അശ്അരിയ്യ: വിശ്വാസ ദര്‍ശനങ്ങള്‍
💎💎💎
💎അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
പ്രവാചകനും സ്വഹാബികളും സച്ചരിതരായ മുന്‍ഗാമികളും സഞ്ചരിച്ച സരണിയായിരുന്നു അശ്അരികളുടേതും. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയാണ് സുന്നികള്‍ പ്രമാണങ്ങളായി സ്വീകരിച്ചത്. ഇസ്‌ലാമിന്റെ പേരില്‍ ഒരു പുതിയ ആദര്‍ശം ആവിഷ്‌കരിക്കുകയായിരുന്നില്ല അവര്‍. മത നവീകരണ വാദികള്‍ കലുഷിതമാക്കാന്‍ ശ്രമിച്ച വിശുദ്ധ മതത്തെ കാലുഷ്യങ്ങളില്‍ നിന്നു ശുദ്ധീകരിക്കുകയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ സുന്നി ആദര്‍ശം എന്ന പേരില്‍പ്രത്യേകം ചിലത് എടുത്തുപറയേണ്ടതില്ല. ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയ കാര്യങ്ങളെല്ലാം അതിന്റെ ആദര്‍ശം തന്നെയാണ്. എങ്കിലും ബിദ്അത്തിന്റെ കക്ഷികള്‍ പുത്തന്‍വാദങ്ങളുമായി രംഗപ്രവേശം ചെയ്തപ്പോള്‍, യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മുഖം വ്യക്തമാക്കാന്‍ അഹ്‌ലുസ്സുന്നയുടെ ഇമാമുകള്‍ ചില വിശ്വാസ നടപടികള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സത്യത്തിന്നെതിരായ ഒരു നിലപാട് അപ്പുറത്തുണ്ടായത് കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. അഥവാ അഹ്‌ലുസ്സുന്നയുടെ വിശ്വാസം എന്നു പ്രത്യേകം രേഖപ്പെടുത്തുന്നയിടത്ത് മതനവീകരണ വാദികള്‍ക്ക് മറിച്ചൊരു കാഴ്ചപ്പാടുണ്ടെന്ന് വ്യക്തമാക്കുകയാണ് ഉദ്ദേശ്യം.
അത്തരം വിശ്വാസ കാര്യങ്ങളില്‍ നിന്നു ചിലതു വിവരിക്കാം. അവയുടെ എതിര്‍ വാദങ്ങള്‍ പലതും വിവിധ കക്ഷികളെ പരിചയപ്പെടുത്തിയ ഇടങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
1. ആലം (അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും) പുതുതായി ഉണ്ടായ അല്ലാഹുവിന്റെ സൃഷ്ടിയാണ്.
2. അല്ലാഹു ഏകനും അനാദ്യനും അനന്ത്യനുമാണ്.
3. അവന്‍ സ്ഥല-കാലാതീതനും പദാര്‍ത്ഥതീതനുമാണ്.
4. അല്ലാഹുവിന്റെ അറിവിനും കഴിവിനും അതീതമായ യാതൊന്നുമില്ല.
5. അറിവ്, കഴിവ്, ഉദ്ദേശ്യം, കേള്‍വി, കാഴ്ച, ജീവന്‍, സംസാരം തുടങ്ങിയവ അല്ലാഹുവിന്റെ അനാദ്യമായ വിശേഷണങ്ങളാണ്.
6. അല്ലാഹുവിന്റെ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യപ്പെടുത്താന്‍ പാടില്ല.
7. അല്ലാഹുവിന്റെ ഗുണങ്ങള്‍ അവന്റെ സത്തയോ സത്തയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നതോ ആയ ഒന്നല്ല.
8. അല്ലാഹുവിന്റെ കലാം (സംസാരം) അക്ഷരങ്ങളോ ശബ്ദങ്ങളോ ഇല്ലാത്തതാണ്.
9. അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ അനാദ്യമാണ്. എഴുതപ്പെടുന്നതും പാരായണം ചെയ്യപ്പെടുന്നതുമായ ഖുര്‍ആന്‍ അനാദ്യമായ കലാമിന്റെ മേല്‍ അറിയിക്കുന്നത് (ദാല്ല്) മാത്രമാണ്.
10. പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ ദര്‍ശിക്കാന്‍ സാധിക്കും.
11. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍ നിശ്ചയമനുസരിച്ചാണ് ഉണ്ടാകുന്നത്.
