https://www.facebook.com/100024345712315/posts/pfbid02DageG6ca1DkcsWZrUsjPArnrCNSWSe3PyDdtXmtxn6rWjsqDajVcbf1frido8DzCl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 92/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*എടവണ്ണ പള്ളിയിലെ*
*ജാറം തകർത്തു*
ഒതായി, എടവണ്ണ, പത്തപ്പിരിയം പ്രദേശങ്ങളിൽ വിവിധ പേരുകളിൽ സംഘടനയുണ്ടാക്കി അതിൻെറ പേരിൽ പള്ളികൾ രജിസ്റ്റർ ചെയ്തു കൊണ്ടാണ് മൗലവിമാർ മഹല്ലുകൾ പിടിച്ചടക്കിയത്. ജംഇയ്യത്തുൽ മുഖ്ലിസീൻ സംഘം (ഒതായി), ലജ്നത്തുൽ ഇസ്‌ലാഹ് (എടവണ്ണ), ഇംദാദുൽ ഇസ്‌ലാം സംഘം (പത്തപ്പിരിയം) ഈ സംഘങ്ങൾക്ക് കീഴിലാണ് ഓരോ പ്രദേശത്തും പ്രവർത്തനങ്ങൾ ആരംഭിച്ചത്.
എടവണ്ണ വിശാലമായ ഒരു സുന്നി മഹല്ലായിരുന്നു. എടവണ്ണയിലെ ഒരു വലിയ്യിന്റെ കറാമത്ത് തന്റെ മകളിലൂടെ പ്രകടമായപ്പോൾ ഒരമുസ്‌ലിം സഹോദരൻ സന്തോഷത്തോടെ നൽകിയതാണ് എടവണ്ണ വലിയപള്ളി നിൽക്കുന്ന സ്ഥലവും അതിന്റെ പരിസരത്തായി നാല്പതോളം വീടുകൾ വെക്കാനുള്ള സ്ഥലവും. ആ മഹാന്റെ മഖ്ബറ ഇന്നും എടവണ്ണ വലിയ പള്ളിയിലുണ്ട്.
അറബിയിൽ ഖുതുബയും സുന്നി ആചാരങ്ങളും തുടർന്നുവന്ന പ്രദേശം. എടവണ്ണ ചെറുപള്ളിയിൽ മജ്നൂൻ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മഹാന്റെ മഖ്ബറയും ഉണ്ടായിരുന്നു.
എടവണ്ണ വലിയ പള്ളിയിലെ ഖത്തീബിന്റെ വാൾ മോഷ്ടിച്ചുകൊണ്ടാണ് മൗലവിമാർ വഹാബിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
"സുന്നി പാരമ്പര്യമനുസരിച്ച് നടന്നുവന്നിരുന്ന എടവണ്ണ വലിയ പള്ളിയിലും ഇതിൻെറ അലയൊലികൾ പ്രകടമായിരുന്നു. വെള്ളിയാഴ്ച ഖുതുബക്ക് ഉപയോഗിച്ചിരുന്ന വാൾ ഒരു ദിവസം അപ്രത്യക്ഷമായി. അന്ന് തിരുവാലി, പാഴേടം,പുലത്ത്, കാരക്കുന്ന്, പാണ്ടിയാട് പത്തപ്പിരിയം, അയിന്തൂർ, പാലപ്പറ്റ, പള്ളിമുക്ക് , പന്നിപ്പാറ, കുണ്ട്തോട് ചാത്തല്ലൂർ, ഒതായി, മുണ്ടേങ്ങര എന്നീ പ്രദേശങ്ങളിലുള്ളവരെല്ലാം എടവണ്ണ മഹല്ലിന്റെ കീഴിലായിരുന്നു. വാൾ നഷ്ടപ്പെട്ടത് 28 പള്ളികളുടെ മേൽ ഖാളിയായിരുന്ന മുസ്‌ലിയാരകത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരെ ക്ഷുഭിതനാക്കി.
