അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
ജുമുഅക്ക് മുമ്പുള്ള തറ പ്രസംഗം
ചോദ്യം: വെള്ളിയാഴ്ച ജുമുഅ സമയം കടന്നതിനുശേഷവും ഖുത്വുബക്ക് മുമ്പുമായി ഒരു തറപ്രസംഗം നടത്തുന്നതിന്റെ വിധിയെന്ത്? ശാഫിഈ, ഹനഫീ വീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ വ്യത്യാസമുണ്ടോ?
ഉത്തരം: നബി(സ്വ)യുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ശേഷം ഹി. 1300 വര്‍ഷം പിന്നിടുന്നത് വരെയോ അനറബി ഖുത്വുബ ലോകത്തെവിടെയും നടക്കാത്തതുപോലെ ഖുത്വുബക്ക് മുമ്പ് ഒരു തറപ്രസംഗവും നടന്നിട്ടില്ല. ഇതുതന്നെയാണ് ശാഫിഈ കര്‍മശാ സ്ത്ര പണ്ഢിതന്മാര്‍ ഖുത്വുബ അറബിയിലാകണമെന്നതിന് തെളിവായി ഇങ്ങനെ പറഞ്ഞത്. ‘ലിമാ ജറാ അലൈഹിന്നാസു’ (ജനങ്ങള്‍ ആചരിച്ചുപോന്ന ചര്യ അതായതിനു വേണ്ടി) സലഫുസ്സ്വാലിഹുകളും പിന്‍ഗാമികളുമടങ്ങുന്ന ജനങ്ങളാണ് വിവക്ഷ. ചിലരു ടെ വാക്കുകളില്‍ ഇങ്ങനെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വാക്കുകള്‍ കാണുക: “ഇത്തിബാഅന്‍ ലിസ്സലഫി വല്‍ ഖലഫി” (സലഫുസ്സ്വാലിഹുകളോടും ശേഷമുള്ളവരോടും അനുകരിച്ചതിനുവേണ്ടി) സലഫ് കൊണ്ട് വിവക്ഷ സ്വഹാബാക്കളും ഖലഫ് കൊണ്ട് വിവക്ഷ താബിഉകളും താബിഉത്താബിഉകളുമടക്കമുള്ള പിന്‍ഗാമികളുമാണെന്ന് ഇമാം ശര്‍ഖാവി(റ) ഹാശിയതുത്തഹ്രീര്‍ 1/267ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖുത്വുബ സാധുതക്ക് അറബിയാകല്‍ നിബന്ധനയൊന്നുമില്ലെന്നു പറയുന്ന ഹനഫീ പ ണ്ഢിതര്‍ തന്നെ അനറബി ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കുന്നത് കുറ്റകരമാണെന്ന്
പഠിപ്പിക്കുന്നു. അറബിയാകല്‍ നിബന്ധനയാണെന്ന് പറയുന്ന ശാഫിഈ പണ്ഢിതന്മാര്‍ ഉന്നയിച്ച രേഖ തന്നെയാണ് ഹനഫീ പണ്ഢിതന്മാരുടെയും രേഖ.
ഹനഫീ കര്‍മശാസ്ത്ര പണ്ഢിതനായ അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) പറയുന്നു: “ഖുത്വുബ അറബിയിലാകല്‍ നിബന്ധനയൊന്നുമില്ല. അപ്പോള്‍ പാര്‍സി ഭാഷ, മറ്റു ഭാഷകള്‍ തുടങ്ങിയവ കൊണ്ട് ഖുത്വുബ നിര്‍വഹിച്ചാലും ഇത് ജാഇസാകും. ഇപ്രകാരമാണ് അവര്‍ (ഹനഫി കര്‍മശാസ്ത്ര പണ്ഢിതര്‍) പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പറഞ്ഞ ജാഇസ് കൊണ്ട് വിവക്ഷ ജുമുഅ നിസ്കാരത്തിന്റെ സാധുത അപേക്ഷിച്ച് മാത്രമാണ്. (ജുമുഅയുടെ നിബന്ധനയായ) ഖുത്വുബ എന്ന ശര്‍ത്വ് വീടാനും ആ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടുള്ള ജുമുഅ സ്വഹീഹാകാനും ആ ഖുത്വുബ തന്നെ മതി എന്നര്‍ഥം. എന്നല്ലാതെ അത് നിരുപാധികം അനുവദനീയമാണെന്ന അര്‍ഥത്തിലല്ല. കാരണം അനറബി ഭാഷയിലുള്ള ഖുത്വുബ നബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും പരമ്പരാഗത മായി വന്ന ചര്യക്കെതിരാണെന്നതില്‍ സന്ദേഹമില്ലെന്ന് തീര്‍ച്ച. അപ്പോള്‍ പിന്നെ അങ്ങനെ ഖുത്വുബ നിര്‍വഹിക്കുന്നത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു” (അന്‍സ്വാരിയുടെ ഉംദതുര്‍രിആയ ഫീ ഹല്ലി ശറഹില്‍ വിഖായ, 1/200).
