Tuesday, February 13, 2018

മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0





മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം

‘ഇജ്തിഹാദിനു കഴിവുള്ളവര്‍ ഇജ്തിഹാദു ചെയ്യണം. കഴിവില്ലാത്തവര്‍’ ഇസ്തിഫ്താഅ്’ ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫ്താഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോള്‍ മുജ്തഹിദാണെങ്കില്‍, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേണ്ടത്.”
രണ്ടു ഉല്‍പതിഷ്ണു പണ്ഢിതന്മാര്‍ ഒന്നിച്ചെഴുതിയ ‘തഖ്ലീദ് ഒരു പഠനം’ എന്ന പുസ്തകത്തില്‍ ഇവ്വിഷയകമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ് മുകളില്‍ കൊടുത്തത്.
ഇജ്തിഹാദിനു കഴിവില്ലാത്തവര്‍ ഒരു മുജ്തഹിദിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്നതു ഇജ്മാഅ് കൊണ്ടു സ്ഥാപിതമായ കാര്യമാണ്. ഇതിനു ഇത്തിബാഅ് (പിന്‍പറ്റല്‍) ഇസ്തിഫ്താഅ് (ഫത്വാ തേടല്‍) തഖ്ലീദ് (അനുകരിക്കല്‍) എന്നീ മൂന്ന് പദങ്ങളും ഉപയോഗിക്കാറുണ്ട്. നിദാന ശാസ്ത്രത്തില്‍ ആധികാരിക പണ്ഢിതനായ ഇമാം ഗസ്സാലി (450-505) യുടെ വാക്യങ്ങള്‍ തെളിവായി ഉദ്ധരിക്കാം. ‘സാധാരണക്കാരനു ഫത്വാ ചോദിക്കലും പണ്ഢിതന്മാരെ പിന്‍പറ്റലും നിര്‍ബന്ധമാകും’ (മുസ്തസ്വ്ഫാ 2-124). സാധാരണക്കാരന്‍, അറിവും സ്വീകാര്യതയുമുണ്ടെന്ന് ബോധ്യപ്പെട്ടവരോടല്ലാതെ ഫത്വാ തേടരുത്” (മുസ്തസ്വ്ഫാ 2-125).
“സാധാരണക്കാരനു മുഫ്തിയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. കാരണം സാധാരണക്കാര്‍ക്കു അയാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന് പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) വ്യക്തമാക്കുന്നു” (മുസ്തസ്വ്ഫാ 2-123).
എന്നാല്‍ സാധാരണക്കാരനു ഇജ്തിഹാദിന്നാസ്പദമായ അറിവു നേടുവാനും മതവിധിയെക്കുറിച്ചു സ്വയം ഒരു ധാരണയിലെത്തിച്ചേരുവാനും സാധിക്കാത്തത് കൊണ്ട്, മറ്റുള്ളവരെ തഖ്ലീദ് ചെയ്യല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. (മസ്തസ്വ്ഫാ 2-122).
ഇജ്തിഹാദിനു കഴിവുള്ള പണ്ഢിതനും മറ്റൊരാളെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നു പറഞ്ഞിട്ടുള്ളവരുടെ കൂട്ടത്തില്‍, അഹ്മദു ബിന്‍ ഹമ്പല്‍, ഇസ്ഹാഖു ബിന്‍ റാഹവൈഹി, സുഫ്യാനുസ്സൌരി എന്നിവരും പെടുന്നു’ (മുസ്തസ്വ്ഫാ 2-121).
