Sunday, February 16, 2020

സ്ത്രീ പുരുഷ ഔറത്ത് ഇസ്ലാമിൽ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



സ്ത്രീ പുരുഷ ഔറത്ത് ഇസ്ലാമിൽ

#സ്ത്രീയും_ഹിജാബും

സ്ത്രീയും സ്ത്രീയുടെ ഹിജാബും എക്കാലത്തും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ആമിനാ വദൂദ്മാരും ഇവിടെ ഖദീജാ മുംതാസ്, സഹീറാ തങ്ങള്‍ പോലോത്തവരും സ്ത്രീയുടെ ഹിജാബിനെ കേവലം ഒരു ബ്ലൗസിനും നിക്കറിനുമുള്ളിലൊതുക്കി വെട്ടിച്ചുരുക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇത്തരത്തില്‍ ഹിജാബിന്റെ കര്‍മ്മശാസ്ത്രവും ഖുര്‍ആന്‍- ഹദീസ് പാഠവും എന്തെന്ന് ചിന്തിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും.
ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ സ്ത്രീക്ക് നിര്‍ബന്ധമാകുന്ന ഹിജാബിന് താഴെ കൊടുക്കുന്ന രീതിയില്‍ നിബന്ധനകള്‍ കല്‍പിക്കണം.
1. സ്ത്രീയുടെ മൂടുപടം ശരീരം അടിമുടി മറച്ചിരിക്കണം. സൂറത്തുല്‍ അഹ്‌സാബില്‍ സ്ത്രീയുടെ ഹിജാബ് പരാമര്‍ശിച്ചിടത്ത് ജില്‍ബാബ് (ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം) എന്ന ശബ്ദം പ്രയോഗിച്ചതില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്.
വസ്ത്രം തൊലിയുടെ നിറം പൂര്‍ണ്ണമായി മറക്കുന്നതായിരിക്കണം. നേരിയ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചാല്‍ അത് ‘ഹിജാബ്’ ആകുന്നില്ല. മറച്ചിട്ടും മറയാത്ത പുതിയ വസ്ത്രധാരണാരീതി ഇസ്‌ലാമിന് അന്യമാണ്. അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുത്തേക്ക് നേരിയ വസ്ത്രമിട്ട് കടന്നുവന്നപ്പോള്‍ നബി(സ) മുഖം തിരിച്ചുവെന്ന് അബൂദാവൂദ് തന്റെ സുനനില്‍ ആയിശാ ബീവി(റ)യില്‍ നിന്ന് ഉദ്ധരിച്ചതായി കാണാം.

3- ഹിജാബ് സ്വന്തമായി ഭംഗിയുള്ളതോ അപരന്റെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തില്‍ നിറക്കൂട്ടുള്ളതോ മറ്റോ ഉള്ളതാവാതിരിക്കുക. സൂറത്ത് നൂരിലും 31-ല്‍ അവര്‍ (സ്ത്രീകള്‍) അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് വ്യക്തമായി കല്‍പിക്കുന്നുണ്ട്.

4. ശരീരവടിവും ആകാരവും കാണുന്ന തരത്തിലുള്ള ഇടുങ്ങിയ വസ്ത്രങ്ങള്‍ ഹിജാബിന് കൊള്ളില്ല. നബി(സ) കാണരുതെന്ന് ആഗ്രഹിച്ച നരകവാസികളിലെ ഒരുവിഭാഗം മറച്ചിട്ടും മറയാതെ ചാണും ചെരിഞ്ഞും നടക്കുന്ന സ്ത്രീകളാണെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പ്രബലമായി വന്നിട്ടുണ്ട്.
5. പുരുഷനെ ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ സുഗന്ധം പൂശിയ വസ്ത്രങ്ങള്‍ ഹിജാബാവാന്‍ പാടില്ല. ആറ് ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച പ്രഭലമായ ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ”എല്ലാ കണ്ണും വ്യഭിചാരിയാണ്. സ്ത്രീ സുഗന്ധം പൂശി സദസ്സിലൂടെ നടന്നാല്‍ അവള്‍ വ്യഭിചാരിയാണ്.”

