Wednesday, May 29, 2024

ഒരു സംവാദ വെല്ലുവിളിയിൽ* *19 പേർ തിരിച്ചു വന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം *111*

 https://www.facebook.com/share/p/AjnXLXGkbyNYcq6C/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം *111*

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഒരു സംവാദ വെല്ലുവിളിയിൽ*

*19 പേർ തിരിച്ചു വന്നു*


വഹാബിയായാൽ പിന്നെ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരൽ പ്രയാസമാണെന്ന് പറയാറുണ്ട്, അതൊരു വസ്തുതയാണ്. കാരണം ബിദ്അതിൽ അകപ്പെട്ട ഒരാളുടെ മിനിമം കോളിഫിക്കേഷൻ ഔലിയാക്കളെ നിന്ദിക്കലും നിസ്സാരപ്പെടുത്തലും പരിഹസിക്കലുമാണ്. എത്രത്തോളം ഹാസ്യമായി മാല മൗലിദുകളെ വിമർശിക്കുന്നുവോ അവർക്കായിരിക്കും മൗലവിമാർക്കിടയിൽ വലിയ സ്ഥാനം. എ അലവി മൗലവി, എൻ.പി അബ്ദുസ്സലാം മൗലവി, രണ്ടത്താണി സൈതു മൗലവി  തുടങ്ങിയ പൗരാണികരും സകരിയ സ്വലാഹി, ഹുസൈൻ സലഫി, ഹനീഫ മൗലവി, ലത്തീഫ് മൗലവി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ ആധുനികരുടെയും പ്രഭാഷണങ്ങൾ ശ്രദ്ധിച്ചുനോക്കൂ, ഔലിയാക്കളെ നിസ്സാരപ്പെടുത്താത്ത വിമർശിക്കാത്ത ഒരു പ്രഭാഷണം അപൂർവമായിരിക്കും. ഇത് കേട്ട് വളരുന്ന മുജാഹിദ് പ്രവർത്തകരും സ്വാഭാവികമായും മഹാന്മാരെ നിന്ദിക്കുന്നവരും നിസ്സാരപ്പെടുത്തുന്നവരുമായി വളരും.


മുജാഹിദായി രംഗത്ത് വരുന്ന ഒരാൾ ആദ്യമായി ആക്ഷേപിക്കുന്നത് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ:സി) തുടങ്ങിയവരെയായിരിക്കും.  ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന ഒരാളുടെ ആഖിബത്ത് ശരിയായി കിട്ടും എന്ന് വിചാരിക്കാൻ ഒരു വകുപ്പുമില്ല. ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നവരോട് അല്ലാഹു തആല യുദ്ധം പ്രഖ്യാപിച്ചു എന്ന ഹദീസ് നമുക്ക് നൽകുന്ന സന്ദേശം  അത്തരക്കാരുടെ  പര്യവസാനം ഈമാനില്ലാതെയാവും എന്നാണല്ലൊ.

അതുകൊണ്ടുതന്നെ പഴമക്കാർ പറയും വഹാബിസം മാരക രോഗമാണ്. ആത്മാവിന് പിടിപെടുന്ന ക്യാൻസറാണ്. അപൂർവ്വമേ രക്ഷപ്പെടുകയുള്ളൂ.  


എന്നാലും ചിലരുണ്ട്, അവർ ചില കാര്യങ്ങളിൽ തെറ്റിദ്ധരിച്ച് ബിദ്അത്തുകാരനായെങ്കിലും ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നതിൽ നിന്നും മാറി നിന്നവരായിരിക്കും. അത്തരക്കാർ സത്യം ബോധ്യപ്പെട്ടു തിരിച്ചുവരാറുണ്ട്. അവർക്ക് സുന്നി പണ്ഡിതരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഉപകരിക്കാറുമുണ്ട്.   


ശംസുൽ ഉലമ ഇ.കെ ഉസ്താദിന്റെ തൃപ്പനച്ചി പ്രസംഗം കേട്ട് നിരവധി ആളുകൾ സുന്നത്ത് ജമാഅത്തിലേക്ക് തിരികെ വന്നതങ്ങിനെയാണ്. 


1952 ജനുവരി 10 ന് ഇ കെ ഉസ്താദ് തൃപ്പനച്ചിയിൽ പ്രസംഗിക്കുന്ന വിവരം അറിഞ്ഞപ്പോൾ മൗലവിമാർ ഒരു നോട്ടീസിറക്കി. "ഇ കെ അബൂബക്കർ മുസ്‌ലിയാർ ശിർക്കിനെ പ്രചരിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം ഖണ്ഡിക്കാൻ സ്റ്റേജ് അനുവദിച്ചു കൊടുക്കണമെന്നും " കാണിച്ചു കൊണ്ടുള്ള ഒരു നോട്ടീസായിരുന്നു അത്. 


നോട്ടീസുമായി ശംസുൽ ഉലമ സ്റ്റേജിൽ കയറി. സമസ്ത പ്രചരിപ്പിക്കുന്ന ശിർക്ക് എന്തെല്ലാമാണെന്നുള്ള ഒരു ലിസ്റ്റ് നാളെത്തന്നെ മൗലവിമാർ ഇവിടെ പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനുശേഷം ഖണ്ഡനത്തിനും വാദപ്രതിവാദത്തിനും സ്റ്റേജ് അനുവദിക്കാം എന്നും പരസ്യമായി ഉസ്താദ് പ്രഖ്യാപിച്ചു. ആറു ദിവസമാണ് തൃപ്പനച്ചിയിൽ പ്രസംഗത്തിന് ഏറ്റത്.  എല്ലാദിവസവും മൗലവിമാരെ വെല്ലുവിളിക്കും. നാലാം ദിവസം പുതനാരി ഉണ്ണി മമ്മദ് സാഹിബും പൊട്ടൻചാലി ഉണ്ണി മൊയ്തീൻ ഹാജിയും അടങ്ങുന്ന ഒരു സംഘം ശംസുൽ ഉലമയെ കണ്ടു. ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒരു വാദപ്രതിവാദം മുഖേന തെളിയിക്കുന്നതിന് തയ്യാറാണോ എന്ന്  ചോദിച്ചു. അതിന് ഞങ്ങൾ എപ്പോഴും തയ്യാറാണെന്ന് ഇ.കെ ഉസ്താദ് സന്തോഷത്തോടെ മറുപടി കൊടുത്തു. മൗലവിമാരെ സമീപിച്ച് നാളെത്തന്നെ വിവരം തരാം എന്ന് പറഞ്ഞ് അവർ മടങ്ങി. പക്ഷേ ശംസുൽ ഉലമയെ നന്നായി അറിയുന്ന മൗലവിമാർ അതിന് സമ്മതിച്ചില്ല. ഇതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി അവിടെയുള്ള 9 പേര് സുന്നത്ത് ജമാഅത്തിലേക്ക് അപ്പോൾ തന്നെ മടങ്ങി വന്നു. അവരുടെ പേരും അഡ്രസ്സും അക്കാലത്ത് പുറത്തിറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു.


" 1 - പൊട്ടൻ ചാലി ഉണ്ണി മൊയ്തിൻ ഹാജി.

