Wednesday, November 18, 2020

ഇസ്ലാം.പ്രവാചക വഹ്‌യും വിമർശകരുടെ ചിത്തഭ്രമവും

 


*

പ്രവാചക വഹ്‌യും വിമർശകരുടെ ചിത്തഭ്രമവും

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

മുഹമ്മദ് നബിക്ക് ഖുർആൻ ലഭിച്ചു എന്ന് മുസ്‌ലിംകൾ വാദിക്കുന്നു. അത് എങ്ങനെ തെളിയിക്കാനാണ്?

മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു അവതരിപ്പിച്ച വെളിപാട് (വഹ്‌യ്) ആണ് ഖുർആൻ. അങ്ങനെ അവതരിപ്പിച്ചു എന്ന് നബി അവകാശപ്പെട്ടതോടെയാണ് സമൂഹം അറിയുന്നത്. വ്യക്തമായ പ്രമാണങ്ങൾ വഴി തെളിയിക്കപ്പെട്ട കാര്യമാണിത്.
ആദ്യമായി വഹ്‌യ് അവതരിച്ച സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ: ‘ആഇശ(റ) പറയുന്നു: നബി(സ്വ)ക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തിൽ ദൃശ്യമാകുന്ന നല്ല സ്വപ്നങ്ങളായിരുന്നു. അവിടന്ന് കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായി. അങ്ങനെ ഏതാനും രാത്രികൾ ഹിറാ ഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികളിലേക്കുള്ള ആഹാരപദാർത്ഥങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രികൾ ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഭാര്യ ഖദീജ(റ)യുടെ അടുക്കലേക്ക് തിരിച്ച് വരും. വീണ്ടും ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയിൽ വെച്ച് തിരുനബിക്ക് സത്യം വന്നു കിട്ടുന്നത് വരെ ഈ നില തുടർന്നുപോന്നു. അങ്ങനെ മലക്ക് തിരുമേനി(സ്വ)യുടെ മുമ്പിൽ പ്രത്യക്ഷ്യപ്പെട്ട് വായിക്കുക എന്നു പറഞ്ഞു. നബി(സ്വ) പ്രതിവചിച്ചു: ‘എനിക്ക് വായിക്കാനറിയില്ല’. അപ്പോൾ മലക്ക് എന്നെ പിടിച്ച് ശക്തമായി ആശ്ശേഷിച്ചു. എനിക്ക് വളരെ വിഷമമനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ടു. വായിക്കുക എന്ന് വീണ്ടും കൽപ്പിച്ചു. വായിക്കാനറിയില്ലെന്ന് ഞാൻ അപ്പോഴും മറുപടി നൽകി. മലക്ക് എന്നെ പിടിച്ച് പഴയ പോലെ ശക്തമായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് വിട്ട ശേഷം വായിക്കുക എന്ന് വീണ്ടും പറഞ്ഞു. എനിക്ക് വായന അറിയില്ലെന്ന് പിന്നെയും ഞാൻ പറഞ്ഞപ്പോൾ മൂന്നാമതും എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു. പിന്നെ എന്നെ വിട്ടിട്ട് പറഞ്ഞു: സ്രഷ്ടാവായ രക്ഷിതാവിന്റെ നാമത്തിൽ താങ്കൾ വായിക്കുക. മനുഷ്യനെ അവൻ ‘അലഖി’ൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, അങ്ങയുടെ രക്ഷിതാവ് അത്യുദാരനത്രെ. ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി(സ്വ) മടങ്ങി. ഖുവൈലിദിന്റെ മകൾ ഖദീജയുടെ അടുക്കൽ ചെന്ന് ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കു’ എന്ന് അഭ്യർത്ഥിച്ചു. അവർ പുതച്ചു കൊടുത്തു. ഭയം നിശ്ശേഷം നീങ്ങിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അവിടന്ന് മഹതിയോട് പറഞ്ഞു. അപ്പോൾ ഖദീജ(റ) പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണ് സത്യം. അവൻ അങ്ങയെ ഒരിക്കലും കൈവെടിയില്ല, അങ്ങ് കുടുംബ ബന്ധം പുലർത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികൾക്ക് സ്വയം അധ്യാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിപൽഘട്ടങ്ങളിൽ സഹായം നൽകുന്നു.’
പിന്നീട് തിരുനബി(സ്വ)യെ കൂട്ടി ഖദീജ(റ) തന്റെ പിതൃവ്യപുത്രനായ വറഖതുബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദിൽ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത് ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയാവുകയും ഹിബ്രു ഭാഷയിൽ എഴുതാൻ പഠിക്കുകയും ചെയ്തയാളാണ്. തന്നിമിത്തം അദ്ദേഹം സുവിശേഷത്തിൽ നിന്ന് ചില ഭാഗങ്ങൾ ഹീബ്രുവിൽ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കാഴ്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ(റ) പറഞ്ഞു: ‘പിതൃവ്യപുത്രാ! താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങൾ ഒന്ന് ശ്രദ്ധിക്കുക’. വറഖത് ചോദിച്ചു: ‘എന്റെ സഹോദരപുത്രാ, നീ എന്താണ് ദർശിച്ചത്?’ കണ്ടതെല്ലാം തിരുനബി(സ്വ) വറഖതിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മയുടെ സന്ദേശവാഹകനാണ്. അങ്ങ് പ്രബോധനം ചെയ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! അങ്ങയെ സ്വജനത സ്വദേശത്ത് നിന്ന് പുറത്താക്കുന്ന ഘട്ടത്തിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ! റസൂൽ(സ്വ) ചോദിച്ചു: ‘അവർ എന്നെ പുറത്താക്കുകയോ?’ വറഖത് പറഞ്ഞു. ‘താങ്കൾ കൊണ്ടുവന്നത് പോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതക്ക് വിധേയനാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്ന ദിവസം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ശക്തമായ സഹായം താങ്കൾക്ക് നൽകുമായിരുന്നു.’ പക്ഷേ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത് മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം കുറച്ച് കാലത്തേക്ക് നിലക്കുകയും ചെയ്തു’ (സ്വഹീഹുൽ ബുഖാരി).

