Tuesday, February 27, 2018

നാരിയതു_സ്വലാത്തിന്റെ_പുണ്യം

#നാരിയതു_സ്വലാത്തിന്റെ_പുണ്യം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്.

നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഖുർത്വുബിയെ ഉദ്ധരിച്ചു ശയ്ഖ് മുഹമ്മദ് ഹഖ്ഖി ന്നാസിലിയുടെ ഖസീനതുൽ അസ്റാറിലും സയ്യിദ് യൂസുഫുന്നബഹാനിയുടെ സആദതു ദ്ദാറയ്നിയിലും ഇപ്രകാരം രേഖപ്പെടുത്തുന്നു:

من أراد تحصيل أمر مهم عظيم، أو دفع البلاء المقيم، فليقرأ هذه الصلاة التفريجية، وليتوسل بها إلى النبي ذي الخلق العظيم، 4444 مرة، فإن الله تعالى يوفق مراده ومطلوبه وعلى نيته، وكذا ذكره العلامة ابن حجر العسقلاني فى خواص هذا العدد، فإنه إكسير فى التاثير.

"സുപ്രധാനമായ എന്തെങ്കിലും സംഗതി നേടിയെടുക്കുന്നതിനും വിഷമസന്ധികളെ പ്രതിരോധിച്ചു നിർത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ 4444 തവണ സ്വലാതുത്തഫ്രീജിയ്യ ചൊല്ലി ഉന്നതസ്വഭാവത്തിന്നുടമയായ നബി തിരുമേനി സ്വ.യെ ഇടയാളനാക്കി പ്രാർഥിച്ചുകൊള്ളട്ടെ. അവന്റെ ഉദ്ദേശ്യവും തേട്ടവും അവന്റെ നിയ്യത്തു പ്രകാരം അല്ലാഹു നിറവേറ്റികൊടുക്കും. അല്ലാമാ ഇബ്നു ഹജറിൽ അസ്ഖലാനി റ.വും ഈ എണ്ണത്തിന്റെ സവിശേഷതകളെ പറ്റി പറഞ്ഞിട്ടുണ്ട്. കാര്യനിർവ്വഹണത്തിൽ ഒരു സഞ്ജീവനിയാണിത്."

അനേകം മഹത്തുക്കൾ ഈ സ്വലാതിന്റെ പുണ്യവും ശ്രേഷ്ഠതയും താളുകളോളം ഉപന്യസിച്ചിട്ടുണ്ട്. ചിലർക്ക് മൗലിക രചനകൾ തന്നെ ഉണ്ട്. അവയത്രയും ഈ കുറിപ്പിലേക്കു സംഗ്രഹിക്കുന്നത് ശ്രമകരമാണല്ലോ. ഇമാം ഖുർത്വുബിയെ തന്നെ ഹൃസ്വമായി ഉദ്ധരിച്ചു നിറുത്താം.

من داوم على هذه الصلاة كل يوم: 41 مرة، أو 100، أو زيادة، فرج الله همه وغمه، وكشف كربه وضره، ويسر أمره، ونور سره، وعلَى قدره، وحسن حاله، ووسع رزقه، وفتح عليه أبواب الخيرات والحسنات بالزيادة، ونفذت كلمته فى الرّاسيات، وآمنه من حوادث الدهر، وشر نكبات الجوع والفقر، وألقى له محبة في القلوب، ولا يسأل من الله حاجة إلا أعطاه، فلا تحصل هذه الفوائد إلا بالمداومة. وإن هذه الصلاة كنز من كنوز الله، وذكرها مفتاح خزائن الله، يفتح له إن داوم عليها من عباد الله، ويوصله بها إلى ما شاء الله.

ആരെങ്കിലും ദിനേന നാല്പത്തൊന്നോ നൂറോ അതിൽ കൂടുതലോ തവണ ഈ സ്വലാത്ത് പതിവാക്കിയാൽ അല്ലാഹു അവന്റെ ആധികളും വ്യാകുലതകളും പരിഹരിക്കും, ക്ലേശങ്ങളും പ്രയാസങ്ങളും അകറ്റും, കാര്യങ്ങൾ എളുപ്പമാക്കും, അധ്യാത്മികജീവിതം പ്രകാശമാനമാക്കും, പദവി ഉയർത്തും, അവസ്ഥ മനോഹരമാക്കും, ഉപജീവനം വിശാലമാക്കും, നന്മകളുടെയും വർധിച്ച സത്പ്രവൃത്തികളുടെയും കവാടങ്ങൾ തുറന്നിട്ടു നൽകും, അവന്റെ പ്രഖ്യാപനങ്ങൾ അചഞ്ചലമായി നടപ്പിൽ വരുത്തും, ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെയുള്ള ദുരിതങ്ങളിൽ നിന്നും കാലവിപത്തുകളിൽ നിന്നും സംരക്ഷിക്കും, ജനമനസുകളിൽ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കും. അവൻ അല്ലാഹുവിനോടു ചോദിക്കുന്ന ആവശ്യങ്ങൾ അവൻ നൽകാതിരിക്കില്ല. സ്വലാത്ത് പതിവാക്കിയാലല്ലാതെ ഈ സദ്ഫലങ്ങൾ ലഭിക്കുകയില്ല. അല്ലാഹു നൽകുന്ന അമൂല്യനിധികളിലൊരു നിധിയാണീ സ്വലാത്. ഇതു ചൊല്ലൽ അല്ലാഹുവിന്റെ ഖജനാവുകളുടെ താക്കോലാണ്; തന്റെ അടിയങ്ങളിൽ നിന്ന് ഇതു പതിവാക്കുന്നവർക്ക് അവൻ അവ തുറന്നു കൊടുക്കും, അവനിച്ഛിക്കുന്ന ഉന്നത പദവികളിലേക്ക് അവനെ എത്തിക്കുകയും ചെയ്യും."

അല്ലാഹു നമ്മളെയെല്ലാവരെയും ആദരവായ മുത്തുനബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ! അവർ വസ്വീലയായി നമ്മെ ഇരുലോകത്തും അഭിമാനം നിറഞ്ഞ പദവികളിലാക്കട്ടെ.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...