Tuesday, January 8, 2019

മൗദൂദികളേ, കാക്ക കുളിച്ചാൽ കൊക്കാകുമോ?

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മൗദൂദികളേ, കാക്ക കുളിച്ചാൽ കൊക്കാകുമോ?● റഹ്മത്തുല്ലാഹ് സഖാഫി എളമരം 0 COMMENTS
JAMATHE ISLAMEE - MALAYALAM
ഇസ്‌ലാമിന്റെ ആത്യന്തിക ലക്ഷ്യം രാഷ്ട്ര ഭരണം നേടിയെടുക്കലാണെന്നു പ്രഖ്യാപിച്ച് രംഗത്തുവന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. 1940കളുടെ തുടക്കത്തിൽ ഇന്ത്യാ വിഭജനത്തെ കുറിച്ച് ചർച്ച നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മൗദൂദി ഈയൊരു ലക്ഷ്യത്തിനായി സംഘടന രൂപീകരിക്കുന്നതെന്നതെന്നതും ശ്രദ്ധേയമാണ്. വിഭജനം നടന്നാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വരാൻ സാധ്യതയുള്ള പുതിയ രാഷ്ട്രത്തിന്റെ നിയന്ത്രണം മുന്നിൽകണ്ടായിരുന്നു മൗദൂദിയുടെ കരുനീക്കങ്ങൾ. മത കാര്യത്തിൽ അതിവൈകാരികത പ്രകടിപ്പിച്ചാൽ വൻതോതിലുള്ള മുസ്‌ലിം പിന്തുണ തനിക്കു ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ജിന്നയുടെയും മറ്റും രാഷ്ട്രീയ കൗശലത്തിൽ മൗദൂദിയുടെ (കു)യുക്തി പച്ചതൊട്ടില്ല!

തന്റെ നേതൃത്വത്തിലൊരു ഇസ്‌ലാമിസ്റ്റ് ഭരണം സ്വപ്നം കണ്ട മൗദൂദിയും ജമാഅത്തുകാരും ജനാധിപത്യത്തിനെതിരെ കർശന നിലപാടെടുത്തു. അത് താഗൂത്ത് അഥവാ പൈശാചികമാണെന്നും തന്റെ കാഴ്ചപ്പാടിലുള്ളത് ദൈവികമാണെന്നും പ്രചരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിൽ നിന്ന് വായിക്കാം: ‘ദൈവികമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയിൽ താൻ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിർമാണസഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിൻ കീഴിൽ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കൈയ്യൊഴിയുക (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന: പേ. 15-16).



1996 വരെയുള്ള ഭേദഗതി വരുത്തിയ കോപ്പിയിൽ നിന്നാണിത്  ഉദ്ധരിച്ചത്. ഒരു രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട രണ്ടു വേദികളാണ് പാർലമെന്റും കോടതിയും. ഈ രണ്ടിടത്തും ജമാഅത്തെ ഇസ്‌ലാമിയിൽ അംഗങ്ങളായവർ ഉണ്ടാകാൻ പാടില്ലെന്നും ഈ ആശയമംഗീകരിക്കുന്നവരാണ് യഥാർത്ഥ മുസ്‌ലിമെന്നുമാണ് ഇവരുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നത്.

മൗദൂദി തന്റെ ലക്ഷ്യം നേടാതെ മരണപ്പെട്ടുവെങ്കിലും അനുയായികൾ ഈ ആശയവുമായി മുന്നോട്ടുപോയി. മറ്റുള്ളവർ സുന്നി, സലഫി, മുജാഹിദ് എന്നൊക്കെ ഉപയോഗിച്ചപ്പോഴും ഇസ്‌ലാമിക പ്രസ്ഥാനം തങ്ങളുടെ കുത്തകയാണെന്ന ധാർഷ്ട്യത്തിൽ ജമാഅത്തണികൾ പുളകംകൊണ്ടു. മറ്റു മുസ്‌ലിം സംഘടനകൾ നേതൃസ്ഥാനത്തുള്ളവർക്ക് പ്രസിഡന്റ്, സെക്രട്ടറി പോലുള്ള പദവികൾ നൽകിയപ്പോൾ ജമാഅത്തുകാർ ഖിലാഫത്ത് തങ്ങൾക്കാണെന്ന് വരുത്തിത്തീർക്കാൻ അമീർ, ഖയ്യിം, മജ്‌ലിസുശ്ശൂറാ തുടങ്ങിയ അറബിപ്പേരുകൾ ചാർത്തിയെടുത്തു.

