മുഹമ്മദ് നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!!
വിമർശനം:
മുഹമ്മദ് നബി, ശിഷ്യൻ സൈദിന്റെ ഭാര്യ സൈനബിനെ മോഹിക്കുകയും അദ്ദേഹത്തെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തു.
“അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു…” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് മുഹമ്മദ് നബി സൈദിന്റെ ഭാര്യയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചതിനെ സംബന്ധിച്ചാണ്.
മറുപടി:
ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവും സ്വീകാര്യയോഗ്യവും സ്ഥിരപ്പെട്ടവയുമായ ഹദീസുകൾക്ക് എതിരുമാണ്.
കാരണങ്ങൾ:
1. പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിച്ചുവെന്നോ അദ്ദേഹത്തെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചുവെന്നോ നേരിയ സൂചനയെങ്കിലും ഉൾകൊള്ളുന്ന നിവേദനങ്ങളുടെ നിവേദക പരമ്പരകൾ വളരെ ദുർബലങ്ങളാണ്:
(അവലംബം: http://www.ebnmaryam.com/Zaynab.htm)
നിവേദക പരമ്പര: ഒന്ന്
ذكرها ابن سعد في طبقاته (8/101) و من طريقه ساقها ابن جرير في تاريخه (3/161) : قال : أخبرنا محمد بن عمر ، قال : حدثني عبد الله بن عامر الأسلمي ، عن محمد بن يحيى بن حبان ، قال :
ത്വബകാത്തു ഇബ്‌നു സഅ്ദ് (8/101): നമ്മോട് മുഹമ്മദിബ്‌നു ഉമർ പറഞ്ഞു – എന്നോട് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി പറഞ്ഞു – മുഹമ്മദിബ്‌നു യഹ്‌യ ഇബ്‌നുഹിബ്ബാൻ പറഞ്ഞു:…
ഈ നിവേദക പരമ്പരയിൽ മൂന്ന് ന്യൂനതകൾ ഉണ്ട്:
ഒന്നാമത്തെ ന്യൂനത: നിവേദനം മുർസൽ (المرسل ) അഥവാ പരമ്പര കണ്ണിമുറിഞ്ഞതാണ്. പ്രവാചക കാലഘട്ടത്തിലെ ഈ സംഭവം പ്രവാചക കാലഘട്ടത്തിന് ശേഷം, ഒരു തലമുറക്ക് ശേഷം ജനിച്ച മുഹമ്മദിബ്‌നു യഹ്‌യ ഇബ്‌നുഹിബ്ബാൻ എന്ന താബിഈ (ജനനം: ഹിജ്റാബ്ദം: 47) യാണ് പ്രസ്ഥാവിക്കുന്നത്. അദ്ദേഹം ഈ സംഭവത്തിന് സാക്ഷിയല്ല. (തഹ്ദീബ്:9/507-508)
രണ്ടാമത്തെ ന്യൂനത: നിവേദക പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി ദുർബലനാണ് എന്നതിൽ ഹദീസ് പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. ഇമാം അബൂ ഹാതിം പറഞ്ഞു: വിശ്വസ്തരായ നിവേദകർക്കെതിരെ വളരെ ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി. (തഹ്ദീബ്: 5/275, മീസാനുൽ ഇഅ്തിദാൽ: 2/448 )
മൂന്നാമത്തെ ന്യൂനത: നിവേദക പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.
അഹ്മദിബ്‌നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.
യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.
ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.
(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്‌നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്‌നു അദിയ്യ്: 7/ 481)
നിവേദക പരമ്പര: രണ്ട്:
ذكرها ابن جرير في تفسيره (22/13 ) قال : حدثني يونس ، قال : أخبرنا ابن وهب ، قال : قال ابن زيد : كان النبي صلى الله عليه وسلم
ത്വബ്‌രി തന്റെ തഫ്സീറിൽ (22/13) പറഞ്ഞു: എന്നോട് യൂനസ് പറഞ്ഞു – നമ്മോട് ഇബ്‌നു വഹബ് അറിയിച്ചു – ഇബ്‌നു സൈദ് പറഞ്ഞു:….
