Thursday, January 9, 2025

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 1)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________



'ബിദ്അത്'- ഇതിനെ നിർവ്വചിക്കുന്നതിൽ ചിലർക്ക് അൽപം ധാരണാ പിശകുകൾ വന്നിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഷയിൽ 'മുമ്പ് ഇല്ലാത്തത് ' എന്ന് ലളിതമായി പറയാമെങ്കിലും, സാങ്കേതികമായി ചില വിശദീകരണങ്ങൾ ആവശ്യമാണ്, പറയാം. 



തിരുനബി (സ്വ) തങ്ങളുടെ കാലത്തില്ലാത്ത എല്ലാം ബിദ്അതാണ്. പക്ഷെ, ചെയ്യാൻ പാടില്ലാത്തത് എന്ന അർത്ഥത്തിനല്ല ആ പ്രയോഗമുള്ളത്.   അങ്ങനെ വരണമെങ്കിൽ ഇജ്മാഅ്‌ കൊണ്ട് സ്ഥിരപ്പെട്ടതിനോടോ, മദ്ഹബിന്റെ ഉസ്വൂല് - ഖവാഇദിനോടോ എതിരായ കാര്യമായിരിക്കണം. അപ്പോൾ മാത്രമാണ് നിഷിദ്ധമായ ബിദ്അതാവുക. ബിദ്അത് കാരണമായി അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോയവനായി വിധി എഴുതണമെങ്കിൽ, ഇജ്മാഅ്‌ കൊണ്ട് സ്ഥിരപ്പെട്ട കാര്യത്തെ നിഷേധിക്കുക തന്നെ ചെയ്യണം.

കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണുള്ളത് (വഴിയെ വിശദീകരിക്കുന്നുണ്ട്).


ഇനി, ബിദ്അത് ആകലോടു കൂടെ നല്ലകാര്യമാവുന്നതുമുണ്ട്. തിരുനബി(സ്വ) തങ്ങളുടെ വഫാതിന് ശേഷം നടന്ന ഖുർആൻ ക്രോഡീകരണവും തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ നടത്തിയതും ഇതിനുദാഹരണമാണ്. ഖലീഫാ ഉമർ(റ)വിന്റെ ഇതു സംബന്ധിച്ച

 نِعْمَت البِدْعَةُ هَذِهِ 

എന്ന വാക്ക് പ്രസിദ്ധമാണല്ലോ. (സ്വഹീഹുൽ ബുഖാരി-2010). 


അപ്പോൾ ബിദ്അതിൽ പല ഇനങ്ങളുണ്ട്. അതിൽ അപകടകരമായത് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്ത് പോകുന്ന ബിദ്അതാണ്. ഇതിനെ സംബന്ധിച്ചാണ് സാധാരണയിൽ  'ബിദ്അത്' എന്ന് പ്രയോഗിക്കുന്നതും. ഈ അപകടം,

 مجمعٌ عليه

 ആയ കാര്യത്തെ നിഷേധിക്കുമ്പോൾ മാത്രമാണ് ഉണ്ടാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

ഇമാം ശാഫിഈ(റ) ബിദ്അതിനെ നിർവ്വചിച്ചത് ഇങ്ങനെയാണ് : 


قال الإمام الشافعي رضي الله عنه: المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة. رواه البيهقي في مناقب الشافعي(١/٤٦٩)

وذكره الحافظ ابن حجر في فتح الباري 


ഇതിൽ

مجمعٌ عليه

 യെ നിഷേധിക്കുക എന്നതിന് പുറമെ ഖുർആനിനോട് എതിരായാലും ഹദീസിൽ വന്നതിനോട് എതിരായാലും, എല്ലാം ബിദ്അത് വരുമെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട ബിദ്അതിനെയും ഉൾക്കൊള്ളിക്കുന്ന വ്യാപകാർത്ഥത്തിലുള്ള നിർവ്വചനമാണ്. വാജിബ്, സുന്നത്ത് , ഹറാം, കറാഹത് , മുബാഹ് തുടങ്ങിയ പഞ്ചവിധികളിലേക്ക് ബിദ്അതിനെ ഓഹരി ചെയ്തു കൊണ്ടുള്ള പിൽക്കാല ഇമാമുകളുടെ വ്യാഖ്യാനത്തിൽ നിന്നും ഇത് വ്യക്തമാണ്. 


