Saturday, August 31, 2019

സംസം: ഒരു ശാസ്ത്രീയാന്വേഷണം


ﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

വിശുദ്ധ സംസം: ഒരു ശാസ്ത്രീയാന്വേഷണം● ജുനൈദ് ഖലീല്‍ സഖാഫി 0 COMMENTS

മുസ്ലിംകളുടെ വിശുദ്ധ നഗരിയായ മക്കയിലെ കഅ്ബയില്‍ നിന്ന് 20 മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കിണറിലെ വെള്ളമാണ് വിശുദ്ധ സംസം. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ഇബ്റാഹീം നബി(അ), പത്നി ഹാജറ ബീവി(റ)യെയും മകന്‍ ഇസ്മാഈല്‍(അ)നെയും മക്കയിലെ മരുഭൂമിയില്‍ തനിച്ചാക്കി യാത്രയായി. ദാഹിച്ച് വലഞ്ഞ് ഇസ്മാഈല്‍(അ) കരഞ്ഞപ്പോള്‍ ഹാജറാ ബീവി സ്വഫാ-മര്‍വാ കുന്നുകളിലേക്ക് വെള്ളമന്വേഷിച്ച് മാറിമാറി നടന്നു. വെള്ളം കിട്ടാതെ നിരാശയായി മടങ്ങിയെത്തിയ ബീവി അത്ഭുതകരമായ കാഴ്ചയാണ് കണ്ടത്. കുട്ടി കാലിട്ടടിക്കുന്ന ഭാഗത്ത് നിന്നു ശുദ്ധജലം ഉറവയെടുക്കുന്നു. ഉറവയുടെ ശക്തി കൂടിയപ്പോള്‍ ഹാജറാ ബീവി സംസം (അടങ്ങുക) എന്ന് പറഞ്ഞു. ഈ നീരുറവ പിന്നീട് സംസം കിണറായും അതിലെ വെള്ളം വിശുദ്ധ സംസമായും അറിയപ്പെട്ടു.

Saudi Geological Survey സ്ഥാപിച്ച zam zam studies and research centre  പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ സംസം കിണറിന്‍റെ ഘടനയും ജലശാസ്ത്രവും (Hydrogeology)യും കൃത്യമായി വിവരിക്കുന്നത് കാണാം.



സംസം കിണര്‍ 30.5 മീറ്റര്‍ ആഴത്തിലാണ്. ആന്തരിക വ്യാസം 1.08 മുതല്‍ 2.66 മീറ്റര്‍ വരെയും. ജലശാസ്ത്രപരമായി വിശുദ്ധ നഗരമായ മക്കയിലൂടെ പോകുന്ന വാദി ഇബ്റാഹീമിനുള്ളിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. വാദി അല്ലുവിയയിലെ പാറക്കെട്ടുകളില്‍ നിന്നും ഭൂഗര്‍ഭജലം ടാപ്പ് ചെയ്യുന്നു. കിണര്‍ ഇപ്പോള്‍ ഒരു ബേസ്മെന്‍റ് റൂമിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് കിണര്‍ വ്യക്തമായി കാണാന്‍ സാധിക്കും (www.sgs.org.sa).

പണ്ട് കാലങ്ങളില്‍ ഹജ്ജിനും ഉംറക്കും പോയവര്‍ക്ക് നേരിട്ട് വെള്ളം കോരിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ പ്രത്യക്ഷത്തിലായിരുന്നു സംസം കിണറുണ്ടായിരുന്നത്. എന്നാല്‍ ഹറം പള്ളി വികസിപ്പിച്ചതോടെ കിണറിനു മുകളില്‍ രണ്ടു നിലകള്‍ നിര്‍മിച്ചു. അതിനാല്‍ ഇപ്പോള്‍ സംസം കിണര്‍ നേരിട്ട് കാണാന്‍ സാധ്യമല്ല. ഇക്കാരണത്താല്‍ പണ്ട് കയറും ബക്കറ്റും ഉപയോഗിച്ചതിന് പകരം ഇലക്ട്രിക് പമ്പുകള്‍ ഉപയോഗിച്ചാണ് സംസം വെള്ളം കിണറില്‍ നിന്നെടുക്കുന്നത്. കിണര്‍ സ്ഥിതിചെയ്യുന്ന റൂമിലോ പരിസരത്തോ ഇപ്പോള്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കാറുമില്ല.



