അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?● മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ 0 COMMENTS
qiyamullail and qiyamuramalan-malayalam
അടിമക്ക് ഉടമയായ അല്ലാഹുവിലേക്ക് അടുക്കാനുള്ള വലിയ മാര്‍ഗമാണ് ഐച്ഛികമായ പുണ്യകര്‍മങ്ങള്‍. ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: സുന്നത്തായ കര്‍മങ്ങള്‍ ചെയ്ത് ഒരു അടിമ എന്നിലേക്ക് അടുക്കുമ്പോള്‍ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വിയും കാഴ്ച്ചയും കൈകാലുകളും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ നിശ്ചയം ഞാനവന് നല്‍കും (ബുഖാരി).
ഐച്ഛികമായ പുണ്യകര്‍മങ്ങളില്‍ അതിശ്രേഷ്ഠമാണ് രാത്രിയിലെ നിസ്‌കാരം (തഹജ്ജുദ്). തിരുനബി(സ്വ)യോട് നിര്‍ബന്ധപൂര്‍വം അത് നിര്‍വഹിക്കാന്‍ ഖുര്‍ആന്‍ പറയുന്നുണ്ട്: ‘നിര്‍ബന്ധമായും നിസ്‌കാരത്തിനുവേണ്ടി രാത്രിയില്‍ അങ്ങ് ഉറക്കമൊഴിക്കുക. അതുകാരണം ഉന്നത സ്ഥാനത്തേക്ക് അങ്ങയെ അവന്‍ എത്തിക്കും’ (ഇസ്‌റാഅ് 79).
തിരുനബി(സ്വ)യുടെ രാത്രി നിസ്‌കാരത്തെ സംബന്ധിച്ച് ബീവി ആഇശ(റ) പറയുന്നു: രാത്രിയില്‍ നിന്ന് നിസ്‌കരിച്ചത് കാരണം നബി(സ്വ)യുടെ കാലുകള്‍ വിണ്ടുകീറാറുണ്ട്. ഒരു പാപവും സംഭവിക്കാത്ത തങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന് ധാരാളം നന്ദി ചെയ്യുന്ന ഒരു അടിമയാവാന്‍ ഞാന്‍ ഇഷ്ടപ്പെടേണ്ടതല്ലേ? (ബുഖാരി).
അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍പറഞ്ഞു: റമളാന്‍ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും പവിത്രമായ നോമ്പ് മുഹര്‍റം മാസത്തിലേതാണ്. ഫര്‍ള് നിസ്‌കാരം കഴിഞ്ഞാല്‍ അതിശ്രേഷ്ഠമായത് രാത്രിയിലെ സുന്നത്ത് നിസ്‌കാരവും (മുസ്‌ലിം).
അബ്ദുല്ലാഹിബ്‌നുസലാം(റ) പറയുന്നു: തിരുനബി(സ്വ) മദീനയിലെത്തിയപ്പോള്‍ പ്രഥമമായി പറഞ്ഞത് ഇതായിരുന്നു: മനുഷ്യരേ, നിങ്ങള്‍ ഭക്ഷണം നല്‍കുക. സലാം വര്‍ധിപ്പിക്കുക. കുടുംബബന്ധം ചേര്‍ക്കുക. ജനങ്ങള്‍ ഉറക്കത്തിലാകുമ്പോള്‍ രാത്രിയില്‍ നിസ്‌കരിക്കുക. എന്നാല്‍ നരകം തൊടാതെ നിങ്ങള്‍ക്ക് സ്വര്‍ഗം പുല്‍കാം (ഇബ്‌നുമാജ).
‘നിങ്ങള്‍ രാത്രി നിസ്‌കാരം മുറുകെപിടിക്കുക. നിശ്ചയം രാത്രി നിസ്‌കാരം നിങ്ങളുടെ പൂര്‍വികരായ സജ്ജനങ്ങളുടെ ചര്യയാണ്. അത് നിങ്ങളെ റബ്ബിലേക്ക് അടുപ്പിക്കുന്നതും പാപങ്ങളെ മായ്ച്ച്കളയുന്നതും തിന്മകളെ തടയുന്നതും ശാരീരിക അസുഖങ്ങള്‍ ഇല്ലാതെയാക്കുന്നതുമാണ്’ (തിര്‍മുദി).