12. മനുഷ്യന്റെ സര്‍വ്വ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. മനുഷ്യന്‍ ആര്‍ജിക്കുന്നവന്‍ (കാസിബ്) മാത്രമാണ്.
13. നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള ഇഛാസ്വാതന്ത്ര്യം മനുഷ്യനു നല്‍കപ്പെട്ടിട്ടുണ്ട്. അതനുസരിച്ചായിരിക്കും അവനു കൂലിയും ശിക്ഷയും ലഭിക്കുക.
14. അല്ലാഹുവിന്റെ ഇറാദത്തും (ഉദ്ദേശ്യം) രിളയും (തൃപ്തി) വ്യത്യസ്തമാണ്. സല്‍കര്‍മ്മങ്ങളെ അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നു. ദുഷ്‌കര്‍മ്മങ്ങളില്‍ അവന്റെ ഉദ്ദേശ്യം ഉണ്ടാകുന്നുണ്ടെങ്കിലും അവന്‍ അതു തൃപ്തിപ്പെടുന്നില്ല.
15. യഥാര്‍ത്ഥ കഴിവ് (ഇസ്ത്തിത്വഅ) പ്രവര്‍ത്തിയോടു കൂടെയാണ് ഉണ്ടാകുന്നത്.
16. അസാധ്യമായ ഒരു കാര്യത്തില്‍ മനുഷ്യന്‍ നിര്‍ബന്ധിക്കപ്പെടുകയില്ല.
17. മനുഷ്യനു സ്വന്തമായി ഒരു കാര്യവും സൃഷ്ടിക്കാന്‍ സാധിക്കുന്നതല്ല. എല്ലാത്തിന്റെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. മനുഷ്യന്‍ അടിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന, പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പൊട്ട്, വധിക്കുമ്പോള്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സര്‍വ്വകാര്യങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതാണ്.
18. വധിക്കപ്പെടുന്നവന്‍ തന്റെ നിശ്ചിത അവധി എത്തിയ ശേഷം തന്നെയാണ് മരിക്കുന്നത്.
19. അല്ലാഹു എല്ലാവര്‍ക്കും ജീവിത വിഭവങ്ങള്‍ (രിസ്ഖ്) നിശ്ചയിച്ചിട്ടുണ്ട്. ഓരോരുത്തരും അനുഭവിക്കുന്ന ജീവിത വിഭവങ്ങള്‍ അനുവദനീയമാണെങ്കിലും നിഷിദ്ധമാണെങ്കിലും അവന്റെ രിസ്ഖ് തന്നെയാണ്.
20. മനുഷ്യന് ഏറ്റവും ഗുണകരമായത് ചെയ്തുകൊടുക്കേണ്ട ബാധ്യത അല്ലാഹുവിനില്ല.
21. സജ്ജനങ്ങള്‍ക്ക് ഖബ്‌റില്‍ സുഖാനുഗ്രഹങ്ങളും ദുര്‍ജനങ്ങള്‍ക്ക് ശിക്ഷയും ഉണ്ടായിരിക്കുന്നതാണ്.
22. മുന്‍കര്‍, നകീര്‍ എന്നീ രണ്ടു മലക്കുകള്‍ ഖബ്‌റില്‍ വെച്ചു മനുഷ്യരെ ചോദ്യം ചെയ്യുന്നതാണ്.
23. അന്ത്യനാളില്‍ അല്ലാഹു എല്ലാവരെയും പുനര്‍ജനിപ്പിക്കും.
24. പരലോകത്ത് നന്മ തിന്മകള്‍ തൂക്കുന്ന തുലാസ്, അവ രേഖപ്പെടുത്തിയ ഗ്രന്ഥം, വിചാരണ, സ്വിറാത്വ് പാലം എന്നിവ ഉണ്ടായിരിക്കുമെന്നത് സത്യമാണ്.
25. സ്വര്‍ഗവും നരകവും സത്യമാണ്. അവയും അവയില്‍ വസിക്കുന്നവരും അനശ്വരമായി നിലനില്‍ക്കും.
26. വന്‍ദോഷം ചെയ്തതു കാരണം ഒരു വിശ്വാസി ഈമാനില്‍ നിന്നു പുറത്തുപോവുകയോ കാഫിറാകുകയോ ഇല്ല.
27. ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) അല്ലാത്ത ഏതു പാപവും അല്ലാഹു പൊറുത്തുകൊടുക്കും.
