Saturday, February 10, 2018

തവസ്സുലി’ന്റെ ദാര്‍ശനിക ഭൂമിക



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





തവസ്സുലി’ന്റെ ദാര്‍ശനിക ഭൂമിക

സ്രഷ്ടാവിനും സ്രഷ്ടിക്കുമിടയില്‍ മറ സൃഷ്ടിക്കുന്ന ഒരു വിഗ്രഹമല്ല ‘വസീല’. പ്രത്യുത തന്നിലേക്ക് സ്രഷ്ടാവ് തന്നെ ചൂണ്ടിക്കാണിച്ച് തന്ന വഴിയാണത്. ആ വഴിയുടെ സഹായവും സഹകരണവും ഇല്ലാതെ സ്രഷ്ടാവിലേക്കെത്തുക അസാധ്യമാണ്. നിര്‍ബന്ധവും ഐഛികവുമായ മുഴുവന്‍ ആരാധനകളും ആ വസീലയാണ്. തിരുനബിയും സ്വഹാബത്തും താബിഉകളും വിശ്വാസി സമൂഹം മുഴുവനും അല്ലാഹുവിലേക്കുള്ള വസീലയാണ്. ഈ വസീലകളുടെ സഹകരണവും സഹായവുമില്ലാതെ അല്ലാഹുവിലെത്തുകയില്ല. ആരാധനകള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. അതിന് ആത്മാര്‍ഥതയും സാധുതയും വേണം. ഹൃദയമില്ലാത്ത അനുസരണങ്ങള്‍ അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം പരത്തുകയില്ല. അതില്‍ രിയാഅ് (ലോകമാന്യം) കലര്‍ന്നിട്ടുണ്ടെങ്കില്‍ വെളിച്ചത്തിന് പകരം അവ ഇരുട്ട് തുപ്പും. ചിലപ്പോള്‍ വഴിയിലെ ഒരു ഭിത്തിയായി – വിഗ്രഹമായി – അത് പരിണമിക്കും. തടഞ്ഞ് വീഴും. രിയാഇനെ കുറിച്ച് ശിര്‍ക്കുന്‍ അസ്വ്ഗര്‍ എന്ന പ്രവാചക പ്രയോഗം ഇവിടെ പ്രസക്തമാണ്. ആരാധനകള്‍ അവനെതിരെ സാക്ഷി പറയും. കാരണം, ആരാധനകള്‍ ആവശ്യപ്പെടുന്നത് ശരീരങ്ങളുടെ ഗോഷ്ഠികളല്ല, നിഷ്കളങ്കമായ ഹൃദയങ്ങളാണ്. ആരാധനകള്‍ക്ക് ഹൃദയം കൊടുത്താല്‍ അല്ലാഹുവിന് കൊടുക്കാന്‍ ഹൃദയമുണ്ടാകുമോ എന്ന് യുക്തിവാദി ചോദിക്കും. മഹാന്മമാരെ കൂട്ടിപ്പിടിച്ചാല്‍ അല്ലാഹുവിന്റെ സ്ഥാനം കുറയില്ലേയെന്ന യുക്തിവിചാരം ഈ യുക്തിവാദത്തേക്കാള്‍ പ്രസക്തമല്ല.
ആരാധനകള്‍ നിഷ്കളങ്കമെങ്കില്‍ അവ മുന്‍നിര്‍ത്തിയുള്ള ചോദ്യം അല്ലാഹു തട്ടുകയില്ല. തന്റെ ഭൌതിക ജീവിതത്തിലേക്കും ആ വെളിച്ചം തിരിച്ചടിക്കും. ആരാധനകള്‍ വസീലയാക്കി അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ അതിന്റെ വെളിച്ചം ഗുഹയിലേക്ക് കടന്നതും ഗുഹാമുഖത്തെ അടച്ച പാറ നീങ്ങിയതും മൂവര്‍സംഘം രക്ഷപ്പെട്ടതും തിരുനബി (സ്വ) വിവരിച്ച് തന്നത് പ്രബലമായ ഹദീസുകളിലുണ്ട്. (ആരാധനകളുടെ കൈപിടിച്ച് അവര്‍ അല്ലാഹുവിന്റെ അടുക്കലേക്ക് പോയി. നിഷ്കളങ്കമായ ആ ആരാധനകളുടെ ശിപാര്‍ശ അല്ലാഹു കേട്ടു. ഒറ്റക്ക് വന്നാല്‍   പോരേ എന്ന് ചോദിച്ച് അല്ലാഹു അവരെ വിരട്ടിയില്ല.)
