അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
Yകറാമത്ത്, ഇസ്തിദ്റാജ്● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം0 COMMENTS
Karamath
പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ് എന്നൊക്കെയാണ് ഈ അറബി പദത്തിന്‍റെ അര്‍ത്ഥം. പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കപ്പെട്ടതു പോലെ ഔലിയാക്കള്‍ക്ക് ആദരവായി നല്‍കപ്പെട്ടതാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നവ ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം.
അല്ലാഹുവിനോടുള്ള അനുസരണം പൂര്‍ണമായും ഏറ്റെടുത്ത സാത്വികരാണ് ഔലിയാക്കള്‍. അവരില്‍ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. എല്ലാ അസാധാരണ സംഭവങ്ങളും കറാമത്തല്ല. അസാധാരണ സംഭവങ്ങള്‍ രണ്ടു വിധമുണ്ട്.
പ്രത്യേകമായ വാദത്തെ തുടര്‍ന്നുണ്ടാകുന്നത്: ദൈവികവാദം, പ്രവാചകത്വവാദം, വിലായത്തിന്‍റെ വാദം, ആഭിചാര-പ്രേത-വശീകരണ വാദം എന്നീ നാലിലൊരു ഇനത്തില്‍ പെട്ടതായിരിക്കും ഇവ. ദൈവിക വാദം ഉന്നതിയിച്ച ഫിര്‍ഔന്‍ ചില അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് തന്‍റെ അവകാശവാദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പില്‍കാലത്ത് പ്രത്യക്ഷപ്പെടുന്ന ദജ്ജാലും ചില അത്ഭുതങ്ങള്‍ കാണിച്ച് തന്‍റെ വാദങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടാമത്തെ ഇനം പ്രവാചകത്വവാദമാണ്. ആ വാദം സത്യമെങ്കില്‍ അവര്‍ക്ക് അല്ലാഹു മുഅ്ജിസത്ത് നല്‍കും. പ്രവാചത്വത്തിന്‍റെ തെളിവായി ജനങ്ങള്‍ക്കതിനെ മനസ്സിലാക്കാനും കഴിയും.
മൂന്നാമത്തേത് വിലായത്തിന്‍റെ വാദമാണ്. ഔലിയാക്കള്‍ക്ക് കറാമത്തുണ്ടാകുമെന്നത് സ്ഥിരപ്പെട്ടതാണെങ്കിലും അവര്‍ക്ക് കറാമത്ത് വാദിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരത്രെ.
ആഭിചാര ക്രിയയിലും പിശാച് സേവയിലും ഏര്‍പ്പെടുന്നവര്‍ക്ക് പിശാചിന്‍റെ സഹായത്തോടെ പല അത്ഭുതങ്ങളും പ്രകടിപ്പിക്കാന്‍ കഴിയും.
ഒരു വാദവും കൂടാതെ പ്രകടമാവുന്ന അത്ഭുതങ്ങള്‍: ഇത്തരം സംഭവങ്ങള്‍ രണ്ടു വിധമാണെന്നു കാണാം. 1. സജ്ജനങ്ങളില്‍ നിന്ന് പ്രകടമാകുന്നവ. 2. ദോഷികളില്‍ നിന്ന് പ്രകടമാകുന്നവ.
ദോഷികള്‍ക്ക് അവരുടെ ഉദ്ദേശ്യത്തോട് യോജിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നതിന് ഇസ്തിദ്റാജ് (കുരുക്കില്‍ വീഴ്ത്തുക) എന്നും ഉദ്ദേശ്യത്തോട് വിയോജിച്ചതാണെങ്കില്‍ ഇഹാനത്ത് (നിസ്സാരപ്പെടുത്തല്‍) എന്നും പറയുന്നു.
വലിയ്യ് ഉദ്ദേശിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമാകുമോ?
കറാമത്തിനെ പാടെ നിഷേധിക്കുന്നവരാണ് പഴയ പുത്തന്‍വാദികളായ മുഅ്തസിലത്ത്. എന്നാല്‍ സ്വഹാബത്തില്‍ നിന്നും താബിഉകളില്‍ നിന്നും അനിഷേധ്യമാംവിധം നിരവധി കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഇതില്‍ പലതും വിവരിക്കുന്നുണ്ട്.
ആധുനിക പുത്തന്‍വാദികള്‍ ഇപ്പോള്‍ കറാമത്തിനെ പൂര്‍ണമായി നിഷേധിക്കാറില്ലെങ്കിലും ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്ന് അംഗീകരിക്കാറില്ല. കറാമത്ത് പാടെ നിഷേധിക്കുന്നതു പോലെ ഭാഗിക നിഷേധമായ ഇതും പ്രമാണവിരുദ്ധവും നിരര്‍ത്ഥകവുമാണ്.
ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്നതിന് നിരവധി തെളിവുകള്‍ കാണാം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സുലൈമാന്‍(അ) പറഞ്ഞു; സമൂഹമേ, അവര്‍ കീഴടങ്ങി എന്‍റെ മുമ്പില്‍ വരുന്നതിനു മുമ്പായി അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരാന്‍ ആര്‍ക്ക് സാധിക്കും? ജിന്നുകളില്‍ നിന്നൊരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കും മുമ്പ് ഞാനത് എത്തിക്കാം. നിശ്ചയം ഞാനതിനു കഴിവുള്ളവനും വിശ്വസ്ത നുമാകുന്നു. വേദവിജ്ഞാനം നേടിയ ഒരാള്‍ ഉടനെ പറഞ്ഞു: അങ്ങ് കണ്ണടച്ച് തുറക്കും മുമ്പ് ഞാനതെത്തിക്കാം. അങ്ങനെ അദ്ദേഹം കണ്ണടച്ച് തുറന്നപ്പോഴേക്ക് സിംഹാസനം തൊട്ടുമുമ്പിലെത്തിയിരിക്കുന്നു (സൂറത്തുന്നംല്: 39).
പ്രസ്തുത സിംഹാസനം കൊണ്ടുവന്നത് ആസ്വഫുബ്നു ബര്‍ഖിയാ(റ) എന്ന വലിയ്യാണ്. കറാമത്ത് മുഖേനയാണത് സാധ്യമായത്. കണ്ണടച്ച് തുറക്കും മുമ്പ് ഞാനത് കൊണ്ടുവരാം എന്ന് സധീരം പറയണമെങ്കില്‍ ഉദ്ദേശിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമാക്കാന്‍ സാധിക്കണമല്ലോ.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ജുറൈജ്(റ)ന്‍റെ അത്ഭുതകരമായ സംഭവം വിവരിക്കുന്നുണ്ട്. നാട്ടില്‍ അറിയപ്പെട്ട ഒരു വേശ്യ പ്രസവിക്കുകയും കുട്ടിയുടെ പിതാവ് ജുറൈജ്(റ)വാണെന്ന് ആരോപിക്കുകയും ചെയ്തു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ മഹാന്‍ കറാമത്ത് കൊണ്ട് സംസാരി പ്പിച്ചു: ‘നിങ്ങളല്ല എന്‍റെ പിതാവ്’. ചോരപ്പൈതല്‍ സത്യം വിളിച്ച് പറഞ്ഞു.
ഈ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു: ‘കറാമത്തുകള്‍ ഔലിയാക്കളുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും ഉണ്ടാകുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു’ (ശര്‍ഹു മുസ്ലിം).
ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതി: ഔലിയാക്കളില്‍ നിന്ന് കറാമത്ത് പ്രകടമാ കുമെന്നും അവരുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും അത് സംഭവിക്കുമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു’ (ഫത്ഹുല്‍ ബാരി). ഇബ്നു തൈമിയ തന്നെ ഈ ആശയം പരാമര്‍ശിക്കുന്നുണ്ട്: ‘ആവശ്യമനുസരിച്ച് കറാമത്തുകള്‍ ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ദുര്‍ബല വിശ്വാസിയോ ആവശ്യമുള്ളവനോ വേണ്ടി കറാമത്ത് പ്രകടമാക്കേണ്ടിവന്നാല്‍ ദുര്‍ബല വിശ്വാസിയുടെ വിശ്വാസം ദൃഢപ്പെടുത്താനും ആവശ്യക്കാരന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനും വലിയ്യിന് കറാമത്ത് പ്രത്യക്ഷപ്പെടുത്താവുന്നതാണ്’ (അല്‍ഫുര്‍ഖാന്‍).
സാധാരണക്കാര്‍ക്ക് സാധാരണ കാര്യം ചെയ്യാന്‍ ഇച്ഛാസ്വാതന്ത്ര്യമുള്ളതുപോലെ ഔലിയാക്കള്‍ക്ക് കറാമത്ത് പ്രകടിപ്പിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ചില ഗുണങ്ങള്‍ പരിഗണിച്ചോ മറ്റോ അവര്‍ കറാമത്ത് പ്രകടിപ്പിച്ചില്ലെന്നുവരാം. അത്തരം സംഭവങ്ങള്‍ ഉയര്‍ത്തി കറാമത്ത് പ്രകടിപ്പിക്കുന്നതില്‍ ഔലിയാക്കള്‍ക്കുള്ള ഇച്ഛാസ്വതന്ത്ര്യത്തെ നിഷേധിക്കുന്നത് ശുദ്ധ വിവരക്കേടാണ്.
