Friday, September 12, 2025

കൊടും ചതി!*

 📚

*കൊടും ചതി!*

____________________


തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ 

( عُكْل وعُرينة )

 എന്നീ ഗോത്രങ്ങളിൽ നിന്ന് ഏഴുപേർ തങ്ങളുടെ അരികിലെത്തി, ഇസ്‌ലാം സ്വീകരിച്ചു. മദീനഃയിൽ എത്തുമ്പഴേ, ആരോഗ്യക്കുറവിനാൽ അവരുടെ ശരീരം മെലിഞ്ഞ് വിവർണ്ണമായിരുന്നു. കാലാവസ്ഥയും ഭക്ഷണ വ്യത്യാസവും അവരെ വീണ്ടും ക്ഷീണിതരാക്കി. അവർ മദീനഃവിട്ട് പോകാൻ തീരുമാനിച്ചു, തങ്ങളെ സമീപിച്ചു. അപ്പോൾ, സകാതിൻ്റെ ഒട്ടകങ്ങളിൽ നിന്ന് കറവയുള്ളവയുടെ പാൽ കുടിക്കാനും, ചികിത്സയായി ഒട്ടകത്തിൻ്റെ മൂത്രം സേവിക്കാനും നിർദ്ദേശിച്ചു. ഒട്ടകങ്ങൾ മദീനഃയിൽ നിന്നും അൽപം അകലെ മേയുകയായിരുന്നു. അവയുടെ അടുത്തേക്ക് പോകാൻ, യസാർ(റ)വിനെ അവർക്കൊപ്പം പറഞ്ഞു വിട്ടു. ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയനായിരുന്നു അദ്ദേഹം.


 നിർദ്ദേശിച്ച പ്രകാരം ചെയ്തപ്പോൾ അസുഖം ഭേദമായി. മെലിഞ്ഞ ശരീരം തടിച്ചു, ആരോഗ്യം വീണ്ടെടുത്തു. ഇതോടെ അവരുടെ മട്ടുമാറി. ആ ഒട്ടകങ്ങളെയും കൊണ്ട് പോകാൻ തുനിഞ്ഞു. ഈ മോഷണം, ഇടയന്മാർ തടഞ്ഞു. അപ്പോൾ അവരെന്തു ചെയ്തെന്നോ, യസാർ(റ)വിൻ്റെ കൈ കാലുകൾ മുറിച്ചു. കണ്ണിലും നാവിലും വലിയ മുള്ളുകൾ കൊണ്ട് കുത്തി പരിക്കേൽപിച്ചു. അദ്ദേഹം മരണപ്പെട്ടു.!


പിറ്റേന്ന്, രാവിലെ ഈ വിവരം തിരുനബി(സ്വ) തങ്ങൾക്ക് ലഭിച്ചു. അവിടുന്ന് വേദനിച്ചു, ദേഷ്യപ്പെട്ടു. അവരെ പിടികൂടാൻ, കുർസ് ബ്നു ജാബിർ(റ)വിൻ്റെ നേതൃത്വത്തിൽ യുവാക്കളായ 20 പേരെയും, അടയാളം നോക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരാളെയും പറഞ്ഞയച്ചു. വൈകുന്നേരമായപ്പോഴേക്കും തൊണ്ടി സഹിതം പിടിച്ചു കെട്ടി, തങ്ങളുടെ മുന്നിൽ ഹാജരാക്കി. തങ്ങൾ സഹായത്തിനു പറഞ്ഞയച്ച, യസാർ(റ) കൈകാലുകൾ മുറിച്ച് കൊലപ്പെടുത്തിയ ഇവർ മാപ്പർഹിക്കുന്നില്ലല്ലോ. തിരിച്ചു കൊല്ലുക തന്നെ. ഇങ്ങോട്ട് ചെയ്ത അതേ രീതിയിൽ തന്നെ തിരിച്ചു കൊടുക്കണം. മേലിൽ ഇത്തരം ക്രൂരത ആവർത്തിക്കപ്പെടരുത്. അതിലൂടെ മാനവകുലത്തിന് അക്രമമില്ലാത്ത ജീവിതം ലഭിക്കുമെന്ന് ഖുർആൻ പറഞ്ഞല്ലോ. ജൂതന്മാരിലും ഇതേ നിയമമുണ്ട്. മദീനത്തുണ്ടായിരുന്ന ഒരു ജൂതൻ , തൻ്റെ അടിമയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അപ്രകാരം തന്നെ കല്ല് കൊണ്ട് തലക്കടിച്ച് പ്രതിക്രിയ നടപ്പിലാക്കിയിട്ടുണ്ട് തിരുനബി(സ്വ) തങ്ങൾ. ഇത് അവരുടെ തൗറാതിൽ തന്നെയുള്ള നിയമമാണെന്ന് പറയുകയും ചെയ്തത് ചരിത്രത്തിലുണ്ട്. 


ഈ സംഭവത്തിലും പ്രതിക്രിയ നടത്തി. അവരുടെ കൈകാലുകൾ മുറിച്ചു. യസാർ(റ)വിൻ്റെ കണ്ണിലും നാവിലും, മരുഭൂമിയിലെ കൂർത്ത മുള്ളുകൾ കൊണ്ട് അക്രമിച്ചതിനു പകരം, ഇവരുടെ കണ്ണുകളിൽ കൂർത്ത ആണികൾ അടിച്ചു കയറ്റി. ഈ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.


💫

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...