Tuesday, March 5, 2019

ഇസ്റാഅ്- മിഅ്റാജ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ഇസ്റാഅ്- മിഅ്റാജ്
റസൂല്‍(സ്വ)ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം അബൂത്വാലിബും ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. ആമുല്‍ ഹുസ്ന് (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതി കഠിനമായ പീഡനങ്ങള്‍ക്കിടയിലാണ് വിരഹദുഃഖവും കൂടി നബി(സ്വ) പേറേണ്ടിവന്നത്. പ്രസ്ഥാനരക്ഷ ലക്ഷ്യം വെച്ച് ത്വാഇഫിലേക്ക് നബി(സ്വ) പലായനം ചെയ്തു. അവിടെ മര്‍ദനങ്ങള്‍ക്ക് കാഠിന്യം വര്‍ധിക്കുകയായിരുന്നു. ദുഃഖത്തിനുമേല്‍ ദുഃഖവുമായി നബി(സ്വ) മക്കയിലേക്ക് തിരിച്ചു. അപ്പോഴാണ് സ്നേഹിതനെ (ഹബീബിനെ) സ്നേഹിതന്‍ ആശ്വസിപ്പിക്കുന്നതും ആദരിക്കുന്നതും. ഈ സാന്ത്വനവും ആദരവുമാണ് ഇസ്റാഅ്-മിഅ്റാജ് സംഭവം.
പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അധ്യായനാമങ്ങളായി നല്‍കപ്പെട്ടതു കാണാം. മക്കാവിജയം (സൂറത്തുല്‍ ഫത്ഹ്), ജിന്നുകളുമായുള്ള സംഗമം (സൂറത്തുല്‍ ജിന്ന്), ചന്ദ്രന്‍റെ പിളര്‍പ്പ് (സൂറത്തുല്‍ ഇന്‍ശിഖാഖ്) തുടങ്ങിയവ ഉദാഹരണം. ഇതില്‍ ദീര്‍ഘമായ അധ്യായമാണ് സൂറത്തുല്‍ ഇസ്റാഅ്. മറ്റൊരധ്യായം സൂറത്തുന്നജ്മിലും ഇത് സംബന്ധമായ പരാമര്‍ശങ്ങള്‍ കാണാം.
പ്രവാചകത്വത്തിന്‍റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസം നബി(സ്വ) പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ്രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ വരുന്നു. അവര്‍ നബിയെ സംസം കിണറിനരികിലേക്ക് കൊണ്ടുപോയി, അവിടെ നബിയുടെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, വിജ്ഞാനം നിറച്ചു. നടക്കാനിരിക്കുന്ന യാത്രയുടെ അനുഭവങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള ആത്മീയ പാകത കൈവരുത്തലാകാം ലക്ഷ്യം.
ജിബ്രീല്‍(അ) ‘ബുറാഖ്’ എന്ന പ്രത്യേക വാഹനവുമായാണ് വന്നത്. ജിബ്രീല്‍ ബുറാഖിനോട് പറഞ്ഞു: അല്ലാഹു സത്യം, നിന്‍റെ മേല്‍ നബിയേക്കാളും മഹത്ത്വമുള്ള ഒരാളും ഇന്നുവരെ കയറിയിട്ടില്ല.’ നബി(സ്വ) ബുറാഖില്‍ കയറി, നബിയെ ജിബ്രീല്‍(അ) ഒരുമാസം ഒട്ടകയാത്ര നടത്താന്‍ ദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് രാപ്രയാണം നടത്തിച്ചു. മറ്റു പ്രവാചകന്മാര്‍ അവരുടെ യാത്രാമൃഗങ്ങളെ കെട്ടിയിടാറുള്ള വട്ടക്കണ്ണിയില്‍ നബിയുടെ ബുറാഖിനെ ബന്ധിച്ചു. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞാന്‍ ഇസ്റാഇന്‍റെ രാത്രിയില്‍ ഖബ്റില്‍ വെച്ച് നിസ്കരിക്കുന്ന മൂസാനബി(അ)യുടെ അരികിലൂടെ നടന്നു.’ ബൈത്തുല്‍ മുഖദ്ദസില്‍ നബി(സ്വ) പ്രവേശിച്ചു. അവിടെ പൂര്‍വിക പ്രവാചകന്മാര്‍ സംഗമിച്ചിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കി നബി(സ്വ) നിസ്കാരം നിര്‍വഹിച്ചു.
