Friday, February 9, 2018

അഹ്മദ് റസാഖാന് ബറേല്വി(റ)യും ആരോപണങ്ങളും

അഹ്മദ് റസാഖാന് ബറേല്വി(റ)യും ആരോപണങ്ങളും
ഇന്ത്യാ രാജ്യത്തിന് അഹ്ലുസ്സുന്നയുടെ ശരിയായ ആശയങ്ങള് സമര്പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന ഖാദിയാനികള്, ശീഇകള്, ദയൂബന്ദികള്, തഖ്ലീദ് വിരോധികള് തുടങ്ങി മുഴുവന് അവാന്തര വിഭാഗങ്ങളുടെയും ആദര്ശ പാപ്പരത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു അല്ലാമാ അഹ്മദ് റസാഖാന് ബറേല്വി(റ)
. അതുകൊണ്ട് തന്നെ എല്ലാ നവീന വാദികളുടെയും അവാന്തര വിഭാഗങ്ങളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ജീവിതം മുഴുവനും വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും നീക്കിവെച്ച ഈ മഹാനെതിരെ ഇവരെല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. നിരവധി ആരോപണങ്ങള് മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനങ്ങളെയും ഇടപെടലുകളെയും ഇല്ലായ്മ ചെയ്യാന് ശ്രമിച്ചു. പക്ഷേ കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന സൂര്യനെ ഊതിക്കെടുത്താനാവില്ലെന്ന് അവര്ക്ക് ബോധ്യപ്പെട്ടു. എന്നാലും ആ ശ്രമം അവസാനിപ്പിക്കാന് തയ്യാറായില്ല. അതിന്റെ തുടര്ച്ചയായി കേരളത്തിലെ തബ്ലീഗുകാര് പറയുന്നത് കാണുക:
‘ഇവിടെ നാം വായിക്കുന്നത് ചരിത്രം സൃഷ്ടിക്കുകയോ ചരിത്രത്തിന് ഏതെങ്കിലും നിലയില് സംഭാവന നല്കുകയോ ചെയ്ത വ്യക്തിയെയല്ല. മറിച്ച് സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ആര്ജ്ജവത്തോടെ ജീവന് ഉഴിഞ്ഞ് വെച്ച് ചരിത്രത്തിലിടം നേടിയ യുഗ പുരുഷന്മാരെ തള്ളിപ്പറയുവാനും അവരെ ഇസ്ലാമിന്റെ അതിര്വരമ്പില് നിന്നും പുറത്താക്കുവാനും കുല്സിതമായ ശ്രമം നടത്തിയ വ്യക്തിയെയാണ്’ (ദേവ്ബന്ദ് പണ്ഡിതര് പേ:140).
ധൈഷണികാക്രമണങ്ങളില് നിന്ന് പരിശുദ്ധ ദീനിനെ സംരക്ഷിച്ചെടുത്ത മഹാ പ്രതിഭ ശൈഖ് അഹ്മദ് റസാഖാന് ബറേല്വിക്കെതിരെയാണ് ഈ ആരോപണങ്ങള്. അദ്ദേഹത്തിന്റെ മുന്നില് തോറ്റമ്പിയതിന്റെ കെറു ഇപ്പോഴും തീരാത്തതിന്റെ പ്രകടനം കൂടിയാണിത്.
ഒരു ചരിത്ര സത്യത്തെ ഇങ്ങനെ കണ്ണടച്ചു മലിനമാക്കാനുള്ള തൊലിക്കട്ടിയെ പരിചയപ്പെടുത്താന് വാക്കുകളില്ല. സത്യത്തില് ആരായിരുന്നു അല്ലാമ ബറേല്വിയെന്ന് ചരിത്രങ്ങളിലൂടെ നമുക്ക് പരിശോധിക്കാം:
ഉത്തര് പ്രദേശിലെ ജസൂലി ജില്ലയിലെ ബറേലിയില് 1272 ശവ്വാല് 10-ന് (1856 ജുണ് 14) പ്രശസ്ത പണ്ഡിതന് ഹസ്റത്ത് അലി നഖീഖാന് ഖാദിരി ബറകാത്തി ഖ:സി)ന്റെ മകനായി ജനിച്ചു. ഹിജ്റ 1286-ല് 14 വയസ്സായപ്പോഴേക്കും മത വിജ്ഞാനത്തില് വ്യുല്പത്തി നേടി. പിതാവ് തന്നെയായിരുന്നു പ്രധാന ഗുരുനാഥന്. ഒരു മാസം കൊണ്ട് ഖുര്ആന് ഹൃദിസ്ഥമാക്കി. 10-ാം വയസ്സില് ശറഹു ഹിദായത്തിന്നഹ്വ് എന്ന അറബി വ്യാകരണ ഗ്രന്ഥം രചിച്ചു (അല് അല്ലാമതുല് മുജദ്ദിദ്) 13-ാം വയസ്സില് ളൗഉന്നിഹായ ഫീ ഇഅ്ലാമില് ഹംദി വന്നിഹായ എന്ന ഗ്രന്ഥവും രചിച്ചു (അല്ബറേല്വിയ പേ:22).