സംസം കിണറിനെ നന്നായി പോഷിപ്പിക്കുന്ന അക്വിഫറി (Aquifer-വെള്ളത്തെ ഉള്‍കൊള്ളാനും അതിനു ചലിക്കാനും ഇടം നല്‍കുന്ന പാറക്കെട്ടുകള്‍)ന്‍റെ ഫലപ്രദമായ നിരീക്ഷണത്തിനും പരിപാലനത്തിനും ശാസ്ത്രീയ പരിഹാരങ്ങള്‍ നല്‍കുകയും സംസം വിതരണത്തിന്‍റെ പരിശുദ്ധിയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യലാണ് സൗദി ജിയോളജിക്കല്‍ സര്‍വെ (SGS) യുടെ ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യത്തിനുവേണ്ടി ബഹുമുഖ പദ്ധതികള്‍ അധികൃതര്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

സംസം കിണറിന്‍റെ ജലനിരപ്പ് മുമ്പ് ലളിതമായ ഹൈഡ്രോഗ്രാഫ് ഡ്രം ഉപയോഗിച്ചായിരുന്നു നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായ തത്സമയ മള്‍ട്ടി പാരാമീറ്റര്‍ മോണിറ്ററിംഗ് സിസ്റ്റമാക്കി മാറ്റിയിരിക്കുന്നു. ഇതിലൂടെ ജലനിരപ്പ്, വൈദ്യുത ചാലകത, പിഎച്ച്, ഇഎച്ച്, താപനില എന്നിവയുടെ ഡിജിറ്റല്‍ രേഖ ലഭിക്കുന്നു. ഇവ ഫോണ്‍ കേബിള്‍ വഴിSGSന് ആക്സസ് ചെയ്യാന്‍ സാധിക്കും.

സംസം വെള്ളത്തിന്‍റെ ഹൈഡ്രോകെമിക്കല്‍(Hydrochemical), മൈക്രോബയല്‍ (Microbial) സവിശേഷതകള്‍ നിരീക്ഷിക്കലാണ് ZSRC യുടെ മറ്റൊരു പ്രധാന ചുമതല. വര്‍ഷങ്ങളായി എല്ലാ ആഴ്ചയും സംസം കിണറില്‍ നിന്നും മറ്റു ടാപ്പുകളില്‍നിന്നുമുള്ള വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് അതിലെ രാസ, സൂക്ഷ്മ ജീവി ഘടകങ്ങള്‍ പരിശോധിച്ച് സംസം ജലത്തിന്‍റെ ഗുണനിലവാരം ZSRC നിരീക്ഷിക്കുന്നു.



ZSRCയുടെ കണ്ടെത്തലനുസരിച്ച് സംസം കിണറില്‍നിന്നും ഒരു സെക്കന്‍റില്‍ 80 ലിറ്റര്‍ (അഥവാ 280 ക്യൂബിക് ഫീറ്റ്) വെള്ളമാണ് പുറത്തേക്കെത്തുന്നത്. പ്രതിദിനം 7 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഹറമില്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഹജ്ജിന്‍റെ സീസണാകുമ്പോള്‍ ഇത് 20 ലക്ഷത്തോളമായി ഉയരും. കൂടാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് ദിവസവും ഒന്നര ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യുന്നു. സീസണ്‍ കാലങ്ങളില്‍ ഇത് നാല് ലക്ഷത്തോളമാകും.