ഈ കഥയിൽ കുറെ സംശയങ്ങളുണ്ട്. ഒന്നാമതായി, ഒരു ഇസ്‌ലാമിക പുസ്തകത്തിൽ പറഞ്ഞു എന്നതിനപ്പുറം ഇതിന് ചരിത്രപരമായ വല്ല രേഖയുമുണ്ടോ?

ചരിത്രമാണ് പറഞ്ഞത്. ഹി. 194 (എഡി 810) ശവ്വാൽ 13 (ജൂലൈ 20) വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉസ്ബകിസ്ഥാനിലെ ബുഖാറയിൽ ജനിച്ച വിശ്വപ്രസിദ്ധ പണ്ഡിതനാണ് അബൂഅബ്ദില്ല എന്ന് വിളിക്കപ്പെട്ട മുഹമ്മദ് ബിൻ ഇസ്മാഈൽ എന്ന ഇമാം ബുഖാരി(റ). അദ്ദേഹത്തിനോട് ഈ സംഭവം പറഞ്ഞത് യഹ്‌യയാണ്. അദ്ദേഹത്തോട് ലൈസ്. അദ്ദേഹത്തോട് ഉഖൈൽ. അദ്ദേഹത്തോട് ഇബ്‌നു ശിഹാബ്. അദ്ദേഹത്തോട് ഉർവ. അദ്ദേഹത്തോട് പ്രവാചക ഭാര്യ ആഇശ(റ).
ഈ കണ്ണികളിൽ എല്ലാവരുടെ ചരിത്രവും ലഭ്യമാണ്. എവിടെ ജനിച്ചു? കുടുംബമേത്? പഠനം? ജീവിതരീതി? എല്ലാവരുടെയും സത്യസന്ധത ഹദീസ് നിദാന ശാസ്ത്രത്തിന്റെ കർക്കശമായ ഉരക്കല്ലുകളുടെ ബലത്തിൽ സ്ഥിരീകരിക്കപ്പെട്ടതാണ്.
എഡി 810-ൽ (ഉദാഹരണം) ജീവിച്ച ഏതെങ്കിച്ചുമൊരു ചരിത്രകാരൻ തനിക്ക് 200 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇത്ര കൃത്യതയോടെ റിപ്പോർട്ട് ചെയ്ത ഒരു പൊതു ചരിത്രം കണിക്കാമോ?
മുമ്പ് എഴുതിയ ഒരാളെ കോപ്പിയടിക്കുക, നിഗമനങ്ങൾ നടത്തി എഴുതുക, ഇന്റർവ്യൂ നടത്തുക എന്നിവയാണ് സാധാരണ ചെയ്യുന്ന മാർഗങ്ങൾ. ഇന്റർവ്യൂവിലെ ആളുകളുടെ ഒരു ചരിത്രവും ഉണ്ടാവില്ല; കോപ്പിയടിയിലും നിഗമനങ്ങളിലും തെറ്റാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചരിത്രകാരന്റെ വീക്ഷണങ്ങൾ വേറെയും. ഇന്നലെ നടന്ന സംഭവം രണ്ട് ജേണലിസ്റ്റുകൾ തികച്ചും വ്യത്യസ്തമായ രണ്ട് രീതിയിലാണ് ഉദ്ധരിക്കുന്നത്. അവരിൽ പലരും സംഭവത്തിന് ദൃക്‌സാക്ഷിയല്ല. ആണെങ്കിൽ ആരാണ് ആ ജേണലിസ്റ്റ് എന്ന് പോലും പലപ്പോഴും നാം അറിയുന്നില്ല. അറിഞ്ഞാൽ തന്നെ അയാളുടെ താൽപര്യങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ല. നുണ ഫാക്ടറികളായ ഭൗതിക നേതാക്കളും രാഷ്ട്രീയ പ്രേരിതമായ പത്രപ്രവർത്തനവും നാടുവാഴുന്ന കാലത്ത് അതൊക്കെ കൂടുതൽ വിശദീകരിക്കേണ്ടതുണ്ടോ? അത്തരം വാർത്തകളും മറ്റുമാണ് നാളെയുടെ ചരിത്രകാരന്മാരുടെ വിശുദ്ധ തെളിവുകൾ.
ഇവിടെയാണ് സ്വഹീഹായ ഹദീസുകൾ വേറിട്ട് നിൽക്കുന്നത്. അത് ഇസ്‌ലാമിക വിശ്വാസ കർമങ്ങളുടെ പ്രമാണങ്ങൾ മാത്രമല്ല, നാലഞ്ച് തലമുറകളുടെ സത്യസന്ധമായ ചരിത്രം കൂടിയാണ്. അതുകൊണ്ടാണ് 200 കൊല്ലത്തിനു ശേഷമുള്ള ഒരാൾ നമ്മോട് പറയുമ്പോഴും ആ കാലഘട്ടത്തിൽ തന്നെയുള്ള ഒരാളുടെ സത്യസന്ധമായ ചരിത്ര വിവരണമായി അത് നമുക്കനുഭവപ്പെടുന്നത്.

ശരി. ആഇശയാണല്ലോ ഈ സംഭവം ഉദ്ധരിക്കുന്നത്. അവർ ഇതിന് ദൃക്‌സാക്ഷിയാണോ? അന്ന് അവർ കൊച്ചു കുഞ്ഞായിരുന്നില്ലേ?

മുഹമ്മദ് നബി(സ്വ)യുടെ പത്‌നിയല്ലേ ആഇശ(റ). ഭർത്താവിന്റെ അനുഭവം ഭാര്യ പറയുമ്പോൾ അത് ഭർത്താവ് പറഞ്ഞുകൊടുത്തിട്ടാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണോ?

ശരി. എന്നാൽ വെളിപാടിന് സാക്ഷികളുണ്ടോ? തനിക്ക് വെളിപാടുകൾ(വഹ്‌യ്) കിട്ടി എന്ന് മുഹമ്മദ് നബി പറയുകയാണ്. അങ്ങനെ വെളിപാട് കിട്ടി എന്നതിന് സാക്ഷികൾ ആരെങ്കിലുമുണ്ടോ?

