Saturday, December 13, 2025

പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? المال الحرام

 സംശയം: പലിശയായി ഒരു വലിയ സംഖ്യ ഞാൻ വാങ്ങിയിരുന്നു. ഈ അടുത്ത് പലിശയുടെ അപകടത്തെക്കുറിച്ച് ഞാൻ ഉസ്താതിൻ്റെ ക്ലാസ് കേട്ടു. പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? അത് ആർക്കെങ്കിലും സ്വദഖ ചെയ്താൽ മതിയാകുമോ? അതിൻ്റെ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?


നിവാരണം: നിങ്ങൾ നടത്തിയ പലിശ ഇടപാട് അവസാനിപ്പിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തൗബ ചെയ്‌ത്‌ മടങ്ങുകയും വേണം. അതാണ് രക്ഷപ്പെടാനുള്ള മാർഗം. അല്ലാഹു നിരോധിച്ച മഹാപാപമായ പലിശയുമായി ബന്ധപ്പെട്ടതിൽ ആത്മാർത്ഥമായ ഖേദവും കുറ്റബോധവും വേണം. ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലന്ന് ദൃഢനിശ്ചയം ചെയ്യണം. ഇതാണ് തൗബയുടെ മർമ്മം. മനുഷ്യരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമായതിനാൽ അത് പരിഹരിക്കലും നിർബന്ധമാണ്. അത് തൗബയുടെ നിബന്ധനയാണ്. അതിനാൽ ഹറാമായ വിധം കൈപറ്റിയ പണം അതിൻ്റെ ഉടമസ്ഥരിലേക്ക് തിരിച്ചു നൽകണം. ഉടമസ്ഥനെ അറിയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലിംകളുടെ പൊതുവായ മസ്ലഹത്തുകൾക്ക് നൽകുകയാണ് വേണ്ടത്.


വിഷയ സംബന്ധമായ കർമ്മശാസ്ത്ര നിയമം ഇപ്രകാരമാണ്; ഹറാമായ ധനം കൈവശത്തിലുള്ള ഒരാൾ തൗബ ചെയ്യാനും ആ ഹറാമിൽ നിന്ന് മോചിതനാവാനും ഉദ്ദേശിച്ചാൽ ആ ധനത്തിന് നിശ്ചിത ഉടമസ്ഥനുണ്ടെങ്കിൽ അത് ഉടമസ്ഥന് തിരിച്ചുനൽകൽ നിർബന്ധമാണ്. ഉടമസ്ഥൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അനന്തരവകാശികൾക്ക് നൽകണം. അതിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയുകയില്ല. അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലീംകളുടെ പൊതു മസ്‌ലഹത്തുകളിലേക്ക് ആ പണം നൽകേണ്ടതാണ്. പളളികൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം ഉദാഹരണമാണ്. അതില്ലെങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യണം. ഇതിലേക്കെല്ലാം പണം ഉപയോഗപ്പെടുതേണ്ടത് ഖാസിയാണ്. ഹറാമായ പണം കൈവശമുളളവൻ പണം ഖാസിയെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഖാസി വിശ്വസ്ഥനല്ലെങ്കിൽ അറിവും ദീനീചിട്ടയുമുള്ള ഒരാളെ അധികാരപ്പെടുത്തി പണം അദ്ദേഹത്തെ ഏൽപ്പിക്കണം. അത് കഴിയില്ലെങ്കിൽ പണം കൈവശമുളളവൻ നേരിട്ട് പണം പൊതു ആവശ്യങ്ങളിലേക്ക് നൽകണം (ശറഹുൽ മുഹദ്ദബ് 9/351 കാണുക).


ഇമാം ഇബനു ഹജർ(റ) എഴുതുന്നു: ബാധ്യതയായിത്തീർന്ന ധനം ഉടമസ്ഥനിലേക്കും അനന്തരവകാശിയിലേക്കും തിരിച്ചുനൽകൽ അസാധ്യമായാൽ വിശ്വസ്ഥനായ ഖാസിയെ ഏൽപിക്കണം. അതും സാധ്യമല്ലെങ്കിൽ പിന്നീട് ഉടമസ്ഥനെ കണ്ടെത്തിയാൽ അവന് ബാധ്യത കൊടുത്തു വീട്ടുമെന്ന നിശ്ചയത്തോടെ പണം കൈവശമുള്ളവൻ ആ പണം പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം (തുഹ്ഫ: 10/243).

