📚
*ബിദ്അതാരോപണം;*
*ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*
(ഭാഗം - 2)
✍️
_അശ്റഫ് സഖാഫി, പള്ളിപ്പുറം._
__________________________
'ഇജ്മാഇനെ' നിഷേധിക്കുക, അതിനെതിരെ വിശ്വസിക്കുക എന്ന ഒരൊറ്റ പോയിൻ്റിൽ മാത്രമാണ് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോയ 'മുബ്തദിഅ്' ആവുക എന്നാണ് കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു വെച്ചത്. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണെന്ന് അതിൽ സൂചിപ്പിച്ചിരുന്നു. ഇനിയങ്ങോട്ട് അതുമായി ബന്ധപ്പെട്ട് അൽപം പറയാം.
مجمع عليه
ആയ കാര്യത്തിന് എതിര് വിശ്വസിക്കുന്നവനാണ് മുബ്തദിഅ് എന്ന പേരിനർഹൻ. ആ വിശ്വാസം ഹറാമായത് പോലെ, അതിനെതിരായി ചെയ്യുന്നതും ഹറാമാണ്, നിഷിദ്ധമാണ്.
(وخرقه) بالمخالفة (حرام). اه (جمع الجوامع: ٢/١٩٧)
اي من الكبائر. اه (حاشية العطار)
നിസ്കാരത്തിൽ നെഞ്ചിന് മുകളിൽ കൈ കെട്ടാം എന്ന് വിശ്വസിച്ചാൽ മുബ്തദിഅ്. ആ വിശ്വാസത്തോടെ നെഞ്ചിന് താഴെ കെട്ടിയവനും മുബ്തദിഅ് തന്നെ. അപ്രകാരം നെഞ്ചിന് മുകളിൽ കൈ കെട്ടിയാൽ അത് ഹറാമാണ്. അത് ഇജ്മാഇന് വിരുദ്ധമാണെന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്താൽ അതിനെ നിഷേധിച്ചവനല്ല, മുബ്തദിഅ് ആകുന്നില്ല. എങ്കിലും ആ ചെയ്തി ഹറാമാണ്. കൈ കെട്ടുന്ന കാര്യത്തിൽ ഒരു അഭിപ്രായത്തിൽ പോലും നെഞ്ചിന് മുകളിലാണെന്ന് ഇല്ല. ഇക്കാര്യം ശൗകാനി പോലും അംഗീകരച്ചതാണെന്നും, ഇതിനെതിര് ചെയ്യൽ ഇജ്മാഇന് വിരുദ്ധം പ്രവർത്തിക്കലാണെന്നും അല്ലാമഃ ഖലീൽ അഹ്‌മദ് സഹാറൻബൂരീ പറയുന്നു:
فانحصرت مذاهب المسلمين في ثلاثة: أحدها: الوضع تحت السرة، وثانيها: فوق السرة تحت الصدر، وثالثها: الإرسال، بل انحصر الوضع في هيئتين: تحت الصدر وتحت السرة، ولم يوجد على ما قال الشوكاني مذهب من مذاهب المسلمين أن يكون الوضع على الصدر، فقول الوضع على الصدر قول خارج من مذاهب المسلمين، وخارق لإجماعهم المركب. اه
(بذل المجهود في سنن أبي داود- ٤/١١٣)
വസ്തുതകൾ വേർതിരിച്ച് മനസ്സിലാക്കാൻ ഉദാഹരണം പറഞ്ഞെന്ന് മാത്രം. മറ്റ് ഇജ്മാഉള്ള കാര്യങ്ങളിലെല്ലാം ഇങ്ങനെ ഗ്രഹിക്കണം.
*ഇജ്മാഅ് സ്ഥിരപ്പെടുന്നതോടെ വിശ്വാസകാര്യമായി മാറും.*
ഇത് വിവരിക്കും മുമ്പ് ഫിഖ്ഹിൻ്റെ നിർവ്വചനം അറിഞ്ഞിരിക്കണം. ഖുർആനിലോ ഹദീസിലോ 'നസ്സ്വ്' ചെയ്ത് പറയാത്ത കാര്യങ്ങളിൽ ഗവേഷണം നടത്തി കണ്ടെത്തുന്ന കാര്യങ്ങളാണ് ഫിഖ്ഹ്. ഇത് ഗവേഷണത്തിന് അർഹരായ മുജ്തഹിദുകളുടെ നിഗമനങ്ങളാണ്. അത് കൊണ്ട് തന്നെ ഒരു മുജ്തഹിദിൻ്റെ നിഗമനത്തോട് മറ്റൊരു മുജ്തഹിദിൻ്റെ നിഗമനം എതിരാകാം. ഗവേഷണങ്ങൾക്കനുസരിച്ച് നിഗമനങ്ങൾ വ്യത്യാസപ്പെടാം എന്ന് ചുരുക്കം.