മുഹമ്മദ് നബി പറഞ്ഞു എന്നല്ലാതെ അതിനു വേറെ തെളിവുകൾ ഒന്നുമില്ല എന്നാണ് ചോദ്യത്തിന്റെ സത്ത. മലക്ക് വന്നു ഞാൻ ജിബ്‌രീലാണ് എന്ന് പറയുകയായിരുന്നോ എന്ന് പരിഹാസച്ചുവയോടെ ചോദിക്കുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ വെളിപാടിന് ഒരു സാക്ഷിയെ കൊണ്ടെന്താണ് കാര്യം? സാക്ഷിക്ക് താൻ കാണുന്നത് വെളിപാട് അവതരണമാണെന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? വെളിപാട് സ്വയം ഒരു തെളിവാണെന്നല്ല വിശ്വാസികൾ പറയുന്നത്. അങ്ങനെ ആണെങ്കിൽ മാത്രമേ ആ തെളിവിന് സാക്ഷികളുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നുള്ളൂ. വഹ്‌യ് ലഭിക്കുന്നു എന്നത് ഒരു വാദമാണ്. അതിന് വേറെ തന്നെ തെളിവ് വേണം. ആ തെളിവിന് സാക്ഷിയും വേണം. തെളിവ് തെളിവായി ആളുകൾക്ക് ബോധ്യപ്പെടുകയും വേണം. അത് ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനം. അത് ഉണ്ടായിട്ടുണ്ടെങ്കിൽ തനിക്ക് വെളിപാട് ലഭിക്കുന്നു എന്ന വാദം സ്ഥിരപ്പെട്ടു. തന്റെയടുക്കൽ ദൈവദൂതൻ വന്നു ഇങ്ങനെ പറഞ്ഞു എന്ന് മുഹമ്മദ് നബി വാദിക്കുമ്പോൾ പ്രേക്ഷകർ സ്വാഭാവികമായും അതിന് തെളിവ് ചോദിക്കും. അപ്പോൾ അതിന്റെ തെളിവ് കൊടുക്കേണ്ട ബാധ്യത വാദിക്കാണ്. അത് നിർവഹിച്ചിട്ടുണ്ടോ എന്നതാണ് പ്രശ്‌നത്തിന്റെ കാതലായ വശം. വഹ്‌യ് അവതരിക്കുന്നത് എപ്പോഴും കാണാൻ സാധിച്ചുകൊള്ളണമെന്നില്ല. അതീന്ദ്രിയമായ ലോകത്തുനിന്ന് ഇന്ദ്രിയ ലോകത്തേക്കുള്ള ഒരു സന്ദേശ പ്രവാഹമാണല്ലോ അത്. അതുകൊണ്ടുതന്നെ ഭൗതിക ലോകത്തുള്ളവർക്കെല്ലാം അത് അനുഭവിക്കാൻ സാധിക്കുന്നില്ല എന്നത് അവരുടെ പോരായ്മയാണ് എന്നതാണ് ശരി.

അപ്പോൾ വഹ്‌യ് വാദത്തിന് സുശക്തമായ തെളിവുകളുണ്ട് എന്നാണ് നിങ്ങൾ വാദിക്കുന്നത്.

അതേ.

എങ്കിൽ നമുക്ക് അതിലേക്ക് വരാം. അതിന് മുമ്പ് അത്രതന്നെ പ്രധാനമല്ലെങ്കിലും ഒന്ന് ചോദിച്ചോട്ടെ. വഹ്‌യിന് ആർക്കും സാക്ഷിയാകാൻ കഴിയുകയില്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?

പല സന്ദർഭങ്ങളിലും വെളിപാടുകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ ജനങ്ങൾ അതിന് സാക്ഷിയായിട്ടുണ്ട്. മാഇദ സൂറത് അവതരിച്ചത് ഒരു യാത്രയിലായിരുന്നു. അസ്മ ബിൻത് യസീദ് അതിന് സാക്ഷിയായിട്ടുണ്ട്. തിരുനബിയുടെ അള്ബാഅ ഒട്ടകത്തിന്റെ കയർ അവരായിരുന്നു പിടിച്ചിരുന്നത്. ഒട്ടകപ്പുറത്ത് ഇരിക്കുന്ന നബിക്ക് വഹ്‌യ് അവതരിച്ചപ്പോൾ പ്രവാചക ഭാരം കൊണ്ട് ഒട്ടകം പ്രയാസമനുഭവിച്ചു. അപ്പോൾ നബി(സ്വ) ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി. ഈ സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട്. ഇതിനർത്ഥം അവർ അതിന് സാക്ഷികളാണ് എന്നാണല്ലോ.

