📚
*ബിദ്അതാരോപണം;*
*ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*
(ഭാഗം - 3)
✍️
_അശ്റഫ് സഖാഫി, പള്ളിപ്പുറം._
__________________________
ഇജ്മാഉള്ള കാര്യങ്ങളെല്ലാം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിവരിക്കലോടെ തന്നെ വിശ്വാസകാര്യമായി ഉയരുന്നു എന്നാണ് ഇതുവരെ വിവരിച്ചത്. എന്ന് കരുതി, ഈമാൻ - ഇസ്‌ലാം കാര്യങ്ങളെ പോലെ അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞാൽ നിഷേധിക്കരുത് എന്ന നിലയിൽ വിശ്വാസത്തിൻ്റെ ഭാഗമായി മാറുമെന്നാണ് വാസ്തവം.
ഇബ്നു ഹജർ(റ) പറയുന്നു:
وَيَتَعَيَّنُ أَيْضًا ذِكْرُ لَوْنِهِ لِتَصْرِيحِهِمْ بِأَنَّ زَعْمَ كَوْنِهِ أَسْوَدَ كُفْرٌ، وَالْمُرَادُ لِئَلَّا يَزْعُمَ أَنَّهُ أَسْوَدُ فَيَكْفُرَ مَا لَمْ يُعْذَرْ لَا أَنَّ الشَّرْطَ فِي صِحَّةِ الْإِسْلَامِ خُطُورُ كَوْنِهِ أَبْيَضَ، وَكَذَا يُقَالُ فِي جَمِيعِ مَا إنْكَارُهُ كُفْرٌ فَتَأَمَّلْهُ. اه (تحفة: ١/٤٥٠)
"കുഞ്ഞുപ്രായത്തിലേ കുട്ടികൾക്ക് തിരുനബി(സ്വ) തങ്ങളെക്കുറിച്ച് പഠിപ്പിച്ച് കൊടുക്കൽ രക്ഷിതാക്കളുടെ മേൽ നിർബന്ധമാണ്. കൂട്ടത്തിൽ, അവിടുത്തെ നിറം വെളുത്തതായിരുന്നു എന്നും പഠിപ്പിക്കണം. കാരണം, തങ്ങളുടെ നിറം കറുപ്പാണെന്ന് വാദിച്ചാൽ കാഫിറാകുമെന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയതാണല്ലോ."
തുടർന്ന് പറയുന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.
" ഇപ്പറഞ്ഞതിൻ്റെ ഉദ്ദേശം, തിരുനബി(സ്വ) തങ്ങളെക്കുറിച്ച് കറുപ്പ് നിറമുള്ള മനുഷ്യനായിരുന്നു എന്ന്, ഈ കുഞ്ഞ് ഭാവിയിൽ പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തന്നെ തിരുനബി(സ്വ)യുടെ നിറത്തെ പഠിപ്പിക്കുന്നത്. അങ്ങനെ പറയുന്നതിലൂടെ കുഫ്റ് വരാതിരിക്കാനുമാണ്. അല്ലാതെ, ഇതും കൂടി പഠിച്ചാലേ മുസ്‌ലിമാവൂ എന്നത് കൊണ്ടല്ല. ഇസ്‌ലാം ശരിയാവാൻ അത് പഠിക്കൽ അഭിവാജ്യ ഘടകമൊന്നുമല്ലല്ലോ. ഇപ്രകാരം തന്നെയാണ് - നിഷേധിച്ചാൽ കുഫ്റ് വരുന്ന കാര്യങ്ങളുടെ നിലയും. "
എന്ത് മനസ്സിലായി ? ഇസ്‌ലാമിക വിശ്വാസം ശരിയാവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ഇവക്ക് പുറമെ, വിശ്വാസത്തിൻ്റെ ഘടകമൊന്നുമല്ലെങ്കിലും, നിഷേധിച്ചാൽ മാത്രം കുഫ്റ് വരുന്ന കാര്യങ്ങളുമുണ്ട്. അവ നിലവിൽ അറിഞ്ഞിരിക്കേണ്ടതില്ലെന്നും, നിഷേധിക്കാതിരുന്നാൽ മതിയെന്നും മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമായി.
