Wednesday, May 29, 2024

അലവി മൗലവിയുടെ ചോദ്യത്തിന് പതി ഉസ്താദ് അളന്നു മുറിച്ച മറുപടി നൽകി

 https://www.facebook.com/100024345712315/posts/pfbid03cDBm8xFXu6LXimPJk2tKpJQ7GPjF9VSaeCub8QtscLt21Q7sHh5RCNmkMUd7P15l/?mibextid=9R9pXO

*പൂനൂർ സംവാദം*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 103/313

✍️ Aslam saquafi payyoli


മലബാറിൽ 10 വർഷമാണ് പതി ഉസ്താദിന്റെ പടയോട്ടം നടന്നത്. 1949 ൽ തുടങ്ങി 1958ല്‍ വഫാത്താകുന്നത് വരെ എല്ലാ മൗലവിമാരെയും നിരായുധരാക്കുന്ന ഖണ്ഡനങ്ങളായിരുന്നു വിവിധ സ്ഥലങ്ങളിലായി നടന്നത്. 


1951 ഫെബ്രുവരിയിൽ കുന്ദമംഗലത്ത് നടന്ന പതി ഉസ്താദിന്റെ പ്രഭാഷണ പരമ്പരയാണ് പൂനൂർ ഒന്നാം സംവാദത്തിന് വഴിയൊരുക്കിയത്. മൗലവിമാരെ വെല്ലുവിളിച്ചു കൊണ്ടുള്ള തകർപ്പൻ പ്രഭാഷണ പരമ്പരയായിരുന്നു അത്. നന്മണ്ടയിൽ നിന്നും വഅള് കേൾക്കാൻ വന്ന മുജാഹിദ് പ്രവർത്തകരായ കൊല്ലങ്കണ്ടി മമ്മു സാഹിബും അനുജൻ കലന്തൻകുട്ടിയും പതി ഉസ്താദിന്റെ വെല്ലുവിളി ഏറ്റെടുത്തതോടെ സംവാദത്തിന് കളമൊരുങ്ങി. 


1951 ഫെബ്രുവരി പതിനാലാം തിയ്യതി പതി ഉസ്താദും കെ സി ഹുസൈൻ സാഹിബും മുജാഹിദ് പക്ഷത്തുനിന്ന് കൊല്ലംകണ്ടി മമ്മു സാഹിബും അനുജൻ കലന്തൻകുട്ടിയും സംവാദം നടത്താനുള്ള കരാറിലേർപ്പെട്ടു. പൂനൂരിലെ പൗരപ്രമുഖനായ മരക്കാർ ഹാജി വശം കരാർ സൂക്ഷിച്ചു. കുന്ദമംഗലത്തെ കെ സി ഹുസൈൻ സാഹിബിന്റെ വീട്ടിൽ വെച്ചായിരുന്നു വ്യവസ്ഥകൾ തയ്യാറാക്കിയിരുന്നത്. 


സാധാരണ സംവാദങ്ങളിൽ വ്യവസ്ഥ എഴുതുമ്പോൾ തന്നെ വിഷയങ്ങൾ നിർണ്ണയിക്കുകയും രണ്ടു കൂട്ടരുടെയും വാദങ്ങൾ സ്ഥിരപ്പെടുത്തുകയും സമയങ്ങൾ നിർണയിക്കുകയും ചെയ്യുക പതിവുണ്ട്. പക്ഷേ, ഈ സംവാദത്തിൽ അതുണ്ടായില്ല. അതിനും ചില കാരണങ്ങളുണ്ട്. 

സംവാദ വ്യവസ്ഥ എഴുതാൻ മുജാഹിദ് പണ്ഡിതന്മാർ ആരും വന്നിരുന്നില്ല. പതി ഉസ്താദിന്റെ വെല്ലുവിളി നേരിൽ കേട്ട നന്മണ്ടയിലെ സഹോദരങ്ങൾ നമ്മുടെ മൗലവിമാർക്ക് വിഷയങ്ങൾ സമർത്ഥിക്കാൻ കഴിയും എന്ന ധൈര്യത്തിൽ വെല്ലുവിളി ഏറ്റെടുത്തതാണ്. സത്യത്തിൽ ഇത് ഏറ്റെടുത്തതോടെ മൗലവിമാർ വെപ്രാളപ്പെട്ടിട്ടുണ്ടാവണം. 

