Saturday, August 27, 2022

മുഅ്ജിസത്തുകൾ പ്രവാചകത്വത്തിന്റെ തെളിവുകൾ

 


മുഅ്ജിസത്തുകൾ പ്രവാചകത്വത്തിന്റെ തെളിവുകൾ




അല്ലാഹുവിന്റെയും അവന്റെ അടിമകളുടെയും ഇടയിലുള്ള മധ്യവർത്തികളാണ് പ്രവാചകന്മാർ. ഇലാഹീ നിയമമായ ശരീഅത്ത് അടിമകൾക്ക് എത്തിച്ചുകൊടുക്കാനാണ് അല്ലാഹു അവരെ നിയോഗിക്കുന്നത്. സത്യസന്ധമായി പ്രവാചകത്വം അവകാശപ്പെട്ടവർക്ക് പുറമെ വ്യാജമായി അവകാശവാദം ഉന്നയിച്ചവരും ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. പ്രവാചകത്വത്തിലുള്ള വ്യാജന്മാരുടെ സാധ്യതയും ആളുകൾക്ക് പ്രവാചകത്വം സത്യസന്ധമായി ബോധ്യപ്പെടലുമൊക്കെയാണ് സത്യപ്രവാചകന്മാർക്ക് തെളിവുകൾ ആവശ്യമാക്കിയത്. യഥാർഥ പ്രവാചകന്മാർ ഏക ഇലാഹിനാൽ നിയോഗിതരായതുകൊണ്ട് തന്നെ അവരുടെ സത്യസന്ധതക്കുള്ള തെളിവും അവനിൽ നിന്ന് തന്നെ ഉണ്ടാകുന്നു.

പ്രവാചകത്വ ലബ്ധിക്ക് ശേഷം അത് ജനമധ്യത്തിൽ വിളംബരം ചെയ്യുന്നതോടുകൂടിയാണ് മുഅ്ജിസത്തുകൾ ആവശ്യമാകുന്നത്. പ്രവാചകന്മാരല്ലാത്തവർക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സത്യപ്രവാചകത്വത്തിന്റെ തെളിവുകളാകുന്ന മുഅ്ജിസത്തുകൾ. മനുഷ്യന്റെ സ്രഷ്ടാവ് തന്നെയാണ് അവന്റെ പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നത്. ഇതര ജീവജാലങ്ങളെയും സൃഷ്ടിച്ച അല്ലാഹുതന്നെയാണ് അവയുടെ പ്രവർത്തനങ്ങളുടേയും സ്രഷ്ടാവ്. സാധാരണം, അസാധാരണം എന്ന വ്യത്യാസമില്ലാതെ അവ മുഴുവനും സൃഷ്ടിക്കുന്ന അല്ലാഹു തന്നെയാണ് പ്രവാചകന്മാരുടെ മുഅ്ജിസത്തുകളും സൃഷ്ടിക്കുന്നത്. അഥവാ സത്യപ്രവാചകന്മാരെ പ്രവാചകത്വ പദവിക്ക് അനുകൂലമായ അമാനുഷിക സംഭവങ്ങൾ നൽകി അല്ലാഹു പിന്തുണക്കുന്നു. വ്യാജന്മാരെ അവരുടെ അവകാശവാദത്തിന് വിപരീത സംഭവങ്ങൾ പ്രകടമാക്കി ബോധ്യപ്പെടുത്തുന്നു.

മുഅ്ജിസത്തുകൾ പ്രവാചകത്വത്തിന്റെ തെളിവുകൾ എന്നതിനപ്പുറം ഏത് അമാനുഷിക സംഭവവും ദൈവികതക്ക് തെളിവായി തെറ്റിദ്ധരിച്ചവരുണ്ട്. ആത്മീയ വഴിയിൽ അത്ഭുതങ്ങൾ പ്രകടിപ്പിക്കുന്നവരെയൊക്കെ ദൈവമായി സങ്കൽപിക്കുമ്പോഴാണ് ആൾദൈവങ്ങൾ പിറവിയെടുക്കുന്നത്. മുഅ്ജിസത്തുകൾക്ക് പുറമെ കറാമത്ത്, മഊനത്ത്, ഇസ്തിദ്‌റാജ്, ഇഹാനത്ത് എന്നീ ഇനങ്ങളും സിഹ്ർ (മാരണം), ശഅ്‌വദത്ത് (മാജിക്) എന്നിവയും ചിലപ്പോൾ അത്ഭുത സംഭവങ്ങളുടെ പട്ടികയിൽ പെടുത്താവുന്നവയാണ്.