ഈ നിവേദക പരമ്പരയിൽ രണ്ട് ന്യൂനതകൾ ഉണ്ട്:
ഒന്നാമത്തെ ന്യൂനത: നിവേദനം മുഅ്ദൽ (المعضل) അഥവാ പരമ്പരയിലെ രണ്ട് കണ്ണികൾ മുറിഞ്ഞതാണ്. പ്രവാചക കാലഘട്ടത്തിലെ ഈ സംഭവം പ്രവാചക കാലഘട്ടത്തിന് രണ്ട് തലമുറക്ക് ശേഷം ജനിച്ച ഇബ്‌നു സൈദ് എന്ന അബ്ദുർറഹ്മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം ആണ് ഉദ്ധരിക്കുന്നത്. അദ്ദേഹം ഈ സംഭവത്തിന് സാക്ഷിയല്ല. പ്രവാചകാനുചരനോ (സ്വഹാബി), പ്രവാചകാനുചരരുടെ അനുചരനോ (താബിഈ) അല്ല. അതുകൊണ്ട് തന്നെ പരമ്പരയിൽ രണ്ടോ രണ്ടിലധികമോ നിവേദകർ വിട്ടു പോയിട്ടുണ്ട്.
രണ്ടാമത്തെ ന്യൂനത: അബ്ദുർറഹ്മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം എന്ന ഈ നിവേദകൻ തന്നെ അങ്ങേയറ്റം ദുർബലനാണ് എന്ന കാര്യത്തിൽ ഹദീസ് പണ്ഡിതർ യോജിച്ചിരിക്കുന്നു. ഇമാം ബുഖാരി, അബൂ ഹാതിം, അലിയ്യിബ്‌നുൽ മദീനി എന്നിവർ പറയുന്നത് ഇയാൾ അങ്ങേയറ്റം ദുർബലനാണ് എന്നാണ്. ചിലരെല്ലാം ഇയാൾ മത്റൂക് (متروك) അഥവാ കളവ് കൊണ്ട് ആരോപിതനാണെന്നും അഭിപ്രായപ്പെടുന്നു. (തഹ്ദീബ്: 6/178)
നിവേദക പരമ്പര: മൂന്ന്:
ذكرها أحمد في مسنده (3/149-150) ، قال : حدثنا مؤمل بن إسماعيل قال : حدثنا حماد بن زيد ، قال : حدثنا ثابت عن أنس قال :…
അഹ്മദ് തന്റെ മുസ്നദിൽ (3/149-150) പറഞ്ഞു: നമ്മോട് മുഅമ്മിൽ ഇബ്‌നു ഇസ്മാഈൽ പറഞ്ഞു – നമ്മോട് ഹമ്മാദി ബ്‌നു സൈദ് പറഞ്ഞു – നമ്മോട് സാബിത് പറഞ്ഞു – അദ്ദേഹം അനസിൽ നിന്ന്:….
