📚
*അഗത്തി ഉസ്താദ്;*
*മാർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത്*
_(ഭാഗം- 1)_
🌷🌾🌻🌳🌸🌴🌷🏵️🌳🌺🪴
എങ്ങനെ പറയണമെന്നറിയില്ല. എല്ലാവരും പരിചയപ്പെടുത്തുന്ന പോലെ ' _അഗത്തി ഉസ്താദ്_ ' എന്നും വിളിക്കാൻ ' _ഉസ്താദേ..'_ എന്നും വാക്കുകളുണ്ടെങ്കിലും, ഈ സന്ദർഭത്തിൽ അവരെക്കുറിച്ച് അഭിസംബോധന ചെയ്യാൻ മനസ്സ് ശൂന്യമാണ്.. ഇത് കുറിക്കുമ്പോഴുള്ള എൻ്റെ ഫീലിങ് എനിക്ക് മാത്രമേ അറിയൂ.. -
പടച്ച റബ്ബേ, ഞങ്ങളെ നിൻ്റെ ഇഷ്ടക്കാരോടൊന്നിച്ച് പരലോകത്ത് ഒരുമിപ്പിക്കണേ - ആമീൻ.
കഴിഞ്ഞ കുറച്ച് മാസമായി ഇങ്ങ് മിസ്റിലാണ്. മഅ്ദിനിലെ വിദ്യാർത്ഥികൾ ഇവിടെ കൂട്ടിനുണ്ട്. വഫാതിൻ്റെ തലേന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇടക്ക്, ഇമാം അഹ്‌മദ് അദ്ദർദീരീ(റ)യുടെ പല കിതാബുകളും ഇവിടെ ലഭ്യമാണെന്ന കാര്യം ഞാൻ പറഞ്ഞു. പിന്നീട്, ഉസ്താദിൻ്റെ ശിഷ്യൻ ഞങ്ങളുടെ റൂമിൽ താമസിക്കുന്ന റാഷിദ് അദനിയെ ആ കിതാബുകൾ വാങ്ങാനേൽപിക്കുകയും ചെയ്തിരുന്നു.
വീട്ടിൽ പലപ്പോഴായി അഗത്തി ഉസ്താദ് വന്നിട്ടുണ്ട്. വെറും കയ്യോടെയല്ല. മാന്യതക്ക് വേണ്ടി കയ്യിൽ കരുതുന്ന ബേക്കറി മധുരങ്ങളിൽ ഒതുങ്ങുന്നതുമല്ല. അതിനേക്കാളപ്പുറം ഒന്ന് രണ്ട് മാസത്തേക്കുള്ള അരിയും പഞ്ചസാരയുമൊക്കെ ഉണ്ടാകും. ഉംറഃക്ക് പോകുന്ന സമയത്ത് വീട്ടിലേക്കാവശ്യമായ അരിയും മറ്റുമെല്ലാം ഉസ്താദ് എത്തിച്ചു. യാത്ര പുറപ്പെടുന്നതിൻ്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇത്. ഇങ്ങോട്ട് പോരാൻ നേരത്തും തഥൈവ. ഓർ വിട്ടു പിരിഞ്ഞ ശനിയാഴ്ചയുടെ രണ്ട് ദിവസം മുമ്പ് ഭാര്യ വിളിച്ചപ്പോഴും, മൂപ്പര് കൊണ്ടുതന്നതിൽ അരക്കിലോ പഞ്ചസാര കൂടി ബാക്കിയുണ്ടെന്ന് പറഞ്ഞതേയുള്ളൂ.
ഞാൻ അഗത്തിയിലോട്ടും പോയിട്ടുണ്ട്. തിരിച്ച് വരുമ്പോ, രണ്ട് വലിയ ബോക്സ് നിറയെ സാമഗ്രികൾ! ഇപ്പോൾ എൻ്റെ വീട്ടിലുപയോഗിക്കുന്ന മിക്ക പാത്രങ്ങളും ആ ബോക്സിൽ ഉണ്ടായിരുന്നതാണ്.
