Sunday, June 8, 2025

എന്നാണ്‌ അറഫ നോമ്പ്‌?`

 `എന്നാണ്‌ അറഫ നോമ്പ്‌?`


> *❓ചോദ്യം:* അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. 'മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌' എന്നാണ്‌ ഹദീസിലെ പ്രയോഗമെന്ന് ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.


*✅ഉത്തരം:* ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454. 


അറഫ നാളെന്നാൽ ദുൽഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി.വി.യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറ'അ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌'നം ഇവിടെ ആരോപിക്കാനില്ല. 


ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌'ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ. 


നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്‌ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ മഗ്‌രിബ്‌ നമസ്‌കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ? 


സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി.വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം.

മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക!? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.


 മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്‌വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 2, പേജ്: 145 )_


No comments:

Post a Comment

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...