وقال العز بن عبد السلام: البدعة منقسمة إلى واجبة ومحرّمة ومندوبة ومكروهة ومباحة ثم قال: والطريق في ذلك أن تُعرض البدعة على قواعد الشريعة، فإن دخلت في قواعد الإيجاب فهي واجبة، أو في قواعد التحريم فهي محرمة، أو الندب فمندوبة، أو المكروه فمكروهة، أو المباح فمباحة. اه‍ (قواعد الأحكام: ٢/١٧٢). 


ഇമാം നവവി(റ) (وَكُلُّ بِدْعَةٍ ضَلاَلَةٌ) എന്ന ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ശറഹു മുസ്‌ലിമിലും ഇത് പറയുന്നുണ്ട്. അപ്പോൾ ഇമാം ശാഫിഈ(റ), ബിദ്അതിനെ വിശദീകരിച്ചത് വ്യാപകാർത്ഥത്തിലാണെന്നും അതിൽ 

مجمعٌ عليه 

ആയതിനെ നിഷേധിക്കുക എന്ന ഒരൊറ്റ പോയിന്റിൽ മാത്രമാണ് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തു പോകുന്ന ബിദ്അത് വരുന്നത് എന്നും മറ്റു ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.



ഇമാം കുർദീ(റ) മുബ്തദിഇനെ നിർവ്വചിച്ചത് കാണുക: 


والمبتدع من يعتقد ما أجمع أهل السنة على خلافه. اهـ 

(الحواشي المدنية: ٢/٤٠)


അഹ്‌ലുസ്സുന്നഃ ഏകോപിച്ച കാര്യത്തിനെതിരിൽ വിശ്വസിക്കുന്നവനാണ് മുബ്തദിഅ്. ഏകോപിക്കാത്ത കാര്യങ്ങൾക്കെതിരിൽ വിശ്വസിച്ചാൽ ബിദ്അത് വരില്ലെന്നും വിശ്വാസത്തിലാണ് ഇത് വരികയെന്നും ഈ വാക്കിൽ നിന്നും ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടതാണ്.


എന്താണ് 'ഇജ്മാഅ്‌'.? 


ഇസ്‌ലാം ദീനിനെ വിശദീകരിക്കുന്നതിൽ മുജ്തഹിദുകൾക്ക് പ്രധാനമായും നാല് പ്രമാണങ്ങളാണുള്ളത് : ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ്. ഇതിന് പുറമെ ഇസ്തിഹ്സാൻ, ഇസ്തിസ്വ് ഹാബ് തുടങ്ങി വേറെയും പ്രമാണരീതികൾ ഇവർക്കിടയിലുണ്ടെങ്കിലും അവയെല്ലാം ഖണ്ഡിതമായി ഉപയോഗിക്കപ്പെടുന്നതല്ല. മുഖ്യമായ നാലെണ്ണത്തിൽ ഖുർആനിനും ഹദീസിനും അതിന്റേതായ മഹത്വം നിലനിൽക്കലോടു കൂടെ, പ്രാമാണികതയിൽ 'ഇജ്മാഇ'നാണ് അവയേക്കാൾ പ്രാധാന്യമുള്ളത്. ഇക്കാര്യം ഇമാം താജുദ്ദീനുസ്സുബ്കീ(റ) പറയുന്നുണ്ട്:


(و)-يرجّح- (الإجماع على النص) لأنه يؤمن فيه النسخ بخلاف النص. اهـ (جمع الجوامع: ٢/٣٧٢) 


'ഇജ്മാഅ്' നസ്ഖ് ചെയ്യപ്പെടുന്നില്ല എന്നതാണ് കാരണം. ഇങ്ങനെ തെളിവായി കണക്കാക്കുന്നതിൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും 'നസ്സ്വി'നേക്കാളും സ്ഥാനമുണ്ടായതിനാൽ തന്നെയാണ് ഫുഖഹാഇന്റെ ഇബാറതുകളിലെല്ലാം 

والأصل قبل الإجماع قوله تعالى الخ 

എന്ന പ്രയോഗം കാണുന്നത്. ഇജ്മാഅ് സ്ഥിരപ്പെട്ടതിന് ശേഷം അതാണ് ഇവ്വിഷയത്തിലെ മുഖ്യ തെളിവെന്ന് ചുരുക്കം.