പണ്ഢിതന്മാരെ അനുഗമിക്കുന്നതിനു ഇത്തിബാഅ് പിന്‍പള്‍ന്റ, ഇസ്തിഫ്താഅ് ഫത്വാ തേടല്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ  തഖ്ലീദ് അനുകരണം എന്നും ഉപയോഗിക്കാമെന്ന് ഇമാം ഗസ്സാലിയുടെ ഉദ്ധൃത വരികള്‍ തന്നെ സ്പഷ്ടമാക്കുന്നു. എന്നിരിക്കെ, സാധാരണക്കാരന്‍ ഫത്വാ സ്വീകരിക്കല്‍ തഖ്ലീദ് അല്ലെന്നു, എങ്ങനെ അദ്ദേഹം രേഖപ്പെടുത്തി? ഇതാണ് അടുത്തായി ചിന്തിക്കാനുള്ളത്.
തഖ്ലീദിനു രണ്ടു പ്രയോഗമുണ്ട്
തെളിവില്ലാതെ അഭിപ്രായം സ്വീകരിക്കുക – ഇതാണല്ലോ തഖ്ലീദ്. എന്നാല്‍ ഇനിതു രണ്ടു വ്യാഖ്യാനമുണ്ട്. ഒന്ന്, സ്വീകാര്യനായ ഒരു പണ്ഢിതന്‍ പറഞ്ഞ വിധി, ആ വിധിയുടെ തെളിവെന്തെന്നു മനസ്സിലാക്കാതെ, സ്വീകരിക്കുക. ഈ തഖ്ലീദാണ് അനുവദനീയമെന്ന് ഇമാം ഗസ്സാലിയും മറ്റു പണ്ഢിതന്മാരും  പറഞ്ഞിട്ടുള്ളത്. സാധാരണക്കാരന്റെ ‘ഇസ്തിഫ്താഅ്’ ഈ അര്‍ഥത്തിലുള്ള തഖ്ലീദാണ്; തെളിവോടു കൂടി ഫത്വാ സ്വീകരിക്കലല്ല. ഇതിന്റെ വിശദാംശം അന്യത്രവരുന്നുണ്ട്.
ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ അഭിപ്രായം സ്വീകരിക്കുക, ഇതാണ് രണ്ടാമത്തെ വ്യാഖ്യാനം. ഈ തഖ്ലീദ് അന്ധമായ അനുകരണമാണ്. അതു കൊണ്ടു തന്നെ അതു കുറ്റകരവും അധിക്ഷേപാര്‍ഹവുമാണ്. പണ്ഢിതന്മാരെ അനുകരിക്കല്‍ ഈ അര്‍ഥത്തിലുള്ള തഖ്ലീദല്ല. കാരണം അവരെ അനുകരിക്കണമെന്നതിനു മതിയായ തെളിവുണ്ട്. ഇമാം ഗസ്സാലി (റ) തന്നെ പറയട്ടെ :
“സാധാരണക്കാരനു മുഫ്തിയെ അനുഗമിക്കല്‍ നിര്‍ബന്ധമാണ്. കാരണം അതിന് ‘ഇജ്മാഅ്’ തെളിവാണ്; മുഫ്തി പറഞ്ഞതു വ്യാജമാകട്ടെ, സത്യമാകട്ടെ, അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ. മുഫ്തിയുടെയും സാക്ഷിയുടെയും വാക്കു സ്വീകരിക്കല്‍, അപ്പോള്‍, ഇജ്മാഅ് എന്ന തെളിവു കൊണ്ട് നിര്‍ബന്ധമായിക്കഴിഞ്ഞു. അതു കൊണ്ട് അത് തെളിവോടു കൂടി ഒരു വാക്ക് സ്വീകരിക്കലാണ്. ആകയാല്‍ അത് തഖ്ലീദല്ല. ഈ തഖ്ലീദു കൊണ്ട് നാം വിവക്ഷിക്കുന്നത് ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ ഒരഭിപ്രായം സ്വീകരിക്കുകയെന്നതാണ്” (മുസ്തസ്വ്ഫാ 2-123).