അതുകൊണ്ടാണല്ലൊ വ്യവസ്ഥ എഴുതാൻ ഒരു മൗലവിയും പതി ഉസ്താദിന്റെ മുന്നിലേക്ക് വരാതിരുന്നത്. വ്യവസ്ഥക്ക് വന്നത്  നന്മണ്ടയിലെ ഈ രണ്ട് ഹാജിമാർ തന്നെയായിരുന്നു. വിഷയങ്ങൾ നിർണയിച്ചെഴുതാൻ മാത്രം വിവരം അവർക്കുണ്ടായിരുന്നില്ല. എങ്കിലും സുന്നികൾ സംവാദം നടക്കണം എന്ന ഉറച്ച തീരുമാനത്തിലായതിനാൽ വാദം എഴുതാൻ മൗലവിമാർ വരാത്തതുകൊണ്ട് സംവാദം മുടങ്ങരുത്; സംവാദത്തിന്റെ ദിവസം ആദ്യം വാദം എഴുതി നമുക്ക് സംവാദം തുടങ്ങാം എന്ന തീരുമാനത്തിൽ വ്യവസ്ഥയുടെ മീറ്റിംഗ് പിരിഞ്ഞു.


1951 മാർച്ച് 18 ന് രാത്രിയാണ് സംവാദം നടന്നത്. ഇരുകക്ഷികളിൽ നിന്നും 30 പേർ വീതം നേതാക്കൾ പങ്കെടുത്തു. 


സുന്നി പക്ഷത്തുനിന്ന് : പതി ഉസ്താദ്, പറവണ്ണ ഉസ്താദ്, സ്വദഖതുല്ല ഉസ്താദ്, ഇ കെ ഉസ്താദ് തുടങ്ങിയ പ്രമുഖരും മുജാഹിദ് പക്ഷത്തുനിന്ന് : അലവി മൗലവി, എം സി സി അഹമ്മദ് മൗലവി, കെ സി അബൂബക്കർ മൗലവി, സി പി കുഞ്ഞിമൊയ്തീൻ മൗലവി തുടങ്ങിയവരുമാണ് പങ്കെടുത്തത്.


പൂനൂരിലെ മരക്കാർ ഹാജിയുടെ പീടിക മുകളിലാണ് നേതാക്കളുടെ ഇരിപ്പിടം. 

സംവാദ ദിവസം ഉസ്താദുമാരും മൗലവിമാരും നേരത്തെ തന്നെ സ്ഥലത്തെത്തി. ഉസ്താദുമാർ പീടിക മുറിയുടെ പടിഞ്ഞാറ് ഭാഗത്തും മൗലവിമാർ കിഴക്ക് ഭാഗത്തുമായി സ്ഥാനം ഉറപ്പിച്ചു.


എന്നാൽ, ഈ സംവാദം വേണ്ടതുപോലെ വിജയിക്കാതിരിക്കാൻ മൗലവിമാർ ചില കുതന്ത്രങ്ങൾ ഒപ്പിച്ചിരുന്നു. സംവാദ വിഷയത്തിലുള്ള വാദം എഴുതുകയോ വിഷയാവതരണം നടത്തുകയോ ചെയ്യാതെ ആദ്യം തന്നെ എഴുന്നേറ്റ് ചോദ്യങ്ങൾ ചോദിക്കുക. സ്വാഭാവികമായും എതിർകക്ഷികൾ അത് പറ്റില്ലെന്ന് പറയും. അപ്പോൾ നമുക്ക് ചോദ്യങ്ങൾ ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കാം.  ഇതായിരുന്നു മൗലവിമാരുടെ കുതന്ത്രം. സംവാദം തുടങ്ങുകയല്ലേ ? എന്ന് പതി ഉസ്താദ് ചോദിക്കുമ്പോഴേക്കും അലവി മൗലവി ചാടിഎഴുന്നേറ്റു ചോദ്യം ഉന്നയിച്ചത് ഈ കുതന്ത്രത്തിൻെറ ഭാഗമാണ്.


