https://www.facebook.com/100024345712315/posts/pfbid0zEUPErxJeytYuz5qDTUHppavhEKXJkdYi3quLkN8x4Y6QkfSCk9SyqcQbpo8u2dUl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 63/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*നാദാപുരത്തെ*
*'ലാ' കട്ടസംവാദം*
ഐക്യ സംഘത്തിന്റെ ആദർശ പ്രചരണങ്ങൾക്ക് അതാത് സമയങ്ങളിൽ തന്നെ അവരുടെ പിഴച്ച ചിന്താഗതികൾ തുറന്നുകാട്ടി സുന്നി പണ്ഡിതരും സജീവമായിട്ടുണ്ട്. അവർക്കെതിരെ സംഘടിച്ചും സംവാദം നടത്തിയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും വിശ്വാസിയുടെ ഈമാൻ ഉലമാക്കൾ സംരക്ഷിച്ചു പോന്നിട്ടുണ്ട്. ചില പുസ്തകങ്ങൾ നമുക്ക് പരിചയപ്പെടാം.
*സാരിമുൽ ബുങ്ക്*:
ബാങ്ക് പലിശ അനുവദിച്ചുകൊണ്ട് രിസാലത്തുൻ ഫിൽ ബങ്കി എന്ന പേരിൽ കെ എം മൗലവി പുറത്തിറക്കിയ പുസ്തകത്തിന് മറുപടിയായി 1929 ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കൃതിയാണ് സാരിമുൽ ബുങ്കി ഫീ രിസാലത്തിൽ ബങ്കി.
*അൽ ബയാൻ മാസിക*
സുന്നി ആദർശ രംഗത്തെ വിപ്ലവകാരികളായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെയും വാളക്കുളം അബ്ദുൽബാരി മുസ്ലിയാരുടെയും ശ്രമ ഫലമായി 1929 ഡിസംബറിലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. സമസ്തയുടെ മൂന്നാം സമ്മേളനത്തിലെ തീരുമാനപ്രകാരം ആയിരുന്നു ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചാരണമായിരുന്നു മുഖ്യലക്ഷ്യം.
*രണ്ട് കൈയുടെ ശട്ടം* :
നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈ എവിടെ വെക്കണം എന്നത് സംബന്ധിച്ച് വഹാബികൾ ഉയർത്തിയ വിവാദത്തിനുള്ള വിശദീകരണമായിരുന്നു "തക്ബീറതുൽ ഇഹ്റാമിനു ശേഷമുള്ള രണ്ട് കൈയുടെ ശട്ടം" എന്ന കൃതി. ടി കുഞ്ഞാമു മുസ്ലിയാർ 1946ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
*ചൊട്ടിനൊരു തട്ട്*
രണ്ടു കൈയുടെ ശട്ടം എന്ന സുന്നി പ്രസിദ്ധീകരണത്തിന് മറുപടിയായി എംജിസി മൗലവി "ശട്ടത്തിന് ഒരു ചൊട്ട് "എന്ന പേരിൽ ഒരു പുസ്തകം എഴുതി. അതിനു കെ കെ അബ്ദുല്ല മുസ്ലിയാരുടെ ഖണ്ഡനമായിരുന്നു "ചൊട്ടിനൊരു തട്ട് ".
നജിദിലെ ശൈത്വാൻ, റദ്ദുൽ വഹാബിയ, അൽ കൗലുസദീദ് , ഹിദായതുൽ മുഅമിനീൻ... തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്.
*പ്രഥമ സംവാദം*
ചെറിയ ചെറിയ സംഭാഷണങ്ങൾ ആദർശ രംഗങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സംവാദം എന്ന നിലയിൽ ആദ്യമായി നടക്കുന്നത് നാദാപുരത്തെ പുളിക്കൂൽ വയലിൽ വെച്ച് നടന്ന സംവാദമാണ്. ഇത് ലാ കട്ട സംവാദം എന്ന പേരിലാണ് അറിയപ്പെടുന്നത്.
കുറ്റ്യാടി പ്രദേശങ്ങളിൽ ഐക്യ സംഘത്തിൻെറ പ്രചാരകനായി വന്നത് എം അബ്ദുള്ളക്കുട്ടി മൗലവിയായിരുന്നു. കുറ്റ്യാടി മരുതോങ്കര ജുമാഅത്ത് പള്ളി ഖാളിയായിരുന്ന നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർക്ക് അബ്ദുള്ളക്കുട്ടി മൗലവിയുടെ ശിഷ്യന്മാർ നൽകിയ 11 ചോദ്യങ്ങളാണ് സംവാദത്തിലേക്ക് വഴിയൊരുക്കിയത്.