നിവേദക പരമ്പരയിലെ മുഅമ്മിൽ ഇബ്‌നു ഇസ്മാഈലിനെ ഹദീസ് പണ്ഡിതന്മാരിൽ അധികപേരും വളരെ ദുർബലനായ നിവേദകനായാണ് കാണുന്നത്. അദ്ദേഹം തന്റെ ഗുരുവര്യമാരിൽ നിന്ന് മുൻകറായ ഹദീസുകൾ (വിശ്വസ്‌തരായ നിവേദകരുടെ നിവേദനങ്ങൾക്ക് ഘടക വിരുദ്ധമായ അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ) ഉദ്ധരിക്കുമായിരുന്നു. മുഹമ്മദിബ്‌നു നസ്വർ അൽ മറൂസി പറഞ്ഞു: മുഅമ്മിൽ ഒരു ഹദീസ് ഒറ്റക്ക് നിവേദനം ചെയ്താൽ അത് സ്വീകരിക്കുന്നതിന് മുമ്പ് പരിശോധനക്ക് വിധേയമാക്കണം. കാരണം അയാൾ നിവേദനത്തിൽ ഒട്ടനവധി പിഴവുകൾ വരുത്തുന്ന, മനപാഠ ശേഷി തീർത്തും മോശപ്പെട്ട വ്യക്തിയാണ്. (തഹ്ദീബ്: 10/381)
നിവേദക പരമ്പര: നാല്:
رواها ابن جرير في تفسيره (22/13) ، قال : حدثنا بشر ، قال : حدثنا يزيد ، قال : حدثنا سعيد عن قتادة
ഇബ്‌നു ജരീർ തന്റെ തഫ്സീറിൽ (22/13) പറഞ്ഞു: നമ്മോട് ബിശ്ർ പറഞ്ഞു- നമ്മോട് യസീദ് പറഞ്ഞു – നമ്മോട് സഈദ് പറഞ്ഞു – കത്താദയിൽ നിന്ന്:….
കത്താദ പ്രവാചകാനുചരനല്ല എന്ന് മാത്രമല്ല സംഭവത്തിന് സാക്ഷിയായ ആരിൽ നിന്നുമല്ല ഉദ്ധരിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പര മുറിഞ്ഞതാണ്. മാത്രമല്ല കത്താദ ആരിൽ നിന്നാണോ ഒരു സംഭവം ഉദ്ധരിക്കുന്നത് അവരിൽ നിന്ന് നേരിട്ട് കേട്ടു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം നിവേദനത്തിൽ ഉപയോഗിച്ചില്ലെങ്കിൽ കത്താദയുടെ നിവേദനം സ്വീകരിക്കപ്പെടില്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. (ജാമിഉ തഹ്സ്വീൽ ഫീ അഹ്കാമിൽ മറാസീൽ: 101)
കുർതുബി തന്റെ തഫ്സീറിൽ (14/190) മുകാതിൽ എന്ന നിവേദകനിൽ നിന്ന് ഉദ്ധരിക്കുന്നതാണ് മറ്റൊരു നിവേദനം. മുകാതിലിന്റെ മുഴുവൻ നാമം മുകാതിലിബ്‌നു സുലൈമാൻ എന്നാണ്. ഇയാൾ നുണയനും വ്യാജ ഹദീസ് നിർമാതാവുമാണെന്ന് ഹദീസ് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബ്: 10/279-285) മറ്റു ചില പണ്ഡിതർ തങ്ങളുടെ സീറകളിൽ സമാനമായ നിവേദനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവക്കൊന്നും തന്നെ നിവേദക പരമ്പര പോലും നൽകാത്തതിനാൽ അവ അസ്വീകാര്യമാണ്.
2. പ്രവാചകൻ (സ) സൈദിനെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചു എന്ന് സൂചിപ്പിക്കുന്ന ചരിത്ര നിവേദനങ്ങളെല്ലാം വ്യാജങ്ങളും തനി കളവുകളുമാണെന്നും മുസ്‌ലിം പണ്ഡിതന്മാർ തന്നെ – ഇസ്‌ലാമിക വിമർശകർ ജന്മമെടുക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് – വ്യക്തമാക്കിയിട്ടുണ്ട്.
ഇബ്‌നുൽ അറബി പറഞ്ഞു: ഈ നിവേദനങ്ങളുടെയെല്ലാം പരമ്പര അടിസ്ഥാനരഹിതങ്ങളാണ്. (അഹ്കാമുൽ കുർആൻ: 3/1543)
ഇമാം കുർതുബി പറഞ്ഞു: …. ഇത്തരം നിവേദനങ്ങളുടെ ഉൽഭവം പ്രവാചകന്റെ പാപസുരക്ഷിതത്വത്തെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത വിഡ്ഢികളിൽ നിന്നും പ്രവാചകന്റെ പാവനത്വം കുറച്ചു കാണുന്നവരിൽ നിന്നും മാത്രമാണ്.