'ഇജ്മാഅ്' - എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ ഇമാമുകളെല്ലാം ഒരു കാര്യത്തിൽ ഏകോപിക്കുക എന്നാണ്. ആ കാര്യത്തെ കുറിച്ച് കിതാബുകളിൽ 

مجمعٌ عليه

 എന്നും പറയും. ഉദാഹരണമായി, നിസ്കാരത്തിൽ കൈ കെട്ടുകയാണെങ്കിൽ അത് നെഞ്ചിന് താഴെയായിരിക്കണം എന്നതിൽ പ്രസ്തുത ഏകോപനമുണ്ടായിട്ടുണ്ട്. (കെട്ടുകയാണെങ്കിൽ - എന്ന് പറഞ്ഞത്, മാലികീ മദ്ഹബിലെ വീക്ഷണത്തെ കൂടി പരിഗണിച്ചതിനാലാണ്. തക്ബീർ ചൊല്ലിയിട്ട് രണ്ട് കൈകളും താഴ്ത്തിയിട്ട് - 

إرسال

 ആണ് വേണ്ടതെന്നും അവരുടെ മദ്ഹബിൽ ഒരു വീക്ഷണമുണ്ട് )


പൊക്കിളിന് മീതെയായിരിക്കണം എന്നതിൽ ഈ ഏകോപനമില്ല. ഹനഫീ മദ്ഹബിൽ പൊക്കിളിന് താഴെയാണ്. എന്നാലും നെഞ്ചിന് താഴെയായിരിക്കണം എന്ന് അവരും പറയുന്നുണ്ടല്ലോ. അപ്പോൾ നെഞ്ചിന് മീതെ കൈ കെട്ടുന്നത് 'ഇജ്മാഇ'ന് വിരുദ്ധമായതും അങ്ങനെ ആകാമെന്ന് വിശ്വസിച്ചാൽ അവൻ അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോവുന്ന മുബ്തദിഉം ആയിത്തീരും. അതിനാൽ നെഞ്ചിന് മുകളിലായിരിക്കണം എന്ന് തോന്നിക്കുന്ന ഹദീസുകളെ ഈ 'ഇജ്മാഇ'നോട് യോജിപ്പിച്ചു കൊണ്ട് വ്യാഖാനിച്ച് മനസ്സിലാക്കണം. 'ഇജ്മാഅ്' ഒരിക്കലും പിഴക്കില്ല എന്നതാണ് ഇതിനു കാരണം.


قال رسول الله صلى الله تعالى عليه وسلم: ان الله لا يجمع أمتي على ضلالة. رواه الترمذي (رقم الحديث: ٢١٦٧). 


തറാവീഹ് നിസ്കാരത്തിലും ഇത് തന്നെയാണ് കാര്യം. അത് ഇരുപത് റക്അത് ഉണ്ട് എന്നതിൽ ഈ സമവായമുണ്ട്. (ഇരുപതേ ഉള്ളൂ എന്നല്ല. കാരണം, മാലികീ മദ്ഹബിൽ 36 റക്അത് നിസ്കരിക്കുന്ന രൂപവും ഉണ്ടല്ലോ.) ഇരുപതിൽ താഴെ എത്ര നിസ്കരിച്ചാലും അതിന്റെ പ്രതിഫലം നൽകപ്പെടുമെങ്കിലും ഇരുപത് ഇല്ല എന്ന് വിശ്വസിക്കുന്നിടത്താണ് നിഷിദ്ധമുള്ളതും ബിദ്അത് വരുന്നതും. 


ചില കാര്യങ്ങളിൽ 'ഇജ്മാഅ്' എന്ന ഏകോപനം സ്ഥിരപ്പെടും മുമ്പ് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരിക്കാം. അവ, മുമ്പത്തെ ഭിന്നതകളാണെന്നും അത് നിലവിൽ സ്വീകാര്യമല്ലെന്നും തിരിച്ചറിയണം. തിരുനബി(സ്വ) തങ്ങളുടെ 'മിഅ്റാജ്' യാത്രയെ ചൊല്ലി പല ഭിന്നാഭിപ്രായങ്ങളും നിലനിന്നിരുന്നെങ്കിലും പിന്നീട് രണ്ടാം നൂറ്റാണ്ടിൽ ഇമാമുമാർക്കിടയിൽ ഏകോപനമുണ്ടാവുകയാണ് ചെയ്തത്. അതിനാൽ ഇനി 'മിഅ്റാജ്' യാത്രയെ നിഷേധിച്ചാൽ ബിദ്അത് വരും. മുൻകാലത്ത് അഭിപ്രായ ഭിന്നത പറഞ്ഞവരെ കുറ്റപ്പെടുത്താനുമില്ല.