 2- പുതനൂരി ഉണ്ണി മുഹമ്മദ് 

3- പുതനാരി വീരാൻകുട്ടി 

4- ചെമ്പറേരി വലിയ വീരാൻ 

5- ചെമ്പറേരി ഉണ്ണി മമ്മത് 

6-കള്ളി വളപ്പിൽ ഹസ്സൻകുട്ടി

 7 - മുള്ളൻ തുടിക ഇത്താലുട്ടി 

8 -  ഒ.പി കുഞ്ഞാലൻകുട്ടി 

9 -സി. ഉണ്ണിമമ്മത്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 ഫെബ്രുവരി പേ: 14)

ഈ 9 പേർക്ക് പുറമേ അടുത്ത വെള്ളിയാഴ്ച 10 പേർ കൂടി സുന്നി യിലേക്ക് തിരിച്ചുവന്നു എന്ന് ഹിദായതുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ.കെ ഉസ്താദിൻ്റെ* *പടയോട്ടവും മൂർഖൻ* *സെയ്തലവിയുടെ രാജിയും* ➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 110

 https://www.facebook.com/share/p/mqK4SpQNuiUvFiWQ/?mibextid=oFDknk

*ഇ.കെ ഉസ്താദിൻ്റെ* 

*പടയോട്ടവും മൂർഖൻ* 

*സെയ്തലവിയുടെ രാജിയും*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 110


✍️ Aslam saquafi payyoli


അരീക്കോട് , എടവണ്ണ തുടങ്ങിയ വഹാബി കേന്ദ്രങ്ങളിൽ  ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഖണ്ഡന പ്രഭാഷണത്തിന് നേതൃത്വം കൊടുത്തവരാണ് ബഹു : ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ. പ്രസംഗത്തിനിടയിൽ മൗലവിമാർക്ക് സംശയനിവാരണത്തിന് അവസരം കൊടുത്തു കൊണ്ടായിരുന്നു അന്നത്തെ പരിപാടികൾ സംവിധാനിച്ചിരുന്നത്. 


അക്കാലത്തെ ചില പരിപാടികളുടെ നോട്ടീസ് ഇവിടെ പകർത്തട്ടെ; അന്നത്തെ ആവേശവും സത്യം തുറന്നു പറയാനുള്ള തന്റേടവും ഇതിലൂടെ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.


" വമ്പിച്ച മതപ്രസംഗം എടവണ്ണ

1942 മാർച്ച് 9 മുതൽ എടവണ്ണയിൽ പ്രത്യേകമായി തയ്യാർ ചെയ്തിട്ടുള്ള സ്ഥലത്ത് വെച്ച് കുറച്ചുദിവസം ബഹുമാനപ്പെട്ട ഇ കെ അബൂബക്കർ മുസ്‌ലിയാർ അവർകൾ ഒരു പ്രസംഗം നടത്തുന്നതാണ്. തദവസരത്തിൽ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ ആചാരങ്ങളെ വിവരിക്കുന്നതും അതിനെതിരിലുള്ള പുത്തൻ പ്രസ്ഥാനക്കാരെ രേഖാ സഹിതം ഖണ്ഡിക്കുന്നതുമാണ്. ആകയാൽ കൂട്ടംകൂട്ടമായി യോഗത്തിന് എത്തിച്ചേരുവാൻ അപേക്ഷ. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 - മാർച്ച്)


"1952 ഫെബ്രുവരി 10ന് ഞായറാഴ്ച രാത്രി 8 മണി മുതൽ അരീക്കോട് മണപ്പുറത്ത് വെച്ച് അൽ ആലിമുൽ അല്ലാമാ ഇ കെ അബൂബക്കർ മുസ്ലിയാർ അവർകളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്. പ്രസംഗത്തിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസാചാരങ്ങൾ വിവരിക്കുന്നതും അതിനെതിരിൽ പ്രവർത്തിക്കുന്ന വഹാബി ഖാദിയാനി മൗദൂദി മുതലായ പുത്തൻ പ്രസ്ഥാനക്കാരുടെ വാദങ്ങളെ രേഖാ സഹിതം എണിക്കുന്നതുമാണ്. തദവസരത്തിൽ തവസ്സുൽ ഇസ്തിഗാസ ശിർക്കാണെന്ന് വാദിച്ച് സമുദായത്തിൽ കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മൗലവിമാർക്ക് അവരുടെ വാദം രേഖസഹിതം തെളിയിക്കുവാൻ തയ്യാറു ണ്ടെങ്കിൽ സമാധാനപരവും നിയമാനുസൃതവുമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. പ്രസംഗം കേൾക്കാൻ ആയിരക്കണക്കായി പങ്കുകൊള്ളുവാൻ അപേക്ഷ. "

(ഹിദായത്തിൽ മുഅ്മിനീൻ

1952 ഫെബ്രുവരി)


ഇ കെ ഉസ്താദിൻറെ പാണ്ഡിത്യവും ധൈര്യവും വഹാബി കോട്ടകളിൽ വലിയ വിള്ളലുകൾ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി വഹാബികൾ സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി വരാൻ അന്നത്തെ പ്രഭാഷണങ്ങൾ കാരണമായിട്ടുണ്ട്.


ഉസ്താദിന്റെ പ്രസംഗ കേട്ട് വഹാബിസം വിട്ട അരീക്കോട് മൂർഖൻ സൈതലവി എന്നയാൾ ഉസ്താദിൻ്റെപ്രസംഗവേദിയിൽ കയറിവന്ന് രാജിപ്രസ്താവന വായിച്ച ചരിത്രം ഹിദായത്തുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.


മൂർഖൻ സൈതലവിയുടെ രാജിക്കത്ത് താഴെ ചേർക്കുന്നു.

"ഇന്നത്തെ ഈ മഹാസദസ്സിൽ മൂർഖൻ സൈതലവിഎന്ന ഞാൻ അറിയിക്കുന്നത്. എന്തെന്നാൽ രണ്ടര കൊല്ലത്തോളമായി ഇവിടുത്തെ മുജാഹിദുൽ ഇസ്‌ലാം സംഘത്തിൽ ഞാൻ മെമ്പറായി ചേർന്നിട്ട്. ഖുർആനും സുന്നത്തിനും യോജിച്ച വിധത്തിൽ ജീവിക്കുവാൻ ഉതകുന്ന ഒരു സംഘം ആണെന്നോ തെറ്റിദ്ധരിച്ചു കൊണ്ടാണ് ഞാൻ അവരുടെ പ്രതിജ്ഞയിൽ ഒപ്പു വെച്ചുചേർന്നത്. എന്നാൽ ഇവിടെ നടന്ന വയളിൽ വെച്ച് മുജാഹിദുൽ ഇസ്‌ലാം സംഘം ഇസ്‌ലാമിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ അതിൽനിന്ന് ഞാൻ പരിപൂർണ്ണമായും രാജിവച്ചു ഒപ്പിടുകയും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ചു ജീവിക്കുവാൻ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. അല്ലാഹു നമ്മെ ഹിദായത്തിൽ ഒരുമിച്ചു കൂട്ടട്ടെ- ആമീൻ.

എന്ന്,

മൂർഖൻ സൈതലവി (ഒപ്പ്)

(ഹിദായതുൽ മുഅ്മിനീൻ മാസിക )

ചന്ദ്രികയുടെ പരസ്യം* *വഹാബി മാസികയിൽ* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 109

 https://www.facebook.com/share/yguWrQvx5CcVyfEE/?mibextid=oFDknk

*ചന്ദ്രികയുടെ പരസ്യം*

*വഹാബി മാസികയിൽ*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 109

✍️ Aslam Saquafi Payyoli

➖➖➖➖➖➖➖➖➖➖➖

വക്കം മൗലവിയുടെ പത്രമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചരണം പിന്തുടർന്നു കൊണ്ടാണല്ലൊ കെ. എം മൗലവി ചന്ദ്രികക്ക് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ വഹാബി പണ്ഡിത സഭയുടെ പ്രസിദ്ധീകരണമായ അൽമുർശിദിന്റെ ആദ്യ പതിപ്പ് മുതൽ തന്നെ ചന്ദ്രികയുടെ പരസ്യം സ്ഥാനം പിടിച്ചത് കാണാം.