28. ചെറുദോഷങ്ങളുടെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയും വലിയത് പൊറുത്തുകൊടുക്കുകയും ചെയ്യും.
29. നിഷിദ്ധമാണെന്ന് ഖണ്ഡിതമായി സ്ഥിരപ്പെട്ട കാര്യങ്ങള്‍ അനുവദനീയമാണെന്നു വാദിച്ചാല്‍ കാഫിറാകും.
30. പാപികള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍ പ്രവാചകന്മാര്‍ക്കും സജ്ജനങ്ങള്‍ക്കും പരലോകത്ത് അധികാരമുണ്ടായിരിക്കും.
31. വന്‍ദോഷം ചെയ്ത സത്യവിശ്വാസികള്‍ നരകത്തില്‍ ശാശ്വതരായിരിക്കുകയില്ല.
32. അല്ലാഹുവിങ്കല്‍ നിന്നു നബി(സ) കൊണ്ടുവന്ന കാര്യങ്ങളെല്ലാം ഹൃദയം കൊണ്ട് അംഗീകരിക്കുകയും നാവുകൊണ്ട് വ്യക്തമാക്കുകയും ചെയ്യലാണ് ഈമാന്‍.
33. ഈമാന്‍ (വിശ്വാസം), ഇസ്‌ലാം (അനുസരണം) എന്നിവ തത്വത്തില്‍ ഒന്നു തന്നെയാണ്. ഇവയില്‍ നിന്ന് ഒന്നുമാത്രം ഒരാളില്‍ ഉണ്ടാവുക സാധ്യമല്ല.
34. മനുഷ്യര്‍ക്ക് സുവിശേഷവും മുന്നറിയിപ്പും നല്‍കാന്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും അവര്‍ക്ക് മുഅ്ജിസത്തുകള്‍ (അമാനുഷിക ദൃഷ്ടാന്തങ്ങള്‍) നല്‍കുകയും ചെയ്തിരിക്കുന്നു. പ്രഥമ പ്രവചാകന്‍ ആദം(അ)മും അന്തിമ പ്രവാചകന്‍ മുഹമ്മദ് (സ)ഉം ആകുന്നു. അവരെല്ലാം സത്യസന്ധരും സംശുദ്ധരുമായിരുന്നു. മുഹമ്മദ് നബി(സ)യാണ് അവരിലെ ഏറ്റവും ഉത്തമന്‍.
35. മലക്കുകള്‍, സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വിശേഷിപ്പിക്കാനാകാത്ത അല്ലാഹുവിന്റെ അനുസരണയുള്ള പ്രത്യേക ദാസന്മാരാകുന്നു.
36. ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നിങ്ങനെയുള്ള വേദഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചിട്ടുണ്ട്.
37. നബി(സ)യുടെ മിഅ്‌റാജ് (ആകാശാരോഹണം) ഉണര്‍ച്ചയില്‍ സംഭവിച്ചതും ശരീരത്തോടൊപ്പം ഉണ്ടായതുമാകുന്നു.
38. ഔലിയാക്കളില്‍ നിന്നു പല വിധത്തിലുള്ള കറാമത്തുകളും (അമാനുഷിക സംഭവങ്ങള്‍) ഉണ്ടാകുമെന്നത് സത്യമാണ്. ഒരു വലിയ്യിന്റെ കറാമത്ത് അദ്ദേഹത്തിന്റെ പ്രവാചകനില്‍ നിന്നുണ്ടായ മുഅ്ജിസത്തിന്റെ പിന്തുടര്‍ച്ചയായിരിക്കും.
39. പ്രവാചകന്മാര്‍ക്കു ശേഷം മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരായവര്‍ യഥാക്രമം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) അലി(റ) എന്നിവരാണ്.
40. മുസ്‌ലിംകള്‍ക്ക് ഒരു പൊതു ഇമാം ആവശ്യമാണ്. നിയമം നടപ്പാക്കുക, അതിര്‍ത്തി സംരക്ഷിക്കുക, സൈന്യത്തെ സജ്ജീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹമായിരിക്കും നിര്‍വ്വഹിക്കുക. ഇമാം ഖുറൈശി കുലത്തില്‍ പെട്ടവനും പ്രത്യക്ഷനുമാകണം. പാപസുരക്ഷിതനായിരിക്കണമെന്നില്ല.
