സാലിമി(റ)ന്റെ മുലകുടിയും പ്രായപൂര്‍ത്തിയാവാത്ത യുക്തിവാദികളും
“ഐ.പി.എച്ച് പുറത്തിറക്കിയ ‘സ്വഹീഹ് മുസ്ലിം’ പരിഭാഷയുടെ 371ആം പേജില്‍ (ഹദീസ് നമ്പര്‍ 880) ‘വലിയവര്‍ മുലപ്പാല്‍ കുടിച്ചാല്‍’ എന്ന തലക്കെട്ടില്‍ ഇങ്ങനെ കാണാം: “ആഇശയില്‍നിന്ന്‍: അബൂഹുദൈഫയുടെ വിമോചിത അടിമ സാലിം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. ഒരിക്കല്‍ സഹ്‌ലാ ബിന്‍ത് സുഹൈല്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: ‘സാലിം ഇതര പുരുഷന്മാരെപ്പോലെ പ്രായപൂര്‍ത്തിയും ബുദ്ധിവളര്‍ച്ചയും പ്രാപിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂ ഹുദൈഫക്ക് അതില്‍ മനപ്രായാസമുള്ളതായി ഞാന്‍ വിചാരിക്കുന്നു. അപ്പോള്‍ നബി അവരോട് പറഞ്ഞു: ‘നീ അവന് മുലപ്പാല്‍ കൊടുക്കുക, എന്നാല്‍ അവന്‍ നിനക്ക് വിവാഹം കഴിക്കാന്‍ നിഷിദ്ധമായവനാകും; അബൂഹുദൈഫയുടെ മനസ്സിലുള്ള പ്രയാസം നീങ്ങുകയും ചെയ്യും. അവള്‍ (പിന്നീടൊരു ദിവസം) നബിയുടെ അടുത്ത് വന്ന്‍ പറഞ്ഞു: ‘ഞാനവന് മുലപ്പാല്‍ കുടിപ്പിച്ചു. അങ്ങനെ അബൂ ഹുദൈഫയുടെ മനസ്സിലുണ്ടായിരുന്ന പ്രയാസം നീങ്ങി.”
“ഇത് സാലിമിന്റെ കാര്യം. ഇനി ആഇശയുടെ കാര്യം വന്നപ്പോള്‍ നബി നേരെ പ്ലെയ്റ്റ് തിരിച്ചിടുന്നത് കാണാം. സ്വഹീഹു മുസ്ലിം 372മത്തെ പേജ്, 882-)മത്തെ ഹദീസ്. ‘ബന്ധം സ്ഥാപിതമാകണമെങ്കില്‍ വിശപ്പടങ്ങുന്ന നിലയില്‍ മുലകുടിക്കണം’. “ആഇശയില്‍നിന്ന്‍: ഒരിക്കല്‍ പ്രവാചകന്‍ എന്നെ സന്ദര്‍ശിച്ചപ്പോള്‍ എന്റെ അടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍ അതില്‍ നീരസപ്പെട്ടു. അവിടത്തെ മുഖത്ത് ഞാന്‍ കോപം ദര്‍ശിച്ചു. ഞാന്‍ പറഞ്ഞു: ‘ദൈവദൂതരേ, അയാള്‍ മുലകുടി ബന്ധത്തിലുള്ള എന്റെ സഹോദരനാണ്.’ പ്രവാചകന്‍ പ്രതിവചിച്ചു: ‘മുലകുടി ബന്ധത്തിലൂടെയുള്ള നിങ്ങളുടെ സഹോദരന്മാരെപ്പറ്റി നിങ്ങള്‍ ശരിക്കും നോക്കി മനസ്സിലാക്കണം. തീര്‍ച്ചയായും വിശപ്പടക്കുന്ന നിലയില്‍ മുലപ്പാല്‍ കുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാകുകയുള്ളൂ.” ആഇശക്ക് എങ്ങനെയാണ് മുലകുടി ബന്ധത്തിലൂടെ ഇങ്ങനെയൊരു സഹോദരനുണ്ടായത് എന്നും, ആഇശ പ്രസവിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്. മറ്റു പല ഗ്രന്ഥങ്ങളിലും ആഇശയുടെ മുലകുടിച്ചതിലൂടെയുള്ള ധാരാളം സഹോദരങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. ഇതേ ഹദീസ് തന്നെ ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നതുകൂടി നോക്കാം. 1756 ആം നമ്പര്‍ ഹദീസ്. “ആഇശയില്‍നിന്ന്‍: ‘ഒരിക്കല്‍ റസൂല്‍ എന്‍റെയടുത്ത് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഒരു പുരുഷനുണ്ടായിരുന്നു. അതിഷ്ടപ്പെടാത്തപോലെ നബിയുടെ മുഖഭാവം മാറിയതായി തോന്നി. ആഇശ പറഞ്ഞു: ‘ഇത് എന്റെ സഹോദരനാണ്.’ നബി പറഞ്ഞു: ‘ആരൊക്കെയാണ് നിങ്ങളുടെ സഹോദരന്മാരെന്ന് നന്നായി മനസ്സിലാക്കിക്കൊള്ളുക. പാല് മാത്രം കുടിക്കുന്ന ശിശുപ്രായത്തില്‍ മുലകുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുള്ളൂ.”