ഇസ്തിഫ്താഉം തഖ്ലീദും
ഇജ്തിഹാദിനു കഴിവുള്ളവനാണ് മുജ്തഹിദ്. തഖ്ലീദ് ചെയ്യുന്നവന്‍ മുഖല്ലിദും. ഫത്വാ ചോദിക്കപ്പെടുന്നവനു മുഫ്തി എന്നും പറയുന്നു. ഇസ്തിഫ്താഅ് അഥവാ ഫത്വാ തേടല്‍ രണ്ടു പേരില്‍ നിന്നുമുണ്ടാകും. മുജ്തഹിദില്‍ നിന്നുണ്ടാകുമ്പോള്‍ തെളിവു സഹിതം ഫത്വാ ചോദിക്കലാണ്; മുഖല്ലിദില്‍  നിന്നുണ്ടാകുമ്പോള്‍ തെളിവുകൂടാതെയും. മുജ്തഹിദിനു തെളിവു മനസ്സിലായില്ലെങ്കില്‍ ഫത്വാ സ്വീകരിക്കല്‍ ഹറാമും സാധാരണക്കാരനു തെളിവു മനസ്സിലായില്ലെങ്കിലും അതു സ്വീകരിക്കല്‍ നിര്‍ബന്ധവുമാണ്.
മുഖല്ലിദ് തെളിവു ചോദിക്കാന്‍ പാടില്ലെന്നോ മുജ്തഹിദ് അവനോടു തെളിവു പറയാന്‍ പാടില്ലെന്നോ ഇതിനര്‍ഥമില്ല. തെളിവു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും തെളിവു വേണ്ട വിധം ഗ്രഹിക്കാതെ, വിധി സ്വീകരിച്ചാല്‍ അതു തഖ്ലീദു തന്നെ.  നിദാന ശാസ്ത്ര പണ്ഢിതനായ സുബ് കിയുടെ നിര്‍വ്വചനം കാണുക: “മത പണ്ഢിതന്റെ വാക്ക് അതിന്റെ തെളിവു മനസ്സിലാവാതെ സ്വീകരിക്കുന്നതാണ് തഖ്ലീദ” (ജംഉല്‍ജവാമിഅ് 2-253).
തെളിവു മനസ്സിലാക്കുന്നുവെങ്കിലോ? അതു തഖ്ലീദല്ല; ഇജ്തിഹാദു തന്നെയാണ്. ഇമാം മഹല്ലി പറയുന്നു :”മറ്റൊരു പണ്ഢിതന്റെ വാക്ക്, അതിന്റെ തെളിവു വേണ്ടവിധം മനസ്സിലാക്കി സ്വീകരിക്കല്‍ അയാളുടെ ഇജ്തിഹാദോടൊത്തുവന്ന മറ്റൊരു ഇജ്തിഹാദാകുന്നു (ശര്‍ഹു ജംഉല്‍ജവാമിഅ് 2- 251). ചുരുക്കത്തില്‍ ഫത്വാ സ്വീകരിക്കുമ്പോള്‍ തെളിവു വേണ്ടവിധം ഗ്രഹിച്ചാല്‍ ഇജ്തിഹാദും ഇല്ലെങ്കില്‍ തഖ്ലീദുമാണ്. മുജ്തഹിദും മുഖല്ലിദുമല്ലാത്ത ഒരു മുഫ്തി ഇല്ലതന്നെ. ഉണ്ടെന്ന് തഖ്ലീദു വിരോധികള്‍ എഴുതിവിട്ടതു മിതമായി പറഞ്ഞാല്‍ വ്യാജമാണ്.