1935 ഫെബ്രുവരി മാസത്തെ അൽ മുർശിദ് (പുസ്തകം 1 ലക്കം 1) നൽകിയ പരസ്യവാചകം ഇങ്ങനെയാണ്:


" ചന്ദ്രിക :

മതം, സമുദായം, രാഷ്ട്രം, ശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു ഉത്തമ മുസ്‌ലിം ദേശീയ പ്രതിവാര പത്രം. "


ഈ പത്രത്തിലെ മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വിശ്വാസികളിൽ ശിർക്കും കുഫ്റും ആരോപിച്ച് സമുദായത്തെ രണ്ടാക്കി പിളർത്തിയ കെ എം മൗലവിയും ടീമും ആണെന്നതിനാൽ ഇതിലെ മതം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഏതായാലും ഈ ബിദഈ പ്രചാരണ മുന്നേറ്റത്തെ തടയിടുന്നതിൽ അന്നത്തെ സുന്നി നേതൃത്വം നന്നായി ശ്രമം നടത്തിയിരുന്നു. ഹിദായതുൽ മുഅ്മിനീനിലെ ഒരു പ്രതിഷേധ കുറിപ്പ് കൂടി ഉദ്ദരിച്ച് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം. 


"ചന്ദ്രിക പത്രത്തെ മുസ്‌ലിംകൾ സൂക്ഷിക്കണം:

ദീൻ നശിച്ചാലും മുസ്ലിം ലീഗിൽ ഉൾക്കൊള്ളുന്ന സമുദായത്തെ നിലനിർത്തി ലീഗിനെ രക്ഷിക്കുക എന്നുള്ളതാണ് ചന്ദ്രികയുടെ നില. ദീനുൽ ഇസ്ലാമിനും സുന്നത്ത് ജമാഅത്തിലെ വിശ്വാസത്തിനും ദോഷകരമായി പല സംഗതികളും ചന്ദ്രികയിൽ എഴുതിയതിനെപ്പറ്റി പത്രാധിപരെ അറിയിച്ചാൽ അത് തിരുത്തുകയോ മറുപടി പറയുകയോ ചെയ്യുന്നതിന് പത്രാധിപർ തയ്യാറില്ല. സമുദായം നശിച്ചാലും ദീൻ നിലനിൽക്കണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഇത്തരം സംഗതികൾ എഴുതാതെ മറച്ചുവെക്കുക സാധ്യമല്ല. 1951 ഒക്ടോബർ 13ന് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മുഹറം പത്താം ദിവസത്തെ മഹാത്മ്യം പറഞ്ഞ കൂട്ടത്തിൽ ഇരുപത്തിയൊന്നാം പേജ് രണ്ടാം കോളം ഇരുപതാമത്തെ വരിയിൽ ഈസാ അലൈഹി സലാം കുരിശിന്മേൽ തറക്കപ്പെട്ടത് ഈ ദിവസമായിരുന്നവത്രേ എന്ന് എഴുതിയിട്ടുണ്ട്. ആ സംഗതി അബദ്ധപ്പെട്ടു പോയതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം വിവരം അറിയിക്കുകയും വേണം എന്ന് കാണിച്ച് 19/ 10 / 51 ചന്ദ്രിക പത്രാധിപർക്ക് ഒരു കാർഡ് അയച്ചു. ഇന്നുവരെയും അതിന് മറുപടി തന്നില്ല...ചന്ദ്രികയേയോ മറ്റേതെങ്കിലും ഒരു വ്യക്തിയെയോ നിലക്കുനിർത്തുക ആരാലും സാധ്യമല്ല. അതുകൊണ്ട് പ്രിയപ്പെട്ട മുസ്‌ലിം സുഹൃത്തുക്കളെ നിങ്ങൾ ചന്ദ്രിക വായിക്കുന്നതാണെങ്കിൽ ദീനിയായ വല്ല സംഗതികളും അതിൽ എഴുതി കണ്ടാൽ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ സമീപിച്ച് സംശയം തീർത്ത് അല്ലാതെ നിങ്ങൾ വിശ്വസിക്കരുത് എന്ന് പ്രത്യേകം അപേക്ഷയുണ്ട്. സുന്നി മുസ്‌ലിംകളും ലീഗിൽ നിലകൊള്ളുന്നുണ്ടെന്ന് പത്രാധിപരുടെ ഓർമ്മയിൽ ഇരിക്കട്ടെ."

(ഹിദായത്തുൽ മുഅ്മിനീൻ 

1951 ഡിസം: പേജ് : 2 )

ചന്ദ്രികക്കെതിരെ* *ശക്തമായ പ്രതിഷേധം* *മുജാഹിദ് പ്രസ്ഥാനം* *ഒരു സമഗ്ര പഠനം 108*

 https://www.facebook.com/share/p/dxA21F7QazRwdX2d/?mibextid=oFDknk

*ചന്ദ്രികക്കെതിരെ* 

*ശക്തമായ പ്രതിഷേധം*


*മുജാഹിദ് പ്രസ്ഥാനം* 

*ഒരു സമഗ്ര പഠനം 108*

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

സുന്നി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച ചന്ദ്രികക്കെതിരെ ശക്തമായ പ്രതിഷേധം അക്കാലങ്ങളിൽ തന്നെ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് എല്ലാം  'പത്രാധിപർ ഉത്തരവാദിയല്ല' എന്ന മറുപടിയായിരിക്കുമത്രെ ചന്ദ്രികയുടെ ഭാഗത്തുന്നുണ്ടാവുക. 


ചന്ദ്രികയിൽ വന്ന സുന്നി വിരുദ്ധ ഭാഗങ്ങൾ  ഉദ്ധരിച്ചു കൊണ്ട് അക്കാലത്തെ സുന്നി പ്രസിദ്ധീകരണമായ ഹിദായത്തുൽ മുഅ്മിനീനിൽ വന്ന ശക്തമായ പ്രതിഷേധത്തിന്റെ ചില ഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം.


"ചന്ദ്രിക - സുന്നത്ത് ജമാഅത്തിന്റെ ഒന്നാംതരം ശത്രു ! 

ഇസ്‌ലാമിക നിയമങ്ങൾ വീണ്ടും പരിശോധിച്ച് അഴിച്ചു കൂട്ടണം പോൽ!