“ആരാന്റെ വിഷയത്തില്‍ നബി പറഞ്ഞ അഭിപ്രായവും സ്വന്തം ഭാര്യയുടെ കാര്യത്തില്‍ പറഞ്ഞ അഭിപ്രായവും നിങ്ങള്‍ കണ്ടല്ലോ. ഒന്നുകില്‍ മുസ്ലിം ലോകം ഈ ഹദീസ് പ്രമാണമല്ല എന്ന്‍ അംഗീകരിക്കണം. അതല്ലെങ്കില്‍ ഇത് സത്യമാണെന്നും പ്രമാണമാണെന്നും അംഗീകരിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മാന്യമായ രൂപത്തില്‍ വസ്തുനിഷ്ഠമായി മറുപടി പറയണം.”
‘കുട്ടികള്‍ കണ്ടാല്‍ പ്രശ്നമാകുന്ന ഹദീസ്’ എന്ന തലക്കെട്ടില്‍ ജാമിത ടീച്ചര്‍ എന്ന യുക്തിവാദി പുറത്തിറക്കിയ വീഡിയോയില്‍നിന്നുള്ളതാണ് മേല്‍ വാചകങ്ങള്‍. ഇക്കിളിപ്പെടുത്തുന്ന ടൈറ്റിലുകള്‍ നല്‍കിക്കൊണ്ട് തന്റെ യൂടൂബ് ചാനല്‍ വഴി ഇസ്ലാം വിരോധം തിളച്ചുമറിയുന്ന വീഡിയോകള്‍ പുറത്തിറക്കി ആളുകളെ ആകര്‍ഷിക്കുക എന്ന കുതന്ത്രം പ്രയോഗിക്കുന്ന തിരക്കിനിടയില്‍ പക്ഷേ, താന്‍ പറയുന്നത് ഭീമാബദ്ധങ്ങളാണ് എന്ന കാര്യം തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയാറില്ല എന്നതാണ് വാസ്തവം. അത്തരം വീഡിയോകള്‍ ആഘോഷമാക്കാറുള്ള യുക്തിവാദികളുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ! “അബൂ ഹുദൈഫയുടെ ആശങ്കക്ക് നല്ല മരുന്നാണ് മുഹമ്മദ് നൽകിയത്. അഥവാ സ്വന്തം ഭാര്യയും ചെറുപ്പക്കാരനായ ഭൃത്യനുമുണ്ടായതുകൊണ്ട് ഭർത്താവിനുണ്ടായ വേവലാതിക്ക് പറ്റിയ മരുന്ന് തന്നെ ഈ മുല കുടി! ഇനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം. പ്രായപൂർത്തി ആയവർക്കും മുലകുടിച്ച് രസിക്കാം” എന്ന രൂപത്തിലുള്ള വിമര്‍ശനങ്ങളും ഈ സംഭവത്തെ പ്രതി യുക്തിവാദികള്‍ തൊടുത്തുവിടാറുണ്ട്.
ലോകത്തുള്ള ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അതിലൂടെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും അപ്പോള്‍ മാത്രമേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്നുമാണല്ലോ യുക്തിവാദ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടുള്ളവര്‍ സദാചാരത്തെക്കുറിച്ച് പ്രകടിപ്പിക്കുന്ന ഏതഭിപ്രായവും വേശ്യയുടെ ചാരിത്ര്യപ്രസംഗത്തേക്കാള്‍ അധമമായിരിക്കും. അമ്മ-പെങ്ങള്‍ ഭോഗത്തെയും മൃഗ-ശവരതികളെയും വരെ ന്യായീക്കരിക്കാറുള്ള യുക്തിവാദികള്‍ക്ക് ഏത് വീക്ഷണകോണിലൂടെ നോക്കിയാലും ഈ ഹദീസുകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റ് കണ്ടെത്താന്‍ കഴിയുകയില്ല. മുസ്ലിം ലോകം പണ്ടുകാലം മുതലേ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഹദീസുകളാണവ. അവയില്‍ എന്താണ് ‘കുട്ടികള്‍ കണ്ടാല്‍ പ്രശ്നമാകുന്നതെ’ന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!
ചോദ്യത്തിലുദ്ധരിച്ച ഹദീസുകളെല്ലാം ശരിയും പ്രമാണവുമാണ്. പ്രവാചകന്‍ ഏതെങ്കിലും നിലക്ക് ഇരട്ടത്താപ്പ് കാണിക്കുകയോ ‘പ്ലെയ്റ്റ് മറിച്ചിടുക’യോ ചെയ്യുന്ന പ്രശ്നവും അവയിലില്ല. ഉള്ളത് ജാമിത ടീച്ചറുടെ കബളിപ്പിക്കലും വിഡ്ഡിത്തം നിറഞ്ഞ വാദങ്ങളുമാണ്! ഇക്കാര്യം തിരിച്ചറിയാന്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശദീകരണ സഹിതം ഈ ഹദീസുകള്‍ വായിച്ചാല്‍ മാത്രം മതിയാകും. അതിനാല്‍ തന്നെ ഇനിയും ഇത്തരം ഹദീസുകള്‍ പോക്കിപ്പിടിച്ചുകൊണ്ട് ഇസ്ലാമിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുവെങ്കില്‍ അത് ‘മാന്യമായ രൂപത്തിലുള്ളതും വസ്തുനിഷ്ഠവുമായിരിക്കണം എന്ന്‍ ആദ്യമേ ഓര്‍മപ്പെടുത്തട്ടെ. അതേസമയം, ഇസ്ലാമിക മര്യാദകളെ ആദരവോടെ കാണുന്നവരും എന്നാല്‍ ഈ ഹദീസുകളുടെ വിശദാംശങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമായ ആളുകള്‍ക്ക് ഒരുപക്ഷേ, പ്രായപൂര്‍ത്തിയായ സാലിമിന് സഹ്‌ലാ ബിന്‍ത് സുഹൈല്‍ മുലപ്പാല്‍ കൊടുക്കുന്നതെങ്ങനെ എന്നൊരു സംശയം ഈ വിഷയത്തിലുണ്ടായേക്കാം.