ശൈശവ ദശയില്തന്നെ ആത്മീയതയുടെ മടിത്തട്ടിലായിരുന്നു ഇമാമിന്റെ വളര്ച്ച. ഒരു നോമ്പു കാലം അതിശക്തമായ ചൂട് അനുഭവപ്പെടുന്നു. തന്റെ മകന് നോമ്പ് പ്രയാസമാവുമെന്ന് മനസ്സിലാക്കിയ പിതാവ് മധുര പാനീയവും ഭക്ഷണവും തയ്യാറാക്കി റൂമിന്റെ ഉള്ളിലേക്ക് ക്ഷണിച്ചു. കുട്ടികള് ഇത്ര നേരം നോമ്പെടുത്താല് മതി. ഇത് കഴിച്ച് നോമ്പ് തുറന്നോളൂ എന്ന് പറഞ്ഞപ്പോള് അതിന് സമ്മതിച്ചില്ല. വാതിലെല്ലാം അടച്ചിട്ടുണ്ട്, ആരും കാണില്ല; മോന് നോമ്പ് തുറന്നോളൂ എന്ന് പറഞ്ഞപ്പോള് അല്ലാഹു കാണും എന്നായിരുന്നു ആ ശിശുവിന്റെ മറുപടി. ഇതുകേട്ടപ്പോള് പിതാവിന്റെ കണ്ണുകളില് നിന്നും സന്തോഷത്തിന്റെ അശ്രു കണങ്ങള് ഒഴുകി (ബറേല്വിയ്യ പേ. 41,42).
ഇത്രയും സൂക്ഷ്മത ശൈശവ ദശയില് തന്നെ കൈമുതലാക്കിയ അദ്ദേഹം കൃത്യമായ കണക്ക് അനുസരിച്ച് 13 വയസ്സും 10 മാസവും 6 ദിവസവും പിന്നിട്ടപ്പോള് ഇന്ത്യാ രാജ്യത്തെ മഹാ പണ്ഡിതനായി മാറി (ബറേല്വിയ്യ പേ. 41,42) 1294-ല് ജമാദുല് ആഖിര് അഞ്ചിന് മര്ഹര് ശരീഫില് പോയി ശൈഖ് ആലു റസൂല് മര്ഹര്വി ഖാദിരിയുമായി ഖാദിരിയ്യാ ത്വരീഖത്തില് ബൈഅത്ത് ചെയ്തു (ബറേല്വിയ്യ, പേ 40).
1295-ല് തന്റെ മാതാപിതാക്കളോടൊത്ത് ഹറമൈനിയില് എത്തി. ഒരു ദിവസം നിസ്കാരം കഴിഞ്ഞപ്പോള് അവിചാരിതമായി ശൈഖ് ഹുസൈന് ഇബ്നു സ്വാലിഹ്(റ) ബറേല്വിയെ കാണുകയും കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നിട്ട് തലയില് കൈവെച്ച് മഹാന് പറഞ്ഞു: അല്ലാഹുവാണേ സത്യം, ഈ നെറ്റിയില് അല്ലാഹുവിന്റെ നൂറ് ഞാന് കാണുന്നു. ഹദീസിന്റെയും ഖാദിരിയ്യാ ത്വരീഖത്തിന്റെയും ഇജാസത്ത് ബറേല്വിക്ക് നല്കിയ മഹാന് താങ്കളുടെ പേര് ളിയാഉദ്ദീന് (ദീനിന്റെ പ്രകാശം) എന്നാണെന്ന് പറഞ്ഞ് ആശീര്വദിക്കുകയും ചെയ്തു.