(അൽ ജാമിഉ ലി അഹ്കാമിൽ കുർആൻ: 14/191)
ഇമാം ഇബ്‌നുകസീർ, ഇബ്‌നു ഹജർ, ശൈഖ് ശംക്വീത്വി തുടങ്ങി ഒട്ടനവധി ഹദീസ് – ചരിത്ര പണ്ഡിതർ വേറെയും ഇത്തരം നിവേദനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന അഭിപ്രായക്കാരാണ്. (തഫ്സീറുൽ കുർആനിൽ അളീം: 3/491, ഫത്ഹുൽ ബാരി: 8/524, അദ്‌വാഉൽ ബയാൻ: 6/639)
മഹാ ഭൂരിപക്ഷം വരുന്ന ഹദീസ് – ചരിത്ര പണ്ഡിതന്മാർ പ്രമാണബദ്ധമായി വ്യക്തമാക്കിയതിന് വിപരീതമായി, സൈദ് – സൈനബ് ദാമ്പത്യ കഥയുമായി ബന്ധപ്പെട്ട വ്യാജ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാചകന്റെ(സ) കണ്ണ് പതിഞ്ഞ സ്ത്രീകളെ ഭർത്താക്കന്മാർ വിവാഹം മോചനം ചെയ്യണമെന്നും അത്തരം സ്ത്രീകളെ വിവാഹം ചെയ്യൽ പ്രവാചകന് (സ) അനുവദനീയമാണ് എന്നുമൊക്കെ ചില മുസ്‌ലിം പണ്ഡിതന്മാരുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ഗ്രന്ഥങ്ങളിൽ (തഫ്സീറുൽ കുർതുബി) എഴുതപ്പെട്ടിരിക്കുന്നു എന്നത് ഇസ്‌ലാം മതത്തിനോ, മുസ്‌ലിംകൾക്കോ ബാധകമല്ല. അവയൊന്നും ഇസ്‌ലാം മതത്തിൽ പ്രമാണമല്ല. ഇസ്‌ലാമിലെ പ്രമാണം കുർആനും സ്വഹീഹായ ഹദീസുകളുമാണ്. ഈ തെളിവുകളുടെ പിൻബലമില്ലാത്ത അത്തരം കേവലാഭിപ്രായങ്ങൾ, പ്രമാണ വിരുദ്ധമായ നിലപാടുകൾ യാതൊരു പരിഗണനയും കൂടാതെ തള്ളിക്കളയണമെന്ന് മുസ്‌ലിം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
3. ഈ വ്യാജ നിവേദനങ്ങളുടെ നിവേദകർ ദുർബലരും അവിശ്വസ്ഥരുമാണ് എന്നതിന് പുറമെ ഇവയുടെ ഉള്ളടക്കവും (മത്ന് المتن) ധാരാളം വൈരുധ്യങ്ങൾ നിറഞ്ഞവയാണ്:
ചില നിവേദനങ്ങളിൽ സൈദ് നാട്ടിലില്ലാത്തപ്പോൾ പ്രവാചകൻ (സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നുവെന്നും അപ്പോൾ സൈനബിനെ കണ്ടുമുട്ടി എന്നും ചില നിവേദനങ്ങളിൽ സൈദ് രോഗിയായിരിക്കെ വീട്ടിൽ സന്ദർശിച്ചുവെന്നും അപ്പോഴാണ് സൈനബിനെ കണ്ടുമുട്ടിയത് എന്നും കാണാം! ഇത് രണ്ടും എങ്ങനെ യോജിക്കും?! സൈനബിനെ പ്രവാചകൻ (സ) കണ്ടത് എങ്ങനെയാണെന്നതിലും ഈ വ്യാജ നിവേദനങ്ങൾ പരസ്പരം വൈരുധ്യത്തിലാണ്. ജനലിലൂടെ സൈനബിനെ കണ്ടു എന്ന് ചില നിവേദനങ്ങൾ… മുടി കെട്ട് കൊണ്ടുള്ള മറ കാറ്റിൽ പാറിയപ്പോൾ കണ്ടു എന്ന് മറ്റു ചിലതിലും പറയുന്നു.
