Wednesday, February 21, 2018

ഇസ് ലാം : ഖുർആനിൽ വൈരുദ്യമോ വ്യഭിചാരികള്‍ക്കുള്ള ശിക്ഷയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍


ഇസ് ലാം : ഖുർആനിൽ വൈരുദ്യമോ

വ്യഭിചാരികള്‍ക്കുള്ള ശിക്ഷയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍

വ്യഭിചാരക്കുറ്റത്തിന് നൂറടി നല്‍കണമെന്ന് 24: 2-ല്‍ അല്ലാഹു പറയുന്നു: ‘വ്യഭിചരിക്കുന്ന സ്ത്രീപുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക’ (അന്നൂര്‍ 24: 2).

വ്യഭിചരിച്ച സ്ത്രീയെ വീട്ടുതടങ്കലില്‍ വെക്കുകയാണു വേണ്ടതെന്ന് 4: 15-ല്‍ പറയുന്നു: ‘നീചവൃത്തിയില്‍ ഏര്‍പ്പെടുന്ന നിങ്ങളുടെ സ്ത്രീകള്‍ക്കെതിരെ നാലു സാക്ഷികളെ നിങ്ങള്‍ കൊണ്ടുവരിക. അങ്ങനെ അവര്‍ സാക്ഷ്യംവഹിച്ചാല്‍ മരണം വരെയോ മറ്റൊരു മാര്‍ഗം അല്ലാഹു നിര്‍ദേശിക്കുന്നതുവരെയോ അവരെ വീടുകളില്‍ നിങ്ങള്‍ തടഞ്ഞുവെക്കുക’ (നിസാഅ് 4: 15).

പുരുഷന്മാരെ പീഡിപ്പിക്കണമെന്ന് 4: 16-ലും പറയുന്നു: ‘നിങ്ങളുടെ കൂട്ടത്തില്‍ ആ നീചവൃത്തി ചെയ്ത രണ്ടു പുരുഷന്മാരെയും നിങ്ങള്‍ ശിക്ഷിക്കുക’ (നിസാഅ് 4: 16).

ഈ മൂന്ന് വചനങ്ങളും കാണിക്കുന്ന ആശയം പരസ്പരം വൈരുദ്ധ്യമല്ലേ?

മറുപടി

വൈരുദ്ധ്യമല്ല. കാരണം വ്യഭിചാരം ചെയ്ത സ്ത്രീ-പുരുഷന്മാര്‍ക്ക് ആദ്യം വിധിച്ച ശിക്ഷയാണ് സൂറത്തുന്നിസാഅ് 4: 15-16 ല്‍ പറയുന്നത്. വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാരെ ആക്ഷേപിച്ചും ചെരിപ്പുകൊണ്ടടിച്ചും മറ്റും ശിക്ഷിക്കണമെന്നായിരുന്നു ആദ്യനിയമം. അതോടൊപ്പം വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കണമെന്നും അത് വ്യാപിക്കുവാന്‍ ഇടവരുത്തരുതെന്നുകൂടി ഇസ്‌ലാം കല്‍പിച്ചു. എന്നാല്‍ ഈ കല്‍പന  മറ്റൊരു തീരുമാനം വരുന്നതുവരെയാണെന്ന് 4: 15-ല്‍ വ്യക്തമാക്കുകയും ചെയ്തു.

അല്ലാമ അബുസ്സുഊദ്(റ) പറയുന്നു: ഇസ്‌ലാമിന്റെ ആദ്യകാലത്ത് വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീപുരുഷന്മാര്‍ക്ക് നല്‍കിയിരുന്ന ശിക്ഷ ഈ പറഞ്ഞ രൂപത്തിലായിരുന്നു. പിന്നീട് നിശ്ചിതശിക്ഷ വിധിച്ച് ആ നിയമം ദുര്‍ബലമാക്കി. നബി(സ്വ) ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു: ‘ഞാന്‍ പറയുന്നത് സ്വീകരിക്കുക, നിശ്ചയം അല്ലാഹു അവര്‍ക്ക് മാര്‍ഗം നിര്‍ദേശിച്ചിരിക്കുന്നു. വിവാഹിതയെ എറിഞ്ഞുകൊല്ലുകയും അവിവാഹിതയെ അടിക്കുകയും വേണം (അബുസ്സുഊദ് 2/52).

മദ്യപാനത്തിലും വ്യഭിചാരത്തിലും മുഴുകിയിരുന്ന, സംസ്‌കാര ശൂന്യരായിരുന്ന ഒരു ജനതയെ 23 വര്‍ഷക്കാലം കൊണ്ട് സംസ്‌കാരസമ്പന്നരും മാതൃകായോഗ്യരുമായ ഉത്തമ സമൂഹമാക്കി മാറ്റിയെടുത്ത മഹദ് ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. ഒറ്റയടിക്ക് അവരില്‍ ഇത്തരത്തിലുള്ളൊരു മാറ്റംവരുത്താന്‍ സാധ്യമല്ലെന്ന കാര്യം തീര്‍ച്ചയാണ്. അതിനാല്‍ ഘട്ടംഘട്ടമായി അവരെ സംസ്‌കരിച്ചെടുക്കാനാണ് ഖുര്‍ആന്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായി വേശ്യാവൃത്തികളില്‍ മുഴുകിയിരുന്ന സ്ത്രീ-പുരുഷന്മാരെ ആക്ഷേപിക്കാനും ചെറിയ ചെറിയ ശിക്ഷകള്‍ നല്‍കാനും വിശുദ്ധ ഖുര്‍ആന്‍ ആദ്യം നിര്‍ദേശിച്ചു. തുടര്‍ന്ന് മുസ്‌ലിം സമൂഹം സാംസ്‌കാരികമായും ധാര്‍മികമായും വളര്‍ന്നപ്പോള്‍ പ്രസ്തുത കുറ്റകൃത്യത്തിനുള്ള വ്യക്തവും കൃത്യവുമായ ശിക്ഷ ഇസ്‌ലാം പ്രഖ്യാപിച്ചു. അവിവാഹിതരായ വ്യഭിചാരികള്‍ക്കുള്ള ശിക്ഷ 24: 2-ല്‍ വ്യക്തമാക്കിയതോടെ 4: 15-16-ല്‍ പറഞ്ഞ നിയമം ദുര്‍ബലമായി. അതിനാല്‍ സമൂഹവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ രണ്ട് നിയമ പരിഷ്‌കരണങ്ങളാണ് 4: 15-16 ലും  24: 2-ലും പറയുന്നത്. അതിനാല്‍ ഇവ തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. അവസാനം അവതരിച്ച നിയമമാണ് അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാകുന്നത്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...