പിന്നീട് 1323-ല് വീണ്ടും ഹറമൈനിയില് എത്തുകയും നബി(സ്വ)യുടെ അദൃശ്യജ്ഞാനം സംബന്ധിച്ച ചോദ്യത്തിന് അദ്ദൗലത്തുല് മക്കിയ്യ ബില് മാദ്ദത്തില് ഗൈബിയ്യ എന്ന ഗ്രന്ഥം എഴുതുകയും ചെയ്തു (അദ്ദൗലത്തുല് മക്കിയ്യ).
തിരുനബി(സ്വ)യുടെ റൗളയിലെത്തി സ്വന്തമായി ഉണ്ടാക്കിയ സ്വലാത്തിന്റ വചനങ്ങള് ഉരുവിട്ട് കൊണ്ടിരിക്കുമ്പോള് നബി(സ്വ)യെ ഉണര്വില് കാണുക എന്ന മഹാസൗഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി (അല്ലാമ മുജദ്ദിദ് പേ;6,7).
ഹിജ്റ 1340 സ്വഫര് 25 (1921 ഒക്ടോബര് 21) വെള്ളിയാഴ്ച്ച ഹയ്യഅലല് ഫലാഹ് (വിജയത്തിലേക്ക് വരൂ) എന്ന ശബ്ദം കേട്ട് ഇമാം ലോകത്തോട് വിടചൊല്ലി. തന്റെ ജീവിതത്തില് ലഭിച്ച 55 വര്ഷവും ദീനീ ഖിദ്മത്തിനായി അദ്ദേഹം നീക്കിവെച്ചു. ആയിരത്തോളം സമ്പന്നമായ ഗ്രന്ഥങ്ങള് രചിച്ചു. അമ്പത്തിഅഞ്ച് വിഷയങ്ങള് അദ്ദേഹം ആഴത്തില് കൈകാര്യം ചെയ്തു. കഴിഞ്ഞകാല മഹത്തുക്കളുടെ ജീവിതം പരിശോധിക്കുമ്പോള് മുപ്പത്തിയഞ്ച് വിജ്ഞാന ശാഖകള് കൈകാര്യം ചെയ്തവര് ഉണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന്മാര് പറയുന്നു. ഗ്രന്ഥ രചനയില് വിപ്ലവം തീര്ക്കുകയായിരുന്നു മഹാനെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ശൈഖിന്റെ മഹത്ത്വം വിളിച്ചോതുന്ന മറ്റൊരു സംഭവംകൂടി കാണുക.
ഫലസ്തീനിലെ ഒരു ശൈഖ് ഒരു ദിവസം നബിയെയും സ്വഹാബത്തിനെയും സ്വപ്നത്തില് ദര്ശിച്ചു. നബി ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്. ശൈഖ് നബി(സ്വ) തങ്ങളോട് ചോദിച്ചു: അങ്ങ് ആരെയാണ് പ്രതീക്ഷിച്ചിരിക്കുന്നത്? അഅ്ലാ ഹസ്റത്ത് അഹ്മദ് റസാഖാന് ബറേല്വിയെയാണെന്ന് അവിടുന്ന് പ്രതിവചിച്ചു. നേരം പുലര്ന്ന ഉടനെ അഅ്ലാ ഹസ്രത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള് അദ്ദേഹം ഇന്ത്യയിലെ ഇമാമാണെന്ന വിവരം കിട്ടി. അദ്ദേഹം ഉടനെ ഇന്ത്യയിലെ ബറേല്വിയയിലെ ശൈഖിന്റെ വീട്ടിലത്തി. അപ്പോഴേക്കും ശൈഖ് വഫാത്തായി മാസങ്ങള് കഴിഞ്ഞിരുന്നു. അദ്ദേഹം ശൈഖിന്റെ മരണദിവസം അന്വേഷിച്ചപ്പോള് തിരുദര്ശനം ഉണ്ടായത് മഹാനവര്കളുടെ വഫാത്ത് ദിനമായിരുന്നു എന്ന് മനസ്സിലാക്കുകയും അത് കുടുംബങ്ങളോട് പങ്ക് വെക്കുകയും ചെയ്തു (അല് അല്ലാമതുല് മുജദ്ദിദ്).