അനിതര സാധാരണമായി ആരാധനാ കർമങ്ങളിൽ മുഴുകിയത് നിമിത്തം അല്ലാഹു വിലായത്ത് പദവി നൽകിയവർക്ക് അവൻ തന്നെ നൽകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത്. വിലായത്ത് പദവി ലഭിച്ചില്ലെങ്കിലും അചഞ്ചലമായ വിശ്വാസമുള്ളവർക്ക് ചില നിമിത്തങ്ങളെ അടിസ്ഥാനപ്പെടുത്തി അല്ലാഹു നൽകുന്ന അസാധാരണ സംഭവങ്ങളാണ് മഊനത്ത്. പരീക്ഷണാർഥം ദുർനടപ്പുകാരിൽ അല്ലാഹു പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ ഇസ്തിദ്‌റാജ് എന്നും കള്ളപ്രവാചകന്മാരുടെ അവകാശവാദത്തിന് വിപരീതമായി അല്ലാഹു പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ ഇഹാനത്ത് എന്നും വിളിക്കപ്പെടുന്നു. മാരണവും മാജിക്കും ബാഹ്യത്തിൽ സാധാരണമല്ലെങ്കിലും അവ രണ്ടും കാര്യകാരണബന്ധങ്ങൾക്ക് അധീനമായതിനാൽ സാമർഥ്യത്തിനനുസരിച്ച് ആർക്കും ആർജിച്ചെടുക്കാവുന്ന വിജ്ഞാനങ്ങളാണ്. മറ്റ് അഞ്ച് ഇനങ്ങളിൽ നിന്നും ഇവ രണ്ടും പല നിലക്കും വ്യത്യസ്തവുമാണ്. ഈ ഇനങ്ങൾ ഓരോന്നും കൃത്യമായും വ്യക്തമായും വേർതിരിച്ച് ഗ്രഹിക്കാതിരിക്കുമ്പോഴാണ് സത്യസന്ധരെയും വ്യാജന്മാരെയും തിരിച്ചറിയാൻ കഴിയാതാവുക. ആൾദൈവങ്ങൾക്കും കള്ളപ്രവാചകന്മാർക്കും പുറമെ വ്യാജശൈഖുമാരും മഹത്ത്വവൽക്കരിക്കപ്പെടുന്നത് ഇതുകൊണ്ടാണ്.

പ്രവാചകത്വം വിളംബരപ്പെടുത്തിയതിനെ തുടർന്നാണ് മുഅ്ജിസത്തുകൾ ഉണ്ടാകുന്നതെങ്കിലും ഇത്തരത്തിലുള്ള ഓരോ അസാധാരണ സംഭവവും പ്രകടമാക്കാൻ അതിന് മുന്നോടിയായി പ്രവാചകത്വം വാദിക്കേണ്ടതില്ല. ഒരിക്കൽ പ്രവാചകത്വം വിളംബരപ്പെടുത്തിയാൽ പിന്നീട് സംഭവിക്കുന്ന അസാധാരണ സംഭവങ്ങളെല്ലാം മുഅ്ജിസത്തുകളാണ്. സത്യാന്വേഷികളോ എതിരാളികളോ ആവശ്യപ്പെടണമെന്ന നിബന്ധനയുമില്ല. തത്തുല്യമായത് ചെയ്യാൻ ശത്രുക്കളെ വെല്ലുവിളിക്കേണ്ടതുമില്ല. എന്നാൽ പലപ്പോഴും ഇവയൊക്കെ ഉണ്ടാകാറുണ്ട്. സത്യനബിമാരുടെ പ്രവാചകലബ്ധിക്ക് മുമ്പ് അവരിൽ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളെ ഇർഹാസ്വാത്ത് എന്ന പേരിൽ മറ്റൊരു ഇനമായിട്ടാണ് ഗണിച്ചുവരുന്നത്.