മറ്റൊരു ഹനഫീ പണ്ഢിതനായ ശാഹ് വലിയ്യുല്ലാഹിദഹ്ലവി(റ) എഴുതുന്നു: “ഖുത്വുബ അറബിയില്‍ തന്നെയാകണമെന്ന് പറയുന്നത് ലോക മുസ്ലിംകളുടെ നിരന്തരമായ അമല്‍ അപ്രകാരമായി എന്ന അടിസ്ഥാനത്തിലാണ്” (ദഹ്ലവി(റ)യുടെ അല്‍ മുസ്വഫ് ഫാ 1/154).
അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) തന്നെ പറയട്ടെ: “അനറബി ഖുത്വുബ കറാഹത്താണെന്ന് പറഞ്ഞത് നിശ്ചയം അത് സുന്നത്തിന് വിരുദ്ധമായതു കൊണ്ടാണ്. കാരണം നബി(സ്വ)യും സ്വഹാബത്തും എപ്പോഴും അറബിയില്‍ തന്നെയായിരുന്നു ഖുത്വുബ നിര്‍വഹിച്ചിരുന്നത്. ഇതര ഭാഷയില്‍ അവരാരെങ്കിലും ഖുത്വുബ നിര്‍വഹിച്ചതായി ഇതേവരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല” (അന്‍സ്വാരി(റ)യുടെ ആകാമുന്നഫാഇസ് പേജ് 66).
നബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും ശേഷമുള്ളവരില്‍ നിന്നും പരമ്പരാഗതമായി വന്നതും അവര്‍ നിരന്തരമായി ആചരിച്ചു പോന്നതും അറബി ഖുത്വുബ ആയതുകൊണ്ട് അതിന് വിരുദ്ധമായി അനറബി ഖുതുബ നിര്‍വഹിക്കുന്നത് അവരുടെ ചര്യക്ക് എതിരും അവരുടെ നേരായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കലുമായതിനാല്‍ തെറ്റും കുറ്റകരവുമാണെന്നതില്‍ ഇരു മദ്ഹബുകള്‍ക്കിടയിലും തര്‍ക്കമില്ലെന്ന് സംക്ഷിപ്തം.
എന്നാല്‍ ഇതേ മാനദണ്ഢത്തില്‍ വേണം ഖുത്വുബക്ക് മുമ്പുള്ള തറപ്രസംഗത്തെയും കാണാന്‍. ഉപര്യുക്ത കാരണങ്ങള്‍ കൊണ്ട് അനറബി ഖുത്വുബ അനുവദിച്ചുകൂടെന്ന് മനസ്സിലാക്കിയ ചിലര്‍ തന്നെ മസ്വ്ലഹത്തിന്റെ മറപിടിച്ച് തറപ്രസംഗത്തിന് അനുമതി നല്‍കിയത് ആശ്ചര്യം തന്നെ. പക്ഷേ, ഖുത്വുബ സാധുതക്ക് അറബി ഭാഷ നിബന്ധനയായത് കൊണ്ട് ആ നിബന്ധന കൂടാതെ അനറബി ഖുത്വുബ നിര്‍വഹിക്കുന്നത് ഹറാമും ഫാസിദുമാണെന്ന് ശാഫിഈ പണ്ഢിതന്മാര്‍ പ്രസ്താവിച്ചത് പോലെ ഈ തറപ്രസംഗം ഹറാമാണെന്നവര്‍ പ്രസ്താവിച്ചില്ല. കാരണം ഏതൊരു ഇബാദത്തും അതിന്റെ നിബന്ധന കൂടാതെ ചെയ്യുന്നത് ഫാസിദും ഹറാമുമാണെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്” (ഇമാം ഇബ്നുദഖീഖി(റ)ന്റെ ഇഹ്കാമുല്‍ അഹ്കാം 2/10 നോക്കുക). ഇപ്പറഞ്ഞ ന്യായം തറപ്രസംഗത്തിലില്ലെന്ന് വ്യക്തം.
