ക് ചൂണ്ടി ഒരിക്കല്‍ നബിയത് പഠിപ്പിച്ചിട്ടുമുണ്ട്. അപ്പോള്‍ ഹൃദയത്തിലുളളത് കാണുമെന്ന് ഒരു മനുഷ്യനെ കുറിച്ച് വിശ്വസിച്ചാല്‍ അയാള്‍ ബഹുദൈവ വിശ്വാസിയായിപ്പോവുമെങ്കില്‍ ഈ ഹദീസില്‍ വിശ്വസിക്കുന്നവര്‍ മുശ്‌രികാണെന്ന് പറയേണ്ടിവരും. നഊദുബില്ലാഹ്! അല്ലെങ്കില്‍ അല്ലാഹുവിന് മാത്രം ഉളള കാര്യം ചില മനുഷ്യരെ കുറിച്ച് വിശ്വസിച്ചാല്‍ ബഹുദൈവ വിശ്വാസവും മറ്റു ചിലരെ കുറിച്ചായാല്‍ ഏക ദൈവ വിശ്വാസവുമാണെന്ന് പറയേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ല. പറയാന്‍ പാടുമില്ല. ശിര്‍കില്‍ ഒരു തരത്തിലുളള നീക്കുപോക്കുകളും അല്ലാഹു അനുവദിച്ചിട്ടില്ല.

അമ്പിയാക്കള്‍ക്ക് അല്ലാഹു നല്‍കുന്ന അസാധാരണ സിദ്ധികള്‍ മുഅ്ജിസത്തുകള്‍ എന്നും ഔലിയാക്കള്‍ക്ക് നല്‍ക്കപ്പെടുന്നവ കറാമതുകള്‍ എന്നുമാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ വ്യവഹരിക്കപ്പെടുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ കാര്യത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് ജീവിച്ച മഹോന്നതരായ പണ്ഡിതന്മാരില്‍ നിന്നുപോലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനുഭവ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്ന അതിവാദങ്ങള്‍ ഖുര്‍ആന്‍ നിഷേധത്തിലേക്ക് വരെ പൊതുജനത്തെ കൊണ്ടെത്തിക്കും. ലോകത്തുളള എല്ലാ മനുഷ്യരുടെയും മനസ്സകങ്ങളിലുളള മുഴുവന്‍ കാര്യങ്ങളും എല്ലാ സമയത്തും ശൈഖവര്‍കള്‍ അറിഞ്ഞുകൊണ്ടേയിരിക്കുന്നു എന്നൊന്നും മാലയില്‍ പറഞ്ഞിട്ടില്ല. ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ഒരാള്‍ അറിഞ്ഞുകൊണ്ടിരുന്നാല്‍ അത് അയാള്‍ക്കു തന്നെയും പ്രയാസകരമാവും. ഒളിഞ്ഞിരിക്കുന്ന പലതും കാണാനും അറിയാനും കൊളളുന്നതുമല്ലല്ലോ. തന്റെ മുരീദിന്റെ/ മുഹിബ്ബിന്റെ /പ്രേക്ഷകന്റെ /ശത്രുവിന്റെയൊക്കെ മനസ്സില്‍ ഇപ്പോള്‍ എന്താണുള്ളതെന്ന് അറിയണമെന്ന് ശൈഖ് ഉദ്ദേശിക്കുന്ന പക്ഷം അത് ഉടയ തമ്പുരാന്‍ നിവര്‍ത്തിയാക്കി കൊടുക്കും/ കൊടുക്കാറുണ്ട്.. തന്റെ ഈ അനുഭവമാണ് ശൈഖവര്‍കള്‍ വിളിച്ചുപറയുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിളിച്ചുപറയാന്‍ അല്ലാഹുതന്നെ അവന്റെ അടിമയോട് ആവശ്യപ്പെടുന്നുണ്ട്. സൂറത്തു ളുഹയില്‍.. അങ്ങനെ സംഭവിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. സാധാരണ ജനങ്ങള്‍ക്കില്ലാത്ത ഈ സിദ്ധിയെ കുറിച്ചാണ് മാലയില്‍ പരാമര്‍ശിക്കുന്നത്.
കോഴീടെ മുള്ളോട് കൂവെന്ന് ചൊന്നാരെ
കൂശാതെ കൂകിപ്പറപ്പിച്ച് വിട്ടോവര്‍..
ചത്ത ചകത്തിന്ന് ജീവനിടീച്ചോവര്‍
ചാകും കിലശത്തെ നന്നാക്കി ബിട്ടോവര്‍…
കനിയില്ലാ കാലം കനിയെ കൊടുത്തോവര്‍
കരിഞ്ഞ മരത്തിന്മേല്‍ കായ നിറച്ചോവര്‍..
എന്നിവയൊക്കെയാണ് ബഹുദൈവത്വം ആരോപിക്കാന്‍ കാരണമായ മറ്റു ചില വരികള്‍. സസ്യങ്ങളില്‍ പഴങ്ങള്‍ നിറക്കുന്നതും മരിച്ചവരെ ജീവിപ്പിക്കുന്നതുമൊക്കെ അല്ലാഹുവല്ലേ? അവന്‍ മാത്രമല്ലേ? അപ്പോള്‍ അതൊക്കെ ശൈഖിലേക്ക് ചേര്‍ത്തി പറയാമോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പടപ്പുകളെ സൃഷ്ടിക്കുന്നതും അവക്ക് ജീവന്‍ നല്‍കുന്നതും അവയെ മരിപ്പിക്കുന്നതും അവക്ക് പുനര്‍ജന്മം നല്‍കുന്നതും യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല. യഥാര്‍ത്ഥത്തില്‍ അതൊക്കെ ചെയ്യുന്നത് അല്ലാഹുവായിരിക്കെതന്നെ അല്ലാഹുവല്ലാത്തവരിലേക്ക് അവയെ ചേര്‍ത്തി പറയാമോ എന്നതാണ് ചോദ്യം.