ഇങ്ങനെ ഒരു കാലഘട്ടത്തിലെ എല്ലാ മുജ്തഹിദുകളുടെയും ഒരു വിഷയത്തിലെ നിഗമനം ഒന്നായാൽ അത് ഇജ്മാഅ് ആയി. അതോടെ അത് ഫിഖ്ഹിൽ നിന്നും ഉയർന്ന്, വിശ്വാസകാര്യമായും പ്രമാണമായും മാറി. കർമ്മങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അത് മാറ്റി നിർത്തപ്പെടാതെ നിലകൊള്ളുകയും ചെയ്യും.
ഉദാ: അഞ്ച് സമയങ്ങളിലെ നിസ്കാരം നിർബന്ധമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. പക്ഷെ, യഥാർത്ഥത്തിൽ അത് ഫിഖ്ഹ് അല്ല. കാരണം, നിഷേധിച്ചാൽ കുഫ്റ് വരുന്ന വിധം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമായതിനാൽ, അതിൽ ഗവേഷണത്തിന് പോലും പഴുതില്ല. എങ്കിലും, ഒരു വിശ്വാസി ചെയ്യേണ്ട കർമ്മമായതിനാലും അത് സംബന്ധിച്ച് - ശുദ്ധീകരണം, ജമാഅത് തുടങ്ങി മറ്റു പല കാര്യങ്ങളും ഫിഖ്ഹായതിനാലും കർമ്മശാസ്ത്രത്തിൽ വിവരിച്ചതാണ്. ഇപ്രകാരം, നിഷേധിച്ചാൽ ബിദ്അത് വരുന്ന
مجمع عليه
ആയ കാര്യങ്ങൾ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയുമെങ്കിലും, ഫിഖ്ഹ് എന്ന ഗ്രേഡിനേക്കാൾ ഉയർന്ന് നിൽക്കുന്ന കാര്യങ്ങളാണവ.
ലോക മുസ്‌ലിംകൾക്കെല്ലാം ഒരു ഇമാം ഉണ്ടായിരിക്കണം. ഖുറൈശി ഗോത്രക്കാരനായിരിക്കണം, നീതിമാനായിരിക്കണം തുടങ്ങി ചില നിബന്ധനകൾ അദ്ദേഹത്തിനുണ്ടാവണമെന്നും അദ്ദേഹത്തെ തെരെഞ്ഞെടുക്കേണ്ട രീതികളും ചുമതലകളുമെല്ലാം ഫിഖ്ഹിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഇങ്ങനെ ഒരു ഇമാം ഉണ്ടായിരിക്കണമെന്ന് ഇജ്മാഅ് എന്ന പ്രമാണത്താൽ സ്ഥിരപ്പെട്ട കാര്യമായത് കൊണ്ട് ഇത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണ്. അത് കൊണ്ട് ഇതിനെ വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുണ്ട്(ശറഹുൽ അഖാഇദ്- പേ: 142).
വുളൂവിൽ 'ഖുഫ്ഫ്' തടവുന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇത് ശാഫിഈ മദ്ഹബിൽ ഉത്തമത്തിനെതിരാണ്. എങ്കിലും അത് ശറഇൽ സ്വീകാര്യമാണെന്നതിൽ ഇജ്മാഅ് വന്നിട്ടുണ്ട്. അതിനാൽ ഇതും അഖീദഃയുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് (ശറഹുൽ അഖാഇദ്- പേ: 147).
അനസ് ബ്നു മാലിക്(റ)വിനോട് ചോദിച്ചു:
"അഹ്‌ലുസ്സുന്നതി വൽ ജമാഅഃ എന്നാൽ എന്താണ് ?"
അപ്പോൾ ഇപ്രകാരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം:
أن تحب الشيخين، ولا تطعن في الخنتين، وتمسح على الخفين.
"അബൂബക്ർ(റ), ഉമർ(റ) എന്നിവരെ പ്രിയം വെക്കലും, ഉസ്മാൻ(റ), അലീ(റ) എന്നിവരെ ആക്ഷേപിക്കാതിരിക്കലും, ഖുഫ്ഫ് തടവലുമാണ്.."
മഹാനരുടെ കാലത്തുണ്ടായ ബിദ്അതിൻ്റെ കക്ഷികൾ, വാദിക്കുന്ന കാര്യങ്ങളെ വിമർശിക്കുകയാണ് ഇതിലൂടെ. ഇജ്മാഉള്ള കാര്യങ്ങളിൽ ചിലത് പറഞ്ഞാണ് മറുപടി നൽകിയത്. അല്ലാതെ ഈ മൂന്ന് കാര്യങ്ങൾ മാത്രമാണ് എന്ന അർത്ഥത്തിലല്ല. കർമ്മ കാര്യങ്ങളായ ഖുഫ്ഫ് തടവൽ മഹാനർ എണ്ണിയതാണ് ഇവിടെ ശ്രദ്ധേയം. ഇത് വിവരിച്ചു കൊണ്ട് ഇമാം തഫ്താസാനീ(റ) പറയുന്നു:
وبالجملة من لا يرى المسح على الخفين فهو من أهل البدعة. اه (شرح العقائد النسفية: ص- ١٤٥)
"ഖുഫ്ഫ് തടവൽ ഇസ്‌ലാം അനുവദിച്ച കാര്യമാണെന്നതിനെ നിഷേധിച്ചവൻ മുബ്തദിആകും."