സൈദ് ബിൻ സാബിത്(റ) പറയുന്ന ഒരു അനുഭവം ഇങ്ങനെ: ധർമസമരത്തിന് പ്രേരിപ്പിക്കുന്ന സൂക്തം അവതരിച്ചപ്പോൾ അന്ധനായ അബ്ദുല്ല ബിൻ ഉമ്മു മക്തൂം(റ) തിരുനബി(സ്വ)യോട് തന്റെ സങ്കടം അറിയിച്ചു. ഉടൻ തിരുമേനിക്ക് വഹ്‌യ് അവതരിച്ചു. എന്റെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു അപ്പോൾ നബി തങ്ങൾ. അവിടത്തെ തലയുടെ ഭാരം കാരണമായി തന്റെ തുടയെല്ല് പൊട്ടിപ്പോകുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു. ശേഷം അവിടന്ന് പറഞ്ഞു: പ്രയാസമുള്ളവർക്ക് ഇളവുണ്ട്. 4: 95-ലെ ഈ ആശയം വരുന്ന ഭാഗം അങ്ങനെയാണ് അവതരിക്കുന്നത്.
ഒരിക്കൽ ഉമർ(റ) യഹ്‌യയോട് പറഞ്ഞു: നബിക്ക് വഹ്‌യ് അവതരിക്കുന്നത് കാണാൻ നിനക്ക് താൽപര്യമുണ്ടോ? അങ്ങനെ തിരുനബി(സ്വ)യുടെ മുഖത്തുണ്ടായിരുന്ന ഒരു തുണിക്കഷ്ണം നീക്കിത്തന്നു. അപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. ഒട്ടകത്തിന്റേത് പോലുള്ള ശബ്ദം കേൾക്കുന്നുമുണ്ട്. അപ്പോൾ പ്രവാചകർ ജിഅറാന എന്ന സ്ഥലത്തായിരുന്നു. ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ കാണാം.
വഹ്‌യ് ഇറങ്ങന്ന സന്ദർഭത്തിൽ തിരുനബിയിൽ ചില പ്രത്യേക അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ തേനീച്ചയുടെ ശബ്ദം പോലെയുള്ള മുഴക്കം കേൾക്കാം. ചിലപ്പോൾ അവിടുത്തെ ഭാരം വർധിക്കും. നെറ്റിത്തടം വിയർക്കും. കൂർക്കം വലിക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാകും. മണി മുഴങ്ങുന്നത് പോലെയുള്ള ശബ്ദം കേൾക്കും. നേരിട്ട് ജിബ്‌രീൽ(അ) വന്നു വഹ്‌യ് നൽകുന്ന സംഭവങ്ങളുമുണ്ട്. ഇതെല്ലാം ഹദീസ് ഗ്രന്ഥങ്ങളിലുള്ളതാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് എന്നർത്ഥം.

വഹ്‌യ് മാനസിക വിഭ്രാന്തിയാണോ?