ഈ ചോദ്യങ്ങൾ നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ നാദാപുരം ജുമഅത്ത് പള്ളിയിലെ മുദരിസായിരുന്ന മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കലെത്തിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് വ്യക്തികളല്ല ഒരു പണ്ഡിത സദസ്സാണ് എന്ന് തീരുമാനിക്കപ്പെടുകയും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടത്താൻ രണ്ടു പക്ഷവും തയ്യാറാവുകയും ചെയ്തു.
സുന്നി പക്ഷത്തുനിന്ന് ;
ഖുത്ബി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പാറക്കടവത്ത് കാവിൽ പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, മേനകോത്ത് അഹ്മദ് മുസ്‌ലിയാർ, നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
മുജാഹിദ് പക്ഷത്ത് ; കെ.എം മൗലവി, പി കെ മൂസ മൗലവി, ഉണ്ണി മുഹിയുദ്ദീൻ കുട്ടി മൗലവി, ഇ കെ മൗലവി, എം സി സി മൗലവിമാർ തുടങ്ങിയവരും അണിനിരന്നു.
സ്പീക്കർ ഇല്ലാതിരുന്ന ആ കാലത്ത് പണ്ഡിതന്മാർ പറയുന്ന പ്രസക്ത ഭാഗങ്ങൾ ഉറക്കെ പറഞ്ഞിരുന്നത് കെ എം സീതി സാഹിബായിരുന്നു.
സുന്നി പക്ഷത്തു നിന്നുള്ള ഒന്നാമത്തെ ചോദ്യം തന്നെ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുമോ എന്നതായിരുന്നു.
മുറിഞ്ഞുപോകുമെന്ന് മുജാഹിദ് പക്ഷത്തു നിന്നും മറുപടി വന്നു.
തെളിവ് എവിടെ ? എന്നായി സുന്നികളുടെ ചോദ്യം. പി കെ മൂസ മൗലവിയായിരുന്നു മറുപടി പറയാൻ എഴുന്നേറ്റു നിന്നത്. അയാൾ " കറാമത്തുൽ ഔലിയാഇ ലാ തങ്കത്വി ഉ ബഅദ മൌതിഹിം " എന്ന" വായിച്ച് മരണത്തോടെ കറാമത്തുകൾ മുറിഞ്ഞുപോകും എന്നാണല്ലോ എന്ന് പറയേണ്ട താമസം തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ എഴുന്നേറ്റു നിന്ന് ചോദിച്ചു: ലാ കട്ടു. ലാ യുടെ അർത്ഥം എവിടെ?
(ലാ യുടെ അർത്ഥം ചേർക്കുമ്പോൾ കറാമത്ത് മരണശേഷം മുറിയില്ല എന്നാണ് വരിക. ലായുടെ അർത്ഥം ഒഴിവാക്കി മരണശേഷം കറാമത്ത് മുറിയും എന്ന് അർത്ഥം വെച്ച് ജനങ്ങളെ വഞ്ചിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്)
ഇതോടെ ജനങ്ങൾ ആകെ ഇളകി. യോഗം നിയന്ത്രണം വിട്ടെന്ന മനസ്സിലാക്കിയ സംവാദം നിയന്ത്രിച്ചിരുന്ന അന്നത്തെ മലബാർ ജില്ലാ പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ് യോഗം തുടരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും സംവാദം പിരിച്ചുവിടുകയും ചെയ്തു.
വഹാബികൾ തോറ്റുപോയെന്ന് വിളിച്ചുപറഞ്ഞു ജനങ്ങൾ പലവഴിക്കായി പിരിഞ്ഞു പോയി.
കെ മൊയ്തു മൗലവി ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ എഴുതിയത് കാണാം :
"വഹാബികൾ തോറ്റുപോയേ എന്ന് വിളിച്ചു കൂവികൊണ്ട് നാട്ടിലാകെ പ്രചാരണം നടന്നു. ലാ കട്ടുവെന്ന് ചിലർ, ലാമ് കട്ടുവെന്ന് മറ്റുചിലർ, എന്താണ് ഈ പറയുന്നതെന്ന് തിരിയാത്ത അമുസ്‌ലിംകൾ ലാമ്പ് കട്ടു പോയി എന്നാണ് മനസ്സിലാക്കിയത്. "
(ഓർമ്മക്കുറിപ്പുകൾ 68 )
ഈ സംവാദത്തോടു കൂടിയാണത്രേ ഐക്യ സംഘക്കാരുടെ തനിനിറം മാലോകരറിഞ്ഞത്.
1932 ലായിരുന്നു ഈ സംവാദം നടന്നത്.