6. ഹിജാബ് പുരുഷവേഷത്തോട് സാദൃശ്യമാവാന്‍ പാടില്ല. പുരുഷ വസ്ത്രം ധരിക്കുന്ന സ്ത്രീയേയും സ്ത്രീ വസ്ത്രം ധരിക്കുന്ന പുരുഷനെയും നബി (സ)/ അല്ലാഹു ശപിച്ചതായി ഒട്ടനവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
(റവാഇഉല്‍ ബയാന്‍ -മുഹമ്മദ് അലി അസ്വാബൂനി 1/384, 385, 386)

സ്ത്രീ എന്തൊക്കെ ഏതൊക്കെ സമയം മറക്കണമെന്ന് ഇനി വിശദീകരിക്കാം.

#സ്ത്രീയുടെ ഔറത്ത് പുരുഷന്റെ മുമ്പില്‍

പ്രായപൂര്‍ത്തിയായ അന്യപുരുഷന്റെ മുമ്പില്‍ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് ഏതാണെന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ശാഫിഈ, ഹംബലി മദ്ഹബുകളില്‍ സ്ത്രീയുടെ ശരീരം മുഴുക്കെ ഔറത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം അഹ്മദ്(റ) ഇത് വ്യക്തമാക്കുന്നത് കാണുക: നഖം തൊട്ട് സ്ത്രീയുടെ ശരീരമാസകലം ഔറത്ത് തന്നെ (തഫ്‌സീര്‍ ഇബ്‌നു ജൗസി 6/31). അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവള്‍ വിരൂപിയാണെങ്കില്‍പോലും അന്യപുരുഷന് മുമ്പില്‍ ശരീരമാസകലം ഔറത്താണെന്ന്  തുഹ്ഫ (കിതാബുന്നികാഹ്) പോലോത്ത ശാഫിഈ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ശരീരമാസകലം മറക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകാനടുത്ത ബാലന്‍മാരും (മുറാഹിഖ്) മുഴുഭ്രാന്തന്‍മാരും പ്രായപൂര്‍ത്തിയായ പുരുഷനെ പോലെയാകയാല്‍ അവരുടെ മുമ്പിലും സ്ത്രീ മുഴുവന്‍ മറക്കേണ്ടതുണ്ട്. (നോ. തുഹ്ഫ 7/197) ഇമാം ശാഫിഈ(റ), അഹ്മദ്ബ്‌നു ഹംബല്‍ (റ) എന്നിവരുടെ അഭിപ്രായത്തെ പിന്താങ്ങുന്ന തെളിവുകള്‍.

1- വിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് നൂറിലെ 31-ാം സൂക്തത്തില്‍ മുസ്‌ലിം സ്ത്രീയോട് അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി നിര്‍കര്‍ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭംഗിയും രൂപവും കൂടുതല്‍ പ്രകടമാവുന്നത് മുഖവും മുന്‍കയ്യുമാകയാല്‍ ഈ നിര്‍ദേശം ഇവയെ ബാധിക്കുമെന്ന് ശാഫിഈ(റ), അഹമദ്(റ) എന്നിവര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍, പ്രസ്തുത ആയത്തിന്റെ തുടര്‍ച്ചയില്‍, അതില്‍ (ഭംഗി) നിന്ന് വെളിവാകുന്നതൊഴിച്ച് എന്ന വാക്യത്തെ അവര്‍ വ്യാഖ്യാനിച്ചത് കാറ്റ് പോലോത്തതു കൊണ്ട് മനഃപൂര്‍വ്വമല്ലാതെ ശരീരത്തില്‍നിന്ന് വെളിച്ചത്താകുന്ന ഭാഗങ്ങള്‍ എന്നാണ്. സ്വബോധമില്ലാതെ, ആകസ്മികമായി വെളിവാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീ കുറ്റക്കാരിയാകുന്നില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. നിങ്ങള്‍ അവരോട് (നബി ഭാര്യമാരോട്) ചരക്കുകള്‍ ചോദിച്ചാല്‍ മറക്ക് പിന്നിലായി നിങ്ങള്‍ ചോദിക്കുക (33/53) എന്ന ഖുര്‍ആനിക സൂക്തം പ്രവാചക പത്‌നിമാരുടെ കാര്യത്തിലാണ് അവതീര്‍ണ്ണമായതെങ്കിലും മറ്റു സ്ത്രീകളെയും അത് ബാധിക്കുമെന്ന് ഖിയാസ് ചെയ്ത് ഈ ആയത്തുകൊണ്ട് അവര്‍ തെളിവ് പിടിക്കുന്നു.
2) ഹദീസുകള്‍:- ജംരീരുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ആകസ്മികമായിട്ടുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക: (മുസ്‌ലിം അഹ്മദ്)
അലീ, നീ ഒന്നിന് ശേഷം മറ്റൊന്നായി നോട്ടത്തെ നീ തുടര്‍ത്തരുത്. നിശ്ചയം നിനക്ക് ആദ്യനോട്ടം മാത്രമാണുള്ളത്. മറ്റുള്ളവ അനുവദനീയമല്ല എന്ന് അലി (റ)വിനോട് നബി (സ) കല്‍പിച്ച ഹദീസ്. (അഹ്മദ്, അബൂദാവൂദ്)