ഏതായാലും ഈ തറപ്രസംഗം നബി(സ്വ)യും സ്വഹാബത്തും തൊട്ട് പരമ്പരാഗതമായി പോന്ന സുന്നത്തിന് വിരുദ്ധമാണെന്നതില്‍ സന്ദേഹമില്ല. എന്നിരിക്കെ ഇത് സുന്നത്ത് വത്കരിക്കുന്നതിനുവേണ്ടി ചിലര്‍ ന്യായം കണ്ടെത്തുകയാണ്. അതിപ്രകാരമാണ്. ജനങ്ങള്‍ അറിഞ്ഞിരിക്കല്‍ ആവശ്യമായ പല കാര്യങ്ങളും അവരെ തെര്യപ്പെടുത്താനും ബോധവത്കരിക്കാനും നിസ്കാരശേഷത്തേക്ക് പിന്തിക്കുന്ന പക്ഷം ചുരുക്കം ചിലയാളുകളെയല്ലാതെ അതിന് കിട്ടില്ല. അതേസ്ഥാനത്ത് ജനങ്ങളെല്ലാം പള്ളിയില്‍ നിറഞ്ഞ് ഖുത്വുബ തുടങ്ങുന്നതിന് മുമ്പായി പ്രസംഗം നടത്തുന്ന പക്ഷം അവരെല്ലാവരും അത് ശ്രദ്ധിച്ചുകേള്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇതൊരു നല്ല കാര്യമാണെന്നതില്‍ സംശയമില്ലല്ലോ.
വളരെ ബാലിശമായ ന്യായമാണിതെന്നോര്‍ക്കുക. ഈ പറഞ്ഞ ന്യായം മുന്‍കാലങ്ങളിലുമുണ്ടായിരുന്നു. എന്നിരിക്കെ മുന്‍ഗാമികളാരും ഈ നന്മ പരിഗണിച്ചതായി കാണുന്നില്ല. ബഹു. ഇബ്നുഹജര്‍(റ) പറയുന്നത് കാണുക. “എല്ലാ നന്മകൊണ്ടും ഏറ്റവും ബന്ധപ്പെട്ടവരും നിസ്തുലരുമായിരുന്നു സ്വഹാബാക്കള്‍. എന്നിരിക്കെ ഈ ഉമ്മത്തിലെ ഏറ്റ വും ഉല്‍കൃഷ്ടരും ശ്രേഷ്ഠരുമായ സ്വഹാബാക്കള്‍ക്ക് വിലക്കപ്പെട്ട ഒരു കാര്യം അപ്രകാരമല്ലാത്ത തലമുറക്കാര്‍ക്ക് അനുവദിക്കപ്പെടുമെന്ന് ആരെങ്കിലും ഊഹിക്കുന്നുണ്ടോ? ഒരിക്കലും അതില്ല” (അല്‍ ഫതാവല്‍ കുബ്റാ 3/161)
അതുകൊണ്ടുതന്നെ ഇത് വെറും ധാരണ മാത്രമാണ്. ഇമാം നവവി(റ)യുടെ ഉസ്താദു കൂടിയായ ഇമാം അബൂശാമ(റ) എഴുതുന്നു: “അല്ലാഹുവിലേക്കടുക്കാനുള്ള മാര്‍ഗവും ത്വാഅതുമായി ധാരാളമാളുകള്‍ ധരിക്കുന്ന കാര്യങ്ങളിലധികവും അങ്ങനെയാകില്ല.
