Monday, May 6, 2024

മുത്ത്നബിﷺയുടെ സ്വഭാവം 691

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️


🌹Tweet 691🌹


തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) തിരുനബിﷺയുടെ സന്നിധിയിൽ എത്തി. ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ദൗസ് ഗോത്രക്കാർക്കെതിരെ അവിടുന്ന് പ്രാർത്ഥിച്ചാലും! അവർ നമ്മുടെ ക്ഷണത്തെ നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഉടനെ പ്രവാചകൻﷺ ഖിബ്'ലക്ക് അഭിമുഖമായി നിന്നു. ഇരു കൈകളും വാനലോകത്തേക്കുയർത്തി. പ്രാർത്ഥന ആരംഭിച്ചു. അല്ലാഹുവേ ദൗസ് ഗോത്രത്തെ നീ നേർവഴിയിൽ ആക്കേണമേ! അവരെ ഒന്നടങ്കം ഇവിടെ എത്തിച്ചു തരേണമേ.!


           തിരുനബിﷺയുടെ സ്വഭാവ മഹിമയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ആർദ്രതയുടെ പ്രകാശനവും ആണ് നാം വായിച്ചത്. ഒരു ഗോത്രത്തിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ അവർക്കു മുഴുവനും നേർവഴി ലഭിച്ചു അവർ മുഴുവൻ നല്ലവരായി ഭവിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.


           താൽക്കാലിക താല്പര്യങ്ങളോ നൈമിഷിക വികാരങ്ങളോ അല്ല തിരുനബിﷺയെ നയിച്ചത്. എല്ലാവർക്കും നല്ലത് ലഭിക്കണമെന്ന മഹത്തായ മനസ്സിന്റെ ശരിയായ ആവിഷ്കാരമായിരുന്നു അവിടുത്തെ വാചകങ്ങൾ.


            ഒരിക്കൽ ഒരു ഗ്രാമീണനായ അറബി സഹായം തേടി തിരുനബിﷺയുടെ അടുക്കൽ എത്തി. അയാൾ ഇങ്ങനെ പറയാൻ തുടങ്ങി. അല്ലയോ മുഹമ്മദേﷺ എനിക്ക് നൽകൂ. സ്വന്തം സ്വത്തിൽ നിന്നോ പിതാവിന്റെ സ്വത്തിൽ നിന്നോ ഒന്നും എനിക്ക് തരേണ്ടതില്ല. അല്ലാഹു തന്നതിൽ നിന്ന് തന്നാൽ മതി. നബിﷺ അദ്ദേഹത്തിന് കുറച്ചു സംഭാവന നൽകി. എന്നിട്ട് ചോദിച്ചു. നിങ്ങൾക്ക് തൃപ്തി ആയോ? തൃപ്തി ആയിട്ടുമില്ല മതിയായിട്ടുമില്ല. അയാൾ പ്രതികരിച്ചു. ഇത് കേട്ടതും നബിﷺയുടെ സ്വഹാബികൾക്ക് വളരെ പ്രയാസമായി. അവർക്ക് ദേഷ്യം പിടിച്ചു. അവരിൽ ചിലർ അയാൾക്ക് നേരെ എഴുന്നേറ്റ് അടുത്തു. പ്രവാചകൻﷺ അവരെ ആംഗ്യം കാണിച്ചു തടഞ്ഞു. നബിﷺ അവിടെ നിന്ന് എഴുന്നേറ്റു വീട്ടിലേക്ക് പോയി. ശേഷം, ആളെ അയച്ചു അദ്ദേഹത്തെ വീട്ടിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന് വീണ്ടും ദാനങ്ങൾ നൽകി. മതിയായോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. തൃപ്തിയായി എന്ന് പറയുന്നതുവരെ വീണ്ടും വീണ്ടും കൊടുത്തു കൊണ്ടേയിരുന്നു. അദ്ദേഹം തൃപ്തിയായി എന്ന് പറഞ്ഞപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ഇങ്ങനെ നിർദേശിച്ചു. നിങ്ങൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു. നിങ്ങൾ ആവശ്യമുന്നയിച്ചു. ഞാൻ നൽകിയെങ്കിലും നിങ്ങൾക്ക് തൃപ്തിയാകുന്നതുവരെ ആദ്യം ലഭിച്ചില്ല. അത് നിങ്ങൾ പരസ്യമായി പറഞ്ഞു. അത് കേട്ടുകൊണ്ട് നിന്ന എന്റെ അനുയായികൾക്ക് നിങ്ങളോട് അതൃപ്തി ആയിട്ടുണ്ട്. എനിക്ക് തൃപ്തിയായി എന്ന് നിങ്ങൾ ഇപ്പോൾ എന്നോട് പറഞ്ഞ വാചകം അവരുടെ സാന്നിധ്യത്തിൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. അവരുടെ മനസ്സിലുള്ള ആ പ്രയാസം നീങ്ങി കിട്ടുമായിരുന്നു. അതെ, അദ്ദേഹം സമ്മതിച്ചു. അന്ന് വൈകുന്നേരമോ പിറ്റേന്ന് പ്രഭാതമോ ആയപ്പോൾ അദ്ദേഹം സ്വഹാബികളുടെ സാന്നിധ്യത്തിലേക്ക് വന്നു. പ്രവാചകൻﷺ അദ്ദേഹത്തെ അടുത്തു നിർത്തിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ സഹോദരൻ വിശന്നു നമ്മുടെ അടുക്കലേക്ക് വന്നു. അദ്ദേഹത്തിന് നമ്മൾ ദാനം നൽകുകയും അദ്ദേഹം അതിൽ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം, അങ്ങനെ തന്നെയല്ലേ എന്ന് അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു അതെ എനിക്ക് സർവാത്മനാ തൃപ്തിയായിരിക്കുന്നു. ശേഷം, അല്ലാഹു തിരുനബി കുടുംബത്തിനും നല്ല പ്രതിഫലങ്ങൾ നൽകട്ടെ എന്ന് തിരുനബിﷺക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.