അകത്ത് നിന്ന് പുറത്തേക്കും പുറത്തുനിന്ന് അകത്തേക്കും കാണാവുന്ന റൂമുകള്‍ സ്വര്‍ഗത്തിലുണ്ടെന്ന് നബി(സ്വ) പറഞ്ഞപ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവ ആര്‍ക്കുള്ളതാണ്. അവിടുന്ന് പറഞ്ഞു: സൗമ്യമായി സംസാരിച്ചവനും ഭക്ഷണം നല്‍കിയവനും വ്രതം നിത്യമാക്കിയവനും ജനങ്ങള്‍ ഉറങ്ങുന്ന സമയം രാത്രിയില്‍ നിസ്‌കരിച്ചവനുമാണത് (തിര്‍മുദി).
ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: രാത്രിയുടെ അവസാനപകുതിയിലെ നിസ്‌കാരം ദുനിയാവും അതിലുള്ളതിനേക്കാളും അത്യുത്തമമാണ്. എന്റെ സമുദായത്തിന് ഭാരമാകുമായിരുന്നില്ലെങ്കില്‍ അത് ഞാനവര്‍ക്ക് ഫര്‍ളാക്കുമായിരുന്നു.
അലി(റ)പറയുന്നു: ഒരു രാത്രിയില്‍ എന്റെയും ഫാത്വിമയുടെയും അടുക്കല്‍ നബി(സ്വ) കടന്നുവന്നു. നിങ്ങള്‍ രണ്ടുപേരും നിസ്‌കരിക്കുന്നില്ലേയെന്ന് അവിടുന്ന് ചോദിച്ചു (ബുഖാരി).
ഖിയാമുല്ലൈല്‍ എല്ലാ ദിവസവും പതിവാക്കല്‍ സുന്നത്താണ്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഓ അബ്ദുല്ലാഹ്, രാത്രിയില്‍ ഇടക്ക് നിസ്‌കരിക്കുകയും ഇടക്ക് ഒഴിവാക്കുകയും ചെയ്യുന്നവനെപ്പോലെ നീ ആവരുത് (ബുഖാരി).
മുകളില്‍ പറഞ്ഞ തിരുവചനങ്ങള്‍ ഖിയാമുല്ലൈല്‍ അഥവാ സാധാരണ രാത്രിയിലെ പൊതുവായ സുന്നത്ത് നിസ്‌കാരങ്ങളെ സംബന്ധിച്ചാണ്. എന്നാല്‍ പ്രവാചകര്‍(സ്വ) പ്രത്യേകം സുന്നത്താക്കിയ റമളാനില്‍ മാത്രമുള്ള സവിശേഷ നിസ്‌കാരമാണ് തറാവീഹ്. ഇത് റമളാനില്‍ ഖിയാമുല്ലൈലിനു പുറമെ നിസ്‌കരിക്കേണ്ടുന്ന സുന്നത്ത് നിസ്‌കാരമാണ്. ഖിയാമുല്ലൈലും ഖിയാമു റമളാനും ഒന്നല്ല. ഇമാം നവവി(റ) രണ്ടും വ്യത്യസ്ത അധ്യായങ്ങളായിട്ടാണ് കൊണ്ടുവന്നിട്ടുള്ളത്. മഹാന്റെ പ്രയോഗം ഇങ്ങനെ: ഒന്ന്, ബാബു ഫള്‌ലി ഖഇയാമില്ലൈല്‍ (രാത്രിനിസ്‌കാരത്തിന്റെ ശ്രേഷ്ഠത പറയുന്ന അധ്യായം) രണ്ട്, ബാബു ഇസ്തിഹ്ബാബി ഖിയാമി റമളാന വഹുഹത്തറാവീഹു (തറവീഹെന്ന റമളാനിലെ നിസ്‌കാരം സുന്നത്താണെന്നതിന്റെ അധ്യായം).