ചിലപ്പോള്‍ അത് ചെയ്യുന്നതിലുപരി ഉപേക്ഷിക്കലാകും അഭികാമ്യം. ഈ വസ്തുത വ്യക്തമാക്കാനാണ് എന്റെ ഈ രചന തന്നെ. നിശ്ചിതമായൊരു സമയത്തോ സ്ഥലത്തോ അതല്ലെങ്കില്‍ ഒരു വ്യക്തിയോടോ ശറഅ് ആജ്ഞാപിച്ച ഒരു കാര്യം നിരുപാധികം നല്ലതാണെന്നുവെച്ച് പാമരന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. യഥാര്‍ഥത്തില്‍ അവനത് വിലപ്പെട്ടതാകാം. ചിലതിനെ ചിലതിനോട് തുലനം നടത്തുകയാണവന്‍. സ്ഥലകാല വ്യത്യാസങ്ങള്‍ അവന്‍ മനസ്സിലാക്കുന്നില്ല. അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങളും ഇബാദത്തുകളും കൂടുതല്‍ ചെയ്യാനുള്ള അത്യാഗ്രഹമാണ് ശറഅ് വിലക്കിയ സ്ഥലങ്ങളിലും സമയങ്ങളിലും ആ ത്വാഅത്തുകള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രചോദകമായത്. ഇവരും ഇ വരെ പോലുള്ളവരും അല്ലാഹു ശറആക്കാത്ത കാര്യങ്ങള്‍ കൊണ്ട് അല്ലാഹുവിലേക്കടുക്കാന്‍ വിഫലശ്രമം നടത്തുകയാണ്. എന്നല്ല, അല്ലാഹു വിലക്കിയവ കൊണ്ട്. നിങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയപ്പെട്ടാല്‍ നിശ്ചയം ഞങ്ങള്‍ നന്മ ചെ യ്യുന്നവര്‍ മാത്രമാണെന്നായിരിക്കും അവരുടെ പ്രതികരണം. അറിയുക, തീര്‍ച്ചയായും ഇവര്‍ തന്നെയാണ് നാശകാരികള്‍. പക്ഷേ, അവരത് ഗ്രഹിക്കുന്നില്ല” (ഇമാം അബൂശാമ(റ)യുടെ കിതാബുല്‍ ബാഹിസ്, പേജ് 25).
ചുരുക്കത്തില്‍ ജനങ്ങളെ ബോധവത്കരിക്കലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ അ വരെ പറഞ്ഞ് തെര്യപ്പെടുത്തലും കേവലം നല്ലതാണെങ്കിലും സ്ഥല-കാല- വ്യത്യാസമന്യേ നല്ലതാണെന്ന് പറഞ്ഞുകൂട. ജുമുഅക്കുവേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഖു ത്വുബക്ക് മുമ്പായി അവരോട് പ്രസംഗം ചെയ്യുന്നത് പരമ്പരാഗതമായ ചര്യക്കെതിരായതിനു പുറമെ ജുമുഅയുടെ പ്രത്യേകമായ സുന്നത്തുകള്‍ക്ക് അത് വിഘാതം സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെ ആ പ്രസംഗം ശ്രവിക്കല്‍ കൊണ്ട് പ്രസ്തുത സുന്നത്തുകളുപേക്ഷിക്കാന്‍ അവര്‍ വിധേയരാവുകയും ചെയ്യുന്നു.
ഖുത്വുബക്ക് മുമ്പായി ജുമുഅക്കെത്തുന്നവര്‍ പാലിക്കേണ്ട സുന്നത്തുകള്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ വിവരിക്കുന്നുണ്ട്. ഇമാം റാഫിഈ(റ) ശറഹുല്‍ കബീര്‍ 4/623, 624 ല്‍ പ റയുന്നു. “ഖുത്വുബക്ക് മുമ്പായി ഹാജരുള്ളവര്‍ ദിക്റ് കൊണ്ടും ഖുര്‍ആന്‍ ഓതല്‍ കൊണ്ടും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ കൊണ്ടും ജോലിയാകണം. വെ ള്ളിയാഴ്ച രാവിലും പകലിലും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് വര്‍ദ്ദിപ്പിക്കുക, സൂറതുല്‍ കഹ്ഫ് ഓതുക തുടങ്ങിയവ സുന്നത്തായ കാര്യങ്ങളാകുന്നു.”
ഇമാം നവവി(റ) പറയുന്നു: “ഖുത്വുബയുടെ മുമ്പ് ഹാജരാകുന്നവര്‍ ദിക്റ്, ഖുര്‍ആന്‍ പാരായണം, സ്വലാത് എന്നിവകൊണ്ട് ജോലിയാകല്‍ സുന്നത്താകുന്നു” (ശറഹുല്‍ മുഹദ്ദബ്, 4/548). ഇപ്രകാരം തന്നെ റൌള 1/551 ലും കാണാം).
