Tuesday, March 3, 2020

ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി 'ഇസ്ലാമിലെ യുദ്ധം എന്തിന്



https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്ലാമെന്നും മുഹമ്മദ് (സ്വ) യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി എന്താണ്?



മദീനയില്‍ ഇസ്ലാമികസമൂഹം വളര്‍ന്നുവെന്നറിഞ്ഞ മക്കാമുശ്രിക്കുകള്‍ക്ക് കലികയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മലൂനം ചെയ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിംസമൂഹത്തെ നശിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു.

നിലനില്‍പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുസ്ലിം സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല. അങ്ങനെ അന്തിമപ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം ആളുകളുണ്ടായിരുന്ന ശത്രുസൈന്യവുമായി പരിമിതമായ സജ്ജീകരണങ്ങള്‍ മാത്രമുണ്ടായിരുന്ന മൂന്നൂറ്റിപ്പതിമൂന്ന് പേരുള്ള വിശ്വാസികളുടെ സൈന്യം ബദ്റില്‍ വെച്ച് ഏറ്റുമുട്ടി. പ്രവാചകന്‍ കരളുരുകിക്കൊണ്ട് പ്രാര്‍ഥിച്ചു: “അല്ലാഹുവേ, ഈ ചെറുസംഘം ഇന്ന് നശിച്ചുപോകുകയാണെങ്കില്‍ പിന്നെ നിന്നെമാത്രം ആരാധിക്കുന്നവരാരും ഭൂമുഖത്തുണ്ടാകില്ല. നീ ഞങ്ങളെ അനുഗ്രഹിക്കേണമേ”. യുദ്ധം നടന്നു. ഇസ്ലാമിന്റെ പ്രഥമയുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു. ബദ്റില്‍വെച്ച് എഴുപത് അവിശ്വാസികള്‍ മരണപ്പെട്ടപ്പോള്‍ സത്യവിശ്വാസികളില്‍പെട്ട പതിനാലുപേര്‍ രക്തസാക്ഷികളായി. പിന്നെയും പ്രവാചകനും അനുയായികള്‍ക്കും യുദ്ധംചെയ്യേണ്ടിവന്നു. ഉഹ്ദ്, ഖന്‍ദഖ്, അഹ്സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങി ഏതാനും യുദ്ധങ്ങള്‍. ഇവയൊന്നുംതന്നെ നാട് വെട്ടിപ്പിടിക്കാനോ സാമ്രാജ്യം വിസ്തൃതമാക്കാനോ വേണ്ടിയായിരുന്നില്ല. വിശ്വാസസംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു.

പ്രവാചകന്മാരില്‍ അവസാനത്തെയാളാണ് മുഹമ്മദ് നബി(സ്വ). ക്ഷമയുടെയും സഹനത്തിന്റെയും പാതയിലൂടെ ചരിച്ച് സഹജീവികളെ സത്യമതത്തിലെത്തിക്കുവാനാണ് മറ്റു പ്രവാചകന്മാരെപ്പോലെ അന്തിമപ്രവാചകനും ശ്രമിച്ചത്. ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്ലിംകളെ നിലനില്‍ക്കുവാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ് അദ്ദേഹവും അനുയായികളും ആയുധമെടുത്തത്. അനിവാര്യഘട്ടത്തില്‍ ആയുധമെടുത്തതിന് മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലെല്ലാം ഉദാഹരണങ്ങളുണ്ട്. ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യാനായി സൈന്യത്തെ ഒരുക്കുവാനുള്ള ദൈവകല്‍പന ബൈബിളിലെ സംഖ്യാപുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മൊത്തത്തില്‍ യുദ്ധത്തിനുള്ള ആഹ്വാനവും കല്‍പനകളും ആ രംഗത്തെ നിയമങ്ങളുമാണുള്‍ക്കൊള്ളുന്നത്. യുദ്ധശേഷം ശത്രുക്കളുടെ പണവും സ്വത്തും ഭാര്യമാരും മക്കളും മൃഗങ്ങളുമെല്ലാം സൈന്യത്തിന് എടുക്കാവുന്നതാണെന്നും അവരിലെ കന്യകകളെ പോരാളികള്‍ക്ക് വീതം വെച്ച് കൊടുക്കണമെന്നും വരെയുള്ള നിയമങ്ങള്‍ സംഖ്യാപുസ്തകത്തിലുണ്ട്. (31:25 -36). കീഴടക്കിയ നാടുകളിലെ മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കണമെന്നാണ് ആവര്‍ത്തന പുസ്തകം (20:16,17) കല്‍പിക്കുന്നത്. യോശുവയും (യോശുവ 4:13) സാമുവേലുമെല്ലാം (1 ശാമു 15:3) ശക്തമായ യുദ്ധങ്ങള്‍ ചെയ്തതായി പഴയ നിയമം സാക്ഷീകരിക്കുന്നു. വെളിപാട് പുസ്തകത്തിലെ 19:11-21 വചനങ്ങള്‍ വ്യാഖാനിച്ച് യേശുവിന്റെ രണ്ടാം വരവിനോടനുബന്ധിച്ച് ശക്തമായ യുദ്ധങ്ങളുണ്ടാകുമെന്നും അതില്‍ സത്യപക്ഷത്ത് യേശുവുണ്ടാകുമെന്നും അദ്ദേഹം വിജയിക്കുമെന്നും പറഞ്ഞ ക്രൈസ്തവ പണ്ഢിതന്മാരുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലും യുദ്ധമുണ്ടാകുമെന്നര്‍ത്ഥം.!