ഹറമില്‍ സംസം കുടിക്കാന്‍ വേണ്ടി ദിനേന 2 മില്യന്‍ ഡിസ്പോസിബിള്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കുവേണ്ടി ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നെത്തുന്ന ലക്ഷണക്കിനു വിശ്വാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ വലിയ കാനുകളില്‍ സംസം നിറച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. ഇത്രയധികം ഉപയോഗം നടന്നിട്ടും ഒരിക്കല്‍പോലും സംസം കിണര്‍ വറ്റിയിട്ടില്ലെന്നതാണ് ശാസ്ത്രത്തെപോലും അമ്പരപ്പിക്കുന്ന വലിയ അത്ഭുതം.



കിണറില്‍നിന്നു കൂടുതല്‍ ജലം വലിയ മോട്ടറുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനാല്‍ ജലനിരപ്പ് 12.76 മീറ്റര്‍ വരെ താഴാറുണ്ട്. എന്നാല്‍ വെറും പതിനൊന്ന് മിനിറ്റിനുള്ളില്‍ (660 സെക്കന്‍റ്) ജലനിരപ്പ് പൂര്‍വസ്ഥിതി പ്രാപിക്കുന്നു. പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്‍റെ ജലനിരപ്പ് മാറ്റം വരാതെ നിലനില്‍ക്കുന്നു എന്നതാണ് പ്രത്യേകത.



ഗവേഷണങ്ങള്‍

ശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അത്ഭുത ജലമാണ് സംസം. അതുകൊണ്ട് തന്നെ ആധുനിക ശാസ്ത്രം ഇതിന്‍റെ പ്രത്യേകതകളെ കുറിച്ച് ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1971-ല്‍ യൂറോപ്യന്‍ ലാബില്‍ സംസം ജലം പരീക്ഷണത്തിന് വിധേയമാക്കി. അണുനാശിനി എന്ന നിലക്ക് സംസമിന്‍റെ പ്രത്യേകതയും ഗുണകരമാംവിധം കാത്സ്യവും മാഗ്നീഷ്യവും അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.

പിന്നീട് സംസമിന്‍റെ പ്രത്യേകതകളെയും ഉറവിടങ്ങളെയും കുറിച്ച് പഠിക്കാനും കിണര്‍ ആഴത്തിലാക്കാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും വേണ്ടി സൗദി രാജാവ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് പ്രശസ്ത എഞ്ചിനീയറായ ഡോ. യഹ്യ ഹംസ കൊഷക്(Dr. Yahya Hamza Koshak)നെ ഏല്‍പ്പിച്ചു. ഗവേഷണത്തിന് വേണ്ടി അതിശക്തിയേറിയ നാല് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്കൊഴുക്കിയിട്ടും കിണറിലെ ജലനിരപ്പ് കുറഞ്ഞില്ലെന്ന് അദ്ദേഹം കണ്ടെത്തി. തന്‍റെ ഗവേഷണങ്ങള്‍ Zam Zam the Holy Water എന്ന പേരില്‍ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ zam zam Nourishment and curative (സംസം: പോഷണം, പ്രതിരോധം) എന്ന പേരില്‍ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബഹാസാ, മലായ്, ടര്‍ക്കിഷ് ഭാഷകളില്‍ ഡോക്യൂമെന്‍ററി ചിത്രം നിര്‍മിക്കുകയുമുണ്ടായി.

ജലഗവേഷണ ശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ജപ്പാനിലെ ശാസ്ത്രജ്ഞന്‍ ഡോ. മസാറാ ഇമാട്ടോ (Masaru Emoto) നടത്തിയ പരീക്ഷണങ്ങള്‍ സംസം വെള്ളത്തിന്‍റെ അമാനുഷികത വെളിപ്പെടുത്തുന്നതായിരുന്നു. ജപ്പാനില്‍ താമസിക്കുന്ന അറബി സുഹൃത്തിലൂടെ ലഭിച്ച സംസം വെള്ളത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ലോകത്തുള്ള മറ്റു ജലകണികകള്‍ക്കില്ലാത്ത ക്രിസ്റ്റല്‍ ഘടന സംസമിനുണ്ടെന്നും അതിന്‍റെ ഘടന മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും മൊസാറോ അഭിപ്രായപ്പെട്ടു. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ സംസമിന്‍റെ അരികില്‍ വച്ച് പാരായണം ചെയ്യുമ്പോള്‍ അതിന്‍റെ ക്രിസ്റ്റല്‍ ഘടനയില്‍ വ്യതിയാനം സംഭവിക്കുന്നതായും അദ്ദേഹം കണ്ടെത്തി. അപ്രകാരം തന്നെ ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം വെള്ളം കലര്‍ത്തിയാല്‍ ആ വെള്ളത്തിന് സംസമിന്‍റെ പ്രത്യേകതകള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. തന്‍റെ ഗവേഷണങ്ങള്‍ The messages from the water എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.



