Sunday, April 15, 2018

സംശയ നിവാരണം

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
കസേര നിസ്‌കാരത്തിൽ സ്വഫ്ഫ് ശരിയാക്കുന്ന വിധം● നിവാരണം 0 COMMENTS

? രാത്രി അടിച്ചുവാരരുത്, ഹൈളുകാരി കറിവേപ്പില പറിക്കരുത്, ഒറ്റവാതിലിൽ ചാരിയിരിക്കരുത്, രാത്രി കണ്ണാടിയിൽ നോക്കരുത്, ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കരുത്, ഉയരത്തിരുന്ന് കാൽ ആട്ടരുത് എന്നെല്ലാം ചിലർ പറയാറുണ്ട്. അതിൽ വസ്തുതയുണ്ടോ?

ഇർഷാദ് പന്തീരങ്കാവ്

രാത്രി അടിച്ചുവാരുക, ഉമറപ്പടിയിൽ ഇരിക്കുക, വാതിലുകളിലൊന്നിൽ ചാരി ഇരിക്കുക, വസ്ത്രം കൊണ്ട് മുഖം തുടക്കുക, വസ്ത്രത്തിന്റെ അഗ്രം കൊണ്ട് ശരീരം തുടച്ച് ഉണക്കുക, ശരീരത്തിൽ ധരിച്ചിട്ടുള്ള വസ്ത്രം തുന്നുക, ചപ്പുചവറുകൾ അടിച്ചുകൂട്ടി ഒഴിവാക്കാതെ വീട്ടിൽ കൂട്ടിവെക്കുക, ഭക്ഷണം കഴിക്കുമ്പോൾ താഴെ വീഴുന്ന ഭക്ഷ്യവസ്തുക്കൾ അവഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ദുഃഖത്തിനും ദാരിദ്ര്യത്തിനും കാരണമാണെന്നും അതിനാൽ അവ ഒഴിവാക്കണമെന്നും ഹിജ്‌റ 752-ൽ വഫാതായ അല്ലാമാ ജമാലുദ്ദീൻ മുഹമ്മദ് അൽ യമാനീ(റ), പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം സുലൈമാനുൽ ബുജൈരിമി(റ) തുടങ്ങിയവർ വ്യക്തമാക്കിയിട്ടുണ്ട് (അൽബറക/240, ഹാശിയതുൽ ബുജൈരിമി അലൽ ഖത്വീബ് 1/174).

അല്ലാമാ സ്വലാഹുദ്ദീൻ(റ) തന്റെ പ്രസിദ്ധമായ കാവ്യത്തിലും ഇതു പറഞ്ഞിട്ടുണ്ട്. രാത്രി കണ്ണാടിയിൽ നോക്കരുതെന്നും അത് കോങ്കണ്ണിന് കാരണമാകുമെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (അൽബറക/294). രാത്രി കണ്ണാടി നോക്കുന്നത് മുഖം കോട്ടമുണ്ടാക്കുന്ന വാതരോഗത്തിന് കാരണമാണെന്ന് അല്ലാമാ സ്വലാഹുദ്ദീൻ(റ) രേഖപ്പെടുത്തിയിരിക്കുന്നു.

അപൂർവമായിട്ടാണെങ്കിലും രോഗത്തിനും അപകടത്തിനും കാരണമാകുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ഇമാം ഇബ്‌നു ഹജർ(റ) അടക്കമുള്ള പ്രമുഖ കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയതാണ്.

കണ്ണേറ് സത്യമാണെന്നത് പ്രമാണ യോഗ്യമായ ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടതാണല്ലോ. ചിലരുടെ നോട്ടം മുഖേന അപകടം സംഭവിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ ആർത്തവമുള്ള സ്ത്രീ സ്പർശിക്കുന്നത് മുഖേന പാൽ ദുഷിക്കുന്നതും അവളുടെ ആഗമനവും സ്പർശനവും കാരണമായി ചില ചെടികൾ ഉണങ്ങുന്നതും നശിക്കുന്നതുമെല്ലാം വസ്തുതയാണെന്ന് ഹാഫിള് ഇബ്‌നുഹജർ(റ) വ്യക്തമാക്കിയിരിക്കുന്നു (ഫത്ഹുൽ ബാരി 10/200).

