Saturday, July 21, 2018

മജ്‌ദൂബും ത്വരീഖത്തും

*🌿 മജ്‌ദൂബും ത്വരീഖത്തുംമജ്‌ദൂബും ത്വരീഖത്തും 🌿*
*🔹~~~~~◼ 🔰 ◼~~~~~🔹*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

ചോദ്യം:


  ✍️🏼ഔലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ അവസ്ഥ പ്രാപിച്ചവര്‍ എന്നാണ് ഈ നാമത്തിന്റെ അര്‍ഥം. ജദ്ബ് എന്ന പദം വിത്യസ്ത അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്...

ഇവിടെ ഉദ്ദേശ്യം ബോധാവബോധങ്ങള്‍ അത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ വിഭാഗത്തിനു സത്യത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരത്താല്‍ സ്വബോധം തന്നെ നഷ്ടമായിരിക്കും. അതുകൊണ്ട് ഇവര്‍ ഒരുതരം ഭ്രാന്തന്മാരാണെന്നു പറയാം. സാധാരണഭ്രാന്തന്മാരല്ല. ആത്മീയ ഭ്രാന്തന്മാരാണ്...

സാധാരണക്കാരനിലെ ഭ്രാന്തന്മാര്‍ ഭൌതിക ഭ്രാന്തന്മാരാണെങ്കില്‍ ഇവര്‍ അസാധാരണക്കാരിലെ ഭ്രാന്തന്മാരാണ്. ഇബ്നു അറബി(റ) തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നതു ബുദ്ധിയുള്ള ഭ്രാന്തന്മാര്‍ (ഉഖലാഉല്‍മജാനീന്‍) എന്നാണ്.
മജ്ദൂബുകള്‍ മഹാന്മാര്‍ തന്നെയാണ്. അവരുടെ മാനസിക നില തെറ്റാന്‍ കാരണം
അല്ലാഹുവിലുള്ള അഗാധചിന്തയും പ്രേമവുമാണ്.

ഇമാം ള്വിയാഉദ്ദീന്‍(റ) പറയുന്നു: “അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചെടുത്തവരാണു മജ്ദൂബ്. അല്ലാഹു അവരെ തന്റെ സന്നിധാനത്തിലേക്ക് ആകര്‍ഷിക്കുകയും അവന്റെ പരിശുദ്ധ പാനീയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു സാധാരണയിലുള്ള നിയമ പ്രശ്നങ്ങള്‍ക്ക് ഇടമില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും സ്ഥാനങ്ങള്‍ കൊണ്ടും അവര്‍ വിജയം കൊയ്തെടുത്തിരിക്കുന്നു”
(ജാമിഉല്‍ഉസ്വൂല്‍: 117)

ഇബ്നു അറബി(റ) പറയുന്നു: “ഇലാഹിയ്യായ വെളിപാട് പെട്ടെന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്റെ അരികില്‍ ഗോപ്യമായി നില്‍ക്കുന്നുവെന്നതാണു നേര്”  (ഫുതൂഹാതുല്‍മക്കിയ്യ: 1/316)

മജ്ദൂബുകള്‍ക്കു സമനില തെറ്റിയ കാരണത്താല്‍ മതവിധികള്‍ നിര്‍ബന്ധമില്ലെന്നൊരു തത്വമുണ്ട്. ഈ വസ്തുത വ്യാജ വിഭാഗത്തിന്റെ ശക്തമായ വഞ്ചനക്കു പാത്രമായ ഒന്നാകുന്നു. ശരീഅതിന്റെ നിയമങ്ങള്‍ ലംഘിക്കുകയും തങ്ങള്‍ ത്വരീഖതിന്റെ ശയ്ഖും മുരീദുമൊക്കെയാണെന്നു നടിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ തെളിവായി ഉദ്ധരിക്കുന്നതു മജ്ദൂബുകളായ മഹാന്മാരെയാണ്. അതുകൊണ്ടു വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ത്വരീഖതിലും ശരീഅതിലും മജ്ദൂബുകളുടെ സ്ഥാനത്തെപ്പറ്റി നാം അറിഞ്ഞിരിക്കണം...