മദ്യത്തിന്‍റെയും പാലിന്‍റെയും പാത്രങ്ങളുമായി ജിബ്രീല്‍(അ) നബിയെ സമീപിച്ചു. നബി(സ്വ) പാല്‍ തിരഞ്ഞെടുത്ത് മദ്യം വര്‍ജ്ജിച്ചു. ഈ പ്രവര്‍ത്തനത്തെ ജിബ്രീല്‍(അ) പ്രത്യേകം പ്രകീര്‍ത്തിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ബൈതുല്‍ മുഖദ്ദിസ് വരെയുള്ള ഈ രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്. സൂറത്തുല്‍ ഇസ്റാഇല്‍ ഇങ്ങനെ പറയുന്നു: ‘തന്‍റെ അടിമയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ചുറ്റുഭാഗവും ബറകത്ത് നല്‍കിയ മസ്ജിദുല്‍ അഖ്സ വരെ രാത്രിയില്‍ പ്രയാണം ചെയ്യിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ (17/1).
ഇസ്റാഇനെത്തുടര്‍ന്ന് മിഅ്റാജ് സംഭവിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘പിന്നീട് ഞാന്‍ ഒന്നാം വാനലോകത്തേക്ക് ആനയിക്കപ്പെടുകയായി. ജിബ്രീല്‍(അ) വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നിങ്ങളാര്? ജിബ്രീലിനോട് ചോദ്യം. ജിബ്രീല്‍: ഞാന്‍ ജിബ്രീല്‍, നിങ്ങളുടെ കൂടെ? ജീബ്രീല്‍ പറഞ്ഞു: മുഹമ്മദ്. ഓ, മുഹമ്മദിലേക്ക് ദൂതരെ അയക്കപ്പെട്ടുവോ? ഈ ചോദ്യം എല്ലാ വാനലോകങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. നബി(സ്വ)യുടെ ആഗമനസംബന്ധമായി മലക്കുകളുടെ ലോകത്ത് നേരത്തേ പ്രചാരമുണ്ടായിരുന്നതായി ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാനലോകങ്ങളില്‍ പ്രവാചകപ്രമുഖരും മലക്കുകളും നബിയെ ഊഷ്മളമായി സ്വീകരിച്ചു. പ്രഥമ ആകാശത്ത് ആദം നബിയും രണ്ടില്‍ ഈസാ, യഹ്യ (അ) എന്നീ പ്രവാചകന്മാരും മൂന്നാം വാനലോകത്ത് യൂസുഫ് (അ)മും നാലാം ആകാശത്ത് ഇദ്രീസ് (അ)മും ഹാറൂന്‍ നബി (അ) അഞ്ചാം വാനത്തിലും ആറാം ആകാശത്തില്‍ മൂസാ നബി(അ)യും അവസാനമായി ഇബ്റാഹിം നബി(അ)യും നബി(സ്വ)യെ എതിരേറ്റു. പ്രവാചകന്മാര്‍ നബിയെ സ്വാഗതം ചെയ്തത് സംബന്ധമായി ഹദീസുകളില്‍ ഇങ്ങനെ കാണാം: ‘എനിക്ക് സ്വാഗതമോതുകയും നന്മകൊണ്ട് എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.’
ഇബ്റാഹിം നബി(അ)നെ കണ്ട സംഭവം വിശദീകരിച്ചുകൊണ്ട് നബി(സ്വ) വ്യക്തമാക്കിയത് ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഇബ്റാഹിം നബി(അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരിനില്‍ക്കുന്നു. എല്ലാദിവസവും എഴുപതിനായിരം മലക്കുകള്‍ ഈ ഭവനത്തിലേക്ക് പ്രവേശിക്കും. പിന്നീടൊരിക്കലും അവരതില്‍ നിന്ന് തിരിച്ചുപോകുന്നില്ല.’ ബൈത്തുല്‍ മഅ്മൂര്‍ മാത്രമല്ല ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഈ അത്യത്ഭുത വാനയാത്രയില്‍ നബി(സ്വ) ധാരാളം അതുല്യ ദര്‍ശനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
റസൂല്‍(സ്വ) പറഞ്ഞു: ‘ഞാന്‍ ഒരു വിഭാഗത്തിന്‍റെ അരികിലൂടെ കടന്നുപോയി, ചെമ്പ് നിര്‍മിത നഖങ്ങളാണ് അവര്‍ക്കുള്ളത്. അവര്‍ ആ നഖങ്ങള്‍ കൊണ്ട് മുഖങ്ങളും നെഞ്ചുകളും കീറിപ്പറിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു; ജിബ്രീല്‍ ഇവര്‍ ആരാണ്? ജിബ്രീല്‍(അ) പറഞ്ഞു: അവര്‍ സമൂഹത്തിന്‍റെ മാംസങ്ങള്‍ ഭക്ഷിക്കുന്ന(ആളുകളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന)വരും അവരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിക്കുന്നവരുമാണ്.’