ചന്ദ്രൻ പിളർന്നു, സൂര്യൻ അസ്തമയത്തിന് ശേഷം മടങ്ങിവന്നു, കൈവിരലുകൾക്കിടയിലൂടെ ശുദ്ധജലം ഉറവപൊട്ടി, കുറഞ്ഞ ഭക്ഷണം അനേകർക്ക് കഴിക്കാൻ തക്ക വിധം വർധിച്ചു, വൃക്ഷവും കല്ലും സംസാരിച്ചു, വൃക്ഷവും കല്ലും മിണ്ടാപ്രാണികളായ ജീവികളും തിരുനബി(സ്വ)യുടെ പ്രവാചകത്വത്തിന് സാക്ഷി നിന്നു, കരസ്പർശംകൊണ്ടും ഉമിനീർ പുരട്ടിയും രോഗം ശമിപ്പിച്ചു, പ്രാർഥന ഫലവത്തായി, സ്പർശനം നിമിത്തം തകരാറുകൾ ഇല്ലാതെയായി, അദൃശ്യ കാര്യങ്ങളെ കുറിച്ചുള്ള വിവരണവും പ്രവചനവും ഇങ്ങനെ തിരുനബി(സ്വ)ക്കുണ്ടായ മുഅ്ജിസത്തുകൾ പത്ത് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം.

വലീദുബ്‌നു മുഗീറ, അബൂജഹ്ൽ, ആസ്വുബ്‌നു വാഇൽ, ആസ്വുബ്‌നു ഹിശാം, അസദുബ്‌നു അബ്ദു യഗൂസ്, അസ്‌വദുബ്‌നുൽ മുത്വലിബ്, സംഅത്ത് ബ്‌നുൽ അസ്‌വദ്, നള്‌റുബ്‌നുൽ ഹാരിസ് തുടങ്ങിയ ശത്രുപക്ഷത്തുള്ള പ്രഗത്ഭർ നബി(സ്വ)യെ സമീപിച്ച്, താങ്കളുടെ പ്രവാചകത്വ വാദം സത്യമാണെങ്കിൽ ചന്ദ്രനെ രണ്ട് പിളർപ്പാക്കി ഒരു ഭാഗം അബൂഖുബൈസ് പർവതത്തിന്റെയും രണ്ടാം ഭാഗം ഖുഅയ്ഖിആൻ പർവതത്തിന്റെയും മുകളിലായി ഞങ്ങൾക്ക് കാണിച്ചുതരണമെന്നാവശ്യപ്പെട്ടു. പ്രസ്തുത ദൃഷ്ടാന്തം ദർശിച്ച് തിരുനബി(സ്വ)യുടെ പ്രവാചത്വം അംഗീകരിക്കുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം. പ്രത്യുത, റസൂൽ(സ്വ)യെ പരാജയപ്പെടുത്തലായിരുന്നു. സത്യപ്രവാചകനാണെങ്കിൽ പോലും ചന്ദ്രനെ പിളർത്തി കാണിക്കാൻ കഴിയുകയില്ലെന്നായിരുന്നു അവരുടെ ധാരണ. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. സൂര്യ-ചന്ദ്രന്മാരടക്കമുള്ള വാനവസ്തുക്കളുടെയൊക്കെ സ്രഷ്ടാവും നിയന്ത്രകനുമായ അല്ലാഹുവിന് ചന്ദ്രനെ പിളർത്തി കാണിക്കുക എന്നത് ആശ്ചര്യകരമോ പ്രയാസകരമോ അല്ലല്ലോ. അല്ലാഹു ചന്ദ്രനെ പിളർത്തി. ഇരുപർവതങ്ങൾക്ക് മുകളിലായി കാണിച്ചുകൊടുത്തു. ശത്രുക്കൾ പരാജയപ്പെട്ടു. ഒരിക്കൽകൂടി സത്യസന്ധത തെളിയിച്ച തിരുനബി(സ്വ)ക്ക് മുമ്പിൽ അവർ ഇളിഭ്യരായി.

വിശുദ്ധ ഖുർആൻ ഈ സംഭവവും അതിനെ തുടർന്നുണ്ടായ ശത്രുക്കളുടെ നിലപാടും വിശദീകരിക്കുന്നു: ‘ചന്ദ്രൻ പിളർന്നു. അവർ ഏതൊരു ദൃഷ്ടാന്തം ദർശിച്ചാലും അതിനെ പാടെ അവഗണിക്കുകയും തുടർന്നും നിലനിൽക്കുന്ന മാരണമെന്ന് വിശേഷിപ്പിക്കുകയും ചെയ്യും. അവർ വിശ്വസിക്കുകയില്ല. അവർ അവരുടെ ഇച്ഛകൾക്ക് കീഴടങ്ങുകയാണ് ചെയ്തത്’ (54: 1-3).