ഖുര്ആന്, തഫ്സീര്, ഉസൂലുത്തഫ്സീര്, ഹദീസ്, ഉസൂലുല് ഹദീസ്, ഫിഖ്ഹ്, ഉസൂലുല് ഫിഖ്ഹ് തുടങ്ങീ അമ്പത്തിഅഞ്ച് വിജ്ഞാന ശാഖകളില് കിതാബ് രചിച്ച മഹാനുഭാവന്റെ ഗ്രന്ഥങ്ങള് അറബി, ഉറുദു, ഫാരിസീ ഭാഷകളില് വ്യാപിച്ച് കിടക്കുന്നതാണ്. മഹാന്റെ ഇല്മിന്റെ ആഴവും ഗഹനതയും ബോധ്യപ്പെടാന് ഒരു ചെറിയ ഗ്രന്ഥം മാത്രം പരതിയാല് മതിയാവും. അത്കൊണ്ട് തന്നെ ഇമാമിന്റെ ശിഷ്യഗണങ്ങള് ഇന്ത്യയില് മാത്രമല്ല മക്കയിലും മദീനയിലും മറ്റും പരന്നുകിടക്കുന്നു.
അദ്ദൗലത്തുല് മക്കിയ്യ, ഹുസാമുല് ഹറമൈന്, ഫതാവല് ഹറമൈന്, അല്ഫതാവാ റള് വിയ്യ, അല് മുഅ്തമദുല് മുസ്തനദ്, അല് ഫള്ലുല് മൗഹിബീ, ഇഅ്ലാമുല് അഅ്ലാം ബിഅന്ന ഹിന്ദുസ്ഥാന് ദാറുല് ഇസ്ലാം, അല് അംനു വല്ഉല, ശുമൂലുല് ഇസ്ലാം ലി ആബാഇര്റസൂലില് കിറാം, ബറകത്തുല് ഇംദാദ് ലി അഹ്ലില് ഇസ്തിംദാദ്, ഖവാരിഉല് ഖഹ്ഹാര് അലല് മുജസ്സിമതുല് കുഫ്ഫാര് തുടങ്ങി ആയിരത്തോളം ഗ്രന്ഥങ്ങള് മഹാന്റേതായുണ്ട്. ദീനീ സേവനരംഗത്ത് ഇത്രയധികം മികച്ചുനിന്ന ഒരു പണ്ഡിത തേജസ്വി മതത്തിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന തബ്ലീഗുകാരന്റെ ആരോപണം വിവരക്കേടല്ലാതെ മറ്റെന്താണ്? അഅ്ലാ ഹസ്റത്തിന്റെ ഇല്മീ സേവനവും ആത്മീയ പ്രഭാവവും ശത്രുക്കള്ക്ക് അസഹ്യമായതു മാത്രമാണിതിനു കാരണം.
ബിദ്അത്തിന്റെ അടിവേരറുക്കുന്നതായിരുന്നു ശൈഖ് ബറേല്വിയുടെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും. ഇതില് അരിശം പൂണ്ട തബ്ലീഗുകാര് അദ്ദേഹത്തെ ശീഇസത്തിന്റെ ആലയത്തില് തളച്ചിടാനുള്ള വിഫലശ്രമവും നടത്താറുണ്ട്. അലി(റ)ന്റെ വഫാത്ത് ദിനവുമായി ബന്ധപ്പെട്ട് ശീഇകള് നടത്തുന്ന വിലാപ കര്മങ്ങളെ അആലില് ഇഫാദ എന്ന ഗ്രന്ഥത്തിലൂടെ നിഷിദ്ധമാണെന്ന് അഅ്ലാ ഹസ്റത് സമര്ത്ഥിച്ചിട്ടുണ്ട്. ശിയാക്കള് അവരുടെ നേതാക്കള്ക്കും അവരുടെ ഖബറുകള്ക്കും ചെയ്യുന്ന സുജൂദ് ഹറാമാണെന്ന് അസ്സുബദത്തു സ്സക്കിയ്യ എന്ന ഗ്രന്ഥത്തിലൂടെ പ്രാമാണികമായി സമര്ത്ഥിക്കുന്നു. മറ്റു പല ശിയാ ആചാര അനുഷ്ഠാനങ്ങളും മഹാന് ശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ ശിയാവല്ക്കരിക്കുന്നതിനു പിന്നിലെ താല്പര്യം വ്യക്തമാണല്ലോ.
