Tuesday, March 20, 2018

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ചോദ്യം: സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യുന്നതിന്റെ വിധിയെന്ത്?
ഉത്തരം: അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സ്ത്രീകള്‍ക്ക് സി യാറത്ത് ചെയ്യല്‍ സുന്നത്താണ്. മറ്റു ഖബറുകള്‍ സിയാറത്ത് ചെയ്യല്‍ കറാഹത്തുമാണ്. സുന്നത്തായ സിയാറത്തിന് വരുമ്പോള്‍ മഖ്ബറയിലോ വഴിയിലോ അന്യപുരുഷ ന്മാരുണ്ടെങ്കില്‍ പൂര്‍ണ പര്‍ദ്ദയോട് കൂടി പോകല്‍ നിര്‍ബന്ധമാണ്.
തുഹ്ഫ പറയുന്നു: “സ്ത്രീകള്‍ക്കും നപുംസകര്‍ക്കും സിയാറത്ത് കറാഹത്താകുന്നു. നാശവും കരച്ചില്‍ കൊണ്ട് ശബ്ദമുയര്‍ത്തലും ഭയപ്പെട്ടതിനാലാണിത്. പക്ഷേ, നബി   (സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത്തു തന്നെ. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ആലിമീങ്ങള്‍ എന്നിവരുടെയും ഖബറുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.”
ഇമാം അദ്റഇ(റ) പറയുന്നു: “ഇപ്പറഞ്ഞത് സ്വഹീഹാണെങ്കില്‍ അവര്‍ക്ക് അടുത്ത
ബന്ധുക്കളുടെ ഖബര്‍ സിയാറത്ത് സുന്നത്താകുമെന്ന് പറയേണ്ടതില്ലല്ലോ.” അദ്റഇ(റ)യുടെ ഈ വാക്കിന്റെ ബാഹ്യം മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍,  ഉലമാക്കള്‍ എന്നിവരുടെ ഖബറുകള്‍ സ്ത്രീകള്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന അഭിപ്രായത്തില്‍ ഇമാം അദ്റഇ(റ) സംതൃപ്തനല്ലെന്നാണ്. പക്ഷേ, മറ്റുള്ളവരെല്ലാം ഇത് തൃപ്തിപ്പെട്ടിരിക്കയാണ്. എന്നല്ല, അവര്‍ അങ്ങനെതന്നെ ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ ജാറങ്ങളിലേക്ക് പോകുന്നത് സംബന്ധിച്ച് ഇപ്രകാരം വിശദീകരിക്കണമെന്നതാണ് സത്യം. അവള്‍ വൃദ്ധയാവുക, മോഡിയുള്ള വസ്ത്രം, ആഭരണം, സുഗന്ധം എന്നിവകൊണ്ട് അഴകാവാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കേണ്ടതാണ്. അന്യപുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും  മറയ്ക്കുന്ന വാഹനത്തിലുമായിരിക്കണം അവള്‍ പോകേണ്ടത്. ഇങ്ങനെ പോകുന്നപക്ഷം യുവതിയാണെങ്കിലും അവള്‍ക്ക് സുന്നത്ത് തന്നെയാണ്. ഉലമാഅ് പോലെയുള്ളവരും അവരല്ലാത്ത അടുത്ത കുടുംബങ്ങളും തമ്മില്‍ ഇപ്രകാരം വ്യത്യാസം പറയാം. ഖബര്‍ സിയാറത്ത് കൊണ്ട് അവരുടെ ജാറങ്ങള്‍ സജീവമാക്കിയുള്ള ആദരവ് പ്രകടിപ്പിക്കലാണ് അവരുടെ ഖബര്‍ സിയാറത്ത് കൊണ്ടുള്ള വിവക്ഷ. മാത്രമല്ല അവരെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്നുള്ള ഉഖ്റവിയ്യായ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരല്ലാതെ ഇതെതിര്‍ക്കില്ല. അടുത്ത ബന്ധുക്കള്‍ ഇപ്രകാരമല്ലല്ലോ. ഇപ്പറഞ്ഞത് കൊണ്ട് അദ്റഇ(റ)യുടെ ഉപര്യുക്ത വാക്ക് അപ്രസക്തമായി.”