ഇമാം ബാജൂരീ(റ) പറയുന്നു:
ومعنى كون الإيمان بهم واجبا تفصيلا أنه لو عرض عليه واحد منهم لم ينكر نبوته ورسالته. فمن أنكر نبوة واحد منهم أو رسالته كفر. لكن العامي لا يحكم عليه بالكفر إلا أن أنكر بعد تعليمه. وليس المراد أنه يجب حفظ أسمائهم، خلافا لمن زعم ذلك. اه
(شرح الباجوري على جوهرة التوحيد -ص: ٦٨)
"ഖുർആനിൽ വിവരിച്ച ഇരുപത്തഞ്ച് നബിമാരെക്കുറിച്ച് വിശദീകരണത്തോടെ ( ഇരുപത്തഞ്ച് നബിമാരുണ്ട് എന്ന കേവല വിശ്വാസം പോര, ഓരോരുത്തരെയും പേരുകളോടെ അറിഞ്ഞ് ) വിശ്വസിക്കൽ നിർബന്ധമാണ് - എന്നതിനർത്ഥം, അവരിലെ ഒരാളെക്കുറിച്ച് ചോദിച്ചാൽ അവരുടെ നുബുവ്വതിനെയോ രിസാലതിനെയോ നിഷേധിക്കരുത് എന്നേയുള്ളൂ. അങ്ങനെ നിഷേധിച്ചാൽ കുഫ്റ് വരികയും ചെയ്യും.
എന്നാൽ, ഇങ്ങനെ വിശദീകരണത്തോടെ പിടിപാടില്ലാത്ത സാധാരണക്കാർ, അവർക്ക് പഠിപ്പിച്ചതിന് ശേഷം നിഷേധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കുഫ്റ് വരികയുള്ളൂ. അതിനാൽ, നബിമാരുടെ പേരുകളെല്ലാം കാണാതെ പഠിക്കൽ നിർബന്ധമാണെന്ന് പറഞ്ഞു കൂടാ."
ശേഷം മലക്കുകളെക്കുറിച്ച് വിശ്വസിക്കേണ്ട രീതി പറയുന്നത് നോക്കൂ:
والجمع الذي يجب معرفته تفصيلا من الملائكة جبريل، وميكائيل، وإسرافيل، وعزرائيل، ورضوان خازن الجنة، وأما منكر ونكير فلا يكفر منكرهما لأنه اختلف في أصل السؤال. اه
(شرح الباجوري على جوهرة التوحيد -ص: ٦٨)
"വിശദീകരണത്തോടെ അറിയൽ നിർബന്ധമായ മലക്കുകൾ ഇവർ മാത്രമാണ്: ജിബ്‌രീൽ(അ), മീകാഈൽ(അ), ഇസ്റാഫീൽ(അ), അസ്റാഈൽ(അ), രിള്‌വാൻ(അ). എന്നാൽ മുൻകർ(അ) - നകീർ(അ) - ഇവരെ നിഷേധിച്ചത് കൊണ്ട് കുഫ്റ് വരില്ല. കാരണം, ഖബ്റിലെ ചോദ്യം തന്നെ നിഷേധിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകളിൽ ഉണ്ടല്ലോ."
മുഅ്തസിലഃ എന്ന ബിദ്അതിൻ്റെ കക്ഷികളാണ് ഖബ്റിലെ ചോദ്യത്തെ നിഷേധിക്കുന്ന കൂട്ടർ. അങ്ങനെ നിഷേധിച്ചിട്ടും അവരെ കാഫിറാണെന്ന് മുൻഗാമികളായ ഇമാമുകളാരും വിധി പറഞ്ഞിട്ടില്ല. അതിനാൽ, ഇവരുടെ കാര്യത്തിൽ 'കാഫിറല്ല' എന്ന മുസ്‌ലിം സമുദായത്തിൻ്റെ ഏകോപനമുണ്ട്. അതിനാൽ ഖബ്റിലെ ചോദ്യം ചെയ്യലിനെ നിഷേധിച്ചാൽ കുഫ്റ് വരില്ല. എന്നാൽ ഖബ്റിലെ ചോദ്യം
مجمع عليه
ആയ കാര്യമാണ്. അതിനാൽ അത് നിഷേധിച്ചവർ മുഅ്‌തസിലതിനെപ്പോലെ മുബ്തദിഅ് ആവുമെന്ന് മനസ്സിലാക്കണം.