ആരാധനകള്‍ പോലെതന്നെ വസീലയാണ് ഇസ്ലാമിക ചിഹ്നങ്ങളും.  ഖുര്‍ആന്‍, കഅ്ബഃ, ഹജറുല്‍ അസ്വദ്, സംസം, പള്ളി, ഹുജ്റഃശരീഫ, മക്ക, അമ്പിയാക്കള്‍, ഔലിയാക്കള്‍ എല്ലാം അല്ലാഹുവിന്റെ ചിഹ്നങ്ങളാണ്. അല്ലാഹുവിലേക്കുള്ള വഴികളിലെ പ്രകാശഗോപുരങ്ങളാണ്. അവയെ അവഗണിച്ചുകൊണ്ട് പടച്ചവനിലെത്തുക സാധ്യമല്ല. അവരോടുള്ള സമീപനത്തിനനുസരിച്ച് അവരില്‍ നിന്ന് ലഭിക്കുന്ന പ്രകാശത്തില്‍ മാറ്റങ്ങളുണ്ട്. ഹൃദയമില്ലാതെ നിയമപരമായ ചില ഗോഷ്ഠികള്‍ കൊണ്ട് മാത്രം ആരാധനകള്‍ വെളിച്ചം വിതറുകയില്ല. അതുപോലെ മനസ്സ് അകറ്റിപ്പിടിച്ച് കൊണ്ട് പട്ടാളചിട്ടയോടെ ഈ ചിഹ്നങ്ങളില്‍ / ചിഹ്നങ്ങളോട് സമര്‍പ്പിക്കപ്പെടുന്ന അനുസരണങ്ങള്‍ക്കും വണക്കങ്ങള്‍ക്കും വെളിച്ചം തരില്ല. ഹജറുല്‍ അസ്വദില്‍ മുഖമമര്‍ത്തുമ്പോള്‍ സൈനിക മേധാവിയെ കാണുമ്പോള്‍ കീഴുദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന  വടിവൊത്ത ഹൃദയമില്ലാത്ത ഒരു സല്യൂട്ട് കണക്കെ അത് വിലയിരുത്ത പ്പെട്ടുകൂടാ. പ്രത്യുത പടച്ചവന്‍ പതിച്ച് നല്‍കിയ വിശുദ്ധിയും നൂറ്റാണ്ടുകളുടെ ഗദ്ഗദങ്ങളും വിശ്വാസ നിശ്വാസങ്ങളും ഏറ്റുവാങ്ങിയ ഒരു പവിത്രമായ കല്ലിനെ ചുംബിക്കുകയാണെന്ന അവാച്യമായ അനുഭൂതി അത് പകരുന്നുണ്ട്. അല്ലാഹു തന്നെ പഠിപ്പിച്ച അവനോടുള്ള ഭക്ത്യാദരങ്ങളാണത്. ആ വിശ്വാസവും വികാരവും അവനെ നയിക്കുമ്പോള്‍ അതവന് അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം വിതറുന്നു. നാളെ ആ കല്ല് അവന് വേണ്ടി ശിപാര്‍ശ പറയുന്നു. പക്ഷേ, അപ്പോഴേക്കും അല്ലാഹു പിണങ്ങിപ്പോകുമോ എന്ന് ഭയപ്പെട്ട യുക്തിവാദം വളര്‍ന്ന് വികസിച്ചാല്‍ ഹജറുല്‍ അസ്വദിനെ ‘ശിര്‍ക്കന്‍ കല്ല്’ എന്ന് വിളിക്കുന്നിടം വരെയെത്തും. ആ കല്ല് മാത്രമല്ല അവന്‍ നിസ്കരിച്ച, സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച മുഴുവന്‍ ഇടങ്ങളും പള്ളികളും അങ്ങനെതന്നെ.