Wednesday, March 21, 2018

മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും


മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും● മുഹ്‌യിദ്ദീന്‍ സഅദി അല്‍കാമിലി കൊട്ടുക്കര 0


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മയ്യിത്ത് പൊതുദര്‍ശനത്തിനുവെക്കുന്നതും ഗള്‍ഫിലും മറ്റുമുള്ള ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കാന്‍ ദിവസങ്ങളോളം മറവുചെയ്യാതെ കാത്തുവെക്കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷവും പിന്നീട് വന്നു ചേര്‍ന്നവര്‍ക്ക് തുണിനീക്കി കാണിച്ചുകൊടുക്കുന്ന രീതിപോലുമുണ്ട്. മതപരമായി തീരെ പ്രോത്സാഹിപ്പിക്കേണ്ടതല്ല ഈ കാര്യങ്ങള്‍. വിശ്രുത കര്‍മശാസ്ത്ര വിശാരദനും മഹാപണ്ഡിതനുമായ ഇമാം നവവി(റ) മിന്‍ഹാജിലും ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) തുഹ്ഫത്തുല്‍ മുഹ്താജിലും എഴുതുന്നു: കഴുകിയ ഭാഗവും അല്ലാത്തവയും അറിയുക പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മയ്യിത്തിന്റെ ഔറത്ത് ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ ദര്‍ശിക്കലും മറകൂടാതെ സ്പര്‍ശിക്കലും കുളിപ്പിക്കുന്നവര്‍ക്ക് തന്നെ കറാഹത്താണ്.

നജസ് നീക്കല്‍ പോലുള്ള അനിവാര്യവും നിര്‍ബന്ധവുമായ കാര്യത്തിനല്ലാതെ മയ്യിത്തിന്റെ ഔറത്തിന്റെ ഭാഗം നോക്കലും മറകൂടാതെ സ്പര്‍ശിക്കലും ഹറാമാണ് (തുഹ്ഫ 3/201).

ഇമാം ഖത്വീബുശ്ശിര്‍ബീനി(റ) മുഗ്‌നില്‍ മുഹ്താജില്‍ എഴുതി: കുളിപ്പിക്കുന്ന കര്‍മവുമായി നേരെ ബന്ധമില്ലാത്ത സഹായികളെ പോലുള്ളവര്‍ പോലും നിര്‍ബന്ധ സാഹചര്യത്തിലല്ലാതെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ ദര്‍ശിക്കല്‍ കറാഹത്താണ് (മുഗ്‌നില്‍ മുഹ്താജ് – ശര്‍വാനി 3/202). കുളിപ്പിക്കുന്നവരും സഹായികളും മയ്യിത്തിനെ ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്ധൃത വിശദീകരണ പ്രകാരം തന്നെ എല്ലാവര്‍ക്കും കാണാന്‍ സൗകര്യം ചെയ്ത് കൊണ്ട് മയ്യിത്തിനെ പൊതുദര്‍ശനത്തിന് വെക്കുന്ന പ്രവണത അഭിലഷണീയമല്ലെന്ന് വ്യക്തമാണല്ലോ.

പ്രമുഖ സ്വഹാബിയായ ഉസ്മാനുബ്‌നു മള്ഊന്‍(റ)വിന്റെ മയ്യിത്ത് നബി(സ്വ) ചുംബിച്ചതും തിരുനബി(സ്വ)യുടെ തിരുമുഖം വിയോഗാനന്തരം സിദ്ദീഖ്(റ) ചുംബിച്ചതും സ്വഹീഹുല്‍ ബുഖാരി പോലുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്.

ഇതടിസ്ഥാനമാക്കി മയ്യിത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൃപയുടേയും സ്‌നേഹത്തിന്റേയും ഭാഗമെന്ന നിലക്ക് മയ്യിത്തിനെ ചുംബിക്കാമെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബറകത്ത് ഉദ്ദേശിച്ചു കൊണ്ട് സജ്ജനങ്ങളുടേയും പണ്ഡിതരുടേയും മയ്യിത്ത് ചുംബിക്കുന്നതും ഇപ്രകാരം തന്നെയാണ് (ശറഹുല്‍ മന്‍ഹജ്, നിഹായ, തുഹ്ഫ 3/201).

ഇതേപ്രകാരം ശ്രദ്ധിക്കേണ്ടതാണ് മറവുചെയ്യുന്ന കാര്യവും. വൈകുന്നേരമോ രാത്രിയുടെ ആദ്യ സമയങ്ങളില്‍ തന്നെയോ മരണപ്പെട്ടാലും പുലര്‍ച്ചെ വരെ പിന്തിപ്പിച്ചാണ് മറമാടുന്നതായി കണ്ടുവരുന്നത്. മയ്യിത്തിനെ രാത്രി ഖബറടക്കം ചെയ്യുന്നതിന് ശറഇല്‍ ഒരു നിരോധനവും ഇല്ലെന്നതാണ് വസ്തുത.

ഒരു വ്യക്തിയുടെ മരണം ഉറപ്പിക്കപ്പെട്ടാല്‍ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നിസ്‌കരിക്കുക, മറമാടുക എന്നീ കര്‍മങ്ങള്‍ സാഹചര്യവും സന്ദര്‍ഭവുമനുസരിച്ച് സാധ്യമായ ഏറ്റവുമടുത്ത സമയത്ത് തന്നെ നിര്‍വഹിക്കണമെന്നാണ് മതനിയമം. രാത്രിയോ പകലോ നിസ്‌കാരം കറാഹത്തായ മറ്റു സമയങ്ങളിലോ മതപരമായി ഇതിന് തടസ്സമില്ല.