ഇങ്ങനെ ഇമാമീങ്ങളെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ തഹജ്ജുദിനെയും തറാവീഹിനെയും വേറെവേറെയായിട്ട് തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. തറാവീഹ് എന്ന നിസ്‌കാരത്തെ ആദ്യം നിഷേധിച്ചത് ‘ഈ ഉമ്മത്തിലെ ജൂതന്മാരെ’ന്ന് തിരുനബി(സ്വ) വിശേഷിപ്പിച്ച റാഫിളത്താണ്.
ഇമാം സുബ്കി(റ) പറയുന്നു: തറാവീഹിന്റെ വിഷയത്തില്‍ ഉമ്മത്ത് ഐക്യപ്പെട്ടിരിക്കുന്നു. മുസ്‌ലിംകളാരും അതിനെ നിഷേധിച്ചിട്ടില്ല. അതിനെ നിഷേധിച്ചത് റാഫിളത്താണ് (ഫതാവസ്സുബ്കി 1/104).
നബി(സ്വ) പറഞ്ഞു: റമളാന്‍ നോമ്പ് അല്ലാഹു നിങ്ങള്‍ക്ക് ഫര്‍ളാക്കി. അതിലെ നിസ്‌കാരം ഞാന്‍ നിങ്ങള്‍ക്ക് സുന്നത്താക്കുകയും ചെയ്തു (ഫതാവസ്സുബ്കി 1/158). ഈ ഹദീസ് റമളാനില്‍ പ്രത്യേക സുന്നത്ത് നിസ്‌കാരമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.
ഇമാം മാവറദി(റ) പറയുന്നു: ഖിയാമു റമളാന്‍ അഥവാ തറാവീഹ് നിസ്‌കാരത്തിനുള്ള തെളിവ് റസൂല്‍(സ്വ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസാണ്. ഒരു റമളാനിലെ ആദ്യരാത്രിയില്‍ നബി(സ്വ) പള്ളിയിലേക്ക് വന്നു. സ്വഹാബത്തിനെ ഒരുമിച്ചുകൂട്ടി അവര്‍ക്ക് ഇമാമായി നിസ്‌കരിച്ചു. രണ്ടാമത്തെ രാത്രിയിലും തങ്ങള്‍ വന്ന് അവര്‍ക്ക് ഇമാമായി നിസ്‌കരിച്ചു. മൂന്നാമത്തെ രാത്രിയില്‍ സ്വഹാബത്ത് നബി(സ്വ)യെ പ്രതീക്ഷിച്ചിരുന്നെങ്കിലും അവിടുന്ന് പള്ളിയില്‍ എത്തിയില്ല. അവര്‍ ഒറ്റക്ക് നിസ്‌കരിച്ചു. പ്രഭാതമായപ്പോള്‍ പ്രവാചകര്‍(സ്വ) അവരോട് പറഞ്ഞു: ഈ നിസ്‌കാരം നിങ്ങള്‍ക്ക് ഫര്‍ളാക്കപ്പെടുമോ എന്ന് ഭയപ്പെട്ടതിനാലാണ് ഞാന്‍ വരാതിരുന്നത് (അല്‍ ഹാവില്‍ കബീര്‍ 1/378).
വിശ്വസിച്ചും കൂലി പ്രതീക്ഷിച്ചും ഒരാള്‍ ഖിയാമു റമളാന്‍ നിര്‍വഹിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറക്കപ്പെടും (മുസ്‌ലിം). ഖിയാമു റമളാന്‍ എന്നതിന്റെ താല്‍പര്യം തറാവീഹ് നിസ്‌കാരമാണ്. അത് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ് (ശറഹ് മുസ്‌ലിം 3/297).