ഇവര് ഉയര്ത്തിക്കാട്ടുന്ന നവോത്ഥാന നായകര്ക്കെതിരെ ശൈഖ് ബറേല്വി(റ) വിമര്ശനം ഉയര്ത്തിയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അല്ലാഹുവിലും അവന്റെ തിരുദൂതരിലും എന്തെങ്കിലും ന്യൂനത ചേര്ക്കുമ്പോള് ആ വിശ്വാസിയുടെ/അനുരാഗിയുടെ മനസ്സ് വേദനിക്കുന്നു. തബ്ലീഗുകാര് ഉയര്ത്തിക്കാട്ടിയ യുഗപുരുഷന്മാര് അല്ലാഹുവിനെയും റസൂലിനെയും അപമാനിക്കുന്നതില് മത്സരിക്കുകയായിരുന്നു. അത് അവരുടെ ഗ്രന്ഥങ്ങളില് വ്യാപകമാണ്. അല്ലാഹുവിന് കളവ് പറയാന് കഴിയുമെന്നും അമ്പിയാക്കള് അവന്റെയടുക്കല് ചെരുപ്പ് കുത്തിയേക്കാള് നിന്ദ്യരാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരെയാണോ ചരിത്രം സൃഷ്ടിച്ച യുഗ പുരുഷന്മാര് എന്നുവിളിക്കേണ്ടത്? ഇത്തരം ആദര്ശ വ്യതിയാനം കാണിച്ച് സമൂഹത്തെ വഞ്ചിക്കുന്നവരെ മഹാന് പരസ്യവിചാരണ നടത്തി. അത് പണ്ഡിത ധര്മം മാത്രമല്ല, ദീനിനോടും റസൂലിനോടുമുള്ള ബാധ്യതാ നിര്വഹണം കൂടിയാണ്.
ഇമാമിന്റെ മരണവാര്ത്ത അറിഞ്ഞപ്പോള് തബ്ലീഗ് നേതാവ് അശ്റഫലി ഥാനവി പറഞ്ഞത് ഇങ്ങനെയായിരുന്നു: ബറേല്വിയുടെ വിശ്വാസ പ്രകാരം കാഫിറായി പോകുന്ന കാര്യങ്ങളാണ് നമ്മളില് നിന്നും ഉണ്ടായത്. അതില് അദ്ദേഹം മൗനം പുലര്ത്തിയാല് അദ്ദേഹം തന്നെ കാഫിറാവുകയില്ലേ (മിനല് അഖ്താബില് ഉമ്മ പേ. 35).
തനിക്ക് ബോധ്യപ്പെട്ട സത്യങ്ങള് ധൈര്യത്തോടെ പറയാനുള്ള നട്ടെല്ലും മഹാനവര്കള് കാണിച്ചിരുന്നു. അദ്ദേഹം ഉന്നയിച്ച ഓരോ കാര്യവും ഇന്നും അതേപടി പ്രസ്തുത ഗ്രന്ഥങ്ങളില് മായാതെ കിടക്കുന്നുണ്ട്. അവയെ വെള്ളപൂശാനുള്ള വിഫലശ്രമത്തിലാണ് തബ്ലീഗുകാര്. തങ്ങളുടെ ആശയങ്ങള് സ്വീകരിക്കാത്തതിന്റെ പേരില് കളവുകളും കുപ്രചാരണങ്ങളും നടത്തി അഅ്ലാ ഹസ്റത്തിനെ കരിവാരിത്തേക്കാനും തേജോവധം ചെയ്യാനുമാണ് ഇക്കൂട്ടര് അധ്വാനിക്കുന്നത്. അദ്ദേഹത്തിന് ഏറ്റവും വെറുപ്പുള്ള വിഭാഗമാണ് ശിയാക്കള്. സ്വഹാബത്തിനെ കാഫിറാക്കാനും സച്ചരിതരായ ഖലീഫമാരെ അവമതിക്കാനും ശ്രമിക്കുന്ന ശിയാക്കളോട് സമരസപ്പെടാന് ഇമാമിന് എങ്ങനെ കഴിയും? എന്നിട്ടും തബ്ലീഗുകാര് എഴുതിയത് കാണുക:
‘ഇന്ത്യാ രാജ്യത്തെ ഇസ്ലാമിക ശിഥിലീകരണ യൂദാസുകളായിരുന്നു ശിയാക്കളും റാഫിളികളുമടങ്ങുന്ന ബറേല്വിയിസം’ (ദേവ്ബന്ദ് പണ്ഡിതര്/48). ‘സമഗ്രമായി ഇവരെ വിലയിരുത്തുമ്പോള് ഇവരുടെ വിശ്വാസങ്ങള് അതിര് ലംഘനത്തിന്റെ അപോസ്തലന്മാരായ ശിയാക്കളുടെ വിശ്വാസം കടം കൊണ്ടതാണെന്ന് നിസ്സംശയം മനസ്സിലാക്കാം’ (152).