ഇസ്‌ലാമിക സ്പിരിറ്റ് പ്രകടിപ്പിച്ച് മുസ്‌ലിം പിന്തുണയും അതുവഴി അധികാരവും നേടിയെടുക്കാമെന്നായിരുന്നു ഈ നാട്യങ്ങളുടെയെല്ലാം പ്രചോദനം. വൈകിയാണെങ്കിലും ഈ ജന്മത്തിൽ അതസാധ്യമാണെന്ന തിരിച്ചറിവ് ജമാഅത്ത് നേതാക്കൾക്കുണ്ടായി. തുടർന്ന് അവർ നിറം മാറാനും തുടങ്ങി. അതുവരെ ശിർക്കും താഗൂത്തുമായിരുന്ന ജനാധിപത്യം അതോടെ തൗഹീദും ഇഖാമതുദ്ദീനുമായി. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നായി ന്യായം. ഇസ്‌ലാമിക കാര്യത്തിലുണ്ടാവണമെന്ന് സിദ്ധാന്തിച്ചിരുന്ന കണിശത വേണ്ടെന്നുവെക്കുകയും ചെയ്തു.



മലപ്പുറം കൂരിയാട്ടു നടന്ന ജമാഅത്ത് സമ്മേളനത്തിൽ സമൂഹ വിവാഹം നടന്ന വാർത്ത മാധ്യമത്തിൽ വായിച്ച മലയാളികൾ ഞെട്ടിത്തരിച്ചു. മുസ്‌ലിം പേരുള്ള ഒരു പെൺകുട്ടിയുടെ ഭർത്താവ് ഗോപാലൻ. ഇതെന്താണ് ഒരിസ്‌ലാമിക സംഘടന മിശ്രവിവാഹത്തിന് കാർമികത്വം വഹിക്കുകയോ എന്ന ചോദ്യമുയർന്നപ്പോൾ ജമാഅത്തുകാർ തിരിച്ചുചോദിച്ചത്, പേരിലെന്തിരിക്കുന്നുവെന്നാണ്! ഗോപാലൻ ജമാഅത്തംഗമാണ്. പേരു മാറാൻ അയാൾക്കു താൽപര്യമില്ല എന്നായിരുന്നു വിശദീകരണം. അങ്ങനെ താഗൂത്തിന്റെ പ്രേതത്തെ സംഘടനയിൽ നിന്നൊഴിപ്പിച്ചെടുക്കാൻ ജമാഅത്തുകാർ വിട്ടുവീഴ്ചകൾക്കു തുടക്കമിട്ടു.