ബിഗ്യ 158-ാം പേജിലും ഇത് സംബന്ധമായ വിശദീകരണമുണ്ട്. 


ചുരുക്കത്തിൽ പലിശയായി നിങ്ങൾക്ക് ലഭിച്ച സംഖ്യ അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചു കൊടുക്കണം. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അറിയാനുള്ള പ്രതീക്ഷയില്ലെങ്കിൽ മേൽ വിവരിച്ചപ്രകാരം, പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം. അതിന് പുറമെ ഹറാമായ പലിശയുമായി ബന്ധപ്പെട്ടതിൽ ഖേദിച്ചു ഇനിയൊരിക്കലും ബന്ധപ്പെടുകയില്ലെന്ന് തീരുമാനിച്ചും തൗബ ചെയ്‌ത് മടങ്ങണം. നിങ്ങൾക്ക് രക്ഷപ്പെടാനുളള മാർഗമിതാണ്.


ഹറാമായ ധനം കൈപറ്റിയവർക്ക് തൗബ ചെയ്ത് രക്ഷപ്പെടാനുളള വകുപ്പാണിത്. അല്ലാതെ ഹറാമായ ഇടപ്പെടലുകൾ തുടരുകയും അതിലൂടെ ലഭിക്കുന്ന ഹറാമായ പണം പൊതു ആവശ്യങ്ങളിലേക്കും ദാനം ചെയ്യുകയും ചെയ്യുന്ന രീതി രക്ഷയുടെ മാർഗമല്ല. അത് ശിക്ഷയുടെ വഴിയാണ്. സ്വദഖയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ഹറാമിന്റെ ശിക്ഷ ഉണ്ടാകുന്നതുമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ സൂക്ഷിക്കുക


ഫതാവാ നമ്പർ : 117  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

https://whatsapp.com/channel/0029VbB6F27EwEjtoNdOkU0g

അടവിന് വാങ്ങൾ അനുവദനീയമാണോ?الشراء المؤجل

 സംശയം: ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ഫർണിച്ചറുകൾ തുടങ്ങിയവ അടവിന് വാങ്ങൾ അനുവദനീയമാണോ? മാസംതോറും നിശ്ചിത സംഖ്യയായി ഒരു വർഷം അടക്കണമെന്ന വ്യവസ്ഥയിൽ മേൽ വസ്തുക്കൾ മുൻകൂറായി നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നിച്ച് പണം നൽകാൻ പ്രയാസമുള്ളവർക്ക് ഇത് സൗകര്യമാണ്. പക്ഷേ ഇങ്ങനെ വാങ്ങുമ്പോൾ റൊക്കം പണം നൽകി വാങ്ങുന്നതിനെക്കാൾ അൽപ്പം കൂടുതൽ നൽകണം. ഇത് അനുവദനീയമാണോ? ഇതിൽ പലിശയുണ്ടോ?