വാൾ ഇല്ലെങ്കിൽ ഈ പള്ളിക്കാട്ടിൽ തെച്ചിക്കമ്പുള്ള കാലത്തോളം തെച്ചിക്കമ്പ് പിടിച്ചു ഞാൻ ഖുതുബ നടത്തുമെന്ന് ഒരു വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. ഖുത്ബ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് എരഞ്ഞിക്കൽ വീരാൻകുട്ടി (മിഅറാനിയ) യുടെ നേതൃത്വത്തിൽ 151 പേർ ഒപ്പിട്ട ഒരു നിവേദനം 4 - 6 - 1947 ഖാസിക്കു നൽകി. ആ വെള്ളിയാഴ്ച നമസ്കാരശേഷം പുറം പള്ളിയിലേക്ക് ഇറങ്ങി വന്ന് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാർ പറഞ്ഞു: നബി(സ) എങ്ങനെ ഖുതുബ നടത്തിയോ അതുപോലെയാണ് ഞാൻ ഇതുവരെ ഖുത്ബ നടത്തിയിരുന്നത്. ഈ മാതൃക മാത്രമേ ഞാൻ പിന്തുടരൂ. യോജിക്കാൻ പറ്റാത്തവർക്ക് യുക്തം പോലെ പ്രവർത്തിക്കാം. "
(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും - പേ: 98)
വലിയ പള്ളിയിൽ അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ പോയപ്പോൾ അന്ന് എല്ലാവരും പിരിഞ്ഞു പോയി. (തങ്ങളുടെ ഇംഗിതങ്ങൾക്ക് വിധേയനാകാത്ത മുസ്‌ലിയാരകത്ത് കുടുംബത്തിലെ പരമ്പരാഗത ഖാസിയായിരുന്ന വലിയ പള്ളിയിലെ ഖാസിയെ പിന്നീട് പെണ്ണാരോപണങ്ങൾക്ക് വിധേയനാക്കി പുറത്ത് ചാടിച്ചെന്നാണ് അറിവ്.)
വലിയ പള്ളിയിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ ആയപ്പോൾ അലവി മൗലവി ഖാസിയായി പ്രവർത്തിക്കുന്ന എടവണ്ണയിലെ ചെറുപള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു അവരുടെ തീരുമാനം. അവിടെ തമ്പടിക്കുകയും ഒരു സംഘടനക്ക് രൂപം നൽകുകയും അവിടെയുണ്ടായിരുന്ന മഖ്ബറ തച്ചുടക്കുകയും ചെയ്തു.
"ചെറുപള്ളി ശുചിയാക്കുകയും മഗ്‌രിബ് നിസ്കാരാനന്തരം ഭാവി പ്രവർത്തനങ്ങൾക്കായി ലജ്നത്തുൽ ഇസ്‌ലാഹ് അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എ അലവി മൗലവി ആയിരുന്നു ചെറുപള്ളിയിലെ ഖാസി. മൂന്ന് ആഴ്ച അദ്ദേഹം ഖുതുബ നടത്തി. അദ്ദേഹത്തിൻ്റെ അസൗകര്യം കാരണം നാലാം വെള്ളിയാഴ്ച ഖുതുബ നടത്തിയത് പി മോയിൻകുട്ടി മൗലവി ആയിരുന്നു. അന്നാണ് നേർച്ചയും വഴിപാടു മെല്ലാം ഉണ്ടായിരുന്ന മജ്നൂൻ തങ്ങളുടെ ജാറം നീക്കിയത്. "
(ഒതായിയും ഇസ്‌ലാഹി
പ്രസ്ഥാനവും പേജ് : 98)
