Friday, April 20, 2018

ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍



🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍

ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹം ആവശ്യവും അനിവാര്യവുമാണ്. സൗകര്യമുള്ള വാഹനം, വിശാലമായ വീട്, നല്ല അയല്‍ക്കാര്‍, ദീനീബോധമുള്ള ഭാര്യ എന്നിവ സമ്മേളിച്ചവന്‍ മഹാഭാഗ്യവാനാണെന്നു നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
വീട്‌നിര്‍മാണം മുതല്‍ പണി പൂര്‍ത്തിയാകും വരെയും തുടര്‍ന്ന് താമസം തുടങ്ങിയതു മുതല്‍ക്കും ബറക്കത്തും ഐശ്വര്യവും വര്‍ധിച്ച തോതിലുണ്ടാവാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്‌നിര്‍മാണം തുടങ്ങാന്‍ ഉത്തമം ഞായറാഴ്ചയാണ്. തഫ്‌സീര്‍ പണ്ഡിതരുടെ നായകനും പ്രസിദ്ധ സ്വഹാബി വര്യനുമായ ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) തങ്ങള്‍ പറഞ്ഞു: ഞായറാഴ്ച കെട്ടിട നിര്‍മാണത്തിനുള്ള ദിനമാണ്. (അബൂയഅ്‌ലാ, ഇക്‌ലീല്‍).
വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ ചുറ്റളവ് ശ്രദ്ധിക്കണം. ചില അളവുകള്‍ ഗുണകരവും ചിലത് ദോഷകരവുമാണെന്നാണ് പ്രസ്തുത മേഖലയില്‍ അവഗഹാമുള്ളവര്‍ പറയുന്നത്. ഇവ്വിഷയത്തില്‍ പരിചയമുള്ളവരെ അവലംബിക്കണം. അവര്‍ അമുസ്‌ലിംകളാണെങ്കിലും ശരി. സാധിക്കുമെങ്കില്‍ ഖിബ്‌ലയുടെ ദിശയിലേക്ക് തിരിച്ചു നിര്‍മിക്കലാണ് നല്ലത്.
വീട് നിര്‍മിക്കുമ്പോള്‍ വിശാലമായതുണ്ടാക്കാം. ഭംഗിക്കു വേണ്ടി കനത്ത വിലയുള്ള മാര്‍ബിള്‍ കല്ലുകളോ ടൈല്‍സുകളോ പതിക്കുക, നല്ലയിനം പെയ്ന്റ് അടിക്കുക എന്നിവയെല്ലാം അനുവദനീയമാണ്. വലിയ വീടുണ്ടാക്കലും അലങ്കാരം നടത്തലും ധൂര്‍ത്തോ, ധനം പാഴാക്കലോ അല്ല. അഹങ്കാരം നടിക്കരുതെന്നു മാത്രം. വലിയ വീടു നിര്‍മിക്കുന്നവര്‍ക്കെതിരെയുള്ള നബി(സ) തങ്ങളുടെ താക്കീത് അഹങ്കാരം നടിക്കുമ്പോഴാണെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ലോകത്തും പരലോകത്തും യാതൊരു ഉപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍ (സമ്പത്തു പാഴാക്കല്‍) തെറ്റായ കാര്യത്തില്‍ ധനം ചെലവഴിക്കുന്നതാണ് തബ്ദീര്‍ (ധൂര്‍ത്തടിക്കല്‍). ഭൗതികലോകത്ത് പ്രശംസയെയും പരലോകത്ത് പ്രതിഫലവും നല്‍കാത്ത ഒന്നാണു ഇസ്‌റാഫ്(അമിതമായി ചെലവഴിക്കല്‍). (തുഹ്ഫ 5/168, നിഹായ 4/351 നോക്കുക.)
ഒരു വീട് നിര്‍മിച്ചാല്‍ അതിന്റെ ഉദ്ഘാടനം ഏത് സമയത്താവലാണ് ഉത്തമമെന്ന് തെളിവിന്റെ വെളിച്ചത്തില്‍ അല്‍പം വിവരിക്കാം.
വീട് ഉദ്ഘാടനം പോലെത്തന്നെയാണ് ഏത് നല്ല കാര്യത്തിന്റെയും തുടക്കവും. ഇമാം നവവി(റ) പറയുന്നു: ദീനിയ്യും ദുന്‍ യവിയുമായ പ്രവൃത്തികള്‍ പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കല്‍ അവര്‍ക്ക് സുന്നത്താണ്. സമുദായത്തിന്റെ പ്രഭാതത്തില്‍ അവര്‍ക്കു നീ ബറകത്തേകണമേ എന്നു നബി(സ) പ്രാര്‍ ത്ഥിച്ച ഹദീസാണ് ഇതിന് ആധാരം. (തുഹ് ഫ 10/131, മുഗ്നി 4/386, നിഹായ 8/250.)