ഇതൊക്കെ ദുൻയവിയ്യായ കാര്യങ്ങളാണെങ്കിലും, സ്നേഹ ബന്ധത്തിന്റെ ഏകദേശ രൂപം വായിച്ചെടുക്കാൻ പറഞ്ഞെന്ന് മാത്രം. ബന്ധങ്ങൾ ആഖിറതിൽ ഉപകരിക്കുന്നതാകട്ടെ - ആമീൻ.
അൽ- ഇഹ്സാനിലെ കലണ്ടറിൽ പ്രസിദ്ധീകരിക്കാനുള്ള നിസ്കാര സമയം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു, വഫാതിൻ്റെ അന്ന് 10 മണിക്ക് ശേഷം. അസ്റിന് തൊട്ടുമുമ്പ്, റഫീഖ് അഹ്സനി(എൻ്റെ വന്ദ്യഗുരുവും അൽ- ഇഹ്സാൻ സ്ഥാപനങ്ങളുടെ ശിൽപിയുമായ ടി.ടി ഉസ്താദിൻ്റെ മകനാണ് റഫീഖ് അഹ്സനി)യുടെ വാട്സാപ്പിലേക്ക് അയച്ചതേയുള്ളൂ.
കുറച്ചായി, മരണത്തിന് മാനസികമായി ഒരുങ്ങിയ മട്ടായിരുന്നു. ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്ന അവരുടെ അടുപ്പക്കാരുടെ എഴുത്തുകളിലെല്ലാം അത് പറയുന്നുണ്ട്. മിസ്റിലേക്ക് പോരുന്നതിൻ്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉസ്താദ് വിളിച്ചു. ഞാനങ്ങോട്ട് വരുന്നുണ്ടെന്ന് അറിയിച്ചു. മകളെ കല്യാണം കഴിഞ്ഞ സമയമാണ്. സുമനസ്കരുടെ സഹായ ഹസ്തങ്ങൾ ഉസ്താദിലേക്ക് നീട്ടാതിരിക്കില്ലല്ലോ. മിച്ചം വന്നത് വീട്ടിൽ വെക്കുകയുമില്ല. ഇനി എനിക്ക് നേരെ ഉസ്താദും സഹായ ഹസ്തം നീട്ടാനുള്ള പുറപ്പാടാണ്. ഉംറഃക്ക് പോകുമ്പോൾ തന്ന മാതിരി, മിസ്റിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞ് സാധനങ്ങളായി വരാനായിരിക്കും എന്നറിയാവുന്നത് കൊണ്ടും, അസുഖവും ക്ഷീണവും തളർത്തിയ നേരമായത് കൊണ്ടും ഞാൻ, പറഞ്ഞു: "നിങ്ങൾ ഇപ്പോൾ ഇങ്ങോട്ട് വരണ്ട, ഞാനങ്ങോട്ട് വരാം.."
ഒരു വിരുന്നുകാരനോട് വരണ്ടാ എന്ന് പറയാൻ പാടില്ലെന്നറിയാം. അവരുടെ ക്ഷീണം മനസ്സിലാക്കിയതിനാലും ബന്ധം കൂടുതലായതിനാലും എനിക്കത് പറയാമായിരുന്നു. കുറച്ച് കഴിഞ്ഞ് വീണ്ടും കോൾ വന്നു - "ദേ, ഞാനിങ്ങ് കൂട്ടിലങ്ങാടി എത്തിയിട്ടുണ്ട്.."
ഓട്ടോ പിടിച്ച് - സഹായത്തിന് ഒരു മുതഅല്ലിം കൂടെയുണ്ട് - കരുതിയ പോലെ, വസ്തുവകകളുമായി ദേ വീട്ടുമുറ്റത്ത് !
കാലിൽ നീരുവന്ന് വീർത്തിരുന്നു. 'എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് ..? ' എന്ന് ചോദിച്ചപ്പോ - "അത് കൊണ്ട് തന്നെയാ വന്നത്, ഇനി വരാൻ പറ്റിയില്ലെങ്കിലോ.. " എന്നായിരുന്നു പറഞ്ഞത്. അത് പോലെ സംഭവിക്കുകയും ചെയ്തു.