ഖുത്വുബയുടെ മുമ്പ് ഉപര്യുക്ത പ്രസംഗം നടത്തുന്നതും അത് ശ്രവിക്കുന്നതും ആ സമയത്ത് ജനങ്ങള്‍ക്ക് സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് ജോലിയാകുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. വെള്ളിയാഴ്ച ദിവസം നബി(സ്വ)യുടെ മിമ്പറിനരികില്‍ വെച്ച് ശബ്ദിച്ചവരോട് നിങ്ങള്‍ ഇവിടെവെച്ച് ശബ്ദിക്കരുതെന്നും ജുമുഅ നിസ് കാരാനന്തരം നബി(സ്വ)യെ സമീപിച്ച് നിങ്ങളുടെ അഭിപ്രായാന്തരങ്ങളില്‍ ഞാന്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്നും ഉമര്‍(റ) പറഞ്ഞതായി നുഅ്മാനുബ്നു ബശീറി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നത് കാണുക: “വെള്ളിയാഴ്ച ദിവസമാണെങ്കിലും അല്ലെങ്കിലും പള്ളിയില്‍ ശബ്ദമുയര്‍ത്തുന്നത് കറാഹത്താണെന്നതിനും നിസ്കാരത്തിനുവേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഇല്‍മ് കൊണ്ടോ മറ്റോ ശബ്ദമുയര്‍ത്തിക്കൂടെന്നതിനും ഈ ഹദീസില്‍ രേഖയുണ്ട്. നിസ്കാരത്തില്‍ മേളിച്ചവര്‍ക്കും ദിക്റും സ്വലാത്തും ചൊല്ലിക്കൊണ്ടിരി ക്കുന്നവര്‍ക്കും അത് ശല്യമാകുമെന്നത് തന്നെ കാരണം” (ശറഹുമുസ്ലിം 13/277).
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാംറാസി(റ) എഴുതുന്നു: “വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന് മുമ്പ് വിജ്ഞാന ചര്‍ച്ചക്ക് വേണ്ടി സദസ്സ് സംഘടിപ്പിക്കുന്നതും വട്ടമിട്ട് ഇരിക്കുന്നതും കറാഹത്താണെന്ന് നാം ഉദ്ധരിച്ച ഹദീസ് അറിയിക്കുന്നുണ്ട്. ദിക്റ്, സ്വ ലാത്ത് എന്നിവ കൊണ്ട് ജോലിയാവുകയും പിന്നീട് ഖുത്വുബ ശ്രവിക്കുകയുമാണ് അവന്‍ വേണ്ടത്. നിസ്കാരാനന്തരം സദസ്സ് സംഘടിപ്പിക്കുന്നതിലും വട്ടമിട്ട് ഇരിക്കുന്നതിലും പന്തികേടൊന്നുമില്ല” (തഫ്സീറുല്‍ റാസി 4/15).
ഖത്ത്വാബി(റ)യുടെ വാക്കുകള്‍ കാണുക: “വിജ്ഞാനത്തിനും ചര്‍ച്ചക്കും നിസ്കാരത്തിന് മുമ്പ് വേദി സംഘടിപ്പിക്കുന്നത് കറാഹത്താണ്. ആ സമയത്ത് സ്വലാത് കൊണ്ട് ജോലിയാകാനും ശേഷം ഖുത്വുബ ശ്രവിക്കാനുമാണ് അവനോടുള്ള ആജ്ഞ. നിസ്കാരാനന്തരം സംഘടിക്കലും വട്ടമിട്ട് ഇരിക്കലും അനുവദനീയമാണ്” (ഇമാം സുയൂഥി(റ)യുടെ ശറഹുല്ലുംഅ, പേജ് 52).
മറ്റൊരു ശാഫിഈ പണ്ഢിതനായ ഇമാം ബഗ്വി(റ) ശറഹുസ്സുന്നയില്‍ എഴുതിയത് കാണുക: “വിജ്ഞാന ചര്‍ച്ചക്ക് വേണ്ടി നിസ്കാരത്തിന് മുമ്പ് വെള്ളിയാഴ്ച സദസ്സ് സം ഘടിപ്പിക്കുന്നത് കറാഹത്താണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സ്വലാത്ത്, ദിക്റ് എന്നിവ കൊണ്ട് ജോലിയാവുക, ശേഷം ഖുത്വുബ ശ്രവിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. നിസ്കാരശേഷം ഇതില്‍ പന്തികേടൊന്നുമില്ല” (മിര്‍ഖാത് 1/468).