മറുപടിയിതാണ്: അബൂ ഹുദൈഫയുടെ ഭാര്യയായിരുന്ന ഔസ് ഗോത്രക്കാരി സുബൈത ബിന്‍ത് യആര്‍ അല്‍അന്‍സ്വാരിയ്യയുടെ കീഴില്‍ അടിമയായി എത്തിപ്പെട്ട പേര്‍ഷ്യന്‍ വംശജനായിരുന്നു സാലിം. അവര്‍ അവനെ സ്വതന്ത്രനാക്കി. തുടര്‍ന്ന് അബൂ ഹുദൈഫ അവനെ സ്വന്തം മകനെന്നോണം പോറ്റിവളര്‍ത്തി. അവര്‍ക്കിടയിലെ സ്നേഹബന്ധം അത്യഗാധമായിരുന്നു. (പില്‍കാലത്ത് അബൂ ഹുദൈഫ തന്റെ സഹോദരിയുടെ മകളെ സാലിമിന് വിവാഹം ചെയ്തു കൊടുക്കുകപോലുമുണ്ടായി. സാലിം മൗലാ അബൂ ഹുദൈഫ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഇദ്ദേഹം ആദ്യകാല സ്വഹാബികളില്‍ പ്രശസ്തനാണ്.) സാലിമിന് പ്രായപൂർത്തിയായ ശേഷവും അവൻ ഹുദൈഫ(റ)യുടെ വീട്ടിലെ ഒരംഗത്തെപ്പോലെ എല്ലാവരോടും അടുത്തിടപഴകിയിരുന്നു. ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിക നിയമം ഖുർആനിൽ അല്ലാഹു അവതരിപ്പിച്ചതോടെ അബൂ ഹുദൈഫക്കും സാലിമിനെ പോറ്റിവളര്‍ത്തിയിരുന്ന അബൂഹുദൈഫയുടെ മറ്റൊരു ഭാര്യയായിരുന്ന സഹ്‌ലാ ബിന്‍ത് സുഹൈലിനും വലിയ മനപ്രയാസമായി. അതുവരെ സ്വന്തം മകനായി വളർത്തിയിരുന്ന കുട്ടിയെ ഇനിമുതൽ അന്യനായി കാണേണ്ടിവരുമല്ലോ!
സാലിം തന്റെ ഭാര്യമാരോട് ഉമ്മയോടെന്നവണ്ണം അടുത്തിടപഴകുന്നതായിരുന്നു അബൂ ഹുദൈഫയുടെ വിഷമമെങ്കില്‍, തന്റെകൂടി സംരക്ഷണത്തില്‍ മകനെപ്പോലെ വളര്‍ന്ന സാലിമിന്റെ മുന്നില്‍ പര്‍ദ ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് ഖുര്‍ആനിലെ നിയമ പ്രകാരം തെറ്റാകുമോ എന്നതും, ഭര്‍ത്താവിന് അക്കാര്യത്തിലുള്ള ആശങ്കയുമായിരുന്നു സഹ്‌ലാ ബിന്‍ത് സുഹൈലിനെ അലട്ടിയത്. അവര്‍ തന്റെ ആശങ്ക മുഹമ്മദ് നബിക്ക് മുന്നിൽ അവതരിപ്പിച്ചു. സാലിമിന്റെ വിഷയത്തിൽ മാത്രം ഒരു പ്രത്യേക ഇളവ് മുഹമ്മദ് നബി അവര്‍ക്ക് അനുവദിച്ചുകൊടുത്തു. പ്രായപൂർത്തിയായിട്ടുണ്ടെങ്കിലും വളർത്തുപുത്രന് മുലപ്പാൽ കൊടുക്കുക.