മുഹമ്മദ് നബി (സ്വ) ഒരു മഹത്തായ വിപ്ളവമാണ് നയിച്ചതെന്ന കാര്യത്തില്‍ ചരിത്രമറിയുന്നവര്‍ക്കൊന്നും സംശയമുണ്ടാകാനിടയില്ല. തികച്ചും സംസ്കാരശൂന്യരായ ഒരു ജനതയെ ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു സമൂഹമായി മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ല. സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവന്ന നബി (സ്വ) പങ്കെടുത്ത യുദ്ധങ്ങളിലെല്ലാംകൂടി കൊല്ലപ്പെട്ടത് കേവലം ആയിരത്തിപ്പതിനെട്ടുപേര്‍ മാത്രമായിരുന്നു. വിപ്ളവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യംചെയ്യുമ്പോള്‍ ഇതെത്രമാത്രം നിസ്സാരമാണ്! ഫ്രഞ്ച് വിപ്ളവത്തില്‍ കൊല്ലപ്പെട്ടത് അറുപത്താറ് ലക്ഷം മനുഷ്യരാണ്. ഒരുകോടിയിലധികം പേരുടെ ചോരചിന്തിക്കൊണ്ടാണ് റഷ്യയിലെ ‘മഹത്തായ’ വിപ്ളവം നടന്നത്. ഒന്നാംലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ എഴുപത്തിമൂന്ന് ലക്ഷമായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിലത് നൂറ്റിയാറ് ലക്ഷമായിരുന്നു. ഈ വിപ്ളവങ്ങളെക്കൊണ്ട് മനുഷ്യനെന്ത് നേടി? നാഗരികതയ്ക്ക് എന്തെന്ത് സംഭാവനകളാണ് ഈ വിപ്ളവങ്ങള്‍ നല്‍കിയത്്? ഉത്തരം വട്ടപ്പൂജ്യമെന്നാണ്. ഇവ നയിച്ച മഹാത്മാക്കള്‍ക്കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെതന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ‘മഹത്തായ വിപ്ളവ’ത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹത്തിനു ശ്രമിച്ചവരുടെ പ്രതിമകള്‍ക്കുനേരെ കല്ലെറിഞ്ഞുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഭരണാധികാരികള്‍ അവരോടുള്ള അവജ്ഞ അവതരിപ്പിക്കുന്നു. അപ്പോള്‍ ആ വിപ്ളവങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. എന്നാല്‍ പ്രവാചകന്റെ വിപ്ളവമോ? വെറും ആയിരത്തിപതിനെട്ട് പേര്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ട് നടന്ന ആ മഹത്തായ സാംസ്്കാരികവിപ്ളവത്തിന് തുല്യമായ ഒരു വിപ്ളവം മാനവചരിത്രത്തിലുണ്ടോ? ഇല്ല എന്നാണ് ഉത്തരം.