ഇമാം നവവി(റ) ഉദ്ധരിക്കുന്നു: രാത്രിയിലും മുന്‍ കാരണങ്ങളില്ലാത്ത നിസ്‌കാരങ്ങള്‍ കറാഹത്താക്കപ്പെട്ട സമയങ്ങളിലും ഖബറടക്കം അനുവദനീയമാണ് (മിന്‍ഹാജ്). ഇത് വിശദീകരിച്ച ഇമാം ഇബ്‌നുഹജര്‍(റ) എഴുതുന്നു: രാത്രി മറമാടല്‍ കറാഹത്ത് കൂടാതെ തന്നെ അനുവദനീയമാണ്. നബി(സ്വ)യും നാല് ഖലീഫമാരും ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതു തന്നെയാണ് കാരണം (തുഹ്ഫ 3/214).

മാത്രമല്ല, നബി(സ്വ) തങ്ങള്‍, അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരെയൊക്കെ സ്വഹാബത്ത് മറവ് ചെയ്തതും രാത്രിയിലാണ് (മുഗ്‌നി, നിഹായ, ശര്‍വാനി 3/214).

എന്നാല്‍ മയ്യിത്ത് പകര്‍ച്ചയാകുമെന്ന ഭയമില്ലെങ്കില്‍ പരിപാലന സൗകര്യത്തിന് സാധ്യമായ സമയത്തിനുമപ്പുറം അധികമാകാത്ത രൂപത്തില്‍ ആണെങ്കില്‍ ഖബറടക്കം പകലില്‍ ആകുന്നതും നിസ്‌കാരം കറാഹത്താക്കപ്പെടാത്ത സമയത്താകുന്നതും രാത്രിയേക്കാള്‍ ശ്രേഷ്ഠമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (മിന്‍ഹാജ്, തുഹ്ഫ 3/216).

മരണപ്പെട്ട ആളുടെ കടങ്ങള്‍ മക്കളോ മറ്റു ബന്ധുക്കളോ ഏറ്റെടുത്തുവെന്നും ഇനി അവരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുനല്‍കുന്ന രീതിയുണ്ട് നമ്മുടെ നാടുകളില്‍. മയ്യിത്തിന് ഉപകാരപ്രദമാകയാല്‍ ഈ ശൈലി പ്രോത്സാഹിപ്പിക്കേണ്ടതാണ്.ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ഒരു വ്യക്തി മരണപ്പെട്ടാല്‍ സാധ്യമാകുമെങ്കില്‍ എത്രയും പെട്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കടമിടപാടുകള്‍ തീര്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതാണ്. നല്ല ആത്മാക്കള്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ തൊട്ട് കടം കാരണം അവന്റെ ആത്മാവിനെ തടയപ്പെടുമെന്ന് നബി(സ്വ)യുടെ ഹദീസ് സ്വഹീഹായി വന്നിട്ടുണ്ട്.ഉടനെ വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കടങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കടക്കാരെ അറിയിക്കുകയും അവര്‍ അതില്‍ തൃപ്തിപ്പെടുകയും ചെയ്താല്‍ മയ്യിത്ത് ബാധ്യതയില്‍ നിന്ന് ഒഴിവാകുമെന്നും ഇമാം ശാഫിഈ(റ)വിനെ പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫത്തുല്‍ മുഹ്താജ് 3/198).

രണ്ട് ദീനാര്‍ കടബാധ്യത ബാക്കി വെച്ച് മരണപ്പെട്ട മയ്യിത്തിന്റെ മേലില്‍ നിസ്‌കരിക്കാന്‍ തിരുനബി(സ്വ) വിസമ്മതിച്ചതും അബൂഖതാദ(റ) പ്രസ്തുത കടം ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ ആ രണ്ട് ദീനാര്‍ താങ്കളുടെ ബാധ്യതയിലായെന്നും മയ്യിത്ത് ബാധ്യതയില്‍ നിന്നൊഴിവായെന്നും പരസ്യമായി പ്രസ്താവിച്ച ശേഷം തിരുനബി(സ്വ) തന്നെ നിസ്‌കാരത്തിന് നേതൃത്വം കൊടുത്തതും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. കടബാധ്യത ഏറ്റെടുക്കുന്നവര്‍ മയ്യിത്തിന്റെ ബന്ധുക്കള്‍ തന്നെയാകണമെന്നില്ല എന്ന് പ്രസ്തുത ഹദീസ് അടിസ്ഥാനമാക്കി സര്‍കശി(റ)വിനെ പോലുള്ള ഇമാമുമാര്‍ പറഞ്ഞിട്ടുണ്ട്.ഇത്രയും വിശദീകരിച്ചതില്‍ നിന്നും മയ്യിത്തിന് അത് വലിയ പ്രയോജനം ചെയ്യുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.ശുദ്ധിയില്ലാത്ത സ്ത്രീകള്‍ക്കും മയ്യിത്ത് സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. ശുദ്ധിയുള്ളവര്‍ ഹാജറുണ്ടെങ്കില്‍ പോലും ഹൈള്, ജനാബത്ത് പോലുള്ള വലിയ അശുദ്ധിയുള്ളവര്‍ക്ക് മയ്യിത്ത് കുളിപ്പിക്കല്‍ അനുവദനീയമാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഹാശിയത്തു ശര്‍വാനി 3/202). പരിചയ സമ്പന്നരായ സ്ത്രീകള്‍ സന്നിഹിതരായിട്ടും അശുദ്ധിക്കാരായതുകൊണ്ട് ശുദ്ധിയുള്ളവരെ കാത്തിരിക്കേണ്ടതില്ലെന്ന് സാരം.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....