41. ഇസ്‌ലാമില്‍ നിന്നു പുറത്തുപോയിട്ടില്ലാത്ത ഏതൊരാളുടെയും പിന്നില്‍ നിന്നു നിസ്‌കരിക്കാം. ഫാസിഖിന്റെയും പുത്തന്‍വാദിയുടെയും പിന്നില്‍ നിന്നു നിസ്‌കരിക്കുന്നത് കറാഹത്താണ്.
42. സ്വഹാബികളെ കുറിച്ച് നല്ലതുമാത്രമേ പറയാവൂ.
43. നബി(സ) പത്തു പ്രമുഖ സ്വഹാബികളെ സ്വര്‍ഗം കൊണ്ട് പ്രത്യേകം സുവിശേഷ വാര്‍ത്ത അറിയിച്ചിരിക്കുന്നു.
44. നാട്ടില്‍ വെച്ചും യാത്രയിലും ഖുഫ്ഫ (പ്രത്യേക തരം കാലുറ) കളുടെ മേല്‍ തടവല്‍ അനുവദനീയമാണ്.
45. വലിയ്യ് ഒരിക്കലും പ്രവാചകരുടെ പദവിയിലെത്തുകയില്ല.
46. മതശാസനകളും കല്‍പ്പനകളും ഒഴിവാകുന്ന അവസ്ഥയിലേക്ക് ബുദ്ധിമാനായ മനുഷ്യന്‍ എത്തുകയില്ല.
47. ഖുര്‍ആനിലെയും ഹദീസിലെയും ഖണ്ഡിതമായ വചനങ്ങള്‍ക്ക് അവയുടെ ബാഹ്യാര്‍ത്ഥം തന്നെ നല്‍കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അതില്‍ നിന്നു വ്യതിചലിക്കാവൂ.
48. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി സ്ഥിരപ്പെട്ടവ നിഷേധിക്കല്‍, അവയെ നിസ്സാരമാക്കല്‍, പരിഹസിക്കല്‍, അല്ലാഹുവിനെ കുറിച്ച് നിരാശനാകല്‍, ജോത്സ്യന്മാരുടെ പ്രവചനങ്ങളില്‍ വിശ്വസിക്കല്‍ മുതലായവ മതഭ്രഷ്ട് (കുഫ്‌റ്) സംഭവിക്കുന്ന കാര്യങ്ങളാണ്.
49. മരണപ്പെട്ടവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, സ്വദഖ തുടങ്ങിയവ അവര്‍ക്ക് ഉപകാരപ്പെടും.
50. അന്ത്യനാളിന്റെ അടയാളങ്ങളായി നബി(സ) വിവരിച്ച കാര്യങ്ങളെല്ലാം സത്യമാണ്.
51. മനുഷ്യരിലെ മുര്‍സലു (ദൈവദൂതന്മാര്‍)കള്‍ മലക്കുകളിലെ മുര്‍സലുകളെക്കാള്‍ ശ്രേഷ്ഠരും മനുഷ്യരിലെ സജ്ജനങ്ങള്‍ മലക്കുകളിലെ സജ്ജനങ്ങളെക്കാള്‍ ശ്രേഷ്ഠരുമാണ്.
എ.ഡി. 1142ല്‍ അന്തരിച്ച ഇമാം നജ്മുദ്ദീന്‍ ഉമറുന്നഫി(റ) രേഖപ്പെടുത്തുകയും ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (1312-1389) വ്യാഖ്യാനിക്കുകയും ചെയ്ത ‘ശറഹുല്‍ അഖാഇദ് അന്നഫിയ്യ’ യില്‍ വിവരിച്ച സുന്നി വിശ്വാസ ദര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടവയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇന്നിന്റെ ഭൂമികയില്‍ നിന്നു ചിന്തിക്കുമ്പോള്‍ ഇവയില്‍ പലതും അപ്രസക്തമെന്നോ അനാവശ്യമെന്നോ തോന്നിയേക്കാം. എന്നാല്‍ ഇവയുടെ എതിര്‍വാദങ്ങള്‍ നിരത്തിയാണ് നൂറ്റാണ്ടുകളോളം മത നവീകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ വികല വിശ്വാസങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു പ്രത്യക്ഷത്തില്‍ പ്രശ്‌ന രഹിതമെന്നു തോന്നിപ്പിക്കുന്ന ചില വാദങ്ങള്‍ ഉയര്‍ത്തിയാണവര്‍ വിവാദങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയത്.
No comments:
Post a Comment