ചില കുറിപ്പുകളൊക്കെ ആയസ്ഥിതിക്ക് അവരെക്കുറിച്ച് എഴുതണമെന്ന്, രണ്ട് ദിവസമായി ചില സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിനുള്ള മൈൻ്റിലേ അല്ല ഞാനപ്പോൾ. മനം നൊന്ത് ഇരിക്കാനേ കഴിയുന്നുള്ളൂ. ഇപ്പോൾ ഓർമ്മയിലുള്ളത് പറയാമെന്ന് തോന്നി. നാട്ടിലെത്തിയിട്ട് വേറെ എഴുതാം. إن شاء الله
പിന്നെ, ഉറ്റവരുടെ വേർപാടിൽ സ്വാഭാവികമായി ഉണ്ടാകുന്ന ചില ഫീലിങ്ങുകളുടെ ഭാഗമാണ് ഇപ്പറഞ്ഞതെല്ലാം. വിശ്വാസിക്ക് എല്ലാത്തിനും റബ്ബ് കൂടെയുണ്ടെന്ന ബോധ്യം വേണം.
{ ٱللَّهُ لَاۤ إِلَـٰهَ إِلَّا هُوَ ٱلۡحَیُّ ٱلۡقَیُّومُۚ لَا تَأۡخُذُهُۥ سِنَةࣱ وَلَا نَوۡمࣱۚ }
[البقرة- ٢٥٥]
ഉറക്കത്തിൻ്റെ ലാഞ്ചന പോലുമില്ലാതെ حي قيوم ആയിട്ട് വിശ്വാസിക്ക് റബ്ബ് കൂട്ടിനുണ്ട്. ഈ ആയത് ഓതാത്ത ദിവസമുണ്ടാകരുത്.
അവൻ്റെ അലംഘനീയമായ വിധികളിൽ തൃപ്തിയും വേണം. അല്ലാതെ, വേർപാടിൽ മനംനൊന്തിരുന്നത് കൊണ്ട് വല്യ കാര്യമൊന്നുമില്ല. പരലോക ഗുണം കിട്ടുന്ന കാര്യങ്ങളിൽ വ്യാപൃതരാവുക. അത് തന്നെയായിരിക്കും നമ്മുടെ കാര്യങ്ങളിലെല്ലാം ഉസ്താദിന് ഇഷ്ടം. അതായിരുന്നല്ലോ വിശ്രമമില്ലാത്ത അവരുടെ ജീവിതവും.
അവരുടെ നിലപാടുകളിൽ നിന്നും ഓർമ്മയിലുള്ള ചിലത് വിവരിക്കാം:
തൻ്റെ ഉസ്താദുമാരോട് കാണിച്ച ബന്ധം; അതൊരു സംഭവമായിരുന്നു. ചെറിയ കിതാബുകൾ ഓതിത്തന്ന, തന്നെ താനാക്കിയ ആ രണ്ട് ഉസ്താദുമാരെ വിശേഷിച്ചും (കോഴിക്കോട്ടെ ഉസ്താദ് എന്നും അരീക്കോട്ടെ ഉസ്താദ് എന്നുമാണ് പറയാറ്). ദർസ് ജീവിതത്തിൽ 'സ്വർഫും നഹ്‌വും' തിരിയിച്ചു തന്ന, ബാക്കി ദർസീ കിതാബുകളും മനസ്സിലാക്കിത്തന്ന പ്രിയപ്പെട്ട ഉസ്താദുമാർ - ഇവരെ വിട്ടിട്ട് ഒരു സംഗതിയും ഉസ്താദിനില്ല. അത് പഠിച്ചത് കൊണ്ടല്ലേ ബാക്കിയെല്ലാം ലഭിച്ചത് !