എന്താണ് ഇസ്തിദ്റാജ്?
ദുര്‍മാര്‍ഗവും മത്സരവും വര്‍ധിക്കാനിടയാകുംവിധം ഭൗതികോദ്ദേശ്യങ്ങള്‍ സാധ്യമാക്കിക്കൊടുക്കലാണ് ഇസ്തിദ്റാജ്. അതുവഴി അവന്‍ അല്ലാഹുവില്‍ നിന്ന് കൂടുതലായി അകന്നുകൊണ്ടിരിക്കും. അങ്ങനെ അഹങ്കാരിയും ദുര്‍മാര്‍ഗിയുമായി ജീവിതം നയിച്ചു പര്യവസാനം നാശത്തില്‍ കലാശിക്കും.
അവിശ്വാസികളില്‍ നിന്നും ദുര്‍വൃത്തരില്‍ നിന്നും പ്രകടമാകുന്ന അത്ഭുതങ്ങള്‍ ഈ ഗണത്തിലാണ് പെടുക. ഒരാളില്‍ നിന്ന് അത്ഭുതം പ്രകടമാകുന്നുവെന്നത് കൊണ്ടു മാത്രം അദ്ദേഹം വലിയ്യാണെന്ന് മനസ്സിലാക്കാവതല്ല. കറാമത്ത് പ്രകടമാകുന്ന വലിയ്യ് ഒരിക്കലും അതില്‍ സന്തോഷമോ അഹങ്കാരമോ പ്രകടിപ്പിക്കുകയില്ല. മറിച്ച്, അവര്‍ക്ക് ഭയഭക്തി വര്‍ധിക്കാനേ അത് കാരണമാകൂ. അല്ലാഹുവില്‍ നിന്നുള്ള ഇസ്തിദ്റാജാകുമോ അതെന്ന ഭയമായിരിക്കും അവരെ ഭരിക്കുന്നത്. എന്നാല്‍ ഇസ്തിദ്റാജ് നല്‍കപ്പെടുന്ന വ്യക്തി തന്നില്‍ നിന്ന് പ്രകടമാകുന്ന അത്ഭുതം കാരണം അഹങ്കരിക്കുന്നു.
ഇസ്തിദ്റാജ് നല്‍കപ്പെടുന്നവരില്‍ നിന്ന് പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ ഇങ്ങനെ:
1. പ്രസ്തുത സ്ഥാനത്തിനു താനര്‍ഹനാണെന്ന് അഹങ്കരിക്കുക. ആത്മീയോന്നതിയുടെ നിമിത്തം വിനയമാണ്. ഒരാള്‍ വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉയര്‍ത്തും, ഒരാള്‍ അഹങ്കരിച്ചാല്‍ അല്ലാഹു അവനെ താഴ്ത്തുകയും ചെയ്യും (ഹദീസ്). അല്ലാഹുവിന് ഒരാളോടും വിധേയത്വമോ ബാധ്യതയോ ഇല്ലല്ലോ, പിന്നെ എങ്ങനെ ഒരാള്‍ക്ക് അര്‍ഹത വാദിക്കാന്‍ കഴിയും? വിലായത്തിന്‍റെ പദവിയിലെത്തിയവര്‍ കരുതുന്നത് ‘ഞാനൊരിക്കലും ഇതിനര്‍ഹനല്ല, അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ട് ഇതെനിക്ക് നല്‍കിയതാണ്’ എന്നായിരിക്കും.
ഇത്തരം അത്ഭുതങ്ങള്‍ പ്രകടമാക്കാന്‍ കഴിഞ്ഞത് തന്‍റെ സല്‍കര്‍മങ്ങള്‍ നിമിത്തമാണെന്ന് അഭിമാനിക്കുക. തന്‍റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടു എന്ന ധാരണയില്‍ നിന്നുള്ളതാണിത്. അങ്ങനെ ഉറപ്പിച്ച് പറയാന്‍ ഒരു വലിയ്യും ധൈര്യപ്പെടില്ല. പ്രത്യുത, കൂടുതല്‍ വിനയാന്വിതനായി അദ്ദേഹം മാറുകയാണുണ്ടാവുക.
No comments:
Post a Comment