വഹ്‌യിന്റെ കഥകൾ കേൾക്കുമ്പോൾ അതൊരു മാനസിക വിഭ്രാന്തിയാണെന്ന് തോന്നും. ചിലർ സ്‌കിസോഫ്രേനിയ ബാധിച്ചതാണെന്ന് പറഞ്ഞിട്ടുമുണ്ടല്ലോ.
ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്! എല്ലാ ആരോപണങ്ങൾക്കും വസ്തുനിഷ്ഠമായ മറുപടികളും വന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റ്, ക്രിസ്ത്യൻ ആരോപണങ്ങളെ ഉപജീവിച്ച് കേരളത്തിൽ എടമുറകാണ് ആദ്യമായി ഈ ആരോപണം ഉന്നയിക്കുന്നത്.
ഇസ്‌ലാമിനെ തകർക്കാൻ വേണ്ടി എത്ര വ്യാജമായ ആരോപണങ്ങളും ഇറക്കുമതി ചെയ്യും എന്നതിനും നിരീശ്വവാദികൾക്ക് തെളിവുകളോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിനും തെളിവാണ് ഇതൊക്കെ. സ്‌കിസോഫ്രേനിയയെ കുറിച്ചും പ്രവാചകരെ കുറിച്ചും അറിയുന്ന ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുകയില്ല.
സ്‌കിസോഫ്രീനിയ ഏറ്റവും മാരകമായ മാനസികരോഗമാണ്. പലപ്പോഴും രോഗി സംസാരിക്കുന്നതെന്തെന്ന് മനസ്സിലാകില്ല. നിരർത്ഥകമായ മുറിയൻ വാചകങ്ങൾ, പരസ്പര ബന്ധമില്ലാത്ത വാക്യങ്ങൾ, സംസാരഘടനയിൽ അടുക്കും ചിട്ടയുമുണ്ടാവില്ല. ചിലർ സംസാരിക്കാൻ ശ്രമിക്കും; കഴിയില്ല. ക്രമേണ മൂകരായി മാറും. മറ്റു ചിലർ നിയന്ത്രണം വിട്ട് ഹാലിളകും. ഭക്ഷണത്തിലെ ക്രമരാഹിത്യം, ശാരീരികമായ കഠിനക്ഷീണം എന്നിവ പ്രകടമാവും. ചില സമയത്ത് ഭക്ഷണത്തോട് അമിതമായ ആർത്തി കാണിക്കും. ഈരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. സന്തോഷവേളയിൽ പൊട്ടിക്കരയും. സന്താപം വരുമ്പോൾ പൊട്ടിച്ചിരിക്കും. ഇവർ അന്തർമുഖരായിരിക്കും. സാമൂഹിക പ്രശ്‌നങ്ങളിൽ തീരെ ഇടപെടില്ല. മറ്റുള്ളവരുമായി സമരസപ്പെടാനാവില്ല, ഭയംമൂലം സ്വന്തം അസ്തിത്വം നശിച്ച് മറ്റുള്ളവരുടെ അടിമയായി ജീവിക്കാനുള്ള പ്രവണത പ്രകടമാക്കുന്നു.
മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ പ്രവാചക ജീവിതത്തിൽ എവിടെയെങ്കിലും കണ്ടതായി തിരുജീവിതം വായിച്ച ഒരാൾക്കും തെളിയിക്കാൻ കഴിയില്ല.
സ്ഫുടമായ അറബിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ശാന്തനും സൗമ്യനുമായി മാത്രമാണ് അവിടുന്ന് സംസാരിച്ചത്. തുർമുദി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് വായിക്കുക: നിങ്ങളൊക്കെ സംസാരിക്കും പ്രകാരം ധൃതിയിൽ പറഞ്ഞൊപ്പിക്കുന്ന സ്വഭാവമായിരുന്നില്ല പ്രവാചകരുടേത്. പ്രത്യുത വ്യക്തവും സ്ഫുടവുമായ വാക്കുകളുപയോഗിച്ച് സാവകാശമാണ് അവിടന്ന് സംസാരിക്കുക. കേട്ടവർക്കൊക്കെ അത് ഒപ്പിയെടുക്കാൻ കഴിയും.’