പ്രശസ്തിയുള്ളവരെ മാത്രം ഗൗനിക്കുന്ന സ്വഭാവം ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. അത് ആപത്താണെന്ന് ഇമാം ഗസ്സാലി(റ) പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
നോക്കൂ, ഇമാം നവവി(റ)വിൻ്റെ ആദ്യകാല ഉസ്താദാണ് ഇബ്നു മാലിക്(റ). സ്വർഫും നഹ്‌വും ഭാഷയും പഠിച്ചെടുത്ത ഉസ്താദ്. നമ്മുടെ അൽഫിയ്യഃയുടെ മുസ്വന്നിഫ്. അവരെ പ്രതിപാദിക്കുമ്പോൾ ഇമാം നവവി(റ) കാണിക്കുന്ന ഭവ്യതയുണ്ടല്ലോ, അത് എത്രമാത്രമാണെന്ന് ആ ഉദ്ധരണികൾ കണ്ടാൽ തിരിയും:
وَقَالَ شَيْخُنَا أَبُو عَبْدِ اللَّهِ بْنُ مَالِكٍ إمَامُ الْعَرَبِيَّةِ فِي زَمَانِنَا بِلَا مُدَافَعَةٍ الخ. اه
(المجموع: ٤/٧٩)
ولكن قد جوز هذا هنا شيخنا جمال الدين بن مالك رضي الله تعالى عنه، وهو إمام أهل اللغة والأدب في هذه الاعصار بلا مدافعة الخ. اه
(تهذيب الأسماء واللغات: ٣/٦٢)
وقد جمع شيخنا جمال الدين بن مالك إمام أهل الأدب في وقته بلا مدافعة رضي الله تعالى عنه ... مع شدة معرفته، وتحقيقه وتمكنه واطلاعه وتدقيقه الخ. اه
(تهذيب الأسماء واللغات: ٤/٦٠)
ഇമാം അവരുടെ ഉസ്താദിനെ പരിചയപ്പെടുത്തുന്ന വേളയിൽ വിവരിച്ചതല്ല ഇത്, വിഷയത്തിനിടക്ക്, ഉസ്താദിനെ ഉദ്ധരിച്ച് പറയാൻ വേണ്ടി പ്രയോഗിച്ചതാണ് ഇത്രയും ആദരവോടെ.
'കോഴിക്കോട്ടെ ഉസ്താദ്'; അവർക്ക് കുറച്ച് ശിഷ്യഗണങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രവാസിയാകേണ്ടി വന്നു. അവരുടെ കൂട്ടത്തിൽ തന്നെ പിന്നീട് ബിരുദമെടുക്കുവോളം പഠിച്ചത് അഗത്തി ഉസ്താദ് മാത്രമാണെന്ന് പറഞ്ഞതോർക്കുന്നു (തിരുത്തുണ്ടെങ്കിൽ വായനക്കാർ ഓർമ്മപ്പെടുത്തുമല്ലോ). മറ്റൊരാളും ഇല്ലെങ്കിലെന്താ, 'കോഴിക്കോട്ടെ ഉസ്താദിന്' ഈയൊരു ശിഷ്യൻ മാത്രം പോരെ, ഒരു മുതൽക്കൂട്ടിന് !
അല്ലെങ്കിലും, ഇൽമിലെ 'ബറകത്' എന്നാൽ തലയുടെ എണ്ണം (വിദ്യാർത്ഥികളുടെ എണ്ണം) നോക്കിയല്ല - كَمّ കൊണ്ടല്ല തീരുമാനിക്കുക, മറിച്ച്, كيف കൊണ്ടും, ثمرة (ഫലം) കൊണ്ടുമാണ്.
എൻ്റെ അഭിവന്ദ്യ ഗുരു ടി.ടി ഉസ്താദ് ഇടക്കിടെ ഇക്കാര്യം ഓർമ്മപ്പെടുത്താറുണ്ട്. "കിതാബ് നല്ലവണ്ണം പഠിക്കുന്നവരാക്കി മുതഅല്ലിമുകളെ മാറ്റണം, അല്ലാതെ എണ്ണം കുറെയുണ്ടായിട്ട് കാര്യമില്ലെടാ - " ധാരാളം ശിഷ്യസമ്പത്തുള്ള ടി.ടി ഉസ്താദിൻ്റെ ഉപദേശമാണിത്.
ഇബ്നു മാലിക്(റ)യുടെ ചരിത്രത്തിൽ ഇപ്രകാരമായിരുന്നല്ലോ. ശിഷ്യന്മാരുടെ കുറവ്. പക്ഷേ, ആ കൂട്ടത്തിൽ ഇമാം നവവി(റ) ഉണ്ടായി. അൽഫിയ്യഃയിലെ
وهل فتى فيكم فما خلٌّ لنا # ورجل من الكرام عندنا
എന്ന ബൈതിലൂടെ മഹാൻ തന്നെ അത് സൂചിപ്പിച്ചല്ലോ. ഇമാം നവവി(റ)ലൂടെ ആ ഗുരുവിന് കിട്ടിയ നേട്ടം പറഞ്ഞാൽ തീരുമോ ?