ഖുര്‍ആനെ ഒരു ഉപകരണമായി കാണുകയും പുസ്തകം വായിക്കുന്ന ലാഘവത്തോടെ വായിക്കുകയും ചെയ്യുന്നവന് ആ ഖുര്‍ആന്‍ എങ്ങനെ വസീലയായി നിന്ന് കൊടുക്കും ?ഖുര്‍ആനുമായി ഹൃദയബന്ധം പുലര്‍ത്തുകയും ശുദ്ധിയോട് കൂടെ മാത്രം അത് സ്പര്‍ശിക്കുകയും വിശുദ്ധവും ഉയര്‍ന്നതുമായ സ്ഥലത്ത് അതിനെ വെക്കുകയും കണ്ണീര് കലര്‍ന്ന് അത് ഓതുകയും (വായിക്കുകയല്ല) കേള്‍ക്കുകയും ചെയ്യുന്ന പാരമ്പര്യ വിശ്വാസികള്‍ എവിടെ? ആദരവിനെ ആരാധനായായി തെറ്റിദ്ധരിച്ച് ഖുര്‍ആന്‍ പൂജകരോ ശിലാപൂജകരോ ആകുമോ എന്ന് ഭയന്ന് ബഹുമാനങ്ങളില്ലാതെ ഹജ്ജിനെയും ഖുര്‍ആനിനെയും കഅ്ബയെയും ശിലയുടെയും പുസ്തകത്തിന്റെയും ക്ഷേത്രത്തിന്റെയും വിതാനത്തിലേക്ക് താഴ്ത്തിയ പരിഷ്കാരികളെവിടെ?
അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പ്പെട്ട മറ്റൊരു ചിഹ്നമാണ് അമ്പിയാക്കളും ഔലിയാക്കളും. അവരും വസീലയാണ്. അവരുടെയും സഹകരണങ്ങളില്ലാതെ അല്ലാഹുവിനെ പ്രാപിക്കുവാന്‍ സാധിക്കുകയില്ല. അവരുടെ കല്‍പ്പനകള്‍ വ്യാകരണതെറ്റുകളില്ലാതെ അനുസരിച്ചത് കൊണ്ട് മാത്രമായില്ല. മനസ്സിന്റെ കവാടം  അവര്‍ക്ക് തുറന്നു കൊടുക്കാന്‍ വിശാലത വേണം. തിരുനബിയെ ഹൃദയം നിറഞ്ഞ് സ്നേഹിക്കാത്തവന് ആ നബിയുടെ കല്‍പ്പനകള്‍ അനുസരിക്കുന്നുണ്ടെങ്കില്‍ അത് കപടമായ ഒരു അനുസരണമാണ്. ഹൃദയം മുഴുവനും നബിക്ക് കൊടുത്താല്‍ അല്ലാഹുവിന് പിന്നെ എന്ത് കൊടുക്കുമെന്നാണ് സങ്കുചിത തൌഹീദ് വാദികള്‍ അടക്കിപ്പിടിച്ച് ചോദിക്കുന്നത്. നബിയെ വിളിക്കുന്നതിനെ അയ്യപ്പനെ വിളിക്കുന്നതിനോട് സമീകരിച്ചവര്‍ അങ്ങനെ ചിന്തിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. അയ്യപ്പന് പകുതി ഹൃദയം കൊടുക്കുമ്പോള്‍ അല്ലാഹുവിന് അവിടെ ഇടം നഷ്ടപ്പെടും പോലെ, നബിയെ വിളിക്കുമ്പോഴും അത് നഷ്ടപ്പെടില്ലേ എന്നാണ് യുക്തിവാദം. പക്ഷേ, ഈ യുക്തിവാദത്തില്‍ രണ്ട് അപകടങ്ങള്‍ പതിയിരിപ്പുണ്ട്.