ചെറിയ കുഞ്ഞുങ്ങള്‍ ചെയ്യുന്നപോലെ മുല ഊമ്പിക്കുടിക്കും വിധം സ്തന്യം നല്‍കാനല്ല, ഒരു പാത്രത്തിൽ മുലപ്പാൽ ശേഖരിച്ച് അഞ്ച് ദിവസം സാലിമിന് കൊടുക്കാനായിരുന്നു നബി(സ) കൽപ്പിച്ചത് എന്നാണ് ഈ ഹദീസിന്റെ വിശദീകരണമായി പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നു സഅദിന്റെ ത്വബഖാത്തിൽ (8/271) ഇങ്ങനെ കാണാം: ‘സഹ്‌ല തന്റെ മുലപ്പാൽ ഒരു പാത്രത്തിൽ പിഴിഞ്ഞെടുക്കുകയും അത് സാലിമിനെ കുടിപ്പിക്കുകയും ചെയ്യുമായിരുന്നു. അഞ്ച് പ്രാവശ്യം അവരങ്ങനെ ചെയ്യുകയുണ്ടായി’. ഖാളി ഇയാള് പറയുന്നു: ‘സാലിം തന്റെ സ്തനം സ്പർശിക്കുകയോ അവന്റെ ശരീരവുമായി തന്റെ ശരീരം ചേരുകയോ ചെയ്യാതിരിക്കാനായി സഹ്‌ല തന്റെ മുലപ്പാൽ പിഴിഞ്ഞെടുക്കുകയും എന്നിട്ട് അതവനെ കുടിപ്പിക്കുകയുമായിരിക്കും ചെയ്തിട്ടുണ്ടാവുക’. ഇമാം മാലിക്കിന്റെ മുവത്വയുടെ അടിക്കുറിപ്പിൽ നൽകപ്പെട്ടിട്ടുള്ള വിശദീകരണവും ഇതാണ്. ഇമാം നവവി പറഞ്ഞു: ‘ഈ രീതിയാണ് നല്ലത്. എന്നാൽ ഒരനിവാര്യത എന്ന നിലക്ക് സാലിമിന് സഹ്‌ലയുടെ സ്തനം സ്പർശിക്കുന്നതിൽ ഇളവ് നൽകപ്പെട്ടിട്ടുണ്ടാകാം എന്ന അർത്ഥത്തെയും ഇതുൾകൊള്ളുന്നുണ്ട്’. (അർറൗളുന്നദീർ 4/315) ഇബ്നു അബ്ദിൽ ബർറ്: ‘മുതിർന്നവർക്ക് മുലയൂട്ടുകയെന്നാൽ മുലപ്പാൽ പിഴിഞ്ഞെടുത്ത് അവരെ കുടിപ്പിക്കലാണ്. അതല്ലാതെ, ചെറിയ കുട്ടികൾക്ക് മുലയൂട്ടുമ്പോൾ ചെയ്യാറുള്ളപോലെ മുലക്കണ്ണ് വായിൽവെച്ച് കൊടുക്കുകയല്ല. പണ്ഡിതന്മാരുടെ അടുക്കൽ അതനുവദനീയമല്ല.’ (അത്തംഹീദ് 8/257)
Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം
ഏത് നിലക്കാണെങ്കിലും, സഹ്‌ലാ ബിൻത് സുഹൈൽ സാലിമിന് മുലപ്പാല്‍ നല്‍കി. അതുവഴി സാലിം അവർക്ക് മഹ്റമായ –വിവാഹം നിഷിദ്ധമായ- പുത്രബന്ധമുള്ള കുട്ടിയായി മാറുകയും സ്വാഭാവികമായും സാലിം സഹ്‌ലയുമായി അടുത്തിടപഴകുന്നതിൽ അബൂഹുദൈഫക്കുള്ള മന:പ്രയാസം നീങ്ങുകയും ചെയ്തു. ഇങ്ങനെ, പ്രായപൂർത്തിയായ ഒരു കുട്ടിക്ക് മുലപ്പാൽ കൊടുക്കുക എന്നത് സാലിം എന്ന കൗമാര പ്രായത്തിലുള്ള വളർത്തുപുത്രന്റെ കാര്യത്തിൽ സഹ്‌ലക്ക് മാത്രം നൽകപ്പെട്ട ഒരു ഇളവായിരുന്നു. സാലിമും ഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം ഒരു പ്രത്യേക രൂപത്തിലുള്ളതും സാധാരണ എവിടെയും കാണാത്ത വിധം സുദൃഢവും അഗാധവുമായിരുന്നതിനാൽ സാലിമിന് മാത്രമായി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അവരുടെ മാനസികാവസ്ഥ പരിഗണിച്ച് നൽകപ്പെട്ട ഇളവ്.
ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍, സാലിമിന്ന് പ്രായപൂര്‍ത്തിയാവുകയും, ദത്തുപുത്ര സമ്പ്രദായവുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിയമം അവതരിക്കുകയും ചെയ്തപ്പോള്‍ സഹ്‌ല അവന് മുമ്പില്‍ പര്‍ദ്ദയണിയണമെന്നായിരുന്നു അബൂഹുദൈഫയുടെ ആഗ്രഹം. പക്ഷേ, സഹ്‌ലക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരുടെ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം. അവരുടെ ഈ വീക്ഷണത്തോട് പ്രവാചകനും യോജിച്ചു. അതോടൊപ്പം അവര്‍ക്കൊരു മനശ്ശാസ്ത്ര ചികില്‍സ വിധിക്കുകയും ചെയ്യുന്നു; അതാണ് സാലിമിന്റെ മുലകുടി.