ഇബ്‌നി അബ്ബാസി (റ)ല്‍ നിന്ന് നിവേദനം: നബി(സ) ഫള്‌ലുബ്‌നു അബ്ബാസി (റ)നെ ഒരു പെരുന്നാള്‍ ദിനത്തില്‍ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി. അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു. ഉടനെ, ഖശ്അം ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി(സ)യോട് ഫത്‌വ തേടി വന്നു. ഫള്‌ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി(സ) ഫള്‌ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചുകൊണ്ടിരുന്നു. (ബുഖാരി, മുസ്‌ലിം)3 ബൗദ്ധിക തെളിവ്: സ്ത്രീകളുടെ നോക്കല്‍ അനുവദനീയമാവാത്തത് അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ മുടി, കാല്‍ എന്നിവയെക്കാള്‍ ഫിത്‌ന ഗൗരവതരമാകുന്നത് മുഖത്തിലാണെന്നത് ബുദ്ധിക്ക് സര്‍വ്വസമ്മതമാണ്.
എന്നാല്‍, ഇമാം മാലിക് (റ), അബൂഹനീഫ(റ) എന്നിവര്‍ സ്ത്രീയുടെ മുഖവും മുന്‍കയ്യും ഔറത്തില്‍പ്പെട്ടതല്ലെന്ന് അഭിപ്രായപ്പെട്ടവരാണ്. അവര്‍ക്കും അവരുടേതായ തെളിവുകളുണ്ട്. അവ താഴെ കൊടുക്കുന്നു.
1) ‘സ്ത്രീകള്‍ അവരുടെ ഭംഗി വെളിവാക്കരുത്’ എന്നതില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ‘അതില്‍നിന്ന് (ഭംഗി) വെളിവാകുന്നതൊഴിച്ച്’ എന്ന തുടര്‍വാക്യത്തിലൂടെ പല ആവശ്യങ്ങള്‍ക്കും വെളിവാക്കേണ്ടിവരുന്ന മുഖത്തിനും മുന്‍കൈയ്യിനും ഇത് ബാധകമല്ലെന്ന് വരുന്നുണ്ടെന്ന് അവര്‍ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു.
2- ഹദീസ്: ആയിശ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ നേരിയ വസ്ത്രമണിഞ്ഞ് കയറിച്ചെന്നു. ഉടനെ നബി(സ) മുഖം തിരിച്ച് ”ഓ… അസ്മാഅ്, ആര്‍ത്തവ പ്രായമായ സ്ത്രീയുടെ ഇതും ഇതുമൊഴിച്ചൊന്നും കാണാന്‍ പാടില്ല” എന്ന് നബി (സ) തന്റെ മുഖത്തിലേക്കും മുന്‍കൈയ്യിലേക്കും ചൂണ്ടി പറഞ്ഞു.
3- ഔറത്ത് മറക്കല്‍ നിര്‍ബന്ധമായ നിസ്‌കാരം, ഇഹ്‌റാം എന്നിവയുടെ അവസരത്തില്‍ സ്ത്രീ മുഖവും മുന്‍കയ്യും മറക്കേണ്ടെന്ന് വരുമ്പോള്‍ അവ ഔറത്തിന് പുറത്താണെന്ന് വരുന്നു.