ഭക്ഷ്യ സവിശേഷതകളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന International Journal of Food properties  എന്ന പ്രസിദ്ധീകരണത്തില്‍ Nauman Khalid (Department of Global Agricultural Sciences, Graduate School of Agricultural and Life Science, The University of Tokyo, Japan), Asif Ahmed (Department of Food Technology, Pir Mehr Ali Shah Arid Agriculture University, Rawalpindi, Pakistan), Sumera Khalid (Department of Civil Engineering, University of Engineering and Technology, Taxila, Pakistan), Anwar Ahmed (Department of Food Technology, Pir Mehr Ali Shah Arid Agriculture University, Rawalpindi, Pakistan) Muhammed Irfan (Department of Civil Engineering, Graduate School of Engineering, the University of Tokyo, Japan) എന്നിവര്‍ ചേര്‍ന്നെഴുതിയ Mineral Composition and Health Functionality of Zamzam Water: A Review (സംസം ജലത്തിന്‍റെ ധാതു സംയോജനവും ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളും: ഒരു അവലോകനം) എന്ന പഠന റിപ്പോര്‍ട്ടില്‍ സംസം വെള്ളത്തിന്‍റെ ധാതു വിവരണം, കാറ്റേഷന്‍റെയും അയോണുകളുടെയും രസതന്ത്രം, ഐസോടോപ്പിക് കമ്പോസിഷന്‍, റേഡിയോളജിക്കല്‍ സവിശേഷതകള്‍, ക്രിസ്റ്റലോ ഗ്രാഫി, നാനോ ടെക്നോളജിക്കല്‍ വീക്ഷണം, രോഗശാന്തി ഗുണങ്ങള്‍, സംസം വെള്ളവും പുനരുല്‍പാദന സംവിധാനങ്ങളുടെ ഉത്തേജനവും, സംസം വെള്ളവും ദന്തക്ഷയവും, സംസം വെള്ളവും കൃഷിയും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



സംസവും ആത്മീയതയും

ഭൗതികമായ സവിശേഷതകളുള്ളതുപോലെ സംസമിന് ധാരാളം ആത്മീയമായ പ്രത്യേകതകളുമുണ്ട്. നബി(സ്വ) പറയുന്നു: സംസം വെള്ളം എന്തിന് വേണ്ടിയാണോ കുടിച്ചത് അതിന് വേണ്ടിയുള്ളതാണ് (ഇബ്നു മാജ). എന്ത് ഉദ്ദേശ്യം വച്ച് സംസം വെള്ളം കുടിച്ചാലും ആ കാര്യം സാധ്യമാവുമെന്നാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത്.

മറ്റൊരു ഹദീസില്‍ അവിടുന്ന് പറയുന്നു: ‘സംസം വെള്ളം എല്ലാ രോഗത്തിനും ശമനമാണ്.’ പല ആവശ്യങ്ങള്‍ക്കും രോഗശമനത്തിനും വേണ്ടി സംസം കുടിച്ച് ഫലം ലഭിച്ച ചരിത്ര, വര്‍ത്തമാന സംഭവങ്ങള്‍ ധാരാളമുണ്ട്.