ഇമാം മാലിക് രേഖപ്പെടുത്തുന്നു: “പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോദരിയുടെ മകളെ സാലിമിന് വിവാഹം ചെയ്തുകൊടുത്തു. അങ്ങനെയിരിക്കെയാണ് ദത്തുപുത്രന്മാരെ മക്കളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്‍ആനിക കല്‍പ്പന വരുന്നത്. അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: ‘സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ് കണക്കാക്കി വന്നത്. ഞാന്‍ പര്‍ദ്ദ ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്‍ക്കാകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്?’ നബി പറഞ്ഞു: ‘അവന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.’ (അടിക്കുറിപ്പ്: മുതിർന്നവർക്ക് മുലയൂട്ടുകയെന്നാൽ, മുലപ്പാല്‍ ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുകയും അത് അവരെ കുടിപ്പിക്കുകയും ചെയ്യുകയെന്നാണ്.) അതിന് ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ് സഹ്‌ല അവനെ കണ്ടിരുന്നത്. (മുവത്വ: 1287)
രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്‍പ്പിക്കുന്നുണ്ട്. ഒരു കുട്ടി ഒരു സ്ത്രീയുടെ മുലകുടിച്ചാല്‍ ആ സ്ത്രീക്ക് ജനിക്കുന്ന കുട്ടികളും മുലകുടിച്ച കുട്ടിയും സഹോദരീ – സഹോദരന്മാരാകും, മുലകൊടുത്ത സ്ത്രീ അവരുടെയെല്ലാം മാതാവും. ഇതാണ് ഇസ്ലാമിക നിയമം. മാത്രമല്ല, മറ്റേതെങ്കിലും കുട്ടികള്‍ അതേ സ്ത്രീയുടെ സ്തന്യം നുകര്‍ന്നിട്ടുണ്ടെങ്കില്‍ -അതുവരെ അവര്‍ കുടുംബപരമായി എത്ര അന്യരായിരുന്നെങ്കിലും- ആ കുട്ടികളുമായും ബന്ധം സ്ഥാപിതമാവും. സാധാരണഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിനിമം അഞ്ച് പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവൂ എന്നാണ് നിയമം. കാരണം മുലകുടിയുടെ പ്രായമായി ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത് അതാണ്. (അധ്യായം 2, സൂക്തം 233). കൂടാതെ, ഈ കാലയളവിലെ മുലകുടി മാത്രമേ ബന്ധത്തിന് കാരണമാവുകയുള്ളൂവെന്ന്‍ ‘മുലയൂട്ടിയ മാതാക്കളെ’ (അധ്യായം 4, സൂക്തം 23) എന്ന ഖുര്‍ആനിക പ്രയോഗത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. മറിച്ചാണെങ്കില്‍ ‘മുലകൊടുത്ത സ്ത്രീ’ എന്ന പ്രയോഗമാണല്ലോ കൂടുതല്‍ യോജിക്കുക.
കൂടാതെ പല നബിവചനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ‘കുടലിനെ വിടര്‍ത്തുന്നതും മുലകുടി പ്രായം കഴിയുന്നതിന് മുമ്പുള്ളതുമല്ലാത്ത മുലകുടി വിവാഹം നിഷിദ്ധമാക്കുകയില്ല’ (തിര്‍മിദി) ‘ഒന്നോ രണ്ടോ തവണത്തെ ലഘുവായ മുലകുടി വിവാഹം നിഷിദ്ധമാക്കുകയില്ല.’ (മുസ്ലിം, തിര്‍മിദി) ‘എല്ലിനെ ശക്തിപ്പെടുത്തുകയും മാംസം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതല്ലാതെ മുലകുടിയില്ല.’ (അബൂദാവൂദ്) ഇബ്നു അബ്ബാസ്(റ) പറയുന്നു: ‘രണ്ട് വയസ്സിനിടക്കല്ലാതെ മുലകുടിയില്ല’ (ദാറഖുത്നി) ചുരുക്കത്തില്‍, ശിശുവിന്റെ ശരീര വളര്‍ച്ചയില്‍ എന്തെങ്കിലും പങ്കുവഹിക്കാന്‍ പറ്റുന്ന പ്രായത്തിലും തരത്തിലുമുള്ള മുലകുടി മാത്രമേ വിവാഹ ബന്ധം നിഷിദ്ധമാക്കുകയുള്ളൂ. ഇക്കാര്യം തന്നെയാണ് ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട ‘പാല്‍ മാത്രം കുടിക്കുന്ന ശിശുപ്രായത്തില്‍ മുലകുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുള്ളൂ’ എന്ന ബുഖാരിയിലെ ഹദീസില്‍ പറയുന്നതും.
എന്നാല്‍ ആഇശ(റ)ക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ സാലിമിന് മുല കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി(സ) സഹ്‌ലക്ക് നല്‍കിയ അനുമതിയെ ആഇശ(റ) കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: സാലിമിന് മുലപ്പാല്‍ കൊടുക്കാന്‍ പറഞ്ഞ ഈ സംഭവം തെളിവായി സ്വീകരിച്ചുകൊണ്ടാണ് പ്രായപൂര്‍ത്തിയായവന് മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആഇശ(റ) പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്‍പര്യപ്പെടുന്ന ചിലര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തന്റെ സഹോദരി ഉമ്മു കുല്‍സൂമിനോടും സഹോദരന്റെ പെണ്‍മക്കളോടും ആഇശ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്‍ക്ക് തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ച് സാലിമിന് സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്‍ക്ക് നല്‍കിയ ഒരു പ്രത്യേക ഇളവ് മാത്രമാണ്; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ: 1287)
ഇമാം നവവി എഴുതി: “(സാലിമിന്റെ) ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തി വന്ന ആള്‍ മുലകുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആഇശ(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിനും നബി(സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ് മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്. ദാവൂദ് ളാഹിരി മാത്രമാണ് മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആഇശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടികൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആഇശ(റ)യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല.” (ശറഹ് മുസ്‌ലിം)
ഈ വീക്ഷണ വ്യത്യാസങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയുടെ നിലപാട്. അതിന്റെ രത്നച്ചുരുക്കമിതാണ്: 1. ഈ നിയമം റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. 2. ഇത് സാലിമിനും സഹ്‌ലക്കും മാത്രമുള്ള നിയമമല്ല. 3. എന്നാല്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു പൊതു നിയമവുമല്ല. 4. സാലിമും സഹ്‌ലയും എത്തിപ്പെട്ടതുപോലുള്ള ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണിത്. (മജ്മൂഉല്‍ ഫതാവാ 3/167)
ഇസ്‌ലാമിലെ ചില നിയമങ്ങള്‍ കാലികമാണ്; ചിലത് സാര്‍വ്വകാലികവും. ചിലത് സവിശേഷ സാഹചര്യവുമായി മാത്രം ബന്ധപ്പെട്ടവയാണ്; ചിലത് പൊതുവായുള്ളതും. ചില നിയമങ്ങള്‍ പരിവര്‍ത്തന ദശയില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്. നിയമങ്ങള്‍ക്കെല്ലാം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍, ആ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഇളവ് അനുവദിക്കപ്പെടുന്നുമുണ്ട്. സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്ന നിയമങ്ങളുമുണ്ട്. ഇതൊന്നുമറിയാത്തവര്‍ക്കേ, നബി(സ) സഹ്‌ലയോട് പ്രായപൂര്‍ത്തിയായ സാലിമിന് മുലയൂട്ടാന്‍ നിര്‍ദേശിച്ചതിനെ വിമര്‍ശിക്കാനും പരിഹസിക്കാനുമാകൂ. നബി(സ) ആ ചെയ്തതല്ലാതെ മറ്റെന്ത് എന്ത് പരിഹാരമായിരുന്നു നിര്‍ദേശിക്കേണ്ടിയിരുന്നത് എന്ന്‍ വിശദീകരിക്കേണ്ട ബാധ്യതകൂടി കഥയറിയാതെ ആട്ടം കാണുന്ന വിമര്‍ശകര്‍ക്കുണ്ട്.
സാധാരണഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മിനിമം അഞ്ചു പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവൂ എന്നാണ് ഇസ്‌ലാമിക നിയമമെന്ന്‍ നാം മനസ്സിലാക്കിയല്ലോ. ‘മുലകുടി ബന്ധത്തിലൂടെയുള്ള നിങ്ങളുടെ സഹോദരന്മാരെപ്പറ്റി നിങ്ങള്‍ ശരിക്കും നോക്കി മനസ്സിലാക്കണം. തീര്‍ച്ചയായും വിശപ്പടക്കുന്ന നിലയില്‍ മുലപ്പാല്‍ കുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാകുകയുള്ളൂ.” എന്ന്‍ ആയിശ(റ)യോട് നബി(സ) പറഞ്ഞതിന്നര്‍ഥം, ഹിജാബില്ലാത്ത അവസ്ഥയില്‍ അവരുടെ അടുക്കല്‍ കടന്നുവരുന്ന വ്യക്തികള്‍ അവ്വിധം മുലപ്പാൽ നുകർന്നവരും അങ്ങനെ വിവാഹബന്ധം നിഷിദ്ധമായവരും ആണെന്ന് ഉറപ്പുവരുത്തണം എന്നാണ്. അതല്ലാതെ മറ്റൊരു സ്വാർത്ഥതയും അതിലില്ല. ഹിജാബിന്റെ കാര്യത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിരുന്ന ആഇശ(റ) പ്രവാചകന്‍റെ അഭിപ്രായമറിയുന്നതുവരെ മുലകുടി ബന്ധത്തിലുള്ള തന്റെ ബന്ധുക്കള്‍ക്ക് പോലും പ്രവേശനാനുമതി നല്‍കാതിരുന്ന സംഭവങ്ങള്‍ സ്വഹീഹ് മുസ്ലിമില്‍ ഉണ്ട് താനും.
ആഇശ(റ) പറഞ്ഞതായി ഉര്‍വത് ബ്നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഹിജാബിന്റെ വിധിയവതരിച്ചതിന് ശേഷമൊരിക്കല്‍ അബുല്‍ ഖുഐസിന്റെ സഹോദരന്‍ അഫ് ലഹ് ആഇശയുടെ അടുക്കല്‍ പ്രവേശിക്കാന്‍ അനുമതി ചോദിച്ചു. അദ്ദേഹം അവരുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്. ആഇശ പറഞ്ഞു: ‘അല്ലാഹുവാണ! ദൈവദൂതരോട് അനുമതി തേടുന്നതുവരെ ഞാന്‍ അഫ് ലഹിന് അനുവാദം നല്‍കുകയില്ല. അബുല്‍ ഖുഐസല്ല, അദ്ദേഹത്തിന്റെ ഭാര്യയാണല്ലോ എന്നെ മുലയൂട്ടിയിട്ടുള്ളത്. അങ്ങനെ നബി(സ) വന്നപ്പോള്‍ ഞാനീ വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. അപ്പോള്‍ അവിടന്ന്‍ പറഞ്ഞു: ‘നീ അദ്ദേഹത്തിന് അനുമതി നല്‍കുക.’ ഇക്കാരണത്താല്‍ ആഇശ(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും നിങ്ങള്‍ പവിത്രമാക്കുക.’ (മുസ്ലിം: 2710).
മുലകുടിയിലൂടെ ബന്ധുക്കളായവരെ തന്റെ അടുക്കല്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആഇശ(റ)യാണ് നബി(സ)യേക്കാള്‍ കണിശത പുലര്‍ത്തിയതായി കാണുന്നത് എന്നിരിക്കെ ‘തന്റെ ഭാര്യയുടെ കാര്യം വന്നപ്പോള്‍ മുഹമ്മദ് സ്വാര്‍ഥത കാണിച്ചു, പ്ലെയ്റ്റ് മാറ്റി’ എന്ന യുക്തിവാദി ആരോപണം ഇവിടെ തകര്‍ന്നടിയുന്നു!