ഉയരത്തിലിരുന്ന് കാൽ ആട്ടുന്നത് അഹങ്കാരത്തിന്റെയും അനാദരവിന്റെയും അടയാളമായി വിലയിരുത്തപ്പെടാറുള്ളത് കൊണ്ടായിരിക്കണം അത് ചെയ്യരുതെന്ന് പറയാറുള്ളത്.



? റിംഗ്ട്യൂണാക്കിയ ഖുർആൻ ആയത്ത്, സ്വലാത്ത്, ബൈത്ത് പോലുള്ളവ ബാത്‌റൂമിൽ വെച്ചു ശബ്ദിച്ചാൽ കുറ്റകരമാകുമോ?

ആശിഖ് എടത്തൊടി

ബാത്‌റൂമിൽ വെച്ച് മൊബൈൽ ശബ്ദിച്ചു എന്നത് കുറ്റകരമല്ല. എങ്കിലും അതിനുള്ള സാഹചര്യം ഒഴിവാക്കലാണ് നല്ലത്.



? ദാബ്ബതുൽ അർള് എന്ന അന്ത്യനാളിനോടടുത്തു പ്രത്യക്ഷപ്പെടുന്ന മൃഗം മനുഷ്യരോട് സംസാരിക്കുമെന്ന് ഒരിടത്തു വായിച്ചു. അതിന്റെ മറ്റു പ്രത്യേകതകൾ വിവരിക്കാമോ?

അമീർ വയനാട്

അന്ത്യനാളിനു തൊട്ടുമുമ്പ് സംഭവിക്കുന്ന പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നാണ് ദാബ്ബതുൽ അർള് എന്ന മൃഗത്തിന്റെ പുറപ്പാട്. ഹുദൈഫ(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അന്ത്യനാളിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ റസൂലുല്ലാഹി(സ്വ) ഞങ്ങളിലേക്ക് വന്നു. നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. അന്ത്യനാളിനെ കുറിച്ചാണെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ റസൂൽ(സ്വ) പറഞ്ഞു: പത്ത് ദൃഷ്ടാന്തങ്ങൾക്ക് ശേഷമല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല. ദജ്ജാലിന്റെ പുറപ്പാട്, ദാബ്ബതുൽ അർളിന്റെ പുറപ്പാട്, അസ്തമയ സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ഈസബ്‌നു മർയം(അ)ന്റെ ആഗമനം എന്നിങ്ങനെ പത്ത് ദൃഷ്ടാന്തങ്ങൾ എണ്ണിപ്പറയുകയുണ്ടായി (മുസ്‌ലിം).

അല്ലാഹു പറയുന്നു: നമ്മുടെ വചനം അവരിൽ പുലരുന്ന സമയം ആസന്നമായാൽ നാം അവർക്കായി ഭൂമിയിൽ നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കുന്നതാണ്. അത് അവരോട് സംസാരിക്കും. ജനത്തിന് നമ്മുടെ സൂക്തങ്ങളിൽ ദൃഢവിശ്വാസമുണ്ടായിരുന്നില്ല (ഖുർആൻ 27/82).