ഇമാം ഇബ്നു മാലിക്(റ)യുടെ ഗുരുവായ ഇമാം ഇബ്നുൽ ഹാജിബ്(റ)വിനും വളരെ കുറഞ്ഞ ശിഷ്യരേ ഉണ്ടായിരുന്നുള്ളൂ. അവരുടെ സുഹൃത്തായ മറ്റൊരാളുടെ ദർസിൽ എഴുപതോളം വിദ്യാർത്ഥികളുണ്ടായിരുന്നു. ഒരിക്കൽ, കൂടുതൽ വിദ്യാർത്ഥികളുള്ള അദ്ദേഹത്തോട് ആ നാലിൽ പെട്ട ഒരാൾ പറഞ്ഞത്രെ: "മൗലാനാ, നിങ്ങൾക്ക് ഇത്രയധികം ശിഷ്യരെ ലഭിച്ചത് അല്ലാഹുവിൻ്റെ വലിയ നിഅ്മതാണ്. അങ്ങയുടെ സുഹൃത്തിന് നാല് വിദ്യാർത്ഥികൾ മാത്രമല്ലേയുള്ളൂ.."
മഹാൻ പ്രതികരിച്ചതിങ്ങനെ: "മിണ്ടാതിരിയെടോ, നീ പറഞ്ഞ ഈ എഴുപത് പേരും അങ്ങോട്ടു പോയിട്ട്, ആ നാലിൽ ഒരാൾ എൻ്റെടത്ത് പഠിക്കാൻ വരികയും ചെയ്തിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു.."
അതിനു മാത്രം കാമ്പുള്ളവരാണ് ആ നാലുപേരെന്നും അത്തരക്കാരെ ലഭിക്കലാണ് വലിയ ഭാഗ്യമെന്നുമാണ് മഹാൻ പറഞ്ഞത്. ഈ സംഭവം ഉദ്ധരിച്ച് ഇമാം ഇബ്നു ഹജർ(റ) പറയുന്നു:
وحينئذ، فينبغي لك ان تتأمل هذه القضية؛ لتعلم أن المدار ليس على كثرة الآخذين، وإنما المدار على انتفاعهم، ويشهد لذلك الحديثُ الصحيح، وهو أنه - صلى الله عليه وسلم - قال لعليّ - كرّم الله وجهه - (لأن يهدي الله بك رجلا واحدا خير لك من حُمُر النعم)، فجعل هداية الواحد تعادل تلك الناقات الحمر التي هي أشرف أموال العرب عندهم، ولم يبال بكون المهدي واحدا، لما تقرر أن المدار على حصول غاية التعليم وهي الوصول للمقصود من الهداية إلى ما الإنسان بصدده، لا كثرة الطلبة من غير وصول أحد منهم لذلك، فإن هذا لا ينظر الله إليه، ولا يعده فخرا إلا من كان علمه غير خالص لوجه الله تعالى، وإنما القصد به الرياء والسمعة والتوصل إلى الأعراض الكاسدة، والأغراض الفاسدة، وجمع الحطام من غير نظر إلى أنه يحاسب عليه، والناس في ذلك الموقف المهول قيام. اه
(ثبت ابن حجر الهيتمي - ٤٠٩)
"വിദ്യാർത്ഥികളുടെ എണ്ണത്തിലല്ല കാര്യം, അവരുടെ വിജ്ഞാനം ഉപകരിക്കുന്നതിലാണ്. - ഇത് ശരിക്കും ചിന്തിക്കേണ്ടതാണ്. ..... ലോകമാന്യവും പ്രശസ്തിയും മാത്രം കൊതിക്കുന്ന, മോശം സ്വഭാവക്കാർ മാത്രമേ വിദ്യാർഫികളുടെ എണ്ണത്തിൽ വമ്പ് കാണിക്കുകയുള്ളൂ, എന്നല്ല, അവരുടെയെല്ലാം കാര്യത്തിൽ ഇവൻ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് വേണ്ടത്..."