ഒന്ന്: നബിയെ വിളിക്കുന്നവന്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്, എന്നാല്‍ അയ്യപ്പനെ വിളിക്കുന്നവന് അയ്യപ്പനെ തന്നെയാണ് വിളിക്കുന്നത് എന്ന തിരിച്ചറിയായ്മ. (അങ്ങനെ വരുമ്പോള്‍ ഹൃദയം മുഴുവന്‍ നബിക്ക് കൊടുത്തവര്‍ അല്ലാഹുവിന് കൊടുക്കാന്‍ വേറെ ഹൃദയം തിരയേണ്ടിവരില്ല.) .
രണ്ട്: പകുതി അയ്യപ്പന് കൊടുത്താല്‍ മറ്റെ പകുതിയും അല്ലാഹുവിന് നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയായ്മ, അത്കൊണ്ടാണ് ലാത്തയെയും ഉസ്സയെയും ഒക്കെ വിളിച്ചിട്ടും കുട്ടികളുണ്ടെന്ന് വാദിച്ചിട്ടുമൊക്കെ മക്കാമുഗ്രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിച്ചവരാണെന്നും പകുതി മുവഹ്ഹിദുകളാണെന്നും കേരളത്തിലെ സുന്നികളേക്കാള്‍ ഭേദമാണെന്നും യുക്തിവാദികള്‍ക്ക് ധരിക്കേണ്ടി വന്നത്. അഭൌതിക കാര്യങ്ങള്‍ പടച്ചവന്റെ കഴിവിന്റെ പരിധിയിലും ഭൌതിക കാര്യങ്ങള്‍ സൃഷ്ടികളുടെ കഴിവായും തരംതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല. എല്ലാം അല്ലാഹുവിന്റെ കഴിവാണെന്നും, ചായയും ചോറും ചെരിപ്പുമൊക്കെ ചോദിക്കേണ്ടത് അല്ലാഹുവിനോടാണെന്നുള്ള പാരമ്പര്യവിശ്വാസികളുടെ വാദത്തിന്റെ പൊരുള്‍ എല്ലാം സംവാദങ്ങള്‍ക്ക് ശേഷവും യുക്തിവാദത്തിന്  തിരിയാതെ പോയത് മറ്റൊന്നുകൊണ്ടുമല്ല. നമുക്ക് കഴിയാത്തതാണ് – അഭൌതിക കാര്യങ്ങളാണ് – പടച്ചവനോട് ചോദിക്കേണ്ടതെന്നും അത് ശൈഖിനോട് ചോദിച്ചാല്‍ തൌഹീദിന് പുറത്ത് പോയെന്നുമുള്ള ഫിലോസഫിയും ഉരുവം കൊണ്ടത് ഈ തിരിച്ചറിയായ്മയില്‍ നിന്നാണ്.
ചുരുക്കത്തില്‍, കത്ത് കിട്ടിയ ശേഷം പോസ്റ്റ്മാനെ അവഗണിക്കും വിധം, ഔലിയാക്കളും അമ്പിയാക്കളും എന്ന വസീലയെ അവഗണിച്ച് തള്ളിയവര്‍ക്ക് ആ ‘വസീല’ കള്‍ പ്രഭപരത്തുകയില്ല. മറിച്ച് അവയുമായി ശക്തമായ ഹൃദയബന്ധം പുലര്‍ത്തണം. അത് ആദരവിന്റെയും സ്നേഹത്തിന്റെയും സ്മരണയുടെ രൂപത്തില്‍ പുറത്തേക്ക് പ്രവഹിക്കണം. അപ്പോള്‍ അവരുടെ തിരുനോട്ടം തിരിച്ചു ലഭിക്കും. ആ നോട്ടം അല്ലാഹു പാഴാക്കുകയില്ല. അതാണ് തിരുനബി പറഞ്ഞത്: ‘ആരെങ്കിലും എന്നെ സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായിരിക്കും.’ ഈ ചിഹ്നങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ ചൊല്ലിപഠിപ്പിച്ചപോലെ, അല്ലാഹുവിനെ നമുക്ക് നഷ്ടപ്പെടുകയല്ല ലഭിക്കുകയാണ് ചെയ്യുന്നത്. അത് അല്ലാഹു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്:
ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ചാല്‍ അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്ന് ഉറവയെടുക്കുന്നതാണ് (ഖുര്‍ആന്‍). പക്ഷേ, തീവ്രവാദം ചിലപ്പോള്‍ അല്ലാഹുവിനേയും ന്യായം പഠിപ്പിക്കും.