ശാഫിഈ മദ്ഹബിലെ പ്രധാന പണ്ഢിതനായ ഇമാം സര്‍കശി(റ) എഴുതുന്നു: “നിസ് കാരത്തിന് മുമ്പ് വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നത് നിശ്ചയം കറാഹത്താകുന്നു. സ്വലാത്ത് കൊണ്ട് ജോലിയാകാനും ശേഷം ഖുത്വുബ ശ്രവിക്കാനുമാണ് ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്” (സര്‍ഖശിയുടെ ഇഅ്ലാമുസ്സാജിദ് ബി അഹ്കാമില്‍ മസാജിദ്, പേജ് 328, 329).
കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മാത്രമേ തങ്ങള്‍ രേഖയായി സ്വീകരിക്കുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്ക് ഇഅ്ലാമുസ്സാജിദ് തിരിച്ചടിയാണ്. കാരണം അത് ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥമാണ്. മാത്രമല്ല, കര്‍മശാസ്ത്ര പണ്ഢിതന്‍ പറഞ്ഞാലും മതിയാകില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ പറഞ്ഞെങ്കിലേ രേഖയായി ഗണിക്കാവൂ എന്ന വാദത്തിന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് വല്ല രേഖയും ഉദ്ധരിക്കാനാകില്ല. ഏതായാലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും അല്ലാത്തവയും ഉപര്യുക്ത തറപ്രസംഗത്തിന് കൂട്ടുനില്‍ക്കുന്നില്ല.
വെള്ളിയാഴ്ച ദിവസം അധ്യാപനം വേണ്ടെന്ന് വെച്ചതിന്റെ രഹസ്യമെന്താണെന്ന ചോ ദ്യത്തിന് മറുപടിയായി ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “വെള്ളിയാഴ്ച ദിവസം മുഅ്മിനുകളുടെ ആഘോഷ ദിവസമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അന്ന് അവ കൊ ണ്ട് ജോലിയാകല്‍ അനുയോജ്യമല്ല. ഇതാണ് അന്ന് അധ്യാപനവും മറ്റും വേണ്ടെന്ന് വെച്ചതിന്റെ രഹസ്യം” (അല്‍ഫതാവല്‍ കുബ്റ, 1/236).
എന്നാല്‍ ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ പറഞ്ഞ ഒരു വാക്കാണ് ഈ പ്രസംഗവാദികള്‍ രേഖയാക്കുന്നത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നതേ സ്വീകരിക്കൂ എന്ന് പറയുന്നവര്‍ ഇഹ്യാ കര്‍മശാസ്ത്ര ഗ്രന്ഥമല്ലെന്ന് ഓര്‍ക്കേണ്ടതാണ്. ഇഹ്യാഇന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന്റെ മുമ്പ് ഹല്‍ഖ സംഘടിപ്പിക്കുന്നത് നബി(സ്വ) വിരോധിച്ചത് കൊണ്ട് ആ ഹല്‍ഖയില്‍ ഹാജരാകല്‍ അനുയോജ്യമല്ല. പക്ഷേ, ഹല്‍ഖ സംഘടിപ്പിച്ചവന്‍ അല്ലാഹുവിനെ കൊണ്ടും അവന്റെ വിധിവിലക്കുകള്‍ കൊണ്ടും ജ്ഞാനിയാവുകയും അല്ലാഹുവിന്റെ ദീന്‍ സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പള്ളിയില്‍ വെച്ച് ഉത്ബോധനം നടത്തുകയും ചെയ്യുന്നുവെങ്കില്‍ ആ സദസ്സില്‍ പങ്കെടുക്കാവുന്നതാണ്.”