(ഇതാണ് തലവാചകം)

നമ്മുടെ മലബാറിൽ മദ്ഹബുകളെ കൈവെടിഞ്ഞുകൊണ്ട്, സ്വന്തം ഗവേഷണത്തിന് ഒന്നാമതായി പ്രേരണ നൽകിയത് ഇന്നത്തെ ലീഗ് സെക്രട്ടറിയായ സീതിസാഹിബും കൂട്ടുകാരും രൂപീകരിച്ച ഐക്യ സംഘമായിരുന്നു. എന്നാൽ ഇന്ന് മുസ്‌ലിം ലീഗിന്റെ നാക്കായ ചന്ദ്രിക പത്രം അവരെക്കാൾ കൂടുതൽ "കട്ടിയുള്ള" നവീന വാദങ്ങളാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. അത് താഴെ നമ്പറിട്ട് കൊടുത്തിരിക്കുന്ന കുറിപ്പുകളിൽ നിന്ന് വിവരണം കൂടാതെ തന്നെ വ്യക്തമാകുന്നതാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ചില പുത്തൻ വാദങ്ങൾ :-


"ആധുനിക ചിന്തകന്മാർക്ക് പൂർവ്വ മുസ്‌ലിംകളോളം ചിന്തിക്കുവാനുള്ള സൗകര്യങ്ങൾ ഇല്ലെന്നുള്ള ചിലരുടെ വാദം വെറും അബദ്ധമാണ്. "

(ചന്ദ്രിക ആഴ്ചപതിപ്പ്

1951 മെയ് 26)


"ആധുനിക ലോകത്ത് സംജാതമായിരിക്കുന്ന നവ്യ സാഹചര്യങ്ങളിൽ ഇസ്‌ലാമിക നിയമങ്ങളെ പുന:പരിശോധന ചെയ്ത് പുന:സംവിധാനം ചെയ്യേണ്ട സമയം ആസന്നമായിരിക്കയല്ല , അതിക്രാന്തമായിരിക്കുന്നു എന്ന് വേണം പറയാൻ. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1951 മെയിൽ 26)


"കഴിഞ്ഞുപോയ തലമുറകൾ ഇസ്‌ലാമിനെ പറ്റി ചിന്തിച്ചു വച്ചിട്ടുള്ളതിനെ നാം ആശ്രയിച്ചു കഴിയുകയാണ്. തൽഫലമായി നമ്മുടെ ഇപ്പോഴത്തെ പ്രത്യയശാസ്ത്രവും ഫിഖ്ഹും  പഴകിയ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ഷാപ്പ് പോലെയായി തീർന്നിരിക്കുന്നു. മൂലമായ ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ പോലും കഴിയാത്ത രീതിയിലുള്ള ചിന്താ വസ്ത്രങ്ങൾ അങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു ; ചിലപ്പോൾ കീറിപ്പറഞ്ഞതുതന്നെ തുന്നിക്കൂട്ടുകയും ചെയ്യുന്നു. വാങ്ങുന്നവർ പഴയ തയ്യൽക്കാരന്റെ വിരുത് പ്രശംസിക്കുന്നതിൽ ആനന്ദം കൊള്ളുന്നു. വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലേക്ക് ഇസ്‌ലാം ഒരു പ്രായോഗിക ജീവിത രീതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടുന്ന ഒരു പ്രസിദ്ധ ഘട്ടത്തിൽ ലോകം നിലകൊള്ളുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള ഒരു മനോഭാവം അവലംബിക്കാൻ നിവൃത്തിയില്ല. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1953 ജൂൺ 27 )


ചന്ദ്രികയിലെ സുന്നിവിരുദ്ധ നിലപാടുകളുടെ ചില ഉദാഹരണങ്ങൾ എടുത്ത് ഉദ്ധരിച്ച ശേഷം ഹിദായത്തുൽ മുഅ്മിനീൻ തുടരുന്നു :


"ഇതിൽ നിന്നും മനസ്സിലാകുന്നത് ലീഗ് പത്രമായ ചന്ദ്രിക മുമ്പത്തെ നില മാറ്റി, ഇപ്പോൾ പച്ച പുതപ്പിനുള്ളിലിരുന്നു കൊണ്ട് ഖാദിയാനി, മൗദൂദി തുടങ്ങിയ കള്ളവാദികൾക്ക് ചൂട്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ്.  പഴയ തുന്നക്കാർ ദീനിൻ്റെ അഇമ്മത്തുകളായ ഇമാമുകൾ റസൂൽ (സ) കാട്ടിത്തന്ന മാർഗ്ഗം സ്വഹാബാക്കളിൽ നിന്നും ഗ്രഹിച്ചു നമ്മുടെ നന്മയെ ലാക്കാക്കി വിവരിച്ചു എഴുതി വെച്ചിട്ടുള്ള കിതാബുകളെയെല്ലാം പഴകിയ വസ്ത്രങ്ങളാണെന്ന് പറഞ്ഞു വലിച്ചെറിഞ്ഞുകൊണ്ട് പുതിയ തുന്നൽക്കാരായ ഖാദിയാനി, മൗദൂദി മുതലായവരുടെ മാർഗമാണ് മുസ്‌ലിംകൾ സ്വീകരിക്കേണ്ടത് എന്നാണ് ചന്ദ്രികയുടെ ലേഖനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, എങ്കിൽ അത് ചന്ദ്രികയുടെ അതിരുകവിഞ്ഞ ധിക്കാരം തന്നെയാണ്. ആ മാതിരി ലേഖനങ്ങൾ സത്യദൂതനിലോ പ്രബോധനത്തിലോ അൽമനാറിലോ ആയിരുന്നെങ്കിൽ അതുകാരണം സുന്നികൾ വഞ്ചിതരാവാൻ അധികം അവകാശമില്ലായിരുന്നു. കാരണം സത്യദൂതൻ ഖാദിയാനികളുടെതും പ്രബോധനം മൗദൂദികളുടേതും അൽമനാർ ഖുറാഫി മൗലവിമാരുടേതാണെന്നും പരക്കെ അറിയുന്നതാണ്. എന്നാൽ ചന്ദ്രിക പത്രം പേരും പെരുമയുള്ള ചില സുന്നി നേതാക്കളുടെ ഉടമസ്ഥയിൽ നടത്തപ്പെടുന്നതും ഭൂരിപക്ഷം മുസ്‌ലിംകളും വായിച്ച് വളരുന്നതുമാണ്.

ഇത്തരം പിഴച്ച വാദങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മുസ്‌ലിം ബഹുജനങ്ങളെ വഴികേടിലാക്കുന്ന പുത്തൻ പ്രസ്ഥാനക്കാർക്ക് കളമൊരുക്കുകയും എന്നിട്ട് ഇതിലെ ലേഖനങ്ങൾക്ക് പത്രാധിപർ ഉത്തരവാദിയല്ല എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നത് പത്രാധിപർ അതിന്റെ രക്ഷിതാക്കളോടും സഹായികളോടും സമുദായത്തോടും ചെയ്തുവരുന്ന കടുത്ത വഞ്ചനയാണ്...ദീനിന്നെതിരായി എന്തു പ്രസിദ്ധീകരിച്ചാലും അതിന് ചോദിക്കാൻ ആളില്ല എന്ന ധാരണയാണ് പത്രാധിവരെ ഇത്രയധികം ധിക്കാരത്തിന് പ്രേരിപ്പിച്ചത്. ആ പത്രത്തിന്റെ നിലനിൽപ്പിനായി വീണു മരിക്കുന്ന കാര്യപ്പെട്ട ചില സുന്നി നേതാക്കളുടെ നില ആലോചിക്കുമ്പോൾ പരിതാപം തോന്നിപ്പോകും.