രണ്ടുരാജ്യങ്ങള്‍ തമ്മിലാണ് യുദ്ധം നടക്കുക. യുദ്ധത്തില്‍ പങ്കടുക്കുന്ന രാഷ്ട്രനായകന്‍മാര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തെ രക്ഷിക്കണമെന്നും എതിര്‍രാജ്യത്തെ കീഴടക്കണമെന്നുമുള്ള ലക്ഷ്യമാണുണ്ടാവുക. സത്യമതത്തിന്റെ ആദര്‍ശമനുസരിച്ച് ജീവിക്കുവാനോ അത് പ്രബോധനം ചെയ്യുവാനോ അനുവദിക്കാതെ തങ്ങളുടെ മൌലികാവകാശങ്ങള്‍ നിഷേധിച്ചതുകൊണ്ടാണ് പെറ്റുവളര്‍ന്ന നാടുപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായത്. മദീനയില്‍ പ്രവാചകന്റെ (സ്വ)
നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക സമൂഹത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുശ്രിക്കുകള്‍ യുദ്ധങ്ങള്‍ക്ക് ധൃഷ്ടരായത്. യുദ്ധത്തിലും യുദ്ധശേഷവും മാന്യമായ നിലപാടുകളാണ് മുസ്ലിംകള്‍ ശത്രുക്കളോട് സ്വീകരിച്ചത്. എന്നാല്‍ യുദ്ധമാകുമ്പോള്‍ അതിന്നകത്ത് യുദ്ധനിയമങ്ങളായിരിക്കും പാലിക്കപ്പെടുകയെന്നും സമാധാനം നിലനില്‍ക്കുന്ന സമൂഹത്തിലെ നൈതികതയായിരിക്കില്ല യുദ്ധഭൂമിയിലെ നൈതികതയെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുസ്ലിംകളെ നശിപ്പിക്കുവാനായി യുദ്ധത്തിനൊരുങ്ങി വന്നവരോട് യുദ്ധഭൂമിയില്‍ വെച്ചുള്ള പെരുമാറ്റം വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളില്‍ പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് നബി(സ്വ) യെ യുദ്ധക്കൊതിയനായി അവതരിപ്പിക്കുന്നവരുണ്ട്. ഏതൊരവസ്ഥയിലും അഹിംസയാണുണ്ടാവേണ്ടതെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാമിക രാഷ്ട്രത്തിന് യുദ്ധം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാവാം. അത്തരം സാഹചര്യങ്ങളില്‍ മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണമെന്ന് ഖുര്‍ആനും പ്രവാചകവചനങ്ങളും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
യുദ്ധവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടത് മദീനയില്‍ വെച്ചാണ്. ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി(സ്വ) യേയും പ്രസ്തുത രാഷ്ട്രത്തിലെ പൌരന്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളവയാണ് ഈ യുദ്ധസൂക്തങ്ങളെല്ലാം. അവരോടാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്: “യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (22: 39,40).

യുദ്ധത്തിന് കല്‍പിക്കപ്പെട്ടാല്‍ പിന്നെ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വിശ്വസി സമൂഹത്തിന് കഴിയില്ല. രാഷ്ട്രനായകര്‍ നിര്‍ദേശിക്കന്നവരെല്ലാം യുദ്ധത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:”യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.”(2:216).

യുദ്ധം ചെയ്യുന്നവരോടാണ് പ്രതിക്രിയ വേണ്ടതെന്നും യുദ്ധത്തില്‍പോലും അതിക്രമമുണ്ടാകാന്‍ പാടില്ലെന്നും ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ആരെയെങ്കിലും ഭയപ്പെട്ട് സത്യനിഷേധത്തിന്റെ മതത്തില്‍ നില്‍ക്കുന്ന അവസ്ഥക്ക് പകരം സര്‍വശക്തനെ പ്രീതിപ്പെടുത്താനായി സത്യവിശ്വാസത്തിന്റെ മതം സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ്ടാകുന്നതിന് വേണ്ടിയാണ് യുദ്ധമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച്, എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ്കിലോ, തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.”(2:190-193).