തറാവീഹിനെ നിഷേധിക്കുന്നവര്‍ അതിന്റെ റക്അത്തുകളുടെ എണ്ണത്തിലും തര്‍ക്കം കൊണ്ടുവരുന്നു. തറാവീഹ് ഇരുപത് നിസ്‌കരിക്കല്‍ ബിദ്അത്താണെന്നാണ് ബിദഇകള്‍ പറയുന്നത്. എന്നാല്‍ ഈ വാദം ഇസ്‌ലാമിനന്യമാണ്. കാരണം, തിരുനബി(സ്വ)യുടെ നിസ്‌കാരം കണ്ടുപഠിച്ച സ്വഹാബികള്‍ നിസ്‌കരിച്ച തറാവീഹിന്റെ റക്അത്തിന്റെ എണ്ണം പ്രാമാണികമായി സ്ഥിരപ്പെട്ടിട്ടുള്ളതാണ്. അത് ഇരുപതാണ്.
സാഇബ്ബ്‌നു യസീദി(റ)നെ തൊട്ട് നിവേദനം: ഞങ്ങള്‍ ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത് റക്അത്തും വിത്‌റും നിസ്‌കരിക്കാറുണ്ട് (മഅ്‌രിഫത്തുസ്സുനനിവല്‍ആസാര്‍, സുനനുല്‍ ബയ്ഹഖി 2/699).
ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഉബയ്യിബ്‌നു കഅ്ബിന്റെ നേതൃത്വത്തിലായി സ്വഹാബിമാരെ ഒരുമിച്ചുകൂട്ടി. അദ്ദേഹം എല്ലാ രാത്രിയിലും അവര്‍ക്കൊപ്പം ഇരുപത് റക്അത്ത് നിസ്‌കരിച്ചു. ഒരാളും അതിനെ എതിര്‍ത്തില്ല. അതിനാല്‍ ഇത് സ്വഹാബിമാരില്‍ നിന്നുള്ള ഇജ്മാഅ് ആണ് (ബദാഇഉസ്സനാഇഅ്. 1/288).
മുസ്‌ലിം കൂട്ടായ്മയില്‍ നിന്നകന്ന് എട്ട് റക്അത്തില്‍ മതിയാക്കുകയും മുസ്‌ലിംകളെ ബിദ്അത്ത് ആരോപിക്കുകയും ചെയ്യുന്നവര്‍ അവരുടെ ആഖിബത്ത് സൂക്ഷിച്ചുകൊള്ളട്ടെ (ഫൈളുല്‍കബീര്‍ 1/181).
ഇതാണ് മുസ്‌ലിം വൈജ്ഞാനിക ലോകത്തിന്റെ പൂര്‍വകാലം മുതലേയുള്ള നിലപാട്. ചുരുക്കത്തില്‍, ഖിയാമുല്ലൈല്‍ എന്നതും ഖിയാമുറമളാന്‍ എന്നതും ഒരേ നിസ്‌കാരമാണെന്നത് ബിദഇകള്‍ പില്‍ക്കാലത്തു സൃഷ്ടിച്ചെടുത്ത മിഥ്യയാണ്. സ്വഹാബത്തിനോ പൂര്‍വിക പണ്ഡിതര്‍ക്കോ ആ വാദമുണ്ടായിരുന്നില്ല. യഥാര്‍ത്ഥ ദീനില്‍നിന്നും തറാവീഹ് എന്ന റമളാനിലെ പ്രത്യേക സുന്നത്ത് നിസ്‌കാരത്തിന് പ്രവാചകര്‍ വാഗ്ദാനം ചെയ്ത പാപമോചനമെന്ന മഹാ അനുഗ്രഹത്തില്‍ നിന്നും വിശ്വാസികളെ അടര്‍ത്തിയെടുത്ത് അവരെ നരകാഗ്നിയില്‍ തള്ളുകയെന്നതാണ് പുത്തനാശയക്കാരുടെ ലക്ഷ്യം. ഇതു തിരിച്ചറിയാന്‍ വിശ്വാസിലോകത്തിന് ബാധ്യതയുണ്ട്.
No comments:
Post a Comment