പ്രവാചകന് (സ) പന്ത്രണ്ട് വയസ്സുള്ളപ്പോൾ സൈനബ് (റ) ജനിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) പിതൃവ്യപുത്രിയാണ് സൈനബ് (റ). സൈനബ് (റ) വളർന്നതും യുവതിയായതും പ്രവാചകന്റെ (സ) കൺമുമ്പിൽ തന്നെയാണ്. അവരെ സൈദിന് (റ) വിവാഹം കഴിപ്പിച്ചു നൽകിയതും പ്രവാചകൻ (സ) തന്നെ. പലവുരു പ്രവാചകൻ (സ) സൈനബിനെ (റ) കണ്ടിട്ടുണ്ട് എന്ന വസ്തുത ഈ വ്യാജ നിവേദനങ്ങളെയെല്ലാം ഖണ്ഡിക്കുന്നു. സൈനബ് (റ) മക്കയിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകനോടൊപ്പം മദീനയിലേക്ക് പലായനം ചെയ്തു. പ്രവാചകന് (സ) സൈനബിനെ (റ) വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ സൈദിന് വിവാഹം ചെയ്യിപ്പിക്കുന്നതിന് മുമ്പ് ഒരു സൂചനയെങ്കിലും നൽകിയിരുന്നെങ്കിൽ സൈനബ് (റ) അതിന് തയ്യാറാകുമായിരുന്നു. എന്ന് മാത്രമല്ല സൈദുമായി വിവാഹം നടക്കുന്നതിന് മുമ്പ് വിവാഹമൂല്യമൊന്നുമില്ലാതെ, തന്നെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് പ്രവാചകനോട് (സ) അങ്ങോട്ട്, സൈനബ് (റ) ചോദിച്ചതായും ചില ചരിത്ര നിവേദനങ്ങളിൽ കാണാം. (അഹ്കാമുൽ കുർആൻ: 3/1543)
എന്നിരിക്കെ സൈദുമായുള്ള വിവാഹ ശേഷം സൈനബിനെ (റ) വിവാഹം കഴിക്കാൻ പ്രവാചകൻ (സ) നടത്തിയ ‘പരാക്രമ കഥകൾ’ ചിരിച്ചു തള്ളേണ്ട ഫലിതങ്ങൾ മാത്രമാണ്.
4. സ്വീകാര്യയോഗ്യമായ ഹദീസുകളും (الحديث الصحيح) സ്ഥിരപ്പെട്ട ചരിത്ര നിവേദനങ്ങളും തെളിയിക്കുന്നത് ദുർബലമായ ഈ കഥക്ക് നേർവിപരീതമാണ്:
പ്രവാചകൻ (സ) സൈദിന് (റ) സൈനബിനെ (റ) വിവാഹം കഴിപ്പിച്ചു കൊടുത്തു. എന്നാൽ ഇരുവർക്കും പരസ്പരം സ്നേഹ സമ്പന്നമായ ഒരു ദാമ്പത്യ ജീവിതത്തിൽ നിരാശ സംജാതമായി. അവർ പരസ്പരം അകന്നു. സൈദിന് (റ) ഭാര്യയുമായി യോജിച്ചു പോകാനാകില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം നടത്തുന്നതിനെപ്പറ്റി പ്രവാചകനോട് (സ) പരാതിപ്പെട്ടപ്പോഴും ആ ബന്ധം തുടരാനാണ് പ്രവാചകൻ (സ) അദ്ദേഹത്തോട് കൽപ്പിച്ചത് എന്നത് സ്വീകാര്യയോഗ്യമായ ഹദീസിലൂടെ സ്ഥിരപ്പെട്ട ഒരു വസ്തുതയാണ്.