ഇസ്ലാമിക രാഷ്ട്രത്തിന്റെ സുരക്ഷക്കുവേണ്ടി എന്നതുപോലെത്തന്നെ, ആദര്‍ശം സ്വീകരിച്ചതിനാല്‍ പീഢിപ്പിക്കപ്പെടുന്നവരെ മോചിപ്പിക്കാന്‍ വേണ്ടിയും അനിവാര്യസാഹചര്യത്തില്‍ യുദ്ധംചെയ്യേണ്ടത് രാഷ്ട്രബാധ്യതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ മക്കയില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിശ്വാസികളെ മോചിപ്പിക്കാനായി യുദ്ധംചെയ്യേണ്ടതുണ്ടെന്ന് ഖുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്.”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കെണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)” (4:75)

പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും വരച്ചുകാണിക്കുന്ന ഇസ്ലാമികാദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യങ്ങളില്ലാത്ത രാഷ്ട്രങ്ങളില്‍ പ്രസ്തുത സാഹചര്യം സൃഷ്ടിക്കുവാനും അപ്പേരില്‍ പീഢിപ്പിക്കപ്പെടുന്നവരുണ്ടെങ്കില്‍ അവരുടെ മോചനത്തിനും വേണ്ടി യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്; വ്യക്തികളോ ആള്‍ക്കൂട്ടങ്ങളോ അല്ല. അങ്ങനെയൊരു യുദ്ധത്തിന് ആഹ്വാനം ചെയ്യപ്പെട്ടാല്‍ അതില്‍ പങ്കെടുക്കേണ്ടത് പ്രസ്തുത രാഷ്ട്രത്തിലുള്ളവരുടെയെല്ലാം കടമയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രം യുദ്ധത്തിനായി ഒരുങ്ങേണ്ടതുണ്ട് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയകുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.”(8:60).

യുദ്ധം അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് അതു നടക്കേണ്ടത്. ശത്രുപക്ഷം സമാധാനത്തിന് സന്നദ്ധമാവുകയാണെങ്കില്‍ ഇസ്ലാമിക രാഷ്ട്രവും മുന്‍ഗണന നല്‍കേണ്ടത് ശാന്തിക്കു തന്നെയാണ്. സമാധാന നിര്‍ദേശത്തിന് പിന്നില്‍ ചതിയാണെന്ന് ഊഹിച്ച് പ്രസ്തുത നിര്‍ദേശം തള്ളിക്കളയുകയല്ല, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ശാന്തിനിര്‍ദേശം സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പ്രവാചകനോടുള്ള ദൈവിക കല്‍പന നോക്കുക: “ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്വ് കാണിക്കുകയും, അല്ലാഹുവിന്റെ മേല്‍ ‘ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍.”(8:61,62).
യുദ്ധം ചെയ്യുന്നവരോട് മാത്രമാണ് യുദ്ധം, സമധാനകാംക്ഷികളോടല്ല. “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.”(60:8.,9).

യുദ്ധത്തിലും സമാധാനത്തിലും നീതിയോടെയാണ് മുസ്ലിംകള്‍ വര്‍ത്തിക്കേണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തോട് അനിഷ്ടമുണ്ടെന്നതതിനാല്‍ അവരോട് അക്രമം കാണിക്കുവാനോ അനീതിയോടെ പെരുമാറുവാനോ മുസ്ലിം സമൂഹം സന്നദ്ധമായിക്കൂടാ; നീതിയുടെ വക്താക്കളും പ്രയോക്താക്കളുമാകേണ്ടവരാണ് മുസ്ലിംകള്‍ എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.”(5:8)