ഇപ്രകാരം, മുസ്‌ലിമായ ഏതൊരു വ്യക്തിയുടെ മേലിലും, അവൻ മരണപ്പെട്ടാൽ മയ്യിത് നിസ്കരിക്കുക പോലോത്ത പല കർമ്മ കാര്യങ്ങളെയും വിശ്വാസമായി പരിചയപ്പെടുത്തിയത് കാണാം. ഇതെല്ലാം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കർമ്മങ്ങളെന്ന നിലയിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, അക്കാര്യത്തിൽ ഇജ്മാഅ് സ്ഥിരപ്പെടലോടെ വിശ്വാസത്തിൻ്റെ ഭാഗമായും മാറിയതിനാലാണ് അഖീദഃയുടെ ഗ്രന്ഥങ്ങളിൽ ഇവ കൂട്ടിച്ചേർത്തത്.
അങ്ങനെയെങ്കിൽ, ഒട്ടകത്തിൻ്റെ സകാത് പോലെ ഒരുപാട് വിഷയങ്ങളിൽ ഇജ്മാഅ് വന്നിട്ടുണ്ടല്ലോ. അവയെല്ലാം വിശ്വാസ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ലല്ലോ എന്ന സംശയം വന്നേക്കാം. അപ്പോൾ, ഖുഫ്ഫ് തടവുക, ഇമാമിനെ നിശ്ചയിക്കുക തുടങ്ങിയ പ്രതിപാദ്യ വിഷയങ്ങളിൽ, ശിയാക്കളിൽ നിന്നും മറ്റ് ബിദ്അതിൻ്റെ കക്ഷികളിൽ നിന്നും മുൻകാലത്ത് നിഷേധങ്ങൾ ഉയർന്നപ്പോൾ അക്കാര്യങ്ങൾ പ്രത്യേകം ഉണർത്തി എന്ന് വേണം കരുതാൻ. ഓരോ കാലത്തെയും പണ്ഡിതന്മാർ അവരുടെ കാലത്തെ ബിദ്അതിനെതിരെ ശബ്ദിക്കുമല്ലോ. അത് കൊണ്ടാണ് മേൽ കാര്യങ്ങളെ വിശദീകരിച്ചപ്പോൾ ഇമാം തഫ്താസാനീ ഇങ്ങനെ പറഞ്ഞത്:
لا كما زعمت الشيعة خصوصا الامامية الخ. اه
(شرح العقائد النسفية ص- ١٤٣)
നിലവിൽ ഇമാമിനെ നിശ്ചയിക്കേണ്ടതില്ലെന്നും അവർ പിന്നീട് വെളിപ്പെടുമെന്നും ശിയാക്കൾ പറഞ്ഞു. അത് ശരിയല്ലെന്നാണ് ഇമാം തുറന്നുകാട്ടുന്നത്. ഖുഫ്ഫ് തടവുന്നത് വിശദീകരിച്ചപ്പോഴും അതിനെതിരെ വിമർശകരുണ്ടായതിനാലാണ് അവ്വിധം തെളിവുദ്ധരിച്ചതെന്ന് മനസ്സിലാക്കാം.
ഇജ്മാഅ് ഉള്ളതെല്ലാം വിശ്വാസ കാര്യമായി - എന്ന് പറയുമ്പഴേക്കും ബുദ്ധിമുട്ടായി തോന്നേണ്ട. അവ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിധം നിർബന്ധമുള്ള കാര്യങ്ങളല്ല. അവക്ക് എതിരായി വിശ്വസിക്കാൻ പാടില്ല എന്നേയുള്ളൂ. പ്രാഥമികമായി വിശ്വസിച്ചിരിക്കേണ്ട ആറ് ഈമാൻ കാര്യങ്ങളും അഞ്ച് ഇസ്‌ലാം കാര്യങ്ങളും അറിഞ്ഞിരിക്കാനേ ജനങ്ങളോട് കൽപനയുള്ളൂ. മദ്രസകളിൽ നിന്ന് ചൊല്ലിപ്പഠിച്ച ബാലപാഠങ്ങളാണല്ലോ ഇവ. ഇവിടെ വിശദീകരിച്ച ഇജ്മാഉം, അവയിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങളും നിഷേധിക്കരുത് എന്ന് മാത്രം. അറിഞ്ഞാലേ മുസ്‌ലിമാവൂ എന്നില്ല. അത് കൊണ്ട് തന്നെയാണ് ബാക്കിയുള്ള എല്ലാ
مجمع عليه
ആയ കാര്യങ്ങളും വിശ്വാസമായി പഠിപ്പിക്കാത്തതും. നിക്ഷേധിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉലമാഅ് അത് തിരുത്തുകയും ചെയ്യും.
(തുടരും )
💫
No comments:
Post a Comment