വിമര്‍ശനങ്ങള്‍ അതിജയിച്ച സംസം

മറ്റ് വെള്ളങ്ങള്‍ക്കൊന്നുമില്ലാത്ത സംസമിന്‍റെ ഭൗതിക-ആത്മീയ പ്രത്യേകതകള്‍ ഇസ്ലാമിന്‍റെ ശത്രുക്കളെ എന്നും പ്രയാസപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സംസമിന്‍റെ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്താനുള്ള കുത്സിത ശ്രമങ്ങള്‍ വ്യാപകമായി നടത്തിവന്നു. അത്തരത്തിലള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സംസം വെള്ളത്തില്‍ അപകടകരമായ തോതില്‍ ആര്‍സെനിക് (Arsenic) അടങ്ങിയിട്ടുണ്ടെന്ന ബ്രിട്ടീഷ് എഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ മുന്നറിയിപ്പും 2011 മെയ് മാസത്തില്‍ ബിബിസി ലണ്ടനില്‍ വന്ന റിപ്പോര്‍ട്ടും. റിപ്പോര്‍ട്ട് വന്ന അതേ മാസംതന്നെ സംസം വെള്ളം കുടിക്കുന്നത് സുരക്ഷിതമാണെന്നും ബിബിസി റിപ്പോര്‍ട്ടിനോട് വിയോജിക്കുന്നുവെന്നും കൗണ്‍സില്‍ ഓഫ് ബ്രിട്ടീഷ് ഹാജീസ് പ്രസ്താവിച്ചിരുന്നുവെന്നത് മറ്റൊരു കാര്യം.

എന്നാല്‍ ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള ലിയോണിലെ (CARSO – LSEH) ലബോറട്ടറി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളത്തില്‍ ലോകാരോഗ്യ സംഘടന അനുവദിക്കുന്ന പരമാവധി ആര്‍സെനികിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ് സംസമിലെ ആര്‍സെനികിന്‍റെ അളവെന്നും അതിനാല്‍ സംസം മനുഷ്യ ഉപയോഗത്തിന് ഏറെ അനുയോജ്യമാണെന്നും കണ്ടെത്തുകയുണ്ടായി. ഈ പഠന റിപ്പോര്‍ട്ട് വച്ചായിരുന്നു സൗദി അധികൃതര്‍ ബിബിസിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്.

സംസം വെള്ളത്തിന്‍റെ പ്രത്യേകതകള്‍ ശരിവെക്കുന്ന ആധുനിക ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍  അവഗണിച്ച് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പേരില്‍ ബാലിശമായ ആരോപണങ്ങളുമായി പുണ്യജലത്തിന്‍റെ പ്രത്യേകതകളെ ഊതിക്കെടുത്താന്‍ വിഫല ശ്രമം നടത്തുന്ന ശാസ്ത്ര തീവ്രവാദികളായ നവനാസ്തികരും രംഗത്തുണ്ട്.

ശാസ്ത്രത്തെപോലും അത്ഭുതപ്പെടുത്തിയ വറ്റാത്ത നീരുറവയായ സംസം കിണര്‍ വറ്റിയെന്ന ആരോപണം വാപൊളിച്ചാണ് ലോകം ശ്രവിച്ചത്. സംസം കിണറിലെ വെള്ളം കൂടുതല്‍ പൈപ്പുകളിലേക്ക് പമ്പു ചെയ്യുന്നതിനുവേണ്ടി ഘടിപ്പിച്ച മോട്ടറുകളാണ് സംസം കിണര്‍ വറ്റിയെന്നതിന് ഇവര്‍ തെളിവായി പറയുന്നത്. ടാങ്കുകളില്‍ വെള്ളം സംഭരിക്കാന്‍ വേണ്ടി, ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവരുടെ വീട്ടിലെ കിണറുകളില്‍ പോലും മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവുമല്ലോ. ഈ മോട്ടോറുകള്‍ കാണിച്ച് അവരുടെ കിണറ്റിലെ വെള്ളം വറ്റിയിട്ടുണ്ടെന്ന് തെളിവ് പിടിക്കാമോ? ശാസ്ത്രീയമായോ ഭൂമിശാസ്ത്രപരമായോ യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നാസ്തിക തീവ്രവാദികളുടെ വൈജ്ഞാനിക വഞ്ചന കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...