യുദ്ധത്തിനുവേണ്ടി നിലകൊള്ളുന്ന ആദര്‍ശമാണ് ഇസ്്ലാമെന്നും മുഹമ്മദ് (സ്വ)  യുദ്ധക്കൊതിയനാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതാണ് ഹിജ്റ ആറാം വര്‍ഷം പ്രവാചകന്‍ (സ്വ) മക്കക്കാരുമായുണ്ടാക്കിയ ഹുദൈബിയാ സന്ധി. താന്‍ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നവണ്ണം ഉംറ നിര്‍വഹിക്കുവാന്‍ വേണ്ടി മാത്രമായി സായുധസജ്ജരല്ലാതെ മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനെയും ആയിരത്തിനാന്നൂറിലധികം വരുന്ന അനുയായികളെയും വഴിയില്‍ വെച്ച് മുശ്്രിക്കുകള്‍ തടഞ്ഞു. അതിനെത്തുടര്‍ന്ന് ഹുദൈബിയയില്‍ തമ്പടിച്ച പ്രവാചകനും മക്കാമുശ്രിക്കുകളും തമ്മില്‍ ഒരു കരാറിലേര്‍പ്പെട്ടു. ഈ കരാറാണ് ഹുദൈബിയാ സന്ധിയെന്നറിയപ്പെടുന്നത്. പ്രസ്തുത കരാറിലെ വ്യവസ്ഥകളില്‍ മിക്കതും ഖുറൈശികള്‍ക്ക് അനുകൂലമായിരുന്നു. ഈ വര്‍ഷം മുസ്്ലിംകള്‍ ഉംറ ചെയ്യാതെ മടങ്ങണമെന്നും അടുത്ത വര്‍ഷം സായുധ സജ്ജരല്ലാത്ത രൂപത്തില്‍ പ്രവാചകനും അനുയായികള്‍ക്കും ഉംറ ചെയ്യാന്‍ സൌകര്യമേര്‍പ്പെടുത്താമെന്നുമായിരുന്നു ആദ്യത്തെ സന്ധിവ്യവസ്ഥ. പത്തു വര്‍ഷത്തേക്ക് ഇരു കക്ഷികളും തമ്മില്‍ യുദ്ധമുണ്ടാകരുതെന്ന വ്യവസ്ഥയായിരുന്നു രണ്ടാമത്തേത്. ഇരു കക്ഷികള്‍ക്കും മറ്റു ഗോത്രങ്ങളുമായി സഖ്യത്തിലേര്‍പ്പെടാമെന്നും അങ്ങനെയേര്‍പ്പെടുന്നവരെ കയ്യേറ്റം ചെയ്്താല്‍ പ്രസ്തുത കക്ഷികള്‍ക്കെതിരായ കയ്യേറ്റമായി പരിഗണിക്കപ്പെടും എന്നുമായിരുന്നു മൂന്നാമത്തെ വ്യവസ്ഥ. ഖുറൈശികളില്‍ നിന്നാരെങ്കിലും ഒളിച്ചോടി മദീനയിലെത്തിയാല്‍ അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്ന് ആരെങ്കിലും പൂര്‍വമതത്തിലേക്ക് തിരിച്ചുവന്ന് മക്കയിലെത്തിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ലെന്നുമായിരുന്നു നാലാമത്തെ കരാര്‍.

ഇതില്‍ നാലാമത്തെ കരാര്‍ മുസ്്ലിംകളെയെല്ലാം ഏറെ പ്രയാസപ്പെടുത്തി. തികച്ചും ഏകപക്ഷീയമായ കരാര്‍. മക്കയില്‍ നിന്ന് ഇസ്്ലാം സ്വീകരിച്ചു മദീനയിലെത്തുന്നവരെ അവിടെ നിന്നു തിരസ്കരിച്ചു മക്കയിലെ പീഢനങ്ങളിലേക്ക് തിരിച്ചയക്കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളാന്‍ മുസ്്ലിംകളില്‍ പലര്‍ക്കും കഴിഞ്ഞില്ല. ഉമര്‍ വിനെ പോലെയുള്ള ചിലര്‍ പ്രവാചകനെ ചോദ്യം ചെയ്യുകപോലുമുണ്ടായി. ഈ സമയത്ത് മുസ്്ലിംകളുടെ ക്ഷമ പരീക്ഷിക്കുവാനെന്ന വണ്ണം കരാര്‍ തയ്യാറാക്കുന്നതിനുള്ള ഖുറൈശി പ്രതിനിധിയായ സുഹൈലുബ്നു അംറിന്റെ മകന്‍ അബൂ ജന്‍ദല്‍ സത്യമതം സ്വീകരിച്ചതിനാല്‍ പിതാവ് ബന്ധിച്ച ചങ്ങല പൊട്ടിച്ചുകൊണ്ട് തന്നെ മദീനയിലേക്ക് കൊണ്ട് പോകണമെന്ന് കേണപേക്ഷിച്ച് അവിടെയെത്തി. അദ്ദേഹത്തെ മുസ്്ലിംകള്‍ക്ക് വിട്ടുതരണമെന്ന് നബി (സ്വ)  അഭ്യര്‍ത്ഥിച്ചെങ്കിലും സുഹൈല്‍ അത് നിരസിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ്വ)  പറഞ്ഞു:””അബൂ ജന്‍ദല്‍ , ക്ഷമിക്കുക .അല്‍പംകൂടി കാത്തിരിക്കുക . നിനക്കും നിന്നെപ്പോലുള്ള മര്‍ദിതര്‍ക്കും അല്ലാഹു പോംവഴിയുണ്ടാക്കിത്തരികതന്നെ ചെയ്യും. ഇവരുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിരിക്കുന്നു. പരസ്പരം ചതിക്കുകയില്ലെന്ന് അല്ലാഹുവിന്റെ നാമത്തില്‍ ഞങ്ങള്‍ കരാര്‍ ചെയ്തു കഴിഞ്ഞു.” സ്വപിതാവിന്റെ പീഢനങ്ങളിലേക്ക് അബൂ ജന്‍ദല്‍ നടന്ന് പോകുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ പ്രവാചകനും അനുയായികള്‍ക്കും കഴിഞ്ഞുള്ളൂ.