നന്മ കൽപിക്കലും തിന്മ വിരോധിക്കലും പൂർണമായും ഇല്ലാതെയാകുന്ന ഒരു കാലഘട്ടത്തിലാണ് ഈ മൃഗത്തിന്റെ പുറപ്പാടെന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽ പുറത്തുവന്നതിന് ശേഷം അപ്രത്യക്ഷ്യമാവുകയും വീണ്ടും പുറത്തുവന്ന് അപ്രത്യക്ഷമായതിന് ശേഷം മൂന്നാമതും പുറത്തുവരും. ഇങ്ങനെ മൂന്ന് പുറപ്പാടുകളുണ്ടെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ മൃഗം മനുഷ്യനോട് സംസാരിക്കുമെന്ന് വിശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കിയിരിക്കുന്നു. അന്ത്യനാൾ സത്യമാണെന്നതിനെക്കുറിച്ചും മറ്റും സംസാരിക്കും. അതിന് പുറമെ പ്രസ്തുത മൃഗം സത്യവിശ്വാസിയുടെ മുഖത്ത് സത്യവിശ്വാസിയാണെന്ന് തിരിച്ചറിയുന്നവിധം പ്രകാശിക്കുന്ന അടയാളം വെക്കുന്നതാണ്. സത്യനിഷേധിയുടെ മുഖത്ത് സത്യനിഷേധിയാണെന്നും അടയാളപ്പെടുത്തും. ഒരാൾക്കും പ്രസ്തുത ജീവിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ കഴിയില്ല. ആർക്കും അതിനെ കീഴ്‌പ്പെടുത്താനും കഴിയില്ല. പിന്നീട് ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലെല്ലാം സത്യവിശ്വാസിയും സത്യനിഷേധിയും വേർതിരിച്ചറിയപ്പെടുന്നതാണ്.

അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: അന്ത്യനാളിന് മുമ്പ് ദാബ്ബതുൽ അർള് പുറപ്പെടുന്നതാണ്. മൂസാ(അ)ന്റെ വടിയും സുലൈമാൻ(അ)ന്റെ മോതിരവും അതിന്റെ കൈവശമുണ്ടായിരിക്കും. വടികൊണ്ട് സത്യനിഷേധിയുടെ മൂക്കിന്മേൽ അടയാളമുണ്ടാക്കും. മോതിരം കൊണ്ട് സത്യവിശ്വാസിയുടെ മുഖം പ്രകാശിപ്പിക്കുകയും ചെയ്യും. പിന്നീട് ജനക്കൂട്ടങ്ങളിലെല്ലാം വിശ്വാസിയും അവിശ്വാസിയും വേർതിരിച്ചറിയപ്പെടുന്നതാണ് (അബൂദാവൂദ്, തിർമുദി). നബി(സ്വ) പറഞ്ഞു: മൂന്ന് ദൃഷ്ടാന്തങ്ങളുണ്ട്. അവ സംഭവിച്ചാൽ അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തവർക്ക് പിന്നീടുണ്ടാകുന്ന വിശ്വാസം ഫലം ചെയ്യില്ല. പടിഞ്ഞാറ് നിന്ന് സൂര്യനുദിക്കുക, ദജ്ജാൽ, ദാബ്ബതുൽ അർള് എന്നിവയാണവ (മുസ്‌ലിം).



? ശാരീരിക പ്രയാസം മൂലം സുജൂദ്, റുകൂഅ്, അത്തഹിയ്യാത്ത് എന്നിവ കസേരയിൽ ഇരുന്നാണ് നിർവഹിക്കാറുള്ളത്. അപ്പോൾ സ്വഫ്ഫ് ശരിയാക്കേണ്ടത് എങ്ങനെയാണ്? ചിലർ പറഞ്ഞു; കാൽ മടമ്പ് സ്വഫ്ഫിനോടൊപ്പിക്കാൻ വേണ്ടി കസേര പിന്നോട്ടിടണമെന്ന്. പിന്നിലെ സ്വഫ്ഫ് അലങ്കോലമാകാതിരിക്കാൻ വേണ്ടി കസേരയുടെ പിൻകാല് സ്വഫ്ഫിനോടൊപ്പിച്ച് ഇടണമെന്നാണ് ചിലർ പറഞ്ഞത്. ഇങ്ങനെയിട്ടാൽ എനിക്ക് ജമാഅത്തിന്റെ കൂലി കിട്ടുമോ? ആദ്യം പറഞ്ഞ രൂപത്തിൽ കസേരയിട്ടാൽ പിൻ സ്വഫ്ഫിൽ ഒരാൾക്ക് നിസ്‌കാരത്തിനു നിൽക്കാൻ പറ്റാതെ വരും. ആ സ്വഫ്ഫ് പൂർത്തിയാക്കാത്തതു മൂലം പിന്നിലുള്ളവർക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കാതാവുമോ?