തുടർന്ന് മറ്റു ചില വിഭാഗങ്ങളിലെ നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും വ്യാപകമായി നടത്താനാരംഭിച്ചു. ആ ജമാഅത്തെ ഇസ്‌ലാമിയല്ല ഈ ജമാഅത്തെ ഇസ്‌ലാമിയെന്ന് പൂർവാശ്രമം ഓർമിപ്പിച്ചവരോട് പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് മൗദൂദിയെ വരെ തള്ളിപ്പറഞ്ഞ് തങ്ങളും ജനാധിപത്യ താഗൂത്തിയൻ വ്യവസ്ഥക്കൊപ്പമാണെന്ന് വരുത്തിത്തീർക്കുന്നതിലുള്ള മത്സരമായിരുന്നു. ഇങ്ങനെ തനിശിർക്കായിരുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് മണ്ണൊരുക്കിയ ശേഷം അവർ വിത്തിറക്കി. അതാണ് വെൽഫയർ പാർട്ടി. ദുര്യോഗമെന്നല്ലാതെന്തു പറയാൻ! ഇടതും വലതും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് ഒരു പരുവമാക്കി. സർവ മയിലമ്മമാരെയും കൂട്ടുപിടിച്ചിട്ടും ചില പുപ്പുലി വെൽഫയർ സ്ഥാനാർത്ഥികൾക്ക് ഭാര്യയുടെ പോലും വോട്ടു നേടാനായില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലഭിച്ച സീറ്റുകളുടെ ബലത്തിൽ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ വേണ്ടെന്നു പറഞ്ഞ് മുന്നണികൾ ആട്ടിയകറ്റി. ജമാഅത്തെ ഇസ്‌ലാമി വർഗീയ കക്ഷിയാണെന്നും അവരുമായുള്ള ചെറിയ ബന്ധം പോലും  വലിയ നഷ്ടങ്ങൾക്കു വഴിമരുന്നാകുമെന്നുള്ള സാമാന്യ ബോധമാണ് മുന്നണികൾ അകലം പാലിക്കാൻ കാരണം.
അതോടെ ഇസ്‌ലാം തന്നെ തങ്ങൾക്കു പ്രശ്‌നമല്ലെന്നും അല്ലെങ്കിലും ഇസ്‌ലാം ഒരു വെൽഫയർ പ്രസ്ഥാനമാണെന്നും പരിചയപ്പെടുത്താൻ തുടങ്ങി. നേരത്തെ മൗദൂദി ഖുതുബാത്തിൽ സകാത്ത് മുസ്‌ലിംകളിൽ നിന്നു മാത്രം സ്വീകരിച്ച് മുസ്‌ലിംകളിൽ മാത്രം വിതരണം ചെയ്യേണ്ട ഒരാരാധനാ കർമമാണെന്നെഴുതിയിരുന്നു. സിദ്ദീഖ് ഹസൻ അമീറായ കാലത്ത് അത് തിരുത്തി സകാത്തിൽ അമുസ്‌ലിംകൾക്കും അവകാശമുണ്ടെന്ന് പരിഷ്‌കരിച്ചു. അങ്ങനെ വർഗീയക്കുപ്പായം അഴിച്ചുമാറ്റാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സകാത്തിൽ മാത്രമല്ല, നിസ്‌കാരത്തിലും അമുസ്‌ലിംകളെ പങ്കെടുപ്പിക്കാമെന്ന ഉൾവിളി ഉത്ഭവിക്കുന്നത്. 23.11. 2018 വെള്ളിയാഴ്ച മഞ്ചേരിയിലെ ജമാഅത്ത് പള്ളിയിൽ സ്ത്രീകളടക്കം 35 അമുസ്‌ലിംകളെ ജുമുഅയിൽ പങ്കെടുപ്പിച്ച് പുതിയ മാതൃക സൃഷ്ടിച്ചുവെന്നാണ് ജമാഅത്ത് പത്രമായ മാധ്യമം റിപ്പോർട്ട് ചെയ്തത്.



ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മോഹം പൂവണിയാൻ മതാദർശങ്ങൾക്ക് ക്ഷതമേൽപിക്കുന്ന നിരവധി പുത്തനാശയങ്ങൾ ഇവർ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നു മാത്രമാണ് മതേതര ജുമുഅ! മത സൗഹാർദത്തിന് വേണ്ടി മുസ്‌ലിംകൾ അമ്പലത്തിൽ വന്നു ഞങ്ങളോടൊപ്പം ബിംബത്തെ തൊഴുതു വണങ്ങണമെന്നോ ചർച്ചിൽ വന്നു കുർബാന സ്വീകരിക്കണമെന്നോ പറഞ്ഞാലും ജമാഅത്തുകാർ പോകും. മതമോ മതനിലപാടുകളോ അവർക്കു പണ്ടുതന്നെ താൽപര്യമുള്ള സംഗതികളല്ലല്ലോ.