ഇന്നത്തെ ചുറ്റുപാടിൽ മുസ്‌ലിം ബഹുജനങ്ങളെ വഴികേടിൽ ആക്കുന്നതിൽ മൗദൂദികളുടെ പ്രബോധനത്തെക്കാളും ഖാദിയാനികളുടെ സത്യദൂതനേക്കാളും ഖുറാഫികളുടെ അൽമനാറിനെക്കാളും മുൻഗണന നൽകേണ്ടത് ലീഗുകാരുടെ "ചന്ദ്രിക "ക്കാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രികയുടെ ഈ പുതിയ ഗതി മാറാത്ത കാലത്തോളം സുന്നി മുസ്‌ലിംകൾ അതിനെ സുന്നത്ത് ജമാഅത്തിന്റെ ഒന്നാം തരം ശത്രു എന്ന നിലയിൽ വീക്ഷിക്കേണ്ടതാണ്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1953 ആഗസ്റ്റ് 5 പേജ്:17-19)

ചന്ദ്രികയുടെ ചരിത്രം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 107

 https://www.facebook.com/share/p/HhFiZVkBjv8Ed9wG/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 107

✍️ Aslam saquafi payyoli


*ചന്ദ്രികയുടെ ചരിത്രം*


ഐക്യ സംഘത്തിന്റെ വഹാബി ചിന്തകൾ പുറത്തേക്ക് വന്നപ്പോൾ തന്നെ അഹ്മദ് കോയ ശാലിയാത്തി, ഖുതുബി തങ്ങൾ പോലുള്ള പണ്ഡിത വരേണ്യർ ജനങ്ങളെ ബോധവൽക്കരിക്കുകയും  പണ്ഡിതോചിതമായി ഇടപെട്ട് ആശയപരമായി അവരെ  തളർത്തിക്കളയുംകയും ചെയ്തിരുന്നു. അതോടെ കെ എം മൗലവി സമുദായത്തിനിടയിൽ വെറുക്കപ്പെട്ടവനാവുകയും ചെയ്തു. നാദാപുരം സംവാദത്തിനു ശേഷം

മൗലവിമാരെ കാണുമ്പോൾ ' ലാ ' കട്ടവരെന്ന് പറഞ്ഞ് ജനങ്ങൾ കൂകിവിളിച്ച സാഹചര്യം വരെയുണ്ടായി.


ഈ ജാള്യത മറച്ചുവെക്കാനും പൊതുസമൂഹത്തിൽ സ്വീകാര്യത നേടാനും കെഎം മൗലവി കണ്ടെത്തിയ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നാം മുമ്പ് ചർച്ച ചെയ്തു. 


സമുദായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ രൂപീകരിച്ച് അതിൻെറ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുകയും  അതോടൊപ്പം നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുക, അതിനു വേണ്ടി ഒരു പത്രം ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മൗലവിയുടെ തുളഞ്ഞ ബുദ്ധിയിൽ ഉദിച്ചിരുന്നത്. ഏറെക്കുറെ അത് ഫലം കണ്ടു. പാർട്ടി നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടവരെല്ലാം മൗലവിയുടെ ശിങ്കിടികളായിരുന്നു. ഉമ്മത്തിന്റെ മനസ്സിലിടം പിടിക്കാൻ  പിന്നീട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ലീഗിൻ്റെ പ്രസിഡൻറ് സ്ഥാനത്ത് കൊണ്ടുവന്നതും കെ എം മൗലവിയുടെ തീരുമാനം തന്നെയായിരുന്നു.


വരികൾക്കിടയിലൂടെ പിഴച്ച ആശയങ്ങൾ ജനമനസ്സുകളിലേക്ക് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ വക്കം മൗലവി ദീപിക പോലുള്ള പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിന് ചുവടുപിടിച്ച് പൊതു വാർത്തകൾക്കിടയിലൂടെ ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ചിന്തയിൽ കെഎം മൗലവി തുടക്കം കുറിച്ച പ്രസിദ്ധീകരണമാണ് ചന്ദ്രിക.


"മലയാള പത്രലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം മൗലവി 1932 ൽ മരണപ്പെട്ടപ്പോൾ തനിക്ക് ഗുരുതുല്യനായ അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മുസ്‌ലിം സമുദായം ഒരു പത്രം തുടങ്ങണമെന്ന ആഗ്രഹം കെ എം മൗലവി പലരോടും പ്രകടിപ്പിച്ചിരുന്നു. അതിനിടയിൽ 1933 ൽ തലശ്ശേരി മെയിൻ റോഡിലുള്ള ആലിഹാജി പള്ളിയിൽ കെ.എം മൗലവി സാഹിബിൻ്റെ ഒരു ഖുർആൻ ക്ലാസ്സ് നടന്നു. പ്രസംഗത്തിനിടയിൽ സമുദായം ഒരു പത്രം തുടങ്ങേണ്ട ആവശ്യകത നേതാക്കളുടെ മനസ്സിൽ അദ്ദേഹം എടുത്തിട്ടു. അങ്ങനെയാണ് സീതി സാഹിബിന്റെ നേതൃത്വത്തിൽ 1934 മാർച്ച് 26ന് തിങ്കളാഴ്ചതോറും പുറത്തിറങ്ങുന്ന പ്രതിവാര പത്രമായി ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന സിപി മമ്മുക്കേയി ആയിരുന്നു മാനേജിങ് ഡയറക്ടർ. ഇന്നത്തെപ്പോലെ മുസ്‌ലിംലീഗിന്റെ ജിഹ്വ ആയിട്ടായിരുന്നില്ല ചന്ദ്രിക പത്രം ആരംഭിച്ചത്. 1939ൽ അത് ദിനപത്രമായി. 1937 ൽ മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ രൂപീകരണത്തോടെയാണ്  ചന്ദ്രിക മുസ്‌ലിം ലീഗിൻെറ ജിഹ്വയായി മാറിയത്. (മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരണത്തിന് പിന്നിൽ കെ എം മൗലവി ആയിരുന്നു.) മുസ്‌ലിം നവോത്ഥാന പ്രസ്ഥാനവു(മുജാഹിദു)മായി ബന്ധമുള്ളവരായിരുന്നു ആദ്യകാലത്ത് പ്രധാനമായും ചന്ദ്രികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്നത്. മലബാറിലെങ്ങും ദിനേന പത്രം എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ മലബാറിന്റെ മധ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് 1945- ൽ ചന്ദ്രിക പറിച്ചു നടുകയായിരുന്നു. അപ്പോഴെല്ലാം ഇസ്‌ലാഹി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പിൻതുണയും ശ്രമങ്ങളും ചന്ദ്രികക്ക് വലിയതോതിൽ ലഭിച്ചിരുന്നു. പത്രം പ്രചരിപ്പിക്കുന്നതിലും അത് പിടിച്ചു നിർത്തുന്നതിലും കെ മൗലവിയുടെ അനുയായികൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - കെ എൻ എം പേ: 235)


ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം പോലെ ഇടയ്ക്കിടെ സുന്നി വിരുദ്ധ ലേഖനങ്ങൾ വാരാന്ത പതിപ്പിലൂടെയും മറ്റും പ്രചരിപ്പിച്ചപ്പോൾ ചന്ദ്രികക്കെതിരെ സുന്നി നേതാക്കൾ രംഗത്ത് വന്നിരുന്നു.


" ചന്ദ്രിക പത്രത്തെ മുസ്ലിംകൾ സൂക്ഷിക്കണം" എന്നതായിരുന്നു 1951 നവംമ്പറിൽ ഇറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ എന്ന സുന്നി പ്രസിദ്ധീകരണത്തിലെ ചന്ദ്രികക്കെതിരെയുള്ള തലവാചകം.


സമസ്തയുടെ സ്ഥാപക നേതാക്കളുടെ ആദർശ പടയോട്ടത്തിൽ നിലം പതിച്ചുപോയ വഹാബിസം പിന്നെ തലപൊക്കിയത് ചന്ദ്രികയിലൂടെയും സമുദായ പാർട്ടിയുടെ മറവിലുമായിരുന്നു എന്നത് ഒരു ചരിത്ര വസ്തുത തന്നെയാണ്. 