ചന്ദ്രനെ പിളർത്തിക്കാണിച്ചാൽ നിങ്ങൾ സത്യമതം സ്വീകരിക്കുമോ എന്ന് തന്നെ സമീപിച്ച ശത്രുക്കളോട് തിരുനബി(സ്വ) ചോദിച്ചിരുന്നു. സ്വീകരിക്കാമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തു. ചന്ദ്രനെ പിളർത്തിയ ശേഷം തിരുനബി(സ്വ) തന്റെ കൂടെയുണ്ടായിരുന്ന മുസ്‌ലിംകളോടും മറ്റും സംഭവത്തിന്റെ സാക്ഷികളാകാൻ ആവശ്യപ്പെടുകയുണ്ടായി. ചന്ദ്രൻ പൂർണമായി ഉദിക്കുന്ന പതിനാലാം രാവിലായിരുന്നു പ്രസ്തുത മുഅ്ജിസത്ത്. തന്നിമിത്തം ലോകം മുഴുവൻ അത് ദൃശ്യമായി.

മുഹമ്മദ് മാരണം ചെയ്തതാണെന്ന് പറഞ്ഞ് ശത്രുക്കൾ ജാള്യം മറക്കാൻ ശ്രമിച്ചപ്പോൾ അവരിൽ നിന്ന് തന്നെ ഒരാൾ പറഞ്ഞു: ലോകത്താകമാനമുള്ള ജനങ്ങളെ മാരണത്തിലൂടെ കീഴ്‌പ്പെടുത്തി ചന്ദ്രൻ പിളർന്നതായി തോന്നിപ്പിക്കാൻ കഴിയില്ല. അതിനാൽ സത്യാവസ്ഥയറിയാൻ വിദൂര ദിക്കുകളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരോട് ഇതിനെ കുറിച്ച് അന്വേഷിക്കാം. അങ്ങനെ അനേ്വഷിച്ചപ്പോൾ അവരുടെ നാടുകളിലെല്ലാം ചന്ദ്രൻ പിളർന്നത് ദൃശ്യമായിട്ടുണ്ടെന്നായിരുന്നു മറുപടി. അപ്പോൾ അബൂജഹ്ൽ പറഞ്ഞു: ‘എങ്കിൽ ഇത് തുടർന്നും നിലനിൽക്കുന്ന അപൂർവ ഇനം മാരണമാണ്.’ എന്നാൽ ഇതുകൊണ്ടൊന്നും സത്യപ്രവാചകനെയും പ്രസ്ഥാനത്തെയും പരാജയപ്പെടുത്താൻ ശത്രുക്കൾക്ക് സാധിച്ചില്ല.

കേരളത്തിലെ ഇസ്‌ലാമിക വ്യാപനത്തിന് പിന്നിൽ ചന്ദ്രൻ പിളർന്ന മുഅ്ജിസത്തിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ചേരമാൻ രാജകുടുംബ ചരിത്രമെഴുതിയ അമുസ്‌ലിം ചരിത്രകാരന്മാരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മതിയായ ചരിത്രരേഖകൾ അവർക്ക് അവലംബമായിട്ടുണ്ട്.

