********
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
********************************************************************
ശിർക് വിശ്വാസപരം
************************************************************************************
തൗഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്‌റാക്. ഇതിനെ ചുരുക്കി പറയുന്നതാണ് ശിർക് എന്ന്. കൂറ്, പങ്ക്, ഷെയറ്, എന്നാണു ശിർക് എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇശ്‌റാകിന്റെ അർത്ഥത്തിലാണ്. ശരീകിനെ സ്ഥാപിക്കുകയെന്നാണ് ഇശ്‌റാകിന്റെ അർത്ഥം. ശരീക് എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക് ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ് ഇതിനർത്ഥം.
ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത് അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്. ഈ അർത്ഥത്തിൽ ശിർക് എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്. തൗഹീദ് വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക് വരുന്ന പ്രശ്നമേയില്ല.
ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട് അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.
അതായത്, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക് എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ് ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്) എന്ന കുഫ്‌റ്. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).
ശിർക് അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ് ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട് വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്. പക്ഷേ, ഇതുകൊണ്ടു ശിർക് വരുകയില്ല. ശിർക് കുഫ്‌റിനേക്കാൾ പരിമിതമാണ്.
മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ് കുഫ്‌റ്. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ് ഇതിങ്ങനെ വിശദീകരിക്കുന്നത്.
ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ് ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്(ഖാസ്സ്). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ് എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്.
മൗലാനാ നജീബ് ഉസ്താദ് രചിച്ച 'ശിർക്ക്' എന്ന പുസ്തകത്തിൽ നിന്നും.
***************************************************************************