📚
#എല്ലാമെല്ലാം_തിരുനബിയിലൂടെ !
✍
അഷ്റഫ് സഖാഫി, പള്ളിപ്പുറം
_______________________________
മാലോകർക്ക് മുഴുവൻ റഹ്‌മതായി നിയോഗിക്കപ്പെട്ടവരാണ് മുത്ത്നബി(സ്വ) തങ്ങൾ. നമുക്ക് വേണ്ടതെല്ലാം വിതരണം ചെയ്ത് തരുന്നത് നബി തങ്ങളാണ്. നൽകുന്നവൻ അല്ലാഹുവാണെങ്കിലും, ആർക്ക്, എന്തെല്ലാം വേണമെന്ന് തിരുനബി(സ്വ) തങ്ങൾക്ക് തീരുമാനിക്കാനും, അപ്രകാരം ചെയ്തു തരാനും സാധിക്കുമെന്നതാണ് വസ്തുത. ഈ ഭൂമിലോകത്തും സ്വർഗ്ഗീയ ലോകത്തും ഇപ്രകാരം നടക്കുമെന്ന് ഇമാമുകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്:
لِأَنَّ اللَّهَ تَعَالَى أَقْطَعَهُ أَرْضَ الدُّنْيَا كَأَرْضِ الْجَنَّةِ لِيُقْطِعَ مِنْهُمَا مَنْ شَاءَ مَا شَاءَ. اهـ
(تحفة: ٦/٢٠٢)
ആരുടെയും ഉടമസ്ഥതയിലില്ലാത്ത ഭൂമി, വെട്ടിത്തെളിച്ചവനാരോ, ആ ഭാഗം അവനുള്ളതാണ്. അതിന് പ്രത്യേകം നിയ്യത് വെക്കുകയോ, ഉടമപ്പെടുത്തി എന്നറിയിക്കുന്ന പ്രത്യേക വാക്ക് ഉരുവിടുകയോ ചെയ്യേണ്ടതില്ല. കാരണം, അതിനെല്ലാം പകരമായി തിരുനബി(സ്വ) തങ്ങൾ ഇപ്രകാരം മുന്നേ പറഞ്ഞു വെച്ചിട്ടുണ്ട്:
«مَن أحيا أرضًا ميتة، فهي له»
"നിർജീവമായ ഭൂമി, അത് വെട്ടിത്തെളിച്ചവനുള്ളതാണ്."
ഈ പെർമിഷൻ തങ്ങളുടെ കാലത്തുള്ളവർക്കും, അതിനു ശേഷം അന്ത്യനാൾ വരെയുള്ളവർക്കും കൂടിയാണ്. അതിനാലാണ്, വെട്ടിത്തെളിക്കുന്നവർക്ക് ഇനി മറ്റൊരു ഉടമസ്ഥതാ വചനം ആവശ്യമില്ലാത്തത്. അത് തിരുനബി(സ്വ) തങ്ങൾ അവനിക്ക് പതിച്ചു നൽകിയ ഭൂമിയായിട്ടാണ് പരിഗണിക്കുന്നത്. ഇത് ഈ ഭൂമിലോകത്തെ കാര്യം മാത്രമല്ല. സ്വർഗ്ഗീയ ലോകത്തും, തങ്ങൾ ഉദ്ദേശിക്കുന്നവർക്ക്, അവിടുത്തെ ഇഷ്ടം പോലെ ഭാഗിച്ചു കൊടുക്കാൻ അല്ലാഹു സമ്മതം നൽകിയിട്ടുണ്ട്. ഇതാണ്, തുഹ്ഫഃയിൽ നിന്ന് ഉദ്ധരിച്ച് മുകളിൽ പറഞ്ഞത്.
അങ്ങനെ വരുമ്പോൾ, തങ്ങൾക്ക് ശേഷം വെട്ടിത്തെളിച്ച ഭൂമിയെല്ലാം, തങ്ങളുടെ ദാനഫലമാണ്. അതിലൂടെ ലഭിച്ച ഉടമസ്ഥാവകാശം ഉപയോഗിച്ചു കൊണ്ടാണല്ലോ, അത് ലഭിച്ചയാൾ ശേഷമുള്ളവർക്ക് വിൽക്കുന്നത്. അതിന് സാധിച്ചതും അത് കൊണ്ടാണല്ലോ. അപ്പോൾ ഇന്നത്തെ പല പ്രദേശങ്ങളും തങ്ങളുടെ ദാനഫലത്താൽ ലഭിച്ചതാണ് എന്ന് പറയാം.