ഇത്തരമൊരു ‘മതസൗഹാർദ മാതൃക’ തിരുനബി(സ്വ)യോ സ്വഹാബത്തോ മുൻഗാമികളോ കാണിച്ചുതന്നിട്ടുണ്ടോ എന്നൊന്നും ആരും ചോദിച്ചേക്കരുത്. കാരണം ആ പാരമ്പര്യ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞാണ് ഞങ്ങൾ പുതിയ മതമുണ്ടാക്കിയിരിക്കുന്നത് എന്നാണ് മൗദൂദികളുടെ ന്യായം. എന്തൊക്കെ നാടകം കളിച്ചാലും ജമാഅത്തുകാരന്റെ മുഖത്ത് കാപട്യത്തിന്റെ ലക്ഷണമുണ്ട്. ഒളിയജണ്ടകളില്ലാത്ത ഒരനക്കം പോലും ഇവർക്കില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കേരളീയ പൊതുസമൂഹത്തിനും നന്നായറിയാം.

മദ്ഹബുകളേയും അഇമ്മത്തിനേയും തള്ളിപ്പറയുന്ന ജമാഅത്തുകാർ മഞ്ചേരിയിൽ ഇമാം ശാഫിഈ(റ)ന്റെ പേരിൽ പള്ളി നിർമിച്ചതുതന്നെ കാപട്യത്തിന്റെ ഉദാഹരണമാണ്. ഇതുകൊണ്ടൊക്കെയുള്ള ലക്ഷ്യം ഭരണപങ്കാളിത്തവും. അതിനായി ഏതു വേഷവും കെട്ടാൻ ആധുനിക മൗദൂദികൾ സന്നദ്ധരാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതുത്തൗഹീദിനു പകരം ‘ഓം’ എന്ന സംസ്‌കൃത പദം സ്വീകരിക്കാനും ഒരുക്കമാണെന്ന് ഇവരുടെ മുഖപത്രത്തിൽ എഴുതിയത് കാണുക: അല്ലാഹു പ്രപഞ്ചത്തിന്റെ പ്രകാശമാണ്. പ്രകാശം രണ്ടില്ല. ക്ഷേത്രമാകുന്ന മനസ്സിലും പള്ളിയാകുന്ന മനസ്സിലും പ്രകാശിപ്പിക്കേണ്ടത് ഒരേയൊരു പ്രകാശം. ആ പ്രകാശത്തിന് സംസ്‌കൃതത്തിൽ ‘ഓം’ എന്നോ അറബിയിൽ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നോ ഏതുമായിക്കൊള്ളട്ടെ. പക്ഷേ അനുസരിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും ഏക ദൈവമായിരിക്കണം (പ്രബോധനം: 1983 ഫെബ്രുവരി).



എല്ലാ കോപ്രായങ്ങളുടെയും പരമ ലക്ഷ്യം ഭരണമാണ്. അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങിയ ഏത്തമിടൽ എത്ര വേണമെങ്കിലും തുടരാം. ഒറ്റക്ക് ആവാത്തതു കൊണ്ടാണ്. ആരെങ്കിലുമൊന്ന് (അത് ഇടതോ വലതോ ആയാലും വേണ്ടിയില്ല. അറ്റകൈക്ക് ഫാസിസ്റ്റുകളായാലും തരക്കേടില്ല) വിഴുപ്പ് ചുമക്കണം. ലക്ഷ്യം ‘മായമില്ലാത്ത ഇഖാമത്തുദ്ദീനാ’ണ്. ഇതാണ് ജമാഅത്തിന്റെ ശരീരഭാഷയിൽ നിന്നും പ്രകടമാവുന്നത്. പക്ഷേ, കാക്ക പോയി കുളിച്ചുവന്നാൽ കൊക്കാകില്ലെന്ന വസ്തുത ജമാഅത്തെ ഇസ്‌ലാമിയെ ആരാണൊന്നു ധരിപ്പിക്കുക!?

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...