https://m.facebook.com/story.php?story_fbid=pfbid0PRr6qWYRNw2x3jGnsJuFvLGyX91fZSCVrE3UcGgCxwuYULHu2kQKYxoDEZNQKJnvl&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 84/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ഒരു കാലത്തും ലാ തജ്അലുൽ ബനീനാ....*
*മദ്റസ വഴിയിൽ യതഅല്ല മൂനാ ...*
സുന്നികൾ പിന്തിരിപ്പന്മാരാണെന്നതിന് മൗലവിമാർ എടുത്തുകാട്ടുന്ന ഒരു പദ്യമാണിത്. മദ്റസയുടെ ആദ്യത്തെ മീം നരകമാകുന്ന ജഹന്നമിന്റെ അവസാനത്തെ മീം ആകുന്നു. ഇത് മദ്രസകൾക്കെതിരെ സുന്നികൾ പാടിയ പാട്ടാകുന്നുവെന്നാണ് മൗലവിമാരുടെ പ്രചാരണം.
കേരളത്തിലെ മദ്റസ സംവിധാനത്തെ കുറിച്ചുള്ള ചരിത്രം പഠിക്കുമ്പോൾ സുന്നികളുടെ മേൽ മൗലവിമാർ വെച്ചു കെട്ടുന്ന ശുദ്ധ നുണയാണിതെന്ന് നമുക്ക് ബോധ്യപ്പെടും.
മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് മദ്രസ സംവിധാനത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം സുന്നി പണ്ഡിതന്മാരുടെ പരമ്പരയിൽ പെട്ട പ്രധാന വ്യക്തിത്വമാണ്. മാത്രമല്ല അവരുടെയൊക്കെ കാലശേഷമാണ് പുത്തൻ വാദികൾ കേരളത്തിൽ സംഘടിത പ്രവർത്തനം ആരംഭിച്ചത് തന്നെ.
എന്നാൽ മൗലാനാ ചാലിലകത്ത്(റ) മദ്രസ സംവിധാനം എന്ന പുതിയ ആശയം വാഴക്കാട് ദാറുൽ ഉലൂമിൽ കൊണ്ടുവന്നപ്പോൾ അതിൽ ചില പണ്ഡിതന്മാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പണ്ഡിതന്മാർ തന്നെ മദ്റസാ സിലബസ് പരിശോധിക്കുകയും അംഗീകാരം കൊടുക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.
കട്ടിലശ്ശേരി ആലി മുസ്‌ലിയാർ, പള്ളിപ്പുറം യൂസഫ് മുസ്‌ലിയാർ, പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ എന്നിവരായിരുന്നു മദ്രസ പാഠ പുസ്തകങ്ങൾ പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം ആ പണ്ഡിതന്മാർ അതിന് അംഗീകാരം നൽകുകയായിരുന്നു ചെയ്തത്.
" മൗലാനയുടെ പാഠപുസ്തകങ്ങളുടെ ഒരു സെറ്റ് വീതം നാല് മഹാന്മാരുടെ അഭിപ്രായത്തിന് നൽകി. ചെറിയ ബാവ മുസ്‌ലിയാർ ആ കൃതികൾ അനായാസം മറിച്ചു നോക്കി. അവരുടെ വദന മണ്ഡലങ്ങളിൽ തൂമന്ദഹാസ പ്രസൂനങ്ങൾ വിടർന്നു വിരിഞ്ഞു. " ഞങ്ങൾ ഈ ചെറുപുസ്തകങ്ങളിൽ വിരുദ്ധമായ യാതൊരു തെറ്റുകളും കാണുന്നില്ല " എന്ന് ചെറിയ ബാവ മുസ്‌ലിയാർ ആധികാരികമായി ഉദ്ഘോഷിച്ചു. "
(കെ എം മൗലവി
ജീവചരിത്രം 49 )
ഒരു പ്രത്യേക സംവിധാനത്തിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട സ്വത്ത് ഈ പുതിയ സംവിധാനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമോ? ഇല്ലേ? എന്ന ചർച്ച നിലനിന്നതിനാൽ വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നും മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പിരിഞ്ഞു പോവുകയാണ് ചെയ്തത്.