#സ്ത്രീക്കു മുമ്പില്‍

മുട്ടുപുക്കിള്‍ക്കിടയിലുള്ളതാണ് സ്ത്രീക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത്. എന്നാല്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ളതൊഴിച്ച് മറ്റു ഭാഗങ്ങളിലേക്ക് എത്തരം സ്ത്രീകള്‍ക്കാണ് നോക്കല്‍ അനുവദനീയമാവുക എന്ന ചര്‍ച്ചയില്‍ മുസ്‌ലിം, മുസ്‌ലിമേതര സ്ത്രീ എന്നിങ്ങനെ പണ്ഡിതര്‍ വിഭജിച്ചതായി കാണാം. മുസ്‌ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ള ഭാഗമാണ് സ്ത്രീയുടെ ഔറത്തെന്നതില്‍ എല്ലാവരും ഒരു പക്ഷത്താണ്. എന്നാല്‍, ഇമാം അഹ്മദ്ബ്‌നു ഹംബല്‍(റ) ഇത്തരം ഒരു വിഭജനം നടത്തുന്നില്ല. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീയോ മുസ്‌ലിമേതര സ്ത്രീയോ ആയാലും അവര്‍ക്കു മുന്നില്‍ മുട്ടുപുള്‍ക്കിടയിലുള്ള ഭാഗം മാത്രമാണ് ഒരു സ്ത്രീ മറക്കേണ്ടതായിട്ടുള്ളൂ. എന്നാല്‍, ഇമാം ശാഫിഈ(റ) ഉള്‍പ്പെടുന്ന ഭൂരിപക്ഷ പണ്ഡിതന്‍മാരും മുഖവും മുന്‍കയ്യുമൊഴിച്ചുള്ള എല്ലാ ശരീരഭാഗങ്ങളും കാഫിറായ സ്ത്രീക്ക് മുമ്പില്‍ ഒരു സ്ത്രീയുടെ ഔറത്താണെന്ന അഭിപ്രായക്കാരാണ്.  ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകളും കാഫിറായ സ്ത്രീകളുടെ പരിധിയില്‍ വരുമെന്നും ഫിത്‌ന നിര്‍ഭയമായ സാഹചര്യത്തില്‍ മാത്രമേ ദുഃസ്വബാവികളായ മുസ്‌ലിം സ്ത്രീകള്‍ക്കോ മുസ്‌ലിമേതര സ്ത്രീകള്‍ക്കോ ഒരു മുസ്‌ലിം സ്ത്രീയുടെ മുഖവും മുന്‍കയ്യും നോക്കല്‍ അനുവദനീയമാകുന്നുള്ളൂവെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (നോ. അല്‍ഫിഖ്ഹ് മദാഹിബുല്‍ അര്‍ബഅ 1/192).
മുസ്‌ലിം സ്ത്രീകളുടെ ഭംഗി (സീനത്ത്) കാണല്‍ അനുവദനീയമാവുന്നവരെ എണ്ണിപ്പറഞ്ഞിടത്ത്, വിശുദ്ധ ഖുര്‍ആന്‍ അവരുടെ (മുസ്‌ലിം സ്ത്രീകളുടെ) സ്ത്രീകളും എന്ന് പ്രയോഗിച്ചതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ഭംഗി കാണാന്‍ പറ്റുകയുള്ളൂവെന്ന് പ്രബല തഫ്‌സീറിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഈ വിഭജനം നടത്തിയിട്ടുള്ളത്. ഇമര്‍(റ) ഒരിക്കല്‍ അബൂ ഉബൈദ:ബ്‌നു ജര്‍റാഹി(റ) ലേക്ക് ഇപ്രകാരം ഒരെഴുത്തെഴുതി: ”മുസ്‌ലിമേതരെ സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം കുളിമുറിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് എനിക്ക് നിശ്ചയം വിവരം ലഭിച്ചിട്ടുണ്ട്. അത് നീ തടയണം. കാരണം, മുസ്‌ലിമായ സ്ത്രീയുടെ ഔറത്ത് മുസ്‌ലിമേതര സ്ത്രീ കാണാന്‍ പാടില്ല. (ഖുര്‍ത്വുബി- 12/233).
വിവാഹബന്ധം നിഷിദ്ധമായവര്‍ക്കു മുമ്പില്‍
വിവാഹബന്ധം നിഷിദ്ധമായവര്‍ക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിള്‍ക്കിടയിലുള്ള ശരീരഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, മുഖം, തല, പിരടി, കൈകാലുകള്‍ എന്നിവ ഒഴിച്ചുള്ള ശരീരഭാഗങ്ങളും അവര്‍ക്ക് മുമ്പില്‍ ഔറത്താണെന്ന് ഇമാം മാലിക്(റ), അഹ്മദ് ബ്‌നു ഹംബല്‍ (റ) എന്നിവരുടെ പക്ഷം. (അല്‍ഫിഖ്ഹ്
അലാമദാബുല്‍ അര്‍ബഅ 1/192).