പുളിക്കൽ ജാമിഅ: സലഫിയ്യ: ഇറക്കിയ ' പൂനൂരിലെ വാദ പ്രതിവാദം ' എന്ന പുസ്തകത്തിൽ നിന്ന് :

"....അനന്തരം തുടങ്ങുകയല്ലേ ? എന്ന് പതി മുസ്‌ലിയാർ പറയുകയും അപ്പോൾ അലവി മൗലവി ചോദ്യം ഉന്നയിക്കുകയും ചെയ്തു "


വാദം എന്താണെന്ന് എഴുതാതെ, ചോദ്യം ആദ്യം ആര് ചോദിക്കണം എന്ന് തീരുമാനിക്കാതെ എടുത്തുചാടിയുള്ള ഈ ചോദ്യം തീർത്തും ദുരുദ്ദേശപരം തന്നെയായിരുന്നു.


വാദം എന്തെന്ന് പറയാതെ ചോദ്യം ചോദിക്കുന്നത് ശരിയല്ലെന്ന് പതി ഉസ്താദ് പലതവണ  ആവർത്തിച്ചു പറഞ്ഞു. അലവി മൗലവി മൈന്റ് ചെയ്തില്ല. അയാൾ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. അവസാനം പതി ഉസ്താദ് എഴുന്നേറ്റുനിന്ന് നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞു:


"1951 ഫെബ്രുവരി മാസം 14ന് ഞങ്ങളും നിങ്ങളുമായി ഒപ്പുവെച്ച വ്യവസ്ഥ വാദപ്രതിവാദത്തിന്റെ കരാർ വ്യവസ്ഥയാണ്. ആ വ്യവസ്ഥയിൽ വാദ വിഷയം ഇന്നതാണെന്ന് നിശ്ചയിച്ചതല്ലാതെ ആ വിഷയങ്ങളെക്കുറിച്ചുള്ള വാദം ഇന്നതാണെന്ന് നിർണ്ണയിച്ചിട്ടില്ല. 

ആ ദിവസം പ്രസ്തുത കരാറിൽ ഒപ്പ് വെക്കുവാൻ നിങ്ങളുടെ ഭാഗത്തിനുവേണ്ടി ഹാജരായ കൊല്ലങ്കണ്ടി മമ്മുസാഹിബും അനുജൻ കലന്തൻകുട്ടി സാഹിബും മൗലവിമാരല്ലാത്ത സ്ഥിതിക്ക് അവരോട് വാദം എന്താണെന്ന് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് കരുതി വാദപ്രതിവാദ സദസ്സിൽ രണ്ടു ഭാഗത്തെയും പണ്ഡിതന്മാർ ഹാജരാകുമ്പോൾ നേരിട്ട് വാദം നിർണയിച്ചുകൊണ്ട് ലക്ഷ്യത്തെപ്പറ്റി ചോദിക്കാമെന്നാണ് വെച്ചിരുന്നത്. അതുപ്രകാരം തർക്കത്തിലിരിക്കുന്ന ഇസ്തിഗാസയെ കുറിച്ചുള്ള ലക്ഷ്യത്തെപ്പറ്റി ചോദിക്കുന്നതിനു മുമ്പ് ഇസ്തിഗാസയെ സംബന്ധിച്ചുള്ള വാദം തീർച്ചപ്പെടുത്തുകയാണ് വേണ്ടത്. വാദം ഇന്നതാണെന്ന് തീർച്ചപ്പെടുത്തുന്നതിന് മുമ്പ് ലക്ഷ്യത്തെപ്പറ്റി ചോദ്യം ചെയ്യുവാൻ ഏത് നിയമമാണ് നിങ്ങളെ ഉപദേശിച്ചത് ? "

(പൂനൂരിലെ വാദപ്രതിവാദം

പേജ് : 28 - പുളിക്കൽ 

ജാമിഅ: സലഫിയ്യ:)


സംവാദ നിയമങ്ങൾ അറിയുന്ന ഏതൊരാൾക്കും പതി ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വ്യക്തമായിരുന്നു. രാത്രി 9 : 15ന് തുടങ്ങിയ ചർച്ച രണ്ടുമണിവരെ നീണ്ടു. ശേഷം മധ്യസ്ഥന്മാർ ഇടപെട്ടു. അലവി മൗലവിയുടെ ചോദ്യത്തിന് പതി ഉസ്താദ് അളന്നു മുറിച്ച മറുപടി നൽകി. ചോദ്യവും മറുപടിയും തുടർന്ന് നമുക്ക് വായിക്കാം.

No comments:

Post a Comment

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* Aslam Kamil Saquafi parappanangadi ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമ...