Tuesday, August 4, 2020

ഇസ് ലാം:ക്രിസ്‌മസും ക്രിസ്തുവിന്റെ സന്ദേശവും



മതതാരതമ്യ പഠനം


ക്രിസ്‌മസും ക്രിസ്തുവിന്റെ സന്ദേശവും


 


ലോകമെങ്ങുമുള്ള ക്രൈസ്തവ സഹോദരന്മാരുടെ സുപ്രധാനമായ ഒരാഘോഷദിനമാണ് ക്രിസ്‌മസ്. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടാണ് ക്രൈസ്തവർ ഇതാചരിക്കുന്നത്. ലോകത്ത് വളരെയധികം സാമ്യതകളുള്ള രണ്ടു മതങ്ങളാണ് ക്രിസ്തുമതവും ഇസ്‌ലാം മതവും. മതദർശനങ്ങൾ പരസ്പരം അറിയാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച് ഖുർആൻ എന്ത് പറയുന്നുവെന്നും ക്രിസ്തുമസിന്റെ ഉത്ഭവമെങ്ങനെയായിരുന്നുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച അന്വേഷണത്തിനും അതീവപ്രാധാന്യമുണ്ട്. ആദ്യമായി യേശുവിന്റെ മാതാവിനെക്കുറിച്ചുള്ള ഖുർആനിക സമീപനം നമുക്ക് പരിശോധിക്കാം.


മർയം: ലോകവനിതകളിൽ ശ്രേഷ്ഠ


യേശുവിന്റെ മാതാവായ മര്‍യമിനെക്കുറിച്ച് ഖുര്‍ആനിലെ ഒരു പരാമർശം കാണുക: “മാലാഖമാർ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഉല്‍കൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു”(ഖുർആൻ 3:42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മര്‍യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് യേശുവിന്റെ മാതാവ് മര്‍യമിനെയാണ്. വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച ഏക വനിതയും മർയം തന്നെ. ഖുർആനിലെ പത്തൊൻപതാം അധ്യായത്തിന്റെ പേര് തന്നെ മർയം എന്നാണ്. മർയമിന്റെ പിതാവിന്റെ പേര് ഇംറാന്‍ എന്നാണെന്ന് ഖുർആൻ പറയുന്നു. ഖുർആനിലെ മൂന്നാം അധ്യായത്തിന് നല്കപ്പെട്ടിരിക്കുന്ന പേര് ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നാണ്. സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയായി വിശുദ്ധ ഖുർആൻ എടുത്ത് പറയുന്ന രണ്ടു സ്ത്രീകളിലൊന്ന് മർയം ആണ്. “തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.”(ഖുർആൻ 66:12)


മർയമിന്റെ ജനനത്തെയും വളർച്ചയെയും കുറിച്ച് ഖുർആനിന്റെ വിവരണം ഇങ്ങനെയാണ്: “തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. അഭിശപ്തനായ പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.” (ഖുർആൻ 3:33-37)


എത്ര സുന്ദരമാണ് മർയമിനെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെ പരാമർശങ്ങൾ! വിക്കിപീഡിയ പറയുന്നത് കാണുക: “ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary). വളരെ ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർയം. ബൈബിൾ പുതിയനിയമത്തേക്കാൾ കൂടുതൽ തവണ ഖുർആനിൽ ഇവരുടെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.”(https://qrgo.page.link/12SnE).


യേശുവിന്റെ ജനനത്തെക്കുറിച്ച് ഖുർആൻ


അല്ലാഹുവിനാൽ അയക്കപ്പെട്ട മഹോന്നതനായ ഒരു പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിനെയോ അദ്ദേഹത്തിന്റെ മാതാവ് മർയമിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. ഇസ്‌ലാമിക വീക്ഷണത്തിൽ യേശുവിന്റെ പിൻഗാമിയാണ് മുഹമ്മദ് നബിﷺ. യേശുവിനു തൊട്ടുശേഷമുള്ള പ്രവാചകൻ. യേശുവിന്റെയോ മർയമിന്റെയോ നാമം കേൾക്കുമ്പോൾ അലൈഹിസ്സലാം (അവരിൽ സമാധാനം ഭവിക്കട്ടെ) എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.


യേശുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: “വേദഗ്രന്ഥത്തില്‍ മര്‍യമിന്റെ വൃത്താന്തം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീൽ മാലാഖയെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ അഭയം തേടുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌” (ഖുർആൻ 19:16-25). പുരുഷസ്പർശമേൽക്കാതെയുള്ള മർയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ഒരു ദൃഷ്ടാന്തമായി ഖുർആൻ എടുത്തു പറയുന്നു. പിതാവില്ലാതെയാണ് യേശുവിന്റെ ജനനമെന്നർത്ഥം.


“മാലാഖമാർ അവളോട് പറഞ്ഞതോര്‍ക്കുക: ‘അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ(യേശു ക്രിസ്തു) എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. അല്ലാഹുവിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍വച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.” ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: “എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.” മറുപടി ലഭിച്ചു: “അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു. അല്ലാഹു അവന് (യേശുവിന്) വേദവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.” (ഖുർആൻ 3:45-48)


യേശു തന്റെ മാതാവിനെതിരെ ഉയർന്നുവന്ന സംശയങ്ങളെല്ലാം ദുരീകരിച്ചുകൊണ്ട് തൊട്ടിലിൽവച്ചുതന്നെ സംസാരിച്ച സംഭവം വിശുദ്ധ ഖുർആൻ വിവരിക്കുന്നു. “പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: ‘ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.’ അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണ്ടി. ജനം ചോദിച്ചു: ‘തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?’ ശിശു (ഉണ്ണിയേശു) പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കാരവും സകാത്തുമനുഷ്ഠിക്കാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനനനാളിലും മരണനാളിലും, ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം” (ഖുർആൻ 19:27-33). മര്‍യമിന്‍റെ കുടുംബത്തില്‍പ്പെട്ട സദ്‌വൃത്തനായ ഒരാളായിരുന്ന ഹാറൂനെ ഉദ്ദേശിച്ചുകൊണ്ടാണ്‌ ‘ഹാറൂന്‍റെ സഹോദരി’ എന്നു മര്‍യമിനെ അഭിസംബോധന ചെയ്യുന്നത്. പൂര്‍വ്വ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും പേരുകളുമായി ബന്ധപ്പെടുത്തി പറയുക അന്നു പതിവുണ്ടായിരുന്നുവെന്ന് മുഹമ്മദ് നബിﷺ വ്യക്തമാക്കിയിട്ടുണ്ട്. (https://malayalamqurantafsir.com/thafseer.php) ‘ഹാറൂനിന്റെ സഹോദരി’ എന്നത് മർയമിന്റെ കാലത്തെ ഇസ്രായീല്യരുടെ അഭിസംബോധന ഖുർആൻ ഉദ്ധരിച്ചതാണ്. ഇസ്രായീല്യരിലുള്ള വിശുദ്ധരായ സ്ത്രീകളെ അഹറോനുമായി ബന്ധപ്പെടുത്തി വിളിക്കാറുണ്ടായിരുന്നുവെന്ന് ബൈബിളും വ്യക്തമാക്കിയിട്ടുണ്ട്.(ലൂക്കോസ് 1:5)


ക്രിസ്‌മസ്: നാം അറിയേണ്ടത്


ലോകവ്യാപകമായി ക്രൈസ്തവർ അത്യുത്സാഹപൂർവം കൊണ്ടാടുന്ന ആഘോഷമാണ് ക്രിസ്‌മസ്. യേശുവിന്റെ ജന്മദിനമെന്ന പേരിൽ ഡിസംബർ 25-ന് ആഘോഷിക്കപ്പെടുന്ന ക്രിസ്‌മസിന് യേശുവുമായി ബന്ധമുണ്ടോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. “ജനനത്തിയതിയുടെ കാര്യത്തിലുമില്ല വിശ്വസനീയമായ തെളിവുകളൊന്നും. എ.ഡി. നാലാം നൂറ്റാണ്ടുമുതലാണ് ഈ ആഘോഷത്തിന്റെ ആരംഭം എന്ന് കരുതപ്പെടുന്നു. ആദ്യകാല ക്രിസ്ത്യാനികളാരും ആചരിച്ചിട്ടില്ലാത്ത വിശേഷദിനമായതിനാൽ ക്രിസ്‌മസ് എന്ന പേരുപോലും ബൈബിളിൽ കാണാൻ കഴിയില്ല. ക്രിസ്തുമതം പ്രബലപ്പെടുന്നതിനു മുമ്പും ചില പാശ്ചാത്യ നാടുകളിൽ അന്യദേവന്മാരുടെ പേരിലുള്ള ആഘോഷമായി ക്രിസ്‌മസ് ആചരിക്കപ്പെട്ടിരുന്നു. ആ രാജ്യങ്ങളിലെ പ്രധാന മതമായി പിന്നീട് ക്രിസ്തുമതം പ്രചരിച്ച ശേഷവും ജനങ്ങൾ ആചരിച്ചുവന്ന പഴയ ആഘോഷങ്ങൾ നിലനിന്നു. അക്കൂട്ടത്തിൽ സൂര്യദേവന്റെ പ്രീതിക്കുവേണ്ടി ആഘോഷിക്കപ്പെട്ടിരുന്ന ഉത്സവം ക്രൈസ്തവർ ‘ദൈവപുത്രനായ ക്രിസ്തുദേവ’ന്റെ ആഘോഷമായി പേരുമാറ്റി സ്വീകരിച്ചതാണ് ഇന്നത്തെ ക്രിസ്‌മസ്. മതപരമായി അതിന് യേശുവുമായി യാതൊരടുപ്പവുമില്ല. പ്രാചീനകാലത്ത് സൂര്യദേവന്റെ പേരിലുണ്ടായിരുന്ന ആഘോഷം പാശ്ചാത്യലോകം ‘ക്രിസ്‌മസ്’ എന്ന് പുനർനാമകരണം ചെയ്ത് നിലനിർത്തുകയായിരുന്നു. പിന്നീട് ക്രൈസ്തവലോകം മുഴുവൻ അതംഗീകരിക്കുകയും ചെയ്തു.” (കടപ്പാട്: ഇ.സി. സൈമൺ മാസ്റ്റർ [‘ബൈബിളും ഖുർആനും’ പേജ്: 109])


ക്രിസ്‌മസിന്റെ ഉത്ഭവത്തെക്കുറിച്ച് വിക്കിപീടിയ പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്‌മസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്‌മസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്നു സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.”(https://qrgo.page.link/SV99Y)


യേശുവുമായോ അപ്പോസ്തലന്മാരുമായോ യാതൊരു ബന്ധവുമില്ലാത്ത ആഘോഷദിനമാണ് ക്രിസ്‌മസ് എന്നർത്ഥം. തന്റെ ജന്മദിനം യേശു സ്വയം ആഘോഷിക്കുകയോ മറ്റുള്ളവരോട് ആഘോഷിക്കാൻ ആവശ്യപ്പെടുകയോ ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു രേഖയുമില്ല. മാത്രവുമല്ല, ആഘോഷദിനങ്ങൾ ചന്ദ്രനെ നോക്കി നിർണയിക്കണമെന്നാണ് ബൈബിൾ പഴയ നിയമം പറയുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ചന്ദ്രപ്പിറവി ദർശിക്കുന്നത് വിശ്വസ്തരായ സാക്ഷികൾ വഴി സ്ഥിരീകരിക്കപ്പെടുന്നതിനനുസരിച്ച് ചന്ദ്രമാസങ്ങൾ ആരംഭിക്കുന്ന രീതിയായിരുന്നു അന്ന് നടപ്പിലാക്കിയിരുന്നത്.(https://www.gotquestions.org/new-moon-Bible.html) “ഉത്‌സവദിനങ്ങള്‍ ചന്ദ്രനെ നോക്കി നിര്‍ണയിക്കുന്നു. പൂര്‍ണതയില്‍ എത്തിയിട്ടുക്ഷയിക്കുന്ന വെളിച്ചമാണത്”(പ്രഭാഷകൻ 43:7). യേശുവും ഈ രീതി തന്നെയാവും സ്വീകരിച്ചിട്ടുണ്ടാവുക. ഇസ്‌ലാം മതവിശ്വാസികൾ ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയാണ് ആഘോഷദിനങ്ങൾ നിർണയിക്കുന്നത്. ചന്ദ്രപ്പിറവി ദൃശ്യമാകുന്നതോടെ മാസങ്ങൾ തുടങ്ങുന്നു. എന്നാൾ ഇന്ന് ക്രൈസ്തവരുടെ മതപരമായ ആഘോഷദിനങ്ങൾ സൗരവർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.


ക്രിസ്തുമാർഗമല്ല ഇന്നത്തെ ക്രൈസ്തവർ പിന്തുടരുന്നത് എന്നതിന് ഇനിയും നിരവധിയുദാഹരണങ്ങളുണ്ട്. യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സൂര്യാരാധനാദിനമായ ഞായറാഴ്ച (Sun-day) പ്രാർത്ഥനാദിനമായി തീരുമാനിക്കപ്പെട്ടത്.(എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ) യേശു എട്ടാം നാൾ പരിച്‌ഛേദന ചെയ്യപ്പെട്ടതായി ബൈബിൾ പറയുന്നു.(ലൂക്കോസ് 2:21) മുസ്‌ലിംകളും പരിച്‌ഛേദന ചെയ്യാറുണ്ട്. ക്രൈസ്തവർ ആ കർമവും ഒഴിവാക്കി. യേശു ജനങ്ങളിലേക്ക് കടന്നു വരുമ്പോൾ ശാലോം അലൈക്കും (നിങ്ങൾക്ക് സമാധാനം) എന്ന് ആശംസിച്ചു. (യോഹന്നാൻ 20:19, https://www.bible.com/bible/314/JHN.20.21.TLV) മുസ്‌ലിംകളുടെ അഭിവാദനവും അസ്സലാമു അലൈക്കും (നിങ്ങൾക്ക് സമാധാനം) എന്നാണ്. എന്നാൽ ഇന്ന് ക്രൈസ്തവർ അഭിവാദനം ചെയ്യുന്നത് ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ്. ക്രൈസ്തവർ യേശുവിനെ ത്രിയേകത്വത്തിലെ ആളത്തമായി പരിഗണിച്ച് ആരാധിക്കുമ്പോൾ മുസ്‌ലിംകൾ യേശുവിനെ പ്രവാചകനായി അംഗീകരിച്ച് അദ്ദേഹത്തെ അനുധാവനം ചെയ്യുന്നു. വിജാതീയസ്വാധീനത്താൽ ക്രൈസ്തവർ നിരാകരിച്ച സുപ്രധാനമായ വിശ്വാസമാണ് ഏകദൈവവിശ്വാസം. യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞ് കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ ബിഷപ്പുമാരുടെ കൗൺസിലാണ്‌ ത്രിത്വസിദ്ധാന്തം ചമച്ചത്.


സ്രഷ്ടാവിനെ മാത്രം ആരാധിക്കുക


കണിശമായ ഏകദൈവാരാധനയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കല്പത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മര്‍യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.” (ഖുർആൻ 5:72)


യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് യേശുവുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. കല്ല് മുതൽ വിഗ്രഹം വരെയും ആൽമരം മുതൽ തുളസിച്ചെടി വരെയും ശവകുടീരങ്ങൾ മുതൽ മഹാത്മാക്കൾ വരെയും നാഗം മുതൽ പശു വരെയും മാലാഖമാർ മുതൽ പിശാചുക്കൾ വരെയും പുണ്യവാളന്മാർ മുതൽ പ്രവാചകന്മാർ വരെയുമുള്ള ആരും തന്നെ ആരാധനകളർഹിക്കുന്നില്ല. സർവശക്തനായ അല്ലാഹു അല്ലാതെ. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം-“ലാ ഇലാഹ ഇല്ലല്ലാഹ്.”


‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നാണ് (https://www.thegospelcoalition.org/article/is-allah-god/). ഏകദൈവമല്ലാതെ ആരും ആരാധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിനു മുമ്പിൽ തകർന്നു വീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും മാത്രമായിരുന്നില്ല; ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിൽ ദല്ലാളന്മാരായി ചമഞ്ഞ പൗരോഹിത്യം കൂടിയായിരുന്നു. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണത്തിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്.