എന്നാൽ ശാസ്ത്ര ഗവേഷകർ ചന്ദ്രൻ പിളർന്ന സംഭവം അംഗീകരിക്കുന്നില്ല. അവരുടെ പഠനങ്ങളിൽ കണ്ടെത്തിയില്ല എന്നത് പക്ഷേ ഈ മുഅ്ജിസത്തിന്റെ വിശ്വാസ്യതക്ക് ഭംഗം വരുത്തുന്നില്ല. ഇതിന് കാരണങ്ങൾ പലതാണ്. ഖുർആൻ ഒഴികെ തിരുദൂതരിൽ നിന്ന് പ്രകടമായ എല്ലാ മുഅ്ജിസത്തുകളും അത് നടക്കുന്ന സമയത്ത് സന്നിഹിതരായവർക്ക് ദർശിക്കുക എന്ന ലക്ഷ്യത്തിലുള്ളതാണ്. പിൽക്കാലക്കാർക്ക് അതിന്റെ തെളിവുകൾ സ്പഷ്ടമായും കൃത്യമായും അല്ലാഹു നിലനിർത്തണമെന്നില്ല. ശാസ്ത്രമാത്ര വാദികൾ പൊതുവെ ഇസ്‌ലാമിനെ ഇകഴ്ത്താനും തള്ളിപ്പറയാനും ശ്രമിക്കുന്നവരാണ്. സത്യം ബോധ്യപ്പെട്ടാലും അത് മറച്ചുവെക്കുകയെന്ന ശത്രുക്കളുടെ ശൈലി അവരിൽ പലർക്കുമുണ്ട്. ഗവേഷണങ്ങൾ വഴി പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് നടക്കുമ്പോൾ അതിന് മുമ്പ് അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുകയല്ല; ശാസ്ത്രം കണ്ടെത്തിയില്ലെന്ന് മനസ്സിലാക്കുകയേ നിർവാഹമുള്ളൂ, ശാസ്ത്രം കണ്ടെത്തിയേ പറ്റൂ എന്നില്ലെന്ന് സാരം.

ഖുർആൻ, തിരുനബി(സ്വ), നിവേദന പരമ്പരയിലെ വ്യക്തികൾ എന്നിവയുടെ സത്യസന്ധതയാണ് ചന്ദ്രൻ പിളർന്നതടക്കമുള്ള മുഅ്ജിസത്തുകളുടെ അവലംബവും അടിസ്ഥാനവും. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതാണ് അവയുടെ സത്യസന്ധത. അതിന്റെ അടിസ്ഥാനത്തിൽ മുഅ്ജിസത്തുകളെയും സത്യമതത്തെയും അംഗീകരിക്കാൻ ആർക്കും സാധിക്കും.

ബൗദ്ധികമായി സംഭവ്യമായ കാര്യങ്ങൾ സത്യപ്രവാചകന്മാരിൽ നിന്ന് വിശ്വസ്തരായ നിവേദന പരമ്പരയിലൂടെ സ്ഥിരപ്പെടുക എന്നതാണ് സൂര്യനുമായി ബന്ധപ്പെട്ടും മറ്റുമുള്ള മുഅ്ജിസത്ത് വിഷയത്തിലെ മാനദണ്ഡം. സൂര്യൻ ഏതാനും സമയം നിശ്ചലമാകുന്നത് ബുദ്ധിപരമായി സംഭവ്യമായ കാര്യമാണല്ലോ.