ഓരോ മേഖലയിലും കഴിവ് തെളിയിച്ചവരെ കൊണ്ട് വന്ന് തൻ്റെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുന്ന ഉസ്താദിൻ്റെ രീതി എടുത്ത് പറയേണ്ടതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലും വെക്കേഷനുകളിലും ഇത്തരം ക്ലാസുകൾ ഇടക്കിടെ മഅ്ദിനിൽ നടക്കാറുണ്ട്. തൻ്റെ വിദ്യാർത്ഥികൾ മറ്റുള്ളവരുടെ ശിഷ്യത്വം സ്വീകരിക്കുന്നത് ആനന്ദമായിട്ടാണ് കരുതേണ്ടത്. എല്ലാം തന്നിലൂടെ മാത്രം ആവാഹിച്ചെടുത്താൽ മതിയെന്ന ഭാവം വളരെ മോശമാണെന്ന് ഇമാമുകൾ പറഞ്ഞത് കാണാം:
وَمِنْ أَهَمِّ مَا يُؤْمَرُ بِهِ أَلَّا يَتَأَذَّى مِمَّنْ يَقْرَأُ عَلَيْهِ إذَا قَرَأَ عَلَى غَيْرِهِ وَهَذِهِ مُصِيبَةٌ يُبْتَلَى بِهَا جَهَلَةُ الْمُعَلِّمِينَ لِغَبَاوَتِهِمْ وَفَسَادِ نِيَّتِهِمْ: وَهُوَ مِنْ الدَّلَائِلِ الصَّرِيحَةِ عَلَى عَدَمِ إرَادَتِهِمْ بِالتَّعْلِيمِ وَجْهَ اللَّهِ تَعَالَى الْكَرِيمِ: وَقَدْ قَدَّمْنَا عَنْ عَلِيٍّ رَضِيَ اللَّهُ عنه الاغلاظ فِي ذَلِكَ وَالتَّأْكِيدَ فِي التَّحْذِيرِ مِنْهُ. اه
(المجموع- ١/٣٥)
"തൻ്റെ വിദ്യാർത്ഥികൾ മറ്റുള്ളവരിൽ നിന്ന് പഠിക്കുന്നത് കാണുമ്പോൾ പ്രയാസം തോന്നരുത്. ഒരുപാട് അധ്യാപകരിൽ കാണപ്പെടുന്ന അപകടമാണിത്. നിയ്യത് മോശമായതിൻ്റെയും മൗഢ്യത്തിൻ്റെയും ഫലമാണിത്. അല്ലാഹുവിൻ്റെ പ്രീതി കാംക്ഷിക്കാത്തതിൻ്റെ വ്യക്തമായ തെളിവുമാണിത്. അലീ(റ) ഇതിനെതിരെ ശക്തമായി താക്കീത് ചെയ്തിരുന്നു..."
എന്നാൽ, ബിദ്അത്, പിഴവ് കൂടുതലാവുക തുടങ്ങിയ കാരണത്താൽ തൻ്റെ വിദ്യാർത്ഥികളെ മറ്റു അധ്യാപകരിൽ നിന്നും തടയാമെന്ന് ശേഷം കൂട്ടിച്ചേർക്കുന്നുണ്ട്. ഇക്കാര്യം ഇമാം അവരുടെ തൻബീഹിലും വിവരിച്ചിട്ടുണ്ട്.
ഇപ്രകാരം തന്നെ, അറിയാത്തത് അറിയില്ലെന്ന് പറയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കണം. അതൊരു കുറച്ചിലല്ല. നല്ല ശീലമായിട്ടാണ് മനസ്സിലാക്കേണ്ടത്.