ഏകദൈവം മാത്രമാണ് ആരാധനകൾ അർഹിക്കുന്നത്. സ്രഷ്ടാവും(ഖുർആൻ 2:29), സർവ്വ ശക്തനും(ഖുർആൻ 5:120), അദ്വിതീയനും(ഖുർആൻ 112:1), തുടക്കമുള്ളവനോ ജനിക്കുന്നവനോ അല്ലാത്തവനും(ഖുർആൻ 112:3), ഒടുക്കമോ മരണമോ ഇല്ലാത്തവനും(ഖുർആൻ 2:255), യാതൊന്നുമായും സാദൃശ്യപ്പെടുത്താൻ സാധ്യമല്ലാത്ത ഉണ്മയുള്ളവനും(ഖുർആൻ 42:11) ആയ ഏകനായ നാഥനെ മാത്രമാണ് ആരാധിക്കേണ്ടതെന്ന് നമ്മുടെ സാമാന്യ ബുദ്ധി തന്നെ സമ്മതിക്കുന്നു. എന്നാൽ നിരവധി മനുഷ്യർ ആരാധിക്കുന്നത് സൃഷ്ടികളെയാണ്. വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ആൾദൈവങ്ങളെയുമാണ്. സൃഷ്ടിപൂജയിൽ നിന്ന് മോചിതരായി സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ഖുർആൻ മനുഷ്യരെ ക്ഷണിക്കുന്നു.

“മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.” (ഖുർആൻ 2:21). “അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.” (ഖുർആൻ 41:37)


അതോടൊപ്പം തന്നെ മതകാര്യത്തിൽ യാതൊരുവിധ ബലപ്രയോഗവുമില്ലെന്നും വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. “മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (ഖുർആൻ 2:256)


‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഏകമാനവികതയുടെ സന്ദേശവും വിശുദ്ധ ഖുർആൻ മുന്നോട്ടുവയ്ക്കുന്നു. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 49:13) മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന്ന് കറുത്തവനേക്കാളോ കറുത്തവന്ന് വെളുത്തവനേക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രേ.” (ബൈഹഖി)


ദൈവവിശ്വാസപരമായ കാര്യങ്ങളിൽ യേശുവും മുൻപ്രവാചകന്മാരും കാണിച്ചതും പാലിച്ചതുമായ മാതൃകകൾക്കു നിരക്കാത്ത ക്രൈസ്തവരുടെ ഇന്നത്തെ നിലപാടുകൾ ചൂണ്ടിക്കാണിച്ച് അവരുടെ മാർഗഭ്രംശം അവരെ ബോധ്യപ്പെടുത്തി പ്രവാചകന്മാർ കാണിച്ചു തന്ന സത്യപാതയിലേക്ക് അവരെ ക്ഷണിക്കുകയാണ് ഇസ്‌ലാമിക പ്രബോധകർ ചെയ്യുന്നത്. ഏകദൈവവിശ്വാസത്തിന്റെ പരിരക്ഷയിൽ അതീവ നിഷ്കർഷയുണ്ട് ഇസ്‌ലാമിന്. സൃഷ്ടിപൂജയിലേക്ക് നയിക്കുന്നതോ സൃഷ്ടിപൂജയുടെ നേരിയ ഗന്ധമെങ്കിലുമുള്ളതോ ആയ സർവ്വതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സർവചരാചരങ്ങളെയും സൃഷ്ടിച്ച ആ ഏകാസ്തിത്വം മാത്രമേ ആരാധനകളർഹിക്കുന്നുള്ളു. കൃഷ്ണനും ക്രിസ്തുവും മുഹമ്മദ് നബിﷺയുമെല്ലാം സൃഷ്ടികളാണ്; സ്രഷ്ടാവല്ല. സ്രഷ്ടാവ് മാത്രമാണ് ആരാധിക്കപ്പെടേണ്ടത്. യേശു പറഞ്ഞതായി വിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.” (ഖുർആൻ 3:51)




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....