സി എൻ എഴുതുന്നു :
"വാഴക്കാട്ടെ വഖഫ്സ്വത്ത് ദറസിന് വേണ്ടി വഖഫ് ചെയ്തതാണെന്നും ഈ നടത്തുന്നത് ദർസ് അല്ലെന്നും അതുകൊണ്ട് ആ സ്വത്ത് ഇതിനുവേണ്ടി വിനിയോഗിക്കാൻ പാടില്ലെന്നും ഫത്‌വ വാങ്ങി അധികാരിയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തു. മതം വരച്ച വരയിൽ നിന്നുകൊണ്ട് ജീവിച്ചു ശീലിച്ചു പോന്ന അധികാരിവ്യാകല ചിത്തനായികൊണ്ട് മൗലാനയുടെ മുമ്പിൽ ചെന്ന് ഫത്‌വ കാട്ടിക്കൊടുത്തു. മൗലാന അചഞ്ചല ഹൃദയനായി കൊണ്ട് ഉടനെ അവിടെ നിന്ന് ഇറങ്ങിപ്പോന്നു. തൻറെ ആ വലിയ വിദ്യാർത്ഥി സമൂഹവും. ചെറുശ്ശേരി, ഖുതുബി, കെഎം മൗലവി(കെ എം മൗലവി പിന്നീട് പിഴച്ചുപോയി. ചെറുശ്ശേരിയും ഖുതുബിയും സുന്നത്ത് ജമാഅത്തിലായി നിലകൊണ്ടു) മുതലായ കേരളത്തിലെ പ്രഗൽഭരായ പണ്ഡിതന്മാരാണ് ആ കേന്ദ്രത്തിൽ മൗലാനയുടെ ചുറ്റും തടിച്ചു കൂടിയിരുന്നത്. ഈ ഫത്‌വയെ നേരിടാൻ അവർ മൗലാനയോട് അനുവാദത്തിന് അപേക്ഷിച്ചു നോക്കി. സമ്മതിച്ചില്ല. "
(മഹത്തായ മാപ്പിള
സാഹിത്യ പാരമ്പര്യം - 69 )
എന്നാൽ മൗലവിമാർ ഈ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടാണ് പ്രചരിപ്പിക്കുന്നത്. വാഴക്കാട് ദാറുൽ ഉലൂമിനെതിരെ സുന്നി പണ്ഡിതർ പാട്ടുപാടി പ്രതിഷേധിച്ചുവെന്നും അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു എന്നുമാണ് ഔദ്യോഗിക സുവനീറിലടക്കം പ്രചരിപ്പിക്കുന്നത്.
കെ എൻ എം സമ്മേളന സുവനീറിൽ എഴുതുന്നു :
" ...പരിശോധന സംഘം ഈ വിദ്യാഭ്യാസ രീതിയിൽ തെറ്റില്ലെന്ന് പ്രഖ്യാപിച്ചു. ഇതിൽ കുണ്ഠിതരായ പുരോഹിതന്മാർ കൂടുതൽ ശക്തിയോടെ വീണ്ടും മദ്രസക്കെതിരെ വ്യാപക പ്രചാരണങ്ങളഴിച്ചുവിട്ടു.
"ഒരു കാലത്തും ലാ തജ് അലുൽ ബനീനാ
മദ്റസ വഴിയിൽ യത അല്ലമൂനാ
ജഹാന്നമിന്റെ ആഖിറിലെ മീമാ
മദ്റസയുടെ ആഖിറും ജഹന്നമാ "
എന്നവർ പാടുകയും ജനങ്ങളെക്കൊണ്ട് പാടിക്കുകയും ചെയ്തു. അവസാനം എതിർപ്പ് സഹിക്കാനാവാതെ ചാലിലകത്തും വിദ്യാർത്ഥികളും വാഴക്കാട് ദാറുൽ ഉലൂമിൽ നിന്ന് പടിയിറങ്ങി.
