ഇസ്തിഗാസയും ഇമാം നവവി(റ)യും●
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
അഹ്മദ് സഖാഫി മമ്പീതി 0
ഇമാം നവവി(റ)ന്റെ ആദര്‍ശം പരിശോധിക്കുമ്പോള്‍ ഏറെ ശ്രദ്ധേയമാണ് അവിടുത്തെ ഇസ്തിഗാസാ ദര്‍ശനം. മുസ്‌ലിം പൊതുസമൂഹത്തെ മുഴുവന്‍ മുശ്‌രിക്കുകളായി ചിത്രീകരിക്കാന്‍ മതവിരുദ്ധര്‍ ഏറെ ദുരുപയോഗം ചെയ്യുന്നത് ഈ സംഭവമാണല്ലോ. അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അമ്പിയാക്കളും ഔലിയാക്കളുമൊക്കെ സഹായിക്കുമെന്ന വിശ്വാസത്തോടെ അവരില്‍ നിന്ന് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഇസ്തിഗാസ. ഇത് ചെയ്യണമെന്നു പഠിപ്പിക്കുക മാത്രമല്ല, സ്വജീവിതത്തില്‍ അനുഷ്ഠിച്ചു മാതൃകയാവുകയും ചെയ്തിട്ടുണ്ട് ഇമാം നവവി(റ).
ഒരാളുടെ മൃഗം ഓടിപ്പോയാല്‍ ‘യാ ഇബാദല്ലാഹി ഇഹ്ബിസൂ’ (അല്ലാഹുവിന്റെ ഇഷ്ടദാസന്മാരേ, അതിനെ പിടിച്ചുവെക്കൂ) എന്ന് വിളിച്ചു പറയണമെന്ന് ഇതു സംബന്ധിയായി നിവേദനം ചെയ്യപ്പെട്ട ഹദീസടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നു (അല്‍അദ്കാര്‍ പേ: 239, ശര്‍ഹുല്‍ മുഹദ്ദബ് 4/396, അല്‍ഈളാഹ് പേ: 66).
ഇസ്തിഗാസയുടെ ഫലം ഇമാം നവവി(റ) വിശദീകരിക്കുന്നതിങ്ങനെ: വൈജ്ഞാനിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എന്റെ ചില ഗുരുവര്യന്മാര്‍ എനിക്ക് വിവരിച്ച് തന്നു. അവരുടെ മൃഗം ഓടിപ്പോയി. പ്രസ്തുത ഹദീസറിയാവുന്നതിനാല്‍ തന്നെ അവര്‍ അപ്രകാരം (യാ ഇബാദല്ലാഹി…) പറയുകയും അന്നേരം തന്നെ അല്ലാഹു മൃഗത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു (അല്‍ അദ്കാര്‍ പേ: 239, ശര്‍ഹുല്‍ മുഹദ്ദബ്: 4/396). ഇമാം അബൂമുഹമ്മദ് ബ്‌നു അബില്‍ യുസ്ര്‍ എന്നാണീ ഗുരുവര്യരുടെ പേരെന്ന് കൂടി ശര്‍ഹുല്‍ മുഹദ്ദബില്‍ കാണാം.
ഇമാം നവവി(റ) തന്നെ ഇങ്ങനെ ഇസ്തിഗാസ നടത്തിയിട്ടുണ്ട്. മഹാന്‍ പറയുന്നു: ഞാനടക്കമുള്ള ഒരു സംഘത്തില്‍ നിന്നും ഒരു വാഹനം (മൃഗം) ഓടിപ്പോയി. ആര്‍ക്കും അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ഞാനിപ്രകാരം (യാ ഇബാദല്ലാഹി…) പറഞ്ഞു. ഉടനെ മൃഗം നിന്നു. ഈ വാക്ക് ഉച്ചരിച്ചതല്ലാതെ മറ്റൊന്നും അതിന് നിമിത്തമായിട്ടില്ല (അല്‍ അദ്കാര്‍ പേ: 239, ശര്‍ഹുല്‍ മുഹദ്ദബ്: 4/396).
ഉപര്യുക്ത യാ ഇബാദല്ലാഹി… (അല്ലാഹുവിന്റെ ഇഷ്ടദാസന്മാരേ) എന്ന് വിളിച്ചുള്ള തേട്ടം ഇസ്തിഗാസയാണെന്നതില്‍ സംശയമില്ല. ഇമാം അത് സന്ദേഹമേതുമില്ലാതെ ചെയ്യുകയും അപ്രകാരം പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും അതിന്റെ ഫലം നേരില്‍ അനുഭവിക്കുകയും ചെയ്തതാണിത്. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിന് വിരുദ്ധമായിരുന്നുവെങ്കില്‍ ഇമാം അത് പ്രവര്‍ത്തിക്കുമായിരുന്നില്ല.