അല്ലാഹു തആലായുടെ സ്വിഫതുകളെപ്പറ്റിയും നിഷേധിക്കാതിരിക്കുക എന്നതാണ് നിർബന്ധം. അവ ഓരോന്നും എണ്ണി പറയാൻ കിട്ടാത്തവരെല്ലാം നിർബന്ധ ബാധ്യത ഒഴിവാക്കിയവരാണെന്ന് പറയാൻ പറ്റില്ല. ഖുദ്റത്, ഇറാദത് തുടങ്ങി അവയുടെ അറബി നാമങ്ങൾ അറിയേണ്ട. അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ട്, പണ്ടേ ഉള്ളവനാണ് തുടങ്ങി അവയുടെ ഉദ്ദേശാർത്ഥം അറിഞ്ഞാൽ മതി, നിഷേധിക്കാതിരുന്നാൽ മതി.
അപ്പോൾ, ഇസ്‌ലാമിൻ്റെ അഭിവാജ്യ ഘടകമായി വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങളുണ്ട്. നിഷേധിക്കാതിരുന്നാൽ മതി - നിലവിൽ അറിഞ്ഞിരിക്കണമെന്നില്ല , എന്ന വിധത്തിലുള്ള കാര്യങ്ങളുമുണ്ട്.
مجمع عليه
ആയ കാര്യങ്ങളും ഇവ്വിധമുള്ളതാണ്. നിഷേധിക്കരുതെന്ന് മാത്രം. നിഷേധിച്ചാൽ ബിദ്അത് വരും. ഇത് വരാതെ സമൂഹത്തെ പരിരക്ഷിക്കേണ്ട, അറിയിച്ചു കൊടുക്കേണ്ട ബാധ്യത പണ്ഡിതന്മാർക്കുണ്ടല്ലോ. അത് കൊണ്ട് തന്നെ അത്തരം അറിവുകൾ സമൂഹത്തിൽ നിലനിൽക്കണം. എന്നല്ല, ഏത് പ്രശ്നങ്ങളിലും ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾ വിവരിച്ചു തരുന്ന പണ്ഡിതന്മാർ ഈ സമുദായത്തിൽ എക്കാലത്തും നിലനിൽക്കണം. ഇല്ലെങ്കിൽ മുസ്‌ലിം സമൂഹം തന്നെ കുറ്റക്കാരാവും. അതിനാൽ നമ്മുടെ നാട്ടിൽ സാധാരണയിൽ ആവശ്യമില്ലാത്ത ഒട്ടകത്തിൻ്റെ സകാത് പോലെയുള്ളവ പഠിക്കുന്നതും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതുമെല്ലാം അസ്ഥാനത്താണ് എന്ന ചിന്ത ശരിയല്ല.
مجمع عليه
ആയ ഒട്ടകത്തിൻ്റെ സകാതിനെ വല്ലവനും നിഷേധിച്ചാൽ, അത് തിരുത്താൻ ഉലമാഇന്ന് ബാധ്യതയുണ്ട്. അത് നിഷേധിക്കാൻ ഒട്ടകമുള്ള നാടാകണം എന്നില്ലല്ലോ.
*വസ്തുതകളുടെ കൂടെ നിൽക്കാം, ശാഠ്യം വേണ്ടതില്ല.*
__________________
ഭിന്നാഭിപ്രായമുള്ള കാര്യങ്ങളിലെല്ലാം ഒന്നായിരിക്കും ശരിയും യാഥാർത്ഥ്യവും. പക്ഷെ, എതിർപക്ഷക്കാർ തെറ്റുകാരല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള കാര്യമായതിനാൽ, യോഗ്യരായവർക്ക് അതിൽ ഗവേഷണം നടത്താം. വ്യത്യസ്തമായ നിഗമനത്തിൽ എത്തിച്ചേരാം. ഈ നിഗമനം യാഥാർത്ഥ്യത്തോട് യോജിക്കാം, യോജിക്കാതിരിക്കാം. ഗവേഷണം നടത്തിയവർ യോഗ്യര്യം നല്ല ലക്ഷ്യവും ഉള്ളവരായതിനാൽ ആ കണ്ടെത്തിയതിലോ നിഗമനത്തിലോ തെറ്റും കുറ്റവും കാണില്ല. അതിനെ അനുകരിച്ചതിലും പ്രശ്നമില്ല. അതിനാൽ യാഥാർത്ഥ്യമേ വിശ്വസിക്കാവൂ എന്ന പിടിവാശി ഒരിക്കലും വേണ്ടതില്ല. എതിർവാദക്കാരെ ഒരിക്കലും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ പറ്റില്ല.