സംസാരകലയുടെ സകലമാന സൗന്ദര്യവും ആവാഹിച്ചെടുത്ത് സംബോധിതരുടെ സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി സരസവും സരളവുമായ ശൈലിയിൽ അവരോട് സംവദിച്ച് ഒരു മഹാജനസഞ്ചയത്തെ തന്നിലേക്കടുപ്പിച്ച ചരിത്ര പുരുഷനെ മാനസിക രോഗിയെന്ന് വിളിക്കുന്നവനല്ലേ ശരിക്കും മാനസിക രോഗി? വിശാലമായ പ്രപഞ്ചത്തിന് പിന്നിലൊരു നിയന്താവില്ലെന്ന് വിശ്വസിക്കാൻ മാത്രം ഭ്രാന്തമായ നിഷേധാത്മകത തലയിലേറ്റുന്നവർക്ക് എന്താണു പറയാൻ പാടില്ലാത്തത്?
ഭക്ഷണത്തിന്റെ കാര്യത്തിലും നിയതമായ അടുക്കും ചിട്ടയും അവിടന്ന് കാണിച്ചിട്ടുണ്ട്. പ്രവാചകർ പ്രാകൃതരെപ്പോലെ വാരിവലിച്ച് വിഴുങ്ങിയില്ല. ആർത്തി കാണിച്ചിട്ടില്ല. ചില പ്രത്യേക ഭക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. ഇഷ്മില്ലാത്തത് മാറ്റിവെച്ചു. ഒരിക്കലും വയറ് നിറച്ചുണ്ടില്ല. ആഹാര ക്രമത്തിൽ അത്യുൽകൃഷ്ട പാഠങ്ങളാണ് തിരുദൂതർ പ്രവർത്തിച്ചതും പഠിപ്പിച്ചതുമെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിന്റെ കാര്യത്തിൽ മാനസിക രോഗിയുടെ ഏത് ലക്ഷണമാണ് ഈ യുക്തിവാദികൾ കാണുന്നത്?
സമൂഹത്തിന്റെ സകലമാന പുരോഗതികളും നെഞ്ചിലേറ്റിയ സമൂഹ നവോത്ഥാന നായകനെ അന്തർമുഖനെന്ന് വിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ക്രൂരതയാണ്. തമ്മിൽ തല്ലിയ ഗോത്രങ്ങളെ ഏകോദര സഹോദരങ്ങളാക്കിയ അതുല്യ നേതൃത്വം, ലഹരിയിലും ലൈംഗികതയിലും ജീവിതം തുലച്ച യുവതയെ സാംസ്‌കാരികതയുടെ ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ച അനുപമ വ്യക്തിത്വം, 23 വർഷത്തെ ഹ്രസ്വമായ കാലയളവിനുള്ളിൽ പീഡനങ്ങളുടെ മുൾക്കിരീടങ്ങൾ വകഞ്ഞുമാറ്റി ഇരുപതോളം രാഷ്ട്രങ്ങളുടെ ആധിപത്യത്തിലേക്ക് നടന്നുചെന്ന രാഷ്ട്രീയ നയതന്ത്രജ്ഞൻ, കലാപഭൂമിയായിരുന്ന അറേബ്യയെ സമാധാനത്തിന്റെ പറുദീസയാക്കി മാറ്റിയ ശാന്തിദൂതൻ അമന്തർമുഖനായിരുന്നുവെന്നോ? മാനസിക രോഗിയാണെന്നോ?
ജീവിതകാലം മുഴുവൻ ഒരേ തത്ത്വത്തിലേക്ക് വിളിച്ച ആ വിപ്ലവ നായകൻ പലപ്പോഴും പല സ്വഭാവങ്ങൾ കാണിച്ചുവോ? ഹാലിളകിയെന്നോ? പടച്ചവന് മാത്രമേ തലകുനിക്കാവൂ എന്ന് പ്രസംഗിച്ചുനടന്ന ആ അജയ്യ നായകൻ അടിമത്വത്തിന് ദാഹിച്ചുവെന്നോ? അവിടത്തെ വാക്കും പ്രവൃത്തിയും സമരസപ്പെട്ടില്ലെന്നോ?