മറ്റൊരു സംഭവം ഇങ്ങനെ: ‘ഒരു സമൂഹത്തിനരികിലൂടെ നബി നീങ്ങി, അവര്‍ അവരുടെ തലകള്‍ പാറക്കല്ലുകൊണ്ട് ഉടക്കുന്നു. ഉടച്ചുകഴിയുമ്പോള്‍ തലകള്‍ പൂര്‍ണസ്ഥിതി പ്രാപിക്കുന്നു. അവരീ അവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നബി(സ്വ) ചോദിച്ചു: ജിബ്രീല്‍ അവര്‍ ആരാണ്? ഇവരുടെ തലകള്‍ക്ക് നിര്‍ബന്ധ നിസ്കാര നിര്‍വഹണം ഭാരമായിരുന്നു.’ (നിസ്കരിക്കാന്‍ മടിയന്മാരാണെന്നര്‍ത്ഥം).
‘നബി(സ്വ) വേറെ ഒരു വിഭാഗത്തിന്‍റെ സമീപത്തുകൂടി നടന്നുനീങ്ങി. അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ മാംസത്തിന്‍റെ ചട്ടിയുമുണ്ട്. സുന്ദരവും പാകവുമായ ചട്ടിയിലെ മാംസം ഭക്ഷിക്കാതെ അവര്‍ ചീത്തയായ പാകമാകാത്ത ചട്ടിയിലെ മാംസം ഭക്ഷിക്കുന്നു. നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്? ജിബ്രീല്‍ പറഞ്ഞു: അനുവദനീയവും നല്ലതുമായ ഭാര്യയെ ഉപേക്ഷിച്ച് ചീത്ത സ്ത്രീയെ സമീപിക്കുന്ന പുരുഷനും നല്ല ഭര്‍ത്താവിനെ കയ്യൊഴിച്ച് ചീത്ത പുരുഷനെ സമീപിക്കുന്ന സ്ത്രീയുമാണ്. ഇത്തരം നിരവധി സംഭവങ്ങള്‍ മിഅ്റാജില്‍ നബി ദര്‍ശിച്ചതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ഈ അത്യത്ഭുതങ്ങളുടെ ദര്‍ശനശേഷം നബി(സ്വ) ‘സിദ്റത്തുല്‍ മുന്‍തഹ’ എന്ന വൃക്ഷത്തിന്‍റെ പരിസരത്തേക്ക് നീങ്ങി, അവിടെ നബിയുടെ ആഗമന കാരണമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഹദീസുകളില്‍ കാണാം: ‘പിന്നീട് സിദ്റത്തുല്‍ മുന്‍തഹയിലേക്ക് ജിബ്രീല്‍(അ) എന്നെ കൊണ്ടുപോയി, ആ വൃക്ഷത്തിന്‍റെ ഇലകള്‍ ആനയുടെ ചെവി പോലെയുണ്ട്. വലിയ പാത്രങ്ങള്‍ പോലെയാണ് അതിന്‍റെ കായകള്‍, അല്ലാഹുവിന്‍റെ പ്രത്യേക കാരുണ്യം ആവരണം  ചെയ്തപ്പോള്‍ അതിന് ആകെ മാറ്റം സംഭവിച്ചിരിക്കുന്നു. അതു വര്‍ണിക്കാന്‍ സൃഷ്ടികള്‍ക്കു സാധ്യമല്ല’ (അഹ്മദ്).
പിന്നീട് സ്വര്‍ഗത്തിന്‍റെ പലദൃശ്യങ്ങളും നബി(സ്വ) കണ്ടതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘ഇസ്റാഅ് രാത്രി നബി(സ്വ) സ്വര്‍ഗത്തില്‍ പ്രവേശിച്ചു. സ്വര്‍ഗത്തിന്‍റെ പാര്‍ശ്വത്തില്‍ നേരിയ ശബ്ദം ശ്രവിച്ചു. റസൂല്‍(സ്വ) ചോദിച്ചു. ജിബ്രീല്‍ ഇതെന്താണ്? ജിബ്രീല്‍ പറഞ്ഞു: ഇത് വാങ്ക് വിളിക്കുന്ന ബിലാല്‍.’