ഉദാഹരണത്തിന്, തിരുനബി(സ്വ) തങ്ങളെ ഉണർവ്വിൽ തന്നെ ദർശിക്കാമോ ഇല്ലേ - എന്ന കാര്യത്തിൽ വ്യത്യസ്ത വീക്ഷണം പറഞ്ഞവരുണ്ട്. ഇമാം ഇബ്നു ഹജർ അസ്ഖലാനീ(റ)യും സമകാലികരായ ചിലരും അത്തരം ദർശനം സാധിക്കില്ലെന്ന പക്ഷക്കാരാണ്. എന്നാൽ മിക്ക ഇമാമുകളും ഇത് സാധ്യമാണെന്നും ഒരുപാട് മഹാന്മാർക്ക് ഇത് അനുഭവമുണ്ടെന്നും പറയുന്നു. ഇമാം മുനാവീ(റ)നെ ഉദ്ധരിക്കാം:
وسئل عن جاحد إمكان رؤية النبي صلى الله تعالى عليه وسلم ما يلزمه ؟ فأجاب: إن جحد وقوعها في النوم فمعاند مكابر يؤدب على ذلك، وربما نشأ ذلك عن خلل في العقل، أو جحد وقوعها في اليقظة، فلا حرج عليه، فقد أنكره كثيرون منهم الحافظ ابن حجر رضي الله عنه ووافقه جمع من أهل عصره، وخالفه آخرون، وألفه في ذلك عدة تآليف من الجانبين، فليراجعها من أراد. اه
(فتاوى المناوي- رقم السؤال-٢١)
"തിരുനബി(സ്വ) തങ്ങളെ സ്വപ്നത്തിൽ ദർശിക്കില്ലെന്ന് പറഞ്ഞവൻ പിഴച്ചിരിക്കുന്നു. എന്നാൽ ഉണർവ്വിൽ കാണുകയില്ലെന്ന് പറഞ്ഞാൽ ഒരു കുഴപ്പവുമില്ല. കാരണം, ഇത് വ്യത്യസ്ത വീക്ഷണമുള്ള കാര്യമാണല്ലോ. ഇബ്നു ഹജർ അസ്ഖലാനി(റ)യെപ്പോലുള്ള ചിലർ അത്തരം ദർശനം നടക്കില്ലെന്നും, മറ്റൊരു വിഭാഗം സംഭവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇരുവിഭാഗവും ഇക്കാര്യത്തിൽ രചനകൾ വരെ നടത്തിയവരാണ്. "
വ്യത്യസ്ത വീക്ഷണമുള്ളതു കൊണ്ട് തന്നെയാണ് പ്രശ്നമില്ലെന്ന് പറഞ്ഞത്.
فقد أنكره
എന്നതിലെ ഫാഅ്, മുമ്പത്തെ കാര്യത്തിന് കാരണം ബോധിപ്പിക്കുകയാണ്.
ഇവ്വിഷയത്തിലെ യാഥാർത്ഥ്യം, പ്രസ്തുത ദർശനം സാധ്യമാണെന്ന വീക്ഷണമാണ്. തെല്ലും സംശയത്തിനിടയില്ലാത്ത മഹാന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇബ്നു ഹജർ(റ) വ്യക്തമാക്കുന്നു:
(وَسُئِلَ) نفع الله بِهِ هَل تمكن رُؤْيَة النَّبِي - صلى الله عليه وسلم - فِي الْيَقَظَة (فَأجَاب) بقوله أنكر ذَلِك جمَاعَة وَجوزهُ آخَرُونَ وَهُوَ الْحق فقد أخبر بذلك من لايتهم من الصَّالِحين بل اسْتدلَّ بِحَدِيث البُخَارِيّ من رَآنِي فِي الْمَنَام فسيراني فِي الْيَقَظَة. اه
(فتاوى الحديثية - ٢١٢)
എന്നെ സ്വപ്നത്തിൽ ദർശിച്ചവർ പിന്നീട് ഉണർവ്വിലും ദർശിക്കുമെന്ന ഹദീസ് വചനമാണ് ഇതിന്നാധാരം. ചിലർ ധരിച്ച പോലെ പരലോകത്ത് വെച്ച് കാണാം എന്നല്ല ഇതിനർത്ഥം. കാരണം, പരലോകത്ത് വെച്ച് തിരുനബി(സ്വ) തങ്ങളെ എല്ലാ വിശ്വാസികളും കാണുമല്ലോ. ഇവിടുന്ന് സ്വപ്നത്തിൽ ദർശിച്ചവരും അല്ലാത്തവരും അതിൽ പെടും. അതിനാൽ മേൽ ഹദീസിൽ സൂചിപ്പിച്ച പ്രകാരം ഉണർവ്വിലെ ദർശനം യാഥാർത്ഥ്യവും വസ്തുതയുമാണെന്ന് ഇബ്നു ഹജർ(റ) ന്യായ സഹിതം സ്ഥിരീകരിച്ചിട്ടുണ്ട്.