'ഇജ്മാഅ്' സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ആ തലമുറ ഒന്നടങ്കം വിശ്വസിച്ച് ചെയ്ത് പോരുന്ന കാര്യമായി അത് മാറുമല്ലോ. അവരോട് തുടർന്ന് ശേഷമുള്ള തലമുറകളെല്ലാം അങ്ങനെ തന്നെ. അപ്പോൾ

 مجمعٌ عليه

 ആയ കാര്യത്തെ നിഷേധിക്കുന്ന മുബ്തദിഉകൾ ഒരു തലമുറയെ മുഴുവൻ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണ്. ഇതിലൂടെ, പാരമ്പര്യമായി മാത്രം കിട്ടേണ്ട ഇസ്‌ലാമിക വിശ്വാസ - കർമ്മ കാര്യങ്ങളിൽ ഇവർക്ക് യാതൊരു ബന്ധവുമില്ലാതാവുകയുമാണ് ചെയ്യുന്നത്. കഷ്ടം ! 


ഇമാം കുർദീ(റ)നെ മുകളിൽ ഉദ്ധരിച്ചല്ലോ. ഇത് മറ്റു ഗ്രന്ഥങ്ങളിലും കാണാം. ഈ വിശദീകരണം, അഥവാ -

 مجمعٌ عليه 

യെ നിഷേധിക്കുമ്പോഴാണ് 'മുബ്തദിഅ്' ആവുക എന്നതിന്റെ ഉത്‌ഭവം, പ്രധാനമായും 'മുഅ്തസിലതി'നെ വിശദീകരിച്ചിടത്ത് നിന്നാണ് കാണുന്നത്. ഇമാം തഫ്താസാനീ(റ) പറയുന്നു: 


لأنهم- أي المعتزلة- أول فرقة أسّسوا قواعد الخلاف، لِمَا ورد به ظاهر السنة وجرى عليه جماعة الصحابة رضوان الله عليهم أجمعين. اهـ (شرح العقائد- ص: ١٢) 


സ്വഹാബതിന്റെ ഏകോപനമുണ്ടായ കാര്യത്തിനെതിരിൽ അവർ നിലകൊണ്ടതാണ് അവരുടെ പ്രശ്നമായിട്ട് പറഞ്ഞത്. 


സ്വഹാബതിന്റെ 'ഇജ്മാഇ'ന് എതിരായി നിലകൊള്ളൽ മാത്രമാണ് പ്രശ്നമെന്ന് പറയാൻ പറ്റില്ല.

 الظاهرية

 വിഭാഗം അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിലും അത് പിഴച്ച വാദമാണെന്ന് ഇമാം താജുദ്ദീൻ അസ്സുബ്കീ(റ) വ്യക്തമാക്കിയതാണ്: 


وأنه لا يختص بالصحابة وخالف الظاهرية. اهـ (جمع الجوامع: ٢/١٧٨). 


മുഅ്തസിലതിന്റെ കാര്യത്തിൽ അവരുടെ 'ഇജ്മാഅ് നിഷേധം' സ്വഹാബതിന്റെ 'ഇജ്മാഇ'നെ എതിർക്കുന്നതിലൂടെയാണല്ലോ ഉണ്ടാവുക. കാരണം താബിഈ പ്രമുഖനായ ഹസ്വനുൽ ബസ്വരീ(റ)വിന്റെ ശിഷ്യനാണ് ഇവരുടെ തലവൻ - വാസ്വിലു ബ്നു അത്വാഅ്. അപ്പോൾ താബിഉകളുടെ കാലത്തുള്ള ഇയാളുടെ മുൻതലമുറ സ്വഹാബത് തന്നെ. അത് കൊണ്ടാണ് ശറഹുൽ അഖാഇദിൽ 

جماعة الصحابة

 എന്ന് മാത്രം പറഞ്ഞ് നിർത്തിയത്.


ഇതേ പ്രകാരം വ്യാഖ്യാനിക്കേണ്ടതാണ് താബിഇയ്യായ മുജാഹിദ്(റ)വിന്റെ അഹ്‌ലുസ്സുന്നഃയെ വിശദീകരിച്ചു കൊണ്ടുള്ള വാക്ക്: 


فقال مجاهد - رضي الله تعالى عنه - ....فعلى المؤمن اتباع السنة والجماعة ، فالسنة ما سنه رسول الله - صلى الله عليه وسلم - والجماعة ما اتفق عليه أصحاب رسول الله - صلى الله عليه وسلم وجرى عليه الصحابة. اهـ بحذف (الغنية: ١/٨٩) 


അവരുടെ മുൻതലമുറയും സ്വഹാബതായിരുന്നല്ലോ. അത് കൊണ്ട് സ്വഹാബതിൻ്റെ ഏകോപനം എന്ന് മാത്രം പറഞ്ഞുവെന്നേയുള്ളൂ. അതിനാൽ ഈ ഉദ്ധരണിയും 

الظاهرية

ന്റെ വാദത്തിന് സഹായകമല്ല. 



( തുടരും )


💫

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....