Tuesday, April 16, 2024

ഖുര്‍ആനിലെ പ്രവചനങ്ങള്‍ 1 റോം വിജയിക്കും

 

ഖുര്‍ആനിലെ പ്രവചനങ്ങള്‍    
1 റോം വിജയിക്കും


ഭൂതകാലത്തിന്‍െറ തിരശ്ശീല നീക്കി പല ചരിത്രസംഭവങ്ങളും മനുഷ്യന് പഠിപ്പിച്ച് കൊടുത്തതുപോലെതന്നെ ഖുര്‍ആന്‍ ഭാവികാലത്തിന്‍െറ മറനീക്കി ചില സംഭവങ്ങളിലേക്ക് വെളിച്ചം വീശിയിട്ടുമുണ്ട്. ഭാവി ഇന്നും മനുഷ്യനുമുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ജ്യോത്സ്യവും ജ്യോതിഷവുമൊക്കെ മനുഷ്യന്‍െറ ഭാവി അറിയാനുള്ള താല്‍പര്യത്തെ ചൂഷണം ചെയ്ത് വ്യാപാരവത്കരിക്കപ്പെട്ടതിന്‍െറ ഉദാഹരണങ്ങളാണ്. സാമാന്യതത്വങ്ങളും സാധ്യതകളും കൂട്ടിക്കലര്‍ത്തി ഇവര്‍ നല്‍കുന്ന പ്രവചനങ്ങളില്‍ അത്യാഗ്രഹിയും ഭാവിയെക്കുറിച്ച് ആശങ്കാകുലനുമായ മനുഷ്യന്‍ സമാധാനം കണ്ടത്തെുന്നു എന്നതിനപ്പുറം യഥാര്‍ഥ്യവുമായി അവക്കൊരു ബന്ധവുമുണ്ടാവാറില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ എന്നാണ് ഖുര്‍ആന്‍ ഉറച്ചു പ്രഖ്യാപിക്കുന്നത്. ‘ഒരു കാര്യത്തെക്കുറിച്ചും ഞാന്‍ നാളെ അത് തീര്‍ച്ചയായും ചെയ്യും എന്ന് നീ പറയരുത്. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിനക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല’ (വി.ഖു. 18: 23,24). 

ഭാവി ഇത്രത്തോളം അനിശ്ചിതമായതുകൊണ്ടാണ് ഞാന്‍ അത് ചെയ്യും എന്ന് പറയുന്നതോടൊപ്പം ഇന്‍ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി പറയാന്‍ സത്യവിശ്വാസികളോട് കല്‍പിച്ചത്. അല്ലാഹുവിന്‍െറ വചനങ്ങളായ ഖുര്‍ആനില്‍ ധാരാളം പ്രവചനങ്ങള്‍ കാണാം. കാലാതീതനാണ് അല്ലാഹു എന്ന് വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രവചനങ്ങള്‍ ഖുര്‍ആനിന്‍െറ അമാനുഷികതക്ക് ഒന്നാംതരം തെളിവുകള്‍ കൂടിയാണ്. ഖുര്‍ആന്‍ നടത്തിയ ഒരു രാഷ്ട്രീയ പ്രവചനം ശ്രദ്ധിക്കുക. ‘അലിഫ്ലാം മീം. തൊട്ടടുത്ത ഭൂപ്രദേശത്തുവെച്ച് റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. ഈ പരാജയത്തിന് ശേഷം വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം വരിക്കുന്നതാണ്. ഭൂതകാലത്തും ഭാവികാലത്തും അല്ലാഹുവിന് തന്നെയാണ് കാര്യങ്ങളുടെ നിയന്ത്രണം.

അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്‍െറ സഹായത്താല്‍ സന്തുഷ്ടരാകും. അല്ലാഹു അവനുദ്ദേശിക്കുന്നവരെ സഹായിക്കുന്നു. അവന്‍ അതിശക്തനും കരുണാവാരിധിയുമാകുന്നു’ (വി.ഖു. 30:1-5). നബിയുടെ കാലത്തുണ്ടായിരുന്ന റോമന്‍-പേര്‍ഷ്യന്‍ സംഘട്ടനങ്ങളിലേക്കാണ് ഈ പ്രവചനം വിരല്‍ചൂണ്ടുന്നത്. ക്രി. 615നുശേഷം ഈ സംഘട്ടനങ്ങളില്‍ ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധ്യമല്ലാത്തവിധം റോമാസാമ്രാജ്യം അമ്പേ പരാജയപ്പെട്ടു. റോമാക്കാരോട് അനുഭാവമുണ്ടായിരുന്ന മുസ്ലിംകളെ കളിയാക്കാന്‍ ഇതൊരു അവസരമായി ശത്രുക്കള്‍ ഉപയോഗപ്പെടുത്തി. ആ സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ ഇത്തരത്തിലൊരു പ്രവചനം നടത്തുന്നത്. ബ്രിട്ടീഷ് ചരിത്രകാരനായ ഗിബ്ബണ്‍ പറയുന്നു ‘ഖുര്‍ആനിന്‍െറ ഈ പ്രവചനാനന്തരം ഏഴെട്ടു വര്‍ഷത്തോളം റോമാ സാമ്രാജ്യം ഇനി പേര്‍ഷ്യയെ അതിജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വിജയിക്കുന്നത് പോയിട്ട് സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്ന് പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. (ഗിബ്ബണ്‍: ഡികൈ്ളന്‍ ആന്‍ഡ് ഫാള്‍ ഓഫ് റോമന്‍ എമ്പയര്‍ വാള്യം 2, പേജ് 788). 

ഖുര്‍ആനിന്‍െറ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്നുഖലഫ് എന്ന ഖുറൈശി പ്രമുഖന്‍ നബിയുടെ അടുത്ത അനുയായിയായ അബൂബക്കറുമായി ഈ പ്രവചനത്തെക്കുറിച്ച് 100 ഒട്ടകത്തിന് പന്തയം വെക്കുകപോലുമുണ്ടായി. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ചരിത്രവിദ്യാര്‍ഥികള്‍ക്കറിയാം. ക്രി. 623ല്‍ ഹെര്‍കുലീസ് (സീസര്‍) അര്‍മീനിയയില്‍നിന്ന് പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം അദ്ദേഹം അസര്‍ബൈജാനിലേക്ക് നുഴഞ്ഞുകയറുകയും സൊറോസ്റ്ററുടെ ജന്മസ്ഥലമായ ഈര്‍മിയ നശിപ്പിക്കുകയും ചെയ്തു. അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഠം സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്‍െറ പ്രവചനത്തിന്‍െറ കൃത്യമായ പുലര്‍ച്ചയായിരുന്നു അത്. റോമക്കാര്‍ പേര്‍ഷ്യക്കാരെ കീഴടക്കിയ ഇതേവര്‍ഷം തന്നെയാണ് മുസ്ലിംകള്‍ ബദ്റില്‍ ബഹുദൈവ വിശ്വാസികളെ തുരത്തിയോടിച്ചത്. ‘അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്‍െറ സഹായത്താല്‍ സന്തുഷ്ടരാകും. അല്ലാഹു അവനുദ്ദേശിക്കുന്നവരെ സഹായിക്കുന്നു. അവന്‍ അതിശക്തനും കരുണാവാരിധിയുമാകുന്നു’ (വി.ഖു. 30: 4-5).

ഇപ്രകാരം റോമ (റൂം) എന്ന പേരിലുള്ള ഈ അധ്യായത്തിന്‍െറ തുടക്കത്തില്‍ അല്ലാഹു നടത്തിയ രണ്ടു പ്രവചനങ്ങളും (പത്തുവര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തുമെന്നതും സത്യവിശ്വാസികള്‍ ബഹുദൈവ വിശ്വാസികളെ പരാജയപ്പെടുത്തും എന്നുമുള്ള പ്രവചനങ്ങള്‍) അക്ഷരംപ്രതി പുലര്‍ന്നു. അതിനെ തുടര്‍ന്ന് ജൂതന്മാരും ക്രിസ്ത്യാനികളുമടക്കം ധാരാളം പേര്‍ ഇസ്ലാം സ്വീകരിച്ചു. പ്രവചനം പുലരുംമുമ്പേ ഉബയ്യുബ്നു ഖലഫ് മരണപ്പെട്ടിരുന്നു. എന്നാലും അദ്ദേഹത്തിന്‍െറ അനന്തരാവകാശികള്‍ പരാജയം സമ്മതിച്ച് പന്തയത്തുകയായ 100 ഒട്ടകങ്ങള്‍ അബൂബക്കറിന് സമ്മാനിച്ചു. നബിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം ഈ ഒട്ടകങ്ങള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്തു.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....