യാഥാർത്ഥ്യം ഇതാണെന്ന് അംഗീകരിക്കലോടെ, ഇതിനെതിരെ പറഞ്ഞത് ബാത്വിലാണെന്നോ, അവരെ അനുകരിച്ചവരെ പിഴച്ചവരെന്നോ ധരിച്ചുകൂടാ. ഇമാം മുനാവി(റ)യുടെ
فقد أنكره
എന്ന പ്രയോഗം ഊന്നിപ്പറഞ്ഞത് ഇതുകൊണ്ടാണ്.
ഇപ്രകാരം, ഔലിയാക്കൾ എന്ന വിഭാഗത്തെ നിഷേധിക്കരുത്. അങ്ങനെയൊരു വിഭാഗമുണ്ടെന്ന് ഇജ്മാഅ് വന്നിട്ടുണ്ട്. എന്നാൽ അവരിലെ ഖുത്വ് ബ്, നുജബാഅ് പോലോത്ത വ്യത്യസ്ത ഗ്രേഡുകളെ നിരാകരിച്ചത് കൊണ്ട് തെറ്റില്ല. കാരണം അതിൽ യോഗ്യരുടെ ഭിന്നവീക്ഷണങ്ങൾ വന്നിട്ടുണ്ട്. ഇമാം നവവി(റ)യുടെ പല വിഷയങ്ങളിലും അവലംബമായ ഇമാം ഇബ്നുസ്സ്വലാഹ്(റ) പ്രസ്തുത ഗ്രേഡുകൾ ഹദീസിൽ സ്ഥിരപ്പെട്ടിട്ടില്ലെന്ന് പറയുന്നവരാണ് (ഫതാവാ ഇബ്നുസ്സ്വലാഹ്, ചോ:34, പേ:69).
എങ്കിലും ആ ഗ്രേഡുകളെല്ലാം അംഗീകരിച്ചു കൊണ്ടുള്ള റൂട്ടാണ് ശരിയായതും യാഥാർത്യവും. അതേ സമയം, എതിർപക്ഷത്തെ നാം ബിദ്അതാരോപിക്കുകയോ ആ വാദം ബാത്വിലാണെന്ന് കുറ്റപ്പെടുത്തുകയോ ചെയ്യുന്നുമില്ല.