എന്തിനധികം, ലോകത്തെ മുഴുവൻ സൃഷ്ടിക്കപ്പെടാൻ കാരണമായിട്ടുള്ളത് തിരുനബി(സ്വ) തങ്ങളാണ് എന്ന് വന്നാൽ പിന്നെ ഇക്കാര്യത്തിൽ വലിയ പുതുമയൊന്നുമില്ല. അവിടുത്തേക്ക് വേണ്ടിയാണ് ഈ ലോകത്തെ പടച്ചുവെച്ചത് എന്നാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്. അപ്പോൾ, ഈ ലോകത്തെ, എന്നല്ല പരലോകത്തെയും, റബ്ബിൻ്റെ അനുഗ്രഹങ്ങളെ വേണ്ടവർക്ക് വിതരണം നടത്തുന്നത് തങ്ങളാകുന്നതിൽ അതിശയോക്തിയില്ല.
ഇമാം ശാഫിഈ(റ) പറയുന്നു:
فلم تُمس بنا نعمة ظهرت ولا بطنت نلنا بها، حظاً في دين ودنيا. اهـ
(الرسالة للشافعي - ١/١٦)
"പ്രത്യക്ഷ്യമായതും അല്ലാത്തതുമായ, ദീനിയ്യും ദുൻയവിയുമായ മുഴുവൻ നിഅ്‌മതുകളും തിരുനബി(സ്വ)തങ്ങളിലൂടെയാണ് നമുക്ക് ലഭിച്ചത് "
അത് എന്നെന്നും, അവിടുത്തെ വഫാതിനു ശേഷവും നടന്നു കൊണ്ടിരിക്കുന്നു എന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്. നോക്കൂ, 'വിതരണക്കാരൻ' എന്ന അർത്ഥത്തിലുള്ള
أبو القاسم
എന്ന പേരിന് അർഹൻ, മുത്ത്നബി(സ്വ) തങ്ങൾ മാത്രമേയുള്ളൂ. അതിനാൽ, ആ പേര് മറ്റുള്ളവർക്ക് ഉപയോഗിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. അതിൻ്റെ അർഹത തങ്ങൾക്ക് മാത്രമായതെങ്ങനെ എന്നല്ലേ, ഇതാ:
الصوفي ابن الوقت
എന്നതിൻ്റെ അർത്ഥം: എല്ലാ സമയവും വേണ്ടതു പോലെ വിനിയോഗിക്കുന്നവൻ, സമയത്തിനോടൊപ്പം കടമകൾ നിർവ്വഹിച്ച് സഞ്ചരിക്കുന്നവൻ - അവരാണ് സ്വൂഫീ.
ابن السبيل
സദാസമയവും വഴിയെ കൂടെ കൂട്ടുന്നവൻ, അഥവാ കൂടുതലായി യാത്ര ചെയ്യുന്നവൻ എന്ന് സാരം.
أخو الحرب
എപ്പോഴും, യുദ്ധത്തെ കൂടെ കൊണ്ടു നടക്കുന്നവൻ. അഥവാ, കൂടുതലായി യുദ്ധം ചെയ്യുന്നവൻ.
أبو هريرة
എപ്പോഴും പൂച്ചക്കുട്ടിയുമായി സഹവസിക്കുന്നവൻ.
ഉദാഹരണങ്ങൾ ശ്രദ്ധിച്ചില്ലേ. ഇവിടെയെല്ലാം
ابن، أخ، أب
എന്നത് കൊണ്ട്
صاحب
എന്ന അർത്ഥമാണ് ഉദ്ദേശം. എന്നപോലെ
أبو القاسم
എന്നാകുമ്പോൾ, എപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുന്നവൻ എന്ന അർത്ഥം വരുന്നു. ഇത് തിരുനബി(സ്വ) തങ്ങൾക്ക് മാത്രം ചേരുന്ന വിശേഷണമാണെന്നും, ആ വിതരണം ദുൻയവിയും ഉഖ്റവിയും ഉണ്ടെന്നും ഇമാമുകൾ വ്യക്തമാക്കുന്നുണ്ട്. അല്ലാതെ,
القاسم
എന്ന മകനിലേക്ക് ചേർത്തിപ്പറയുക മാത്രമല്ല ഈ പേരിനു പിന്നിലെ രഹസ്യമെന്നും മഹാന്മാർ പറയുന്നു.
(ശറഹുൽ മവാഖിഫ്:1/24, അൽ ഫുതൂഹാതുർറബ്ബാനിയ്യ: 6/149)
💫٩
No comments:
Post a Comment