قال ابن عباس - رضي الله عنهما - إذا ترك العالم لا أدري أصيبت مقاتله
ഇമാം മാലിക്(റ)വിനോട് നാൽപത് മസ്അലഃകൾ ചോദിച്ച നേരം 36 എണ്ണത്തിനും لا أدري എന്ന് പറഞ്ഞത് جمع الجوامع ൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അത് ആ സമയത്ത് ഇജ്തിഹാദ് ചെയ്യാത്തതിനാലാണെങ്കിലും, അറിവില്ലാത്തത് അറിയില്ലെന്ന് പറയാൻ കാണിച്ച വിനയമാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ, അറിവ് പകർന്നു കൊടുക്കാതെ പിടിച്ച് വെക്കണമെന്ന് ധരിച്ചു കൂടല്ലോ. അല്ലാമഃ യൂസി(റ) പറയുന്നു:
ينبغي للعالم أن يورث أصحابه 'لا أدري' بكثرة ما يقوله، ويعلّم أن ذلك لا يضع من قدره، فإن الإحاطة متعذرة، ولا بد من أشياء تكون مجهولة، وهو محل لا أدري، ومن طمع في الإحاطة فهو جاهل،
وقد سمعت قديما بعض المدرسين يفتخر ويقول: 'أنا اللذي لا أقف أبدا، إن لم أجد جوابا شغلت السائل في البحث في سؤاله.' وهذا بلاء عظيم، اجتمع فيه الجهل واللدد، والكبر والرضا عن نفسه. ونسأل الله العافية. اه
(القانون في أحكام العلم وأحكام العالم وأحكام المتعلم لأبي المواهب الحسن بن المسعود اليوسي المتوفى سنة ١١٠٢ هـ)
തൻ്റെ വിദ്യാർത്ഥികൾക്ക്, 'لا أدري' എന്ന് പറയാൻ പഠിപ്പിക്കണം, തന്നോട് ചോദിക്കുന്നതിന് മറുപടിയായി ഈ വാക്ക് പ്രയോഗിച്ച് കൊണ്ട് തന്നെയാവട്ടെ അത്. അത് തൻ്റെ സ്ഥാനത്തെ കുറക്കുന്നതല്ലെന്നും അവനെ പഠിപ്പിക്കണം. ചില കാര്യങ്ങൾ അജ്ഞാതമായി നിലനിൽക്കണം, എല്ലാം കൂടി അറിയുക എന്നത് അസംഭവ്യമാണ്. അങ്ങനെ കൊതിക്കുന്നവൻ വിഡ്ഢിയും.
ചില മുദർരിസുമാർ പറയുന്നതായി ഞാൻ കേട്ടു - ഇന്നുവരെ, ഏത് കാര്യത്തിലും അറിയാത്തതിൻ്റെ പേരിൽ ഞാൻ സ്റ്റെക്കായിട്ടില്ല. എനിക്കറിയാത്ത വല്ലതും വിദ്യാർത്ഥികളിൽ നിന്ന് ചോദ്യം വന്നാൽ, ആ ചോദ്യത്തിലുള്ള ഓരോ പ്രശ്നങ്ങൾ പറഞ്ഞ് അതിൽ വട്ടം കറക്കും ' - ഇത് വലിയ അപകടമാണ്. റബ്ബ് കാക്കട്ടെ.."
അഗത്തി ഉസ്താദിന് ഈ സ്വഭാവം ഉണ്ടെന്ന് മാത്രമല്ല, തൻ്റെ ശിഷ്യരിൽ നിന്ന് പഠിക്കുകയും ചെയ്യുമായിരുന്നു. അറിയാത്ത കാര്യങ്ങളെ വിദ്യാർത്ഥികളെക്കൊണ്ട് അന്വേഷിപ്പിച്ച് കണ്ടെത്തിക്കും, തനിക്കും കൂടെ പഠിക്കാൻ. ഞാൻ എന്തെങ്കിലും പറഞ്ഞാൽ, അത് മൂപ്പര് കേൾക്കാത്തതാണെങ്കിൽ കുട്ടികളെ വിളിപ്പിച്ച് എഴുതിയെടുപ്പിക്കും. വലിയ തഹ്ഖീഖുകൾ കിട്ടിയാൽ അടുത്ത രണ്ട് ക്ലാസിൽ കസർത്തി ഞെളിയണമെന്ന ചിന്തയില്ല.