(മുജാഹിദ് എട്ടാം
സംസ്ഥാന സമ്മേളനം -
കോഴിക്കോട് - പേ: 69 )
മൗലവിമാരുടെ തൊലിക്കട്ടി എത്രത്തോളം ഉണ്ടെന്ന് ഈ ചരിത്ര ദുർവ്യാഖ്യാനത്തിൽ നിന്ന് നമുക്ക് മനസ്സിലാകും.
ഈ പാട്ട് രചിച്ചതും പാടിയതും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാലത്തേ അല്ല.
ചാലിലകത്ത് വാഴക്കാട് മദ്റസ സംവിധാനം ആരംഭിക്കാൻ ശ്രമിച്ചത് 1913ലാണ്. അവിടെ നിന്ന് പിരിഞ്ഞ് നല്ലളത്തേക്ക് മാറിയത് 1914 ലാണ്.
എന്നാൽ ഈ പരാമർശിക്കപ്പെട്ട പാട്ട് പാടുന്നത് 1923ൽ അരീക്കൽ അഹ്മദ് മുസ്‌ലിയാരാണ്.
മൗലാനാ ചാലിലകത്ത് തുടങ്ങിവച്ച മദ്റസ സംവിധാനവുമായി ഈ പാട്ടിന് യാതൊരു ബന്ധവുമില്ല. ചാലിലകത്തിന്റെ മദ്രസ സംവിധാനം പിന്നീട് കേരളത്തിൽ തുടർന്നുവന്നത് തൻ്റെ അരുമ ശിഷ്യനായ പറവണ്ണ മുഹിയുദ്ധീൻകുട്ടി മുസ്‌ലിയാരിലൂടെയാണ്. മഹാനവർകൾ ഈ സംവിധാനം കൊണ്ടുവന്നത് സമസ്തയുടെ നേതൃത്വത്തിലുമാണ്. സമസ്ത ഒരിക്കലും മദ്റസ സംവിധാനത്തിന് എതിരായിരുന്നില്ല.
ജമാഅത്തെ ഇസ്‌ലാമി നേതാവായിരുന്ന ഈ മൊയ്തു മൗലവി എഴുതുന്നു :
"മൗലാനാ ചാലിലകത്ത് കേരളക്കരയിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്കൃത വിദ്യാഭ്യാസ പദ്ധതി 1951ൽ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും പാഠപുസ്തകങ്ങൾ രചിക്കുകയും വഴി നടപ്പിൽ വരുത്താൻ ഭാഗ്യം ലഭിച്ചത് ഈ( പറവണ്ണ മുഹ് യിദ്ദീൻ മുസല്യാർ)ശിഷ്യനാണ്. അതുവഴി കേരളത്തിൽ അദ്ദേഹം വരുത്തിയ പരിഷ്കാരം എടുത്തു പറയത്തക്കതാണ്."
(ഓർമ്മക്കുറിപ്പുകൾ
പേജ് 153)
അപ്പോൾ പിന്നെ, അരീക്കൽ അഹ്മദ് മുസ്‌ലിയാർ പാടിയ "ഒരു കാലത്തും ലാ തജ്അലിൽ ബനീനാ " എന്ന പാട്ട് ആർക്കെതിരെയായിരുന്നു ?