എടവണ്ണയിൽ നിന്ന് പുറത്തിറക്കിയ ജിഹാദ് എന്ന പ്രസിദ്ധീകരണത്തിൽ ഈ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് :
"വിഗ്രഹധ്വംസനം അഥവാ ജാറം പൊളി : വലിയ പള്ളിയുടെ ചെരുവിൽ നിർമ്മിച്ചിരുന്ന ജാറം പൊളിച്ചു മാറ്റാൻ തൗഹീദിന്റെ ആളുകൾ തീരുമാനിച്ചു. അലവി മൗലവിയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ തീരുമാനം. വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പൊളിക്കുക. തീരുമാനം ഇവ്വിധമായിരുന്നു. എന്നാൽ ഈ വെള്ളിയാഴ്ച മറ്റൊരു പ്രധാന സംഭവത്തിന് കേരളക്കര ആദ്യമായി സാക്ഷ്യം വഹിക്കുകയായിരുന്നു. കേരളത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യമായി ഒരു ജുമുഅ സംഘടിപ്പിക്കാൻ ഒതായിയിലെ പി വി മുഹമ്മദാജി തീരുമാനിച്ചു. ഈ ജുമുഅ ഉദ്ഘാടനം ചെയ്യാൻ അലവി മൗലവി പോയതുകൊണ്ട് ഒതായിയിലെ മോയിൻകുട്ടി മൗലവിയെ എടവണ്ണയിൽ ഖുതുബ നിർവഹിക്കാൻ നിയോഗിച്ചു. അദ്ദേഹത്തിൻറെ ജുമുഅ ഖുതുബക്ക് ശേഷം ധീര മുജാഹിദുകൾ ജാറം പൊളിക്കാൻ വേണ്ടി തയ്യാറെടുത്തു. മുഹമ്മദ് നബിയും സ്വഹാബി വര്യന്മാരും ഉയർത്തപ്പെട്ട ജാറങ്ങൾ പൊളിച്ചു മാറ്റിയിരുന്നത് ഭരണാധികാരം ലഭിച്ച ശേഷവും നാട് ഫത്ഹ് ആയതിനുശേഷവുമായിരുന്നു. എന്നാൽ എടവണ്ണ ഫത്ഹാവുന്നതിന് മുമ്പാണ് ഈ ധീരത എടവണ്ണയിലെ മുജാഹിദുകൾ പ്രകടിപ്പിച്ചതെന്ന് വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "
(ജിഹാദ് 89, പേജ് : 27)
തങ്ങളുടെ മഖ്ബറ പൊളിക്കുന്ന വെള്ളിയാഴ്ച ദിവസം ഖുത്ബക്ക് വരാതെ അലവി മൗലവി മാറിനിന്നതിന്റെ കാരണം വ്യക്തമല്ല. വല്ല മുസീബത്തും സംഭവിക്കുമെന്ന് ഭയപ്പെട്ടൊ കേസുകളെ ഓർത്ത് ഭയന്നത് കൊണ്ടോ ആവാം മൗലവി ചിത്രത്തിൽ നിന്ന് മാറിയത്.
'ജിഹാദ് ' എന്ന പ്രസിദ്ധീകരണത്തിൽ പറയുന്ന കാരണം ചരിത്രപരമായി ശരിയല്ല. ഒതായിയിൽ സ്ത്രീകൾക്ക് കൂടിയുള്ള ജുമുഅ ആദ്യമായി ആരംഭിക്കുന്നതിനാൽ അലവി മൗലവി ഒതായിയിലേക്ക് പോയി എന്നാണ് ' ജിഹാദി 'ൽ പറയുന്നത്. എടവണ്ണ മഖ്ബറ തകർക്കുന്നത് 1947 ലും ഒതായിയിൽ സ്ത്രീകൾ ജുമുഅയിൽ ആദ്യമായി പങ്കെടുത്തത് 1946 ലുമാണ്. 1946 ൽ നടന്ന പരിപാടിക്കാണ് 1947 ൽ അലവി മൗലവി പോയത് എന്നു പറയുന്നത് വഹാബികൾക്ക് മാത്രം ഉൾക്കൊള്ളാൻ പറ്റുന്ന ചരിത്രമാണ്.