മഹാനായ ബറേല്വിയും അദ്ദേഹം ഖുര്ആനില് നിന്നും ഹദീസുകളില് നിന്നും സമൂഹത്തിന് സമര്പ്പിച്ച ആശയവും ശീഇസമാണെന്ന് ഇവര് ജല്പ്പിക്കുന്നത് ശീഇസത്തിന്റെ വാദങ്ങള് അദ്ദേഹത്തിനുണ്ടായത് കൊണ്ടല്ല. മറിച്ച് അദ്ദേഹത്തെ അവമതിക്കാനും മുസ്ലിം സമുദായത്തിനദ്ദേഹം ചെയ്ത സേവനങ്ങളെ ചെറുതായിക്കാണാനും മാത്രമാണ്. എന്നാല്
അഅ്ലാ ഹസ്റത്താവട്ടെ ശിയാക്കളുടെയും റാഫിളത്തിന്റെയും അബദ്ധ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഇരുപതിലധികം ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട് 1. അര്റദ്ദുര്റാഫിള, 2. അആലില് ഇഫാദ 3. ഗായതുത്തഹ്ഖീഖ് 4. അല്കലാമുല് ബഹീ 5. ഇഅ്തിഖാദുല് അഹ്ബാബ് 6. വജ്ഹുല് മശൂഖ് 7. ജംഉല് ഖുര്ആന് 8. മത്ലഉല് ഖമറൈന് 9. അല് ബുശ്റല് ആജില 10. അസ്സലാസിലുല് അന്ഖാ 11. അഅ്ലാമു സ്സ്വഹാബ 12. അര്ശുല് ഇഅ്സാസി വല് ഇക്റാം 13. ദബ്ബുല് അഹവാത്ത് 14. അല് അഹാദീസുര്രിവായ 15. അല് ദുര്ഹുല് വാലിജ് 16. അസ്സിംസാമുല് ഹൈദരീ 17. അര്റാഇഹത്തുല് അന്ബരിയ്യ 18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ 19. ശര്ഹുല് മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ് 20. അല് അദില്ലതി ത്വാഇന ഫീ അദാഇല് മലാഇന എന്നീ ഗ്രന്ഥങ്ങള് ശീഇസത്തിന്റെ അടിവേരറുക്കുന്നതാണ്.
ശീഇസത്തെ ഖണ്ഡിക്കാന് വേണ്ടി മാത്രം ഇത്രയധികം ഗ്രന്ഥങ്ങള് രചിച്ച മഹാനായ അഅ്ലാ ഹസ്റത്തിനെ ശിയാക്കളുടെ ആലയില് കെട്ടിയിടാന് സാമാന്യ ബുദ്ധിയുള്ളവര്ക്കാവില്ല. എന്നിട്ടും അതിനു തയ്യാറാവുന്നത് തങ്ങളുടെ ആദര്ശത്തിലെ പിഴവുകള് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില് ശൈഖ് ബറേല്വി ജാഗ്രത കാണിച്ചതിലുള്ള ഈര്ഷ്യത കൊണ്ടാണ്. തികഞ്ഞ ആത്മവഞ്ചനയും സ്വയം നിലനില്പിനായുള്ള പരക്കംപാച്ചിലുമാണിത്.
തബ്ലീഗും ദയൂബന്ദികളും-അബ്ദുറശീദ് സഖാഫി മേലാറ്റൂര്

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....