തിരിച്ചുവന്ന നബി(സ്വ) പറഞ്ഞു: തീര്‍ച്ച, ബിലാല്‍ വിജയിച്ചു. ബിലാലിന് ഞാന്‍ ധാരാളം (സ്വര്‍ഗീയ) ഗുണങ്ങള്‍ ദര്‍ശിച്ചു, ഈ ദൃശ്യങ്ങള്‍ക്കെല്ലാം ശേഷം നബി മാത്രം വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ അല്ലാഹു നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് വെച്ച് റബ്ബുമായി നബി(സ്വ) അതുല്യവും അത്യാനന്ദദായകവുമായ, നബിക്ക് മാത്രം നല്‍കപ്പെട്ട ‘മുനാജാത്ത്’ സംഭാഷണം നിര്‍വഹിച്ചു. അവിടെ വെച്ചാണ് അമ്പത് നിസ്കാരങ്ങള്‍ സമൂഹത്തിന് സമ്മാനമായി നബിക്ക് അല്ലാഹു സമര്‍പ്പിക്കുന്നത്. നിസ്കാരം ഏറ്റുവാങ്ങി നബി(സ്വ) മടക്കയാത്ര ആരംഭിക്കുന്നു. വഴിയില്‍ മൂസാ നബിയെ കണ്ടുമുട്ടി. മൂസാനബി(അ) വിവരങ്ങളാരാഞ്ഞു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ തിരിച്ചുചെന്ന് നിസ്കാരം സമുദായത്തിന് ലഘൂകരിച്ച് തരാനാവശ്യപ്പെടണം. തീര്‍ച്ച നിങ്ങളുടെ സമുദായത്തിന് ഇത് നിര്‍വഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ഇത്തരം വിഷയത്തില്‍ ബനൂ ഇസ്റാഈലിനെ പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ തിരിച്ചുപോയി നബി(സ്വ) ആവശ്യമുന്നയിച്ചു. പല തവണ ഇതാവര്‍ത്തിച്ചു. നബി(സ്വ) തന്നെ പറയുന്നു: മൂസാനബിയുടെയും എന്‍റെ റബ്ബിന്‍റെയും ഇടയില്‍ ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. അഞ്ച് വീതം ചുരുക്കുകയും ചെയ്തു. പത്താം തവണ തിരിച്ചുപോകണമെന്ന് മൂസാനബി ആവശ്യപ്പെട്ടുവെങ്കിലും നബി(സ്വ) പറഞ്ഞു: തീര്‍ച്ച ഞാന്‍ ഇനിയും പോകാന്‍ ലജ്ജിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ഈ അത്ഭുതദൃശ്യങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: നാം മുഹമ്മദ് (സ്വ)ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ പലതും കാണിക്കാന്‍ വേണ്ടി (ഇസ്റാഅ്/1). ഇതിനെ സംബന്ധിച്ച് തന്നെ സൂറത്തുന്നജ്മില്‍; തീര്‍ച്ച, അവിടുന്നു അവിടുത്തെ രക്ഷിതാവിന്‍റെ വന്‍ ദൃഷ്ടാന്തങ്ങളില്‍ പലതും കണ്ടിട്ടുണ്ട് (സൂക്തം 18).
ജിബ്രീലൊന്നിച്ച് നബി വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു. ദര്‍ശിച്ച അത്ഭുതങ്ങളെ സംബന്ധിച്ച് ജിബ്രീലുമായി അവിടുന്ന് പങ്കുവെക്കുന്നത് കാണുക: ‘വാനലോകത്തുള്ളവരെല്ലാം എന്നെ സ്വാഗതം ചെയ്തു. എല്ലാവരും എന്നോട് പുഞ്ചിരിച്ചു. എന്നാല്‍ ഒരാള്‍ അങ്ങനെ ചെയ്തില്ല. ഞാന്‍ സലാം ചൊല്ലി, സലാം മടക്കി സ്വാഗതം ചെയ്തു. പക്ഷേ, പുഞ്ചിരിച്ചില്ല, ഇതെന്താണ്? ജിബ്രീല്‍ (അ) പറഞ്ഞു: നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കാണത്. അദ്ദേഹം സൃഷ്ടിക്കപ്പെട്ടതുമുതല്‍ ഒരിക്കലും ചിരിച്ചിട്ടില്ല. ആരോടെങ്കിലും മാലിക് ചിരിക്കുമായിരുന്നുവെങ്കില്‍ അങ്ങയോട് ചിരിക്കുമായിരുന്നു.’