جَاءَ زَيْدُ بْنُ حَارِثَةَ يَشْكُو ، فَجَعَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( اتَّقِ اللَّهَ وَأَمْسِكْ عَلَيْكَ زَوْجَكَ )
സൈദുബ്‌നു ഹാരിസ (റ) സങ്കടപ്പെട്ടുകൊണ്ടു പ്രവാചകന്റെ (സ) അടുക്കല്‍ വന്നു. അപ്പോള്‍ പ്രവാചകൻ (സ) ഇപ്രകാരം അദ്ദേഹത്തോട് ഉപദേശിച്ചു കൊണ്ടിരുന്നു: “നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്‍റെ ഭാര്യയെ കൂടെ താമസിപ്പിക്കുകയും ചെയ്യുക (വിവാഹ മോചനം ചെയ്യരുത്)”. (സ്വഹീഹുൽ ബുഖാരി: 6984, ജാമിഉൽ ബയാൻ: ത്വബ്‌രി: 22/11, തഫ്‌സീറുൽ കുർആനിൽ അളീം: ഇബ്‌നുകസീർ: 3/489)
പ്രവാചകൻ (സ) സൈദിനെ(റ) കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യിപ്പിച്ചു എന്ന കളള കഥക്ക് നേർ വിപരീതമായി സൈനബുമായി ദാമ്പത്യ ജീവിതം തുടരാൻ പരമാവധി പരിശ്രമിക്കാനാണ് പ്രവാചകൻ (സ) ഉപദേശിച്ചത് എന്ന് വ്യക്തമായും ഹദീസ് തെളിയിക്കുന്നു.
അങ്ങനെ ദാമ്പത്യം തീരെ തുടർന്നു പോകാൻ സാധിക്കാത്തതിനാൽ ദമ്പതികൾ പരസ്പരം വേർപിരിഞ്ഞുവെന്നും ശേഷം സൈനബ് (റ) തന്റെ ഇദ്ദാ കാലഘട്ടം കഴിഞ്ഞപ്പോൾ പ്രവാചകനെ വിവാഹം ചെയ്യുകയും അതിൽ അതിയായി സന്തോഷിക്കുകയും ചെയ്തുവെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളിലും സ്ഥിരപ്പെട്ട ചരിത്ര നിവേദനങ്ങളിലും നാം വായിക്കുന്നു. സൈനബ് (റ), പ്രവാചകനുമായുള്ള വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളില്‍ ഒരാളായിത്തീരുകയും അഭിമാനപൂര്‍വ്വം പ്രവാചകന്റെ(സ) ഭാര്യമാരോടു ഇങ്ങിനെ പറയുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസില്‍ വന്നിരിക്കുന്നു: “നിങ്ങളെ നിങ്ങളുടെ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചു കൊടുത്തതാണ്; എന്നെ ഏഴു ആകാശങ്ങള്‍ക്കു മീതെ നിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.” (സ്വഹീഹുൽ ബുഖാരി: 6984).
ഇതെല്ലാം താഴെ പറയുന്ന കാര്യങ്ങൾ തെളിയിക്കുന്നു:
* പ്രവാചകൻ (സ) സൈദിനോട് (റ) തന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യാൻ കൽപ്പിച്ചിട്ടില്ല. നേർ വിപരീതമാണ് പ്രവാചകൻ (സ) അദ്ദേഹത്തോട് ഉപദേശിച്ചത്.
* സൈദിന്(റ) സൈനബിനോടൊപ്പവും(റ) സൈനബിന്(റ) സൈദിനോടൊപ്പവുമുള്ള(റ) ദാമ്പത്യ ജീവിതം തൃപ്തികരമായിരുന്നില്ല. അവർ തമ്മിൽ നടന്ന വിവാഹ മോചനം അവർ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രവാചകന്(സ) അതിൽ യാതൊരു പങ്കുമില്ല.
