Tuesday, March 11, 2025

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`1️⃣ തടിയുള്ള ഒരു വസ്തു ഉള്ളിലേക്കു ചേരൽ`


   തടിയുള്ള വല്ല സാധനവും ശരീരത്തിൻ്റെ ഉൾഭാഗത്തേക്കു ചേർന്നാൽ നോമ്പു മുറിയുന്നതാണ്. തലയുടെ ഉള്ളും വയറും ഉൾഭാഗമാണ്. അതുപോലെ ചെവിയുടെ ഉള്ള്, തരിമൂക്കിൻ്റെ അറ്റം, ഹൽഖ്, മുലക്കണ്ണിന്റെ ഉള്ള്, ചലനം കൊണ്ടു മൂത്രദ്വാരത്തിൽ നിന്ന് പുറത്തു കാണുന്നതിന്റെ അപ്പുറം, മലദ്വാരത്തിൽനിന്നു ചുരുണ്ടുകൂടിയതിൻ്റെ അപ്പുറം ഇവയെല്ലാം ഉൾഭാഗത്തിന്റെ വിധിയിൽ ഉള്ളതു തന്നെയാണ്. അതിനാൽ ഈ ഭാഗത്തേക്കു വല്ലതും ചേർന്നാൽ നോമ്പു മുറിയുന്നതാണ്.


   ഉൾഭാഗത്ത് വല്ലതും ചേരുന്നത് തുറന്ന ദ്വാരത്തിലൂടെയായാൽ മാത്രമേ നോമ്പു മുറിയുകയുള്ളൂ. തുറന്ന ദ്വാരമല്ലാത്ത രോമകൂപം, കണ്ണിലെ സുഷിരം ഇവകളിൽകൂടി വല്ലതും ഉള്ളിലേക്ക് ചേർന്നാൽ നോമ്പു മുറിയുന്നതല്ല. അതുപോലെ ശരീരത്തിൻ്റെ ഉൾഭാഗമല്ലാത്ത മാംസപേശികൾ, എല്ലിന്റെ ഉള്ളിലെ മജ്ജ ഇവയിലേക്ക് വല്ലതും ചേർന്നാലും നോമ്പ് മുറിയുന്നതല്ല. തടിയില്ലാത്ത വാസന, രുചി മുതലായവ ഉള്ളിലേക്കു ചേർന്നാലും നോമ്പു മുറിയുന്നതല്ല.


   തടിയുള്ള സാധനം ഉള്ളിലേക്ക് പ്രവേശിക്കുന്നത് നോമ്പു പിടിച്ച ആളുടെ സ്വമനസ്സാലെയും അറിവോടും കൂടിയായിരുന്നാലേ നോമ്പു മുറിയുകയുള്ളൂ. സ്വമനസ്സോടുകൂടിയല്ലാതെ മറ്റാരെങ്കിലും ബലം പ്രയോഗിച്ചതുകൊണ്ട് ഒരു നിലയിലും അതിൽനിന്ന് ഒഴിവാകുവാൻ സാദ്ധ്യമല്ലാത്തതിനാൽ നിർബന്ധിതാവസ്ഥയിൽ വല്ലതും ഉള്ളിലേക്ക് ചേർക്കേണ്ടിവന്നാൽ അതുകൊണ്ട് നോമ്പു മുറിയുന്നതല്ല. നോമ്പുള്ള കാര്യം ഓർമ്മയിലില്ലാതെ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ മറ്റോ ചെയ്താൽ നോമ്പു മുറിയുന്നതല്ല. അതുപോലെ ഇയാളുടെ ഉദ്ദേശ്യപ്രകാരമല്ലാതെ വഴിയിൽനിന്നോ മറ്റോ പറന്നുവന്ന പൊടിപടലങ്ങളോ ഈച്ച പോലത്ത പ്രാണികളോ ഉള്ളിലേക്ക് കടന്നു പോയാലും നോമ്പു മുറിയുന്നതല്ല.


  വായിൽ ഉണ്ടാകുന്ന തുപ്പുനീരിൽ കഫംപോലത്തെ ഇതരവസ്തുക്കൾ ചേർന്നാൽ ആ തുപ്പുനീർ ഉള്ളിലേക്ക് ഇറക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെ തുപ്പുനീരിൻ്റെ ഉറവിടമായ വായയിൽനിന്ന് പുറത്തുപോയ തുപ്പുനീർ വീണ്ടും വായയിലേക്ക് മടക്കി അത് ഉള്ളിലേക്ക് ഇറക്കിയാലും നോമ്പു മുറിയുന്നതാണ്.