ശരീഅതില്‍ മജ്ദൂബുകള്‍ മതശാസനാമുക്തരാണെന്നാണു പണ്ഢിതമതം. കാരണം, അവര്‍ക്ക് സമനിലതെറ്റി എന്നതുതന്നെ. സമനില തെറ്റാന്‍ കാരണം ആധ്യാത്മ ചിന്തയാണ്...

ഇമാം ഇബ്നു അറബി(റ) പറയുന്നു: “ബഹാലീല്‍, മജാനീന്‍, മജാദീബ് എന്നിങ്ങനെ സമനില തെറ്റിയ മഹാന്മാരോടു മതമര്യാദികളെ പറ്റി തേട്ടമില്ല. എന്നാല്‍ ബുദ്ധിസ്ഥിരത ഉള്ളവനു മതനിയമം നിര്‍ബന്ധമാകുന്നു”
(അല്‍ഫുതൂഹാത്: 2/511)

ശരീഅതില്‍ മജ്ദൂബ് ആര്‍ക്കും പ്രമാണമല്ലെന്നു ഈ പറഞ്ഞതില്‍ നിന്നു വ്യക്തമാകുന്നു. ഇങ്ങനെ പറയുന്നതു മജ്ദൂബിന്റെ മഹത്വത്തെ മാനിക്കാതിരിക്കലല്ല. അംഗീകരിക്കലാണ്. ഇത്തരക്കാരെ ദീനീ കാര്യത്തില്‍ രേഖയാക്കിയാല്‍ അതു ശരീഅതിന്റെ അസ് തിത്വത്തിനു തകര്‍ച്ച പറ്റാനും ജനങ്ങള്‍ വഴിതെറ്റാനും കാരണമാകും. അതുകൊണ്ട് ഇവരില്‍ നിന്നു ശരീഅതിനു വിരുദ്ധമായി വരുന്ന വാക്കുകളും പ്രവൃത്തികളും വിമര്‍ശന വിധേയമാണെന്നു തന്നെയാണു പണ്ഢിതമതം...

ഔലിയാഇലെ മഹാനും അഗാധപണ്ഢിതനുമായ ഇമാം നവവി(റ) പറയുന്നതു കാണുക: “മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്കു നാം വിടുന്നു. പക്ഷേ, അവരില്‍ നിന്നു ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അതിനെ നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ ശരീഅതിന്റെ നിയമ സുരക്ഷയ്ക്ക് അത് ആവശ്യമാകുന്നു”
(അല്‍മഖ്വാസ്വിദ്: 18)

സമനില തെറ്റുന്ന അവസരത്തില്‍ മജ്ദൂബുകള്‍ ശറഈ ശാസനക്കു വിധേയരല്ലെങ്കിലും സ്വബോധത്തില്‍ എത്തുന്ന അവസരത്തില്‍ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. സാധാരണ വിശ്വാസിയോടുള്ള ശാസന തന്നെയാണു ദീനീകാര്യത്തില്‍ ഇവരോടും ഉള്ളത്...

ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:
“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും”
(മീസാനുല്‍കുബ്റാ: 1/157, 158)(110)

മജ്ദൂബുകളെ കുറിച്ചുള്ള ശറഈ വീക്ഷണമാണു മുകളില്‍ പറഞ്ഞത്. ശരീഅതില്‍ ഇവര്‍ പ്രമാണമാകാത്തതുപോലെ ത്വരീഖതിലും പ്രമാണമല്ലെന്നാണ് ആത്മജ്ഞാനികളുടെ വീക്ഷണം. ശറഈ വിരുദ്ധ ത്വരീഖതില്ലാത്തതിനാല്‍ ഇവരുടെ ശാസനരഹിത ജീവിതം ത്വരീഖതില്‍ രേഖയായി തീരുന്നതല്ല. അതുകൊണ്ട് ഇത്തരക്കാരെ ത്വരീഖതിന്റെ ശയ്ഖുമാരായി അവതരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ഇവര്‍ പറയുന്ന ദീനീ വിരുദ്ധ തത്വങ്ങള്‍ സത്യമായി കാണുന്നതും തെറ്റാണെന്നു പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു...

ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശെയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്...

തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം”
(ശറഹുല്‍യൂസുഫ്/ഹിദായ: 190)

മജ്ദൂബ് ത്വരീഖതില്‍ അനുകരണീയന്‍ അല്ല എന്നത്രെ ഇബ്നു അറബി(റ) പറയുന്നത്. ഇക്കാരണത്താല്‍ ത്വരീഖതിന്റെ അവിഭാജ്യ ഘടകമായ ‘ശയ്ഖ് മുറബ്ബി’ ആകാന്‍ ഒരു മജ്ദൂബ് അര്‍ഹനല്ല. ഈ വസ്തുത ത്വരീഖത് സംബന്ധിയായ പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്രീസ് പറയുന്നു: “തനിച്ച മജ്ദൂബ് ഒരിക്കലും ശയ്ഖാകാന്‍ അര്‍ഹനല്ല. ശയ്ഖ് ആകുന്നതുമല്ല” (പേജ്: 236)

മജ്ദൂബുകളെ തര്‍ബിയതിനോ പിന്തുടര്‍ച്ചക്കോ പറ്റില്ലെന്ന് ഇബ്നു ഹജറില്‍ ഹയ്തമി  (റ) ഫതാവല്‍ഹദീസിയ്യയില്‍ (പേജ്: 224) പറഞ്ഞതു കാണാം...

ചുരുക്കത്തില്‍ ശറഈ വിരുദ്ധമായ യാതൊന്നും അനുവദനീയമാകാന്‍ ത്വരീഖതില്‍ പഴുതില്ല. അതുകൊണ്ടു വ്യാജ ശയ്ഖുമാരായി രംഗത്തുവരികയും ദീനീവിരുദ്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചോദ്യം ചെയ്യുമ്പോള്‍ ജുദ്ബിന്റെ പേരുപറഞ്ഞു തടിതപ്പുകയും ചെയ്യുന്നതു നീതീകരിക്കാനാവില്ല. അത്തരമൊരു അവസ്ഥയുള്ളവന്‍ ശയ്ഖാകാന്‍ തന്നെ പറ്റില്ലെന്നു വരുമ്പോള്‍ പിന്നെന്തു തര്‍ബിയത്..?

ജദ്ബിന്റെ ലേബലില്‍ ശറഈ വിരുദ്ധ ജീവിതം നയിക്കുന്ന വ്യാജന്മാരെ കാണാം. സമനില തെറ്റാത്ത ഈ കള്ളനാണയങ്ങളെ ഒരു വിധത്തിലും പരിഗണിക്കേണ്ടതില്ലെന്നും എതിര്‍ക്കുക തന്നെ വേണമെന്നുമാണ് ഇമാം നവവി(റ) അടക്കമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ എതിര്‍ത്തെന്നു കരുതി യാതൊരു തെറ്റും വരാനില്ലെന്നും അവര്‍ നല്ല വരാണെങ്കില്‍ തന്നെ ശറഈ സംരക്ഷണം ലക്ഷ്യമാക്കി വിമര്‍ശിച്ചവന്‍ രക്ഷപ്പെട്ടവനാണെന്നും പണ്ഢിതന്മാര്‍ വിധിച്ചതു കാണാം...

Coming Soon :
 *🌿തർബിയത്തും ത്വരീഖത്തും🌿*

       *''☝️അള്ളാഹു അഅ്ലം☝️''*

               *✨HOLY QUR'AN✨*
            *🕊️WhatsApp Group🕊️*

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....