ആരാധനകളും അജൈവവും ജൈവവുമായ അല്ലാഹുവിന്റെ ചിഹ്നങ്ങളും വസീലകളാണ്. ഹൃദയം നല്‍കി അവയെ കൂട്ടിപ്പിടിക്കാതെ അല്ലാഹുവിലെത്തുക അസാധ്യമാണെന്നും മനസ്സിലാക്കിയാല്‍, അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ മാത്രം അവരുടെ കൈവിടണമെന്ന വാദം വ്യര്‍ഥമാണെന്ന് തെളിയും. ആരാധനകളുടെയും അല്ലാഹുവിന്റെ ചിഹ്നങ്ങളുടെയും കൈപിടിച്ച് അല്ലാഹുവിനോട് ഇരന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്.
തെളിവുകള്‍ മുഖാമുഖം വന്നുനില്‍ക്കുമ്പോള്‍ ആരാധനകള്‍ കൊണ്ട് തവസ്സുല്‍ ആകാമെന്ന് സമ്മതിക്കുന്നവര്‍ വ്യക്തികളുടെ കാര്യത്തില്‍ വീണ്ടും ശഠിക്കുക തന്നെയാണ്.
ഓ, സത്യവിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുക. അവങ്കലേക്ക് ‘വസീല’ തേടുവിന്‍’ (മാഇദ:35) എന്ന ആയത്ത് വിശദീകരിച്ച് ഇസ്മായില്‍ ഹിഖി (റ) പറയുന്നതിങ്ങനെ:
അറിയുക. വസീലയെ തേടുവാന്‍ വ്യക്തമായ ഭാഷയില്‍ ഈ ആയത്ത് കല്‍പ്പിക്കുന്നു. അല്ലാഹുവിലേക്കെത്തുക വസീലയെക്കൂടാതെ സാധ്യമല്ല. ഹഖീഖത്തിന്റെ പണ്ഢിതരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് ആ വസീല (റൂഹുല്‍ ബയാന്‍ 2/388). ശൈഖ് തുടരുന്നു.:ഏതൊരു പ്രാര്‍ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒരു മറയുണ്ട്. നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതോടെ ആ മറ ഉയരും. ദുആ അല്ലാഹുവിങ്കലെത്തുകയും ചെയ്യും. സ്വലാത് ചെയ്തില്ലെങ്കില്‍ ദുആ തിരിച്ചുവരും. നബി (സ്വ) നമ്മുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തി (വസീല) യാണ് എന്നതാണ് അതിന്റെ കാരണം.
പ്രാര്‍ഥിക്കുന്നതിന് മുമ്പ് വസീലയെ മുമ്പോട്ട് വെയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാഹു പറഞ്ഞ ല്ലോ: ‘നിങ്ങള്‍ അല്ലാഹുവിലേക്ക് വസീല തേടുവിന്‍, മനുഷ്യപിതാവായ ആദം (അ) തന്നെ തന്റെ പ്രാര്‍ഥനയും പശ്ചാത്താപവും സ്വീകരിക്കാന്‍ ഇരുലോകങ്ങളുടെയും നേതാവായ മുഹമ്മദ് നബി (സ്വ) യെ തവസ്സുല്‍ ചെയ്തല്ലോ. (റൂഹുല്‍ ബയാന്‍ 7/230)
സൂക്തത്തിലെ വസീലയെന്നത് കൊണ്ട് വിവക്ഷിതം ആരാധന തന്നെയാണെന്നും ഇത്തഖൂ എന്ന് പറഞ്ഞത് പോരാഞ്ഞിട്ട് വസീലയെ തേടൂ എന്നുകൂടി തറപ്പിച്ച് പറഞ്ഞതാണെന്നും അതിനാല്‍ സൂക്തത്തില്‍ മഹാന്മാരെ കുറിച്ച് സൂചന പോലുമില്ലെന്നും അങ്ങനെ വ്യാഖ്യാനിച്ച പണ്ഢിതരെ പരിപൂര്‍ണ്ണമായും മാറ്റി നിര്‍ത്തി തീവ്രവാദി യുക്തിവാദം നടത്താറുണ്ട്.