കെ. എം മൗലവിയെ മറന്ന് തുടങ്ങിയ പുതു തലമുറക്ക് മൗലവിയുടെ ജീവ ചരിത്രം  തയ്യാറാക്കുന്നത് ചന്ദ്രികയിലെ എഴുത്തുകാരനാണെന്നതും അതിനംഗീകാരം ലഭിക്കാൻ പാണക്കാട് കുടുംബത്തെ ഉപയോഗപ്പെടുത്തുന്നുവെന്നതും  ചരിത്രാവർത്തനമായി തന്നെ നമുക്ക്  മനസ്സിലാക്കാം.

സ്ത്രീ വിദ്യാഭ്യാസം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 106/313

 https://m.facebook.com/story.php?story_fbid=pfbid02mXtEzhBSNk57wdqB3yBqTibyoFS6sL98FhaUWrDirn61eMC4voJGFcCNPHV2iFGdl&id=100024345712315&mibextid=9R9pXO

*സ്ത്രീ വിദ്യാഭ്യാസം*

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 106/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു എന്നതാണ് മുജാഹിദുകളുടെ മറ്റൊരു ആരോപണം. 


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ എഴുതുന്നു :

"സ്ത്രീ വിദ്യാഭ്യാസം മതപരമായി മക്റൂഹ് ആണെങ്കിലും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രത്യേകം പാടില്ല എന്നാണ് സമസ്ത പ്രമേയം പാസാക്കിയത് "

(പേജ് : 61)


സ്ത്രീകൾക്ക് യാതൊരു വിദ്യാഭ്യാസവും നൽകാതെ തനി ജഹാലത്തിൽ തളച്ചിട്ടു എന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാവുക. എന്നാൽ സുന്നികൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല. മലയാള ലിപി വരുന്നതിനുമുമ്പ് അറബി മലയാള ലിപി നിർമ്മിക്കുകയും അത് സ്ത്രീകൾക്ക് പഠിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സുന്നി ഉലമാക്കൾ. അതുകൊണ്ടാണ് മുജാഹിദുകൾ അൽ മുർശിദ്, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ  അറബി മലയാള ലിപിയിൽ പുറത്തിറക്കിയത്. 


അൽ മുർശിദിൽ എഴുതുന്നു:

"അൽമുർശിദ് മലയാള ഭാഷയിലും ലിബിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ച് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അറബി മലയാളം വായിക്കുവാൻ സാധിക്കും. "

(1935 ഫെബ്രുവരി പേജ് : 2)


മാത്രമല്ല, സമസ്തയുടെ ആദ്യകാല മുശാവറാംഗം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യ വെളിയങ്കോടും പരിസരത്തുമുള്ള സ്ത്രീകൾക്ക് ദർസ് നടത്തി കൊടുത്തിരുന്നു.(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 531)

സ്ത്രീകൾക്ക് വേണ്ടി മസ്അലകൾ വായിച്ചു പഠിക്കാൻ ആദ്യ കാലത്തിറക്കിയ പുസ്തകങ്ങളെ കുറിച്ച് സി എൻ പറയുന്നു:

"വെള്ളാട്ടി മസ്അല, നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറുഗ്രന്ഥങ്ങൾ പ്രാചീന കൃതികളിൽ പെടുന്നു... കഥാരൂപത്തിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ് ഈ കൃതി മുഖേന ചെയ്യുന്നത്. കൈഫിയത്ത് സ്വലാത്ത് പണ്ടുകാലങ്ങളിൽ എല്ലാ സ്ത്രീപുരുഷന്മാരും ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൻെറ അവസാന പേജിലാണ് ഉമർ ഖാസിയുടെ അസർ നമസ്കാരത്തിന്റെ അടിക്കണുള്ളത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 271)


മതപരമായതും അത്യാവശ്യവുമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകുന്നതിൽ ഒരിക്കലും ഒരു വീഴ്ചയും മുൻഗാമികൾ വരുത്തിയിട്ടില്ല.

 

മുസ്‌ലിം സ്ത്രീകളെ പൊതുരംഗത്തിറക്കാനും പരപുരുഷന്മാരോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെടുത്താനും അതിനാവശ്യമായ വിദ്യാഭ്യാസങ്ങൾ നൽകാനുമാണ് മുജാഹിദ് പ്രസ്ഥാനം പ്ലാൻ ചെയ്തിരുന്നത്. അവരുടെ ഫാമിലികളിലെ സ്ത്രീകളെ പൊതു രംഗത്തിറക്കിയും പൊതുവേദിയിൽ പ്രസംഗിപ്പിച്ചും അന്യസ്ത്രീ പുരുഷന്മാർക്കിടയിലുള്ള മറ വലിച്ചുകീറാൻ അവർക്ക് ഏറെക്കുറെ സാധിച്ചിട്ടുണ്ട്. യുവതികളായ സ്ത്രീകൾ പൂർണമായി ഔറത്ത് പോലും മറക്കാതെ സ്റ്റേജുകളിലും സമ്മേളന ഗ്രൗണ്ടുകളിലും ഈദ് ഗാഹുകളിലും പ്രത്യക്ഷപ്പെട്ടത് മുജാഹിദിന്റെ നവോത്ഥാന ഫലം തന്നെയാണ്. അവസാനം മൗലവിമാർക്ക് പോലും ഇതിനെതിരെ ശബ്ദിക്കേണ്ടി വന്നിട്ടുണ്ട്. 

1978 ലെ അൽമനാർ മാസികയിൽ നിന്ന്:

അവരെന്തിന് പള്ളിയിൽ വരുന്നു ? കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കണ്ടപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിന് ഇറങ്ങിയ അത്യാധുനിക മഹിളകളെന്നേ  ചിത്രം കാണുന്ന മാത്രയിൽ ആർക്കും തോന്നുകയുള്ളൂ. പള്ളിയിൽ കയറി ദൈവ പ്രാർത്ഥനയും നടത്തി, ഒരു സാരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ ഭക്തകളുടെ കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു ?

(അൽമനാർ 1978 

ഡിസംബർ, പേജ് : 3)


ഇസ്‌ലാമിൽ പുരുഷനാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടേണ്ടതും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതും. പൊതുസമൂഹത്തിൽ പ്രകടമാക്കേണ്ട ആരാധനകളുടെ നേതൃത്വവും പുരുഷന്മാർക്ക് തന്നെയാണ്. പള്ളിയിൽ ബാങ്ക് വിളിക്കേണ്ടതും ഇമാമത്ത് നിൽക്കേണ്ടതും ഖാസി സ്ഥാനങ്ങൾ വഹിക്കേണ്ടതും പുരുഷന്മാർ തന്നെയാണ്. സ്ത്രീകളുടെ ഭരണം അവരവരുടെ വീടുകളിലും സന്താനങ്ങളിലുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം മതപരമായ വിഷയങ്ങളിലുള്ള വിദ്യയും അത്യാവശ്യം അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്. 


കേരളത്തിലെ മുജാഹിദുകൾ അല്ലാത്ത എല്ലാവർക്കും ഈ കാര്യങ്ങൾ ബോധ്യപ്പെടുകയും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. കേരള വഹാബികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇബ്നു ബാസിനെ പോലുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്ത നിലപാട് ഇവിടെ പകർത്തുന്നത് ഏറെ ഉപകാരപ്പെടും. 


മുജാഹിദ് പണ്ഡിതൻ എം.ഐ മുഹമ്മദലി സുല്ലമി സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗൾഫ് പണ്ഡിതന്മാരുടെ നിലപാട് വ്യക്തമാക്കുന്നു.


"ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്ഥാപനത്തിലോ ഒരേ ക്ലാസിലൊ പഠിക്കുന്നത് നിഷിദ്ധമാണെന്നാണ് ഗൾഫിലെ സലഫികൾ പറയുന്നത്. അപ്രകാരം ആൺകുട്ടികളെ വനിതകളും പെൺകുട്ടികളെ പുരുഷന്മാരും പഠിപ്പിക്കുന്നതും നിഷിദ്ധമാണത്രേ. പ്രൈമറി പാഠശാലകളിൽ പോലും ഇത്തരം മിശ്ര വിദ്യാഭ്യാസം ഹറാമാണെന്ന് അവർ പറയുന്നു. 

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്(റ) പറയുന്നു:

"പ്രൈമറി സ്കൂളുകളിൽ വനിതകൾ അധ്യാപനം നടത്തുന്നത് അവർ ആൺകുട്ടികളുമായി കൂടിക്കലരാൻ ഇടവരുന്നു. ചില കുട്ടികൾ പ്രായപൂർത്തിയാകാറാവുമ്പോഴും പ്രൈമറി സ്കൂളുകളിൽ ആയിരിക്കും പഠിക്കുന്നത്. ഒരാൺകുട്ടിക്ക് പത്ത് വയസ്സായാൽ അവൻ കൗമാരപ്രായത്തിലെത്തുന്നു സ്ത്രീകളിലേക്ക് അവൻ ആകൃഷ്ടനാവുകയും ചെയ്യുന്നു ആ പ്രായത്തിൽ അവന് വിവാഹം ചെയ്യാവുന്നതാണ്. 

മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ്.  പ്രൈമറി തലത്തിലുള്ള മിശ്രവിദ്യാഭ്യാസം ക്രമേണ മറ്റു തലങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. മിശ്രവിദ്യാഭ്യാസം മൂലമുള്ള നാശങ്ങൾക്കും ദുരന്തങ്ങൾക്കും കയ്യും കണക്കുമില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും സമുദായത്തിലെ ബാലികാ ബാലകരുടെ ഭാവിയെക്കുറിച്ചും ജ്ഞാനമുള്ള ഏതൊരാൾക്കും ഇക്കാര്യം സംശയലേശമന്യേ ഗ്രഹിക്കാവുന്നതാണ്. അതിനാൽ മിശ്ര വിദ്യാഭ്യാസത്തിൻറെ കവാടങ്ങൾ നാം ഭദ്രമായി അടച്ചുപൂട്ടുക തന്നെ വേണം. ആൺകുട്ടികളെ പ്രൈമറി തലം മുതൽ എല്ലായിടത്തും പുരുഷന്മാരായ അധ്യാപകരും പെൺകുട്ടികളെ വനിതകളും മാത്രമേ പഠിപ്പിക്കാവൂ. അതാണ് നിർബന്ധമായതെന്ന് എനിക്ക് ബോധ്യമുണ്ട്. (ഇബ്നു ബാസിന്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി പേജ് 47 ) 


എം ഐ സുല്ലമി തുടർന്നെഴുതുന്നു:

" സ്ത്രീകളുടെ ഭൗതിക വിദ്യാഭ്യാസം : കെമിസ്ട്രി, ഫിസിക്സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിജ്ഞാനീയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും വിദ്യാർഥിനികളും അഭ്യസിക്കാൻ ഇസ്‌ലാഹി (മുജാഹിദ്) പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന് വീക്ഷണമാണ് വെച്ചുപുലർത്തുന്നത് ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന വീക്ഷണമാണ് വെച്ച് പുലർത്തുന്നത്. സലഫി പണ്ഡിതരുടെ ഫത്‌വകൾ ക്രോഡീകരിച്ച ഫതാവാ ഇസ്‌ലാമിയ്യയിൽ ശൈഖ് ഇബ്നു ബാസ് ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധിക്കുക: 

ചോദ്യം : കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ? ഉത്തരം: ഒരു സ്ത്രീ അവൾക്ക് അനാവശ്യമായ വിഷയങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ ഇസ്ലാമിക പാഠങ്ങൾ തുടങ്ങിയ അവരുടെ പ്രകൃതി കനിയോജ്യമായ വിഷയങ്ങൾ അവൾ പഠിക്കേണ്ടതാണ്. എൻജിനീയറിങ് രസതന്ത്രം ഭൗതികശാസ്ത്രം ഗോളശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവൾക്ക് അനുയോജ്യമായവയല്ല. (ഫതാവ ഇസ്‌ലാമിയ്യ: വാല്യം : 4 പേജ് : 235 )


ചുരുക്കത്തിൽ, ഗൾഫ് സലഫികളും സുന്നി പണ്ഡിതരും ഈ വിഷയത്തിൽ സൂക്ഷ്മ വശങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ വിദ്യാഭ്യാസം അവർക്ക് നൽകണമെന്ന ചർച്ചയിൽ പണ്ഡിതന്മാർ എടുത്ത തീരുമാനങ്ങൾ അടർത്തിയെടുത്ത് അത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് വരുത്തി തീർത്ത്  സുന്നികൾ പിന്തിരിപ്പന്മാരാണെന്ന് വരുത്തി തീർക്കാനാണ് മൗലവിമാരുടെ ശ്രമം. മൗലവിമാർ വിവാധമാക്കിയ സുന്നി പണ്ഡിതരുടെ ഫത്‌വ യുടെ പശ്ചാത്തലം ഇങ്ങനെ വായിക്കാം :


"ഇക്കാലത്തുള്ള സ്ത്രീ അക്ഷര വിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഹ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി ആയതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും അത് പല പാപങ്ങൾക്കുമുള്ള ഉപകരണം ആവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്ന തായും വരുന്നതുകൊണ്ട്... " 

(ഇസ്‌ലാഹി പ്രസ്ഥാനം പേജ് 59)

ഈ സൂക്ഷ്മതയുടെ പാശ്ചാത്തലം മറച്ചുവെച്ചുകൊണ്ടാണ് മൗലവിമാർ തെറ്റിദ്ധരിപ്പിക്കാറുള്ളത്. പ്രമേയത്തിലെ അക്ഷരവിദ്യ എന്നത് മനപ്പൂർവ്വം  വിദ്യാഭ്യാസം എന്നാക്കി മാറ്റുകയും ചെയ്യും.

സുന്നികൾ* *ബ്രിട്ടീഷുകാർക്ക്* *അനുകൂലമോ ?

 https://www.facebook.com/100024345712315/posts/pfbid0fUZCYhTXQFzTgd7drcxyMEd9vaqCreTwyr6fvppo7JZne9ANBguxkS9bcaUNJ4G6l/?mibextid=9R9pXO

*സുന്നികൾ*

*ബ്രിട്ടീഷുകാർക്ക്* 

*അനുകൂലമോ ?*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 105/313


✍️ Aslam saquafi payyoli


"സമസ്തക്കാർ ബ്രിട്ടീഷ് അനുകൂലമായിരുന്നു, സമസ്തക്കാർക്ക് കോൺഗ്രസിൽ പ്രവർത്തിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല." 

(ഇസ്‌ലാഹി പ്രസ്ഥാനം 

പേജ് 52 - കെ എൻ എം)

ഇതൊക്കെ പുതുതലമുറ വായിക്കുമ്പോൾ സുന്നികൾ സ്വാതന്ത്ര്യ സമര വിരോധികളും നേരം വെളുക്കാത്തവരുമായിരുന്നുവെന്ന് മനസ്സിലാക്കണം. അങ്ങനെയെങ്കിലും സുന്നി വിരോധം കുത്തിവെക്കാനാണ് മൗലവിമാർ ശ്രമിക്കുന്നത്. 


