ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
പെരുമാറ്റ ശാസ്ത്രം-2; നല്ല കൂട്ടുകാരെ സമ്പാദിക്കുക● റഹ്മത്തുല്ലാഹ് സഖാഫി എളമരം 0 COMMENTS
Earn Good Friends-Malayalam
നല്ല മനസ്സില്‍ നിന്നാണ് നല്ല പെരുമാറ്റത്തിന്‍റെ തുടക്കം. മനസ്സ് ദുഷിച്ചാല്‍ പെരുമാറ്റവും മോശമാകും. നാം വളരെ ബഹുമാനിക്കുകയും ഏറെ പ്രിയം വെക്കുകയും ചെയ്യുന്ന ഒരാളെ കണ്ടുമുട്ടിയാല്‍ ആദ്യം നമ്മുടെ മുഖം തെളിയും. ചുണ്ടുകളില്‍ വശ്യമായ പുഞ്ചിരി വിരിയും. നാവില്‍ നിന്ന് നല്ല വാക്കുകള്‍ പുറത്തുവരും. അദ്ദേഹത്തിന്‍റെ കരം കവരാനും ആലിംഗനം ചെയ്യാനും ശരീരം വെമ്പല്‍കൊള്ളും. അദ്ദേഹത്തോടുള്ള മനോഭാവം നന്നായപ്പോള്‍ പെരുമാറ്റവും നന്നായതാണ് ഇവിടെ കണ്ടത്.
ഇനി, ഒരാളോട് നമുക്ക് കടുത്ത വെറുപ്പും വിദ്വേഷവുമാണെങ്കിലോ? അയാളെ കാണുമ്പോള്‍ മുഖം കറുക്കുകയും ചുണ്ടുകള്‍ അവജ്ഞയോടെ കോടുകയും നാവില്‍ നിന്ന് ദുഷിച്ച വാക്കുകള്‍ ഉതിര്‍ന്നു വീഴുകയും ചെയ്യും. ചിലപ്പോള്‍ ഇടിയും തൊഴിയും തന്നെ നടന്നെന്നിരിക്കും. മികച്ച പെരുമാറ്റം പുറത്തുവരാന്‍ വിമലീകൃതമായ മനസ്സു വേണമെന്നു ചുരുക്കും.
സമൂഹത്തില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ നാം കണ്ടുമുട്ടും. അവരോടെല്ലാം അവരര്‍ഹിക്കുന്ന വിധത്തില്‍ വേണം പെരുമാറാന്‍. സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല കൂട്ടുകാരനായി മാറാന്‍ ശീലിക്കണം. വിശാലമായൊരു സൗഹൃദവലയം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. നബി(സ്വ) പറയുകയുണ്ടായി: സത്യവിശ്വാസി ഇണങ്ങുന്നവനും ഇണക്കപ്പെടാന്‍ കഴിയുന്നവനുമാണ്. ഇണങ്ങാനും ഇണക്കപ്പെടാനും പറ്റാത്തവനില്‍ നിന്ന് ഒരു നന്മയും വിളയില്ല (അഹ്മദ്, ത്വബ്റാനി).
സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുന്നതിന്‍റെ രണ്ടു രീതികളാണ് പ്രവാചകര്‍ ഇവിടെ പരാമര്‍ശിച്ചത്. ഒന്ന്, അങ്ങോട്ട് കയറി പരിചയപ്പെടുകയും ഇണങ്ങാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ്. ബസ് സ്റ്റോപ്പ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നവരാണ് നമ്മില്‍ പലരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊട്ടടുത്തിരിക്കുന്നവരോടൊന്ന് പുഞ്ചിരിക്കാന്‍, പരിചയപ്പെടാന്‍ തയ്യാറാവാതെ ആള്‍ക്കൂട്ടത്തില്‍ ഏകാന്തവാസം അനുഭവിക്കുന്നവരായി നാം മാറാറുണ്ടോ എന്ന് സ്വയം വിലയിരുത്തുക.
ഇത്തരം ഘട്ടങ്ങളില്‍ മറ്റൊരാള്‍ നമ്മോട് പരിചയപ്പെടാന്‍ വന്ന് പേരു ചോദിച്ചാല്‍ പേരു മാത്രം മറഞ്ഞ് മുഖം തിരിക്കുകയോ ഫോണിലേക്ക് ഊളിയിടുകയോ ചെയ്യുന്നവരുണ്ട്. സംസാരിക്കാന്‍ താല്‍പര്യമില്ലായ്മ ശരീര ഭാഷയിലൂടെ പ്രകടിപ്പിക്കുന്നവരും വ്യക്തമായി പറയുന്നവരും കുറവല്ല. ഇത്തരക്കാര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. അയാളിലേക്ക് തിരിഞ്ഞ് പുഞ്ചിരിച്ച് പേരു പറയുകയും അയാളുടെ പേരും നാടും അന്വേഷിക്കുകയും കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്യണം. ഇതാണ് ഇണക്കപ്പെടാന്‍ കഴിയുന്നവനാകണം എന്ന തിരുവചനത്തിന്‍റെ ഒരു പൊരുള്‍.