നബി(സ്വ) സുബ്ഹിക്ക് മുമ്പ് മക്കയില്‍ തിരിച്ചെത്തി. ദര്‍ശിച്ച അത്ഭുതങ്ങള്‍ സമൂഹവുമായി പങ്കുവെച്ചു. പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. ഇത് പരസ്യപ്പെടുത്തിയാല്‍ സമൂഹം ഒന്നടങ്കം അംഗീകരിക്കില്ലെന്ന ധാരണ നബിക്കുണ്ട്; പരിഹാസത്തിന് കാരണമാകുമെന്ന ബോധവുമുണ്ട്. ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘കൂക്കിവിളിക്കുന്നവര്‍ക്കും കളവാണെന്ന നിലക്ക് അത്ഭുതം പ്രകടിപ്പിച്ച് തലക്കുമേല്‍ കൈവെക്കുന്നവര്‍ക്കുമിടയിലാണ് പ്രവാചകന്‍. ഈ പശ്ചാത്തലത്തില്‍ ശത്രുസമൂഹത്തില്‍ ചിലര്‍ നബിയോട് ആവശ്യപ്പെട്ടതിങ്ങനെ: ഞങ്ങള്‍ കണ്ട ബൈത്തുല്‍ മുഖദ്ദസിലെ, മസ്ജിദുല്‍ അഖ്സയിലെ വിശേഷണങ്ങള്‍ പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അവരുടെ കൂട്ടത്തില്‍ ഈ പ്രദേശവും പള്ളിയും നേരില്‍ക്കണ്ട പലരുമുണ്ട്. ഈ ചോദ്യത്തിന്‍റെ മറ്റൊരു റിപ്പോര്‍ട്ട്: ‘മുഹമ്മദ്, ഞാന്‍ ബൈത്തുല്‍മുഖദ്ദസിനെ സംബന്ധിച്ച് നന്നായി അറിയുന്നവനാണ്. അതിന്‍റെ നിര്‍മാണം എങ്ങനെ? രൂപമെങ്ങനെ? പര്‍വതവുമായുള്ള സാമീപ്യമെങ്ങനെ?’
യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിരവധി പ്രാവശ്യം ദര്‍ശിച്ചവര്‍ക്കുപോലും അതിന്‍റെ എല്ലാ രൂപഭാഗങ്ങളും വര്‍ണിക്കുക അസാധ്യമായിരിക്കും. പക്ഷേ ഇവിടെ റസൂല്‍(സ്വ) അതിനെ പൂര്‍ണമായി വര്‍ണിക്കുക തന്നെ ചെയ്തു.
ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണുക: “ഖുറൈശികള്‍ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള രാപ്രയാണ സന്ദര്‍ഭത്തില്‍ എന്നെ കളവാക്കിയപ്പോള്‍ ഞാന്‍ കഅ്ബത്തിന്‍റെ പരിസരത്ത് എഴുന്നേറ്റുനിന്നു. അല്ലാഹു ബൈത്തുല്‍ മുഖദ്ദസ് എനിക്ക് മുമ്പില്‍ വെളിപ്പെടുത്തി. അതിലേക്ക് നോക്കി അവിടെയുള്ള ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് ഞാന്‍ അവരോട് പറയാന്‍ തുടങ്ങി. അബൂജഹ്ലിന്‍റെ നേതൃത്വത്തിലാണ് ഇസ്റാഅ് മിഅ്റാജ് നിഷേധത്തിന്‍റെ ഇത്തരം പ്രതികരണങ്ങള്‍ അരങ്ങേറിയത്. അബൂജഹ്ല്‍ തന്നെ പറയുന്നതായി കാണാം:
‘മുഹമ്മദ് അവകാശപ്പെടുന്ന വിഷയത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ. മുഹമ്മദ് ഇന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസില്‍ പോയത്രെ, ഇന്ന് രാവിലെ തിരിച്ചെത്തിയിരിക്കുന്നു! വാഹനത്തില്‍ ഒരുമാസം അവിടെയെത്താനും ഒരു മാസം തിരിച്ചുവരാനും വേണം. രണ്ട് മാസത്തെ യാത്ര ഒരൊറ്റ രാത്രികൊണ്ട് മുഹമ്മദ് ചെയ്തുവത്രെ.’