.
‘ആഇശക്ക് എങ്ങനെയാണ് മുലകുടി ബന്ധത്തിലൂടെ ഇങ്ങനെയൊരു സഹോദരനുണ്ടായത് എന്നും, ആഇശ പ്രസവിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്. മറ്റു പല ഗ്രന്ഥങ്ങളിലും ആഇശയുടെ മുലകുടിച്ചതിലൂടെയുള്ള ധാരാളം സഹോദരങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്’ എന്നിങ്ങനെയുള്ള ജാമിതയുടെ വാദങ്ങള്‍ അവരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നതാണ്. താന്‍ ആര്‍ക്കെങ്കിലും മുലകൊടുത്തു എന്ന്‍ ആഇശ(റ) പറഞ്ഞിട്ടില്ല. മുലകുടി ബന്ധത്തിലൂടെ അവര്‍ക്ക് സഹോദരന്മാര്‍ ഉണ്ടാകണമെങ്കില്‍, ആഇശ(റ) ചെറുപ്പത്തില്‍ ആരുടെ സ്തന്യമാണോ നുകര്‍ന്നിട്ടുള്ളത് ആ ഉമ്മയുടെയോ അവരുടെ സഹോദരിയുടെയോ സ്തന്യം നുകര്‍ന്നവരായാല്‍ മതി എന്നും, ആഇശയുടെ സഹോദരിയുടെയോ സഹോദരപുത്രിമാരുടെയോ മുല കുടിച്ചവരുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ആഇശ(റ) എളയുമ്മയോ വലിയുമ്മയോ ആയിരിക്കും എന്നുമുള്ള വസ്തുത ഹദീസ് നിഷേധത്തിലൂടെ യുക്തിവാദത്തിലെത്തിയ ഈ ഇസ്ലാം വിമര്‍ശക തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ വിളിച്ചുകൂവി നാണംകെടുമായിരുന്നില്ല! നന്നേ ചുരുങ്ങിയത്, മുകളിലുദ്ധരിച്ച അഫ് ലഹിന്‍റെ സംഭവമെങ്കിലും വായിച്ചിരുന്നെങ്കില്‍ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരന്‍ ഉണ്ടാകുന്നത് എങ്ങനെയെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.
പ്രായപൂര്‍ത്തിയായവരുടെ മുലകുടി ബന്ധത്തിന്റെ വിഷയത്തില്‍ ഭൂരിപക്ഷത്തിനെതിരായ വീക്ഷണമായിരുന്നല്ലോ ആയിശ(റ)ക്ക് ഉണ്ടായിരുന്നത്. അതേസമയം, അതവര്‍ ഉപയോഗപ്പെടുത്തിയതാകട്ടെ എന്തെങ്കിലും സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായിരുന്നില്ല, ഇളംതലമുറയില്‍പെട്ട പ്രവാചകശിഷ്യന്മാര്‍ക്കും അടുത്ത തലമുറയിലെ ഭക്തന്മാരായ ചിലര്‍ക്കും വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു. അവരെ സമീപിച്ചിരുന്നവരെല്ലാം ആ തരത്തിലുള്ളവരായിരുന്നു താനും.
സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: “പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധപൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നുവരാന്‍ സൗകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ് അവര്‍ അതിന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടിവരികയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു.” (ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ: 126)
ഇനി, ‘അബൂ ഹുദൈഫയുടെ ആശങ്കക്ക് നല്ല മരുന്നാണ് മുഹമ്മദ് നൽകിയത്. അഥവാ, സ്വന്തം ഭാര്യയും ചെറുപ്പക്കാരനായ ഭൃത്യനുമുണ്ടായതുകൊണ്ട് ഭർത്താവിനുണ്ടായ വേവലാതിക്ക് പറ്റിയ മരുന്ന് തന്നെ ഈ മുല കുടി! ഇനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം. പ്രായപൂർത്തി ആയവർക്കും മുല കുടിച്ച് രസിക്കാം!’ എന്ന ആരോപണത്തെക്കുറിച്ചുകൂടി ചിലത് പറയാം.