യൂനുസ് പൊന്നാനി


നിവാരണം: നിശ്ചിത സംഖ്യ വില നിശ്ചയിച്ച് വസ്തു‌ വാങ്ങുകയും പ്രസ്‌തുത സംഖ്യ നിശ്ചിത അവധിക്കുള്ളിൽ ഒന്നിച്ചോ പല തവണകളായോ അടച്ചുതീർക്കണമെന്ന് വ്യവസ്ഥചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു‌ വാങ്ങലാണിത്. ഇത് അനുവദനീയമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാണ്. വിലയുടെ നിശ്ചിതഭാഗം റൊക്കമായും ബാക്കി പല തവണകളായും നൽകണമെന്ന് നിശ്ചയിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടക്കേണ്ട സംഖ്യ കൃത്യമായി നിശ്ചയിക്കുന്നതിനും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചു കൊണ്ട് ഇടപാട് നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഗഡുക്കളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയിലധികമായി എന്നതുകൊണ്ടു പ്രശ്നമില്ല. അത് ഹറാമോ പലിശയോ അല്ല. അതേ സമയം വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് വില വ്യത്യാസപ്പെടുന്ന വിധമാണ് ഇടപാടെങ്കിൽ പറ്റില്ല. അത് ഇസ്ലാം വിരോധിച്ചതാണ്. ഉദാഹരണമായി ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ അയ്യായിരവും ഒരു വർഷം കൊണ്ടാണെങ്കിൽ പതിനായിരവും നൽകേണ്ടി വരുന്ന വിധം വില കൃത്യതയില്ലാതെ വിൽക്കലും വാങ്ങലും അനുവദനീയമല്ല. പതിനായിരം രൂപ വിലയായി നിശ്ചയിക്കപ്പെടുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകാൻ വേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട്. കൃത്യ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്‌തു വാങ്ങലും ആ വില നൽകാൻ വേണ്ടി വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ കടം വാങ്ങലും. ഇതിൽ രണ്ടാമത്തെ ഇടപാട് കടപ്പലിശയാണ്. ഏറ്റവും ഗുരുതരമായ വൻദോശങ്ങളിലൊന്നാണിത്. പലരും അടവിന് വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാട് നടത്താറുണ്ട്. വസ്‌തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടമിടപാട് നടത്തൽ മഹാ പാപമായ പലിശയാണ്. അല്ലാഹുവിലും മുത്ത് റസൂൽ(സ)യിലും വിശ്വസിക്കുന്ന മുസ്ല‌ിം പലിശയുമായി ബന്ധപ്പെട്ടുകൂടാ. ഈമാൻ അപകടത്തിലാക്കുന്ന മഹാ തെറ്റാണ് പലിശയെന്ന് വിശുദ്ധ ഖുർആനും തിരു സുന്നത്തും മുന്നറിയിപ്പു നൽകിയതാണ്.


വർദ്ധനവ് നൽകാമെന്ന വ്യവസ്ഥയിൽ കടമിടപാട് നടത്താതെ-വസ്തുവിന്റെ ഉടമസ്ഥനും വാങ്ങുന്നവനും വസ്തുവിന് കൃത്യ വില നിശ്ചയിക്കുകയും ആ വില വസ്തു‌ വാങ്ങുന്നവൻ ഉടമസ്ഥന് പല ഗഡുക്കളായി നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്ന് കരാർ ചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. ഇത് ഹറാമോ പലിശയോ അല്ല എന്നാണ് മുകളിൽ പറഞ്ഞത്. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയവും നിഷിദ്ധവുമായ വിവിധ രൂപങ്ങളുണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്.


ഫതാവാ നമ്പർ : 346

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ

 സംശയം: എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ?


ഇസ്മാഈൽ, പുഞ്ചാവി


നിവാരണം: ബേങ്കിൽ നിക്ഷേപിച്ച പണം ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വെച്ച് തിരിച്ചെടുക്കാനുള്ള സൗകര്യമാണല്ലോ എ. ടി. എം. ഈ നിലയിൽ ഇത് തെറ്റല്ല. എന്നാൽ ബേങ്കിലേക്ക് പണം നൽകിയത് പലിശ ഇടപാടിലൂടെയാണോ എന്നതാണ് പ്രശ്നം. വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടാണ്. പ്രസ്‌തുത വ്യവസ്ഥയോടെ പണം നൽകുന്നതിലൂടെ തന്നെ പലിശ എന്ന മഹാപാപം സംഭവിച്ചിരിക്കുന്നു. നൽകുന്നതിലേറെ തിരിച്ചു തരണമെന്ന നിബന്ധനയോടെ പണം കൊടുക്കൽ തന്നെ പലിശയെന്ന പാപമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ സ്വീകരിക്കൽ മാത്രമാണ് പാപം എന്ന ധാരണ ശരിയല്ല, വർദ്ധനവ് ലഭിക്കണമെന്ന നിബന്ധനയില്ലാതെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടല്ല. എങ്കിലും ആധുനിക ബേങ്കുകൾ പലിശ ഇടപാട് സ്ഥാപനങ്ങളായതിനാൽ സാധിക്കുമെങ്കിൽ അതും ഒഴിവാക്കലാണ് നല്ലത്.