   നോമ്പുള്ളവർ പകൽ സമയത്ത് കുളിക്കുമ്പോൾ ചെവി, മൂക്ക് മുതലായവയുടെ ഉള്ളിലേക്ക് വെള്ളം പ്രവേശിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. നോമ്പ് നോറ്റുകൊണ്ട് വെള്ളത്തിൽ മുങ്ങിക്കുളിക്കൽ കുറാഹത്തുമാണ്. വലിയ അശുദ്ധി ഉയർത്തുവാനുള്ള നിർബന്ധമോ സുന്നത്തോ ആയ കുളിയാണെങ്കിൽ തന്നെ മുങ്ങിക്കുളിക്കുമ്പോൾ ചെവിയുടേയോ മറ്റോ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുന്നതാണ്. നിർബന്ധമായ കുളി കോരിപ്പാർന്നു കളിക്കുന്ന സന്ദർഭത്തിൽ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുന്നതല്ല. ശരീരം തണുക്കുവാനോ വൃത്തിയാക്കുവാനോ മറ്റോ കുളിക്കുന്ന നിർബന്ധമോ സുന്നത്തോ അല്ലാത്ത സാദാകുളിയുടെ അവസരം ഉള്ളിലേക്കു വെള്ളം കടന്നാൽ കോരിക്കുളിക്കുകയാണെങ്കിൽ പോലും നോമ്പു മുറിയുന്നതാണ്.


  രാത്രി ബാക്കിയുണ്ടെന്നും നേരം പുലർന്നിട്ടില്ലെന്നും ലക്ഷണങ്ങൾകൊണ്ടും മറ്റും മനസ്സിലായാൽ ഭക്ഷണം കഴിക്കുന്നതിനു യാതൊരു വിരോധവുമില്ല. നേരം പുലർന്നോ ഇല്ലയോ എന്ന കാര്യം സംശയമാണെങ്കിൽ ഭക്ഷണം കഴിക്കൽ കറാഹത്തുമാണ്. നേരം പുലർന്നിട്ടില്ല, രാത്രി ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിയത് പിശകാണെന്നും നേരം പുലർന്ന ശേഷമാണ് ഭക്ഷണം കഴിച്ചതെന്നും പിന്നീടു ബോദ്ധ്യപ്പെട്ടാൽ അന്നത്തെ നോമ്പു ബാത്വിലാണെന്ന് അപ്പോൾ മനസ്സിലാക്കേണ്ടതാണ്.


   സൂര്യൻ അസ്തമിച്ചുവെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണു നോമ്പു മുറിക്കേണ്ടത്. സൂര്യാസ്തമനത്തിൽ സംശയമുണ്ടാവുമ്പോൾ നോമ്പു മുറിക്കൽ ഹറാമാണ്. സൂര്യൻ അസ്തമിച്ചത് നേരിൽ കണ്ട ഒരു വിശ്വസ്തൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും സമയം ക്ലിപ്തമാക്കുന്നതിൽ കൃത്യനിഷ്ഠയുള്ള ആളുടെ മഗ്‌രിബ് ബാങ്ക് കേട്ടതിന്റെ അടിസ്ഥാനത്തിലും സൂര്യാസ്തമനത്തെ കുറിക്കുന്ന ലക്ഷണങ്ങൾ കൊണ്ടും മറ്റും സൂര്യൻ അസ്തമിച്ചുവെന്ന് ബലമായ അഭിപ്രായമുണ്ടായാലും നോമ്പു മുറിക്കാവുന്നതാണ്. അസ്തമിച്ചുവെന്ന ബലമായ അഭിപ്രായത്തിൽ എത്തിയാൽ തന്നെ കുറഞ്ഞ സമയം കൂടി കാത്തു നിൽക്കൽ നിർബന്ധമാണ്. സൂര്യാസ്തമനം അനുമാനിച്ചുകൊണ്ട് നോമ്പു മുറിക്കുകയും തദ്‌സമയം അസ്തമിച്ചിട്ടില്ലായിരുന്നു വെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്താൽ ആ നോമ്പു നഷ്ടപ്പെട്ടതായി കണക്കാക്കി പകരം മറ്റൊരു നോമ്പുനോറ്റ് ഖളാഉ വീട്ടേണ്ടതാണ്.


ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു നേരം പുലർന്ന(ഫജ്റ് വെളിവായ) വിവരം അറിഞ്ഞതെങ്കിൽ വായിലുള്ളത് മുഴുവനും പുറത്തേക്ക് തുപ്പിക്കളയേണ്ടതാണ്. അൽപവും ഉള്ളിലേക്ക് ഇറക്കുവാൻ പാടില്ല. വല്ലതും ഇറക്കിയാൽ അന്നത്തെ നോമ്പു ബാത്വിലാണ്.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ കർമ്മശാസ്ത്ര പാഠങ്ങൾ പേ: 210, 211, 213`

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...