ആരാധനകള്‍ കൊണ്ടുള്ള തവസ്സുലിന് ആത്മാവ് വേണമെങ്കില്‍ അത് ഇഖ്ലാസ്വുള്ള തായിരിക്കണം. അതുപോലെ മഹാന്മാരെ കൊണ്ടുള്ള തവസ്സുലിന് ജീവന്‍ വേണമെങ്കില്‍ അവയോടുള്ള ആ വ്യക്തിയുടെ സമീപനവും ആദരവും ബഹുമാനവും നിറഞ്ഞിരിക്കണം. ആദരിക്കാ നും ബഹുമാനിക്കാനും സ്വയം ചെറുതാവാനും കഴിയുന്നവന്‍ മാത്രമേ മഹാന്മാരെ തവസ്സുല്‍ ചെയ്യാന്‍ മെനക്കെടൂ.
അപ്പോള്‍ യഥാര്‍ഥത്തില്‍ അവന്‍ തവസ്സുല്‍ ചെയ്യുന്നത് അവരോടുള്ള സ്നേഹത്തേയും ആദരവിനേയും മുന്‍ നിര്‍ത്തിയാണ്. ഏറ്റവും അത്യുത്തമമായ ആരാധന അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്നേഹിക്കലാണെന്നാണ് തിരുനബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. നബി (സ്വ) പറഞ്ഞു.:  ‘അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നതും അവനു വേണ്ടി വെറുക്കുന്നതുമത്രേ ഏറ്റവും ശ്രേഷ്ഠമായ ആരാധന’ (അബൂദാവൂദ് 4591).
അപ്പോള്‍ നബി (സ്വ) യെ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്യുന്നവന്‍ ഏറ്റവും പുണ്യമായ ആരാധന കൊണ്ടാണ് തവസ്സുല്‍ ചെയ്യുന്നത്. ആരാധന കൊണ്ടുള്ള തവസ്സുല്‍ ഖുര്‍ആന്‍ പച്ചയില്‍ കല്‍പിച്ചതുമത്രേ.
ഇതാണ് തവസ്സുല്‍. ഇസ്ലാമിക തത്ത്വശാസ്ത്രത്തിന്റെ മൌലിക സിദ്ധാന്തങ്ങളോട് അത് നൂറു ശതമാനവും പൊരുത്തപ്പെടുന്നു. ഇസ്ലാമിക സംസ്ക്കാരവുമായി അത് ഒട്ടിനില്‍ക്കുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങളില്‍ അതിന് വ്യക്തമായ പിന്‍ബലമുണ്ട്. എന്നിട്ടും, അല്ലാഹുവിലേക്കുള്ള വഴിയില്‍ വെളിച്ചം വിതറുകയും അവനെ കാണിച്ചു തരികയും ചെയ്യുന്ന ഈ മതാചാരത്തെ അവന്റെയും അടിമയുടെയും ഇടയില്‍ മറയിടുന്ന വിഗ്രഹാരാധനയോട് ചിലര്‍ സമീകരിക്കുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ നബിയുടെ പേര് പറഞ്ഞതിന്റെ പേരില്‍ വിശ്വാസിയെ ശിര്‍ക്കിന്റെ ബോംബുകള്‍ കൊണ്ടെറിഞ്ഞ് ഇസ്ലാമികമായ അവന്റെ സ്വത്വം സമൂഹമദ്ധ്യേ പിച്ചിചീന്തുന്നു. ദിക്റും സ്വലാത്തും തക്ബീറും