*വസ്തുതാ നിഷേധം;*
*അപമര്യാദ കാണിക്കരുത്.*
____________________
യോഗ്യരായവരുടെ ഭിന്നാഭിപ്രായങ്ങളെല്ലാം സ്വീകാര്യമാണെങ്കിലും അവയിലെ ചിലത് വസ്തുതയും മറ്റുള്ളവ അതിന് വിപരീതവുമാകാം. ഈ വസ്തുതകളെല്ലാം വിശ്വസിക്കൽ നിർബന്ധമില്ലെന്നും അവയെ വിമർശിക്കുന്നത് തെറ്റല്ലെന്നുമാണ് തൊട്ടുമുമ്പ് വിവരിച്ചത്. എന്നാൽ അദബ് കേടായോ അതിരുവിട്ടോ ഈ വസ്തുതാ വിരുദ്ധത കാണിക്കരുത്. ഇബ്നു അബീ ജംറഃ(റ)വിൻ്റെ ചരിത്രത്തിൽ ഇങ്ങനെ കാണാം:
وكان - رضي الله عنه - كبير الشأن،... وأنكروا عليه في دعواه رؤية رسول الله - صلى الله تعالى عليه وسلم - يقظة، وعقدوا له مجلسا، فأقام في بيته ولم يخرج إلا لصلاة الجمعة، ومات المنكرون على أسوإ حال وعرفوا بركته. اه
(الطبقات الكبرى للشعراني - ١/١٣٨)
തിരുനബി(സ്വ) തങ്ങളെ ഉണർവ്വിൽ കാണുമെന്ന് മഹാൻ വാദിച്ചതിനെതിരെ ചിലർ രംഗത്ത് വരികയും, അദ്ദേഹത്തോട് സംവദിക്കാൻ ഒരു മജ്ലിസ് സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ, മഹാൻ വീട്ടിൽ നിന്ന് ജുമുഅഃക്കല്ലാതെ പുറത്തിറങ്ങിയില്ല. പിന്നീട് മഹാനെതിരെ രംഗത്ത് വന്നവരെല്ലാം മരണ സമയത്ത് മോശമായ രൂപത്തിൽ കാണപ്പെട്ടു.
മഹാന്മാരോട് അദബ് കേടായി പെരുമാറുന്നതും അതിര് വിട്ട വിമർശനവും ശ്രദ്ധിക്കണമെന്ന പാഠമാണ് ഇത് തരുന്നത്.
ഇബ്നു അറബീ(റ), ഇബ്നുൽ ഫാരിള്വ്(റ) തുടങ്ങിയ ഔലിയാക്കളിലെ ഉന്നതരെ പലരും വിമർശിച്ചു. അവരെക്കുറിച്ച് നല്ലത് ധരിക്കണമെന്നത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമല്ലെങ്കിലും, ചിലർ പരിധിവിട്ട് വിമർശിച്ചു. ഇത് കാരണത്തിനാൽ അവരുടെ അമൂല്യമായ ഗ്രന്ഥങ്ങളിൽ ബറകത് നഷ്ടപ്പെട്ട സംഭവം ഇബ്നു ഹജർ(റ) പറയുന്നുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്ന എൻ്റെ ശൈഖുനാ ( സകരിയ്യൽ അൻസ്വാരി - റ ) ആ കിതാബുകൾ രചിച്ചിരുന്നെങ്കിൽ തങ്കലിപികളാൽ എഴുതപ്പെടാൻ മാത്രം വിലമതിക്കുന്നതായിരുന്നു എന്നും ഇബ്നു ഹജർ(റ) പറയുന്നു.
وَلَو كَانَ هَذَا الْكتاب لشَيْخِنَا زَكَرِيَّا أَو غَيره مِمَّن يعْتَقد لَكَانَ يكْتب الذَّهَب لِأَنَّهُ فِي الْحَقِيقَة لم يوضع مثله. اه
(فتاوى الحديثية - ٣٩)
*നമ്മൾ വിശ്വസിക്കേണ്ടത്*
__________________
വിശ്വാസ കാര്യങ്ങളുടെ വ്യത്യസ്ത നിലകളാണ് വിവരിച്ചത്. എങ്കിലും മേൽ പറഞ്ഞവയിലെല്ലാം ഏറ്റം ഉത്തമമെന്തോ അതായിരിക്കണം നമ്മുടെ വിശ്വാസം.
നബിമാരിൽ നിന്ന് തെറ്റുകൾ സംഭവിക്കില്ല. ഇക്കാര്യം ഇബ്നു ഹജർ(റ) പറയുന്നത് ഇങ്ങനെ:
مَعْصُومٌ وَلَوْ مِنْ صَغِيرَةٍ سَهْوًا قَبْلَ النُّبُوَّةِ عَلَى الْأَصَحِّ. اه
(تحفة: ١/٢٦)
നബിമാരിൽ നിന്നും തെറ്റുകൾ സംഭവിക്കില്ല. ചെറുദോശങ്ങൾ പോലും - അറിയാതെയും - നുബുവ്വതിന് മുമ്പാണെങ്കിലും ഉണ്ടാകില്ല തന്നെ. ഇത് പറഞ്ഞ ശേഷം,
على الأصح
എന്ന വാക്കാണ് നമ്മുടെ വിഷയം. മേൽ പറഞ്ഞത് പ്രബലാഭിപ്രായമാണെന്നും, ഇതിന്നപവാദമായ ചില വീക്ഷണങ്ങൾ ഉണ്ടെന്നും ഇതിലൂടെ അറിയിക്കുന്നു. അതിന് പുറമെ, ഞാൻ മനസ്സിലാക്കുന്നത് ഈ ഉത്തമ വീക്ഷണമാണെന്നും പറഞ്ഞു വെക്കുന്നുണ്ട്. എതിർ വീക്ഷണത്തേക്കാൾ നബിമാരുടെ സ്ഥാനം വിളിച്ചറിയിക്കുന്നത് ഇതാണല്ലോ.