മമ്പുറം തങ്ങൾ, ഉമർ ഖാളി, ആലി മുസ്‌ലിയാർ, ചെറുശ്ശേരി അഹമ്മദ് മുസ്‌ലിയാർ, കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരുടെ ചരിത്രം വായിച്ചാൽ സുന്നികളുടെ ബ്രിട്ടീഷ് വിരോധം എത്രത്തോളമുണ്ടായിരുന്നെന്ന് നന്നായി ബോധ്യപ്പെടും. അതിവിടെ വിശദീകരിക്കുന്നില്ല. 


"അറബി മലയാളത്തിലുള്ള മുഹിമ്മാത്തുൽ മുസ്ലിമീൻ എന്ന ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥത്തിന് ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ല്യാരുടെ അവതാരികയുണ്ട്. ഈ ഗ്രന്ഥമാണ് മുസ്ലിംകളെ കടുത്ത ബ്രിട്ടീഷ് വിരോധികളാക്കി തീർത്തത്. താനൂർ ആമിനുമ്മാന്റകത്തു ഫരീദ് കുട്ടി മുസ്‌ല്യാരാണ് ഗ്രന്ഥകർത്താവ്. "

(മലയാളത്തിലെ മഹാരഥന്മാർ 

പേജ്, 135)

ഈ ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥം കൈവശം വെച്ചതിന്റെ പേരിലാണത്രേ ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരും പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ല്യാരും ശിക്ഷിക്കപ്പെട്ടിരുന്നത്.


സമസ്തയുടെ ഫറൂഖ് സമ്മേളനത്തിലെ പന്ത്രണ്ടാം പ്രമേയമാണ് സുന്നികൾക്കെതിരെ ഇപ്പോൾ  മൗലവിമാർ ഉയർത്തി കാട്ടാറുള്ളത്. 

ആ പ്രമേയത്തിൽ ആദ്യത്തിൽ തന്നെ കോൺഗ്രസിനെതിരെ അന്ന് അങ്ങനെയൊരു പ്രമേയം കൊണ്ടുവരാനുള്ള സാഹചര്യവും വിശദീകരിക്കുന്നുണ്ട്. സാഹചര്യവും പ്രമേയവും താഴെ ചേർക്കുന്നു :


"സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോൺഗ്രസ് കക്ഷിക്കാർ അവരുടെ ഉദ്ദേശ നിർവഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പരസ്യം ചെയ്ത് അവരുടെ മായാവലയത്തിൽ പെടുത്തുകയും, അവിവേകികളും പാമരന്മാരുമായ മുസ്‌ലിംകളെ മുമ്പിലേക്ക് തള്ളി, കക്ഷിവഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളിൽ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങൾ തോക്കിൻ ഇരയാവുകയും ജയിൽ ശിക്ഷക്ക് കാരണഭൂതരായി തീരുകയും ചെയ്തുവല്ലോ. ( ഈ കാരണം വ്യക്തമാക്കിയതിനുശേഷമാണ് പ്രമേയം അവതരിപ്പിക്കുന്നത്)

ഭരണകർത്താക്കളോട് എതിർക്കലും അവരുടെ കൽപ്പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോൺഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാർത്ഥ മുസ്‌ലിംകൾക്ക് ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു."

ഈ പ്രമേയം സമസ്തയുടെ ആറാം വാർഷിക സമ്മേളനമാണ് പാസാക്കിയത്.

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം പേ: 51)


ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ

പേരിൽ ഒപ്പം കൂടി സൗഹൃദം നടിച്ച് ക്രൂരമായി വഞ്ചിച്ച കോൺഗ്രസിന്റെ പ്രസ്തുത നിലപാട് മലബാർ കലാപാനന്തര ഘട്ടങ്ങളിൽ നിരവധി നഷ്ടങ്ങളാണ് മുസ്‌ലിംകൾക്ക് വരുത്തിവെച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രമേയം വരുന്നത്. ഇതൊരിക്കലും ബ്രിട്ടീഷ് അനുകൂലമായിരുന്നില്ല; മുസ്‌ലിംകളുടെ സംരക്ഷണം മാത്രമായിരുന്നുവെന്ന് പഴയകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ബോധ്യപ്പെടും. 


സാഹചര്യം മനസ്സിലാക്കാതെ ഈ പ്രമേയം ഉയർത്തിക്കാട്ടി സുന്നികളെ രാജ്യ വിരോധികൾ ആക്കുന്ന മൗലവിമാർ ഒരു കാര്യം ഓർക്കണം, ഇതേ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ കടുത്ത തീരുമാനങ്ങൾ എടുത്തവരാണ് മുജാഹിദ് പണ്ഡിതന്മാർ. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിലെ ചില വരികൾ താഴെ ചേർക്കാം. ഇതു വായിച്ച് മൗലവിമാർ കോൺഗ്രസ് വിരോധികൾ ആയിരുന്നോ ? അല്ലേ ? എന്ന് ആധുനിക മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്.


1) "കോൺഗ്രസിന് എതിരെ നമ്മുടെ സംഘടനയെ നാം ശക്തിപ്പെടുത്തി, നമ്മുടെ സമരം കൊണ്ട് ബ്രിട്ടീഷ് ഫിർഔന്റെ മടിയിലിരുന്ന് വളർന്ന് വരുന്ന ഈ കുട്ടി ഫിർഔന്റെ വളർച്ചയെ നാം ഇപ്പോൾ തന്നെ തടയണം. "

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 18)


2)...അതിനാൽ മുസ്‌ലിംകളോട് കൂടുതലായി കോൺഗ്രസിൽ ചേർന്ന് അതിനെ കരസ്ഥമാക്കുവാൻ ഉപദേശിക്കുന്നവരുടെ വാക്കിന് മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ വാക്കിന്റെ വില കൽപ്പിക്കുവാനേ സാധിക്കുകയുള്ളൂ."

(അൽ മുർശിദ് മാസിക

1939 ജനുവരി പേജ് : 24)


കോൺഗ്രസിനെതിരെയും ബ്രിട്ടീഷന് അനുകൂലവുമായുള്ള ഉദ്ധരണികൾ ഇതിലും കടുപ്പപ്പെട്ടത് ഇനിയും മുജാഹിദ് പണ്ഡിതസഭ ഇറക്കിയ അൽ മുർശിദിലുണ്ട്. തൽക്കാലം ഇതിൽ ഒതുക്കുന്നു. 


ഒരു കാര്യം കൂടി മൗലവിമാർ വിശദീകരിക്കേണ്ടതുണ്ട്. 1924 ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ ബ്രിട്ടീഷിനെതിരെ അബ്ദുറഹ്മാൻ സാഹിബ് അവതരിപ്പിച്ച പ്രമേയത്തിനെതിരെ മൗലവിമാർ അന്ന് സംസാരിച്ചത് എന്തിനായിരുന്നു ?


ചരിത്രം ഇങ്ങനെ:

"1924-ൽ ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവായിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞു കൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. "

(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പേജ് 70, 71 - എം റശീദ്)


ഇനി പറയൂ ,

മേലുദ്ധരണികൾ വെച്ചുകൊണ്ട് മൗലവിമാർ ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു എന്നു പറയാൻ പറ്റുമോ ? രാജ്യ വിരോധികളാണെന്ന് പറയാമോ? ഇതിന് മൗലവിമാർ നടത്തുന്ന ന്യായീകരണങ്ങൾ എന്തൊക്കെയുണ്ടോ, അതെല്ലാം സമസ്തയുടെ പ്രമേയത്തിനും ബാധകമല്ലേ ?

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...