(#سألوني 14)
#പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ?
#ചോദ്യം: പള്ളികൾ അലങ്കരിക്കുന്നതു വ്യാപകമാകുന്നുണ്ട്. ഇന്റീരിയൽ വർക്കുകൾ കൊണ്ടു സമ്പന്നമാണു നിലവിലെ പള്ളികൾ. പള്ളിച്ചുമരുകളിൽ ഖുർആൻ സൂക്തങ്ങൾ എഴുതുന്നതുംവിരളമല്ല .എന്താണ് ഫിഖ്ഹിന്റെ പക്ഷം?
#മറുപടി:മസ്ജിദുകൾ നിർമ്മിക്കുന്നതും അവ നിസ്കാരവും മറ്റു ആരാധനകൾ കൊണ്ടു പരിപാലിക്കുന്നതും പുണ്യകരമായി കാണുന്ന ഇസ്ലാം അലങ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
ചുമരുകളിൽ ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്യുന്ന നടപടിയെ ഇസ്ലാമിക കർമ്മശാസ്ത്രം നല്ലതല്ലാത്ത അത്യാചാരമായിട്ടാണ് കാണുന്നത്. (അൽ ഫത്ഹുൽ മുബീൻ /477, അൽഫതാവൽ ഹദീസിയ്യ:പു.109 കാണുക)
പള്ളിച്ചുമരുകളിലും മറ്റും ഖുർആൻ വരികൾ കോരിയിടിന്നത് കറാഹത്താണെന്ന് ഇമാം ഖത്വീബു ശിർബീനി (മുഗ്നിൽ മുഹ്താജ് 1/152) രേഖപ്പെടുത്തുന്നുണ്ട്. ഖുർആൻ വചനങ്ങൾ പോലെ തന്നെ അസ്മാഉൽ ഹുസ്നയും കോറിയിടുന്നത് കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ് 2/70) വ്യക്തമാക്കിയിട്ടുണ്ട്.
ഖുർആൻ ഉല്ലേഖനം ചെയ്യപ്പെട്ട ചുമരുകൾ തൂണുകൾ എന്നിവ പൊളിക്കുന്നത് കരാഹതാണ.
(അസ്നൽ മാത്വലിബ് 1/62, മുഗ്നി 1/152).
മസ്ജിദുകളിൽ വരുത്തുന്ന അലങ്കാരപ്പണികൾ, കൊത്തുപണികൾ, തുടങ്ങിയ ഏതു വിധത്തിലുമുള്ള മോഡി കൂട്ടലുകളും കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ് 2/180) രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതിരിച്ചുവിടുന്ന തരത്തിലുള്ള മോഡിക്കൂട്ടലുകളാണ് മോശം കാര്യമെന്നും അല്ലാതെ ഭംഗി വരുത്തുന്നത് കറാഹത്തിന്റെ പരിധിയിൽ പെടില്ലെന്നും ഇമാം സുബ്കി (ഫതാവസുബ്കി, പു. 276-277) നിരീക്ഷിക്കുന്നുണ്ട്.
സഹോദര മദ്ഹബുകളുടെ നിലപാടു കൂടെ പരിശോധിക്കാം;
കിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികൾ കറാഹത്തും അല്ലാത്തത് കറാഹത്ത് അല്ലെങ്കിലും അതിന് മുടക്കുന്ന പണം പാവങ്ങൾക്കു ദാനംചെയ്യുന്നതാണ് നല്ലതെന്നുമാണ് ഹനഫീ മദ്ഹബിൽ പ്രബലം (അദ്ദുർറുൽ മുഖ്താർ ഇബ്നു ആബിദീൻ സഹിതം 1/658 കാണുക).
പള്ളിയുടെ നിർമ്മാണം മനോഹരമാക്കുന്നത് പുണ്യകരമാണെന്നും എന്നാൽ നിസ്കരിക്കുന്നവരുടെ ശ്രദ്ധതെട്ടിക്കുമെന്നതിനാൽ ഖിബ്ലയുടെ ഭാഗത്ത് നടത്തുന്ന അലങ്കാര പണികളും ഖുർആൻ എഴുത്തുകളും കറാഹത്താണെന്നുമാണ് മാലികീ പണ്ഡിതരുടെ പക്ഷം (മവാഹിബുൽ ജലീൽ 1/551) .
സാധാരണ ഗതിയിൽ നിസ്കരിക്കുന്നവരുടെ ഭക്തിയെ ബാധിക്കുന്ന തരത്തിലുള്ള ഏതു തരം ചിത്രപ്പണികളും അലങ്കാരങ്ങളും എഴുത്തുകുത്തുകളും കറാഹത്താണെന്നും അത് വഖുഫു സ്വത്തിൽ നിന്നാണെങ്കിൽ ഹറാമാണെന്നുമാണ് ഹമ്പലീ മദ്ഹബ് (കശാഫുൽ കിനാഅ് 2/366).
✍️
#ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ,#മക്കത്തുൽ_മുകർരമ 🕋🌹
No comments:
Post a Comment