തിരുനബി(സ്വ)യുടെ അമാനുഷിക സംഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് വിരലുകൾക്കിടയിലൂടെയുള്ള ശുദ്ധജല പ്രവാഹം. തിരവധി തവണ ഈ മുഅ്ജിസത്ത് ഉണ്ടായിട്ടുണ്ട്. ശത്രുക്കളുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടായിരുന്നല്ലോ ചന്ദ്രൻ പിളർന്നു മാറിയ സംഭവമുണ്ടായത്. ശത്രുക്കളോടുള്ള ഒരു പ്രവചനം കൃത്യസമയത്ത് തന്നെ പുലരുന്നതിന് വേണ്ടി സൂര്യാസ്തമയം വൈകുകയും ചെയ്തു. തിരുനബി(സ്വ)ക്കും സ്വഹാബത്തിനും കുടിക്കാനും വുളൂഅ് ചെയ്യാനും മറ്റാവശ്യങ്ങൾക്കും വെള്ളമില്ലാതെ വിഷമിച്ച സന്ദർഭങ്ങളിലായിരുന്നു പുണ്യവിരലുകൾക്കിടയിലൂടെ ശുദ്ധജലം പ്രവഹിച്ചത്. യാത്രാവേളകളിലായിരുന്നു ആ സംഭവങ്ങൾ. അവരുടെ പക്കൽ ലഭ്യമായ ഏതാനും തുള്ളികൾ മാത്രമോ കൈ മുങ്ങാൻ മാത്രമില്ലാത്തതോ ആയ വെള്ളത്തിൽ തിരുനബി(സ്വ)യുടെ തൃക്കരം വെക്കുമ്പോൾ വിരലുകൾക്കിടയിലൂടെ ജലപ്രവാഹമുണ്ടാവുകയായിരുന്നു. തൃക്കരങ്ങളുടെ ബറകത്ത് നിമിത്തം പാത്രത്തിലുള്ള കുറഞ്ഞവെള്ളം വർധിക്കുകയാണ് ചെയ്തത്. തൃക്കരങ്ങളുടെ ബറകത്തുകൊണ്ട് ജലം വർധിക്കുക എന്ന രീതിയാണ് നബി(സ്വ) സ്വീകരിച്ചത്. അൽപവും വെള്ളമില്ലാതെ ശൂന്യതയിൽ നിന്ന് ജലം പ്രത്യക്ഷപ്പെടുത്താൻ പ്രവാചകന്മാർക്ക് മുഅ്ജിസത്തിന്റെ ഭാഗമായി സാധ്യമായിരുന്നിട്ടും തിരുദൂതർ അങ്ങനെ ചെയ്തില്ല. പൂർണമായ ഇല്ലായ്മയിൽ നിന്ന് ജലം പ്രത്യക്ഷപ്പെട്ടാൽ നബി(സ്വ)യെ പ്രസ്തുത ജലത്തിന്റെ സ്രഷ്ടാവായി ആരെങ്കിലും തെറ്റിദ്ധരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അങ്ങനെ ചെയ്യാതിരുന്നത്. തിരുനബി(സ്വ)യുടെ പ്രവർത്തനം സൃഷ്ടിപ്പായി വ്യാഖ്യാനിക്കപ്പെട്ടാൽ അതിന്റെ പേരിൽ അവിടത്തെ ആരാധ്യനാക്കാനുള്ള സാധ്യതയുണ്ട്. ഇത് വലിയ അപകടമാണ്. അൽപവും വെള്ളമില്ലാതിരുന്ന ‘ജൈശുൽ ഉസ്‌റത്ത്’ സന്ദർഭത്തിൽ തിരുനബി(സ്വ) ദുആ ഇരന്ന് മഴ വർഷിപ്പിച്ചതിന്റെ രഹസ്യവും ഇതാണ്. അല്ലാഹുവിലും പ്രവാചകന്മാരിലും ദീനിലുമുള്ള വിശ്വാസം വർധിക്കുക പോലുള്ള കാര്യങ്ങൾക്കായി ശത്രുക്കൾക്കും സത്യാന്വേഷികൾക്കും വേണ്ടിയല്ലാതെയും അമാനുഷിക സംഭവങ്ങൾ പ്രകടമാകാറുണ്ട്.

ജാബിർ(റ) പറഞ്ഞു: ദൃഷ്ടാന്തങ്ങൾ അഥവാ മുഅ്ജിസത്തുകൾ അനുഗ്രഹമായിട്ടാണ് ഞങ്ങൾ കണ്ടിരുന്നത്. ഒരിക്കൽ ഞങ്ങൾ തിരുനബി(സ്വ)യോടൊന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ആ സന്ദർഭത്തിൽ ഭക്ഷണം അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു. തിരുനബി(സ്വ) ആവശ്യപ്പട്ടതനുസരിച്ച് ഒരു ചെറിയ പാത്രത്തിൽ അൽപം വെള്ളം കൊണ്ടുവന്നു. പതിവുപോലെ തന്റെ തൃക്കരം വെള്ളത്തിൽ മുക്കി. കൈവിരലുകൾക്കിടയിലൂടെ ജലം പ്രവഹിച്ചു. വുളൂഅ് ചെയ്യാനുള്ള അനുഗൃഹീത ജലത്തിലേക്ക് വരൂ എന്ന് നബി(സ്വ) വിളിച്ചുപറഞ്ഞു. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമാണ് അതെന്ന് അവിടന്ന് ഉണർത്തുകയുണ്ടായി. അവിടെയുണ്ടായിരുന്ന ഞങ്ങളെല്ലാവരും ആ വെള്ളത്തിൽ നിന്ന് വുളൂഅ് ചെയ്തു (സ്വഹീഹുൽ ബുഖാരി). ഇങ്ങനെ അനവധിയായ മുഅ്ജിസത്തുകൾ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടതാണ് തിരുനബി(സ്വ)യുടെ പ്രവാചകത്വം.


ഡോ. അബ്ദുൽ ഹകീം സഅദി



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....