മുജ്തഹിദിനേ തെളിവു ഗ്രഹിക്കാന്‍ കഴിയൂ
ഒരു വൈദ്യശാസ്ത്ര പണ്ഢിതന്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയം നടത്തി, ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതു കണ്ടു ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ മറ്റു പല വിഷയങ്ങളിലും വൈദഗ്ധ്യമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തില്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു വ്യക്തി രോഗം നിര്‍ണയിക്കാനും ഔഷധ നിര്‍ദ്ദേശം നല്‍കാനും തുടങ്ങിയാല്‍ ഫലം എന്തായിരിക്കും? മറുപടി ഊഹിക്കാവുന്നതേയുള്ളൂ. ഇതു തന്നെയാണ് ഇജ്തിഹാദിന്റെയും നില. ഗവേഷണ പടുവായ  ഒരു മഹാപണ്ഢിതന്‍ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി തന്റെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്കു സ്വയം മതവിധികള്‍ ആവിഷ്കരിക്കുന്നു. ഇതു കണ്ടു മറ്റുള്ളവരും ഗവേഷണത്തിനൊരുങ്ങിയാല്‍  അപകടങ്ങള്‍ സംഭവിക്കും.
വൈദ്യശാസ്ത്രമറിയാത്തന്‍ അറിയുന്നവനെ സമീപിക്കുകയാണ് വേണ്ടത്. ബുദ്ധിയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികൂലമായി പ്രതികരിക്കാനിടയില്ല. എന്നാല്‍ ഡോക്ടര്‍ രോഗം കണ്ടുപിടിച്ചു ഔഷധം നിര്‍ണയിച്ചു കൊടുക്കുമ്പോള്‍ തെളിവു പറയാറുണ്ടോ? പറഞ്ഞാല്‍ പ്രയോജനമു ണ്ടോ? ഇല്ല; അതാണു ശരി. രോഗം നിങ്ങള്‍ പറഞ്ഞതു തന്നെയാണെന്നതിനു എന്താണ് തെളിവ്? ഈ ഔഷധം അതിന്റെ ശമനത്തിനുതകുമെന്നതിനെന്തു ലക്ഷ്യം? ഇതില്‍ എന്തൊ ക്കെ  ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്? അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? ശാസ്ത്ര വിശാരദന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ അഭിപ്രായങ്ങളുണ്ട്? എന്നിങ്ങനെ സാധാരണക്കാരന്‍ ചോദിച്ചാല്‍ ബുദ്ധിയുള്ള വല്ല ഡോക്ടറും അതിനു മറുപടി പറയാനൊരുങ്ങുമോ? ഒരുങ്ങിയാല്‍ തന്നെ രോഗിക്കതു മനസ്സിലാകുമോ? മനസ്സിലായില്ലെങ്കില്‍ ചികിത്സ നടത്തേണ്ടതില്ലെന്നു ലോകത്താര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ? ഇല്ല എന്നല്ലാതെ മറുപടിയില്ല.
സാധാരണക്കാരന്‍ മതവിധി തേടുന്നതിന്റെ നില ഇതില്‍ നിന്നു ഭിന്നമല്ല. മുജ്തഹിദ് പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ തെളിവു പറയണമെന്നില്ല. പറഞ്ഞാല്‍, പഠിക്കാത്തവ ര്‍ക്ക് മനസ്സിലാവുകയുമില്ല. തെളിവു മനസ്സിലായില്ലെങ്കില്‍ അതു സ്വീകരിക്കേണ്ടതില്ലെന്നു നൂ തന വാദികള്‍ക്കല്ലാതെ മറ്റാര്‍ക്കും അഭിപ്രായമില്ല.
ഇമാം മഹല്ലി പറയുന്നു; “തെളിവു ഗ്രഹിക്കാന്‍ മുജ്തഹിദിനു മാത്രമേ കഴിയൂ. കാരണം, അതു ലക്ഷ്യം, എതിര്‍ ലക്ഷ്യത്തില്‍ നിന്നു സംരക്ഷിതമാണെന്നറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാകട്ടെ സകല ലക്ഷ്യങ്ങളെയും സൂക്ഷ്മ പരിശോധന നടത്തുന്നതിനെ ആസ്പദിച്ചുമിരിക്കുന്നു. അതു മുജ്തഹിദിനേ സാധിക്കൂ (ശര്‍ഹു ജംളല്‍ ജവാമിഅ് 2-393).

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...