#നിസ്‌കാരത്തില്‍

മുഖം, മുന്‍കയ്യ്, അകം, പുറം എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളും നിസ്‌കാരത്തില്‍ സ്ത്രീയുടെ (ചെറിയ പെണ്‍കുട്ടിയാണെങ്കിലും) ഔറത്താണെന്നാണ് ശാഫിഈ മദ്ഹബിന്റെ പക്ഷം. (നോ. തുഹ്ഫ 2/111). എന്നാല്‍ രണ്ടു ഉള്ളം കയ്യും രണ്ടു പുറംകാലും ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളുമാണ് ഹനഫീ മദ്ഹബ് പ്രകാരം പ്രസ്തുത ഔറത്ത്. മുഖമൊഴിച്ചുള്ള ഭാഗങ്ങളാണെന്നാണ് ഹംബലി മദ്ഹബിന്റെ പക്ഷമെങ്കില്‍ മാലിക് മദ്ഹബ് പ്രസ്തുത ഔറത്തിനെ ഗൗരവമുള്ളത് (മുഖല്ലള്), ലഘുവായത് (മുഖഫ്ഫഫ്) എന്നിങ്ങനെ രണ്ടായി തരം തിരിച്ചതായി കാണാം. തല, കൈകാലുകള്‍, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറംഭാഗം എന്നിവ ഒഴിച്ചുള്ള എല്ലാ ശരീര ഭാഗവുമാണ് ‘ഗൗരവമായ’ ഔറത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. തല, പിരടി, മുഴംകൈ, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറം ഭാഗം എന്നിവ ഒഴിച്ചുള്ള ഭാഗങ്ങളാണ് ലഘുവായ ഔറത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവമായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുമെന്നും, എന്നാല്‍ ലഘുവായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ (തുറന്നിടലും നോക്കലും ഹറാമാണെങ്കിലും) നിസ്‌കാരം സാധുവാകുമെന്നുമാണ് ഹംബലികളുടെ കര്‍മ്മശാസ്ത്രം (അല്‍ഫിക്ഹ് അലല്‍മദാഹിബുല്‍ അര്‍ബഅ:)

#സ്ത്രീ ഒറ്റക്ക്, ചെറുപ്രായത്തില്‍

സ്ത്രീ ഒറ്റക്കാകുമ്പോള്‍
 മുട്ടുപൊക്കിള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് ഫത്ഹുല്‍ മുഈന്‍ 31-ല്‍ പറയുന്നതായി കാണാം. എന്നാല്‍, ചെറിയ പെണ്‍കുട്ടിയുടെ എവിടെയൊക്കെ നോക്കല്‍ അനുവദനീയമാണെന്ന കാര്യം പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗ്രഹം ജനിക്കാത്ത ചെറിയ പെണ്‍കുട്ടിയുടെ ഗുഹ്യസ്ഥാനമല്ലാത്തതിലേക്ക് നോക്കല്‍ അനുവദനീയമാണെന്നാണ് അവര്‍ പ്രബലമാക്കിയത്. ആഗ്രഹം ജനിപ്പിക്കുമെങ്കില്‍ അവളും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പരിധിയില്‍ വരുമെന്നാണ് പണ്ഡിതമതം. (തുഹ്ഫ 7/195)

#അടിമസ്ത്രീയും ഔറത്തും

പരിപൂര്‍ണ്ണ അടിമയായ സ്ത്രീയുടെ മുട്ട് പുക്കിള്‍ക്കിടയിലെ ഭാഗങ്ങളൊഴിച്ചുള്ള ശരീരഭാഗങ്ങളിലേക്ക് ഫിത്‌ന/ വികാരങ്ങളില്ലാതെ നോക്കല്‍ അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍, ഇമാം നവവി(റ) അടിമ സ്ത്രീ സ്വതന്ത്രസ്ത്രീയെ പോലെ തന്നെയാണെന്ന് പ്രബലമാക്കുന്നതായി കാണാം. (തുഹ്ഫ 7/199)

അവസാനിച്ചു

അല്ലാഹുവേ ഞങ്ങളുടെ മനസ്സ് നീ നന്നാക്കി തരണേ റബ്ബേ
അല്ലാഹുവേ ഞങ്ങളുടെ പെങ്ങന്മാരെ  നരകത്തെ തൊട്ട് നീ  കാക്കണേ അല്ലാഹ്
മുത്ത്  നബിയുടെ  അടുത്തേക്ക് ഒരു  സ്വലാത്ത് 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤

🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹 صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
      (  💛  💚  യാക്കൂബ്  കുമ്പോൽ  💗  💚  )

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....