അബൂഹുദൈഫയെ സംബന്ധിച്ചേടത്തോളം, നബി(സ) നല്‍കിയത് നല്ലൊരു ‘ചികില്‍സ’യായി യുക്തിവാദികള്‍ക്ക് തന്നെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്നര്‍ഥം, സാലിമിനും സഹ്‌ലക്കും എതിരില്‍ അവര്‍ ഉന്നയിക്കുന്ന ആരോപണം കള്ളമാണെന്നാണ്. ഈ ആരോപകര്‍ ദുസ്സൂചന നല്‍കും പ്രകാരം അബൂഹുദൈഫ ഒരു സംശയാലുവായിരുന്നുവെങ്കില്‍ നബിയുടെ ചികില്‍സ ഒട്ടും ഫലിക്കുമായിരുന്നില്ല; മാത്രമല്ല സംശയം വര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ യുക്തിവാദികളുടെ ഈ പ്രസ്താവന തീര്‍ത്തും ദുരുദ്ദേശ്യപരവും വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതുമാണ്. സാലിമും അബൂഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇമാം മാലികിന്റെ മുവത്വയിലുള്ള ഹദീസ് വ്യക്തമാക്കിയത് നാം കണ്ടു. ആ കുടുംബത്തിലെ ഒരു ‘മകന്‍’ എന്നതായിരുന്നു സാലിമിന്റെ സ്ഥാനം. ദത്തെടുക്കുന്നതിന്റെ അര്‍ത്ഥം അതാണല്ലോ. അപ്പോള്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല അവന് സ്വന്തം ‘ഉമ്മയെപ്പോലെ’യാണ്. അബൂഹുദൈഫക്ക്
സാലിമിനെക്കുറിച്ചോ സഹ്‌ലയെക്കുറിച്ചോ ഒരു പരാതിയുമില്ല. അവര്‍ അവിഹിതമായി എന്തെങ്കിലും ചെയ്തെന്നോ ചെയ്യുമെന്നോ അദ്ദേഹം സംശയിക്കുന്നുമില്ല. മറിച്ച്, അദ്ദേഹത്തിന്റെ ആശങ്കയിതായിരുന്നു: സാലിം ഇപ്പോള്‍ തങ്ങളുടെ അടിമയല്ല. അവന്‍ തങ്ങളുടെ ദത്തുപുത്രനാണെങ്കിലും, ദത്തുപുത്രനെ യഥാര്‍ത്ഥ പുത്രനായി കണക്കാക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ വിധിച്ചുകഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ സാലിമിന് മുമ്പില്‍ പര്‍ദ്ദ ആചരിക്കാന്‍ സഹ്‌ല ബാധ്യസ്ഥയല്ലേ? അത് ചെയ്തില്ലെങ്കില്‍ സഹ്‌ലയും സാലിമും പിന്നെ താനും അതുമൂലം കുറ്റക്കരാകുമോ? ഈ ആശങ്ക അബൂ ഹുദൈഫ ഭാര്യയുടെ മുമ്പില്‍ അവതരിപ്പിച്ചു. അതിനെത്തുടര്‍ന്നാണ് സഹ്‌ല പ്രവാചകനെ സമീപിക്കുന്നത്. അതിന്റെ പരിഹാരമായിട്ടാണ് മുലകുടി ബന്ധം സ്ഥാപിക്കാന്‍ നബി(സ) ഉപദേശിച്ചത്.
ഇതാണ് വസ്തുതയെന്നിരിക്കെ മുകളില്‍ കണ്ടതുപോലുള്ള യുക്തിവാദി ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണ്. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം’ എന്ന ചൊല്ലാണ് അത് നമ്മെ ഓര്‍മിപ്പിക്കുന്നത്. അബൂഹുദൈഫയുടെയും സഹ്‌ലയുടെയും ജീവിതകാലത്ത് ഒരാളും ഉന്നയിച്ചിട്ടില്ലാത്തതും, ഒരു തെളിവുമില്ലാത്തതുമായ ആരോപണങ്ങളിലൂടെ 14 നൂറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തിലിരുന്ന് യുക്തിവാദികള്‍ അവരെ ചെളിവാരിയെറിയുന്നത് ഇസ്‌ലാമിനെ ആക്ഷേപിക്കാനുള്ള വ്യഗ്രത കൊണ്ടും, പ്രവാചക കാലത്തെ മുസ്ലിംകളും തങ്ങളെപ്പോലെ ധാര്‍മികമായി അധപ്പതിച്ചവരായിരുന്നു എന്ന്‍ വരുത്തിത്തീര്‍ക്കാനുള്ള എന്തെന്നില്ലാത്ത ആഗ്രഹംകൊണ്ടുമാണ്. ആശയപരമായോ ധാര്‍മികമോ ഇസ്ലാമിനോ നേരിടാന്‍ കഴിയാത്തവരില്‍നിന്ന്‍ ഇത്തരം കുതന്ത്രങ്ങളല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍?! ഏത് പുരുഷനും ഏത് സ്ത്രീക്കും തമ്മില്‍ എപ്പോഴും എന്തുമാകാം എന്ന്‍ ചിന്തിക്കുന്ന, ധാര്‍മികതക്കും സദാചാരത്തിനും സ്ഥായിയായി ഒരടിസ്ഥാനവുമില്ലാത്ത യുക്തിവാദികള്‍ക്ക് ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാര്‍മിക-സദാചാര ബോധത്തിന്റെ മഹാത്മ്യം മനസ്സിലാകണമെങ്കില്‍ മിനിമം അവരുടെ മലിന മനസ്സില്‍നിന്നും അശ്ലീല ചിന്തയില്‍നിന്നും പുറത്തുകടന്ന്‍ മനുഷ്യരെപ്പോലെ ചിന്തിക്കാന്‍ തയ്യാറായേ മതിയാകൂ!
സാലിമി(റ)ന്റെ മുലകുടിയെക്കുറിച്ച് പറയുന്ന ഹദീസുകളില്‍ കുട്ടികൾ കണ്ടാൽ കുഴപ്പമായേക്കാവുന്ന ഒന്നുമില്ലെന്നും, കുഴപ്പമുള്ളത് അജ്ഞതയും ചിന്താ ശൂന്യതയും യുക്തിരാഹിത്യവും അലങ്കാരമാക്കിയ, ബുദ്ധിപരമായി ഇനിയും പ്രായപൂര്‍ത്തിയെത്തുകയോ, നന്മയെന്ത്, തിന്മയെന്ത് എന്ന്‍ തിരിച്ചറിയാനാവാവുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ഈച്ചയെപ്പോലെ മാലിന്യം തെരയല്‍ സ്വഭാവമാക്കിയ നാസ്തികര്‍ക്കാണെന്നും ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ!
ط