തുഹ്ഫയുടെ വാക്കില്‍ അന്യപുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് പൂര്‍ണമായും മറയ് ക്കുന്ന വാഹനത്തിലുമാകണം പോകേണ്ടതെന്ന് പറഞ്ഞത് ജാറത്തിങ്കലോ വഴിയിലോ അന്യപുരുഷന്മാര്‍ ഉണ്ടാകുമെന്ന് കണ്ടാലാണെന്നും അല്ലെങ്കില്‍പിന്നെ ഈ നിബന്ധനക്ക് പ്രസക്തിയില്ലെന്നും ബസ്വരിയും ഇബ്നുഖാസിമും പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ ശര്‍വാനി സഹിതം 3/201 നോക്കുക).
നിഹായ എഴുതുന്നു: “സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്ത് ചെയ്യുന്നത് സംബന്ധമായുള്ള അഭിപ്രായങ്ങള്‍ നബി(സ്വ)യുടെ ഖബര്‍ അല്ലാത്തവയിലാണ്. പ്രത്യുത നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് കറാഹത്തില്ലെന്നല്ല സ്ത്രീപുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദത്തുകളിലൊന്നാണ്. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നതും ഇപ്രകാരം തന്നെയാകണമെന്നതാണ് അനിവാര്യമാകുന്നത്. ഇബ്നുരിഫ്അത്തും(റ), ഖമൂലിയും(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇതുതന്നെയാണ് പ്രബലവും.”
നിഹായയുടെ ഈ വാക്കുകള്‍ വിശദീകരിച്ചുകൊണ്ട് അലിയ്യുശ്ശിബ്റാമുല്ലസി(റ) എഴുതുന്നു: “ഇപ്പറഞ്ഞത് ഭര്‍ത്താവ്, വലിയ്യ്, സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അ വള്‍ പുറപ്പെടുമ്പോഴാണെന്നത് സ്മരണീയമാണ” (നിഹായ 3/37 ഹാശിയ സഹിതം നോക്കുക).
ഇത്രയും വിശദീകരിച്ചതില്‍നിന്നും താഴെപറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാനാകും.
(1) വിവാഹിതര്‍ ഭര്‍ത്താവിന്റെയും അല്ലാത്തവര്‍ വലിയ്യി(കാര്യകര്‍ത്താവ്)ന്റെയും അടിമ സയ്യിദി(ഉടമസ്ഥന്‍)ന്റെയും അനുമതി വാങ്ങിയിരിക്കുക, ആകര്‍ഷണീയമായ വസ്ത്രം, ആഭരണം, സുഗന്ധം എന്നിവ കൊണ്ട് അഴകാവാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ച വൃദ്ധകള്‍ക്ക് മഹാന്മാരുടെ ഖബര്‍ സിയാറത്തിന് പോകാവുന്നതാണ്.
(2) ഉപര്യുക്ത നിബന്ധനകള്‍ക്ക് പുറമെ ജാറത്തിങ്കലും പോകുന്ന വഴിയിലും അന്യപുരുഷന്മാരുണ്ടാകുമെന്നുകണ്ടാല്‍ അവരുടെ ദൃഷ്ടിയെ മറയ്ക്കും വിധമുള്ള വാഹനത്തില്‍ സ്ത്രീ യുവതിയാണെങ്കിലും മഹാന്മാരുടെ ഖബര്‍സിയാറത്തിന് പോകുന്നത് സുന്നത്താകുന്നു.
(3) ജാറത്തിങ്കലും വഴിയിലും അന്യപുരുഷന്മാര്‍ തീരേയില്ലെന്നുറപ്പുവന്നാല്‍ വാഹനത്തിലല്ലാതെയും ഉപര്യുക്ത നിബന്ധനകള്‍ പാലിച്ച് കൊണ്ട് മഹാന്മാരുടെ കബര്‍ സി യാറത്ത് ചെയ്യുന്നത് സ്ത്രീകള്‍ക്ക് പുണ്യകര്‍മ്മമാണ്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....