സ്വുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതല്‍
ബിദഇകള്‍ എതിര്‍ക്കുന്ന മറ്റൊരു പുണ്യകര്‍മമാണ് സുബ്ഹിയിലെ ഖുനൂത്. സ്വുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതല്‍ സുന്നത്താണെന്ന സുന്നീ ആദര്‍ശം ഇമാം നവവി(റ)ന്റെ എല്ലാ കിതാബുകളിലും രേഖപ്പെടുത്തിയത് കാണാം. സൂറത്തുല്‍ ബഖറയിലെ 238-ാം സൂക്തം സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതുന്നതിന് രേഖയാണെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 3/60-ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് സുന്നത്താണെന്നത് ശാഫിഈ മദ്ഹബിലെ അവിതര്‍ക്കിതമായ അഭിപ്രായമാണ് (ശര്‍ഹുല്‍ മുഹദ്ദബ്: 3/494). സുബ്ഹിയില്‍ പതിവായി ഖുനൂത് സുന്നത്തുണ്ടെന്നതാണ് ഇമാം ശാഫിഈ (റ)ന്റെ നിലപാട്. ഭൗതിക ലോകത്ത് നിന്ന് വിടവാങ്ങുന്നത് വരെ സുബ്ഹ് നിസ്‌കാരത്തിലെ ഖുനൂത് തിരുനബി(സ്വ) ഉപേക്ഷിച്ചിട്ടേയില്ല എന്ന് അനസ്(റ)വില്‍ നിന്നും സ്വഹീഹായി വന്നിട്ടുണ്ട് (ശര്‍ഹു മുസ്‌ലിം: 5/176-178).
പ്രസ്തുത ഹദീസിനെക്കുറിച്ച് ഇമാം നവവി(റ) തന്നെ പറയുന്നു: ഈ ഹദീസ് നിരവധി ഹാഫിളുകള്‍ നിവേദനം ചെയ്യുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അല്‍ഹാഫിള് അബൂഅബ്ദില്ലാഹില്‍ ബല്‍ഖീ(റ), ഇമാം ഹാകിം (റ), ഇമാം ബൈഹഖി(റ) എന്നിവര്‍ ഈ ഹദീസ് സ്വീകാര്യമാണെന്ന് വ്യക്തമാക്കിയവരില്‍ പെടുന്നു (ഖുലാസ്വതുല്‍ അഹ്കാം: 1/450, ശര്‍ഹുല്‍ മുഹദ്ദബ്: 3/504).
ഖുലഫാഉര്‍ റാശിദുകള്‍ (റ) നാലുപേരും സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതിയിരുന്നതായി സ്വീകാര്യയോഗ്യമായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇമാം ബൈഹഖി(റ) പറഞ്ഞിട്ടുണ്ട് (ഖുലാസ്വതുല്‍ അഹ്കാം: 1/451, ശര്‍ഹുല്‍ മുഹദ്ദബ്: 3/505). ഇമാം ഹാകിം(റ) കിതാബുല്‍ അര്‍ബഈനില്‍ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതല്‍ ശക്തമായ സുന്നത്താണെന്നും ഇമാം നവവി(റ) അല്‍ അദ്കാറില്‍ രേഖപ്പെടുത്തുന്നു (പേജ്: 70).
കേരളത്തിലെ മുജാഹിദുകള്‍ കടുംപാതകമെന്ന് വിലയിരുത്തുന്ന സ്വുബ്ഹിയിലെ ഖുനൂതിനെ കുറിച്ചാണ് ഈ പറയുന്നതൊക്കെയും. മുകളിലും കഴിഞ്ഞ ലക്കത്തിലും നാം മനസ്സിലാക്കിയ വസ്തുതകള്‍ ഒന്നു കൂടി വിലയിരുത്തുക. എന്നിട്ട് എല്ലാവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഈ മഹാപണ്ഡിതന്‍ പ്രാമാണികമായി പഠിപ്പിക്കുന്നതാണോ, അതോ കേരള ബിദ്അത്തുകാരുടെ അജ്ഞതയാണോ നമ്മുടെ വിജയമാര്‍ഗമെന്ന് ഓരോ വിശ്വാസിയും ആലോചിക്കുക. പരലോക രക്ഷയാണല്ലോ യഥാര്‍ത്ഥ ലക്ഷ്യം.
No comments:
Post a Comment