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടാണ് ഉസ്താദിൻ്റെ ക്ലാസുണ്ടായിരുന്നത്. ഫറാഇള്(അനന്തരാവകാശ നിയമം), ഫലക് (ഗോളശാസ്ത്രം), ഹിസാബ് (ഗണിത ശാസ്ത്രം) തുടങ്ങിയ ഏത് ഫന്നുകളാണെങ്കിലും വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു കൊടുത്താണ് പഠിപ്പിക്കുക. "ഇതെല്ലാം വളരെ ഈസിയാണ്, നിങ്ങൾക്കിതൊക്കെ കഴിയും" തുടങ്ങിയ വാക്കുകൾ പലതവണ ആവർത്തിക്കും. മിക്കപേർക്കും വഴങ്ങിക്കിട്ടാൻ അൽപം പ്രയാസപ്പെടുന്ന ഫന്നുകൾ തന്നെയാണ് യഥാർത്ഥത്തിൽ ഇവ, പക്ഷേ, ഉസ്താദിൻ്റെ വിഷയത്തിലുള്ള കഴിവ് കൊണ്ട് ലളിതമായി അവതരിപ്പിക്കുന്നതാണ്. അതിനെല്ലാം പുറമെ,
الدين النصيحة
بشروا ولا تنفروا، ويسروا ولا تعسروا.
(حديثان رواهما مسلم)
എന്ന ബാബിൽ പെട്ടതാണിത്. അത് പറയാറുമുണ്ടായിരുന്നു.
നഹ്‌വിൽ إعراب ഉം تركيب ഉം റെഡിയാക്കുന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 'ബിസ്മി'യെക്കുറിച്ച് നാല് ദിവസം, 'ഹംദി'നെക്കുറിച്ച് രണ്ട് ദിവസം ഇങ്ങനെ ക്ലാസെടുക്കാറുണ്ടെന്ന് ചിലരിൽ നിന്നും കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് വമ്പ് പറയേണ്ടതല്ല. ശൈഖ് സകരിയ്യൽ അൻസ്വാരീ(റ), അൽഫിയ്യഃയുടെ ഹാശിയഃ എഴുതിയ സ്വബ്ബാൻ(റ) തുടങ്ങിയ ചിലരെല്ലാം ബിസ്മി'യെക്കുറിച്ച് മാത്രം ഗ്രന്ഥം രചിച്ചിട്ടുണ്ട്. സകരിയ്യൽ അൻസ്വാരീ(റ)യുടെ പ്രസ്തുത കിതാബിന് ഇമാം ത്വബ്‌ലാവീ(റ)ക്ക് ഹാശിയഃയുണ്ട്. ഇങ്ങനെ 'ഹംദ്', 'കുല്ല്', 'أما بعد' തുടങ്ങിയവയെ സംബന്ധിച്ച് പ്രത്യേകം ഗ്രന്ഥങ്ങളും രിസാലഃകളും ഇമാമുകൾ രചിച്ചിട്ടുണ്ട്. ഇവയിലുള്ളതെല്ലാം വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിച്ച് വിഷയങ്ങൾ സങ്കീർണ്ണമാക്കരുത്. അത്തരം ഗ്രന്ഥങ്ങളിലുള്ളത് മറച്ച് വെക്കണമെന്നല്ല, 'തഹ്സ്വീലി'ന് ശേഷം ഉൾക്കൊള്ളാവുന്നവർക്ക് അത്തരം 'മുബാഹസ'കൾ സംഘടിപ്പിക്കുകയാണ് വേണ്ടത്. ഹാശിയതുൽ മകൂദീയിൽ പറയുന്നത് നോക്കൂ:
لأن الشخص إذا تنازل مع المبتدئ لا بد أن يترك التحقيق في بعض المسائل. اه
(حاشية المكودي على الألفية)
വിദ്യാർത്ഥികളിൽ - തുടക്കക്കാരും, മധ്യസ്ഥാനത്തുള്ളവരും, തികഞ്ഞവരും - ഇങ്ങനെ മൂന്ന് വിഭാഗമായി തിരിച്ച് വിവരിച്ചത് കിതാബുകളിൽ കാണാം.
وأن يكون نافعا لمبتدي
به إلى المطولات يهتدي. اه
(سلم المرونق)
ഇതിൻ്റെ ശറഹുകളിൽ നോക്കുക.
المبتدي من ليس له قدرة على تصوير مسائل الفن اللذي يقرأ فيه، فإن قدر على ذلك فمتوسط، وإن قدر على إقامة دليلها فهو منته. اه
(حاشية بلال على إيضاح المبهم من معنى السلم- ٢٤)
( _തുടരും_ - إن شاء الله )
✍️
_അഷ്റഫ് സഖാഫി പള്ളിപ്പുറം_
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