Friday, August 29, 2025

മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1172🌹*


മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജിഹാദിന്റെ ആത്മാവും അടിത്തറയും ഇവിടെയാണ് നിലകൊള്ളുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സായുധ ഇടപെടലുകളെ മാത്രം ജിഹാദായി അവതരിപ്പിക്കുകയോ, പടക്കളത്തിലെ പോരാട്ടമാണ് ജിഹാദ് എന്ന് നിർണയിക്കുകയോ ചെയ്യുക വഴി ഏറ്റവും വലിയ ആത്മസമരത്തെ അവഗണിച്ചു മാറ്റിയത് പോലെയാണ് പൊതുവായനകളും പൊതുബോധങ്ങളും രൂപപ്പെട്ടുവന്നത്. 


           നന്മകളുടെ സമുദ്ധാരണത്തിനും തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിനും പ്രബോധന വഴിയിൽ നിലകൊള്ളുന്നവർ മുഴുവൻ ഒരർത്ഥത്തിൽ ജിഹാദ് നിർവഹിക്കുന്നവരാണ്. അശരണരെ സഹായിക്കുക, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുക, ആശ്രയം ആവശ്യമുള്ളവർക്ക് ആശ്രയം നൽകുക, വിധവകളുടെയും അനാഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക, സാമൂഹിക നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, മാതാപിതാക്കളിൽ നിന്ന് സേവനം ആവശ്യമുള്ളവർക്ക് സേവനം ചെയ്യുക തുടങ്ങിയുള്ള കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ മുഴുവനും ജിഹാദിന്റെ ഗണത്തിൽ പെടും. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധയോടെ കഴിയുന്നതും പരിപാലനം നിർവഹിക്കുന്നതും ഒരു ജിഹാദാണെന്ന് ഹദീസിന്റെ ഭാഷകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും. 


                നിർമാണപരമായ സങ്കേതത്തെ സംഹാരത്തിന്റെയും സംഘട്ടനത്തിന്റെയും പര്യായമായി അവതരിപ്പിക്കപ്പെട്ടു എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്. 


             സായുധ സമരം അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെയും രാഷ്ട്ര സുരക്ഷയുടെയും ഭാഗമായി ഇടപെടലുകൾ നടത്തുന്നതിനും ഇസ്‌ലാം വിരോധിക്കുന്നില്ല. എന്നാൽ യാതൊരു വിധേനയുമുള്ള ആക്രമണത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല. യുദ്ധത്തെ കൊതിക്കരുതെന്നും ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുതെന്നും അനിവാര്യമായ ഘട്ടങ്ങളിൽ ആയുധം എടുക്കേണ്ടി വന്നാൽ കണിശമായ ചില യുദ്ധധാർമികതകൾ പാലിക്കണമെന്നും പ്രവാചകനുംﷺ ഇസ്‌ലാമും നിരീക്ഷിക്കുന്നു. നിർദ്ദേശിക്കപ്പെടുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു സായുധ സമരം തന്നെ വലിയ പ്രയാസകരമാണ്. അത്രമേൽ ശ്രദ്ധയും സൂക്ഷ്മതയുമാണ് പടക്കളത്തിൽ പാലിക്കേണ്ട മര്യാദകളായി പ്രവാചകൻﷺ മുന്നോട്ടുവെക്കുന്നത്. 


       വർഗീയ വംശീയ വിചാരങ്ങളിലൂടെ ഉന്മൂലനത്തിന് ഇറങ്ങുന്ന ഒരു സംഘത്തിനും ന്യായീകരിക്കാവുന്ന ഒരു പ്രയോഗവും സമീപനവും തിരുനബിﷺയുടെ പാഠശാലയിൽ നിന്നുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് നിരപരാധികൾ കുടിയൊഴിപ്പിക്കപ്പെടുകയും സിവിലിയന്മാർ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്ന ആധുനിക യുദ്ധ സമവാക്യങ്ങളുടെ ഏഴ് അയലത്തുപോലും ഇസ്‌ലാമിൻ്റെ ഏതെങ്കിലും ഒരു സൈനിക  പ്രതിരോധത്തെ ചേർത്തുവച്ചുകൊണ്ട് വായിക്കാനാവില്ല. നാമിത് വായിച്ചു കൊണ്ടിരിക്കുമ്പോഴും ലോകത്തെ മുഴുവൻ യുദ്ധനൈതികതയും എന്തിനേറെ അടിസ്ഥാന മനുഷ്യ നിയമങ്ങളും പോലും ലംഘിക്കപ്പെട്ടു ലക്ഷങ്ങൾ പട്ടിണി കിടക്കുകയും 10000 കൊല്ലപ്പെടുകയയും ചെയ്തുകൊണ്ടിരിക്കുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1172

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...