മുശ്രിക്കുകള്‍ മുന്നോട്ടുവെച്ച സന്ധിനിര്‍ദേശങ്ങള്‍ ഏകപക്ഷീയമായിരുന്നിട്ടുപോലും യുദ്ധമില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി അവ സ്വീകരിക്കുകയാണ് പ്രവാചകന്‍ല ചെയ്തത്. സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാണ് ഇസ്്ലാം ആഗ്രഹിക്കുന്നതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഹുദൈബിയാ സന്ധി. സമാധാനത്തിന്റെ സംസ്ഥാപനത്തിനായി ആവശ്യമെങ്കില്‍ ഏതുതരം വിട്ടുവീഴ്ചകള്‍ക്കും മുസ്്ലിംകള്‍ സന്നദ്ധമാകണമെന്ന് ഇത് പഠിപ്പിക്കുന്നു. ഹുദൈബിയാ സന്ധി സൃഷ്ടിച്ച സമാധാനാന്തരീക്ഷത്തില്‍ ഇസ്്ലാമികപ്രബോധനം സുഗമമായി നടത്തുവാന്‍ പ്രവാചകനും അനുയായികള്‍ക്കും സാധിച്ചു. അയല്‍നാടുകളിലെ ഭരണാധികാരികളെ ഇസ്്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളെഴുതുവാനും സാധാരണക്കാര്‍ക്കിടയില്‍ സമാധാനത്തോടെ സത്യമതസന്ദേശമെത്തിക്കുവാനും സന്ധിക്ക് ശേഷമുള്ള നാളുകളില്‍ നബി(സ്വ)യും അനുയായികളും പരിശ്രമിച്ചു.അംറുബ്നുല്‍ ആസ്വ്, ഖാലിദ്ബ്നു വലീദ്, ഉഥ്മാനുബ്നു ത്വല്‍ഹ തുടങ്ങിയ മക്കയുടെ കരള്‍ കഷ്ണങ്ങള്‍ ഇസ്്ലാം സ്വീകരിച്ചത് ഈ സമാധാനാന്തരീക്ഷത്തിലാണ്. ഇക്കാലത്ത് ഇസ്്ലാം അഭൂതപൂര്‍വമായി വളര്‍ന്നു. ഹുദൈബിയയില്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നത് ആയിരത്തിനാന്നൂറു പേരായിരുന്നെങ്കില്‍ കേവലം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന മക്കാവിജയവേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് പതിനായിരം പേരായിരുന്നു. അതിന്നും രണ്ട് വര്‍ഷം കഴിഞ്ഞ് തന്റെ അവസാനത്തെ പ്രസംഗം കേള്‍ക്കാന്‍ അറഫയില്‍ തടിച്ചുകൂടിയത് ഒരു ലക്ഷത്തിലധികം അനുചരന്‍മാരായിരുന്നു.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...