സസ്യങ്ങളെ മുളപ്പിക്കുന്നത് അല്ലാഹുവായിരിക്കെ വസന്തം സസ്യങ്ങളെ മുളപ്പിച്ചു എന്നു പറയാമോ എന്ന് ചോദിക്കുന്നത് പോലെയാണത്. തെഴിലാളികളാണ് കൊട്ടാരം പണിതതെന്നിരിക്കെ രാജാവ് കൊട്ടാരമുണ്ടാക്കി എന്നു പറയാമോ എന്ന് ചോദിക്കുന്നതുപോലെയുമാണത്. യഥാര്‍ത്ഥ കര്‍ത്താവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന കാരണത്താല്‍ ക്രിയയെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാത്തതിലേക്ക് ചേര്‍ത്തി ഉപയോഗിക്കുന്നതിന് അറബി സാഹിത്യത്തില്‍ മജാസ് അഖ്‌ലിയ്യ് എന്നാണ് പറയുന്നത്. കുറച്ചൊക്കെ സാഹിത്യത്തിന്റെ സാങ്കേതികതകള്‍ അറിയുന്നവരേ ഒരു സാഹിത്യ കൃതിയെ അവലോകനം ചെയ്യാവൂ.

മേല്‍ വരികളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ചരിത്രസംഭവങ്ങളാണ്. എല്ലുകളോട് കൂവിപ്പറക്കാന്‍ പറഞ്ഞപ്പോള്‍ അവ ജീവനുള്ള കോഴിയായി ചിറകടിച്ച് പറന്നു. ശവത്തിനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അതെഴുന്നേറ്റു. ഇവിടെയെല്ലാം ജീവന്‍ നല്‍കിയത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണെങ്കിലും അതിന് കാരണമായി അല്ലാഹു നിശ്ചയിച്ചത് ശൈഖിന്റെ വാക്കാണ്. അപ്പോള്‍ ആ കാരണത്തിലേക്ക് ചേര്‍ത്തി ക്രിയയെ പറഞ്ഞു. എത്ര ലളിതം! ഇതാണത്രെ മുസ്‌ലിംകളെ ശിര്‍ക്കാരോപിക്കാന്‍ ഉപയോഗിക്കുന്ന ഉശിരന്‍ ഉമ്മാക്കി. ഖുര്‍ആനില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ കാണാം. ചത്ത ചകത്തിന് ഞാന്‍ ജീവനിടീക്കും എന്നു ഈസാ നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അന്ത്യ നാളില്‍ സര്‍വ്വനാശകാരിയായി വരുന്ന ദജ്ജാല്‍ മനുഷ്യനെ കൊല്ലുന്നതായും ശേഷം ജീവിപ്പിക്കുന്നതായും ഹദീസില്‍ കാണാം. ഖുര്‍ആനിലും ഹദീസിലും പറഞ്ഞാല്‍ ശിര്‍ക്കാകാത്ത കാര്യം മാലയില്‍ പറയുമ്പോള്‍ മാത്രം ശിര്‍ക്കാകുന്നതെങ്ങനെയാണ്?