1922 ൽ കൊടുങ്ങല്ലൂര് ഏറിയാട് ഐക്യ സംഘ രൂപീകരണ യോഗത്തിൽ ഏ വി അബ്ദുല്ലഹാജി (ഏ വി അബ്ദുറഹ്മാൻ ഹാജിയുടെ പിതാവ് ) പങ്കെടുത്തിരുന്നു. അതിൽ നിന്ന് ആവേശം കൊണ്ട് തന്റെ സ്വദേശമായ മേപ്പയൂരിൽ ഈ പിഴച്ച ആശയങ്ങൾ പഠിപ്പിക്കാൻ വേണ്ടി മദ്റസ സ്ഥാപിച്ചു. ഐക്യ സംഘത്തിൻെറ പിഴച്ച ചിന്താഗതിയിൽ കുട്ടികൾ പെട്ടുപോകരുതെന്ന് മനസ്സിലാക്കി മേപ്പയൂരിലെ ഖാസിയായിരുന്ന അരീക്കൽ പണ്ഡിത കുടുംബത്തിലെ പ്രധാനിയായ അഹ്മദ് മുസ്‌ലിയാരാണ് ഈ മദ്റസക്കെതിരെ പാട്ട് പാടി ജനങ്ങളെ ഉദ്ബോധിപ്പിച്ചത്.
കെ എൻ എം പുറത്തിറക്കിയ വെളിച്ചം പകർന്നവർ എന്ന പുസ്തകത്തിൽ നിന്ന് ഈ ചരിത്രം നമുക്ക് വായിക്കാം :
"1923 എളമ്പിലാട്ട് അദ്ദേഹം(കുഞ്ഞിമൂസ മൗലവി) ഒരു മദ്രസ തുടങ്ങി. പ്രദേശത്തുള്ള മുഴുവൻ മുസ്‌ലിം കുട്ടികൾക്കും ദീനി വിജ്ഞാനം നൽകുകയായിരുന്നു ലക്ഷ്യം. ഐക്യ സംഘത്തിന്റെ രൂപീകരണത്തിന് മുമ്പാണ് മൗലവി എളമ്പിലാട് വന്നതും അവിടെ പരിവർത്തനത്തിന്റെ ജ്വാല പരത്തിയതും. 1922 കൊടുങ്ങല്ലൂർ എറിയാട്ട് നടന്ന ഐക്യസംഘം രൂപീകരണ യോഗത്തിൽ എടവത്തേരി അബ്ദുല്ല ഹാജിക്കൊപ്പം കുഞ്ഞു മൂസ മൗലവിയും പങ്കെടുക്കുകയുണ്ടായി. എളമ്പിലാട് മദ്റസയുടെ പ്രവർത്തനം തുടങ്ങിയതോടെ നാട്ടു കാരണവന്മാർക്കും യാഥാസ്ഥിതിക പണ്ഡിതന്മാർക്കും അത് തീരെ രസിച്ചില്ല. നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ഖാളിയും ബഹുമാന്യനുമായിരുന്ന മുയിപ്പോത്ത് അരീക്കൽ അമ്മദ് മുസ്‌ലിയാർ മദ്രസ പ്രസ്ഥാനത്തിന് എതിരെ മലയാളത്തിലും അറബിയിലും പാട്ടുണ്ടാക്കി ജനങ്ങളെ ഇളക്കി വിട്ടു.
"ഒരു കാലത്തും ലാ തജ് അലുൽ ബനീന...
മദ്റസ വയിഴിൽ യതഅല്ലമൂന....
മദ്റസക്കുള്ള അവ്വലായ മീമാ...
ജഹന്നമിന്റെ ഒടുവിലത്തെ മീമാ....
കുഞ്ഞി മൂസ മൗലവിക്കും മദ്റസക്കും എതിരിലുണ്ടാക്കിയ ഈ പാട്ട് അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു."
(വെളിച്ചം പകർന്നവർ
പേജ് 204 - കെ എൻ എം )
1923 ൽ വഹാബി മദ്റസക്കെതിരെയുണ്ടാക്കിയ ഈ പാട്ടും 1913 ലെ ചാലിലകത്തിന്റെ മദ്റസയും തമ്മിലെന്ത് ബന്ധം ?!
വിശ്വാസവും കർമ്മവും നശിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മദ്റസകളെ തൊട്ട് ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അരീക്കൽ അമ്മത് മുസ്‌ല്യാർ പാടി എന്ന് പറയപ്പെടുന്ന ഈ പാട്ട് ഇന്നും പ്രസക്തം തന്നെയാണ്.