ഇഹ്യാഇന്റെ വാക്കുകള്‍ മുഴുക്കെയും പരിശോധിക്കുന്ന പക്ഷം ഇഹ്യാഅ് ഇക്കൂട്ട ര്‍ക്ക് കൂട്ടുനില്‍ക്കുന്നില്ലെന്ന് വ്യക്തമാകും. വെള്ളിയാഴ്ച പുലര്‍ച്ചയോ ജുമുഅ നിസ് കാര ശേഷമോ വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ അതില്‍ സംബന്ധിക്കാവുന്നതാണ്. ഇത് പറഞ്ഞ ശേഷമാണ് ഇഹ്യാഇന്റെ ഉപര്യുക്ത വാക്കുകള്‍. തുടര്‍ ന്നുള്ള വാക്കുകള്‍ കൂടി കാണുക:
“അല്ലാഹുവിന്റെ ദീന്‍ കാര്യങ്ങളെ കുറിച്ച് വെള്ളിയാഴ്ച രാവിലെ ഉത്ബോധനം നടത്തുന്നവന്റെ സദസ്സില്‍ പങ്കെടുത്താല്‍ പുലര്‍ച്ചെ പുറപ്പെടുക, വിജ്ഞാനങ്ങള്‍ ശ്രവിക്കുക, എന്നീ രണ്ട് സുന്നത്തുകള്‍ അവന് സമന്വയിപ്പിക്കാനാകും” (ഇഹ്യാഇന്റെ വ്യാ ഖ്യാന ഗ്രന്ഥമായ ഇത്ഹാഫ്, 3/373).
ചുരുക്കത്തില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന്റെ മുമ്പ് ഇഹ്യാ പറഞ്ഞ വിജ്ഞാ ന സദസ്സ് വെള്ളിയാഴ്ച പുലര്‍ച്ചെ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ്. ഇന്ന് ചിലര്‍ നടത്തുന്ന പോലെ ജുമുഅ സമയത്തോടടുത്തായി ബാങ്കിന് മുമ്പോ പിമ്പോ നടത്തുന്നത് സംബന്ധിച്ചല്ല. ജുമുഅക്ക് വേണ്ടി പുലര്‍ച്ചെ പുറപ്പെടുക, വിജ്ഞാനം ശ്രവിക്കുക എന്നീ രണ്ട് സുന്നത്തുകല്‍ അവന് സമന്വയിപ്പിക്കാനാകുമെന്ന പരാമര്‍ശം തന്നെ ഇതിന് വ്യക്തമായ തെളിവാണ്.
അബൂദാവൂദിന്റെ വ്യാഖ്യാനമായ ബദ്ലുല്‍ മജ്ഹൂദ് 6/769, 770ല്‍ എഴുതുന്നു: “നിസ്കാരത്തിന് മുമ്പ് സദസ്സ് സംഘടിപ്പിക്കുന്നത് വിരോധിക്കപ്പെടണമെന്ന് പറഞ്ഞത് സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതിനോടടുത്ത സമയത്താണ്. പ്രത്യുത വെള്ളിയാഴ്ച പുലര്‍ ച്ചെയാണെങ്കില്‍ വിജ്ഞാനത്തിന് വേണ്ടിയും മറ്റു ദീനീ കാര്യങ്ങള്‍ക്കുവേണ്ടിയും സദസ്സ് സംഘടിപ്പിക്കാവുന്നതാണ്.”
ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ ആകാമുന്നഫാഇസ് പേജ് 67ല്‍ എഴുതുന്നു: “(സ്ത്രീകള്‍ പെരുന്നാള്‍ നിസ്കാരത്തിന് പങ്കെടുത്തിരുന്ന കാലത്ത്) അവര്‍ സദസ്സില്‍ നിന്നകലെയായതുകൊണ്ട് ഖുത്വുബ ശ്രവിച്ചുകാണില്ലെന്നുവെച്ച് അതു കഴിഞ്ഞശേഷം നബി (സ്വ) അവരുടെ അരികില്‍ ചെന്ന് അവര്‍ക്ക് സ്വന്തമായി ഉപദേശം നടത്തിയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. എന്നാല്‍ അനറബികള്‍ പങ്കെടുത്ത ജുമുഅയില്‍ അവര്‍ ഖുത്വുബ ശ്രവിച്ച് കാണില്ലെന്നുവെച്ച് അവരുടെ ഭാഷയില്‍ അവര്‍ക്കുവേണ്ടി ഉത്ബോധനം നടത്തിയെന്ന് ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളിലൂടെയെങ്കിലും ഉദ്ധരിക്കപ്പെട്ടിട്ടില്ല. നബി(സ്വ)ക്ക് അവരുടെ ഭാഷ അറിയില്ലായിരിക്കുമെന്ന ഊഹാപോഹം ശരിയല്ല.”
ഒരു മദ്ഹബിന്റെയും പിന്‍ബലം ഈ തറപ്രസംഗത്തിനില്ലെന്ന് ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് ഗ്രാഹ്യമാകും.
No comments:
Post a Comment