തിരുനബി(സ്വ) തങ്ങളുടെ മാതാപിതാക്കളെക്കുറിച്ചും ഈ രീതിയിലേ സമീപിക്കാവൂ എന്ന് പറയേണ്ടതില്ലല്ലോ.
ഔലിയാക്കളുടെ ഗ്രേഡുകളിലും തഥൈവ. ഇബ്നു ഹജർ(റ) പറയുന്ന ഒരു സംഭവം വിവരിക്കാം:
"എൻ്റെ ഉസ്താദ് മുഹമ്മദ് അൽ ജുവൈനീ(റ) അന്ധനായിരുന്നു. കൈ പിടിച്ച് വീട്ടിലേക്ക് വഴി കാണിക്കുന്ന ഖാദിമായിരുന്നു ഞാൻ. ഒരു ദിവസം, ക്ലാസിനിടയിൽ ഖുത്വുബ്, നുജബാഅ് തുടങ്ങിയ ഗ്രേഡുകളെ അദ്ദേഹം നിഷേധിച്ചു. അത് ശരിയല്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ ക്ലാസ് കഴിഞ്ഞ് വഴി നടത്തുന്നതിനിടയിൽ ശൈഖ് സകരിയ്യൽ അൻസാരി(റ)യുടെ വസതിക്കരികിലെത്തി. ഞാൻ ഉസ്താദിനോട് പറഞ്ഞു: അൻസാരി(റ)യുടെ അടുക്കൽ പോയാലോ ? ഉസ്താദ് സമ്മതിച്ചു. ക്ലാസിലെ തർക്കവിഷയമായ ഖുത്വുബ്, നുജബാഅ് സംബന്ധിച്ച് ശൈഖിനോട് ചോദിക്കാനും ഞാൻ സമ്മതം വാങ്ങി. അങ്ങനെ ഇരുവരുടെയും സംസാരങ്ങൾ കഴിഞ്ഞ ശേഷം, ഖുത്വുബ് പോലോത്തതിലെ യാഥാർത്ഥ്യം പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം അതിൽ നിഷേധം പറയുന്നെന്നും സൂചിപ്പിച്ചു. ഉടനെ, സകരിയ്യൽ അൻസാരി(റ) അതെല്ലാം ശരിയാണെന്ന് പറഞ്ഞു. അതിനെ വിമർശിക്കുന്നത് ആശ്ചര്യത്തോടെ കാണുകയും ചെയ്തു. ശേഷം ശൈഖ് ജുവൈനി(റ) അതിൽ നിന്ന് മടങ്ങുകയാണുണ്ടായത്.."
ഈ സംഭവം നടക്കുമ്പോൾ തനിക്ക് ഏകദേശം പതിനാല് വയസ്സ് മാത്രം പ്രായമാണെന്നും, ചെറുപ്പത്തിലേ ഔലിയാക്കന്മാരുടെ ശിക്ഷണത്തിൽ വളർന്നതിനാൽ പ്രസ്തുത കാര്യങ്ങളിൽ തെല്ലും സംശയം ഉണ്ടായിട്ടില്ലെന്നും മഹാനർ പറയുന്നുണ്ട് (ഫതാവൽ ഹദീസിയ്യഃ - പേ: 231,232 )
എല്ലാ നിലയിലും പരിപൂർണ്ണമായതായത് സ്വീകരിച്ച് അതിലൂടെയാവണം നമ്മുടെ റൂട്ടെന്ന് മനസ്സിലാക്കാൻ ഈ സംഭവം തന്നെ ധാരാളം.
( തുടരും )
💫
No comments:
Post a Comment