      തുടർന്ന് സ്വഹാബികളോടായി തിരുനബിﷺ ഇങ്ങനെ വിശദീകരിച്ചു. ഇദ്ദേഹത്തെയും നിങ്ങളെയും എന്നെയും ഇങ്ങനെ ഉപമിക്കാം. ഒരാളുടെ ഒട്ടകം ഇടഞ്ഞു. ആളുകൾ മുഴുവനും അതിന്റെ പിന്നാലെ കൂടിയപ്പോൾ അതിന്റെ മോട്ട് വർദ്ധിക്കുകയും കൂടുതൽ നിയന്ത്രണം വിടുകയും ചെയ്തു. അപ്പോൾ ഒട്ടകത്തിന്റെ ഉടമ ഇടപെട്ടു കൊണ്ട് പറഞ്ഞു. അതെനിക്ക് വിട്ടേക്കൂ. എന്റെ ഒട്ടകം ആണല്ലോ ഞാൻ അതിനെ വശപ്പെടുത്തി കൊള്ളാം. അങ്ങനെ അദ്ദേഹം ഒട്ടകത്തെ ഇണക്കി കൂട്ടി കൂട്ടത്തിലേക്ക് കൊണ്ടുവന്നു. അതുപോലെ ഒരുപക്ഷേ ഞാൻ ഇദ്ദേഹത്തെ നിങ്ങൾക്കിടയിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വകവരുത്തുകയും അതുവഴി നരകത്തിൽ പ്രവേശിക്കുകയും ചെയ്തേനെ. അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ ഇടപെട്ടത്.


              എത്ര ഉജ്ജ്വലമായ ആശയങ്ങളെയാണ് പുണ്യ നബിﷺ നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നത്. ജീവിതം കൊണ്ട് ആർദ്രതയും കരുണയും വിട്ടുവീഴ്ചയും സാമൂഹിക നിർമ്മിതിയും പാരസ്പര്യങ്ങളിലെ സൗന്ദര്യവും പരസ്പരബന്ധങ്ങളുടെ സൗഹാർദവും മാനവികമായി പാലിക്കേണ്ട ശ്രദ്ധകളും എല്ലാം സമം ചേർത്ത് അവതരിപ്പിക്കുകയായിരുന്നല്ലോ ഇവിടെ.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹 


(തുടരും)✍️

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി.


#History of Prophet(S)🌹

#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet.691

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...