ഫതാവാ നമ്പർ : 406

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടംالربا عند الضرورة

 സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്‌താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽ നിന്ന് ഒഴിവുണ്ടോ?


നിവാരണം: ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നല്കണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കികൊടുത്തു കൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരമാണ്. എന്നാൽ ശൈഖുനാ ഇമാംഇബ്‌നു ഹജർ(റ) പറഞ്ഞിട്ടുളളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336).


വിഷയ സംബന്ധമായി ഇമാംഇബ്‌നു ഹജർ(റ) നോടുളള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക: ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ  കടംവാങ്ങുകയും വർധനവ് നൽകുകയും ചെയ്‌താൽ നിർബന്ധിതാവസ്ഥകാരണമായി കുറ്റം ഒഴിവാകുമോ?

മറുപടി: അതെ ഈ സാഹചര്യത്തിൽ നിർബന്ധിതാവസ്ഥ കാരണം വർദ്ധനവ് നൽകുന്നതിൻ്റെ കുറ്റം ഒഴിവാകുന്നതാണ് 

(ഫതാവൽകുബ്റാ 2/279 കാണുക).


നിങ്ങളുടെ സംശയത്തിനുള്ള നിവാരണം മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. വിഷയം പലിശയായതിനാൽ സൂക്ഷിച്ചേ ഈ വകുപ്പ് ഉപയോഗപ്പെടുത്താവൂ എന്ന് ഓർമിപ്പിക്കുന്നു. പലിശ ഏറെ അപകടമുള്ളതാണെന്ന് അറിയാമല്ലോ.


ഫതാവാ നമ്പർ : 118 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ضرب يدينകയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്

 സംശയം: കയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്? മത്സര വേദികളിലും മറ്റും കൈ മുട്ടി പ്രോത്സാഹിപ്പിക്കൽ വ്യാപകമാണല്ലോ?


നിവാരണം: കൈ മുട്ടുന്നതിനെകുറിച്ച് കർമ്മ ശാസ്ത്ര ഇമാമുകൾക്കിടയിൽ വ്യത്യസ്ത‌ത അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു. നിസ്കാരത്തിലല്ലാത്തപ്പോൾ രണ്ടു കൈകൾ പത്തികളുടെ ഉൾഭാഗങ്ങൾ പരസ്‌പരം മുട്ടുന്നത് നിഷിദ്ധമാണെന്നതിൽ രണ്ടഭിപ്രായങ്ങളുണ്ട് (തുഹ്ഫ: 2/149). ഇമാം ഇബ്നു ഹജർ(റ) 'കഫ്ഫു റആഅ്' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: പുരുഷന്മാർക്ക് കൈ കൊട്ട് നിഷിദ്ധമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന നബി വചനമാണ് അവർ അവലംബിച്ചത്. എന്നാൽ അത് കറാഹത്താണെന്നാണ് 'ശറഹുൽ ഇർശാദി'ൽ ഞാൻ എഴുതിയിട്ടുള്ളത്. ഉപദാനങ്ങളിൽ വടി കൊണ്ടടിക്കുന്നത് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം. വിനോദ ഉദ്ദേശത്തിലാണെങ്കിലും കൈ കൊട്ടുന്നത് നിഷിദ്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇമാം മാവറദി(റ),ഇമാം ശാഫഈ(റ) തുടങ്ങിയവർ ഉപദാനങ്ങളിൽ വടികൊണ്ടടിക്കുന്നതിന്റെ വിധിതന്നെയാണ് കൈകൊട്ടിനുമെന്ന് പറഞ്ഞതായി ഞാൻ കണ്ടു.


അത് നിഷിദ്ധമല്ലെന്നാണ് പ്രബലം. എങ്കിൽ കൈകൊട്ടും നിഷിദ്ധമല്ല. കൈകൊട്ട് കറാഹത്താണെന്ന് ഇമാം ഹലീമി(റ) വ്യ ക്തമാക്കിയത് ഇതിനാലാണ്. ഇമാം ഇബ്നു രിഫ്‌അത്ത്(റ) അതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, കറാഹത്തിൻ്റെ വിവക്ഷ തഹ്‌രീമിൻ്റെ കറാഹത്താണെന്ന് (ഹറാം എന്ന അർത്തത്തിലുള്ള കറാഹത്ത്) അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. സ്ത്രീകളോട് സാദൃശ്യമാവുക എന്നതാണ് കാരണം. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. എന്നാൽ പ്രസ്തുത ഹദീസിൽ പറഞ്ഞത് നിസ്‌കാരത്തിൽ ഉണർത്തേണ്ട സന്ദർഭങ്ങളിൽ പുരുഷൻ തസ്ബീഹ് ചൊല്ലുന്നതിനു പകരം സ്ത്രീ കൈകൊട്ടുന്നതിനെ കുറിച്ചാണ്. നാം പറയുന്ന കൈ കൊട്ടിനെ കുറിച്ചല്ല. സ്ത്രീകളോട് സാദൃശ്യം നിഷിദ്ധമാകുന്നത് സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വിഷയങ്ങളിലാണ്. കൈ കൊട്ട് അത്തരം വിഷയങ്ങളിൽ പെട്ടതല്ല. അതിനാൽ കൈകൊട്ട് നിഷിദ്ധമല്ല. കറാഹത്താണ് എന്നതാണ് ന്യായമായിട്ടുള്ളത് (കഫ്ഫു റആഅ് 106 കാണുക). ഇമാം കുർദി(റ)ൻ്റെ ഫത്‌വ ഇപ്രകാരമാണ്: നിസ്കാരത്തിലല്ലാത്തപ്പോൾ ആവശ്യമില്ലാതെ വിനോദത്തിന് വേണ്ടിയോ സ്ത്രീകളോട് തുല്യത ഉദ്ദേശിച്ചുകൊണ്ടോ കയ്യടിക്കൽ ഹറാമാണെന്നാണ് ഇമാം റംലി(റ)ൻന്റെ നിലപാട്. ഫതാവയിൽ ഇക്കാര്യം വ്യക്തമാക്കിയിയട്ടുണ്ട്. വിനോദ ഉദ്ദേശ്യത്തിലാണെങ്കിലും കറാഹത്താണെന്നാണ് ശറഹുൽ ഇർശാദിൽ ഇബ്നു ഹജർ(റ) പറഞ്ഞിട്ടുള്ളത് (ഫതാവൽ കുർദി 152 കാണുക).


സ്ത്രീകൾ കൈകൊട്ടുന്നത് അനുവദനീയമാണ്. പുരുഷന്മാർ കൈകൊട്ടുന്നത് ഹറാമാണെന്നും കറാഹത്താണെന്നും അഭി പായങ്ങളുണ്ടെന്നും കറാഹത്തെന്നതാണ് പ്രബലമെന്നും മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിനോദമെന്ന നിലയിലല്ലാതെ ഒരാളെ വിളിക്കാൻ വേണ്ടിയോ എന്തെങ്കിലും കാര്യംഅറിയിക്കാൻ വേണ്ടിയോ കൈ കൊട്ടുന്നതിന് വിരോധമില്ലെന്ന് ഇമാം മാവർദി (റ) യിൽ നിന്ന് ശറഹുൽ ഇർശാദിൽ ഉദ്ധരിച്ചിട്ടുണ്ട്. ബഹു ശിഹാബുദ്ധീനുശ്ശാലിയാത്തി (ന: മ) യുടെ ഫതാവയിൽ  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കയ്യടി സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത ല്ല.


ഫതാവാ നമ്പർ : 337

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജ്വല്ലറിയുടെ ഓഫർ

 ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?


ഷാജഹാൻ ബേക്കൽ


ഉത്തരം: ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം  കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.


എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്‌തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല.മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.


ഫതാവാ നമ്പർ : 933

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

Thursday, December 4, 2025

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?


ഹമീദ്, ബാലുശ്ശേരി


ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്.


പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.


നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.


നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്‌തുത പണം പൊതു മസ്ലഹത്തിലേക്ക് നൽകി കൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്‌താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.


ഫതാവാ നമ്പർ : 480 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...