അബൂജഹ്ലിന്‍റെ അനുയായികളുടെ വിമര്‍ശനങ്ങളെ നബി ശക്തിയായിത്തന്നെ നേരിട്ടു. അവിശ്വാസികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത വിവിധ തെളിവുകളിലൂടെ യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്തി. മുശ്രിക്കുകളില്‍ ചിലര്‍ നബി(സ്വ)യോട് ചോദിച്ചു: നിങ്ങളീ പറയുന്നതിന് വല്ല അടയാളവുമുണ്ടോ?
നബി(സ്വ) വിവരിച്ചു: ഞാന്‍ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് മക്കയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് മക്കക്കാരായ ഖുറൈശികളുടെ ഒരു ഒട്ടക സംഘത്തെ കണ്ടു. ഒരു ഒട്ടകം ഞങ്ങളുടെ വരവ് കണ്ടു വിരണ്ട് വട്ടംചുറ്റി. കൂട്ടത്തില്‍ ഒരൊട്ടകത്തിന്‍റെ നെറ്റിയില്‍ രണ്ടു പുള്ളികളുണ്ട്. കറുത്ത പുള്ളിയും വെളുത്ത പുള്ളിയും. ആ ഒട്ടകം വീണു, അതിന് പരിക്കുപറ്റി.
ദിവസങ്ങള്‍ കഴിഞ്ഞു ഒട്ടകസംഘം തിരിച്ചെത്തി. സംഘത്തോട് മക്കയിലെ ശത്രുക്കള്‍ വിവരങ്ങളന്വേഷിച്ചു. നബി(സ്വ) പറഞ്ഞതുപോലെ അവര്‍ പറയുകയുയുണ്ടായി.
യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഇതംഗീകരിക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അബൂബക്കര്‍ സിദ്ദീഖ്(റ) ശക്തമായ നേതൃത്വം നല്‍കി. ഇമാം ബൈഹഖി(റ) ആഇശ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു:
‘റസൂല്‍(സ്വ) മസ്ജിദുല്‍ അഖ്സയിലേക്ക് രാപ്രയാണം നടത്തിയ പ്രഭാതത്തില്‍ ജനങ്ങള്‍ ഇതൊരു സംസാരവിഷയമാക്കി. നേരത്തെ വിശ്വാസികളായി പ്രത്യക്ഷത്തില്‍ രംഗത്തുണ്ടായിരുന്ന ചിലര്‍ ഇതിന്‍റെ മറവില്‍ ഇസ്ലാം കയ്യൊഴിച്ചു. അവര്‍ അബൂബക്കര്‍ സിദ്ദീഖ്(റ)വിനെ സമീപിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരനെ (മുഹമ്മദിനെ) സംബന്ധിച്ച് വല്ലതും പറയാനുണ്ടോ? രാത്രി ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രയാണം നടത്തിയതായി അവകാശപ്പെടുന്നു. അബൂബക്കര്‍(റ) ചോദിച്ചു: മുഹമ്മദ്(സ്വ) അങ്ങനെ പറഞ്ഞോ? അവര്‍ പറഞ്ഞു; അതേ. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു: ‘മുഹമ്മദ്(സ്വ) അതു പറഞ്ഞുവെങ്കില്‍ തീര്‍ച്ച, അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ.’
അവര്‍ വീണ്ടും ചോദിച്ചു: ഒരൊറ്റ രാത്രി ബൈത്തുല്‍ മുഖദ്ദസിലെത്തി പ്രഭാതത്തിനുമുമ്പ് തിരിച്ചുവന്നുവെന്ന മുഹമ്മദിന്‍റെ അവകാശവാദം നിങ്ങളംഗീകരിക്കുകയോ? അബൂബക്കര്‍(റ) പറഞ്ഞു: അതേ, അതിനേക്കാള്‍ വിദൂരമായ യാഥാര്‍ത്ഥ്യങ്ങളും ഞാന്‍ അംഗീകരിക്കും.
അബൂബക്കര്‍(റ)ന് ‘സിദ്ദീഖ്’ എന്ന മഹദ്നാമം ലഭിക്കാനുള്ള കാരണങ്ങളിലൊന്നായി ഈ അംഗീകാരത്തെ പല ചരിത്രഗ്രന്ഥങ്ങളും വിശദീകരിച്ചിട്ടുണ്ട്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....