ജനങ്ങളുമായി അടുക്കാന്‍ മടിച്ച് ഉള്‍വലിയുന്നതും അന്തര്‍മുഖനായി മാറുന്നതും നമ്മുടെ നിലവാരം കുറക്കുക മാത്രമല്ല, സമൂഹത്തിന് നന്മകള്‍ സമ്മാനിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് കൂടി നാം മനസ്സിലാക്കണം.
ഒരാള്‍ നമ്മെ പരിചയപ്പെടാന്‍ വരുമ്പോള്‍ അയാള്‍ക്ക് തീര്‍ച്ചയായും ചില താല്‍പര്യങ്ങള്‍ കാണും. വിമാനം കാത്ത് ടെര്‍മിനലിലെ കസേരയിലിരിക്കുമ്പോള്‍ ഒരാള്‍ കുശലാന്വേഷണത്തിന് വരുന്നുണ്ടെങ്കില്‍ ഒരുപക്ഷേ അയാള്‍ ആദ്യമായി വിമാന യാത്ര നടത്തുന്നവനായിരിക്കും. അപരിചിതമായൊരു ലോകത്ത് അയാള്‍ നിങ്ങളില്‍ നിന്ന് യാത്രാ സംബന്ധമായ ചില സഹായങ്ങള്‍/അറിവുകള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. അത് ചോദിച്ചറിയാനുള്ള ആമുഖമാണ് ഈ പരിചയപ്പെടല്‍. അയാള്‍ക്ക് മുഖം കൊടുക്കാതിരുന്നാല്‍ സഹജീവിയെ സഹായിക്കാനുള്ള ഒരവസരമാണ് നഷ്ടപ്പെടുത്തുന്നത്. ഇത് കൊണ്ടാണ് ജനങ്ങളോട് ഇണങ്ങാന്‍ തയ്യാറില്ലാത്തവനില്‍ നിന്ന് ഒരു നന്മയും ഉത്ഭവിക്കില്ലെന്നു നബി(സ്വ) പറഞ്ഞത്.
അടുപ്പത്തിന്‍റെ തോതനുസരിച്ച് കൂട്ടുകാരെ മൂന്നായി തിരിക്കാം. ആത്മമിത്രങ്ങള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍. ഇതില്‍ രഹസ്യവും പരസ്യവും പങ്കുവെക്കാനും സന്തോഷത്തിലും സന്താപത്തിലും കൂട്ടുചേര്‍ക്കാനും പറ്റിയ അടുത്ത സ്നേഹബന്ധമുള്ള കൂട്ടുകാരാണ് ആത്മമിത്രങ്ങള്‍. ചില പ്രത്യേക കാര്യങ്ങളില്‍ മാത്രം സഹകരിപ്പിക്കുകയും പങ്കാളിയാക്കുകയും ചെയ്യുന്നവരാണ് സുഹൃത്തുക്കള്‍. ഇവരോട് എല്ലാ രഹസ്യങ്ങളും പറയാന്‍ പാടില്ല. മൂന്നാമതു പറഞ്ഞ പരിചയക്കാര്‍ യാത്രാവേളകളിലോ സദസ്സുകളിലോ മറ്റോ പരിചയപ്പെട്ടവരാണ്. സുഹൃത്തുക്കളോടുള്ളത്ര തന്നെ അടുപ്പം ഇവരോട് ഉണ്ടാകില്ല.
പരസ്പരം നന്മകള്‍ പങ്കുവെക്കാനാണല്ലോ നാം സുഹൃത്തുക്കളെ സമ്പാദിക്കുന്നത്. നന്മ വിളയുന്ന കാര്യത്തില്‍ മനുഷ്യര്‍ മരങ്ങളെ പോലെയാണെന്ന് ഇമാം ഗസാലി(റ). ചില മരങ്ങള്‍ക്ക് തണലുണ്ടാകും. എന്നാല്‍ ഫലമുണ്ടാകില്ല. മറ്റു ചിലതിന് ഫലങ്ങളുണ്ടാകും, തണലുണ്ടാകില്ല. വേറെ ചില മരങ്ങള്‍ക്ക് ഇവ രണ്ടുമുണ്ടാകും. മറ്റു ചില മരങ്ങള്‍ക്ക് തണലും ഫലവുമുണ്ടാകില്ല. ഇതു പോലെയാണ് സുഹൃത്തുക്കളും. ഇതില്‍ ഫലവും തണലും ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്നവരാണ്. തണലുണ്ട്, ഫലമില്ല എങ്കില്‍ അവര്‍ ഭൗതിക ലോകത്തേക്ക് മാത്രമുള്ള കൂട്ടുകാരാണ്. രണ്ടുമില്ലാത്തവര്‍ ശല്യക്കാരാണ്, മുള്ളു നിറഞ്ഞ മരങ്ങള്‍ പോലെ. ഉപകാരം തരില്ലെന്നു മാത്രമല്ല, ഉപദ്രവമേല്‍പിക്കുക കൂടി ചെയ്യുന്നതിനാല്‍ ഇത്തരക്കാരെ കൂട്ടുകാരാക്കി കുടുങ്ങാതിരിക്കുക.
(തുടരും)
No comments:
Post a Comment