* മാസങ്ങൾക്ക് ശേഷം പ്രവാചകനുമായി(സ) നടന്ന വിവാഹത്തിൽ സൈനബ്(റ) അങ്ങേയറ്റം സന്തുഷ്ടയും അഭിമാനിയുമായിരുന്നു എന്നത് സൈദ് – സൈനബ് (റ) ദമ്പതികളുടെ വിവാഹ മോചനം അവർ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തെളിയിക്കുന്നു.
5. “അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിക്കുകയും അദ്ദേഹത്തെ കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തതിനെ സംബന്ധിച്ചാണ് എന്നതും ശുദ്ധ അസംബന്ധമാണ്. കാരണങ്ങൾ:
* അതായിരുന്നു മുഹമ്മദ് നബി (സ) തന്റെ മനസ്സിൽ മറച്ചുവെച്ച രഹസ്യമെങ്കിൽ അദ്ദേഹം തന്നെ രചിച്ചുവെന്ന് വിമർശകർ വാദിക്കുന്ന ‘ഖുറാനിൽ’ ആ കള്ളത്തരം സൂചിപ്പിക്കുന്ന ഒരു വചനം അദ്ദേഹം തന്നെ മാലോകർക്ക് ഓതി കൊടുക്കുമായിരുന്നോ ?
* സ്വീകാര്യയോഗ്യമായ ഒരു ഹദീസും ഇത്തരമൊരു വാദത്തിന് പിൻബലമേകുന്നില്ല.
* സ്വീകാര്യയോഗ്യമായ നിവേദനങ്ങൾ, എന്താണ് മുഹമ്മദ് നബി (സ) തന്റെ ‘മനസ്സിൽ മറച്ചുവെച്ച ഒരു കാര്യം’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ രഹസ്യമെന്താണ് എന്ന് കാണുക:
“സൈദ് (റ) തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം (طلاق) നടത്തുന്നതിനെപ്പറ്റി തിരുമേനി(സ)യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി(സ). അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി(സ) ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ് (റ) ഭാര്യയെ വേര്‍പ്പെടുത്തുക തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ(റ)യെ തിരുമേനി(സ) വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും തിരുമേനി(സ)ക്കു (ദിവ്യ ബോധനത്തിലൂടെ) അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദി(റ)നോടു തിരുമേനി(സ) ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും തിരുമേനി(സ) കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യം നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു’, (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞത്. (മറിച്ചു ചിലര്‍ പ്രസ്താവിക്കുന്നതുപോലെ, അവരെ വിവാഹംകഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമല്ല എന്നു താല്‍പര്യം.) യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് (അല്ലാഹു) നബി(സ)യെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.”
(തഫ്സീറുൽ അമാനി: 33:37 ന്റെ വ്യാഖ്യാനം)
അഥവാ പ്രവാചകനായത് കൊണ്ട് തന്നെ – സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും കാലങ്ങൾക്ക് ശേഷം താൻ സൈനബിനെ വിവാഹം ചെയ്യുമെന്നുമുൾപ്പെടെ – ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അല്ലാഹു നൽകിയ ദിവ്യബോധനത്തിലൂടെ അറിയാമായിരുന്നു. എന്നിട്ടും അവ മനസ്സിൽ രഹസ്യമായി മറച്ചുവെച്ച് സൈനബുമായി ദാമ്പത്യ ജീവിതം തുടരാൻ പരമാവധി പരിശ്രമിക്കാനാണ് പ്രവാചകൻ (സ) സൈദിനെ ഉപദേശിച്ചത്. ഇതാകട്ടെ പ്രവാചകന്റെ(സ) മാന്യതയേയും ലൈംഗിക ശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അദ്ദേഹം സ്ത്രീലമ്പടനായിരുന്നു എന്ന വിമർശകരുടെ വാദത്തെ ഈ സംഭവം തച്ചുടക്കുന്നു.