നിക്കാഹ് കര്‍മം വെള്ളിയാഴ്ച പ്രഭാത സമയത്താവല്‍ പ്രത്യേകം സുന്നത്താണല്ലോ. മുകളില്‍ വിവരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണിത്. (തുഹ്ഫ 7/216, നിഹായ 6/185, മുഗ്‌നി 3/128)
പ്രധാനപ്പെട്ട ഒരു കാര്യത്തിന്റെ തുടക്കം കുറിക്കാന്‍ തിങ്കളാഴ്ച പുണ്യദിനമാണെന്നും എന്റെ സമൂദായത്തിന്റെ തിങ്കളാഴ്ച പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേയെന്ന ഹദീസുണ്ടെന്നും ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 10/130)
ഗൃഹപ്രവേശനത്തിനു പ്രഭാതം തെരഞ്ഞെടുക്കല്‍ പുണ്യമാണെന്നു സുതരാം വ്യക്തമായല്ലോ. എന്നാല്‍ പ്രഭാതത്തിന്റെ ളുഹാ നിസ്‌കാര സമയമാണു ഏറ്റവും ഉത്തമം. എന്തുകൊെണ്ടന്നാല്‍ തിങ്കളാഴ്ച പ്രഭാതത്തില്‍ നല്ല കാര്യത്തിനു തുടക്കം കുറിക്കല്‍ പുണ്യമാണെന്നു ഇമാമുകള്‍ വിവരിച്ചതിനു നിമിത്തമായി പറഞ്ഞത് നബി(സ) തങ്ങള്‍ മദീനാപട്ടണത്തില്‍ പ്രവേശിച്ചത് തിങ്കളാഴ്ച പ്രഭാതത്തിന്റെ ളുഹാ സമയത്തായിരുന്നുവെന്നാണ്. (തുഹ്ഫ 10/130, നിഹായ 8/250, മുഗ്‌നി 4/386)
സൂര്യന്റെ ചൂട് അല്‍പം ശക്തമായ സമയത്തായിരുന്നു നബി(സ) തങ്ങള്‍ മദീനയില്‍ പ്രവേശിച്ചത്. (സയ്യിദുല്‍ ബശര്‍ പേജ് 120)
വെള്ളിയാഴ്ച പ്രഭാതത്തില്‍ നിക്കാഹ് കര്‍മം നടത്തല്‍ സുന്നത്താണെന്ന് മനസ്സിലാക്കിയ അകക്കണ്ണുള്ള പലരും വെള്ളിയാഴ്ച ളുഹായുടെ സമയത്താണല്ലോ നിക്കാഹ് കര്‍മ്മം നടത്താറുള്ളത്. ഈയടുത്ത കാലം വരെ ഗൃഹപ്രവേശം ളുഹായുടെ സമയത്തായിരുന്നുവത്രെ നടത്തിയിരുന്നത്.
നബി(സ)യും സ്വഹാബത്തും ഗൃഹപ്രവേശനം നടത്തിയതും പ്രസ്തുത വീട്ടില്‍ വെച്ച് നിസ്‌കരിച്ചതും എപ്പോഴാണെന്നും ഏത് നിസ്‌കാരമാണെന്നും നോക്കാം. പ്രമുഖ സ്വഹാബീവര്യന്‍ ഇത്ബാന്‍(റ) പറയുന്നു: നബി(സ) തങ്ങളെ ഞാന്‍ എന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച പ്രവാചകര്‍ ളുഹാ സമയത്തു വന്നു. കൂടെ അബൂബക്കര്‍ സിദ്ദീഖും(റ) ഉണ്ട്. അങ്ങനെ ഇത്ബാന്‍(റ) കാണിച്ചു കൊടുത്ത സ്ഥലത്തു വെച്ച് നബി(സ)യും അവരും നിസ്‌കരിച്ചു. (മുസ്‌ലിം 1/233)
ഇമാം നവവി(റ) പറയുന്നു: വീടുണ്ടാക്കിയാല്‍ സ്വാലിഹീങ്ങളെ ക്ഷണിച്ചുവരുത്തിയും അവരോട് വീട്ടില്‍വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടും അവരെ കൊണ്ട് ബറകത്തെടുക്കാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. (ശര്‍ഹു മുസ്‌ലിം 1/233)
അനസ്(റ) പറയുന്നു: ഞങ്ങളുടെ വീട്ടിലേക്ക് നബി(സ) വന്നു. അത് ഫര്‍ളു നിസ്‌കാരത്തിന്റെ സമയത്തല്ലായിരുന്നു (ളുഹാ നിസ്‌കാര സമയം). അങ്ങനെ നബി(സ) വീട്ടില്‍ വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കുകയും ദുന്‍യവിയും ഉഖ്‌റവിയുമായ എല്ലാ നന്മക്കും വേണ്ടി ഞങ്ങള്‍ക്ക് നബി(സ) പ്രാര്‍ത്ഥിച്ചുതരികയും ചെയ്തു. (മുസ്‌ലിം 1/234)
വീടുദ്ഘാടനം പോലെത്തന്നെ കച്ചവടം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതും ളുഹാ സമയത്താണു ഉത്തമം. അടിസ്ഥാനരഹിതമായ നാട്ടാചാരങ്ങള്‍ക്കെതിരെയും ബിദ്അത്തിനെതിരെയും ഇമാമുകള്‍ എക്കാലത്തും പ്രതികരിച്ചിട്ടുണ്ട്.
ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിബിനു ഇടയിലുള്ള 12 റക്അത്ത് നിസ്‌കാരം, ബറാഅത്ത് രാവില്‍ പ്രത്യേക രീതിയിലുള്ള 100 റക്അത്ത് നിസ്‌കാരം തുടങ്ങിയ ഒട്ടനവധി ബിദ്അത്തിനെതിരെ, ഇമാം അബൂശാമ(റ), ഇമാം ഇബ്‌നുഹാജ്(റ), ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) തുടങ്ങിയ ഇമാമുകള്‍ പ്രതികരിക്കുകയും ജനങ്ങളെ ശക്കമായി ബോധവത്കരിക്കുകയും ചെയ്തതിന്റെ ഫലമായി ഇപ്പോള്‍ അത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ ആര്‍ക്കും പരിചിതമല്ലാത്തവിധം നിഷ്‌കാസിതമായിട്ടുണ്ട്.
ബിദ്അത്ത് ഉടലെടുക്കുമ്പോഴെല്ലാം പണ്ഡിതരോ അവരുടെ സേവകരോ ബിദ്അത്തിനെതിരെ ശബ്ദിക്കണം. അങ്ങനെ ഭാവിയില്‍ അത്തരം ബിദ്അത്തുകള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തവിധം നശിച്ചുപോകണം. സമൂഹത്തില്‍ നിലനിന്നിരുന്ന ബിദ്അത്തുകള്‍ മാത്രം വിവരിച്ച് ജനങ്ങളെ ബോധവല്‍കരിച്ച ഇമാം ഇബ്‌നു ഹജര്‍(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്- ‘അല്‍ഈളാഹു വല്‍ബയാന്‍’ എന്നാണിതിന്റെ പേര്. (തുഹ്ഫ 2/239 നോക്കുക.)
വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ വലതു കാല്‍ മുന്തിക്കണം. വീട്ടില്‍ നിന്നുപുറത്തിറങ്ങുമ്പോള്‍ ഇടതുകാല്‍വെച്ചിറങ്ങലാണ് സുന്നത്ത്. ഏത് യാത്രക്കിറങ്ങുകയാണെങ്കിലും ഇടതുകാല്‍ വെച്ചാണു ഇറങ്ങേണ്ടത്. വീടിന്റെ അകവും പുറവും പരിഗണിക്കുമ്പോള്‍ അകമാണല്ലോ നല്ലത്. അതുകൊണ്ടാണ് ഇങ്ങനെ നിയമം വന്നത്. (ഫതാവല്‍ കുബ്‌റാ: 1/61, ഇആനത്ത് 1/10, ഫതാവല്‍ ഹദീസിയ്യ 62)
മര്‍ഹൂം തഴവ മുഹമ്മദ് കുഞ്ഞി മൗലവി ‘അല്‍മവാഹിബ്’ എന്ന പുസ്തകത്തില്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വലതുകാല്‍ മുന്തിക്കണമെന്ന് പറഞ്ഞത് ശാഫിഈ മദ്ഹബിനോട് യോചിക്കില്ല. അദ്ദേഹം തെളിവ് നല്‍കിയത് ‘മദ്ഘല്‍’ എന്ന മാലികി മദ്ഹബിലെ ഗ്രന്ഥമാണ്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...