നിറഞ്ഞൊഴുകുന്ന മനസ്സുകളെ നബിയുടെ പേര് പറഞ്ഞതിന്റെ പേരില്‍ അബൂജഹ്ലിനോടു സമീകരിക്കുന്ന  ഭീകരതയെ എന്ത് വിളിക്കണം? ജീവിതകാലം മുഴുവന്‍ ദിക്റും സ്വലാത്തും മൌലീദും റാത്തീബുമായി കഴിഞ്ഞ സ്വാത്വികനായ ഒരു പിതാവ് മരണപ്പെടുമ്പോള്‍ ആ പിതാവിനു വേണ്ടി ഒന്നു പ്രാര്‍ഥിക്കാന്‍ പോലും അനുവദിക്കാത്ത സങ്കുചിതമായ തൌഹീദ്, വിശ്വാസി മനസ്സുകളില്‍ വിദ്വേഷങ്ങള്‍ കൃഷി ചെയ്തെടുക്കാന്‍ സാമ്രാജ്യത്വം നെയ്തെടുത്ത ഗൂഢമായ പദ്ധതിയല്ലെന്ന് നാമെങ്ങനെ ശങ്കിക്കാതിരിക്കും? വിഗ്രഹത്തെ ആരാധിച്ച ആസറിനോട് തിരുനബിയെ സ്നേഹിച്ച വിശുദ്ധിയെ താരതമ്യം ചെയ്യുന്ന കുടിലതയെ എന്ത് വിശേഷിപ്പിക്കണം?.
മനോഭാവവും സമീപന രീതിയുമാണ് പ്രത്യയ ശാസ്ത്രങ്ങളെ വ്യത്യസ്തവും ഏകവുമാക്കിത്തീര്‍ക്കുന്നത്. മഖ്ബറ വിഗ്രഹത്തിനും വലിയ്യ് അയ്യപ്പനും സമമാണെങ്കില്‍, ക്ഷേത്രം പള്ളിക്കും, ഗംഗാജലം സംസത്തിനും ശില ഹജറുല്‍ അസ്വദിനും കാശി മക്കക്കും, ഗീത ഖുര്‍ആനും സമമാകാതിരിക്കാന്‍ പ്രത്യേകിച്ച് ന്യായമൊന്നുമില്ല. ഒന്ന് വെളിച്ചവും മറ്റൊന്ന് ഇരുട്ടുമാകുന്നത് മനോഭാവങ്ങളിലുള്ള മാറ്റം കൊണ്ടാണ്. രൂപത്തിലും കോലത്തിലും എല്ലാം ഒരുപോലെയാണെങ്കിലും മനോഭാവത്തിലുള്ള വ്യത്യാസം വ്യക്തമാണ്.മുസ്ലിംകള്‍ അവരുടെ ചിഹ്നങ്ങളെ ആദരിക്കുകയാണ്, ആരാധിക്കുകയല്ല.അമുസ്ലിംകള്‍ ആദരവിനപ്പുറം അവയെ ആരാധിക്കുകയാണ്. അവരത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വലിയ തമ്പ്രാനിലേക്കെത്താനുള്ള ചെപ്പടി വിദ്യ.
ഞങ്ങളവയെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്’ (സുമര്‍ 3).
സത്യനിഷേധികളുടെ ദുര്‍ബലമായ ന്യായീകരണങ്ങളില്‍ പിടിച്ചുതൂങ്ങി വിശ്വാസിലോകത്തിനു നേരെ കുഫ്റാക്രമണം നടത്തുന്ന തീവ്രവാദികളുടെ നയം മുസ്ലിമുകളുടെ എണ്ണം കുറഞ്ഞുകാണാന്‍ ആഗ്രഹിക്കുന്ന പശ്ചാത്യന്‍ ഭീകരതയുടെ മറ്റൊരു പതിപ്പായി വ്യാഖ്യാനിക്കാനേ കഴിയുന്നുള്ളൂ.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...