തന്റെ സ്‌നേഹജനങ്ങള്‍ വല്ലേടത്തും കുടുങ്ങുമ്പോള്‍ തന്നെ സഹായത്തിനായി വിളിച്ചാല്‍ ഞാനവരെ സഹായിക്കുമെന്ന് പറഞ്ഞതാണ് മറ്റൊരു കടുത്ത അപരാധം. അല്ലാഹു തന്റെ സൃഷ്ടികളില്‍ പലര്‍ക്കും പല കഴിവുകളും കൊടുത്തിട്ടുണ്ടാകും. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ നീന്താന്‍ കഴിയും. വേറെ ചിലര്‍ക്ക് ഓടാന്‍.. ശ്രവണ ശേഷിയും ഘ്രാണ ശേഷിയും ചില ജീവികള്‍ക്ക് കൂടുതലാണ്. ചില സൃഷ്ടികള്‍ വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കുന്നു. മനുഷ്യര്‍ക്ക് ഇല്ലാത്ത കഴിവ് ജിന്നുകള്‍ക്ക് ഉണ്ടാകും. ജിന്നുകള്‍ക്കില്ലാത്ത കഴിവ് മലക്കുകള്‍ക്ക് ഉണ്ടാകാം. സാഹിത്യകാരന്മാര്‍ക്കില്ലാത്ത കഴിവ് ശാസ്ത്രജ്ഞര്‍ക്കുണ്ടാകും. ആശാരിക്കില്ലാത്ത കഴിവ് കവിക്കുണ്ടാകും. സാധാരണക്കാര്‍ക്കില്ലാത്ത കഴിവ് ആത്മീയ സിദ്ധി ലഭിച്ചവര്‍ക്കുണ്ടാകും.

ആത്മീയ ഔന്നത്യം പ്രാപിച്ചവരുടെ കഴിവിനെപ്പറ്റി പടച്ചവന്‍ തന്നെ പറഞ്ഞതാണ്. തന്റെ കാര്യത്തില്‍ ആത്മസമരം(മുജാഹദ)നടത്തുന്നവര്‍ക്ക് തന്റെ വഴികള്‍ തുറന്നുകൊടുക്കുമെന്ന് സൂറതുല്‍അന്‍കബൂതിന്റെ അവസാന ആയത്തില്‍ അല്ലാഹു പറയുന്നുണ്ട്. സുന്നത്തുകള്‍ ചെയ്ത് തന്നിലേക്കടുത്ത അടിമയുടെ ഇന്ദ്രിയങ്ങള്‍ക്കും അവയവങ്ങള്‍ക്കും ശേഷിയും സിദ്ധിയും വര്‍ദ്ധമാനമായ നിരക്കില്‍ നാം കൂട്ടിക്കൊടുക്കുമെന്ന് ബുഖാരി ഉദ്ധരിച്ച ഖുദ്‌സിയായ ഹദീസിലൂടെ അല്ലാഹു പഠിപ്പിക്കുന്നുമുണ്ട്.

തന്റെ ആത്മീയ ഔന്നത്യം നിമിത്തമായി തന്റെ സ്‌നേഹജനങ്ങളെ രക്ഷിക്കാന്‍ ശൈഖവര്‍കള്‍ക്ക് ഒരു സിദ്ധി നല്‍കുമ്പോള്‍ അല്ലാഹുവിന് വല്ല ചേതവുമുണ്ടോ? അങ്ങനെ ലഭിച്ച ഒരു അനുഗ്രഹത്തെ വെളിപ്പെടുത്തുന്നതില്‍ വല്ല തെറ്റുമുണ്ടോ? അല്ലാഹുവിന്റെ ഏകല്‍(ഉദ്ദേശ്യം)കൂടാതെ എനിക്കൊന്നും ചെയ്യാനാവില്ലെന്ന് ശൈഖ് കട്ടായം പറയുന്ന വിനീതമായ അടിമത്തം പഠിപ്പിക്കുന്ന മാലയിലെ ഏത് വരിയില്‍ നിന്നാണാവോ ബഹുദൈവങ്ങള്‍ കുതറിച്ചാടുന്നത്?

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....