സാധാരണക്കാർക്കുണ്ടാവാത്ത ചില അനുഭവങ്ങൾ പ്രവാചകർക്കുണ്ടായിരുന്നുവെന്നത് ശരിയാണ്. ജിബ്‌രീൽ മാലാഖ ദിവ്യസന്ദേശവുമായി വന്നിരുന്നു. പലപ്പോഴും കൂടെയുണ്ടായിരുന്നവർ ജിബ്‌രീലിനെ കണ്ടിരുന്നില്ല. വേറെ ചിലപ്പോൾ അശരീരി കേട്ടിരുന്നു, സഖാക്കൾ കേട്ടിരുന്നില്ല. വഹ്‌യിന്റെ തുടക്കം ചിലപ്പോൾ മണിനാദം പോലെയായിരുന്നു. അപ്പോൾ പ്രവാചകർക്ക് പ്രയാസമനുഭവപ്പെട്ടിരുന്നു.
മറ്റുള്ളവർ കേൾക്കാത്തത് കേൾക്കുകയും കാണാത്തത് കാണുകയും അനുഭവിക്കാത്തത് അനുഭവിക്കുകയും ചെയ്യുക എന്ന അവസ്ഥ ചിത്തഭ്രമം ബാധിച്ചവർക്കുണ്ടാവാറുണ്ട് എന്നത് ശരിയാണ്. ഇത് രണ്ടും ഒരേ വിതാനത്തിൽ വായിച്ചതാണ് ഭൗതികവാദിക്ക് പറ്റിയ അമളി. രോഗിയുടേത് വമഹഹൗരശിമശേീി ആണ്. അയഥാർത്ഥങ്ങൾ അവർക്ക് മുമ്പിൽ യാഥാർത്ഥ്യങ്ങളായി തോന്നുകയാണ്. സുഹൃത്ത് തന്റെ മുമ്പിൽ വന്നു നിൽക്കുന്നത് പോലെ രോഗിക്ക് തോന്നുന്നു. അവനെ വിളിക്കുന്നു. യഥാർത്ഥത്തിൽ സുഹൃത്ത് വേറെ വീട്ടിലാണ്. അവിടെ വന്നിട്ടേയില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നെ എന്താണ് കാര്യം? രോഗിയുടെ തകരാർ മാത്രമാണ്.
എന്നാൽ വഹ്‌യിന്റെ കാര്യം അങ്ങനെയല്ല. അവിടെ ജിബ്‌രീൽ വന്നു എന്നതിനർത്ഥം വന്നു എന്ന് തന്നെയാണ്. അതുകൊണ്ടാണ് യുദ്ധത്തിൽ നാളെ അബൂജഹൽ ഇവിടെ വീഴും എന്ന് വഹ്‌യിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ പിറ്റേന്ന് അബൂജഹൽ അവിടെത്തന്നെ മരിച്ചുവീഴുന്നത്. അതുകൊണ്ടാണ് വഹ്‌യ് ഇറങ്ങുമ്പോൾ മാത്രം ഭാരം കൂടുന്നത്. മലക്കിനെ നമുക്ക് കാണാൻ കഴിയുന്നില്ല എന്നത് നമ്മുടെ തകരാണ്. ഇനി ഒരു രോഗത്തിന്റെ ലക്ഷണമായി പറയപ്പെടുന്ന ഒരു കാര്യം ഒരാളിൽ ഉണ്ടെന്ന് തന്നെ സങ്കൽപിക്കുക. എന്നാൽ തന്നെ അയാൾക്ക് ആ രോഗമാണെന്ന് പറയാമോ?
ചുമയുള്ളവരൊക്കെ ക്ഷയ രോഗികളാണോ? വിറക്കുന്നവരൊക്കെ ടൈഫോയ്ഡ് രോഗികളാണോ? ശരീരം മെലിഞ്ഞവരൊക്കെ എയ്ഡ്‌സ് രോഗികളാണോ? മറ്റുള്ളവർ കാണാത്തത് കാണുന്നവരൊക്കെ സ്‌കിസോഫ്രീനിയ രോഗികളാണ് എന്നാണോ?
വെളിച്ചമുള്ളപ്പോഴൊക്കെ സൂര്യൻ ഉദിച്ചിരിക്കണമെന്നുണ്ടോ? തലപ്പാവു ധരിച്ചവരൊക്കെ ഇസ്‌ലാംമത പണ്ഡിതരാണോ? ഒരു ഫലത്തിന് ഒരൊറ്റ നിമിത്തമേ ഉണ്ടാകൂ എന്ന കണ്ടുപിടുത്തമാണ് ഏറ്റവും പെട്ടെന്ന് ചികിത്സക്കു വിധേയമാക്കേണ്ടത്.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....