പിടി ആലിക്കോയ ഹാജി

കോഴിക്കോട്

സുജൂദ്, റുകൂഅ്, അത്തഹിയ്യാത്ത് എന്നിവ കസേരയിൽ ഇരുന്നാണ് നിർവഹിക്കാറുള്ളത് എന്ന് എഴുതിയതിൽ നിന്ന് വ്യക്തമാകുന്നത്, നിങ്ങൾ തക്ബീറതുൽ ഇഹ്‌റാം ചൊല്ലി നിസ്‌കാരം തുടങ്ങുന്നതും ഫാതിഹ ഓതുന്നതുമെല്ലാം നിന്നുകൊണ്ട് തന്നെയാണെന്നാണ്. എങ്കിൽ നിങ്ങൾ നിസ്‌കാരം തുടങ്ങുമ്പോൾ കസേരയുടെ പിൽകാലുകൾ സ്വഫ്ഫിലുള്ളവരുടെ മടമ്പുകളോടൊപ്പിച്ച് നിങ്ങൾ മുന്നോട്ട് കയറി നിൽക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നതാണ്. നിങ്ങളുടെ ചുമലുകളും കാൽ മടമ്പുകളും മറ്റുള്ളവരുടെ ചുമലുകളോടും മടമ്പുകളോടും സമമാക്കി സ്വഫ്ഫിൽ നിൽക്കുകയാണ് വേണ്ടതെന്നാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അപ്പോൾ കസേര പിന്നിലേക്ക് ഇറക്കി ഇടേണ്ടതായി വരും. പിന്നിൽ സ്വഫ്ഫ് നിൽക്കുന്നവർ അവർക്ക് സാധിക്കുന്നതിനനുസരിച്ച് നിന്നാൽ മതിയാകുന്നതാണ്. ഒരു സ്വഫ്ഫിൽ ഒരിടത്ത് ഒരാൾക്ക് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ അത് കാരണമായി അതിന്റെ പിന്നിലുള്ള സ്വഫ്ഫുകൾക്ക് ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുകയില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.



? സ്‌കൂൾ കലോത്സവം, സ്റ്റഡി ടൂർ പോലുള്ളവക്ക് പെൺകുട്ടികളെ അധ്യാപകർക്കൊപ്പം പറഞ്ഞയക്കുന്നതിന് കുഴപ്പമുണ്ടോ?

ബിൻത് സുലൈമാൻ,

രാമനാട്ടുകര

പുരുഷന്മാർക്ക് ആഗ്രഹം തോന്നാവുന്ന ശാരീരിക വളർച്ചയെത്തിയ പെൺകുട്ടി ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അവൾക്ക് നിർബന്ധമില്ലാത്ത കാര്യത്തിന് വേണ്ടി ഭർത്താവോ വിവാഹം നിഷിദ്ധമായ പുരുഷനോ കൂടെയില്ലാതെ യാത്ര ചെയ്യൽ, ഹ്രസ്വയാത്രയാണെങ്കിൽ പോലും നിഷിദ്ധമാണ്. മറ്റു സ്ത്രീകൾ കൂടെയുള്ളത് കൊണ്ട് യാത്ര അനുവദനീയമാവുകയില്ല (തുഹ്ഫ 4/25).

ഭർത്താവോ മഹ്‌റമോ (വിവാഹബന്ധം നിഷിദ്ധമായവൻ) കൂടെയില്ലാതെ അന്യരായ അധ്യാപകർക്കൊപ്പം ചോദ്യത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പെൺകുട്ടികൾ യാത്ര പോകുന്നതും അവരെ പറഞ്ഞയക്കുന്നതും തെറ്റാണ്. അന്യ പുരുഷന്മാർക്കൊപ്പം ഒറ്റക്ക് സംഗമിക്കൽ, അന്യസ്ത്രീ പുരുഷന്മാരുടെ ദർശനം, സ്പർശനം തുടങ്ങിയ കുഴപ്പങ്ങൾക്കും ഇത്തരം യാത്രകൾ കാരണമാകാറുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ സൂക്ഷിച്ചേ പറ്റൂ.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....